തൃശൂർ മെഡിക്കൽ കോളേജിലെ ഐസിയുവിൽ നിന്നാണ് ഹാജിക്ക വാട്‌സാപ്പിൽ ശബ്ദ സന്ദേശമയക്കുന്നത്. ശ്വാസതടസ്സം കാരണം ശബ്ദം ഇടറുന്നുണ്ട്. പലവട്ടം കേട്ടുനോക്കിയിട്ടും പറയുന്നത് വ്യക്തമായില്ല. അക്കാര്യം അറിയിച്ചപ്പോൾ പറ്റുംവിധം ക്ലിയറാക്കി അദ്ദേഹം വീണ്ടും വോയ്‌സയച്ചു. ഈ വാർഡിൽ ചൂടുവെള്ളം ലഭിക്കാൻ ഒരു ഹീറ്റർ വെച്ചു തരാമോ? നഴ്‌സുമാർ നല്ലോണം നോക്കുന്നുണ്ട്. എന്നാലും ഇവിടെ തന്നെ ഒരു സംവിധാനമുണ്ടായിരുന്നെങ്കിൽ വലിയ സൗകര്യമായേനെ. ഒരുപാട് രോഗികൾക്ക് ഉപകാരപ്പെടുമല്ലോ… സുഖവിവരം തിരക്കിയപ്പോൾ റാഹത്താണെന്നു പറഞ്ഞെങ്കിലും ശബ്ദത്തിലൊരു പതർച്ച കേട്ടു.
എസ്‌വൈഎസ് സാന്ത്വനം അതേറ്റെടുത്തു. ഏറ്റവും മുന്തിയ മെഷീനിനു അന്നുതന്നെ ഓർഡർ നൽകി. പിറ്റേന്ന് വാർഡിൽ അത് സ്ഥാപിക്കുകയും ചെയ്തു. അതിന്റെ രേഖകൾ കോളേജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസിന് കൈമാറാൻ ചെന്നപ്പോഴാണ് മറ്റൊരു വാർഡിൽ വളരെ ക്രിറ്റിക്കലായ രോഗികളുണ്ടെന്നും സാധിക്കുമെങ്കിൽ അവിടേക്കും ഒരു ഹീറ്റർ വേണ്ടിയിരുന്നുവെന്നും അറിയിക്കുന്നത്. ഇക്കാര്യമറിയിച്ചപ്പോൾ, മരണപ്പെട്ട പിതാവിന്റെ സ്മരണക്കായി ചാവക്കാട്ടെ ഒരു സഹോദരി അത് നൽകാമെന്നേറ്റു. വൈകാതെ പതിനൊന്നാം വാർഡിലും ഹീറ്റർ സ്ഥാപിക്കുകയുണ്ടായി. പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിൽ അത് സ്ഥാപിക്കുമ്പോൾ ഒരുപാട് രോഗികൾ വന്ന് സന്തോഷമറിയിച്ചു. കൂടുതൽ ആശ്വാസമായത് നഴ്‌സിംഗ് സ്റ്റാഫുകൾക്കാണ്. പരിചരണ പ്രവർത്തനങ്ങൾക്കിടയിൽ ആവശ്യപ്പെടുന്നവർക്ക് സമയാസമയം വെള്ളം ചൂടാക്കി നൽകുകയായിരുന്നു അവർ ഇതുവരെ. ഇനി ആ സമയം കൂടി രോഗികൾക്ക് മറ്റു സേവനങ്ങൾ ചെയ്യാമല്ലോ.
മരണം മണക്കുന്ന സ്ഥലമാണ് കോവിഡ് വാർഡ്. ഡയാലിസിസ് രോഗിയായ പിതാവിനെ അഡ്മിറ്റ് ചെയ്യാൻ വന്നപ്പോൾ പോസിറ്റീവ്. ശാരീരികാസ്വസ്ഥതകൾ മൂലം ചെറുപ്പക്കാരനായ മകനെയും പരിശോധിച്ചു. അവനും രോഗം സ്ഥിരീകരിച്ചു. കാഷ്വാലിറ്റിയിൽ നിന്നു വാർഡിലേക്കു മാറ്റി. ബെഡ് ഒഴിവില്ലാത്തതിനാൽ ആദ്യം നിലത്തു പായ വിരിച്ചാണ് കിടത്തിയത്. പിന്നീട് കട്ടിൽ ഒഴിവായിട്ടുണ്ടെന്ന് അറിഞ്ഞു ചെന്നപ്പോൾ അതിലെ രോഗി മരിച്ചുകിടക്കുകയാണ്. അങ്ങനെ വന്ന ഒഴിവാണ്!
വല്ലാത്തൊരു കാഴ്ചയാണ് വാർഡിൽ. തൊട്ടടുത്ത ബെഡിൽ കിടക്കുന്നവർ ഒന്നു മിണ്ടിപ്പറയാൻ പോലുമാകാതെ ഓക്‌സിജൻ സിലിണ്ടറിൽ നിന്ന് ജീവവായു നുകർന്നു കഴിയുന്നു. ഈ വാർഡിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ല. പരസ്പരം ഇടകലർന്നാണ് രോഗികളുടെ കിടപ്പ്. ആർക്കും ആരെയും ശ്രദ്ധിക്കാൻ മനസ്സില്ല. സ്വന്തം കാര്യത്തിൽ തന്നെ ആശങ്കയൊഴിഞ്ഞ നേരമില്ലല്ലോ. പിന്നെയല്ലേ മറ്റുള്ളവരെ ഗൗനിക്കുന്നത്. ആരോഗ്യമുള്ളവരും അവശരുമെല്ലാം കണ്ണിറുക്കിപ്പിടിച്ചാലും തുറന്നാലും മരണം മുന്നിൽ വന്നുനിൽക്കുന്നത് അനുഭവിക്കുന്ന പ്രതീതി. അടുത്ത കട്ടിലിലെ മരണവെപ്രാളവും പേടിപ്പെടുത്തുന്ന വലിവും കൈകാലിട്ടടിയുമെല്ലാം കണ്ട് എല്ലാവരുടേയും അകം മരവിച്ചുപോയിരിക്കുന്നു. നേരം പുലരുമ്പോൾ പല കട്ടിലും ശൂന്യമായതു കാണാം. ആ കട്ടിലിൽ വെച്ചുതന്നെയാണ് പോളിത്തീൻ കവർ കൊണ്ട് നിശ്ചല ശരീരങ്ങൾ പൊതിയുന്നതും സിബ്ബിടുന്നതും.

കോവിഡ് വാർഡിലെ പിരിവ്

മക്കൾ കൊണ്ടുവന്ന് അഡ്മിറ്റാക്കിയതാണ് അയാളെ. അവർ തിരിച്ചുപോയപ്പോൾ കൊറോണ സ്ഥിരീകരിച്ച ഉപ്പയുടെ കൈവശമുള്ള പൈസയും മൊബൈലുമെല്ലാം എടുത്തു. ഇനി അദ്ദേഹത്തിനിതിന്റെയൊന്നും ആവശ്യം വന്നില്ലെങ്കിലോ!? 14 ദിവസത്തിനു ശേഷം ഫലം നെഗറ്റീവായപ്പോൾ വീട്ടിലേക്കു പോകാൻ പണമില്ല. മക്കളെത്തിയതുമില്ല. പിന്നെ വാർഡിലുള്ളവരെല്ലാം പിരിവെടുത്താണ് വണ്ടി കയറ്റിവിട്ടത്.
ഒറ്റപ്പെട്ട ജീവിതമാണ് കോവിഡ് വാർഡിലെന്നതിനാൽ തന്നെ എങ്ങനെയെങ്കിലും പുറത്തുചാടണമെന്ന മനോഭാവമാണ് അഡ്മിറ്റാകുന്നവരിൽ കാണുക. പ്രായം ചെന്ന രോഗികളാണെങ്കിൽ ബെഡിൽ തളർന്നും തകർന്നും കിടക്കുകയായിരിക്കും. ആശ്രിതരാരുമില്ലാത്തതിന്റെ വിഷമവും കലശലായിരിക്കും. നഴ്‌സുമാർ മരുന്നെടുത്തുവെച്ചു കൊടുക്കുമെങ്കിലും പലരും കഴിക്കില്ല. നിർബന്ധിച്ചു നൽകാൻ ബന്ധുക്കളും അടുത്തില്ല. ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർ പിപിഇ കിറ്റിനകത്തു വേവുകയായിരിക്കും. വെള്ളം പോലും കുടിക്കാനാവാതെ അനേകം പോസിറ്റീവ് രോഗികൾക്കിടയിൽ നിന്നു തിരിയുന്നതിനാൽ എല്ലാ രോഗികളും മരുന്നും ഭക്ഷണവും കഴിച്ചെന്ന് ഉറപ്പുവരുത്താൻ അവർക്കു സാധിച്ചെന്നു വരില്ലല്ലോ. ഒരു വീട്ടിൽ നിന്നുള്ള രണ്ടുപേർ രോഗികളാണെങ്കിൽ അത്രയും ആശ്വാസം എന്നാണ് തോന്നുക. കാരണം ഭക്ഷണം, മരുന്ന് കഴിപ്പിക്കാനും ബാത്‌റൂമിൽ കൊണ്ടുപോകാനും പരസ്പരം സഹായിക്കാമല്ലോ. കിടന്ന കിടപ്പിൽ മൂത്രിച്ചവരും ഇടനാഴിയിലും മറ്റും വിസർജിച്ചവരും വൃത്തിയാക്കാതെ ചുരുണ്ടുകൂടിക്കിടക്കുന്നവരും ഈ വാർഡിലെ നിത്യക്കാഴ്ചകളാണ്.

വൈറസ് കൊണ്ട് ഭ്രാന്ത് പിടിച്ചവർ

വെറുതെ പറയുന്നതല്ല, അനുഭവമാണ്. ചുറ്റിലും ദിവസവും ആറും ഏഴും മരണങ്ങൾ കണ്ട് ആ മധ്യവയസ്‌കന്റെ മനോനില തകരാറിലായി. പലപ്പോഴും വിഭ്രാന്തി കാണിച്ചു. തുടർന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റി. വിദേശത്തുനിന്നു വന്ന മകനാണ് കൂട്ടിനെത്തിയിരുന്നത്. ടെസ്റ്റ് ചെയ്തപ്പോൾ അവനും പോസിറ്റീവ്. പിതാവിന്റെ വെപ്രാളവും പിരിമുറുക്കവും കണ്ട് ഈ യുവാവിന്റെയും മനോബലം തകർന്നു. രണ്ടും പേരും ഒരേ സ്ഥിതിയിലായി. കോവിഡ് വാർഡിലെ ഇത്തരം കാഴ്ചകൾ നടുക്കമുളവാക്കുന്നതാണ്.
മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്ന ഏരിയ രാവിലെ പത്തു മണിയോടെ മൂകതയുടെ താഴ്‌വാരമാകും. ആംബുലൻസുകളുടെ മുരൾച്ച, ബോഡി ഏറ്റുവാങ്ങാൻ വന്നവരുടെ വെപ്രാളങ്ങൾ, ഓടിപ്പിടച്ചിലുകൾ മാത്രമാണിവിടെ കാണാനാവുക. ഇവിടെ കളിചിരികളില്ല, തമാശകളില്ല, തളംകെട്ടിനിൽക്കുന്ന മ്ലാനത മാത്രം. എന്നാണിതിനൊരറുതിയാവുക?

പികെ ബശീർ അശ്‌റഫി ചേർപ്പ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ