നബിദിനാഘോഷത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു ലഘുലേഖയിൽ എഴുതുന്നു: വ്യക്തിപൂജക്ക് യാതൊരു ഇടവും നൽകാത്ത ഇസ്‌ലാം വ്യക്തികളുടെ ജനനത്തിനോ ചരമത്തിനോ പ്രാധാന്യം നൽകുന്നില്ല. മാത്രമല്ല, അത്തരം അന്ധവിശ്വാസങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്‘. ഇതിനെക്കുറിച്ച് എന്ത് പറയുന്നു? നബി(സ്വ)യുടെ ജനനത്തിനും ജനന ദിവസത്തിനും പ്രാധാന്യമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടോ?

മുസ്സമ്മിൽ എടപ്പാൾ

 

ഇസ്‌ലാമിൽ ആരുടെയും ജനനത്തിന് പ്രാധാന്യമില്ലെന്ന് എഴുതുന്നതും പറയുന്നതുമെല്ലാം തികഞ്ഞ വിവരക്കേടും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധവുമാണ്.

അബൂഖതാദ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്യുന്നു: തിങ്കളാഴ്ച നോമ്പിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: അത് ഞാൻ ജനിച്ച ദിവസമാണ്. എന്നെ പ്രവാചകനായി അയക്കപ്പെട്ടതും എനിക്ക് ഖുർആൻ അവതരിച്ചതും അന്നാണ് (സ്വഹീഹ് മുസ്‌ലിം). നബി(സ്വ)യുടെ ജനനത്തിനും ജനന ദിവസത്തിനും പ്രാധാന്യമുണ്ടെന്ന് ഈ ഹദീസിൽ അവിടുന്ന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

സ്ഥാനത്തും അസ്ഥാനത്തും വ്യക്തിപൂജയുടെ പേര് പറഞ്ഞ് സൃഷ്ടിശ്രേഷ്ഠരായി അല്ലാഹു നിശ്ചയിച്ച റസൂൽ(സ്വ)ക്ക് നാഥൻ നൽകിയ പ്രാധാന്യവും പ്രത്യേകതയും നിഷേധിക്കുന്നത് ഏറെ അപകടമാണ്. എന്റെ അടിമകൾ എനിക്ക് മാത്രമായി നിർവഹിക്കുന്ന ഇബാദത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട നിസ്‌കാരത്തിലടക്കം അവർ എന്റെ ഹബീബിന് സ്വലാത്തും സലാമും സമർപ്പിക്കണമെന്നാണ് അല്ലാഹുവിന്റെ നിശ്ചയം. അല്ലാഹു നിശ്ചയിച്ച വ്യക്തികൾക്ക് അവൻ നൽകിയ പ്രാധാന്യം അംഗീകരിക്കുന്നത് വ്യക്തിപൂജയല്ല, ഈമാനും ഇസ്‌ലാമുമാണ്.

 

നബിദിനാഘോഷത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? ഘോഷയാത്ര സുന്നത്താണോ? ചില സ്ഥലങ്ങളിൽ ചിലമ്പുകളുള്ള ദഫ് മുട്ടാറുണ്ട്; അതനുവദനീയമാണോ?

റഹ്‌നാസ് കക്കാട്

 

റസൂൽ(സ്വ)യുടെ സ്തുതികീർത്തനങ്ങൾ അവിടുത്തെ പേരിലുള്ള സ്വലാത്ത്, സലാമുകൾ, സദുപദേശങ്ങൾ, ഖുർആൻ പാരായണം, ദാനധർമങ്ങൾ തുടങ്ങിയ സൽകർമങ്ങളാണ് നബിദിനാഘോഷത്തിൽ ചെയ്യേണ്ടത്. ദിക്‌റുകളും സ്വലാത്തുകളും മദ്ഹുകളും പാടിയും പറഞ്ഞും നടത്തുന്ന ഘോഷയാത്ര സൽകർമങ്ങളിൽ പെട്ടതാണെന്ന് വ്യക്തമാണ്.

ചിലമ്പുകളുള്ളതാണെങ്കിലും ദഫ്ഫ് അനുവദനീയമാണെന്ന് ഇമാം നവവി(റ) മിൻഹാജിൽ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം നിരോധിച്ച കാര്യങ്ങൾ നബിദിനാഘോഷത്തിന്റെ പേരിൽ പറ്റില്ലെന്ന് പറയേണ്ടതില്ല.

ഹാഫിള് ഇബ്‌നുഹജർ(റ)നെ ഉദ്ധരിച്ച് ഇമാം സുയൂഥി(റ) എഴുതുന്നു: ഖുർആൻ പാരായണം, അന്നദാനം, ദാനധർമങ്ങൾ, മദ്ഹുകൾ, സാരോപദേശങ്ങൾ തുടങ്ങി അല്ലാഹുവിന് ശുക്‌റായിത്തീരുന്ന കാര്യങ്ങളിൽ മൗലിദ് പരിപാടി പരിമിതപ്പെടുത്തേണ്ടതാണ്. നബിദിനത്തിന്റെ സന്തോഷമറിയിക്കുന്ന അനുവദനീയമായ മറ്റു കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാൽ ഹറാം, കറാഹത്ത്, ഖിലാഫുൽ ഔല എന്നിങ്ങനെ നിരോധിക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. (അൽഹാവീ ലിൽ ഫതാവ 1-226).

 

മാനസികം ഉള്ളവൻ മുകല്ലഫ് ആണോ? അവനെ ഭ്രാന്തന്റെ ഗണത്തിൽ പെടുത്താമോ?

ഒരു വായനക്കാരൻ

 

വകതിരിവും തിരിച്ചറിവും നഷ്ടപ്പെട്ട മാനസിക രോഗി മുകല്ലഫ് അല്ല.

 

സുന്നത്ത് നിസ്‌കാരം വീട്ടിൽ വെച്ചാണല്ലോ ഉത്തമം. സ്വന്തം വീട് അല്ലാത്ത സ്ഥലത്ത് (ഉദാ: റൂം) വെച്ച് നിസ്‌കരിച്ചാലും മഹത്ത്വം ലഭിക്കുമോ?

മുഹമ്മദ് ബശീർ. വി

 

ജമാഅത്ത് സുന്നത്തുള്ള നിസ്‌കാരങ്ങൾ, ളുഹാ നിസ്‌കാരം പോലെ പള്ളിയിൽ വെച്ചാവൽ പ്രത്യേകതയുള്ള നിസ്‌കാരങ്ങൾ തുടങ്ങിയവയല്ലാത്ത സുന്നത്ത് നിസ്‌കാരങ്ങൾ വീട്ടിൽ വെച്ച് നിർവഹിക്കലാണ് ഉത്തമം. ഇവിടെ വീട് എന്നതിന്റെ വിവക്ഷ സ്വന്തം ഉടമസ്ഥതയിലുള്ള വീട് മാത്രമല്ല, സ്വന്തം വീടല്ലാത്ത താമസ സ്ഥലവും ഇതിൽ ഉൾപ്പെടും. അത്തരം സുന്നത്ത് നിസ്‌കാരങ്ങൾ താമസ സ്ഥലത്ത് വെച്ച് നിർവഹിക്കലാണ് ഉത്തമം. എന്നാൽ താമസ സ്ഥലത്ത് വെച്ച് നിർവഹിക്കാനായി നീട്ടിവെച്ചാൽ നഷ്ടപ്പെടുമെന്നോ അലംഭാവം വരുമെന്നോ ഭയമില്ലെങ്കിലാണ് ഈ പുണ്യം. അല്ലെങ്കിൽ പള്ളിയിൽ വെച്ച് തന്നെ നിർവഹിക്കുകയാണ് വേണ്ടത്.

 

പിതാവ് ജീവിച്ചിരിക്കെ മരിച്ച മകന്റെ മക്കൾക്ക് വല്ല്യുപ്പയുടെ അനന്തര സ്വത്ത് ലഭിക്കില്ലല്ലോ. സമ്പന്നരായ പിതൃ സഹോദരങ്ങൾ സ്വത്തെല്ലാം ഓഹരി ചെയ്‌തെടുക്കുമ്പോൾ ഉപ്പ നേരത്തെ മരിച്ചതിനാൽ ദാരിദ്ര്യത്തിൽ കഴിയുന്നവരായിട്ടും ആ യതീം മക്കൾക്ക് അനന്തരം ലഭിക്കുന്നില്ല. ഇത് മനുഷ്യത്വരഹിതവും വിവേചനപരവുമല്ലേ?

അർശാദ് എൻ.കെ. ദോഹ

 

മരിച്ച വ്യക്തിയുമായുള്ള ബന്ധവും അടുപ്പവുമാണ് മരണാനന്തരാവകാശത്തിന്റെ മാനദണ്ഡം. ദാരിദ്ര്യവും അനാഥത്വവും ഇതിന്റെ മാനദണ്ഡമല്ല. മരിച്ച വ്യക്തിയുടെ

പുത്രന്മാരിൽ ഒരാൾ ധനികനും മറ്റൊരാൾ ദരിദ്രനുമാണെങ്കിലും രണ്ട് പേർക്കും അവകാശം തുല്യമാണ്. അപ്രകാരം തന്നെ ഒരു മകൻ ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യമുള്ളവനും മറ്റൊരു മകൻ ജോലി ചെയ്യാൻ കഴിയാത്ത വിധം നിത്യരോഗിയാണെങ്കിലും രണ്ട് പേർക്കുമുള്ള അവകാശം തുല്യമാണ്. രണ്ട് പേരും പരേതന്റെ പുത്രന്മാരാണെന്നതാണ് കാരണം.

മരണാനന്തരാവകാശം ലഭിക്കുന്നതിന്റെ മർമം സാമ്പത്തിക – ആരോഗ്യ നിലവാരമല്ല മരിച്ച വ്യക്തിയുമായുള്ള ബന്ധവും അടുപ്പവുമാണെന്ന വസ്തുത മനസ്സിലാക്കിയാൽ, അടുത്ത ബന്ധു അവകാശിയായി ഉണ്ടാകുമ്പോൾ അകന്ന ബന്ധു അവകാശിയല്ലെന്നത് വ്യക്തവും ന്യായവുമാണ്. ദരിദ്രരെയും അനാഥകളെയും രോഗികളെയും സംരക്ഷിക്കുന്ന വകുപ്പുകൾ ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങളിൽ നിരവധിയുണ്ട്. അനന്തരാവകാശ നിയമം അതല്ല. മരിച്ച വ്യക്തിയുടെ സമ്പത്ത് അടുത്ത ബന്ധുക്കൾക്കിടയിൽ കേന്ദ്രീകരിക്കപ്പെടാനുള്ള വകുപ്പാണത്.

ചോദ്യത്തിൽ ഉന്നയിച്ച പ്രശ്‌നത്തിൽ തന്നെ പ്രസ്തുത വല്യുപ്പ ജീവിത കാലത്ത് തന്റെ സമ്പത്ത് പുത്രസന്താനങ്ങളായ യതീമുകൾക്ക് നൽകുന്നതിന് ഇസ്‌ലാമിക നിയമത്തിൽ അനുവാദമുണ്ട്. അങ്ങനെ നൽകിയ സമ്പത്ത് ആ യതീമുകളുടേതായിരിക്കും. അതിൽ പിതൃ സഹോദരങ്ങൾക്ക് അവകാശമില്ല.

 

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതു സംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്‌ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശ ക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?

ഹമീദ് ബാലുശ്ശേരി

 

ദാറുൽ ഇസ്‌ലാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തുത ഇടപാട് തന്നെ നിഷിദ്ധവും മഹാപാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർധനവും നിഷിദ്ധമാണ്.

പലിശ ഇടപാടുകളിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതു സംരംഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.

നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെയ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.

നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്തുത പണം പൊതു മസ്‌ലഹത്തുകളിലേക്ക് നൽകികൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ