അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകൾ മതധ്രുവീകരണ താൽപര്യങ്ങൾ നിറഞ്ഞവയായിരുന്നു. യോഗയിൽ അനിസ്‌ലാമികമായ എന്തോ ഉണ്ടെന്നു ചിലർ പ്രസ്താവിച്ചു. സൃഷ്ടികളെ അല്ല, സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതു ഇസ്‌ലാമിന്റെ അടിയുറച്ച നിലപാടാണ്. യോഗയുടെ ഭാഗമായി ചെയ്തുവരുന്ന സൂര്യനമസ്‌കാരം, അതിൽ ഉപയോഗിക്കുന്ന മന്ത്രങ്ങൾ എന്നിവ സൃഷ്ടിയെ ആരാധിക്കലാണെന്നതിനാലാണ് ചിലർ യോഗ അനിസ്‌ലാമികമാണെന്നു പറഞ്ഞത്. ഇസ്‌ലാമിക പക്ഷത്തുനിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നത് കഴുകൻ കണ്ണുകളോടെ കാത്തിരിക്കുന്ന മറുപക്ഷത്തുള്ള സാക്ഷിമഹാരാജുമാരും യോഗി ആദിത്യനാഥുമാരും മറുപടി പ്രസ്താവനകളുമായി ചാടിവീണു. ‘സൂര്യനെ ആരാധിക്കുവാൻ തയ്യാറില്ലാത്തവർ കടലിൽ ചാടി ചാകട്ടെ’ എന്ന മട്ടിലുള്ള പ്രസ്താവനകൾ ഹിന്ദുരാഷ്ട്ര വാദികളുടെ പക്ഷത്തുനിന്നുണ്ടായി. ഇങ്ങനെ യോഗയും മാട്ടിറച്ചിയും രാമനും മസ്ജിദും ഒക്കെ മതധ്രുവീകരണത്തിനും ഉപയോഗപ്പെടുത്താവുന്നവയാണെന്നു ഇന്ത്യ ഒരിക്കൽ കൂടി തെളിയിച്ചു.

യഥാർത്ഥത്തിൽ ‘യോഗ’ എന്നതിനു ചേർച്ച, പൊരുത്തം, ഇണക്കം എന്നൊക്കെയാണ് അർത്ഥം. ചേർച്ചയില്ലാതെ ഭൗതിക ജീവിതമോ ആത്മീയ ജീവിതമോ സാധ്യമല്ല. മനസ്സും വാക്കും പ്രവൃത്തികളും പൊരുത്തപ്പെട്ടുള്ള ജീവിതമാണ് മഹത്തായ ജീവിതം! അതിനാൽ യോഗ അതിന്റെ വാച്യാർത്ഥത്തിൽ തന്നെ ആർക്കും നിഷേധിക്കാനാകാത്ത സുജ്ജീവിത ശൈലിയാണെന്നു പറയാം. സത്യപരമേശ്വരനോടു മനോവാക്യ കർമങ്ങളിൽ പൊരുത്തപ്പെട്ടു ജീവിക്കുക എന്നതല്ലാതെ പിന്നെ എന്താണ് ആധ്യാത്മികത? ഇതിനു സഹായിക്കുമെങ്കിൽ യോഗ ഒരു മതത്തിന്റെയും അന്തഃസത്തയ്ക്കു വിരുദ്ധമാണെന്നു പറയാനാവില്ല.

യോഗ എന്ന പദം കേൾക്കുമ്പോൾ ചിലർക്കൊക്കെ ഓർമയിൽ വരുക ബാബാ രാംദേവിന്റെയും മറ്റും ശാരീരിക വ്യായാമമുറകളാണ്. കരാട്ടെ, കളരി, കുങ്ഫു തുടങ്ങിയ കായിക പരിശീലനങ്ങൾ, മോഹിനിയാട്ടം പോലുള്ള നൃത്തരൂപങ്ങൾ, സർക്കസ്സ്, ടെന്നീസ് പോലുള്ള കളികൾ എന്നിവയിലെല്ലാം ശാരീരിക വ്യായാമപരമായ ഒരുപാട് ഗുണങ്ങളുണ്ട്. അത്തരം ഗുണങ്ങൾ യോഗയിലും ഉണ്ട്.

വേണ്ടത്ര ശാരീരികാധ്വാനം കൂടാതെ ജീവിക്കാൻ തക്ക ഭൗതിക സാഹചര്യങ്ങളുള്ള സമ്പന്നരും അർധസമ്പന്നരുമായ സ്ത്രീ പുരുഷന്മാർക്ക് സന്ധിവാതം, പുറംവേദന, കൊളസ്‌ട്രോൾ, മലബന്ധം, ഉറക്കമില്ലായ്മ, കിതപ്പ് തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാവും. ഇത്തരക്കാർക്ക് അസ്വാസ്ഥ്യ പരിഹാരത്തിനു സഹായകമായ വ്യായാമമുറ എന്ന നിലയിൽ ഹഠയോഗത്തിനു സമ്പന്ന ജനവിഭാഗങ്ങൾക്കിടയിൽ വലിയ പ്രചാരവും വിപണന സാധ്യതയും ലോകമെമ്പാടും ഇപ്പോൾ നിലവിലുണ്ട്. ഈ വിപണന സാധ്യത മുതലെടുത്തുകൊണ്ടാണ് ബാബ രാംദേവ് കോടീശ്വരനായിരിക്കുന്നത്. കോടീശ്വരന്മാരുടെ പാദസേവകനായ നരേന്ദ്രമോദി ബാബ രാംദേവ് എന്ന കാവി കോടീശ്വരന്റെയും പാദസേവകനാണ്.

ബാബ രാംദേവിനു ‘ഹഠയോഗം’ എന്ന വ്യായാമമുറയെ ലോകമെമ്പാടും വിറ്റഴിക്കാനുള്ള വലിയൊരു വിപണന സാധ്യത ഉണ്ടാക്കി കൊടുക്കാനുള്ള ആസൂത്രിതമായ നീക്കമാണ് അന്താരാഷ്ട്ര യോഗ ദിനാചരണത്തിനു പിന്നിലുള്ളത്. യോഗയുടെ വിപണി തുറക്കൽ നടപടി എന്നിതിനെ വിശേഷിപ്പിക്കാം. വെറുതെയല്ല നരേന്ദ്രമോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാൻ ബാബരാംദേവ് ആവേശം കാണിച്ചത്. മോദി തന്റെ യോഗ കച്ചവടത്തിനു വേണ്ടതു ചെയ്തു തരും എന്നു ബാബാ രാംദേവ് കണക്കുകൂട്ടിയിരുന്നു, അല്ലെങ്കിൽ പരസ്പര ധാരണയിലെത്തിയിരുന്നു. ഇപ്പോഴത് നടപടിയിൽ വരികയും ചെയ്തിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര യോഗ ദിനാചണ പ്രഖ്യാപനം കൊണ്ട് ബാബ രാംദേവിനു മാത്രമല്ല; ഡബിൾ ശ്രീ രവിശങ്കറിനെപ്പോലുള്ള യോഗ-പ്രാണയാമ വ്യാപാരികൾക്കും മെച്ചമുണ്ട്.

ചുരുക്കത്തിൽ, യോഗയോടുള്ള ആദരവുകൊണ്ട് എന്നതിനേക്കാൾ യോഗ വ്യാപാരികളായ ബാബാ രാംദേവുമാർക്ക് കച്ചവട സാധ്യത വർധിപ്പിച്ചു കൊടുക്കാനുള്ള പ്രതിജ്ഞാബദ്ധത കൊണ്ടാണ് നരേന്ദ്ര മോദി എന്ന കോടീശ്വര ദാസൻ ഐക്യരാഷ്ട്ര സഭയെ കൊണ്ടു യോഗദിനാചരണം പ്രഖ്യാപിച്ചതെന്നു വേണം വിലയിരുത്താൻ. എന്തായാലും ഒരു കാര്യം ഉറപ്പാണ്; മെയ്യനങ്ങി പണി ചെയ്യുന്നവർക്ക് യോഗയുടെ ആവശ്യമേയില്ല. അരക്കാൻ മിക്‌സിയും തുണിയലക്കാൻ വാഷിംഗ് മെഷീനും തൊട്ടടുത്ത കാവലയിൽ പോകാൻ കാറും ഇരുചക്ര വാഹനങ്ങളും ഒക്കെ ഉപയോഗിച്ച് പത്രാസ് കളിക്കുന്നവർക്കേ യോഗ എന്ന ശാരീരിക വ്യായാമം പ്രത്യേകം ചെയ്യേണ്ടതുള്ളൂ. ഇത്തരം ‘പത്രാസുജീവി’കൾ എല്ലാ മതാനുയായികളിലും ഉണ്ടെന്നതിനാൽ തന്നെ ബാബാ രാംദേവുമാർ എല്ലാ മതക്കാരെയും യോഗ പഠിപ്പിച്ച് കാശുണ്ടാക്കാനുള്ള സെന്ററുകൾ എവിടേയും തുറക്കും. അതാണിനി സംഭവിക്കാൻ പോകുന്നത്. അതിനാൽ ജീവിത ശൈലി മാറ്റി കൊണ്ടല്ലാതെ യോഗയെ കച്ചവട ചരക്കാക്കി വിറ്റഴിച്ചു കോടീശ്വരന്മാരായി അതിന്റെ പിൻബലത്തിൽ വർഗീയതയ്ക്കു ചൂട്ടുപിടിക്കുന്ന രാംദേവുമാരിൽ നിന്നും ഇന്നാടിനെ മോചിപ്പിക്കാൻ പൗരന്മാർ എന്ന നിലയിൽ നാം ശക്തരാവുകയില്ല.

ഒരു കാര്യം കൂടിപ്പറഞ്ഞ് ഈ ലഘുലേഖനം ഉപസംഹരിക്കാം. യഥാർത്ഥ യോഗ അതായത് സത്യപരമേശ്വരനുമായുള്ള ഉള്ളിണക്കം സംഭവിക്കാതെ ഒരു മനുഷ്യനും യഥാർത്ഥ വിശ്വാസി ആയിരിക്കാനാവില്ല. എന്താണു യഥാർത്ഥ യോഗം എന്നു പാതഞ്ജലയോഗ സൂത്രത്തിൽ പറയുന്നുണ്ട്. ആഹാര നിയന്ത്രണവും ആലോചനകളുടെ നിയന്ത്രണവും ഉൾപ്പെട്ട അച്ചടക്കമുള്ള ജീവിതമാണ് യഥാർത്ഥ യൗഗിക ജീവിതം. ‘യോഗ ചിത്തവൃത്തി നിരോധ’-യോഗം മനോവൃത്തികളുടെ നിയന്ത്രണമാണെന്നു ചുരുക്കം. നമ്മൾ അറിയാതെ നമ്മളെ ആരും തൊടുകയില്ല. ഇതുപോലെ നമ്മൾ അറിയാതെയും അനുവദിക്കാതെയും നമ്മളിലേക്ക് ഒരു ചിന്തയും കടന്നുവരാത്ത വിധം മനസ്സ് നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കലാണു ചിത്തവൃത്തികളുടെ നിരോധം! ഈ നിരോധം ഒരു മതത്തിനും വിരുദ്ധമല്ലല്ലോ. സുജീവിതത്തിന്റെ സാർവലൗകിക നിയമമാണ് മനോനിയന്ത്രണം എന്നത്. തീറ്റയും ചിന്തയും വാക്കും നിയന്ത്രിക്കുന്നവർക്കൊന്നും ചീത്ത ജീവിതം ഉണ്ടാവില്ല. ഈ നില കൈവരിക്കാൻ എന്തു ചെയ്യണം എന്നു പഠിപ്പിക്കുകയാണ് പതഞ്ജലി ചെയ്യുന്നത്. ഇതിനെ ‘രാജയോഗം’ എന്നാണു പറയുക.

ബാബ രാംദേവുമാർ പ്രചരിപ്പിക്കുന്നത് ശാരീരിക വ്യായാമ സംബന്ധിയായ ഹഠയോഗമാണ്. അത് കരാട്ടെ പോലുള്ള ശാരീരിക വ്യായാമങ്ങളിൽ നിന്നു വ്യത്യസ്തമാക്കുവാൻ ഓങ്കാരവും സൂര്യമന്ത്രവും ഒക്കെ അവർ ഉപയോഗിച്ച് കപടമായ ഒരു ആധ്യാത്മിക-മതസ്വഭാവം യോഗയ്ക്കുണ്ടെന്നു വരുത്തിത്തീർക്കുന്നു. യഥാർത്ഥത്തിൽ ഹഠയോഗത്തിൽ പോലും സൂര്യാദി മന്ത്രജപം നിർബന്ധമാണെന്നു പറഞ്ഞിട്ടില്ല. അല്ലാഹു അക്ബർ എന്നു ഘോഷിച്ച് ഹഠയോഗം ചെയ്താൽ ഫലപ്രാപ്തി ഉണ്ടാവില്ലെന്നോ, ഹലേലൂയാ എന്നുച്ചരിച്ചു ഹഠയോഗം ചെയ്താൽ ഫലപ്രാപ്തി ഉണ്ടാവില്ലെന്നോ സൂര്യമന്ത്രം ജപിച്ചും ഓങ്കാരം ജപിച്ചും ഹഠയോഗം ചെയ്താലേ ഫലപ്രാപ്തി ഉണ്ടാകൂ എന്നോ ‘ഹഠയോഗ പ്രദീപിക്’ പോലുള്ള വ്യായാമ സംബന്ധിയായ നൂറുകണക്കിനു ആസനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളിലൊന്നും പറയുന്നില്ല. എന്നിട്ടും യോഗ ദിനാചരണത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും യോഗ ചെയ്യുന്നവർ സൂര്യമന്ത്രം ചൊല്ലി സൂര്യനമസ്‌കാരം ചെയ്യണമെന്നും ചിലർ വാശിയോടെ വാദിച്ചതും അതിനു പലരും അതേ വാശിയോടെ മറുവാദം പറഞ്ഞതും ആർഎസ്എസ്-എൻഡിഎഫ് വിഭാഗീയ ബുദ്ധി കൊണ്ടാണെന്നല്ലാതെ യോഗ പാരമ്പര്യത്തെ സംബന്ധിച്ച സാമാന്യ വിവരമെങ്കിലും ഉള്ളതു കൊണ്ടാണെന്നു പറയുകവയ്യ.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ