muharram- malayalam

ജീവിത വൃക്ഷത്തിന്റെ ഒരില കൂടി പൊഴിയുകയും പുതുവർഷത്തിന്റെ വസന്തം വിരിയുകയും ചെയ്യുന്ന കാലമാണിത്. ഗതകാലത്ത് ലഭിച്ച ദൈവികാനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിച്ചും നവകാല ജീവിതത്തിന്റെ ദുഃഖങ്ങളും സുഖങ്ങളും ഏറ്റെടുക്കാൻ തയ്യാറായുമാണ് വിശ്വാസികൾ പുതുവർഷത്തെ വരവേൽക്കേണ്ടത്.

ആടിയും പാടിയും ആവോളം കുടിച്ചും മദിച്ചും പുതുവർഷത്തെ വരവേൽക്കുകയും ആഘോഷങ്ങൾ അവസാനിക്കുന്നതോടെ പഴയ ജീവിതത്തിലേക്ക് തന്നെ തിരിഞ്ഞുനടക്കുകയും ചെയ്യുന്ന പൊതുജനങ്ങളിൽ നിന്ന് വിഭിന്നമായാണ് വിശ്വാസികൾക്ക് മുഹർറം സമാഗതമാവുന്നത്. ആഘോഷിച്ചു വരവേൽക്കുന്നതിനേക്കാൾ ആത്മീയമായി ഉൾക്കൊള്ളാനാണ് പുതുവർഷത്തിൽ വിശ്വാസികൾ തയ്യാറാവേണ്ടത്. ആഘോഷങ്ങളെല്ലാം അൽപായുസ്സുള്ളവയാണെന്നും ആത്മീയമായ ഉന്നതി മൂലം ലഭിക്കുന്ന ഇലാഹീ പ്രീതി കരഗതമാക്കുന്നതിലാണ് ശാശ്വത വിജയമെന്നുമാണ് അവർ മനസ്സിലാക്കുന്നത്.

പുതുവർഷവും ആയുസ്സിലെ ഓരോ നിമിഷവും അല്ലാഹു നൽകുന്ന ഔദാര്യമാണെന്ന ചിന്തയാണ് വിശ്വാസിയുടെ പുരോഗതിയുടെ നിദാനം. പുതുവത്സര സമ്മാനങ്ങൾ പരസ്പരം കൈമാറുന്നതിലുപരി തന്റെ ജീവിതം മുഴുവൻ മറ്റുള്ളവർക്കുള്ള സന്ദേശവും സമ്മാനവുമായി മാറ്റാനാണ് മുസ്‌ലിംകൾ ശ്രദ്ധിക്കേണ്ടത്.

വിശ്വാസിയുടെ പ്രഥമ പരിഗണന സ്രഷ്ടാവിനോടുള്ള ബാധ്യത നിറവേറ്റുന്നതിൽ തന്നെയാണ്. നന്മയും തിന്മയും അല്ലാഹുവിന്റെ വിധിയും തീരുമാനവുമനുസരിച്ച് മാത്രമാണുണ്ടാകുന്നതെന്ന വിശ്വാസത്തോടെയാണ് ഓരോ മുഅ്മിനും എല്ലാ ദിനവും കഴിച്ചുകൂട്ടുന്നത്. അവർ ഇസ്‌ലാമിക നിയമങ്ങൾക്ക് വിരുദ്ധമായ കളിവിനോദങ്ങൾ വർജ്ജിക്കുകയും നന്മ ചെയ്യുമ്പോൾ സന്തോഷിക്കുകയും തിന്മ ചെയ്താൽ പശ്ചാത്തപിക്കുകയും ചെയ്യുന്നു. കളവ്, ഏഷണി, പരദൂഷണം തുടങ്ങിയ തിന്മകളിൽ നിന്ന് നാവിനെ സംരക്ഷിക്കുകയും നിഷിദ്ധമായ വേഷവിധാനങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുകയും അതിൽ പ്രതീക്ഷ വച്ച്പുലർത്തുകയും ചെയ്യുന്നു. അവർ നന്മയിലും തഖ്‌വയിലും പരസ്പരം സഹായിക്കുകയും അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച് പ്രവർത്തിക്കുകയും ചെയ്യും. പരലോക മോക്ഷത്തിനായി ആരാധനാ നിരതരാവുകയും ഐഹിക വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ പാരത്രിക ജീവിതത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും. ഇങ്ങനെ പുതുവർഷപ്പുലരിയെ മതപരമായ ചട്ടക്കൂടിലൂടെ വരവേൽക്കനാണ് വിശ്വാസികൾ ശ്രദ്ധിക്കുക.

ജീവിതത്തിൽ മികവു നേടാനായി പരിശീലിക്കുക, പ്രവർത്തനങ്ങൾ സമ്പൂർണ മുന്നൊരുക്കത്തോടെ മാത്രമാക്കുക, വിഷയങ്ങളിൽ ആരോഗ്യകരവും ക്രിയാത്മകവുമായ നിലപാടുകൾ സ്വീകരിക്കുക, ആത്മ സംയമനം പാലിക്കുകയും നല്ലതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക, സർവ കാര്യങ്ങളിലും മിതത്വം പാലിക്കുകയും സാദാചാര നിയമങ്ങൾ സമ്പൂർണമായി അനുസരിക്കുകയും ചെയ്യുക, സത്യത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമാവുക, കുടുംബ ജീവിതം സുഖകരവും സമാധാനപരവുമാക്കുക, ഏറ്റവും നല്ല ആശയങ്ങൾ സ്വീകരിക്കുകയും നല്ല മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുക, സ്വന്തം കുറ്റങ്ങൾ തിരിച്ചറിഞ്ഞ് അവ നിറുത്തുകയും അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുകയും ചെയ്യുക, സർവ പ്രവർത്തനങ്ങളിലും തികഞ്ഞ ആത്മാർത്ഥത കാണിക്കുക, ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള മാർഗങ്ങൾ നല്ലതാക്കുക, വ്യക്തിത്വം ആകർഷണീയമാക്കുകയും പൈതൃകത്തിന്റെ തനിമ നിലനിർത്തി ജീവിക്കുകയും ചെയ്യുക, പെരുമാറ്റം ഹൃദ്യമാക്കുകയും നല്ല ശൈലി സ്വീകരിക്കുകയും ചെയ്യുക, പ്രതിസന്ധികളിൽ പതറാതെ ആർജ്ജവത്തോടെ പ്രവർത്തിക്കുക, എല്ലാ കാര്യങ്ങളിലും വിജയം വരെ പ്രവർത്തിക്കുക, നല്ല ആശയങ്ങൾ ജീവിതത്തിൽ പകർത്തുക, മഹദ് വ്യക്തികളെ മാതൃകയാക്കി ജീവിക്കുക തുടങ്ങിയ സദ്ഗുണങ്ങളെല്ലാം മുന്നിൽ കണ്ടുകൊണ്ടാകണം വിശ്വാസി പുതിയ വർഷത്തിലേക്ക് പാദമൂന്നുന്നത്.

ജീവിതത്തിൽ തിരിച്ചടികളുണ്ടാകുമ്പോഴെല്ലാം അടി പതറാതെ മുന്നേറുമെന്ന ശുഭവിശ്വാസം വിശ്വാസിക്ക് വേണം. കാര്യങ്ങൾ ശ്രദ്ധയോടെ വിശകലനം ചെയ്യാനും താൽപ്പര്യപൂർവം പ്രവർത്തനങ്ങൾ നടത്താനും സാധിക്കണം. ജീവിതത്തിനു സാമ്പത്തിക ബഡ്ജറ്റ് തയ്യാറാക്കുകയും വരവുകൾക്കനുസരിച്ച് ചെലവുകൾ നിയന്ത്രിക്കുകയും ചെയ്യുന്നത് കടബാധ്യതകളില്ലാത്ത ജീവിതം സാധ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ വിനിയോഗിക്കാനായി എല്ലാ മാസവും നിശ്ചിത തുക മാറ്റിവെക്കുന്നതും നല്ലതാണ്. പുതിയ വർഷാരംഭം മുതൽ തന്നെ തന്റെ ഉത്തരവാദിത്വങ്ങൾ കൂടുതൽ ഭംഗിയായി ചെയ്യുമെന്ന തീരുമാനമെടുക്കുന്നതും ഗുണപ്രദം.

പരാജയ ഭീതി ഒഴിവാക്കി ഉന്നത വിജയത്തിനായി അധ്വാനിക്കുക, അവസരങ്ങൾ സമർത്ഥമായി വിനിയോഗിക്കുക, ആസൂത്രിതമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുക, മൂല്യമുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക, ചെയ്യേണ്ട കാര്യങ്ങൾ സന്തോഷപൂർവം ചെയ്യുക, പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കുക, പ്രോത്സാഹനങ്ങൾ പതിവാക്കുക, ഉപകാരപ്രദമായ കാര്യങ്ങൾ മാത്രം സംസാരിക്കുക, വികാരത്തേക്കാൾ വിചാരത്തിനു പ്രാധാന്യം നൽകുക, ആത്മവിശ്വാസം വർധിപ്പിക്കുകയും ഉറച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക. വിജയിച്ചവരെ മാതൃകയാക്കുക, വേഷത്തിൽ മാന്യത പുലർത്തുകയും ജീവിത അച്ചടക്കം കാത്തുസൂക്ഷിക്കുകയും ചെയ്യുക, സാമ്പത്തികാസൂത്രണത്തോടെ മന:സമാധാനം നേടിയെടുക്കുക, മറ്റുള്ളവരുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക, അത്യാഗ്രഹം ഒഴിവാക്കുകയും മാനസികവും ശാരീരികവുമായ പൂർണത നേടിയെടുക്കുകയും ചെയ്യുക, കോപത്തെ കിഴടക്കുകയും മനസ്സിനെ നിയന്ത്രിക്കുകയും ചെയ്യുക, ദുർവ്യയം ഒഴിവാക്കുകയും മനസ്സിലെ മാലിന്യങ്ങൾ നീക്കുകയും ചെയ്യുക, വിജയത്തിന്റെ പാത തിരിച്ചറിയുകയും ധൈര്യപൂർവം പിന്തുടരുകയും ചെയ്യുക. സമ്പന്നവും ശരിയായതുമായ മനോഭാവം വച്ച്പുലർത്തുകയും ജീവിതത്തിൽ വിജയിക്കാൻ മനസ്സിനെയും ശരീരത്തെയും സന്നദ്ധമാക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം വിശ്വാസികൾ വർഷാരംഭത്തിലേ കൈമുതലാക്കണം. ശതകാല പ്രവർത്തനങ്ങളിൽ പശ്ചാത്തപിച്ചും വരുംകാല ദിനങ്ങളിൽ സന്തോഷദായകമായ പ്രവർത്തനങ്ങൾ നടത്തിയും ആയുഷ്‌കാലം പുഷ്‌കലമാക്കുക.

പരപ്രേരണ കൂടാതെ പ്രവർത്തിക്കുക, ശരിയായ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാൻ ശ്രമിക്കുക, ലക്ഷ്യ ബോധത്തോടെ കാര്യങ്ങൾ ചെയ്യുക, പ്രയാസമേറിയതിന് മുൻഗണന നൽകുക, വ്യക്തിപരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുകയും സനാതന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക, കർമപദ്ധതികൾ രൂപവൽക്കരിക്കുകയും ദീർഘകാല നേട്ടങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുക, ഊർജ്ജസ്വലതയോടെ സേവനങ്ങളിൽ മുഴുകുക, മാന്യതയോടെ പെരുമാറുക, യുക്തമായ തീരുമാനങ്ങൾ എടുക്കുകയും ചിന്തകളെ ശരിയായ വിധത്തിൽ നിയന്ത്രിക്കുകയും ചെയ്യുക, രോഗങ്ങളെ സമചിത്തതയോടെ നേരിടുകയും അനാവശ്യ ചിന്തകൾ ഒഴിവാക്കുകയും ചെയ്യുക, അവസരങ്ങൾ പൂർണമായി ഉപയോഗിക്കുകയും മാറ്റങ്ങൾക്കു വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക. നിരന്തരമായ പരിശ്രമത്തിലൂടെ ആരോഗ്യമുള്ള ശരീരം സ്വസ്ഥമായ മനസ്സ്, സ്ഥിരമായ ബുദ്ധി എന്നിവ നേടിയെടുക്കുക. മഹത്തുക്കളെ സ്‌നേഹിക്കുകയും അവരുടെ നല്ലപാത പിന്തുടരുകയും ചെയ്യുക ഇവയും ഭാവിജീവിതം ഭാസുരമാക്കാൻ അനിവാര്യം.

നിത്യജീവിതം സന്തോഷവും മന:സമാധാനവും നേടിയെടുക്കാനുള്ള മാർഗമായി കാണുകയും അതിന് വേണ്ടി കഠിന പ്രയത്‌നം നടത്തുകയും ചെയ്യുമ്പോഴാണ് ഒരാൾ ജീവിത ലക്ഷ്യം നേടുന്നത്. മികച്ച ആസൂത്രണം, ഉയർന്ന സ്വപ്നം, ഉന്നത ലക്ഷ്യം, പക്വതയുള്ള മനസ്സ്, ആത്മീയവും സാമൂഹികവുമായ വികസനം, നല്ല മനക്കരുത്ത്, കർമോത്സുകത തുടങ്ങിയ സദ്ഗുണങ്ങളെല്ലാം അതിന് പിന്തുണയായി നിൽക്കുകയും വേണം.

ജീവിതത്തിന്റെ സകല മേഖലകളിലും മാറ്റത്തിന്റെ വക്താക്കളാവാൻ പുതുവർഷം നമ്മെ ഓർമിപ്പിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാനും പരസ്പര സഹകരണങ്ങൾ വർധിപ്പിച്ച് സമാധാനം നേടാനും കുടുംബത്തിലെ ഓരോ കണ്ണിയും ശ്രമിക്കണം. ഭാര്യയെ കൂടുതൽ പരിഗണിച്ച് അവൾക്കൊരു പുതുവർഷ സമ്മാനമായി ഭർത്താവ് സ്വയം മാറണം. ഭർത്താവിനെ അംഗീകരിച്ചും ബഹുമാനിച്ചും ഭാര്യയും പുതുവർഷ സമ്മാനമായി മാറണം. പരസ്പരം മനസ്സിലാക്കിയും യഥാർത്ഥ അസ്തിത്വവും വ്യക്തിത്വവും പ്രകടിപ്പിച്ചും പരസ്പരം മനസ്സിലാക്കിയും യഥാർത്ഥ അസ്തിത്വവും വ്യക്തിത്വവും പ്രകടിപ്പിച്ചും പരസ്പരം വിശ്വസിച്ചും ആശ്വസിപ്പിച്ചും ആവശ്യങ്ങൾ അന്വേഷിച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചും നന്മകൾ എടുത്തുപറഞ്ഞും അഭിപ്രായങ്ങൾ ചോദിച്ച് ചർച്ച ചെയ്തു തീരുമാനങ്ങളെടുത്തും പരസ്പരം പൊറുത്തും വിട്ടുവീഴ്ച കാണിച്ചും തെറ്റുകൾ ക്ഷമിച്ചും അവർ പുതുജീവിതത്തിനു മോടികൂട്ടണം.

മാതാപിതാക്കളെ അനുസരിച്ചും സ്‌നേഹിച്ചും അവർക്കുള്ള പുതുവർഷ സമ്മാനമായി മക്കൾ മാറണം. അല്ലാഹു അവന് വേണ്ടി ആരാധനാ കർമങ്ങൾ ചെയ്യുന്നതിനോട് ചേർത്തുപറഞ്ഞ, വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ മാതാപിതാക്കളോടുള്ള നന്മ. കൊച്ചുനാൾ മുതൽ കൊഞ്ചിച്ചു വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് വേണ്ടി അൽപംപോലും സമയം നീക്കിവെക്കാനില്ലാത്ത തിരക്കോട് കൂടി സ്വന്തം ജീവിതത്തെ പിന്തുടരുന്നത് തികഞ്ഞ സ്വാർത്ഥതയാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

മക്കളെ കൂടുതൽ സ്‌നേഹിച്ചും സഹായിച്ചും അവർക്കുള്ള സമ്മാനമായി മാതാപിതാക്കളും മാറണം. കുട്ടികളുടെ സ്വഭാവത്തിലെ നല്ല വശങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കണം. കുട്ടികളുടെ തെറ്റുകൾ തിരുത്തുന്നതും അവരുടെ അമിതമായ ആവശ്യങ്ങൾ നിരസിക്കുന്നതും സ്‌നേഹപൂർവമാവണം. കുട്ടികളുടെ മുന്നിൽവച്ച് അവരെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ പറയുന്നതും കാര്യം മനസ്സിലാക്കാതെ കുട്ടികളെ ശാസിക്കുന്നതും ഒഴിവാക്കണം. അർഹിക്കുന്ന സ്‌നേഹവും പരിഗണനയും തനിക്കു ലഭിക്കുന്നുണ്ടെന്ന ബോധം അവരിൽ ഉടലെടുക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും അവർ വല്ലാതെ വാശിപിടിക്കുമ്പോൾ തന്ത്രപൂർവം ശരിയായ നിലപാടിലേക്കെത്തിക്കണം. ലക്ഷ്യബോധത്തോടെ മുന്നേറാനും ഭാവി ഭാസുരമാക്കാനും വേണ്ട സഹായങ്ങൾ അവർക്ക് ചെയ്തുകൊടുക്കണം. ജീവിത സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള പരിശീലനം നൽകുകയും മക്കളുമായി ദൃഢമായ ആത്മബന്ധം ഉണ്ടാക്കിയെടുക്കാനും മാതാപിതാക്കൾക്ക് കഴിയണം.

പുതിയ വർഷത്തെ പൂർണമായും ഉപയോഗപ്പെടുത്തുന്ന ദിനചര്യ തയ്യാറാക്കി വിദ്യാർത്ഥിയും വിദ്യാർത്ഥികളിൽ പഠന താൽപര്യം സന്നിവേശിപ്പിച്ച് അവരെ പരിപോഷിപ്പിക്കുന്നതിൽ അധ്യാപകനും രംഗത്ത് വരണം. പഠന താൽപര്യം, ഓർമശക്തി, കൃത്യനിഷ്ഠ, ലക്ഷ്യബോധം, വിജ്ഞാന തൃഷ്ണ, കാര്യക്ഷമത, ആത്മവിശ്വാസം, ശുഭപ്രതീക്ഷ, അർപ്പണബോധം, ആത്മനിയന്ത്രണം, ആത്മപരിശോധന തുടങ്ങി തനിക്കുവേണ്ട സർവ ഗുണങ്ങളും നേടിയെടുക്കാൻ വിദ്യാർത്ഥി ശ്രമിക്കണം. പാഠഭാഗങ്ങളിലെ വിജ്ഞാനങ്ങൾ ജീവിത പരിസരങ്ങളുമായി ബന്ധപ്പെടുത്തി ചില അനുഭവ യാഥാർത്ഥ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകാൻ അധ്യാപകരും ശ്രദ്ധിക്കണം. വിദ്യാർത്ഥിയുടെ പ്രയാസങ്ങളും മാനസിക സംഘർഷങ്ങളും മനസ്സിലാക്കി മാർഗനിർദേശങ്ങൾ നൽകുക. വിദ്യാർത്ഥികളുടെ ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുന്ന വിധത്തിൽ അവർക്ക് നല്ല അനുഭവങ്ങൾ കൈമാറുക. അധ്യാപനത്തിൽ വൈവിധ്യങ്ങൾ കൊണ്ടുവന്നു പഠിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുക. വിദ്യാർത്ഥിയെ അനുദിനം പുരോഗതിയിലേക്ക് നയിക്കുന്ന കാര്യങ്ങൾക്ക് ശ്രമിക്കുക.

ചുരുക്കത്തിൽ, പന്ത്രണ്ടു മാസങ്ങളുടെ പ്രതിക്ഷാ നിർഭരമായ ദിനങ്ങളെ പൂർണാർത്ഥത്തിൽ നാം ഉൾക്കൊള്ളണമെന്നതാണ് മുഹർറമിന്റെ ഓർമപ്പെടുത്തൽ. ഭൂതകാലത്ത് നിന്ന് പാഠം പഠിച്ച് ഭാവികാലത്തെ കുറിച്ച് നല്ല സ്വപ്നങ്ങൾ കണ്ട് വർത്തമാനകാലത്തെ ധന്യമാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടത്. ജീവിതത്തിലുണ്ടാവുന്ന നശീകരണ പ്രവണതകളെയും നിഷേധാത്മകമനോഭാവങ്ങളെയും തടയാനും മൂല്യവത്തായ ചിന്തകളും ഗുണപരമായ ഭാവങ്ങൾ ഉൾക്കൊള്ളാനും കഴിയുന്നതോടൊപ്പം പ്രിയപ്പെട്ടവരുടെ ജീവിത സ്പന്ദനങ്ങൾക്ക് പ്രചോദനവും കരുതലുമായി നാം നിൽക്കുക കൂടി വേണം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ