എന്നും നോന്പെടുത്താല്‍ ശരീരം ക്ഷീണിക്കും. ക്ഷീണം കാരണം റസൂലിന്റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയാതെ വരുമോ എന്ന് ഭയന്ന സ്വഹാബി, അഗാധമായ പ്രവാചക പ്രണയത്താല്‍ അവിടുത്തെ പേരുപോലും ഉച്ചരിക്കാന്‍ മടിച്ച ഈ മഹാനെ നിങ്ങള്‍ക്കറിയുമോ? പ്രവാചക പ്രേമികളില്‍ വ്യതിരിക്തനായ ഉമ്മു അബ്ദിന്റെ മകന്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വാണത്.

ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തില്‍ അക്രമങ്ങളും ആക്ഷേപപരിഹാസങ്ങളും സഹിച്ച് പ്രബോധന ദൗത്യത്തിലേര്‍പ്പെട്ട റസൂലിന്റെ കൂടെ ആറാമനായാണ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) സത്യമതം ആÇേഷിച്ചത്. അനാഥത്വവും ദാരിദ്ര്യവും പിടിമുറുക്കിയ ജീവിതത്തില്‍ നിന്നും അത്യുന്നതങ്ങളിലേക്ക് പിടിച്ചുകയറിയ ചരിത്രമാണ് മഹാന്‍റേത്. ശത്രുക്കളുടെ അക്രമം കാരണം രണ്ടുപ്രാവശ്യം എത്യോപ്യയിലേക്കും ശേഷം മദീനയിലേക്കും ഹിജ്റ പോയിട്ടുണ്ട്. തടി കുറഞ്ഞ പ്രകൃതമുള്ള അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), നടപ്പിലും പ്രവര്‍ത്തനങ്ങളിലും സ്വഭാവത്തിലും നബി(സ്വ)യോട് സാദൃശ്യമുള്ളയാളായിരുന്നു. സുഗന്ധമുള്ള ശരീരവും വൃത്തിയുള്ള വസ്ത്രവും പതിവാണ്. തിരുനബിയോടുള്ള അടുപ്പവും സ്നേഹവും രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്ന പദവിയിലേക്കെത്തിച്ചു. തിരുനബിയുടെ മിസ്വാക്ക്, തലയണ, ചെരുപ്പ് എന്നിവയുടെ സൂക്ഷിപ്പുകാരനും അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)തന്നെ. കൂടാതെ റസൂലിനൊപ്പം യാത്രയില്‍ വെള്ളം വഹിക്കുന്നതിനും മഹാന്‍ മുമ്പന്തിയില്‍ നിന്നു.

ഉമര്‍(റ)ന്റെ ഭരണകാലത്തും ഉസ്മാന്‍(റ)ന്റെ ഭരണത്തിന്റെ തുടക്കത്തിലും കൂഫയുടെയും ബൈത്തുല്‍മാലിന്റെയും അധികാരം വഹിച്ചശേഷം മദീനയിലേക്ക് താമസം മാറുകയാണുണ്ടായത്.

ഇസ്‌ലാമിലേക്ക്

മക്കയില്‍ പ്രവാചകന്‍(സ്വ) ആഗതനായി. ആളുകള്‍ക്കിടയില്‍ തിരുനബി(സ്വ) സംസാരവിഷയമായി. രാവിലെ മുതല്‍ വൈകുന്നേരം വരെ ആടുകളെ മേച്ച് മടങ്ങിവരുന്ന അബ്ദുല്ലാഹ് എന്ന ബാലന്റെ ചെവിയിലുമെത്തി ഈ വൃത്താന്തം. ഉഖ്ബതുബ്നു അബീമുഎ്വെിന്റെ ആടുകളെ മേയ്ക്കുകയാണന്ന്.

അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടുപേര്‍ അടുത്തുവന്ന് പാല്‍ ചോദിച്ചു. ദാഹിച്ചവശരായ അവരോട് ബാലന്‍ പറഞ്ഞു: “ഇത് എന്റെ ആടുകളല്ല, ഞാന്‍ ഇടയന്‍ മാത്രമാണ്.’

“ശരി, എങ്കില്‍ പ്രസവിച്ചിട്ടില്ലാത്ത ഒരാടിനെ കാണിച്ചുതരൂ.’

ഞാന്‍ അത്തരമൊന്നിനെ കാണിച്ചു കൊടുത്തു. ആഗതന്‍ അകിടില്‍ ഒന്നു തടവി. അത്ഭുതം! അകിടു വീര്‍ത്തുവന്നു. ഒരു പാത്രത്തില്‍ കറന്നെടുത്ത് രണ്ടുപേരും വിശപ്പകറ്റി, ശേഷം എനിക്കും തന്നു. എന്നിട്ട് അകിടിനോട് പൂര്‍വസ്ഥിതിയിലാകാന്‍ കല്‍പിച്ചു. റസൂലും അബൂബക്കറുമായിരുന്നു ആ രണ്ടുപേര്‍. ഈ സംഭവത്തിനു ശേഷം ഞാന്‍ നബിയെ സമീപിച്ചു.

നിങ്ങള്‍ മൊഴിഞ്ഞ മഹദ്വചനങ്ങള്‍ എനിക്കും പഠിപ്പിച്ചുതരുമോ? റസൂല്‍(സ്വ പറഞ്ഞു: “നീ അറിവുള്ള കുട്ടിയാണ്’. പിന്നീട് എഴുപത് സൂറതുകള്‍ ഞാന്‍ നബിയില്‍ നിന്നും നേരിട്ടു പഠിച്ചു. അവയില്‍ ആരും എന്നോട് തര്‍ക്കിക്കാനില്ലാത്ത വിധം.

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)പറയുന്നു: ഞാന്‍ മുസ്‌ലിമാകുന്നത് ആറാമനായാണ്. ഭൂ ലോകത്ത് ആ ആറു പേരല്ലാതെ വേറെയൊരു മുസ്‌ലിമും തന്നെ അന്നുണ്ടായിരുന്നില്ല.

നബിയോടൊപ്പം

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നബിക്ക് ചെരുപ്പ് ധരിപ്പിക്കുമായിരുന്നു. വടിപിടിച്ച് നബിക്കുമുമ്പില്‍ നടക്കുകയും ചെയ്യും. മജ്ലിസിലേക്ക് കയറാനൊരുങ്ങുമ്പോള്‍ അവിടുത്തെ ചെരുപ്പെടുത്ത് കൈയില്‍ പിടിക്കും. വടി കൈമാറും. നബി സദസ്സില്‍ നിന്നും എഴുന്നേല്‍ക്കാനുദ്ദേശിച്ചാല്‍ ചെരുപ്പ് ധരിപ്പിക്കുകയും വടി പിടിച്ച് തിരുനബി(സ്വ) വീട്ടില്‍ പ്രവേശിക്കുന്നതു വരെ മുമ്പില്‍ നടക്കുകയും ചെയ്യും.

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)യാണ് നബിയെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുക. കുളിച്ചുകഴിഞ്ഞാല്‍ വസ്ത്രം ധരിപ്പിക്കും. നബിയോടൊപ്പം താഴ്മയോടെ നടക്കുകയും ചെയ്യും.

നബിയോടുള്ള അനുപമ സ്നേഹത്താല്‍ അവിടുത്തെ വിശേഷണങ്ങള്‍ പറഞ്ഞ് അഭിസംബോധന ചെയ്യുകയല്ലാതെ പേരു പറയാറില്ലായിരുന്നു. അംറുബ്നു മൈമൂന്‍ പറയുന്നു: ഞാന്‍ ഒരുവര്‍ഷം അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)നെ പിന്തുടര്‍ന്നു. അപ്പോഴൊന്നും നബിയുടെ പേരോ, റസൂലുല്ലാഹി പറഞ്ഞു എന്നോ പോലും ഉച്ചരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല.

അബ്ദുല്ലാഹിബ്നു യസീദ് പറയുന്നു: ഹുദൈഫ(റ)നോട് ഞങ്ങള്‍ ചോദിച്ചു. നബിതിരുമേനിയുടെ ചര്യകളും സ്വഭാവവുമുള്ള ഒരാളെ കാണിച്ചുതരുമോ? അവിടുത്തെ ജീവിതം പഠിക്കാനാണ്. അപ്പോള്‍ ഹുദൈഫ(റ) അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)നെയാണ് കാണിച്ചുതന്നത്.

വിജ്ഞാനം

അല്ലാഹുവില്‍ സ്വയം സമര്‍പ്പണം നടത്തി അബ്ദുല്ലാഹിബ്നു മസ്ഊദ്(റ). അഗാധ പാണ്ഡിത്യമുള്ള, ദുന്‍യാവിന് വിലകല്‍പിക്കാത്ത, പരലോകത്തിലേക്ക് വലിയ ആഗ്രഹമുള്ളയാളായിത്തീര്‍ന്നു. ഖുര്‍ആനിലും ഹദീസിലും നിപുണനായ മഹാന്റെ ദീനീ പരിജ്ഞാനം അബൂമുസല്‍ അശ്അരി(റ)യുടെ ഈ വാക്കുകളില്‍ വ്യക്തമാണ്: അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിങ്ങളിലുള്ളപ്പോള്‍ എന്നോടൊരു കാര്യത്തെകുറിച്ചും ചോദിക്കരുത്.

അല്‍ഖമ(റ) ഉദ്ധരിക്കുന്നു. ഉമര്‍(റ) അറഫയില്‍ നില്‍ക്കുന്ന സമയം. ഒരാള്‍ വന്ന്, കൂഫയില്‍ ഖുര്‍ആന്‍ മനഃപാഠം പറഞ്ഞുകൊടുക്കുന്ന ആളുണ്ടെന്ന് പറഞ്ഞു. ആരാണത്? ഉമര്‍(റ) ഗൗരവത്തില്‍ ചോദിച്ചു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ആണെന്ന് മറുപടി ലഭിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു: അദ്ദേഹത്തേക്കാള്‍ യോഗ്യനായ ഒരാളും ഇന്നില്ല. പിന്നെ ഉമര്‍(റ) ഒരു സംഭവം അനുസ്മരിച്ചു. ഒരു ദിവസം ഞാനും സ്വിദ്ദീഖ്(റ)വും നബിയോടൊപ്പം നടക്കുമ്പോള്‍ പള്ളിയില്‍ ഒരാള്‍ നിസ്കരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചു നബി ഒരു നിമിഷം നിന്നു. എന്നിട്ട് പറഞ്ഞു: ഖുര്‍ആന്‍ ഇറക്കപ്പെട്ട പ്രകാരം ഓതുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കില്‍ അയാള്‍ ഉമ്മുഅബ്ദിന്റെ മകന്‍ ഓതുന്നതുപോലെ ഓതിക്കൊള്ളട്ടെ.’

മസ്റൂഖ് എന്നവര്‍ പറയുന്നു: ഞാന്‍ നിരവധി സ്വഹാബിമാരെ നിരീക്ഷിച്ചു. അവരുടെ അറിവുകള്‍ എത്തിനില്‍ക്കുന്നത് ആറുപേരിലാണ്. ഉമര്‍, അലി, അബ്ദുല്ലാഹിബ്നു മസ്ഊദ്, ഉബയ്യുബ്നു കഅ്ബ്, അബുദ്ദര്‍ദാഅ്, സൈദുബ്നു സാബിത് എന്നിവരാണവര്‍. പിന്നെ ഈ ആറുപേരുടെ അറിവിനെ ഞാന്‍ നിരീക്ഷിച്ചു. അപ്പോള്‍ അലി, അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എന്നീ രണ്ടാളുകളിലേക്കാണ് മുഴുവന്‍ അറിവുകളും എത്തിച്ചേരുന്നതെന്ന് ഞാന്‍ കണ്ടെത്തി.

വിശേഷങ്ങള്‍

അബ്ദുര്‍റഹ്മാനുബ്നു യസീദ് പറയുന്നു: കുറച്ച് സുന്നത്ത് നോമ്പുകളേ അദ്ദേഹം എടുക്കാറുള്ളൂ. അതിനു കാരണം പറഞ്ഞത് സ്വലാത്തിന് നോമ്പിനേക്കാള്‍ മുന്‍ഗണന നല്‍കുന്നു എന്നാണ്. കൂടുതല്‍ നോന്പെടുത്താല്‍ സ്വലാത്ത് ചൊല്ലാന്‍ സാധിക്കാതെ വരും. പരലോകത്തെ അങ്ങേയറ്റം ഭയപ്പെട്ട അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) കരഞ്ഞ് കണ്ണുനീര്‍കൊണ്ട് കൈനിറയുന്ന സംഭവം സൈദുബ്നു വഹബ് അനുസ്മരിക്കുണ്ട്. മാത്രമല്ല, തന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഭയന്ന് പുനരുത്ഥാരണം ഇല്ലാതിരുന്നെങ്കിലെന്ന് പറഞ്ഞതായി ജരീര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അതീവ താഴ്മ മഹാന്റെ സദ്ഗുണങ്ങളില്‍ പെട്ടതാണ്. ഹാരിസുബ്നു സുവൈദ് ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു: “എന്നെ കുറിച്ച് എനിക്കറിയാവുന്നത്ര നിങ്ങള്‍ക്ക് അറിയാമായിരുന്നെങ്കില്‍ എന്റെ തലയില്‍ നിങ്ങള്‍ മണ്ണു വാരിയിടുമായിരുന്നു.’

സ്വര്‍ഗം കൊണ്ട് സന്തോഷമറിയിക്കപ്പെട്ട സ്വഹാബി കൂടിയാണ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ). ഒരിക്കല്‍ അദ്ദേഹം മരത്തില്‍ നിന്നും അറാക്ക് പറിക്കുകയായിരുന്നു. കാലിന്റെ വലിപ്പം താരതമ്യേന കുറഞ്ഞ അദ്ദേഹം കാറ്റടിച്ചപ്പോള്‍ മരക്കൊമ്പിനൊപ്പം മുകളിലേക്ക് ഉയര്‍ന്നു. ചുറ്റും കൂടിയവര്‍ ഇതുകണ്ട് ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: “എന്തിനാണു നിങ്ങള്‍ ചിരിക്കുന്നത്, ആ കാലുകള്‍ മറ്റാരെക്കാളും മീസാനില്‍ ഭാരമുള്ളതായിരിക്കും.’

പ്രസംഗിക്കാന്‍ അപാരമായ കഴിവായിരുന്നു അദ്ദേഹത്തിന്. ക്ലാസ്സെടുക്കുന്ന അവസരത്തില്‍ നിറുത്താനായാല്‍ ഇനിയും പ്രസംഗം നീണ്ടുപോയെങ്കിലെന്ന് അനുചരര്‍ ആഗ്രഹിക്കും. അവിടുത്തെ ഉപദേശങ്ങള്‍ മുസ്‌ലിം ലോകത്തിനിന്നും മാതൃകയാണ്: “നിസ്കാരത്തിലായിരിക്കുമ്പോള്‍ നീ രാജാവിന്റെ വാതിലില്‍ മുട്ടുന്നവനാണ്. മുട്ടുന്നവന് അത തുറക്കപ്പെടും, തീര്‍ച്ച.’

“നിങ്ങളിലോരോരുത്തരും അതിഥികളാണ്. നിങ്ങളുടെ അടുത്തുള്ള പണം വായ്പ വാങ്ങിയതും. അതിഥി വായ്പ തിരിച്ചേല്‍പിച്ചാണ് യാത്ര പോകേണ്ടത്.’

“ഞാന്‍ ഒരു നായയെ പരിഹസിക്കുകയാണെങ്കില്‍ എന്നെ നായയാക്കി മാറ്റപ്പെടുമോ എന്നു ഭയക്കുന്നു’വെന്ന് പ്രഖ്യാപിക്കാന്‍ മാത്രം വിനയമുണ്ടായിരുന്നു മഹാനുഭാവന്.

വിയോഗം

ഉസ്മാന്‍(റ)ന്റെ ഭരണകാലം. കൂഫയുടെയും ബൈതുല്‍മാലിന്റെയും അധികാരം കൈമാറി അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) മദീനയിലേക്ക് മടങ്ങി. അവസാനനാളുകള്‍ അടുത്തു തുടങ്ങിയിരിക്കുന്നുവെന്നദ്ദേഹം ഉറപ്പിച്ചു. ഒരിക്കല്‍ ഉസ്മാന്‍(റ) കടന്നു വന്ന് ചോദിച്ചു: നിങ്ങളുടെ ശമ്പളം ഞാന്‍ തരട്ടേ?

ഉടനെ മറുപടി: “വേണ്ട’.

“നിങ്ങളുടെ മക്കള്‍ക്ക് ഉപകാരപ്പെട്ടേക്കും.’

“എന്റെ മക്കളുടെ മേല്‍ നിങ്ങള്‍ ദാരിദ്ര്യം ഭയപ്പെടുന്നോ? അവരോട് ഞാന്‍ സൂറതുല്‍ വാഖിഅ പതിവാക്കാന്‍ പറഞ്ഞിട്ടുണ്ട്. കാരണം അവിടുന്ന് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: “സൂറതുല്‍ വാഖിഅ പതിവാക്കുന്നവര്‍ക്ക് ദാരിദ്ര്യം വരികയില്ല.’

ശമ്പളം പറ്റാതെ സേവനം ചെയ്തു അദ്ദേഹം. ഇസ്‌ലാമിന്റെ തുടക്കക്കാലത്ത് മക്കയില്‍ വെച്ച് കഅ്ബക്കു ചുറ്റും കൂടിയിരുന്ന ശത്രുക്കള്‍ക്ക് മുമ്പില്‍ ഖുര്‍ആനിക വചനങ്ങള്‍ ഉറക്കെ ഓതാന്‍ ധ്യൈം കാണിക്കുകയും തല്‍ഫലമായി അക്രമമേറ്റുവാങ്ങുകയും ചെയ്ത ആ ധീര സ്വഹാബി ഹിജ്റ 32ലാണ് ഈ ലോകത്തോടു വിടപറഞ്ഞത്.

ത്വാഹാ ഉനൈസ് മൂര്‍ക്കനാട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ