മാതൃസ്നേഹം പരിപാവനമാണ്; പരിശുദ്ധമാണ്. അതുപക്ഷേ, സ്വാര്‍ത്ഥതയുടെ കുടുസ്സുമുറിയില്‍ ഒതുങ്ങിയാലോ? ഫുജൈറയിലെ ഇടുങ്ങിയ മുറിയില്‍ രണ്ടു പെട്ടി കെട്ടുന്ന സക്കീറിനെ കൂട്ടുകാര്‍ അതിശയത്തോടെ നോക്കി. ഇവനിതെന്തുപറ്റി? എന്തിനാണ് സുഹൃത്തേ, ഭാര്യവീട്ടിലേക്ക് മാത്രം ഒരു പെട്ടി? അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു. സക്കീറിന്റെ മറുപടി കനത്ത മൗനം മാത്രം. അതൊക്കെ ഞാന്‍ വന്നിട്ടു പറയാം എന്നു പറഞ്ഞ് അവന്‍ വിഷയം മാറ്റുകയായിരുന്നു.
ഉമ്മയുടെ യഥാര്‍ത്ഥ മുഖം കണ്ടത്, സക്കീര്‍ കല്യാണ ശേഷമാണ്. പാവപ്പെട്ട വീട്ടിലെ കുട്ടിയായതു കൊണ്ടാവാം സ്നേഹത്തോടെ ഒരു വാക്ക് സൈനുവിനോട് ഉമ്മ പറഞ്ഞത് ഓര്‍മയില്ല. പുലര്‍ച്ചെ നാലുമണിക്ക് വാതിലില്‍ മുട്ടി, അവളെ എഴുന്നേല്‍പ്പിച്ച് അടുക്കളയിലാക്കി കൂര്‍ക്കം വലിക്കുന്ന ഒരുമ്മ തന്റെ വീട്ടിലേ കാണൂ എന്ന് സക്കീര്‍ ഉറപ്പിച്ചു. കരയാനല്ലാതെ സൈനുവിന് സമയമുണ്ടായിരുന്നില്ല. എന്തെങ്കിലും കുറ്റം കണ്ടെത്തി ഉമ്മ അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു.
കല്യാണം കഴിഞ്ഞതിന്റെ രണ്ടാം മാസം. അടുത്തയാഴ്ച സക്കീറിന് മടങ്ങേണ്ടതാണ്. രണ്ടു ദിവസം ഭാര്യയെ തനിച്ചു കിട്ടണമെന്ന് സക്കീര്‍ ആഗ്രഹിച്ചു. അതിനായി അവനൊരു യാത്ര പ്ലാന്‍ ചെയ്തു. വയനാട്ടിലെ കൂട്ടുകാരന്റെ വീട്ടിലേക്ക്. അവര്‍ക്കും സന്തോഷമായിരുന്നു. വാടകക്കാണെങ്കിലും ഒരു വാഹനവും സക്കീര്‍ തരപ്പെടുത്തി.
ഒരു പെരുന്നാളിന്റെ ആരവംപോലെ അവര്‍ എല്ലാം ഒരുക്കിവെച്ചു. വീട്ടിലെല്ലാവരും സമ്മതിച്ചു. ഇത്രയും ദൂരെ യാത്ര ചെയ്ത് പൊല്ലാപ്പ് വരുത്തിവെക്കണോ എന്ന് അനിഷ്ടം പ്രകടിപ്പിക്കാന്‍ ഉമ്മ മറന്നില്ല. ഒരു വിധം നിര്‍ബന്ധിച്ചാണ് സക്കീര്‍ സമ്മതം വാങ്ങിയത്. കാലത്ത് മൂന്നുമണിക്കേ എഴുന്നേറ്റ് അവള്‍ ഗൃഹജോലികള്‍ തുടങ്ങിയിരുന്നു. സര്‍വം തീര്‍ത്തിട്ടുവേണം, യാത്ര തുടങ്ങാന്‍… ഇനി അതിന്റെ പേരില്‍ ഉമ്മക്കൊരു പരിഭവം വേണ്ടെന്ന് അവള്‍ അടക്കം പറയുകയും ചെയ്തു.
എല്ലാം ക്ലീന്‍. വണ്ടിയില്‍ ബാഗുകള്‍ എടുത്തുവെച്ചു. സൈനു ഡ്രസ്സ് ചെയ്യുകയായിരുന്നു. അപ്പോള്‍, ഉമ്മയുടെ മുറിയില്‍ നിന്ന് ഒരു നിലവിളി കേള്‍ക്കുന്നു. പാഞ്ഞുചെന്നപ്പോള്‍ കണ്ട കാഴ്ച, ഉമ്മ മുറിയില്‍ കാലുതെന്നി വീണതാണ്. എഴുന്നേല്‍ക്കാന്‍ വയ്യാതെ എരിപൊരി കൊള്ളുന്നു.
സക്കീറും ഭാര്യയും മുഖാമുഖം നോക്കി. അവരുടെ കണ്ണുകള്‍ തമ്മില്‍ സംസാരിച്ചു. അതോടെ യാത്ര ക്ലോസ്. ടൂറ് പോവേണ്ട വണ്ടി, ഉമ്മയെയും കൊണ്ട് ആസ്പത്രിയിലേക്ക്. പ്ലാസ്റ്ററിട്ട് രണ്ടു മാസത്തെ വിശ്രമം കൂടി നിശ്ചയിച്ചതോടെ സൈനുവിന് നിന്നു തിരിയാന്‍ സമയമില്ലാതായി. എന്നിട്ടും ഒരു നല്ല വാക്ക് ഉമ്മയില്‍ നിന്ന് ഇക്കാലം വരെ കേട്ടിട്ടേയില്ല.
സക്കീറിപ്പോഴും ഓര്‍ക്കുന്നു ആ സായാഹ്നം. അവന്റെ ഭാര്യാമാതാവും പിതാവും തന്നെ യാത്രയാക്കാന്‍ വന്നതാണ്. ഉമ്മയുടെ മുറിയില്‍ അവര്‍ ചെലവഴിച്ചത് നാല്‍പത്തഞ്ചു മിനിറ്റ്. എന്നിട്ടും, ഒരു സ്നേഹാന്വേഷണം ഉമ്മയുടെ നാവില്‍ പൂത്തില്ല. എന്താണ് സൈനു ചെയ്ത തെറ്റ്? അവള്‍ പാവപ്പെട്ട വീട്ടില്‍ നിന്നു വന്നതോ? ഉമ്മയുടെ കാലുപിടിക്കാം ഞാന്‍, എന്റെ ഭാര്യയോടൊന്ന് സ്നേഹത്തോടെ പെരുമാറണേ എന്നിങ്ങനെ അവന്റെ മനസ്സ് വിങ്ങാത്ത ദിനരാത്രങ്ങളില്ല.
ഈ വിവരങ്ങളൊക്കെ കൂട്ടുകാരോട് പറഞ്ഞ്, വീട്ടിലെ ചരിത്രം മാറേണ്ട എന്നു കരുതിയാണ് സക്കീര്‍ മൗനത്തിന്റെ തോണിയില്‍ കയറിയത്. രണ്ടു കൊല്ലം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോള്‍ ഭാര്യയെ മാത്രം കുറച്ചു ദിവസം കിട്ടാന്‍ എന്താണു ചെയ്യുക എന്ന ചിന്തയിലായിരുന്നു അവന്‍.
അന്നു രാത്രി സക്കീര്‍ ഉമ്മയെ വിളിച്ചു; ഒരു വിധം അവന്‍ പറഞ്ഞൊപ്പിച്ചത് ഇങ്ങനെ: “ഉമ്മാ, നാളെ ഞാന്‍ നാട്ടില്‍ വരുന്നു. കൂടെ അറബിയും ഭാര്യയുമുണ്ട്. അവര്‍ ചികിത്സക്കായി വരികയാണ്. രണ്ടാഴ്ച അവരുടെ കൂടെ നില്‍ക്കണം. അവര്‍ക്ക് ഭക്ഷണവും മറ്റും ഉണ്ടാക്കിക്കൊടുക്കണമെന്നാണ് പറയുന്നത്. എന്റെ ഭാര്യയെ നിര്‍ത്തണമെന്ന് അവര്‍ വാശി പിടിക്കുന്നു. സമ്മതിച്ചില്ലെങ്കില്‍ ജോലി തെറിക്കും. എന്തു ചെയ്യും? എയര്‍പോര്‍ട്ടിലേക്ക് വരുമ്പോള്‍ സൈനുവിനെയും കൊണ്ടുവരണം. ലഗേജ് നിങ്ങള്‍ കൊണ്ടുപോവണം. രണ്ടാഴ്ച കഴിഞ്ഞാല്‍ അറബിയും ഭാര്യയും പോകും. അന്ന് ഞങ്ങള്‍ വീട്ടില്‍ വരാം. ഉമ്മ സമ്മതിക്കണം, പ്ലീസ്.’
മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഉമ്മ സമ്മതം മൂളി. രണ്ടു വണ്ടിയാണ് സക്കീറിനെത്തേടി എയര്‍പോര്‍ട്ടിലെത്തിയത്. അതിലൊന്ന് ഭാര്യവീട്ടില്‍ നിന്നായിരുന്നു. നാട്ടിലെ വണ്ടി വരുന്നതിനു മുമ്പ് ഒരു ലഗേജുമായി അതു പോയി. രണ്ടാമതു വണ്ടി വരുമ്പോള്‍ അറബിയും (ഏതോ ഒരു യാത്രക്കാരന്‍) സക്കീറും എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങി വരികയായിരുന്നു. പിന്നെയെല്ലാം ഞൊടിയിടയില്‍.
ഭാര്യയെ ഒറ്റക്കു കിട്ടിയ സന്തോഷത്തില്‍ സക്കീര്‍ എല്ലാ പ്രയാസങ്ങളും മറന്നു. ആ രണ്ടാഴ്ചയാണ് അവര്‍ക്ക് മറക്കാന്‍ പറ്റാത്ത ദിനരാത്രങ്ങള്‍. മധുവിധുവും ടൂറും സിയാറത്തുമായി അവര്‍ പറന്നുനടന്നു.
കൃത്യം പതിനാറാം ദിവസം സക്കീറും ഭാര്യയും തിരിച്ചെത്തി. വീട്ടുകാര്‍ക്ക് ഒരു സംശയവും കൊടുക്കാതെ അവള്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഇതിനകം ഉമ്മയും പെങ്ങന്മാരും ചേര്‍ന്ന് ലഗേജ് വേണ്ടരീതിയില്‍ കൈകാര്യം ചെയ്തിരുന്നു. ആര്‍ക്ക് എന്തൊക്കെ കൊടുത്തു എന്നു സക്കീര്‍ അന്വേഷിച്ചില്ല. എങ്കിലും ഭാര്യവീട്ടിലേക്ക് എന്താണവര്‍ നീക്കിവെച്ചതെന്നറിയാന്‍ അവന് കൗതുകമുണ്ടായിരുന്നു.
പിറ്റേ ദിവസം വിരുന്നിനിറങ്ങിയപ്പോള്‍ രണ്ടു മിഠായിയുമായി ഉമ്മ വന്നു.
“ഇതാ, ഇത് സൈനൂന്റെ വീട്ടില്‍ കൊടുത്തോളൂ.’
ഉടന്‍ ഇടപെടുന്നു ഒരു പെങ്ങള്‍; “എന്താ ഉമ്മാ, രണ്ടു മിഠായിയാണോ കൊടുക്കുന്നത്.. ഇതാ ഇതുകൂടി വെച്ചോളൂ…’
സക്കീര്‍ അതും എണ്ണി നോക്കി. കൃത്യം എട്ടെണ്ണം. അവന്‍ ഒന്നും പറഞ്ഞില്ല; പറഞ്ഞത് ഇത്രമാത്രം:
“ഉമ്മാ, ഒറ്റക്കു നടക്കല്ലേ, കാലു തെന്നി വീഴും…’
അവര്‍ ഇറങ്ങിനടക്കുമ്പോള്‍ ഉമ്മ നോക്കിനിന്നു; ഒരു വിഷാദഗാനം പോലെ.

നല്ല വീട് -10 / ഇബ്റാഹിം ടി.എന്‍. പുരം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ