കര്‍ണാടക സംസ്ഥാനത്ത് യാചന നിരോധിക്കുന്നതിന്റെ തുടക്കമായി മൈസൂര്‍ നഗരത്തില്‍ ഈയിടെ ഭിക്ഷാടനം സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ഭിക്ഷാടന മാഫിയ യാചനയുടെ ലോകം വിപുലപ്പെടുത്തുന്നത് ഇന്നത്ര രഹസ്യമല്ല. ഗതികെട്ട് യാചനയിലേക്ക് തിരിഞ്ഞതായിരുന്നു മുമ്പത്തെ ഭിക്ഷാംദേഹികളെങ്കില്‍, സഹതാപം തോന്നുന്ന രൂപത്തിലേക്ക് മനുഷ്യ ജീവികളെ വികലപ്പെടുത്തി തടിച്ചുകൊഴുക്കുന്ന കച്ചവട ശൃംഖലയായി ഇന്നതുമാറിയെന്നതാണു സത്യം. കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടുപോയി ശരീരഭാഗങ്ങള്‍ വികൃതമാക്കി തെരുവുകളില്‍ തള്ളുന്നത് ഈ മാഫിയകളാണെന്ന് കേള്‍ക്കുമ്പോള്‍ ഇന്നു നാം സംശയത്തോടെ നെറ്റി ചുളിക്കാറില്ല. ലഹരി കുത്തിവെക്കപ്പെട്ടതിനാല്‍ ഈ കുട്ടികള്‍ ഒരിക്കലും ഉണര്‍ന്നിരിക്കാറില്ലെന്നും നമുക്കറിയാം.
ലോക മുസ്‌ലിം ആരാധനാ കേന്ദ്രമായ വിശുദ്ധ ഹറമിന്റെ നാലു ഭാഗത്തുമുള്ള വഴിയിലുടനീളം നിരനിരയായി നിന്നും ഇരുന്നും കിടന്നും യാചന നടത്തുന്നവരെ കാണുമ്പോള്‍ അലിവ് തോന്നാത്ത മനസ്സുകളുണ്ടാവില്ല. സൂക്ഷ്മമായി നോക്കുമ്പോള്‍ അവരില്‍ പലരും മറ്റേതോ കേന്ദ്രങ്ങളിലുള്ളവരുടെ ബലിയാടുകളായി യാചനാ രംഗത്തേക്ക് വലിച്ചെറിയപ്പെട്ടവരാണെന്ന് കണ്ടെത്താനാവും. കൈകാലുകള്‍ മുറിക്കപ്പെട്ടവരും പൊള്ളലേറ്റവരുമൊക്കെയായി ഹൃദയമുള്ളവരില്‍ വേദന നിറക്കുന്ന ഈ വൈകല്യങ്ങളൊക്കെ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന് തിരിച്ചറിയുമ്പോഴാണ് ക്രൂരതയുടെ ആഴം വ്യക്തമാവുക.
ഇക്കാര്യം സ്ഥിരീകരിക്കുന്ന മംഗലാപുരത്തു നിന്നുള്ള ഒരു പത്രവാര്‍ത്ത ശ്രദ്ധിക്കുക: ‘വൈകല്യം അഭിനയിച്ച് ഭിക്ഷാടനം, ആറംഗ സംഘം പിടിയില്‍.’ വികലാംഗരായി നടിച്ച് ഭിക്ഷാടനം നടത്തുന്ന ആറംഗ സംഘമാണ് ഭട്കലില്‍ പിടിയിലായത്. കൃത്രിമ അവയവങ്ങള്‍ ഘടിപ്പിച്ച് ഭിക്ഷാടനം നടത്തുകയായിരുന്നു ഇവര്‍. സംഘത്തില്‍ ആര്‍ക്കും അംഗവൈകല്യമുണ്ടായിരുന്നില്ല. എന്നാല്‍ കാലങ്ങളായി അംഗവൈകല്യം അഭിനയിച്ച് ഭിക്ഷാടനം നടത്തിയാണ് ജീവിതം. മുസ്‌ലിംകളെപ്പോലെ വേഷമണിഞ്ഞിരുന്നു ഇവര്‍. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശമായതിനാല്‍ ഈ വേഷം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പത്രം പറയുന്നു.
യാചന തൊഴിലായി സ്വീകരിച്ചവരെയും കാണാം നമ്മുടെ പരിസരങ്ങളില്‍. മുഷിഞ്ഞ വേഷം, ദൈന്യത മുറ്റിയ മുഖഭാവം, കാഴ്ചക്കാരില്‍ ഒറ്റനോട്ടത്തില്‍ തന്നെ ദയനീയത തോന്നിക്കുന്ന അംഗവൈകല്യം, പൊള്ളലേറ്റ പാടുകള്‍ തുടങ്ങിയ എന്തെങ്കിലുമൊന്ന് പുറത്ത് കാണുന്നുണ്ടാകും. ആര്‍ക്കും വിധേയപ്പെടാതെ ഇഷ്ടവിഹാരം നടത്താമെന്നായിരിക്കും ഇക്കൂട്ടരുടെ ഉള്ളിലിരുപ്പ്. ചിലരെങ്കിലും അരോഗ ദൃഢഗാത്രരും. ഹോട്ടലുകളിലോ മറ്റോ എന്തെങ്കിലും ജോലി തരാം, കൂടെവരുമോയെന്നന്വേഷിക്കുമ്പോള്‍ നിഷേധഭാവത്തില്‍ തലയാട്ടി പുറംതിരിഞ്ഞ് പോയത് അനുഭവം. അധ്വാനിച്ചു ജീവിക്കുന്നത് ബുദ്ധിയല്ലെന്ന ഭാവം! വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് സര്‍ക്കാര്‍ യാചകന്മാരെ കണ്ടെത്തി പാവപ്പെട്ടവരെന്ന പരിഗണനയില്‍ താമസിക്കുവാന്‍ ഫ്ളാറ്റുകളനുവദിച്ചിരുന്നു. യാചകരില്‍ പലരും തങ്ങള്‍ക്കു കിട്ടിയ ഫ്ളാറ്റുകള്‍ വാടകക്ക് കൊടുത്ത് യാചനയിലേക്കു തന്നെ തിരിഞ്ഞു.
യാചകരില്‍ ആരോഗ്യമുള്ളവരെ അനുയോജ്യമായ ജോലിയിലേക്ക് നിര്‍ബന്ധിതമായി പുനരധിവസിപ്പിക്കുകയും അതിനു ശേഷിയില്ലാത്ത ഗതികേടു കൊണ്ട് ഈ രംഗത്തെത്തിയവരെ ഷെല്‍ട്ടര്‍ ഹോമില്‍ അധവസിപ്പിക്കുകയും വേണം. യാചനാ നിരോധനം ടൂറിസത്തിന്റെ പേരില്‍ നമ്മുടെ രാജ്യത്തേക്ക് വരുന്ന അതിഥികളില്‍ നിന്ന് ഇവരെ കാണാമറയത്തേക്ക് മാറ്റുന്നതിലൊതുങ്ങാന്‍ പാടില്ല.
ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് അത്തരമൊരു രംഗമുണ്ടായത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ: ഗെയിംസ് വില്ലേജ് സ്ഥിതി ചെയ്യുന്ന അക്ഷര്‍ധാം മെട്രോ റെയില്‍വേ സ്റ്റേഷന് സമീപം കണ്ട കാഴ്ച ആരുടെയും ദൈന്യത ഏറ്റുവാങ്ങും. രണ്ടു വാഹനങ്ങളിലായി ചീറിപ്പാഞ്ഞു വന്ന പോലീസ് തെരുവ് കുട്ടികളെ ഒന്നൊന്നായി ഓടിച്ചു പിടിച്ച് നടപ്പാതയില്‍ നിരനിരയായി ഇരുത്തി. ജനം കൂട്ടംകൂടി നില്‍ക്കേ പിറകെവന്ന കാറില്‍ വിഐപി പരിഗണനയോടെയാണ് അവരെ കൊണ്ടുപോയത്. ഉപദ്രവിക്കാനല്ല മറ്റൊരിടത്തേക്ക് മാറ്റാനാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന് ബോധ്യപ്പെടുത്താന്‍ പോലീസ് ശ്രമിച്ചു (2013 സപ്തംബര്‍ 29).
യാചന നിരോധനം നല്ല ആശയമാണെങ്കിലും ഇതുകൊണ്ട് ജീവിതവഴി മുട്ടുന്നവരെ പ്രത്യേകം പുനരധിവസിപ്പിക്കാനുള്ള പദ്ധതികൂടി നടപ്പാക്കണം. അപ്പോഴേ നിരോധനം പൂര്‍ണഫലം ചെയ്യൂ. അല്ലാതിരുന്നാല്‍ ദോഷമാകും പരിണതി.
യാചകരുടെ ഭാവി ഭാസുരമാക്കുന്നതിന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് രൂപം നല്‍കിയ പദ്ധതി പ്രായോഗിക രൂപത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ യാചന ഇല്ലാതാക്കാനും മാന്യമായ ജീവിത മേഖലയിലേക്ക് അത്തരക്കാരെ കൈപ്പിടിച്ചുയര്‍ത്താനും ഉതകുമെന്നതില്‍ സംശയമില്ല. അതുസംബന്ധിച്ച വാര്‍ത്ത കാണുക:
‘തെരുവില്‍ അന്തിയുറങ്ങേണ്ട; അഗതികള്‍ക്കായി എന്റെ കൂട് പദ്ധതി. തിരുവനന്തപുരം: കടവരാന്തകളിലും റോഡിന്റെ ഓരങ്ങളിലും അന്തിയുറങ്ങുന്നവരായി ഇനി ആരെയും കാണില്ല. നാടോടിക്കൂട്ടങ്ങളിലെ കുട്ടികള്‍ ഇനി സുരക്ഷിതരായിരിക്കും. കുട്ടികളുള്‍പ്പെടെ ഭക്ഷണത്തിനായി അലയുന്ന കാഴ്ചയും മുഷിഞ്ഞ ഉടുപ്പുകളിട്ട മനുഷ്യക്കോലങ്ങളും ഇനി കാണില്ല. അലഞ്ഞ് തിരിയുന്ന അന്യ സംസ്ഥാനക്കാരും അല്ലാത്തവരുമായ അഗതികള്‍ക്ക് അന്തിയുറങ്ങാന്‍ കൂടൊരുങ്ങുന്നു. പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് രൂപം നല്‍കിയ പദ്ധതി അനേകം മനുഷ്യ ജീവനുകള്‍ക്ക് ആശ്വാസമാകും. എന്റെ കൂട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി എംകെ മുനീര്‍ അറിയിച്ചു’ (സിറാജ് 2013 മാര്‍ച്ച് 8).
നമ്മുടെ വികസന സ്വപ്നങ്ങളും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളും അപ്പോഴേ പൂര്‍ണാര്‍ത്ഥത്തില്‍ ഫലപ്രദമാവൂ.

ബഷീര്‍ അബ്ദുല്‍കരീം സഖാഫി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ