”പരിണാമവാദം തെളിയക്കപ്പെട്ടിട്ടില്ല. ഒരിക്കലും തെളിയിക്കപ്പെടുകയുമില്ല. എന്നാൽ ഞങ്ങൾ അതിൽ വിശ്വസിക്കുന്നതെന്തുകൊണ്ടെന്നാൽ അല്ലെങ്കിൽ ദൈവം സൃഷ്ടിച്ചു എന്നു വിശ്വസിക്കേണ്ടിവരും. അതു ഞങ്ങൾക്ക് ചിന്തിക്കാൻകൂടി കഴിയില്ല.”
പ്രശസ്ത യുക്തിവാദി സർ ആർത്തർകീത്തിന്റേതാണ് പ്രോക്തവചനം. ദൈവനിഷേധമെന്ന ആദർശത്തിന്റെ നിലനിൽപ്പിന് വേണ്ടി മാത്രം യുക്തിരഹിതമാണെന്ന് തെളിയിക്കപ്പെട്ട പരിണാമസിദ്ധാന്തത്തിന്മേൽ കടിച്ചുതൂങ്ങുന്നവരുടെ ബുദ്ധിശൂന്യതയിലേക്കാണിത് വിരൽചൂണ്ടുന്നത്. ലാമാർക്കിന്റെ പരിണാമ നിഗമനങ്ങളുടെ ചുവട് പിടിച്ച് ഇറ്റാലിയൻ നരവംശശസ്ത്രജ്ഞനായ ചാൾസ് ഡാർവിന്റെ ചില ഊഹങ്ങളാണ് പരിണാമസിദ്ധാന്തമായി രൂപപ്പെട്ടത്. 1839ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജൈവവർഗോൽപ്പത്തി (The origin of species) എന്ന ഗ്രന്ഥമാണ് പരിണാമത്തിന്റെ ദാർശനിക അടിസ്ഥാനം. യൂറോപ്പിലെ വ്യവസായ വിപ്ലവവും കമ്യൂണിസത്തിന്റെ വളർച്ചയും അതിന് ഊർജം പകരുകയായിരുന്നു.
ആധുനികശാസ്ത്രം മുഖ്യമായും രണ്ട് തരത്തിലാണ് ജൈവോൽപത്തി സിദ്ധാന്തിക്കുന്നത്. ഒന്ന്, ചൈതന്യസിദ്ധാന്തം. ജീവൻ ബാഹ്യകേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്കുവന്നു എന്ന നിഗമനമാണിത്. പ്രശസ്ത ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ലോഡ്‌കെൽവിൻ എഴുതുന്നു: മറ്റു ഗ്രഹങ്ങളിൽനിന്നോ അല്ലെങ്കിൽ സൂര്യനിൽനിന്നോ ആണ് ജീവൻ ഭൂമിയിൽ എത്തിയത്. (ലോകനാഗരികതയുടെ ചരിത്രം പേ. 22). രണ്ട്, ഡാർവിൻ പറയുന്ന യാന്ത്രികവാദം. അഥവാ യാന്ത്രികമായി ജീവൻ രൂപപ്പെട്ടുവെന്ന്. ആ ജീവൻ പരിണമിച്ചു ഇന്നുകാണുന്ന മുഴുവൻ ജീവവർഗവും രൂപപ്പെട്ടുവെന്നാണദ്ദേഹത്തിന്റെ വാദം.
ജൈവോൽപത്തി അമീബയോ?
പ്രഥമമായി ജീവൻ സ്പന്ദിച്ചുതുടങ്ങുന്നത് അമോണിയ, ഫോസ്‌ഫോറിക് ആസിഡ്, ലവണങ്ങൾ, വൈദ്യുതി, ചൂട്… തുടങ്ങിയവ നിലീനമായിട്ടുള്ള ഏതോ ഒരു മിതോഷ്ണമൂലതടാകത്തിൽ സംഭവിച്ച മാംസരൂപീകരണത്തിന്റെ (proted) ഫലമായി അമീബയെന്ന ഏകകോശജീവിഉണ്ടാകുന്നതോടെയാണ് എന്നാണ് പരിണാമവാദികൾ ഉദ്‌ഘോഷിക്കുന്നത്. ഇവിടെ യുക്തിയെ അലട്ടുന്ന രണ്ട് ചോദ്യങ്ങൾ കാണാം. ഒന്ന്, രാസപദാർത്ഥങ്ങളുടെ കൂടിച്ചേരൽ ഒരു ജീവൻ ആവിർഭവിക്കാൻ പര്യാപ്തമാണോ? അങ്ങനെയെങ്കിൽ ജൈവോൽപ്പത്തിക്ക് നിദാനമാണെന്ന് പറയുന്ന കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ, സൾഫർ, അമോണിയ, നൈട്രജൻ തുടങ്ങിയ പദാർത്ഥങ്ങളെ രാസപ്രവർത്തനത്തിന് വിധയേയമാക്കി പുതുജീവൻ നിർമിക്കാൻ സാധിക്കുമോ?
രണ്ട്, അമീബയെന്ന ഏകകോശജീവിയിൽ നിന്ന് മൃഗങ്ങൾ, മനുഷ്യൻ, സകലജീവജാലങ്ങൾ മുഴുവനും പരിണമിച്ചുവെന്ന് യുക്തിക്കെങ്ങനെ സമ്മതിക്കാനാകും. സങ്കൽപ്പങ്ങൾക്കുമപ്പുറമല്ലേ അത്. ഒന്നുമില്ലെങ്കിലും പരിണമിച്ചുണ്ടായവയൊക്കെയും അവയിൽ അന്തർലീനമായിക്കിടക്കുന്ന അടിസ്ഥാന ഘടകത്തിലെങ്കിലും ഒരുമ പുലർത്തണമായിരുന്നു. അതുമില്ല, നോക്കൂ, മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ ഇരുമ്പും സസ്യങ്ങളിലെ ക്ലോറോഫില്ലിൽ മഗ്നീഷ്യവുമാണ് അടിസ്ഥാന ഘടകം.(DU, Noy human Distiny, New Americal Library p 31) ശംഖ് ജീവികളിലാവട്ടെ അത് ചെമ്പുമാണ്. തീർത്തും, വ്യതിരിക്തം. ഇങ്ങനെ മൂലഘടകം തന്നെ ഒരു ബന്ധവുമില്ലാത്ത വ്യത്യസ്ത ജീവവർഗങ്ങളെല്ലാം ഒന്നിൽനിന്ന് പരിണമിച്ചുണ്ടായതെന്ന വാദം യുക്തിസഹമേ അല്ല.

തീർന്നില്ല, ഓരോ ജാതിജീവികളുടെയും സെല്ലിലെ പാർട്ടിക്കുലേറ്ററുകൾ രാസപരിശോധനയിൽ വ്യത്യസ്തമാണെന്നും കാണാം. (pro. Enoch opcit) ക്രോമസോമുകളുടെ കാര്യവും തഥൈവ.
ഇത്തരം വികലമായ ഇവരുടെ വാദമുഖത്തെ കണ്ണടച്ച് അംഗീകരിച്ചാൽ തന്നെയും പ്രശ്‌നം പരിഹരിക്കാനാവില്ല. പരിണാമത്തിന്റെ ഉത്ഭവകേന്ദ്രമാണെന്ന് ഇവർ പറയുന്ന അമീബയെപ്പോലെ ഇന്നും നമുക്കുചുറ്റും ഒട്ടനവധി അമീബകളെ കാണുണ്ടല്ലോ.? എന്തേ ഇവയൊന്നും പരിണാമവിധേയമാകാത്തത്?

ജൈവോൽപ്പത്തിക്ക് ദൃസാക്ഷിയായ ഭൂമിതന്നെ ഈ കഥ നിഷേധിക്കുമെന്നുറപ്പ്. ഭൂമിക്കിപ്പോൾ പ്രായമെത്രയായിക്കാണും? മഹാവിസ്‌ഫോടനം നടന്നത് 20000 കോടി വർഷങ്ങൾ മുമ്പ് മാത്രമാണെന്ന് മറക്കരുതേ. എന്നാൽ ഭൂമിയുടെ ആയുസ് പരിഗണിച്ചാൽ പ്രോട്ടീനുണ്ടാവാനും അമീബയിൽ നിന്ന് സസ്യങ്ങളും മൃഗങ്ങളും പരിണമിക്കാനുമുള്ള കാലയളവായിട്ടില്ല. (Du Novy, Human Disting, New American Library). പിന്നെയെങ്ങനെ പരിണാമക്കഥ വിശ്വസിക്കാനാവും? മാത്രമല്ല, സൂക്ഷ്മ ജീവിയിൽ നിന്ന് ഞാഞ്ഞൂളുപോലുള്ള ജീവികൾ ഉണ്ടാവാൻ തന്നെ യുഗങ്ങൾ വേണം. ഒരു പരുന്തിന്റെ തൂവലിന്റെ 1,00,000ത്തോളം ഭാഗങ്ങൾ പരിണമിക്കാൻ 10,000 ക്കണക്കിന് വർഷങ്ങൾ വേണ്ടിവരും. (O Brien, Truthmen live by, Mamillan p. 33). എന്നുമാണ് പഠനം. ഇനി പറയൂ, ഈ കുഞ്ഞിളം പ്രായത്തിൽ ഇത്രയധികം ജീവവർഗങ്ങൾ കോടിക്കണക്കിന് ഘട്ടങ്ങളായി പരിണമിച്ചുവെന്ന് വിശ്വസിക്കുന്നത് യുക്തിസഹമാണോ?

ഹൗ ഞാൻ തോറ്റു.
ലൂസിഫെറിൻ ഓക്‌സീകരിക്കുന്നതിലൂടെ പ്രകാശിക്കുകയും അതുമാധ്യമമാക്കി ഇരതേടുകയും ചെയ്യുന്ന ജീവിയാണ് മിന്നാമിനുങ്ങ്. പ്രകൃതിനിർദ്ദാരണമാണ് ശരീരഭാഗങ്ങളും മറ്റും പരിണമിക്കാൻ നിദാനം എന്നാണല്ലോ ഡാർവിനിസ്റ്റുകൾ ശഠിക്കുന്നത്. അത് പ്രകാരം, പ്രകാശിക്കാനുള്ള സിദ്ധി മിന്നാമിനുങ്ങിന് കൈവരിക്കാനായത് അത് ആവശ്യമായതുകൊണ്ടാണെന്ന് വരും. ചോദിക്കട്ടേ, മിന്നാമിനുങ്ങിന് മാത്രമായിരുന്നോ പ്രകാശം ആവശ്യം? പിന്നെന്തിനാ 100 തവണയൊക്കെ എഡിസൺ ബൾബിനായ് കിണഞ്ഞ് അധ്വാനിച്ചത്. അതിനർത്ഥം മനുഷ്യനും പ്രകാശമാവശ്യമായിരുന്നു എന്നാണ്. പിന്നെന്തേ അവൻ പ്രകാശിക്കാതിരുന്നത്. അതിശയോക്തിയൊന്നും വേണ്ട. പ്രകൃതി നിർദ്ദാരണം പിഴച്ച സിദ്ധാന്തമായതിനാൽ മാത്രമാണത്. ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട് കലാലയങ്ങളിൽ പ്രചരിച്ച ഒരു കലാസൃഷ്ടി യുക്തിവാദിക്കും പരിചയമുണ്ടാവും. ഭൗമോപരിതലത്തിലെ പുല്ല് തീർന്നപ്പോൾ മരത്തിലെ ഇലക്കായ് പാവം ജിറാഫിന് കഴുത്ത് നീട്ടേണ്ടിവന്നു. നിരന്തരം നീട്ടിക്കൊണ്ടിരുന്നപ്പോൾ ജിറാഫിന്റെ കഴുത്തുനീണ്ടു എന്നാണതിന്റെ താൽപര്യം. യുക്തി ഇവിടെയും പിറുപിറുക്കുന്നു. കഴുത്തുനീളൽ ജിറാഫിന്റെ സ്‌പെഷ്യൽ ആവശ്യമായിരുന്നുവോ? അങ്ങനെയെങ്കിൽ കഴുത്ത് നീളാനെടുക്കുന്ന കോടാനുകോടി വർഷങ്ങൾ ജിറാഫ് എന്ത് ആഹരിച്ചു? മറ്റു ജീവികൾ അപ്പോൾ എന്താണ് തിന്നത്? ഈ വക യുക്തിക്കുമുമ്പിൽ ഡാർവിന്റെ യുക്തി ഒളിച്ചോടുക തന്നെയാണ്.
പരിണാമം കൊണ്ട് വിശദീകരിക്കാനാവാത്ത അത്ഭുത സിദ്ധികളുള്ള ചെറുജീവികളുടെ കഴിവുകൾ വിശദീകരിക്കാൻ തനിക്കാവുന്നില്ലെന്ന് അശക്തത അറിയിക്കുകയാണ് ഡാർവിൻ ചെയ്തത്. തേനീച്ച എന്ന ചെറുജീവിയുടെ കഴിവിനു മുമ്പിലും അദ്ദേഹം മുട്ട് മടക്കുകയുണ്ടായി. അവ ഷഡ്ഭുജാകൃതിയിൽ തേനറകൾ നിർമിക്കുന്നതിലെ രഹസ്യം ഇന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. തേൻ പുറത്തേക്ക് വാർന്നൊലിക്കാതിരിക്കാനാണുപോൽ 13 ഡിഗ്രി അന്തർഭാഗത്തേക്ക് ചെരിച്ചുള്ള രീതി അവ സ്വീകരിക്കുന്നത്. സ്ഥലം അശേഷം പാഴാകാതെ ഉയർന്ന സംഭരണശേഷിയാണ് ഇവയുടെ അറകൾക്ക്. ഇവയിൽ പരിഭ്രാന്തിപൂണ്ട് ഡാർവിൻ പറഞ്ഞുവത്രെ. തേനീച്ചകളുടെ നിർമാണശേഷി വേണ്ടവിധം വിശദീകരിക്കാനാവാത്തതിനാൽ അവ പ്രകടമാക്കുന്ന നിർമാണവൈദഗ്ധ്യം പരിണാമ സിദ്ധാന്തത്തെ എടുത്തെറിയാൻ പര്യാപ്തമാണ്. (Origin of Species chapter 7)

ബുൾബുൾ, തുന്നാരൻ, കാക്ക തുടങ്ങി നാം പലപ്പോഴും കാണുന്ന പക്ഷികളിലൂടെ നിർമാണശക്തിയിലും ആകസ്മിക സിദ്ധാന്തം കൈമലർത്തുകയാണ്. 30,000 ലധികം ലൻസുകളുള്ള കണ്ണുമായി 50സാ/വ വേഗതയിൽ സഞ്ചരിക്കുന്ന വിമാനസമാന ഡിസൈനുള്ള തുമ്പികളെയൊക്കെ അടുത്തറിയുമ്പോൾ അന്താളിക്കുകയാണ് ഡാർവിൻ. മയിലുകളുടെ തൂവലിലെ ഡിസൈൻ സിദ്ധാന്തിക്കാൻ കഴിയാതെ വിഷണ്ണനായ ഡാർവിന്റെ തേങ്ങൽ കേട്ടിട്ടുണ്ടോ? അദ്ദേഹം വിലപിച്ചു: വളരെ കൃത്യമായി ഡിസൈൻ തെറ്റാതെ വളർന്നുവരുന്ന മയിൽപീലികളുടെ പരിണാമകഥ തലച്ചോറിലൊതുങ്ങാത്തതിനാൽ അവ എന്നെ രോഗിയാക്കുന്നു. (ഡാർവിൻ ആസാഗ്രക്കെഴുതിയ കത്ത് 1360 ഏപ്രിൽ 3). പാവം! കഴിഞ്ഞില്ല. ദേശാടനപക്ഷികളുടെയും ഹമ്മിംഗ് ബേഡ് തുടങ്ങിയ പക്ഷികളുടെയും അപാരമായ കഴിവുകളെ സഹിക്കാനാവാതെ ആകസ്മികവാദം കുഴയുകയാണ്.

മനുഷ്യൻ പരിണമിച്ചതോ?
അമീബയിൽ നിന്നും പരിണാമം തുടങ്ങി ഹീഡൽബർഗ് മനുഷ്യൻ, പിന്റ് ഡൗൺ മനുഷ്യൻ നിയണ്ടർതാൽ മനുഷ്യൻ തുടങ്ങി പ്രാചീന ഘട്ടങ്ങൾ പിന്നിട്ടാണ് ആധുനിക മനുഷ്യൻ രൂപപ്പെട്ടത് എന്നാണല്ലോ പരിണാമവാദം. ഇത് തീർത്തും അബദ്ധമാണ്. ഡിഎൻഎ പരിശോധനയിൽ തെളിയുന്ന വർഗങ്ങൾ തമ്മിലുള്ള അടുപ്പവുമാണ് ഈ വാദത്തിന് യുക്തിവാദികളെ പ്രേരിപ്പിക്കുന്നത്. പലകാരണങ്ങൾകൊണ്ട് ഇത് നിരർത്ഥകമാണ്. ഒന്നാമതായി ഡിഎൻഎ പരിശോധനയിൽ ആശ്രയിക്കുന്നത് സ്റ്റാറ്റിക്‌സിനെയാണ്. അതാണെങ്കിലോ അംഗീകരിക്കപ്പെടുന്ന അസത്യം (ടമേശേശേര െശ െമരരലുലേറ ഹശല) എന്ന് വിശേഷണം സിദ്ധിച്ചതുമാണ്താനും. രണ്ടാമതായി കോടിക്കണക്കിന് വരുന്ന ഡിഎൻഎകളെ താരതമ്യം ചെയ്യൽ വളരെ പ്രയാസമാണ്. ഇനിയവർ ഡിഎൻഎ ടെസ്റ്റ് നടത്തിയെന്നിരിക്കട്ടെ, അതൊന്നു പരിഗണിക്കാനൊരുങ്ങുമ്പോഴേക്കും ശാസ്ത്രം വിസമ്മതം മൂളുന്നു. ഡിഎൻഎകളിൽ കാണുന്ന രണ്ടു ശതമാനം അന്തരം തന്നെ ഭീമമാണത്രെ. ഇനി രണ്ട് ഡിഎൻഎ പരിശോധനകളെ താരതമ്യം ചെയ്യാം. മനുഷ്യ ഡിഎൻഎയും ചിമ്പാൻസി ഡിഎൻഎയും 75 ശതമാനം സാദൃശ്യമുണ്ടെങ്കിൽ മനുഷ്യ ഡിഎൻഎയും യീസ്റ്റ് ഡിഎൻഎയും 70 ശതമാനം സാദൃശ്യം പുലർത്തുന്നു. തദടിസ്ഥാനത്തിൽ മനുഷ്യൻ ചിമ്പാൻസിയിൽ നിന്നും യീസ്റ്റിൽനിന്നും പരിണമിച്ചതെന്ന് വാദിക്കൽ എത്രത്തോളം ശരിയാണ്? എന്നാൽ യീസ്റ്റ്, ചിമ്പാൻസിയുടെതിനുപരിയായി മനുഷ്യ ഡിഎൻഎയുമായി അടുത്തബന്ധം പുലർത്തുന്നുണ്ട് നേന്ത്രപ്പഴത്തിന്റെ ഡിഎൻഎ. എന്നിരിക്കെ മനുഷ്യൻ നേന്ത്രപ്പഴത്തിൽനിന്ന് പരിണമിച്ചിതാണെന്ന് ജൽപിക്കുന്നത് ശരിയാണോ.
മനുഷ്യപരിണാമസ്ഥിതീകരണത്തിന് യുക്തിവാദികളുടെ മറ്റൊരു പിടിവള്ളിയാണ് അപ്പൻഡിക്‌സ്. സസ്യഭോജനത്തിനുള്ള ഏറ്റക്കുറച്ചിലാണ് അപ്പൻഡിക്‌സിലുള്ള വലിപ്പവ്യത്യാസത്തിന് നിദാനമെന്നാണവർ പറയുന്നത്. മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ അത് ചെറുതാവാൻ കാരണം മനുഷ്യൻ സസ്യാഹാരം കുറച്ചതുകൊണ്ടാണത്രെ. എന്നാൽ ചോദിക്കട്ടെ, സസ്യഭോജനം വലിയതോതിലുള്ള പൂർവ്വമനുഷ്യരിലും കുരങ്ങിലുമൊക്കെ വലുതായി കാണപ്പെടേണ്ടതല്ലേ. പക്ഷെ, പരിശോധനകൾ ഇതിനെതിരായാണ് സംസാരിക്കുന്നത്. ചില കുരങ്ങുകളിൽ വളരെ ചെറുതായും മറ്റു ചിലതിൽ അപ്പൻഡിക്‌സില്ലാതെയുമാണ് കാണപ്പെടുന്നത്. എന്നിട്ടും പരിണാമവാദത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന യുക്തിരഹിതരോട് ആവർത്തിക്കാനുള്ളത് പണ്ട് ഡാർവിനോടൊരാൾ ആക്ഷേപപുരസ്സരം ഉന്നയിച്ച ചോദ്യമാണ്: മിസ്റ്റർ ഡാർവിൻ, താങ്കൾക്ക് അപ്പൻ വഴിയാണോ അമ്മ വഴിയാണോ കുരങ്ങുമായുള്ള ബന്ധം (യുക്തിവാദം ശനിദശയിൽ പേ. 150). വാഷിംഗ്ടൺ നാഷണൽ മ്യൂസിയത്തിലെ ഡോ. ക്ലാർക്ക് പറഞ്ഞു: മനുഷ്യശരീരത്തിലെ ഓരോ അസ്ഥിയും ഏതു കുരങ്ങിന്റെയും ശരീരത്തിലുള്ള അതേ സ്ഥാനത്തുള്ള അവസ്ഥയിൽനിന്നും വേഗം തിരിച്ചറിയാനാകും. മനുഷ്യൻ വാലില്ലാത്ത വാനരനല്ല.(pro. enoch, evolution or creation opit. p. മനുഷ്യനും കുരങ്ങും തമ്മിൽ ഒരു പാരമ്പര്യ ബന്ധവുമില്ല. വിവേകം കൊണ്ടും ബുദ്ധിവൈഭവംകൊണ്ടും ഉത്തമസൃഷ്ടിപ്പ് നൽകി ദൈവം ആദരിച്ച മനുഷ്യവർഗത്തെ അതൊന്നുമില്ലാത്ത വർഗത്തോട് ബന്ധിപ്പിക്കാൻ കഷ്ടപ്പെടുകയാണ് പലരും. അല്ലെങ്കിൽ ദൈവത്തെ അംഗീകരിക്കേണ്ടവരില്ലേ?
ഇനി കാലത്തിന് പറയാനുളളത് കൂടി ഒന്ന് ശ്രവിക്കാം. ഭൂമിയുടെ കൂടിയ പ്രായത്തെയും മനുഷ്യൻ പിന്നിട്ട പരിണാമഘട്ടങ്ങളെയും നിരീക്ഷണവിധേയമാക്കിയാൽ ഓരോ 500 വർഷം കൂടുമ്പോഴും പരിണാമം സംഭവിച്ചുകൊണ്ടേയിരിക്കണം. എന്നാൽ ആധുനിക മനുഷ്യൻ രൂപം കൊണ്ടതിന് ശേഷം നിരവധി 500 വർഷങ്ങൾ കഴിഞ്ഞുപോയെങ്കിലും ഒരു സ്പീഷസ് പോലും പരിണമിച്ചിട്ടില്ല. മനുഷ്യൻ പരിണാമവൃക്ഷത്തിലെ അവസാനവർഗമാണ് എന്നാണ് മറുപടിയെങ്കിൽ എന്ത്‌കൊണ്ട് ആധുനിക മനുഷ്യന് ഇനിയും പരിണാമം സിദ്ധിച്ച് കൂടുതൽ കഴിവുറ്റ സങ്കീർണജീവിയായി മാറികൂടാ?
മ്യൂട്ടേഷൻ ബാലിശമാണ്.
നിങ്ങൾ പറയുന്ന പരിണാമം സങ്കൽപിച്ചാൽതന്നെ മറ്റൊരു ചോദ്യം പിറവികൊള്ളുകയാണ്. അതായത് പരിണാമത്തിൽ വന്ന മാറ്റങ്ങൾ എങ്ങനെയാണ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്? ഇബ്രാഹീം നബി മുതൽ ഏകദേശം 3700 വർഷങ്ങൾ മുമ്പ് മുസ്‌ലിംകൾ ചേലാകർമം ചെയ്യുന്നു. എന്നാൽ ശേഷം ജനിക്കുന്ന കുട്ടിക്കും മുറിക്കേണ്ടതായി വരുന്നു. എലികളുടെ വാൽ മുറിച്ചിട്ടും 37-ാം തലമുറയിലും വാലുള്ളതായി കാണുന്നു. (Qurnet and higher animal adaptation). അപ്പോൾ അടുത്ത തലമുറയിൽ മാറ്റം കൈമാറ്റം ചെയ്യപ്പെട്ടത് എങ്ങനെയായിരിക്കും? ഈ പ്രക്രിയ സാധ്യമാക്കുന്നു മ്യൂട്ടേഷൻ (ഉൾപരിവർത്തനം) വളരെ ബാലിശമാണെന്നാണ് മനസ്സിലാക്കാനാവുന്നത്. കോശത്തിലെ ന്യൂക്ലിയസിനുള്ളിലെ ക്രോമസോമുകളിലെ പാരമ്പര്യനിദാനമായ ജീനുകളിലെ ഡിഎൻഎയുടെ ഘടനയിൽ വരുന്ന മാറ്റത്തിലൂടെ മാത്രമേ പിൻതലമുറയിൽ ആകസ്മിക മാറ്റം സംഭവിക്കുകയുള്ളൂ എന്ന് ആധുനികശാസ്ത്രം പറയുന്നു. ഇത്തരത്തിലുള്ള മാറ്റം പരിണാമം സിദ്ധിച്ച വർഗത്തിൽ നടക്കുന്നുണ്ടോ? അഥവാ നടക്കുന്നുവെങ്കിൽ തന്നെ വംശനിലനിൽപ്പിന്റെ സാധ്യത വളരെ കുറവാണെന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഉദാഹരണമായി ഡ്രോസോഫില മെലനോഗാസ്റ്റർ എന്ന വർഗത്തിൽ എക്‌സ് റേ വഴി മ്യൂട്ടേഷൻ നടത്തി. ഫലമെന്തായിരുന്നുവെന്നല്ലേ. കഷ്ടംതന്നെ. 95 ശതമാനവും പ്രോയപൂർത്തിയാകും മുമ്പ് തന്നെ മരിച്ചു. പ്രത്യുൽപാദനം നടത്താനാവുന്ന പിൻതലമുറയെ ജനിപ്പിച്ചത് വളരെ കുറഞ്ഞ ശതമാനം മാത്രവും.(Burnet and eisher, animal adaptation p. 130). ഉൾപരിവർത്തനം നടന്നാലുണ്ടാകുന്ന സ്ഥിതി ഈ രൂപത്തിലെങ്കിൽ പരിണാമവാദത്തെ താങ്ങിനിർത്താൻമാത്രം യോഗ്യമല്ലത് എന്ന് മനസ്സിലായല്ലോ. ഈ മ്യൂട്ടേഷനിൽ വിശ്വസിക്കാത്തതിന്റെ മൂന്ന് കാരണങ്ങൾ ഡോ. എച്ച്.ഐ. മുള്ളർ രേഖപ്പെടുന്നുണ്ട്. ഒന്ന്, പ്രകൃതിയിൽ അരങ്ങേറുന്ന മ്യൂട്ടേഷൻ നിരക്ക് തുലോം കുറവാണ്. രണ്ട്, ജീവികൾക്ക് അനുഭവത്തിൽ അത് ആപൽകരമാണ്. മൂന്ന്, മ്യൂട്ടേഷൻ സംഭവിച്ച ജീവികളിൽ പെട്ടെന്ന് ജീവനാംശം സംഭവിക്കുന്നതോ അല്ലെങ്കിൽ ക്രമേണ സംഭവിക്കുന്നതായോ ആണ് കാണപ്പെടുന്നത്. (യുക്തിവാദം ശനിദശയിൽ പേ. 50)

നിലനിൽപ്പിന് ഭീഷണി
പ്രപഞ്ചത്തിലേക്കൊന്നു കണ്ണോടിച്ചാൽ ഏതൊരു യുക്തിരഹിതർക്കും കാണാവുന്നതേയുള്ളൂ നീണ്ട ആഹാരശൃംഖലയെയും പരാശ്രയത്തോടെ കഴിയുന്ന ജീവജാലങ്ങളെയും. ചില ഉദാഹരണങ്ങൾമാത്രം പറയാം. തേനീച്ചയും ചെടിയും തമ്മിൽ അഭേദ്യമായ ബന്ധം കാണുന്നില്ലേ. ചെടി തേനീച്ചയ്ക്കുവേണ്ടി പൂന്തേൻ ഉൽപാദിപ്പിക്കുന്നതും അതന്വേഷിച്ച് അവ വന്ന് പൂന്തേൻ നുകരുകയും ചെയ്യുന്നതിനാൽ ചെടിയില്ലെങ്കിൽ തേനീച്ചക്ക് ജീവിക്കാനാവില്ലെന്ന് വ്യക്തം. അന്നേരം, രണ്ടും രണ്ട് ഘട്ടങ്ങളിലായി പരിണമിച്ചുണ്ടായതാണെന്ന് വാചകമടിക്കുന്ന യുക്തിവാദിക്കെന്ത് പ്രതികരിക്കാനുണ്ട്? ഇനി തേനീച്ച പരിണാമത്തിലൂടെയാണുണ്ടായതെങ്കിൽ, അവയ്ക്കിടയിലെ തൊഴിൽ വിഭജനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും ചില അഴിയാകുരുക്കുകളുണ്ട്. ആദ്യമായി പരിണമിച്ചത് റാണിയോ ആൺ തേനീച്ചയോ പെൺതേനീച്ചയോ?. നേതൃത്വപദവി അലങ്കരിക്കുന്ന റാണിയാണ് എങ്കിൽ റാണിയുടെ കൽപനകൾക്കനുസരിക്കാൻ അനുയായികൾ എവിടെ, റാണി സ്വയം വേല ചെയ്യുമോ? ആൺതേനീച്ചയാണെങ്കിലോ, അവൻ മടിയനാണുതാനും. മാത്രമല്ല ഇവ രണ്ടുപേർക്കും തേൻ ശേഖരണവും കൂടുനിർമാണവും നടത്തുന്നത് പെൺതേനീച്ചയാണ്. അപ്പോൾ ഈ മൂന്ന് വർഗവും ഒരേ സമയം ഉണ്ടാകണമെന്നുവന്നു. മാത്രമല്ല, ഇണചേരൽ പ്രക്രിയ നടക്കണമെങ്കിലും പെൺതേനീച്ചയുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. ഈ പ്രഹേളിക എങ്ങനെ പരിഹരിക്കും.
മരുഭൂമിയിലെ യൂക്കാ(yaeca) ചെടിയിൽ പരാഗവിതരണം നടത്തുന്ന പ്രത്യേകം വളഞ്ഞ ചുണ്ടുകളുള്ള പ്രെനാമ്പു ശലഭ (pronabu month) ത്തിന്റെ കാര്യം വിഭിന്നമല്ല. പ്രസ്തുത ചെടിയാണ് ശലഭത്തിന്റെ മുട്ടിവിരുഞ്ഞുള്ള കുഞ്ഞുങ്ങൾക്ക് ആഹാരമാകുന്നത്. അതിനാൽ ഒന്നില്ലെങ്കിൽ രണ്ടിനും നിലനിൽപ്പില്ല. (peter farb, the insects p. 127). പരിണാമവും ജീവനിലനിൽപ്പും വൈരുദ്ധ്യങ്ങളാണെന്ന ആശയമാണ് ഇതെല്ലാം തെളിയിക്കുന്നത്.

എന്ത്‌കൊണ്ട്?
പരിണാമസിദ്ധാന്തത്തിലെ പ്രധാനപ്പെട്ട തത്ത്വമാണല്ലോ ജീവിക്കാനുള്ള സമരത്തിൽ (struggle for existence) അർഹതയുള്ളത് അതിജീവിക്കുന്നു (survival of the fitness) എന്നത് ഇവിടെ അർഹതയുള്ളത് ഏതാണ്? മനുഷ്യനെങ്കിൽ അവൻ എന്തുകൊണ്ട് പറക്കുന്നില്ല. അതിന് അർഹതയില്ലാത്ത മനുഷ്യൻ എങ്ങനെ അവശേഷിക്കുന്നു?
– പരിണാമസിദ്ധാന്തപ്രകാരം മെല്ലെ മെല്ലെയുള്ള മാറ്റമാണ് നടക്കുന്നത് എന്നാണല്ലോ. അങ്ങനെയെങ്കിൽ കണ്ടെടുക്കുന്ന അസ്ഥികളെ വർഗങ്ങളായിതിരിക്കൽ അസാധ്യമാവുമെന്നുറപ്പാണ്. പക്ഷേ, ഇതുവരെ കണ്ടെത്തിയതിനെയൊക്കെ എന്തുകൊണ്ട് വർഗങ്ങളായി തിരിക്കാൻ സാധിച്ചു?
– ജൈവശാസ്ത്ര ദൃഷ്ട്യാ ഉയർന്ന ജീവികളിൽ (ഉദാ: coelenterata, plyhelminthe) ലൈംഗികേതര വംശവർദ്ധനസാധ്യമാണല്ലോ? പിന്നെയെന്തിനാണ് സ്ത്രീപുരുഷ ലൈംഗികാവയവങ്ങൾ പരസ്പരപൂരകമായി പരിണമിച്ചു?
– സ്തനങ്ങൾ പരിണമിച്ചതാണെങ്കിൽ അതിനുമുമ്പ് പാലൂട്ടൽ നടക്കാതെതന്നെ കുഞ്ഞുങ്ങളെ വളർത്താനായി എന്നല്ലേ മനസ്സിലാവുക. പിന്നെന്തിന് ഇന്നും മുലയൂട്ടൽ നടക്കുന്നത്?
കങ്കാരുകുട്ടിയുടെ ജീവിതവും മറ്റു സങ്കീർണ ജൈവപ്രക്രിയയും പരിണാമവാദികൾക്ക് ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഫോസിലുകളും അവിശ്വസനീയം
ഒരു ഏകകോശജീവിയിൽ നിന്ന് കുറേ കാലങ്ങൾകൊണ്ട് സങ്കീർണമായ രൂപാന്തരപ്പെടുന്നതിനാണല്ലോ പരിണാമം എന്ന് പറയുന്നത്. ആ കാലയലവിലെ പരിണാമഘട്ടങ്ങൾ തെളിയിക്കാൻ ഫോസിലുകൾ പരമ്പരയായിവെച്ച് ചെറിയ ശ്രമങ്ങളൊക്കെ ഡാർവിൻ തുടങ്ങിയിരുന്നു. എന്നാൽ മധ്യവർഗഫോസിലുകളുടെ അഭാവം തന്റെ സിദ്ധാന്തത്തിന് നിലനിൽക്കാനുള്ള യോഗ്യത (Survival of fitness) നഷ്ടപ്പെടുത്തുന്നു എന്ന് ഞാൻ ഭായപ്പെടുന്നു (ജീവജാതികളുടെ ഉൽപ്പത്തി, ചാൾസ് ഡാർവിൻ മലയാളപരിഭാഷ, എം. സുദർശൻ, മൈത്രീ ബുക്‌സ് പേ. 185) വെന്ന് ഡാർവിൻ ഭയോചകിതനായി ഉരുവിടുന്നുണ്ട്. ഈ ഭീതിയുടെ ആഴക്കയത്തിൽ നിന്നും കരകയറ്റാനുള്ള അനുയായികളുടെ പാടുപെടലാണ് ഫോസിൽ തട്ടിപ്പുകളിലൂടെ വെളിവാകുന്നത്.
രക്ഷാമാർഗമായി ഫോസിലുകളെ കണ്ടെത്തുന്ന യുക്തിവാദികൾക്ക് ഇത് തങ്ങൾ മുറുകെ പിടിക്കുന്ന പരിണാമവാദത്തിന് നേർവിപരീതമായിട്ടാണ് അനുഭവപ്പെടുന്നത്. എന്തുചെയ്യാനാണ്. ഫോസിലുകൾ പരിശോധിക്കുമ്പോൾ ചില സ്പീഷിസുകൾ പെട്ടെന്ന് പ്രത്യക്ഷമാവുകയും മറ്റു ചിലത് അപ്രത്യക്ഷമാവുന്നതുമാണ് കാണുന്നത്. അല്ലാതെ, പരിണാമസിദ്ധാന്തമനുസരിച്ച് മെല്ലെമെല്ലെ പരിണമിച്ച് വേറെ വർഗമായി മാറുന്നതായി ഫോസിൽ രേഖകൾ കാണിക്കുന്നില്ല. (R.J. Wilson, Darwenism and the american inteelectual p. 15). പാവങ്ങൾ, വെളുക്കാൻ തേച്ചത് പാണ്ടായി. എന്തെങ്കിലുമാവട്ടെ, എന്തായിരിക്കും അവരെ ഫോസിൽ തട്ടിപ്പുകളിലേക്ക് പ്രേരിപ്പിക്കുന്നത്? മറ്റൊന്നുമല്ല, തങ്ങളുടെ സിദ്ധാന്തത്തിൽ നട്ടെല്ല് പൊട്ടിച്ചുകളയുന്ന ഇടക്കണ്ണികളുടെ അഭാവം(missing links) തന്നെ. യുക്തിവാദികൾ പറയുന്നത് മെല്ലെ മെല്ലെയുള്ള മാറ്റമാണല്ലോ. എങ്കിൽ ഇടക്കണ്ണികൾ എവിടെ? (encyclopedia of religion and elthics vol. 5 p. 621) മാത്രമല്ല ഒന്നിലധികം ജീവവർഗങ്ങൾ (ഉദാ കുരങ്ങ്, മനുഷ്യൻ) ചേർന്നതായ ജീവിയെവിടെ? ഈ വക ചോദ്യങ്ങളാണവരെ യുക്തിവാദികളെ അലട്ടുന്നത്. ലക്ഷക്കണക്കിന് ഫോസിലുകൾ കണ്ടെത്തിയെങ്കിലും ഇടക്കണ്ണികളെ കണ്ടെത്താനാവുന്നില്ല ഇവർക്ക്. കരയിൽ വസിക്കുന്ന ജീവികളിൽ നിന്ന് നിരന്തരം പരിണാമം നടന്നാണ് തിമിംഗലം ഉണ്ടായതെന്നാണ് യുക്തരുടെ ജൽപനം. ഇത് ചെറിയ അങ്കലാപ്പൊന്നുമല്ല ഉണ്ടാക്കുന്നത്. കരയിലെ സസ്തനികൾ തിമിംഗലമാവാൻ 30 കണ്ണിയെങ്കിലും അനിവാര്യമാണ്. എന്നാൽ ഇതുവരെ ഒന്നും കണ്ടെത്തിയില്ല. സീൽ മത്സ്യങ്ങളുടെ അവസ്ഥയും തഥൈവ. ചിറകില്ലാത്ത സസ്തനികളിൽ നിന്ന് 20 കണ്ണികൾ കഴിഞ്ഞ് രൂപപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന വവ്വാലുകളുടെ ഇടക്കണ്ണികളും കിട്ടിയില്ല.(prof. enoch, optic. p. 80).
ഈ ഇടക്കണ്ണി പ്രശ്‌നം പരിഹരിക്കാൻ പരിണാമവാദക്കാർ നിരവധിഫോസിൽതട്ടിപ്പുകൾ നടത്തി. പ്രഥമതട്ടിപ്പെന്ന് കരുതപ്പെടുന്ന 1917ൽ നബ്രാസ്‌കയിൽനിന്ന് കണ്ടെടുത്ത പന്നിയുടെ ഫോസിലിൽനിന്നും സങ്കൽപ്പ സൃഷ്ടിപ്പ് നൽകി ഉണ്ടാക്കിയ നബ്രാസ്‌ക മനുഷ്യനും കുതിരയുടെ പല്ലുപയോഗിച്ച് രൂപപ്പെടുത്തിയ കൊളറാഡോ മനുഷ്യനും തട്ടിപ്പാണെന്ന് പിന്നീട് തെളിഞ്ഞു. ഇവയെപ്പോലെ മറ്റൊരു വിദഗ്ധ തട്ടിപ്പാണ് 1860 ഫെബ്രുവരിയിൽ കാലിഫോർണിയയിലെ ലോവെറസ് പ്രവിശ്യയിൽ അരങ്ങേറിയത്. ഒരു ക്വാറി ഉടമക്ക് 40 മീറ്റർ താഴ്ചയിൽ നിന്ന് ഒരു മനുഷ്യതലയോട്ടി ലഭിച്ചു. അദ്ദേഹം അതിനെ കാലിഫോർണിയ ജിയോളജി ഹെഡും ഹാർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ജോസി വൈറ്റിനി (josiah whitney)ക്ക് സൂക്ഷ്മപരിശോധനക്ക് കൈമാറി. പരിണാമ വാദിയായ അദ്ദേഹം പ്ലിയാസിൽ കാലഘട്ടത്തിൽ മൃഗങ്ങൾക്കൊപ്പം മനുഷ്യൻ ഉണ്ടായിരുന്നുവെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. പ്ലിയാസിൽ കാലഘട്ടത്തിൽ മൃഗങ്ങൾക്കൊപ്പം മനുഷ്യൻ ഉണ്ടായിരുന്നുവെന്നും ഇതനുസരിച്ച് തലയോട്ടിയുടെ പ്രായം 3.5 മില്യൺ വരും. അങ്ങനെ, കാലചക്രം കറങ്ങിയതിനിടക്ക് 13 വർഷം പിന്നിട്ടപ്പോൾ ഫ്‌ളൂരിൻ ടെസ്റ്റ് അനലൈസ് നടത്തിയപ്പോൾ അത് അടുത്ത കാലത്ത് മരിച്ചയാളുടെതാണെന്ന് സംശയിക്കപ്പെട്ടു. 1911ൽ ശാസ്ത്രം കുറച്ചുകൂടി ഉണർന്ന് അതിനെ കാർബൺ ടെസ്റ്റിന് വിധേയമാക്കി. അതോടെ 1000 വർഷമേ പഴക്കമുള്ളൂ എന്ന് വ്യക്തമായി. എന്തൊരു അന്തരം. 1000-3.5 മില്യൺ!
ഇങ്ങനെ തട്ടിപ്പും വെട്ടിപ്പും താടയെല്ല് രാകിപാകപ്പെടുത്തിയും ഇടക്കണ്ണികളെ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടും പരിണാമം വെറും വാദമായി നിലനിൽക്കുകതന്നെയാണ്. ഓരോ ജന്തുവർഗത്തെയും സ്രഷ്ടാവ് പടച്ചുവെന്ന മതദർശനത്തിനുമാത്രമേ നിലനിൽക്കാനാവുകയുള്ളൂ.

ഹുസ്‌നുൽ ജമാൽ കിഴിശ്ശേരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ