അമേരിക്കയിലെ ഭിഷഗ്വരനായ സില്‍വസ്റ്റര്‍ ഗ്രഹാമിനെ ഉദ്ധരിക്കാം: “ദൈവം ഒന്നിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ.’
വിവാഹിതരായ വധൂവരന്മാരെ കുറിച്ചല്ല അദ്ദേഹമിങ്ങനെ പറഞ്ഞത്; ധാന്യങ്ങളിലുള്ള തവിടിനെ വേര്‍പ്പെടുത്തരുതെന്ന അര്‍ത്ഥത്തിലാണ്. 1930കളില്‍ ഗാന്ധിജി അന്നത്തെ ശാസ്ത്രജ്ഞന്മാരോടും ഡോക്ടര്‍മാരോടും തവിടുള്ള ധാന്യത്തെയും തവിടുവെളുപ്പിച്ചെടുത്ത ധാന്യത്തെയും ശര്‍ക്കരയും പഞ്ചസാരയും തമ്മിലുള്ള വ്യത്യാസത്തെയും കുറിച്ചന്വേഷിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ആധുനിക വ്യൈശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റ്സ് പറഞ്ഞത് പണക്കാരന്റെയും പാവപ്പെട്ടവന്റെയും ധാന്യമായ തവിട് ചേര്‍ന്ന റൊട്ടി (ബ്രൗണ്‍ ബ്രെഡ്) കഴിക്കണമെന്നാണ്. അതുപോലെ പ്രവാചകന്‍ മുഹമ്മദ്(സ്വ) ജനങ്ങളെ ഉപദേശിച്ചത് ഗോതമ്പ് പൊടിച്ചാല്‍ ഉമിയോട് ചേര്‍ത്ത് കഴിക്കാനാണ്. അമേരിക്കയില്‍ ബ്രൗണ്‍ ബ്രെഡ് ഇന്നും ഗ്രഹാം ബ്രെഡ് എന്നാണ് അറിയപ്പെടുന്നത്. “വെളുക്കും മുമ്പ് അരിവെക്കണം, അരിവെയ്ക്കും മുമ്പ് കറിവയ്ക്കരുത്’ എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ നാട്ടില്‍. തവിടു കളയാതെ അരിവയ്ക്കണമെന്നും പച്ചക്കറി പാകമാകാതെ പറിച്ച് കറിവയ്ക്കരുതെന്നുമാണിതിനര്‍ത്ഥം.
മുന്‍കാലങ്ങളില്‍ തവിടുചേര്‍ന്ന ധാന്യാഹാരം തന്നെയാണ് നാം കഴിച്ചിരുന്നത്. നാം നമുക്ക് കഴിക്കാന്‍ വേണ്ടി കൃഷി ചെയ്യുകയും ജന്മിമാരുടെയും മുതലാളിമാരുടെയും കൃഷിയിടത്തില്‍ പണിക്കുപോയിരുന്നവര്‍ക്ക് കൂലിക്കു പകരം ധാന്യങ്ങള്‍ നല്‍കുകയും ചെയ്തിരുന്ന കാലത്ത് പൂര്‍ണധാന്യം അഥവാ തവിടുചേര്‍ന്ന ധാന്യമാണ് നാം കഴിച്ചിരുന്നത്. എന്നാല്‍ കൃഷി വ്യാവസായികമാവുകയും വിതരണം കച്ചവടമായി മാറുകയും ചെയ്തപ്പോള്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവയ്ക്കാന്‍ വേണ്ടി അരി വെളുപ്പിക്കാന്‍ തുടങ്ങി.
ധാന്യങ്ങളില്‍ തവിടുള്ളതിനാല്‍ അതില്‍ അടങ്ങിയ എണ്ണ അന്തരീക്ഷ വായുവുമായി സമ്പര്‍ക്കത്തിലായി അരി പെട്ടെന്ന് കേടാവുന്നതായിരുന്നു ഇതിന് ഹേതുവകം. തവിട്ടരി മൂന്ന് മാസത്തിലധികം സൂക്ഷിച്ചുവയ്ക്കുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ തവിട്ടരി മനുഷ്യന് ഏറെ പ്രധാനമാണ്. അതില്‍ അടങ്ങിയിരിക്കുന്ന തയാമിന്‍, ബറിബറി രോഗ(വിറ്റാമന്‍ ബിയുടെ അഭാവത്തിലുള്ള ശരീരശോഷണം)ത്തില്‍ നിന്നും പ്രതിരോധം നല്‍കുന്നു. തവിട്ടരി പൂര്‍ണധാന്യമാണ്. അത് വെറും അന്നജമല്ല. ഭക്ഷ്യനാരുകള്‍, സെലനീയം, മാഗ്നീഷ്യം, ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, എഴുപതോളം വരുന്ന ആന്‍റി ഓക്സൈഡുകള്‍ എന്നിങ്ങനെ നിരവധി പോഷകങ്ങളുടെ കലവറയാണ്. ഈ സന്പൂര്‍ണ ധാന്യവും മില്ലില്‍ കുത്തി വെളുപ്പിച്ച ധാന്യവും തമ്മിലുള്ള വ്യത്യാസം നോക്കുക. (ചാര്‍ട്ട് കാണുക)
അരി പോലുള്ള ധാന്യാഹാരത്തില്‍ നിന്നു തവിടുനീക്കം ചെയ്യുന്നതുകൊണ്ട് മൂന്ന് താല്‍ക്കാലിക നേട്ടങ്ങളുണ്ട്.
1. ധാന്യം വളരെക്കാലം കേടുകൂടാതെയിരിക്കുന്നു.
2. ധാന്യത്തെ ശുദ്ധ അന്നജമാക്കി മാറ്റിയതുകൊണ്ട് ദഹനപ്രക്രിയയില്‍ വേഗത്തില്‍ ഗ്ലൂക്കോസാക്കി മാറ്റപ്പെടുന്നു.
3. വയറ് അറിയാതെ കൂടുതല്‍ ഭക്ഷിക്കാന്‍ കഴിയുന്നു.
ഇതല്ലാതെ മറ്റു ഗുണങ്ങളൊന്നും ഈ സംസ്കരണത്തിനില്ല. ജീവിത ശൈലീരോഗങ്ങളായി അറിയപ്പെടുന്ന മിക്കവയുടെയും അടിസ്ഥാന കാരണം ചാക്കരിയെന്ന വെളുപ്പിച്ച അരിയും മൈദയും പഞ്ചസാരയുമാണെന്ന് പകല്‍പോലെ സത്യം. അത് ഒഴിവാക്കാതെ ഒരു ആരോഗ്യ വിപ്ലവം സാധ്യമല്ല.
പച്ചരിയോ (ബിരിയാണി പച്ചരിയും ആകാം) ഉണക്കലരിയോ ആണ് ആണ് നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇപ്പോള്‍ തവിടു പൂര്‍ണമായും കിട്ടുന്ന അരി വിപണിയില്‍ ലഭിക്കുന്നുണ്ട്. കൂടാതെ ഗോതമ്പ് പൊടിച്ചുകഴിഞ്ഞാല്‍ അതിന്റെ ഉമി അരിച്ചുകളയാതെ പാചകം ചെയ്തു കഴിക്കണം. നാം സാധാരണ ചെയ്യുന്നത് തവിടും ഉമിയും മാടിനും ചോറ് മനുഷ്യനും എന്ന രീതിയാണ്. പഴം കളഞ്ഞ് തൊലി കഴിക്കുന്നതു പോലുള്ള വിഡ്ഢിത്തമാണിത്.
മറ്റു ധാന്യങ്ങളായ റാഗിയും ചോളവും പയറുവര്‍ഗങ്ങളും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. എല്ലാ ധാന്യങ്ങളും തവിടോടുകൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും വേണം. പയറുവര്‍ഗം മുളപ്പിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പാക്കറ്റുകളില്‍ കിട്ടുന്ന ധാന്യപ്പൊടി ഒരിക്കലും ഉപയോഗിക്കരുത്. കാരണം കേടുവരാതിരിക്കാന്‍ അതില്‍ പത്ത് ശതമാനം ഡിഡിടി പൊടി ചേര്‍ക്കുന്നുണ്ട്. ഡിഡിടി എന്ന രാസവസ്തു ലോകാരോഗ്യ സംഘടന നിരോധിച്ചിട്ടുണ്ടെന്നറിയുക.
എല്ലാ നേരവും ധാന്യാഹാരം കഴിക്കാതെ ഒരു നേരം പച്ചക്കറിമാത്രവും മറ്റൊരു നേരം പഴവര്‍ഗങ്ങളും ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം കിഴങ്ങുവര്‍ഗങ്ങള്‍ മാത്രവും കഴിച്ചാല്‍ ശരീരത്തിന് എല്ലാത്തരം വിറ്റാമിനുകളും ലവണങ്ങളും ലഭിക്കുകയും എല്ലാവിധ അസുഖങ്ങളില്‍ നിന്നും മുക്തിനേടാന്‍ കഴിയുകയും ചെയ്യും. കിഴങ്ങുവര്‍ഗങ്ങളില്‍ ചെറുതും വലുതുമായ എല്ലാത്തരവും ഉള്‍പ്പെടുത്താവുന്നതാണ്. ഇലക്കറികളുടെയും അണ്ടിവര്‍ഗങ്ങളുടെയും പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ. അണ്ടിവര്‍ഗങ്ങള്‍ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കാവൂ. ഒരു ദിവസം ഏതാണ്ട് അഞ്ചെണ്ണം മാത്രം മതി.
രോഗങ്ങള്‍ക്കു കാരണം പാരമ്പര്യമാണെന്നു സമര്‍ത്ഥിക്കുന്ന സമീപനം പ്രകൃതിക്കു നിരക്കുന്നതല്ല. കാരണം പ്രകൃതി ഒന്നിനെയും ജന്മദോഷങ്ങളോടെ പടച്ചുവിടുന്നില്ല. ഓരോന്നിനെയും പരമാവധി പരിപൂര്‍ണമാക്കുകയാണ് ചെയ്യുന്നത്. പ്രകൃത്യാ അത്യപൂര്‍വമായി മാത്രമേ പാരമ്പര്യ വൈകല്യങ്ങള്‍ ഉണ്ടാകുന്നുള്ളൂ. അല്ലാത്തതെല്ലാം മനുഷ്യന്റെ തെറ്റായ ജീവിത ശൈലികളും രീതികളും കൊണ്ടുണ്ടാകുന്നതാണ്. അതിനു പ്രകൃതിയെ പഴിക്കരുത്. ജീവിത ശൈലീ രോഗങ്ങളില്‍ പെട്ട പ്രമേഹം ഏറ്റവും കൂടുതല്‍ കാണുന്നത് ഇന്ത്യയിലാണ്. ശേഷം ചൈനയിലും. നഗരങ്ങളില്‍ ചെന്നൈയെക്കാള്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് രോഗബാധിതരുള്ളത്. ഹൃദ്രോഗികള്‍ അമേരിക്കയെക്കാള്‍ ഇന്ത്യയിലാണത്രെ കൂടുതല്‍. അമിതവണ്ണത്തിലും കേരളീയര്‍ മുമ്പിലാണ്. ഇന്ന് കേരളത്തിന്റെ മുക്കുമൂലകളില്‍ പോലും തടിച്ചികളും തടിയന്മാരും പ്രഭാതസവാരി നടത്തുന്നത് നിത്യകാഴ്ച. പക്ഷേ, വര്‍ഷങ്ങളായി നടക്കുന്നവരില്‍ പോലും ഇതുമൂലം അല്‍പം പോലും തടി കുറയുന്നില്ല എന്നത് എടുത്തുപറയണം. നടന്നു നടന്നു ചെരിപ്പ് തേയുന്നത് മിച്ചം.
ആധുനിക മനുഷ്യനു കിട്ടിയ മറ്റൊരു “സമ്മാന’മാണ് മലബന്ധം. തവിട്ടരി ഉപയോഗിക്കുന്നവരിലാവട്ടെ മലബന്ധം ഉണ്ടാകുന്നില്ല. ഭക്ഷ്യനാരുകള്‍ അഥവാ സെല്ലുലോസ്, പെക്ടിന്‍, ഗംസ്, ഹെറി, ബിഗ്ലുക്കന്‍സ്, ഇനുലിന്‍, ലാഗ്നിന്‍, റെസിസ്റ്റന്‍റ് സ്റ്റാര്‍ച്ച് എന്നിങ്ങനെ പല സൂക്ഷ്മ വസ്തുക്കളും തവിട്ടരിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഓരോന്നും ദഹന പ്രക്രിയയില്‍ വ്യത്യസ്ത രീതിയില്‍ ഇടപെടുകയും മലബന്ധം, തയ്റോയ്ഡ്, ക്യാന്‍സര്‍, പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം, കിഡ്നി രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങി മിക്ക അസുഖങ്ങള്‍ക്കും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണത്തില്‍ നിന്നുള്ള നാരുകളുടെ അളവ് 18 ഗ്രാമില്‍ കുറവ് കിട്ടുന്നവരുടെ മലത്തിന്റെ അളവ് 150 ഗ്രാമില്‍ കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് കുടലില്‍ ക്യാന്‍സര്‍ വരാമെന്നും കാരിംഗ്സും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നു. ഡൈവര്‍കുലര്‍ രോഗം വരുന്നവരില്‍ തവിട്ടരി മരുന്നായി നല്‍കിയപ്പോള്‍ അത് പൂര്‍ണമായി സുഖപ്പെട്ടെന്നു ഡോ. ക്ലീവ്. തവിടു നഷ്ടപ്പെടുന്ന ധാന്യാഹാരം നമുക്ക് നല്‍കുന്ന മറ്റു രോഗങ്ങളാണ് അര്‍ശസ് ഫിസ്റ്റുല, പൈല്‍സ് പോലുള്ളവ.
വൃത്തിയും വെടിപ്പുമുള്ള വീടും പരിസരവും ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരം അഴുക്കില്ലാതെ സൂക്ഷിക്കണമെന്നും നല്ല വസ്ത്രം ധരിക്കണമെന്നും നമുക്കറിയാം. മലമൂത്ര വിസര്‍ജനം ചെയ്താല്‍ ആ അവയവവും കൈയും ശുചിയാക്കണമെന്നും നമുക്കറിയാം. എന്നിട്ടുമെന്തേ നാം നിത്യരോഗികളായി മാറുന്നു. പുറംവൃത്തിയെക്കുറിച്ച് പഠിക്കുമ്പോള്‍ അകം വൃത്തിയാക്കുന്നതിനെക്കുറിച്ച് നാം പഠിക്കുന്നില്ല. നമ്മുടെ സര്‍ക്കാറുകളും മറ്റും പുറം വൃത്തിയെക്കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ആരോഗ്യവകുപ്പിന്റെ ഉത്ഭവത്തോടെയാണ് ജനകീയാരോഗ്യം തകര്‍ന്നടിഞ്ഞതെന്നാണ് പ്രകൃതി ചികിത്സകര്‍ പറയുക. മരുന്നു കമ്പനികളുടെയും മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളുടെയും ഏജന്‍റുമാരായി അവര്‍ മാറുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാവും. അകം വൃത്തിയെക്കുറിച്ച് മനുഷ്യസമൂഹത്തിനുള്ള പരമ്പരാഗതവും ജന്മസിദ്ധവുമായ അവബോധം ആരോഗ്യവകുപ്പ് നശിപ്പിച്ചുകളഞ്ഞു. പകരം ആരോഗ്യത്തെപ്പറ്റി കൃത്രിമവും വികലവുമായ ധാരണകള്‍ ജനങ്ങളില്‍ ഉണ്ടാക്കുകയും അവരെ നിത്യരോഗികളാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. സാമാന്യം അന്ധവിശ്വാസികളായ ജനങ്ങളെ മീഡിയകളുടെ സഹായത്തോടെ മുഴു അന്ധവിശ്വാസികളാക്കി മാറ്റുകയാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍.
ഡോ. കരകുളം നിസാമുദ്ദീന്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ