‘പരാജിത രാഷ്ട്രം’ എന്നത് സാമ്രാജ്യത്വ മാധ്യമങ്ങളും വിശകലന വിദഗ്ധരും നിരന്തരം ഉപയോഗിച്ചു വരുന്ന അധിക്ഷേപ പ്രയോഗമാണ്.  തങ്ങള്‍ നടത്തുന്ന ക്രൂരമായ ഇടപെടലുകള്‍ക്ക് ന്യായീകരണമൊരുക്കാനും അത്തരം ഇടപെടലുകള്‍ നിര്‍ബാധം തുടരാനും ഈ പദസമുച്ചയം പാശ്ചാത്യ വന്‍ ശക്തികള്‍ പ്രയോഗിക്കുന്നു. രാഷ്ട്രം എന്ന സംവിധാനത്തിന്‍റെ അടിസ്ഥാന അനിവാര്യതയായ പരമാധികാരത്തെ അപ്രസക്തമാക്കുന്നുവെന്നതാണ് ഈ പ്രയോഗത്തിന്‍റെ അപകടം. പാക്കിസ്ഥാന്‍ അവര്‍ക്ക് പരാജിത രാഷ്ട്രമാണ്. അഫ്ഗാനും ഇറാഖും  സിറിയയും ലിബിയയും സുഡാനുമെല്ലാം പരാജിത രാഷ്ട്രങ്ങള്‍ തന്നെ. സ്വയം പ്രതിരോധിക്കാനാകാത്ത വിധം തകര്‍ന്നവ, സാമ്പത്തികമായി ദരിദ്രാവസ്ഥയിലുള്ളവ, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്നവ, തീവ്രവാദത്തിന്‍റെ ഈറ്റില്ലങ്ങളായി മുദ്രകുത്തപ്പെട്ടവ എല്ലാം പരാജിതരുടെ പട്ടികയില്‍ വരുന്നു. ഈ പട്ടികയില്‍ വന്നാല്‍ പിന്നെ അവയെ ‘രക്ഷിക്കാനുള്ള’ ദൗത്യം അമേരിക്കന്‍ ചേരി ഏറ്റെടുക്കും. ആ രാജ്യം ആര് ഭരിക്കണമെന്ന് അവര്‍ തീരുമാനിക്കും. അവിടുത്തെ സൈന്യം ഏത് ആയുധം ഉപയോഗിക്കണമെന്നും അവര്‍ നിശ്ചയിക്കും. എപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കണം, ആരില്‍ നിന്ന് കടമെടുക്കണം, ആരോട് നയതന്ത്ര ബന്ധം പുലര്‍ത്തണം, പ്രകൃതി വിഭവങ്ങള്‍ ആര്‍ക്ക് വില്‍ക്കണം, എവിടെ നിന്ന് ഇറക്കുമതി ചെയ്യണം എല്ലാം ബിഗ് ബോസുമാര്‍ നിര്‍ണയിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും മഹത്തായ ചരിത്രവും ആത്മാഭിമാനികളായ ജനതയുമുള്ള രാഷ്ട്രം അങ്ങനെ വെറും നടത്തിപ്പ് രാഷ്ട്രമായി അധഃപതിക്കും. പരാജിതമായിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ആ പട്ടികയില്‍ നിന്ന് കരകയറില്ല. കരകയറാന്‍ അനുവദിക്കില്ല. ഇവിടെ മൂന്ന്  കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന്, ‘പരാജിത രാഷ്ട്ര’ങ്ങളില്‍ മിക്കവയും മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളാണ്. രണ്ട്, അവയെല്ലാം എണ്ണയടക്കമുള്ള പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. മൂന്ന്, ഈ രാഷ്ട്രങ്ങളെല്ലാം തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് അമേരിക്ക കരുതുന്നു. ഈ രാഷ്ട്രങ്ങള്‍ എങ്ങനെ പരാജിതമായി എന്ന് ആരും ചിന്തിക്കാറില്ല.

പരാജിത രാഷ്ട്ര പട്ടികയിലേക്ക് പുതുതായി കടന്നുവന്ന രാജ്യമാണ് യമന്‍. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള രാഷ്ട്രം.  പ്രവാചക കാലത്തേ ഇസ്‌ലാമിക പ്രചാരണം നടന്ന മണ്ണ്. ലോകത്തെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവുമാദ്യം സജീവത കൈവരിച്ചതുമായ തുറമുഖം ഈ രാജ്യത്താണുള്ളത്. ആ തുറമുഖം സ്ഥിതി ചെയ്യുന്ന ഏദന്‍ പട്ടണം ഇന്ന് അറിയപ്പെടുന്നത് സംഘര്‍ഷങ്ങളുടെ കേന്ദ്ര ബിന്ദു എന്ന നിലയിലാണ്. പുറത്താക്കപ്പെട്ട പ്രസിഡന്‍റ് അലി അബ്ദുല്ല സ്വലാഹ് ഇവിടെ നിന്നാണ് കരുക്കള്‍ നീക്കുന്നത്. അദ്ദേഹവുമായി സഖ്യം പ്രഖ്യാപിച്ച ഹൂഥി വിമതര്‍ രാജ്യത്തിന്‍റെ നല്ലൊരു ശതമാനവും കീഴടക്കിക്കഴിഞ്ഞു. പ്രസിഡന്‍റ് മന്‍സൂര്‍ അബ്ദുര്‍റബ്ബ്  ഹാദി സഊദി അറേബ്യയില്‍ അഭയം തേടിയിരിക്കുകയാണ്. സആദാ പ്രവിശ്യയില്‍ നിന്ന് വിമത സൈന്യത്തെ നയിക്കുന്ന ഹൂഥി നേതാവ് അബ്ദുല്‍ അലി മാലിക്കി കൂടുതല്‍ ശക്തനാണ്. ഹൂഥി വിമതരെ അടിച്ചമര്‍ത്താനും മന്‍സൂര്‍ ഹാദിയെ പുനരവരോധിക്കാനുമായി സഊദിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് അവസാനം ആരംഭിച്ച സംയുക്ത സൈനിക നടപടി രണ്ട് മാസം പിന്നിടുമ്പോള്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കിയിട്ടില്ല. ഹൂഥി മുന്നേറ്റം തടയാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സഊദി വ്യോമാക്രമണം അവര്‍ കീഴടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഉപകരിച്ചിട്ടില്ല. പൊതുവേയുള്ള അരാജകത്വം മുതലെടുത്ത് നേരത്തേ തന്നെ സജീവമായിരുന്ന വിവിധ സായുധ ഗ്രൂപ്പുകള്‍ കൂടുതല്‍ അപകടകരമായ നില കൈവരിച്ചിട്ടുണ്ട്. അറേബ്യന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ (ചരിത്രം എത്ര സമ്പന്നമാണെങ്കിലും) ആധുനിക കാലത്ത് താരതമ്യേന ദരിദ്രാവസ്ഥയിലുള്ള രാജ്യമാണ് യമന്‍. ഒട്ടും ആധുനികവത്കരിക്കപ്പെട്ടിട്ടില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. സംയുക്ത വ്യോമാക്രമണവും അതിനോടുള്ള വിമതരുടെയും മറ്റു സായുധ ഗ്രൂപ്പുകളുടെയും പ്രതികരണവും വിമാനത്താവളങ്ങളും റോഡുകളും പാലങ്ങളും തകര്‍ത്തെറിഞ്ഞിരിക്കുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്ക് കണക്കില്ല. മിക്കവാറും വിദേശികള്‍ സേവനമനുഷ്ഠിച്ചിരുന്ന ആശുപത്രികളായിരുന്നു ഇവിടെയുള്ളത്. ഈ ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം സംഘര്‍ഷം ഭയന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചിരിക്കുന്നു. ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടയില്‍ നിരവധി സിവിലിയന്‍മാര്‍ മരിച്ചു കഴിഞ്ഞു. ഹൂഥികള്‍ക്കെതിരെയാണ് ആക്രമണം തുടങ്ങിയതെങ്കിലും ഇന്നിപ്പോള്‍ അല്‍ ഖാഇദ അടക്കമുള്ള ശക്തികള്‍ക്കെതിരെ നടപടി ശക്തമാക്കേണ്ട സ്ഥിതിയാണ് ഉള്ളത്.

ഈ പ്രതിസന്ധി അത്യന്തം അഗാധമാണ് എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് സഊദിയില്‍ അരങ്ങേറുന്നത്. ദമാമില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ അല്‍ അനൂദ് ശിയാ പള്ളിക്ക് നേരെ കഴിഞ്ഞ മാസം 29-ന് വെള്ളിയാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് പേരാണ് മരിച്ചത്. അതിന് തൊട്ടുമുമ്പത്തെ വെള്ളിയാഴ്ച ഖത്തീഫിലെ അല്‍ ഖുദൈഹ് ശിയാ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 21 പേര്‍ മരിച്ചിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്‍റെയും അറബ് രാജ്യങ്ങളുടെ തന്നെയും നേതൃ സ്ഥാനത്ത് നില്‍ക്കുകയും എണ്ണ വില്‍പ്പനയുടെയും വില നിയന്ത്രണത്തിന്‍റെയും കേന്ദ്ര ബിന്ദുവായി നിലകൊള്ളുകയും ചെയ്യുന്ന സഊദി ഇങ്ങനെ അശാന്തമാകുന്നതിനെ ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ലോക മുസ്ലിംകളുടെ വിശുദ്ധ ഗേഹങ്ങള്‍ നിലനില്‍ക്കുന്നത് ഈ മണ്ണിലാണ്. ഇവിടം അസ്ഥിരമാക്കുകയെന്നത് സഊദിക്ക് അകത്തും പുറത്തുമുള്ള നിരവധി ശക്തികളുടെ സ്വപ്നമാണ്.  കനത്ത സുരക്ഷാ സംവിധാനത്തിനിടക്കും സഊദിയില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുവെന്നത് വെറും സ്ഫോടന വാര്‍ത്തയായി ഒതുങ്ങേണ്ടതല്ല. ഈ അതിക്രമങ്ങള്‍ക്ക് യമനിലെ സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് വേണമെങ്കില്‍ വാദിക്കാം. സഊദിയില്‍ ശിയാ ആരാധനാലങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസില്‍ സംഘമാണ് ഏറ്റെടുത്തിട്ടുള്ളത്. യമനില്‍ ഇസില്‍ ഒരു ഘടകമല്ലെന്നും പറയാം. എന്നാല്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഇത്തരം അതിക്രമങ്ങള്‍ തമ്മിലെല്ലാം ബന്ധം കാണാനാകും. മുസ്ലിം ലോകത്തെ നെടുകെ പിളര്‍ക്കാനുള്ള സാമ്രാജ്യത്വ ദൗത്യം ഏറ്റെടുത്തവരാണ് ഈ ഇസില്‍ സംഘം. അതിനാണ് ശിയാ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നത്. യമനിലെ ഹൂഥികള്‍ വംശീയമായി ശിയാ ധാരയിലുള്ള സെയ്ദി വിഭാഗത്തില്‍ പെട്ടവരാണ്. അവര്‍ക്ക്  ഇറാന്‍റെ സഹായമുണ്ട് എന്നതു വസ്തുതയും. അതിനാല്‍ സഊദിയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന സൈനിക നീക്കം ശിയാക്കള്‍ക്ക് നേരെയാണെന്ന് വ്യാഖ്യാനിക്കാനാകും. അങ്ങനെയെങ്കില്‍ ഈ സംഘര്‍ഷത്തില്‍ ഇസില്‍ സംഘം കക്ഷിചേരാനുള്ള സാധ്യത ഏറെയാണ്. പ്രത്യക്ഷത്തില്‍ സഊദി പക്ഷത്തെ അവര്‍ ‘സഹായി’ക്കുന്നുവെന്ന് തോന്നിക്കും. ആത്യന്തികമായി അത് മേഖലയിലാകെ ഇസില്‍ വിഷവിത്ത് പടരുന്നതിനാകും കാരണമാകുക. അത്കൊണ്ട് യമനിലെ പ്രതിസന്ധി അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ഇസ്‌ലാമിക ലോകത്തിന്‍റെയാകെ ഭാവിയെ അപകടകരമായ രീതിയില്‍ ബാധിക്കുന്നതാണ് ഈ സംഘര്‍ഷം. രാഷ്ട്രീയ പരിഹാരമൊരുക്കി, സൈനിക ദൗത്യം അവസാനിപ്പിക്കാന്‍ എത്ര വൈകുന്നുവോ അത്രയും സങ്കീര്‍ണവും അപരിഹാര്യവുമാകും പ്രതിസന്ധി.

ചരിത്രത്തിലാണ് പാഠമുള്ളത്

ഹൂഥികളെ പിഴുതെറിയുന്നത് ഇത്ര ദുഷ്കരവും സുദീര്‍ഘവുമാകുന്നത് എന്ത് കൊണ്ടാണ്? ഹൂഥി വിമതര്‍ക്ക്, മറ്റേത് രാഷ്ട്രത്തിലെ വിമത സംഘങ്ങളെയും പോലെ ചരിത്രത്തില്‍ വേരുകളുണ്ട് എന്നത് തന്നെയാണ് ഉത്തരം. യമന്‍ എന്ന ജനപഥമായി ചരിത്രത്തില്‍ അടയാളപ്പെട്ട് കിടക്കുന്ന വടക്കന്‍ യമന്‍ ദീര്‍ഘകാലം ഭരിച്ചിരുന്നത് സെയ്ദി വിഭാഗത്തില്‍ പെട്ട ഇമാമുമാരായിരുന്നു. അവര്‍ പലപ്പോഴും അവരുടെ സ്വാധീനം തെക്കന്‍ യമനിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. ചിലപ്പോഴൊക്കെ  ഇത് വിജയം കണ്ടെങ്കിലും തുര്‍ക്കി ഭരണാധികാരികള്‍ ഏദന്‍ കേന്ദ്രീകരിച്ച് തെക്കന്‍ യമന്‍റെ നിയന്ത്രണം കൈക്കലാക്കിയതോടെ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഈ ശ്രമങ്ങള്‍ വഴി വെച്ചു. ഒടുവില്‍ തെക്കന്‍ യമന്‍  തുര്‍ക്കിയുടെയും വടക്കന്‍ യമന്‍ ശിയാ ഭരണാധികാരികളുടെയും നിയന്ത്രണത്തിലെന്ന് നിര്‍ണയിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഈ മേഖലയില്‍ കണ്ണുവെക്കാന്‍ തുടങ്ങി. തെക്കന്‍ യമനിലായിരുന്നു ബ്രിട്ടന്‍റെ കണ്ണ്. അതിന് പ്രധാന കാരണം ഏദന്‍ തുറമുഖമായിരുന്നു. ഇന്ത്യയിലേക്ക് ലാക്കു നോക്കിയിരുന്ന സാമ്രാജ്യത്വത്തിന് ഈ തുറമുഖം അനിവാര്യമായിരുന്നു. ഓട്ടോമന്‍ തുര്‍ക്കികളുമായി, പുറത്ത് എവിടെയൊക്കെയോ പ്രദേശങ്ങള്‍ നല്‍കാമെന്ന് കരാറുണ്ടാക്കി തെക്കന്‍ യമന്‍ ബ്രിട്ടീഷുകാര്‍ കൈക്കലാക്കുന്നതാണ് പിന്നീട് കണ്ടത്. ഈ കരാര്‍ അംഗീകരിക്കാന്‍ പക്ഷേ സെയ്ദി ഭരണാധികാരിയായ യഹിയ ഹമീദുദ്ദീന്‍ ഒരുക്കമായിരുന്നില്ല. ഇത് ബ്രിട്ടീഷ് ശക്തികളുമായി രൂക്ഷമായ യുദ്ധത്തില്‍  കലാശിച്ചു. അപ്പോഴേക്കും 1950-കളില്‍ വടക്കന്‍ യമനിലെ സെയ്ദി ഭരണകര്‍ത്താക്കള്‍ക്കെതിരെ വന്‍ ആഭ്യന്തര കലാപമുണ്ടായി. ഈ കലാപത്തില്‍ ഈജിപ്തും കക്ഷി ചേര്‍ന്നു. തെക്കന്‍ യമനിലാകട്ടെ ബ്രിട്ടീഷ് സ്വാധീനം ക്ഷയിച്ച് റഷ്യന്‍ സ്വാധീനം ശക്തമാകാന്‍ തുടങ്ങി. ഒരു ദശകക്കാലം നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ യമന്‍ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി- യമന്‍ അറബ് റിപ്പബ്ലിക്കും(വടക്ക്) പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് യമനും(തെക്ക്). ഇതില്‍ തെക്കന്‍ ഭാഗത്തിന്‍റെ ഭരണം  സോവിയറ്റ് നിയന്ത്രണത്തിലായിരുന്നു. വടക്കന്‍ ഭാഗത്തിന്‍റെ ഭരണത്തലവനായി അലി അബ്ദുല്ല സ്വലാഹ് അധികാരത്തില്‍ വരുന്നത് 1978-ലാണ്. പിന്നെ 33 വര്‍ഷം അദ്ദേഹത്തിന്‍റെ അധീനതയിലായിരുന്നു യമന്‍. അറബ് വിപ്ലവമെന്നോ മുല്ലപ്പൂ വിപ്ലവമെന്നോ ഒക്കെ വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകള്‍ക്കിടെ 2011-ലാണ് സ്വലാഹ് സ്ഥാന ഭ്രഷ്ടനാകുന്നത്.

ഇന്ന് യമനില്‍ കാണുന്ന പ്രതിസന്ധിയുടെ വേരുകള്‍ ഇവിടെയാണ് ആഴ്ന്നു കിടക്കുന്നത്. തെക്ക്- വടക്ക് യമനെ ഏകീകരിച്ച ഭരണാധികാരിയാണ് സ്വലാഹ്. അദ്ദേഹവും ശിയാ സെയ്ദി വിഭാഗത്തില്‍ പെട്ടയാളാണ്. ഹൂഥികളും അങ്ങനെ തന്നെ. അധികാര തര്‍ക്കത്തിന്‍റെ നൈരന്തര്യത്തില്‍ വികസനം മുരടിച്ചു പോയ യമനില്‍ രൂപപ്പെട്ടു വന്ന പുതിയ ജനാധിപത്യ അവബോധങ്ങള്‍ ദീര്‍ഘകാലമായി അധികാരത്തിലിരുന്ന സ്വലാഹിനെ ലക്ഷ്യം വെച്ചത് സ്വാഭാവികം. വംശീയ യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്തുള്ള രോഷമായിരുന്നു അത്.  ഇന്ന് സ്വലാഹിന്‍റെ പക്ഷത്ത് നില്‍ക്കുന്ന ഹൂഥികള്‍ അന്ന് പ്രക്ഷോഭത്തിന്‍റെ മുന്‍ നിരയിലായിരുന്നുവെന്ന് ഓര്‍ക്കണം. വടക്കന്‍ യമനിലെ കൂടുതല്‍ മേഖലകളില്‍ ഹൂഥികള്‍ വന്‍ ജനസ്വാധീനമുറപ്പിച്ചത് ഈ ഘട്ടത്തിലായിരുന്നു. അന്ന് സഊദി സഹായ സ്വീകര്‍ത്താവും അമേരിക്കന്‍ പക്ഷപാതിയുമായ സ്വലാഹിന് വേണ്ടി  ഇന്നത്തെ പോലെ ആകാശ ആക്രമണത്തിന് സഊദി സന്നദ്ധമായിരുന്നുവെന്നോര്‍ക്കണം. ഹൂഥികള്‍ക്കെതിരെ അമേരിക്കയും രംഗത്തിറങ്ങിയിരുന്നു. പക്ഷേ, യമന്‍ സാവധാനം  വിഭജിക്കപ്പെടുകയായിരുന്നു. ഹൂഥികള്‍ സ്വാധീനമുറപ്പിച്ച വടക്കന്‍ യമന്‍. സ്വലാഹ് തളരുമ്പോള്‍ മറ്റൊരു അധികാര കേന്ദ്രമായി വളര്‍ന്നു വന്ന വൈസ് പ്രസിഡന്‍റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തില്‍ തെക്കന്‍ യമന്‍.

സ്വലാഹിന് ശേഷം…

പ്രക്ഷോഭ കൊടുങ്കാറ്റില്‍ ഉലഞ്ഞു പോയ സ്വലാഹ്, 2011-ല്‍ സഊദിയുടെ മധ്യസ്ഥതക്ക് വഴങ്ങി അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ പ്രസിഡന്‍റാക്കി സ്ഥാനത്യാഗത്തിന് തയ്യാറായി. എല്ലാവരുടെയും പ്രസിഡന്‍റാകുന്നതില്‍ ഹാദി തികഞ്ഞ പരാജയമായിരുന്നു. പ്രക്ഷോഭത്തിന്‍റെ അന്തസ്സത്ത  ഉള്‍ക്കൊള്ളാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. പതിനാറ് വര്‍ഷക്കാലം സ്വലാഹിന്‍റെ കാല്‍ക്കീഴില്‍ അധികാര മോഹങ്ങളൊന്നും പ്രദര്‍ശിപ്പിക്കാതെ വൈസ് പ്രസിഡന്‍റായി കഴിഞ്ഞ ഹാദി പക്ഷേ ആ അച്ചടക്കത്തിന്‍റെ പ്രതിഫലമായി നേതൃസ്ഥാനം കൈവന്നപ്പോള്‍ നിലവിട്ട് പെരുമാറി. കൂടുതല്‍ അധികാരം ആര്‍ജിക്കാന്‍ തുടങ്ങി. സ്വലാഹ് പറഞ്ഞിടത്തൊന്നും ഹാദി നിന്നില്ല. പല ഗ്രൂപ്പുകളെയും വെറുപ്പിക്കാന്‍ തുടങ്ങി. മിലിഷ്യാ  ഗ്രൂപ്പുകളില്‍ ചിലതിനെ ഉപയോഗിച്ചു. അപ്പോള്‍ കുറേയേറെ എണ്ണം ശത്രുക്കളായി. സൈന്യത്തില്‍ ഹാദി വരുത്തിയ ശുദ്ധീകരണം പരമ അബദ്ധമായിരുന്നു. സ്വലാഹിന്‍റെ ബന്ധുക്കളും അനുയായികളുമായ സൈനിക ഉദ്യോഗസ്ഥരെ മുഴുവന്‍ പുറത്താക്കി. സൈന്യത്തെ വംശീയമായി പിളര്‍ത്തി. ഇത് ഹൂതി വിമതര്‍ക്ക് വലിയ അനുഗ്രഹമായി. വടക്ക് മാത്രമല്ല, തെക്കും അവര്‍ പിടിച്ചടക്കി. അന്ന് അവര്‍ സ്വലാഹിന്‍റെ ശത്രുക്കളായിരുന്നുവെങ്കില്‍ ഇന്ന് മിത്രങ്ങളാണ്. എല്ലാ കരുക്കളും നീക്കുന്നത് സ്വലാഹ് ആണ്.  തലസ്ഥാനമായ സന്‍ആ അവരുടെ കൈയിലാണ്. ഏദന്‍ തുറമുഖം അവരാണ് നിയന്ത്രിക്കുന്നത്. മന്‍സൂര്‍ ഹാദി സഊദിയിലാണ്. അദ്ദേഹത്തെ തിരികെ വാഴിക്കാനാണ് സംയുക്ത വ്യോമാക്രമണം. പക്ഷേ അതങ്ങനെ നീളുകയാണ്. ഇനി കരയാക്രമണം വന്നേക്കാം. അതും നീണ്ടേക്കാം. യമന്‍ കൂടുതല്‍ കൂടുതല്‍ പരാജിതമാകുന്നു, മേഖല കൂടുതല്‍ അരക്ഷിതമാകുന്നു എന്നര്‍ത്ഥം.

തുരങ്കത്തിനപ്പുറത്തെ വെളിച്ചം

പരിഹാരത്തെക്കുറിച്ചുള്ള ഏത് ചിന്തയും അടിസ്ഥാനപരമായ വസ്തുതകള്‍ കണക്കിലെടുത്തായിരിക്കണം.

ഒന്ന്,  അറബ് വസന്തം ഒരു കള്ളത്തരമായിരുന്നു. പാശ്ചാത്യ ജനാധിപത്യ മാതൃകക്കായി നിലവിലുള്ള ഭരണ സംവിധാനം തകര്‍ത്തെറിഞ്ഞപ്പോള്‍ പകരം വരാനെന്ത് എന്ന് ആരും ചോദിച്ചില്ല. സാമ്രാജ്യത്വം തരാതരം അധികാരം കൈയാളുകയോ റിമോട്ട് ഭരണം നടത്തുകയോ ചെയ്ത രാജ്യങ്ങളാണ് ടുണീഷ്യയും ഈജിപ്തും ലിബിയയും യമനുമെല്ലാം. ഇവിടെ യഥാര്‍ഥ ജനാധിപത്യ സ്ഥാപനങ്ങള്‍ വളര്‍ന്നു വരാന്‍  കൊളോണിയല്‍ ശക്തികള്‍ അനുവദിച്ചിട്ടില്ല. അതേസമയം അവര്‍ ജനാധിപത്യ വ്യാമോഹങ്ങള്‍ പുതുതലമുറയിലേക്ക് കടത്തി വിട്ടു. ഫലമോ  പ്രക്ഷോഭാനന്തരം രൂപപ്പെട്ട അധികാര ശൂന്യത അരാജകത്വത്തിലേക്ക് വഴി മാറി. പലയിടത്തും ജനാധിപത്യ നാട്യക്കാരായ ഇസ്‌ലാമിസ്റ്റുകളാണ് അധികാര സ്ഥാനത്തേക്ക് കയറി നിന്നത്. സമ്പൂര്‍ണ പരാജയമായിരുന്നു അവര്‍. അങ്ങനെ അധികാരം ആത്യന്തികമായി സൈന്യത്തിന്‍റെയോ തീവ്രവാദികളുടെയോ കൈയിലെത്തി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിവിലിയന്‍മാര്‍ തോക്ക് കൈവശം വെക്കുന്ന നാടായി യമന്‍ മാറിയിരിക്കുന്നു. ഈ യമനിലാണ് സുശക്തമായ ഭരണകൂടം അപ്രത്യക്ഷമായിരിക്കുന്നത്. ഇവിടെ അല്‍ ഖാഇദ ഇന്‍ അറേബ്യന്‍ പെനിന്‍സുലയും ഹൂഥികളും മറ്റ് അനേകം മിലീഷ്യകളും ഉഗ്ര വിഷം പ്രാപിക്കുക സ്വാഭാവികമല്ലേ?  ഓരോ ഗോത്ര വിഭാഗവും ഓരോ അധികാര കേന്ദ്രമാകുമെന്ന് ഉറപ്പല്ലേ? അത്കൊണ്ട് യമന് വേണ്ടത് യഥാര്‍ഥ രാഷ്ട്രീയ പരിഹാരമാണ്. രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയര്‍ന്നു വരുന്ന സുശക്തമായ രാഷ്ട്രീയ സംവിധാനത്തിന് മാത്രമേ യമനെ രക്ഷിക്കാനാകുകയുള്ളൂ. ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ജോയിന്‍റ് മീറ്റിംഗ് പാര്‍ട്ടീസും ചേര്‍ന്നായിരുന്നു മന്‍സൂര്‍ ഹാദിയെ വാഴിച്ചിരുന്നത്. ഈ സമന്വയത്തില്‍ സലഫികളും ഇസ്‌ലാമിസ്റ്റുകളും ഒക്കെയുണ്ടായിരുന്നു. പക്ഷേ അത്തരമൊരു വിശാലമായ ജനാധിപത്യ സമവായത്തിലേക്ക് ഹാദിയോ അദ്ദേഹത്തെ തിരുത്തുന്നതിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളോ വളര്‍ന്നില്ല.

രണ്ട്, യമനിലെ ശാക്തിക ചേരികള്‍ക്ക് യാതൊരു സ്ഥിരതയുമില്ല.   ഒരിക്കല്‍ ബദ്ധ ശത്രുക്കളായ അലി അബ്ദുല്ല സ്വലാഹും ഹൂതികളും ഇപ്പോള്‍ ഒറ്റക്കെട്ടാണല്ലോ. പണ്ട് ഹൂഥികളെ തകര്‍ക്കാന്‍ അല്‍ ഖാഇദയുടെ സഹായം തേടിയയാളാണ് ഈ സ്വലാഹ്. സ്വലാഹ് ചതുരംഗം കളിക്കുകയാണെന്നും രാജാവിനെ സംരക്ഷിക്കാന്‍ അദ്ദേഹം കരുക്കള്‍ തരാതരം എടുക്കുകയും ഉപേക്ഷിക്കുകയുമാണെന്നും ഈയടുത്ത് ഒരു അല്‍ഖാഇദ നേതാവ് പറഞ്ഞിരുന്നു.  അല്‍ ഖാഇദക്കെതിരെ സഊദി ഹൂഥികളുടെ സഹായം തേടിയിരുന്നുവെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോള്‍ അല്‍ ഖാഇദ എവിടെയും തൊടാതെ നില്‍ക്കുകയാണ്. അഥവാ അവര്‍ ശക്തി സംഭരിക്കുകയാണ്. ഇപ്പോഴവര്‍ ആക്രമണ ലക്ഷ്യത്തില്‍ നിന്ന് പുറത്താണല്ലോ. ഒരര്‍ഥത്തില്‍ ഹൂഥികളേക്കാള്‍ അപകടകാരികളാണ് ഇക്കൂട്ടര്‍. അത് സഊദിക്കും സഖ്യ ശക്തികള്‍ക്കും വഴിയേ ബോധ്യപ്പെടും. അത്കൊണ്ട് ഈ സൈനിക ദൗത്യത്തിന്‍റെ മറവില്‍ നടക്കുന്ന പുനര്‍ സംഘം ചേരലുകള്‍ മേഖലയുടെ സുരക്ഷിതത്വത്തില്‍ നിര്‍ണായകമാണ്.

മൂന്ന്, യമന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വിവിധ ശക്തികള്‍ തരാതരം കളിച്ച് കുളമാക്കിയ  കളിക്കളമാണ് ഈ ജനപഥം. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിതമായ, അല്ലലൊഴിഞ്ഞ ജീവിതത്തിലേക്ക് നയിക്കുകയെന്നതാകും അവരുടെ വിശ്വാസമാര്‍ജിക്കാന്‍ അടിയന്തിരമായി ചെയ്യേണ്ടത്. സംയുക്ത സൈനിക നീക്കത്തില്‍ യമന്‍ ജനത അമര്‍ഷത്തിലാണെന്ന് അവിടെ നിന്നുള്ള നെറ്റിസണ്‍സിന്‍റെ വാക്കുകള്‍ തന്നെ തെളിവ്. ഈ അമര്‍ഷം ആത്യന്തികമായി ഗുണം ചെയ്യുക ഛിദ്ര ശക്തികള്‍ക്കായിരിക്കും. യമന്‍റെ  പുനര്‍നിര്‍മാണത്തില്‍ കൂടി ജി സി സി ശ്രദ്ധവെക്കണമെന്ന് ചുരുക്കം.  മാത്രമല്ല, ശിഥിലമായിപ്പോയ യമന്‍ ദേശീയ സേനയെ സജ്ജമാക്കുകയെന്ന ഭാരിച്ച ദൗത്യം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. നോക്കൂ, സദ്ദാമിനോടൊപ്പം ചേര്‍ന്നും സദ്ദാമിനെതിരെ തിരിഞ്ഞും തകര്‍ത്തെറിഞ്ഞ ഇറാഖില്‍ നിന്നാണല്ലോ ആര്‍ക്കും കീഴടക്കാനാകാത്ത വെറുപ്പിന്‍റെ ശക്തിയായി ഇസില്‍ ഉയര്‍ന്നു വന്നത്!

മുസ്തഫ പി എറയ്ക്കല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ