രസതന്ത്രത്തിലെ പ്രധാന ഉപശാഖയാണ് ഭൗതിക രസതന്ത്രം ( Physical Chemitsry ). ആധുനിക ഭൗതിക രസതന്ത്രം വളർച്ചയുടെ പരകോടിയിലെത്തിയിരിക്കുന്ന ഘട്ടമാണിത്. പ്രപഞ്ചത്തിലെ അസംഖ്യം പദാർത്ഥങ്ങളുടെ ഉത്ഭവം, രൂപാന്തരം, ആകാശ ഭൂമികളിൽ നടക്കുന്ന എണ്ണമറ്റ രാസ-ഭൗതിക മാറ്റങ്ങൾ തുടങ്ങിയവ ഈ ശാസ്ത്ര ശാഖയുടെ പഠന മേഖലകളാണ്. പഠന പരീക്ഷണളിലൂടെ ആവിഷ്‌കരിക്കുന്ന ഓരോ സിദ്ധാന്തവും പ്രപഞ്ചത്തെ കുറിച്ചുള്ള പുത്തൻ അറിവുകളാണ് അനാവരണം ചെയ്യുന്നത്. വിശുദ്ധ ഖുർആൻ ഇത്തരം പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓരോ പ്രാപഞ്ചിക പ്രതിഭാസവും സ്രഷ്ടാവിനെ തിരിച്ചറിയാനുള്ള തെളിവുകളായാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്.

ഇരുപതാം നൂറ്റാണ്ടിൽ ഭൗതിക രസതന്ത്രത്തിൽ (ഭൗതിക ശാസ്ത്രത്തിലും) വിപ്ലവം സൃഷ്ടിച്ച നിയമമാണ് ദ്രവ്യ ഊർജ സംരക്ഷണ നിയമം (Law of conservation of Mass and Energy). പ്രപഞ്ചത്തിലെ ദ്രവ്യമോ ഊർജമോ നശിപ്പിക്കാനോ നിർമിക്കാനോ സാധ്യമല്ല. മറിച്ച് ഒരു രൂപത്തിൽ നിന്ന് മറ്റാരു രൂപത്തിലേക്ക് മാറ്റാനേ സാധിക്കൂ എന്നാണ് ഈ നിയമത്തിന്റെ കാതൽ. ഐൻസ്റ്റീന്റെ പ്രശസ്തമായ E=MC2 എന്ന സമവാക്യം ഈ ദ്രവ്യ ഊർജ പരിവർത്തനമാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചമുണ്ടായത് മുതലുള്ള ദ്രവ്യ ഊർജം അതേ അളവിൽ ഇപ്പോഴുമുണ്ടെന്നർത്ഥം. ശാസ്ത്ര സാങ്കേതിക സന്നാഹങ്ങൾ എത്ര വികസിച്ചാലും പ്രപഞ്ചത്തിലേക്ക് മനുഷ്യന്റെ വകയായി ദ്രവ്യത്തിന്റെയോ ഊർജത്തിന്റെയോ ഏറ്റവും ചെറിയൊരു കണിക പോലും കൂട്ടിച്ചേർക്കാനോ ഇല്ലാതാക്കാനോ സാധിക്കില്ല. മറിച്ച് ഐസ് വെള്ളമായും, വെള്ളം നീരാവിയായും, നീരാവി ഘനീഭവിച്ചു വെള്ളത്തുള്ളികളായും മാറുന്നതു പോലെ പ്രപഞ്ചത്തിലെ എല്ലാ രാസ-ഭൗതിക മാറ്റങ്ങളും ദ്രവ്യ ഊർജ സംരക്ഷണ നിയമം പാലിക്കുന്നുണ്ട്. ഒരു കുഞ്ഞു ജനിക്കുന്നതും, ഒരു വിത്ത് മുളച്ചു വലിയ മരമായി മാറുന്നതും മരണവും പുനർജന്മവുമെല്ലാം ഈ നിയമത്തിന്റെ പരിധിയിലാണ്.

മനുഷ്യശരീരം പ്രധാനമായും ഓക്‌സിജൻ, കാർബൺ, ഹൈഡ്രജൻ തുടങ്ങിയ പതിനൊന്നു അടിസ്ഥാന മൂലകങ്ങളുടെ ദ്രവ്യരൂപവും അതിൽ ഉൾകൊണ്ട ഊർജവുമാണ്. മരണശേഷം ശരീരം പൂർണമായും ദഹിപ്പിച്ചാലും ജീർണിച്ചു മണ്ണിൽ അലിഞ്ഞു ചേർന്നാലും ശരീരത്തിന്റെ ഭാഗമായിരുന്ന ഒരാറ്റം പോലും നശിപ്പിക്കപ്പെടുന്നില്ല. മറിച്ചു, കാർബൺഡൈ ഓക്‌സൈഡ് ആയും വെള്ളത്തിന്റെ തന്മാത്രകളായും ഈ പ്രപഞ്ചത്തിൽ തന്നെയുണ്ടാവും. പുനർജന്മത്തിന്റെ സമയത്തു സ്രഷ്ടാവ് വിളിച്ചാൽ ഈ ആറ്റങ്ങൾക്കു തിരിച്ചുവരാനും വീണ്ടും മനുഷ്യ ശരീരമായി മാറാനും കഴിയും.

ഈ ആശയം മനോഹരമായ ഒരു സംഭാഷണ രൂപത്തിൽ അല്ലാഹു വേദ ഗ്രന്ഥത്തിലൂടെ പഠിപ്പിക്കുന്നുണ്ട്: അവിശ്വാസികൾ പറയുന്നു: എന്ത്, മരിച്ചു മണ്ണോടു ചേർന്നാൽ വീണ്ടും തിരിച്ചുവരികയോ, അത് അസംഭവ്യമാണ്. അല്ലാഹു, തീർച്ചയായും നാം നിങ്ങളെ മടക്കികൊണ്ട് വരും. ഭൂമിയുടെ ഏതു ഭാഗത്താണ് നിങ്ങൾ അലിഞ്ഞു ചേർന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. മാത്രമല്ല, അതെല്ലാം കൃത്യമായി ഒരു പുസ്തകത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്’ (50/3, 4).

മനുഷ്യശരീരം ജീർണിക്കുന്നത് ഒന്നാന്തരം രാസമാറ്റമാണ്. ദ്രവ്യ ഊർജ സംരക്ഷണ നിയമപ്രകാരം ശരീരത്തിന്റെ ഭാഗമായിരുന്ന മൂലകങ്ങൾ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുന്നില്ല. അവ ശരീരത്തിൽ നിന്ന് വേർപ്പെട്ട് പ്രപഞ്ചത്തിലെ മറ്റു പദാർത്ഥങ്ങളോടൊപ്പം താൽകാലികമായി കൂടിച്ചേരുക മാത്രമാണ് ചെയ്യുന്നത്. ഈ സ്ഥലമാറ്റങ്ങൾ പ്രപഞ്ച സ്രഷ്ടാവെന്ന നിലക്ക് അല്ലാഹുവിനറിയാമെന്നും അതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് അവൻ പ്രഖ്യാപിക്കുന്നത്. അതിനാൽ പുനർജന്മം പ്രപഞ്ചത്തിലെ അടിസ്ഥാന നിയമത്തിന് വിരുദ്ധമല്ലെന്നും ഭൗതിക പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ പരിധി ലംഘിക്കുന്നില്ലെന്നും ഖുർആനും ശാസ്ത്രവും പഠിപ്പിക്കുകയാണിവിടെ.

ഇതേ ആശയം സൂറത് യൂനുസിൽ മറ്റൊരു രൂപത്തിൽ പറയുന്നുണ്ട്: ഒരാറ്റത്തെക്കാളും ചെറുതോ വലുതോ ആവട്ടെ അതൊന്നും ആകാശങ്ങളിലോ ഭൂമിയിലോ അല്ലാഹുവിന്റെ ദൃഷ്ടിയിൽ പെടാതെ മറഞ്ഞിരിക്കുന്നില്ല. എല്ലാം കൃത്യമായ രേഖകളിൽ എഴുതപ്പെട്ടിട്ടുണ്ട് (10/ 61).
ഈ സൂക്തത്തിലൂടെ പദാർത്ഥ രസതന്ത്രത്തിന്റെ അത്ഭുതലോകത്തേക്ക് വഴിവെട്ടുന്ന ഒരു പരാമർശവും (ആറ്റത്തേക്കാൾ ചെറുത്) ഖുർആൻ മുന്നോട്ടു വെക്കുന്നുണ്ട്. വിശുദ്ധ ഖുർആനിന്റെ ഈ പ്രഖ്യാപനത്തിനു ശേഷം 1400 വർഷങ്ങൾ കഴിഞ്ഞ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ് ആറ്റം വിഭാജ്യമാണെന്നും ആറ്റത്തെക്കാൾ ചെറിയ കണങ്ങളുണ്ടെന്നും ശാസ്ത്രം അംഗീകരിക്കുന്നത്.

പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ഖുർആൻ 21/30-ൽ പരാമർശിക്കുന്നത് ശ്രദ്ധേയം. പ്രപഞ്ചമുണ്ടായത് ഒരു വിസ്‌ഫോടനത്തിലൂടെയാണെന്ന് ഇവിടെ വേദം പ്രഖ്യാപിക്കുന്നുണ്ട്: അവിശ്വാസികൾ കാണുന്നില്ലേ, തീർച്ചയായും ആകാശങ്ങളും ഭൂമിയും ഒട്ടിപ്പിടിച്ചിരുന്ന ഒരു പിണ്ഡമായിരുന്നു. നാമാണതിനെ വേർപ്പെടുത്തിയത്.

ഈ കാണുന്ന ചരാചരങ്ങൾ, ഭൂമിയും ആകാശഗോളങ്ങൾ മുഴുക്കെയും ആദിയിൽ ഒട്ടിപ്പിടിച്ച ഒരു പിണ്ഡമായിരുന്നെന്നും പിന്നീട് അതിനെ വേർപ്പെടുത്തിയതാണെന്നുമാണ് അല്ലാഹു ഓർമിപ്പിക്കുന്നത്. ഇന്ന് പ്രപഞ്ചത്തിലാകമാനം വിതരണം ചെയ്യപ്പെട്ട ദ്രവ്യ ഊർജം ആദിമ പിണ്ഡത്തിലെ അളവിൽ നിന്ന് അൽപം പോലും വ്യത്യാസപ്പെട്ടിട്ടില്ലെന്നും ദ്രവ്യ ഊർജ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്നും ഖുർആൻ വായനയിൽ തെളിയുന്നു.

ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന പ്രപഞ്ച മാതൃക ബിഗ് ബാങ് സിദ്ധാന്തമാണ്. 1927-ൽ ബെൽജിയൻ ഭൗതിക ശാസ്ത്രജ്ഞൻ ജോർജ് ലമേയ്ത്രയാണ് പ്രപഞ്ചമുണ്ടായത് ഒരു മഹാവിസ്‌ഫോടനം മൂ ലമാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. എഡ്‌വേഡ് ഹബ്ബ്ൾ അതിനൂതനമായ ടെലിസ്‌കോപ്പിലൂടെ നടത്തിയ നിരീക്ഷണം, ക്വാണ്ടം തിയറി, ഐൻസ്റ്റീന്റെ സ്‌പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി തുടങ്ങിയവ ബിഗ്ബാങ് തിയറിയെ പൂർണമായും സാധൂകരിച്ചു. ഇതോടെ പ്രപഞ്ചം തുടക്കമോ ഒടുക്കമോ ഇല്ലാത്തതാണെന്ന പരികൽപന (steady state theory of universe) എന്നെന്നേക്കുമായി ശാസ്ത്രം ഉപേക്ഷിക്കുകയും ചെയ്തു.

ഇന്നത്തെ പ്രപഞ്ചത്തിന് 1400 കോടി വർഷത്തെ പഴക്കമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. കാലഗണന ഒരു സെക്കന്റ് അമ്പതു വർഷമായി കണക്കാക്കിയാൽ പ്രപഞ്ചത്തിന്റെ തുടക്കം ഏകദേശം പത്തു വർഷം മുമ്പായിരിക്കും. ഭൂമിയുണ്ടായിട്ടു മൂന്നു വർഷവും മനുഷ്യനുണ്ടായിട്ടു അഞ്ചു മിനുട്ടുമാണ് കഴിഞ്ഞു പോയിട്ടുണ്ടാവുക. അതായത് ഒരു വിസ്‌ഫോടനത്തിലൂടെ എല്ലാം ഒന്നിച്ച് ഉണ്ടാവുകയായിരുന്നില്ല. മറിച്ച് യുക്തിഭദ്രമായ ഘട്ടങ്ങളിലൂടെയാണ് പ്രപഞ്ച വികാസം സംഭവിക്കുന്നത്.
മഹാവിസ്‌ഫോടനം മൂലം ആദ്യം അതിശക്തമായ ഊഷ്മാവും അടിസ്ഥാന കണങ്ങളുമുണ്ടായി. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ചു ഊഷ്മാവ് കുറയുകയും തദടിസ്ഥാനത്തിൽ കണങ്ങൾ കൂടി ചേർന്ന് ന്യൂക്ലിയസുകൾ ഉണ്ടാവുകയും ചെയ്തു. ന്യൂക്ലിയസുകൾ ഇലക്ട്രോണുകളെ സ്വീകരിച്ചു ഹൈഡ്രജൻ ആറ്റങ്ങളാവുകയും അതിശക്തമായ ഗുരുത്വാകർഷണബലം മൂലം ഈ ആറ്റങ്ങൾ കൂടിച്ചേർന്നു ഭീമാകാരമായ സ്വയം പ്രകാശിക്കുന്ന നക്ഷത്രങ്ങളുണ്ടാവുന്നു. കാലാന്തരത്തിൽ നക്ഷത്രങ്ങൾ സൂപ്പർ നോവകളായി പൊട്ടിച്ചിതറി ചെറിയ ഗ്രഹങ്ങൾ ഉണ്ടാവുന്നു. ഇതാണ് ശാസ്ത്രം മുന്നോട്ടു വെക്കുന്ന പ്രപഞ്ച മാതൃക.

ഖുർആൻ പറയുന്നു: ആകാശ ഭൂമികളെ ആറു ദിവസം (ഘട്ടങ്ങൾ) കൊണ്ടാണ് സൃഷ്ടിച്ചത്. അത് മൂലം അവനു യാതൊരു ക്ഷീണവും ബാധിച്ചിട്ടില്ല (50/38).
അല്ലാഹുവിന്റെ ദിവസത്തിന്റെ കണക്ക് നമ്മുടെ ദിവസവുമായി താരത്യം ചെയ്യുന്നതിൽ അർത്ഥമില്ല. എന്തെന്നാൽ സമയം പോലും ഉണ്ടാവുന്നത് ബിഗ്ബാങിലൂടെയാണ്. പ്രപഞ്ചോൽപത്തിക്ക് മുമ്പ് സമയമില്ലല്ലോ. ഭൂമി സ്വന്തം അച്ചുതണ്ടിൽ ഒരു പ്രാവശ്യം കറങ്ങുന്ന സമയമാണല്ലോ ഒരു ദിവസം. മനുഷ്യന്റെ ഒരു ദിവസവും ഭൂമിയും സൂര്യനും സൃഷ്ടിക്കാനെടുത്ത അല്ലാഹുവിന്റെ ദിവസവും തമ്മിൽ യാതൊരു ബന്ധവുണ്ടാവില്ലെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാവും.
പ്രപഞ്ച സൃഷ്ടിപ്പിന്റെ ആറു ദിനങ്ങളിൽ അവസാന രണ്ടു ദിവസങ്ങളിലാണ് ഭൂമിയെ മനുഷ്യവാസയോഗ്യമാക്കിയത്. വിശുദ്ധ ഖുർആൻ 41/10-ൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഭൂമിയെ സംവിധാനിച്ചതിനു ശേഷമാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നത്. അവൻ മാലാഖമാരോട് പറഞ്ഞു: ഞാൻ ഭൂമിയിലെ മണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയാണ് (38/71).
ഭൂമിയിൽ നിന്ന് മലക്കുകൾ ശേഖരിച്ച മണ്ണു കൊണ്ടാണ് ആദ്യ പിതാവ് ആദം നബി(അ)നെ സൃഷ്ടിക്കുന്നത്. ഈ സൃഷ്ടിപ്പ് പോലും ദ്രവ്യ സംരക്ഷണ നിയമം പാലിച്ചിട്ടുണ്ട്. നേരത്തെ സൃഷ്ടിക്കപ്പെട്ട ഭൂമിയിൽ നിന്ന് ശേഖരിച്ച മണ്ണുകൊണ്ടാണ് അല്ലാഹു ആദ്യ പിതാവിനെ സൃഷ്ടിക്കുന്നത്. ആദം നബി(അ)യുടെ സൃഷ്ടിപ്പും അദ്ദേഹത്തിന്റെ ഭൂമിയിലെ ജീവിതവും മരണവും ഈ നിയമത്തിന്റെ പരിധിയിലായിയെന്നത് നാഥന്റെ പരമാധികാരത്തെയും അന്യൂനതയെയും കാണിക്കുന്നു.

പ്രപഞ്ചത്തിലെ എല്ലാം സംവിധാനിച്ചതിനു ശേഷമാണ് മനുഷ്യ സൃഷ്ടിപ്പെന്നത് ഖുർആൻ മറ്റൊരു സൂക്തത്തിലൂടെയും പരിചയപ്പെടുത്തുന്നതു കാണാം. അല്ലാഹു ആദം(അ)മിന് എല്ലാ വസ്തുക്കളുടെയും പേരുകൾ പഠിപ്പിച്ചിരുന്നെന്ന് ഖുർആൻ (1/ 31) പറയുന്നുണ്ട്. ഈ അറിവ് മലക്കുകളോട് പരിശോധിക്കാനും പറയുന്നു.

ചുരുക്കത്തിൽ, യുക്തിഭദ്രവും സമയബന്ധിതവുമായാണ് അല്ലാഹുവിന്റെ സൃഷ്ടിപ്പെന്ന് ഖുർആൻ വായനയിലൂടെ മനസ്സിലാക്കാം. സൃഷ്ടിപ്പിന്റെ അവസാന ഘട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ടവരാണ് മനുഷ്യർ. വിവേകവും ബുദ്ധിയുമുള്ള മനുഷ്യർക്ക് അവനു മുന്നേ സൃഷ്ടിച്ച പല വസ്തുക്കളെക്കാളും പ്രത്യേകതയുണ്ട്. സ്രഷ്ടാവ് നൽകിയ കഴിവു കൊണ്ട് സഹസൃഷ്ടികളെ വെല്ലുവിളിക്കാനും നാഥനെ വരെ ധിക്കരിക്കാനുമാവും. പക്ഷേ ശാസ്ത്രം എത്ര വികസിച്ചാലും ദൃശ്യ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളുടെയും അടിസ്ഥാനമായ ദ്രവ്യത്തെയോ ഊർജത്തെയോ മനുഷ്യന് നശിപ്പിക്കാനോ നിർമിക്കാനോ സാധിക്കില്ല. മാത്രമല്ല, ശാസ്ത്രം എത്ര വളർന്നാലും പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ കണികയായ ഒരു ഇലക്‌ട്രോണിനെ കുറിച്ച് ശരിയായ വിവരം പോലും ഒരിക്കലും ലഭിക്കില്ല. കാരണം പ്രപഞ്ചത്തിന്റെ അടിസ്ഥാന കണങ്ങളെ കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങൾ മുഴുവനും ഹൈസെൻബർഗിന്റെ അനിശിചിതത്വ നിയമത്തിൽ (Uncertaitny principle) തട്ടി തകർന്നുപോവും.
ഇവിടെയാണ് അല്ലാഹുവിന്റെ രണ്ടു വെല്ലുവിളികൾ കാലാതിവർത്തിയായി നിലനിൽക്കുന്നത്. ഒന്ന് ജീവനില്ലാത്തതിന്റെ സൃഷ്ടിപ്പിനെ കുറിച്ചും മറ്റൊന്ന് ജീവന്റെ സൃഷ്ടിപ്പിനെ കുറിച്ചുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: അവർ ഒരു കാരക്കക്കുരുവിന്റെ മുകളിലുള്ള പാട പോലും സ്വന്തമായി സൃഷ്ടിക്കുന്നില്ല (35/13).
മറ്റൊരു സൂക്തം: അവർ എല്ലാവരും അവരുടെ എല്ലാ സങ്കേതങ്ങളുമായി ഒരുമിച്ച് പരിശ്രമിച്ചാലും ഒരു ഈച്ചയെ പോലും സൃഷ്ടിക്കാനാവില്ല (22/73).

ഒരു ഇലക്‌ട്രോണിനെ പോലും സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലെന്ന് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞിരിക്കെ ഇത്തരം പ്രയോഗങ്ങളിൽ നിന്ന് ദൈവത്തെയും അവന്റെ ദിവ്യഗ്രന്ഥത്തെയും മനസ്സിലാക്കാനാണ് ബുദ്ധിയുള്ളവർ ശ്രമിക്കേണ്ടത്. ദൈവനിരാസത്തിലേക്കല്ല, ദൈവ വിശ്വാസത്തിന്റെ സുരക്ഷിതത്വത്തിലേക്കാണ് ശാസ്ത്രം ക്ഷണിക്കുന്നത്.

(മീഞ്ചന്ത ഗവ. കോളേജ് രസതന്ത്ര വിഭാഗം അധ്യാപകനാണ് ലേഖകൻ)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ