മൂക്കുതല സുന്നി പള്ളി മുജാഹിദുകള്‍ ഒറ്റ രാത്രികൊണ്ട് പൊളിച്ചു നീക്കിയതിനെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിച്ചത്. 1993 ജൂലൈ ഒമ്പതിനു നടന്ന ആ ദാരുണ സംഭവത്തെ തുടര്‍ന്ന് സുന്നി പ്രസ്ഥാനം ഒട്ടേറെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. കര്‍മശാസ്ത്രപരമായ ചര്‍ച്ചയും വിശദീകരണങ്ങളും സുന്നിവോയ്സില്‍ ഇതിന്‍റെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയുണ്ടായി.

‘പള്ളികള്‍ മാറ്റിപ്പണിയാന്‍ പാടില്ല’ എന്ന സമസ്ത നേതാക്കളുടെ പ്രസ്താവന 93 നവംബര്‍ 16-30 ലക്കത്തില്‍ കാണാം. പള്ളി സ്ഥലം മാറ്റി സ്ഥാപിക്കാനാണ് തങ്ങള്‍ പൊളിച്ചതെന്ന മുജാഹിദുകളുടെ ന്യായീകരണത്തിനെതിരായ പ്രസ്തുത റിപ്പോര്‍ട്ടില്‍ നിന്ന്:

പള്ളികള്‍ പൊളിച്ചു മാറ്റുന്നത് ഇസ്ലാമികമല്ലെന്നും ഇതുസംബന്ധമായി മുജാഹിദുകള്‍ പുറപ്പെടുവിച്ച പ്രസ്താവന ശരീഅത്ത് വിരുദ്ധമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയും ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. ഒരു സ്ഥലം പള്ളിയായി വഖ്ഫ് ചെയ്തു കഴിഞ്ഞാല്‍ അത് എന്നും പള്ളിയാണ്. അവിടെ നിര്‍മിക്കുന്ന കെട്ടിടം ജീര്‍ണിച്ചു പുനര്‍ നിര്‍മാണത്തിന് അടിയന്തിരാവശ്യങ്ങള്‍ വരുമ്പോഴല്ലാതെ അത് പൊളിക്കാന്‍ പാടില്ല. …പൊളിച്ച പള്ളിയുടെ സ്ഥാനത്ത് വീണ്ടും പള്ളി നിര്‍മിക്കുകയും പവിത്രത കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. വീടുകളോ മറ്റു കെട്ടിടങ്ങളോ യഥേഷ്ടം പൊളിച്ചുമാറ്റുന്നത് പോലെ പള്ളികൊണ്ട് പ്രവര്‍ത്തിക്കാന്‍ പാടില്ല-നേതാക്കള്‍ പറഞ്ഞു.

പള്ളികള്‍ പൊളിച്ച് അമ്പലമാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ലോബികളുടെ കരങ്ങള്‍ക്ക് ശക്തികൂട്ടുക മാത്രമാണ് മുജാഹിദുകളുടെ ഫത്വ കൊണ്ടുദ്ദേശിക്കുന്നത്. മുജാഹിദുകള്‍ സ്വന്തം താല്‍പര്യത്തിനൊത്ത് ദീനിനെ മാറ്റിമറിക്കുന്നവരും വിറ്റ് കാശാക്കുന്നവരുമാണെന്ന് മുമ്പേ സമസ്ത ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂക്കുതലയില്‍ യാതൊരു കേടുപാടും ഇല്ലാത്ത പള്ളി അക്രമമായി പൊളിച്ചുമാറ്റുകയും തല്‍സ്ഥാനത്ത് പള്ളി നിര്‍മിക്കുന്നതിനെ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുജാഹിദ് ലോബികളുടെ കുതന്ത്രത്തില്‍ കുടുങ്ങിപ്പോവരുതെന്നും സമസ്ത നേതാക്കള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.’

അതേ ലക്കത്തിലെ ചോദ്യോത്തരം പംക്തിയും പള്ളി സ്ഥലം മാറ്റുന്നതിനെ ചൊല്ലിയാണ്. ‘മൂക്കുതല പള്ളി പൊളിച്ച മുജാഹിദ് നടപടി ഇസ്ലാമിക നിയമപ്രകാരം ശരിയാണോ? അതിന് ഇസ്ലാമിക പണ്ഡിതരുടെയും പ്രാമാണിക ഗ്രന്ഥങ്ങളുടെയും പിന്തുണയുണ്ടോ’ എന്ന് ഹുസൈന്‍ കല്ലൂരിന്‍റെ ചോദ്യത്തിനു സ്വാദിഖ് നല്‍കിയ മറുപടി ഇങ്ങനെ: മൂക്കുതല പള്ളി പൊളിച്ച് സ്ഥലം മാറ്റിപ്പണിയാനുള്ള മുജാഹിദ് നടപടിക്ക് ഒരിക്കലും ഇസ്ലാമിക നിയമങ്ങളുടെയും പണ്ഡിതാഭിപ്രായങ്ങളുടെയും പിന്തുണയില്ല. കെട്ടുറപ്പുള്ള പള്ളി മന്ദിരം അനാവശ്യമായി പൊളിച്ചത് തന്നെ ഇസ്ലാമിക വിരുദ്ധമാണ്. സുന്നികളുടെ മേല്‍ വഖ്ഫ് ചെയ്യപ്പെട്ട പള്ളിയും സ്വത്തുക്കളും വകമാറ്റി മുജാഹിദുകളുടേതാക്കി മാറ്റുന്നതും ഇസ്ലാമിക നിയമപ്രകാരം ശരിയല്ല. അതിന് അംഗീകാരവുമില്ല.

ഒരു മസ്ജിദ് ദുര്‍ബലപ്പെടുകയും പുനര്‍നിര്‍മാണം അസാധ്യമാവുകയും ചെയ്താല്‍ പോലും പള്ളി വില്‍പന നടത്തല്‍ അനുവദനീയമല്ല. അത് വ്യക്തിയുടെ ഉടമസ്ഥതയിലേക്ക് ഒരിക്കലും നീങ്ങുകയില്ല. പള്ളി നിന്നിരുന്ന സ്ഥലം നിസ്കാരത്തിനും ഇഅ്തികാഫിനും ഉപയോഗപ്പെടുത്താവുന്നതുമാണ് (തുഹ്ഫ 6/283).

പള്ളി ദുര്‍ബലപ്പെടുകയും പുനര്‍ നിര്‍മാണത്തിന് സാധിക്കാതിരിക്കുകയും ചെയ്താല്‍ പോലും പള്ളി നിന്നിരുന്ന സ്ഥലം പള്ളിയല്ലാതാവുകയില്ല. പുനര്‍ നിര്‍മാണം സാധ്യമായാല്‍ അവിടെത്തന്നെ പള്ളി നിര്‍മിക്കേണ്ടതുമാണ്. ഒരു വിഭാഗത്തിന്‍റെ മേല്‍ വഖ്ഫ് ചെയ്ത പള്ളിയും പള്ളിയുടെ സ്വത്തുക്കളും അവര്‍ക്ക് മാത്രമുള്ളതാണ്. സുന്നികളുടെ പള്ളിയുടെ പള്ളിയുടെ സ്വത്തുക്കളും അവര്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. ഇക്കാര്യം തുഹ്ഫ ആറാം വാള്യം 283-285 കൂടിയ പേജുകളില്‍ പറയുന്നുണ്ട്. പള്ളിയുടെ കൈമാറ്റം പാടില്ലാത്തതുപോലെ സ്ഥലം മാറ്റവുംപാടില്ല. പള്ളി സ്ഥലം മാറ്റിപ്പണിയാന്‍ പാടില്ലെന്ന് നാലു മദ്ഹബിന്‍റെ ഇമാമുകളും മദ്ഹബുകളിലെ പ്രബല ഗ്രന്ഥങ്ങളും പറയുന്നു. ശറഹുല്‍ മുഹദ്ദബ്, തുഹ്ഫ, നിഹായ, മുഗ്നി, റൗള തുടങ്ങിയ ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളിലും ഹനഫീ മദ്ഹബിലെ മുഖ്തസറുല്‍ ഖത്തൂരിയിലും മാലികി മദ്ഹബിലെ കിഫായതു ത്വാലിബിലും ഹമ്പലി മദ്ഹബിലെ മുഗ്നിയിലും മറ്റും ഇത് പറഞ്ഞിട്ടുണ്ട്.’

നവംബര്‍ 1-15 ലക്കം മുഖപേജില്‍ ‘മൂക്കുതല മസ്ജിദ്: ഫാസിസ്റ്റ് വിളയാട്ടം’ എന്ന എംഡി എസിന്‍റെ റിപ്പോര്‍ട്ടില്‍ ധ്വംസന ശേഷമുള്ള വിശേഷങ്ങളുണ്ട്: പള്ളി പൊളിച്ച് ശേഷമുള്ള കഥയാണ് ഏറെ ദുഃഖകരം. പള്ളി പൊളിക്കപ്പെട്ടതോടെ മൂക്കുതലയിലെ ഭൂരിപക്ഷം വരുന്ന സുന്നികള്‍ക്ക് നിസ്കരിക്കാനിടമില്ലാതായി. സുന്നി വിഭാഗത്തെ പ്രതിനിധീകരിച്ചു കെവി മൊയ്തു വഖ്ഫ് ബോര്‍ഡില്‍ പരാതി നല്‍കി. പള്ളി യഥാസ്ഥാനത്ത് പുതുക്കിപ്പണിയാന്‍ സുന്നികളെ അനുവദിച്ചുകൊണ്ട് സപ്തംബര്‍ ആദ്യം ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് ഉത്തരവായി. ബോര്‍ഡിന്‍റെ ഉത്തരവ് മുജാഹിദുകള്‍ ഹൈകോടതിയില്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് പ്രശ്നത്തിന് അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് ഹൈകോടതി ബോര്‍ഡിനോട് നിര്‍ദേശിക്കുകയുണ്ടായി. ഇതനുസരിച്ച് ബോര്‍ഡ് കൈക്കൊണ്ട തീരുമാനമാണ് ഏറെ വിവാദമായിരിക്കുന്നത്.’ കമ്മിറ്റിക്കു കീഴില്‍ രണ്ടേക്കര്‍ 29 സെന്‍റുണ്ടായിരുന്നതില്‍ 72 സെന്‍റ് സ്ഥലം വഹാബി പ്രമുഖന്‍ തട്ടിയെടുത്തത് റിപ്പോര്‍ട്ടിലുണ്ട്. ഇതിനെല്ലാമെതിരെ നവംബര്‍ രണ്ടിന് കൊച്ചിയിലെ ബോര്‍ഡ് ഓഫീസിലേക്കും മലപ്പുറം ജില്ലാ എസ്വൈഎസ് ഒക്ടോബര്‍ 30-ന് മൂക്കുതലയിലേക്കും മാര്‍ച്ച് നടത്തുന്നതായും കുറിപ്പില്‍ കാണാം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ