നേരം അര്‍ധരാത്രിയോടടുത്തിരിക്കുന്നു. വേപഥു പൂണ്ട മനസ്സുമായി അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) സഹ്ബാഇലെ താല്‍ക്കാലിക കൂടാരത്തിന് ചുറ്റും നടന്നു. ഉറയുരിഞ്ഞ വാളുമായി കണ്ണിമവെട്ടാതെ ദൂരേക്ക് നോക്കിനിന്നു.
ഖൈബറില്‍ നിന്നുള്ള മടക്കയാത്ര സഹ്ബാഇലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. മദീനയിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. കൂട്ടുകാരായ സ്വഹാബികള്‍ ശരീരം തളര്‍ന്ന് നിദ്രയിലാണ്ടു കിടക്കുന്നു. ആയിരത്തി നാനൂറ് പേരാണ് അവര്‍ ആകെ ഉണ്ടായിരുന്നത്. അവരില്‍ പതിനാറ് പേര് ഖൈബറില്‍ വധിക്കപ്പെട്ടു. പതിനായിരം പേരാണ് മറുപക്ഷത്തുണ്ടായിരുന്നത്. അവരെല്ലാം ജൂതന്മാര്. കരിങ്കല്‍ കോട്ടകളും കിടങ്ങുകളും തീര്‍ത്ത് മുസ്ലിംകളെ പ്രതിരോധിച്ച യഹൂദി പടക്ക് പക്ഷേ, പിടിച്ചുനില്‍ക്കാനായില്ല.
തൊണ്ണൂറ്റിമൂന്ന് യഹൂദി വഞ്ചകരെ ശിക്ഷിച്ച ഭൂമിയാണ് ഖൈബര്‍. പ്രതിരോധത്തിന്റെ കരിങ്കല്‍ സൗധങ്ങള്‍ ധാരാളമുണ്ട്. അശ്വസൈനികരെ നേരിടാന്‍ സുസജ്ജമായ ഓരോ കോട്ടയും ബഹുകോട്ടകളുടെ സമുച്ചയങ്ങളാണ്. കാരക്ക പഴുക്കുന്ന ഈന്തപ്പനകള്‍ ഇടതൂര്‍ന്ന തോട്ടങ്ങള്‍, സമൃദ്ധമായ മുന്തിരി വള്ളികള്‍, മറ്റു കൃഷിയിടങ്ങള്‍. ഖൈബറിനെ സമ്പുഷ്ടമാക്കിയ ഇവയെല്ലാം മുസ്ലിം അധീനത്തിലായി. യഹൂദികളുടെ കോട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞു. വര്‍ഷങ്ങളോളം കഴിയാവുന്ന ഭക്ഷ്യ ശേഖരങ്ങള്‍ നഷ്ടത്തിലായി. നിരാലംബരായ യഹൂദികള്‍ മുസ്ലിം സേനക്ക് കീഴൊതുങ്ങി. അനേകം പേര് യുദ്ധത്തടവുകാരായി. എല്ലാം ചെയ്തുകൂട്ടിയ ധിക്കാരത്തിന്റെ ഫലം!
മരവിച്ച മിഴികളുമായാണ് ജൂതര്‍ നടക്കുന്നത്. പ്രതികാരത്തിന്റെ കാട്ടുതീ ആളിക്കത്തിച്ചുകൊണ്ട് തക്കംപാര്ക്കുകയാണവര്. വെള്ളത്തില്‍ മുങ്ങിച്ചാവുന്നവനെ പോലെ ഏതു പിടിവള്ളിയിലും അവര്‍ പിടിച്ചുകയറും. കൂടാരത്തിനകത്ത് ഉറങ്ങിക്കിടക്കുന്ന നബി(സ്വ)യെയും പുതുപത്നി സ്വഫിയ്യ ബീവിയെയും ദ്രോഹിക്കാന്‍ വല്ല യഹൂദിയും ശ്രമിച്ചാലോ? അബൂ അയ്യൂബിന്റെ മനസ്സില്‍ മിന്നല്‍ പാഞ്ഞു. നബി(സ്വ)യുടെ രോമകൂപത്തിനു പോലും പോറലേല്ക്കാന് പാടില്ല. അതിനുവേണ്ടി ജീവന് വെടിയാന്‍ താന്‍ ഒരുക്കമാണ്. ഈ രാത്രിയില്‍ ഉറക്കമൊഴിച്ചു തിരുനബി(സ്വ)ക്ക് കാവല്‍ നില്‍ക്കണം. അബൂഅയ്യൂബ് തീരുമാനിച്ചു.
സ്വഫിയ്യ ബീവി നബി(സ്വ)യുടെ പത്നിപദം ചോദിച്ചു വാങ്ങിയത് യഹൂദികള്‍ക്ക് തീരെ പിടിച്ചിട്ടില്ല. അവരുടെ ഭര്‍ത്താവ് കിനാത്തും പിതാവ് ഹുയയ്യയും ഖൈബറില്‍ കൊല്ലപ്പെട്ടപ്പോഴായിരുന്ന അത്. തടവിലാക്കപ്പെട്ട സുന്ദരിയും പതിനേഴുകാരിയുമായ സ്വഫിയ്യ ബീവി സമര്‍ത്ഥയും ബുദ്ധിമതിയുമായിരുന്നു. നബി(സ്വ)യുടെ സന്നിധിയില്‍ സ്വഫിയ്യ(റ) ഹാജരാക്കപ്പെട്ടു. ദിക്കറിയാതെ മരുഭൂമിയില്‍ അകപ്പെട്ടുപോയ ഏകാകിനിയായ അഭയാര്‍ത്ഥിയുടെ മനസ്സായിരുന്നു അവര്‍ക്ക്.
നബി(സ്വ) അവരെ സാന്ത്വനിപ്പിച്ചു: ‘യഹൂദികളുടെ കടുത്ത വഞ്ചനയും ശത്രുതയുമാണ് യുദ്ധത്തിനു കാരണം. നിന്റെ ഭര്‍ത്താവും പിതാവുമൊക്കെ ധിക്കാരികളായിരുന്നല്ലോ. അല്ലാഹുവിനും അവന്റെ റസൂലിനുമെതിരെ പൊരുതി അവര്‍ക്ക് ജീവന് നഷ്ടമായി.
സ്വഫിയ്യ(റ) നബി(സ്വ)യെ ഒരു മാത്ര നോക്കിയിട്ട് താഴ്ത്തി. അവരുടെ കണ്‍കോണുകള്‍ നനഞ്ഞു. ഞാന്‍ നിന്നെ മോചിപ്പിക്കാം. അതോടെ നിനക്ക് വേണമെങ്കില്‍ നിന്റെ ശേഷിക്കുന്ന കുടുംബങ്ങളിലേക്ക് തിരിച്ചുപോകാം. അല്ലെങ്കില്‍ ഇസ്ലാം പുല്കുക, നിന്റെ സംരക്ഷണം ഞാനേറ്റെടുത്തുകൊള്ളാം. തിരുവാക്യം സ്വഫിയ്യ(റ) കേട്ടു.
അവരുടെ മനസ്സിലെ മുറിപ്പാടുകളില്‍ തേന്‍തുള്ളി വീണു. അടക്കിവെച്ച ആത്മനൊമ്പരങ്ങളുടെ മഹാസാഗരം അണപൊട്ടിയൊഴുകി. ആലോചനാമൃതമായ നിമിഷങ്ങള്‍. ഒടുവില്‍ അവര്‍ മനം തുറന്നു.
ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും തെരഞ്ഞെടുക്കുന്നു. ഇസ്ലാമാണെന്റെ മാനസം, തിരുനബി(സ്വ)യുടെ പത്നിയാകുന്നതിനേക്കാള് വലുതായി ലോകത്തെന്തുണ്ട്. സ്വന്തം ദേശത്തേക്ക് മടങ്ങാമായിരുന്നിട്ടും അവര്‍ മദീന തെരഞ്ഞെടുത്തു. ആ വാക്കുകളില്‍ ആത്മാര്‍ത്ഥത നിഴലിച്ചിരുന്നു.
സ്വഫിയ്യ ഓര്‍മകളിലേക്കു വീണു. മാസങ്ങള്‍ക്ക് മുമ്പാണ് ഒരു രാത്രിയില്‍ ആ സ്വപ്നം കണ്ടത്. യസ്രിബില്‍ നിന്ന് ഒരു പൂര്ണചന്ദ്രന് തന്റെ മടിത്തട്ടില്‍ വന്നു വീഴുന്നതായിരുന്നു സ്വപ്നം.
ഞെട്ടിയുണര്‍ന്നു. മെല്ലെ എഴുന്നേറ്റിരുന്നു. കിനാനയും ഉണര്‍ന്നു. എന്തുപറ്റി?
കണ്ട സ്വപ്നം അവര്‍ വിശദീകരിച്ചു.
‘യസ്രിബിലെ ചന്ദ്രന് എന്റെ മടിയില്‍ വന്നു വീണു. കിനാനത്തിനതു തീരെ രസിച്ചില്ല. യസ്രിബിലെ രാജാവിനെ ഭര്‍ത്താവായി ലഭിക്കാന്‍ മോഹിക്കുന്നല്ലേ?
രോഷത്തോടെ അയാള്‍ സ്വഫിയ്യയുടെ കവിളില്‍ ആഞ്ഞടിച്ചു. കരുത്തുള്ള കൈകൊണ്ട് അടി വീണപ്പോള്‍ നൊന്തെങ്കിലും ഇപ്പോഴിതാ ആ സ്വപ്നം പൂവണിയാന്‍ പോകുന്നു. യസ്രിബിലെ പ്രവാചകന് മുഹമ്മദ്(സ്വ) തന്നെ വിവാഹം കഴിക്കാനൊരുങ്ങുന്നു.
സ്വഫിയ്യ(റ) ഇസ്ലാം സ്വീകരിച്ചു. നബി(സ്വ) അവരെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. സ്വതന്ത്രയാക്കലായിരുന്നു വിവാഹമൂല്യമായി നിശ്ചയിച്ചത്. സ്വഹ്ബാഇലെ താല്‍ക്കാലിക തമ്പില്‍ അവര്‍ വീടുകൂടി.
* * *
നേരം പുലര്‍ന്നു. നബി(സ്വ) വീട്ടില്‍ നിന്നു പുറത്തുവന്നപ്പോള്‍ ഒരു കാല്പെരുമാറ്റം കേട്ടു. നബി(സ്വ) വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ അബൂഅയ്യൂബ്.
പ്രവാചകന് വിളിച്ചു: ‘അബൂ അയ്യൂബ്.’
അദ്ദേഹം അനുസരണയോടെ മുന്നില്‍വന്നു.
മദീനയില്‍ ഹിജ്റ വന്നപ്പോള്‍ തനിക്ക് ആതിഥ്യമരുളിയ സ്വഹാബി. സ്നേഹാദരവുകള്‍ കൊണ്ടുപൊതിഞ്ഞ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്താണ് അന്ന് ഒട്ടകം മുട്ടുകുത്തിയിരുന്നത്. ഒരു മാസം ആ വീട്ടിലാണ് താന്‍ താമസിച്ചത്. ഇപ്പോഴിതാ തനിക്കും സ്വഫിയ്യക്കം ഉറക്കമിളച്ച് കാവലാളാകുന്നു അദ്ദേഹം..
‘അല്ലാഹുവേ, എനിക്ക് കാവലാളായ അബൂ അയ്യൂബിന് നീ കാവല്‍ നല്കേണമേ.’ നബി(സ്വ) മനമുരുകി പ്രാര്‍ത്ഥിച്ചു.
* * *
നാല്പത്തിമൂന്ന് വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നുപോയത്. എന്തെല്ലാം സംഭവങ്ങള്‍ അതിനിടക്ക് അരങ്ങേറി. പ്രവാചകരുടെയും സന്മാര്ഗദര്ശികളായ നാലു ഖലീഫമാരുടെയും ഭരണകാലം കഴിഞ്ഞു. പിന്നീട് ഉമവിയ്യ ചക്രവര്‍ത്തിമാര്‍ ഭരണമേറ്റു.
ഉമവിയ്യ ഭരണത്തിലെ ഒന്നാം ഖലീഫ മുആവിയ്യ(റ) നാടുവാഴുന്ന കാലം. ലോകത്തിന്റെ സകലകോണുകളിലും ഇസ്ലാം പ്രചരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മകന് യസീദിന്റെ നേതൃത്വത്തില്‍ പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് ഒരു സൈന്യം പുറപ്പെട്ടു. പടിഞ്ഞാറന്‍ റോമിന്റെ ഭാഗമായ തുര്‍ക്കിയിലെ ഇസ്തംബൂളിനടുത്ത നദിക്കരയിലാണ് ആ സൈനികര്‍ എത്തിച്ചേര്‍ന്നത്. പ്രായം ഏറെ ചെന്നെങ്കിലും അബൂഅയ്യൂബ്(റ)യും ആ സൈന്യത്തില്‍ അണിചേര്‍ന്നു.
റോമിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. ശരീരത്തിന് മനസ്സിനൊപ്പമെത്താനാവാത്ത സ്ഥിതിയായി. തിരുനബി(സ്വ)യില്‍ നിന്ന് നേരില്‍ പഠിച്ച വല്ലതും പരസ്യപ്പെടുത്താന്‍ ബാക്കിയുണ്ടെങ്കില്‍ അതിനിപ്പോഴാണ് സമയമെന്ന് അദ്ദേഹം ഉറപ്പിച്ചു. താമസിയാതെ കൂട്ടുകാരെയും സഹയാത്രികരെയും വിളിപ്പിച്ചു.
ഒരു ഹദീസ് കൂടി പഠിപ്പിക്കുവാന്‍ ഞാന്‍ ബാക്കിവെച്ചിട്ടുണ്ട്. ‘ശിര്‍ക്ക് ചെയ്യാത്തവരായി മരിച്ചവരാരോ അവര്‍ സ്വര്‍ഗം പൂകും’ ഇതാണ് ഹദീസ്.
മരണം വിളിപ്പാടകലെ എത്തിനില്‍ക്കുന്നു. അവസാനം അദ്ദേഹം വസ്വിയ്യത്ത് രേഖപ്പെടുത്തി.
‘എന്റെ ആത്മാവ് പിരിഞ്ഞാല്‍ നിങ്ങള്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ശത്രുരാജ്യത്തിന്റെ മണ്ണില്‍ എന്നെ മറമാടണം.’
‘മുസ്ലിംകളുടെ ഭൂമി ഒഴിവാക്കി ശത്രുവിന്റെ മണ്ണിലോ?’ അത്ഭുതത്തോടെ അവരന്വേഷിച്ചു.
‘അതേ, ശത്രുവിന്റെ നാട്ടില്‍.’
അധികം താമസിയാതെ അബൂഅയ്യൂബ്(റ) മരണത്തിന് കീഴടങ്ങി. കൂടെയുള്ളവര്‍ വസ്വിയ്യത്ത് നിറവേറ്റാനൊരുങ്ങി. ആ രാത്രിയില്‍ തന്നെ അവര്‍ അദ്ദേഹത്തെ റോമില്‍ മറമാടി.
‘ഇന്നലെ രാത്രി നിങ്ങളില്‍ പുതിയ വല്ല സംഭവവും ഉണ്ടായിട്ടുണ്ടോ?’ അവര്‍ മുസ്ലിംകളോടന്വേഷിച്ചു. കളവ് പറയാനറിയാത്ത അവര്‍ ഉത്തരം നല്കി.
‘ഞങ്ങളില്‍ ബഹുമാന്യനും വയോധികനുമായ നബിശിഷ്യന് അബൂഅയ്യൂബ് ഇന്നലെ അന്ത്യയാത്രയായി. അദ്ദേഹത്തിന്റെ അന്തിമാഭിലാഷം മാനിച്ച് ഞങ്ങള്‍ നിങ്ങളുടെ മണ്ണില്‍ സംസ്കരിച്ചിട്ടുണ്ട്.’
ക്ഷോഭം കൊണ്ട് ചക്രവര്‍ത്തിയുടെ നാസിക വിറച്ചു. അയാള്‍ അലറി:
‘യസീദേ, നീ എത്ര വലി വിഡ്ഢി. നിന്നെ ഇങ്ങോട്ടയച്ചവനും വിഡ്ഢിതന്നെ. ഞങ്ങളുടെ ഭൂമിയില്‍ അടക്കം ചെയ്ത മൃതശരീരം മാന്തിയെടുത്ത് തീയിട്ട് ചാമ്പലാക്കിയാല്‍ നിങ്ങളെന്തു ചെയ്യും?
യസീദിന്റെ മുഖം പരിഹാസം കൊണ്ട് കോടി:
‘നീയാരാ എന്നെ ഭീഷണിപ്പെടുത്താന്‍. ആ ഖബ്റിന് വല്ല കേടുപാടും സംഭവിച്ചാല്‍ ഞങ്ങളുടെ അറേബ്യന്‍ ഭൂമികയിലെ സകല കൃസ്ത്യന്‍ ദേവാലയങ്ങളും ശവകുടീരങ്ങളും തകര്‍ത്ത് തരിപ്പണമാക്കും.’
വജ്രത്തേക്കാള്‍ കാഠിന്യമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്.
ഇടിവെട്ട്കൊണ്ട സര്‍പ്പത്തെപ്പോലെ അയാള്‍ വേഗം ഉള്‍വലിഞ്ഞു. ഒന്നിന് ആയിരം വെച്ച് പകരം വാങ്ങേണ്ടതില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ദേഷ്യവും പകയും വലിച്ചെറിഞ്ഞ് പകരം സ്നേഹത്തില്‍ ചാലിച്ച വചനങ്ങള്‍ കൊണ്ടദ്ദേഹം മുസ്ലിംകളെ സംബോധന ചെയ്തു:
‘ഞങ്ങളുടെ മതം കൊണ്ടാണയിട്ടു പറയുന്നു. അന്ത്യനാള്‍ വരെ അദ്ദേഹത്തിന്റെ ഖബ്റിടം സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുമെന്നുറപ്പ്.’
ചക്രവര്‍ത്തിയുടെ ഉത്തരവില്‍ ആത്മാര്‍ത്ഥത നിഴലിച്ചു. കോരിത്തരിപ്പിന്റെ കുത്തൊഴുക്കില്‍ മുസ്ലിംകള് ലയിച്ചു. തിരുനബി(സ്വ)യുടെ കാവല്‍ പ്രാര്‍ത്ഥന ഫലിച്ചു. ഒരു രാത്രി മുഴുവന്‍ കാവല്‍ നിന്ന് വാങ്ങിയ കാവല്‍. അബൂഅയ്യൂബ്(റ)ന്റെ മഖ്ബറ തുര്‍ക്കിയില്‍ ഏറെ പ്രശസ്തമായി ഇന്നും സംരക്ഷിക്കുന്നു. റോമക്കാര്‍ മഴക്ക് ക്ഷാമം നേരിടുമ്പോള്‍ അവിടെ വന്നു പ്രാര്‍ത്ഥിക്കുന്നു. മഴ വര്‍ഷിക്കുന്നു.
അവലംബം: അല്‍ബിദായ വന്നിഹായ/8, അസദുല്‍ ഗാബ/5, സയ്യിദുല്‍ ബശര്‍/362).
പിഎസ്കെ മൊയ്തു ബാഖവി മാടവന