ഹുദൈബിയ്യയിലെ കൂടാരത്തിനുമീതെ കൊടുങ്കാറ്റ് കെട്ടഴിഞ്ഞ് വീശുകയായിരുന്നു. അടഞ്ഞുകിടക്കുന്ന വാതില്‍ഉന്തിത്തുറന്ന് അയാള്‍സധീരം അകത്തു കടന്നു. നബി(സ്വ)യും കൂട്ടുകാരും അപരിചിതനെ നോക്കിനിന്നു. ഒരിക്കല്‍പോലും കണ്ടമുഖമായിരുന്നില്ല അത്. ആഴത്തിലുള്ള മുറിവിന്റെ പാടുള്ള വികൃതമുഖം. അയാള്‍വളരെ ദൂരം യാത്ര ചെയ്തുവന്നതാണെന്ന് തോന്നും.

അയാള്‍നബി(സ്വ)യുടെ മുന്നില്‍വന്നു വീണു. തിരുപാദങ്ങളില്‍മുഖമമര്‍ത്തി തുരുതുരാ ചുംബിക്കാന്‍തുടങ്ങി. മരവിച്ച ആ മിഴികളില്‍ദീനത തളംകെട്ടി നിന്നിരുന്നു. ഇരു കരങ്ങളിലും ഇരുന്പ് ചങ്ങലയുടെ പാടുകള്‍. പൊട്ടിച്ച ചങ്ങലയുടെ ബാക്കി കഷ്ണം കാലിലും.

ആരാ, എന്താ? നബി(സ്വ) ചോദിച്ചു.

അയാളുടെ കരുവാളിച്ച അധരങ്ങള്‍ഒന്നു പിടഞ്ഞു. കണ്ണുകള്‍നിറഞ്ഞു.

റസൂലേ…! അയാള്‍വിളിച്ചു.

സ്വഹാബികള്‍ആകാംക്ഷയോടെ അടുത്തുവന്നു.

നീയാരാണു മോനേ? നബി(സ്വ)യുടെ ചോദ്യം.

“റസൂലേ, ഞാനാണ് അബൂജന്തല്‍. താങ്കളുടെ ചാരത്തിരിക്കുന്ന ഈ സുഹൈലിന്റെ മകനാണ് ഞാന്‍. മക്കാ മുശ്രിക്കുകളുടെ പ്രതിനിധിയായെത്തി തങ്ങളുമായി സമാധാന കരാറെഴുതിക്കൊണ്ടിരിക്കുന്ന സുഹൈലുബിന്‍അംറിന്റെ പുത്രന്‍തന്നെ. അങ്ങ് മക്കയിലേക്കുള്ള വഴിയില്‍ഹുദൈബിയ്യയില്‍എത്തിയെന്നറിഞ്ഞപ്പോള്‍അങ്ങയുടെ വദനമൊന്ന് കാണാന്‍വെന്പല്‍കൊണ്ട് ഞാനിങ്ങോട്ട് വരാനൊരുങ്ങി. പക്ഷേ, എന്റെ ഈ പിതാവ് എന്നെ ക്രൂരമായി മര്‍ദിക്കുകയും ചങ്ങലയില്‍ബന്ധിക്കുകയും ചെയ്തു. ആ ചങ്ങല പൊട്ടിച്ചോടി വരികയാണ് ഞാനിപ്പോള്‍. ഞാന്‍മുസ്ലിമാണ് റസൂലേ… എന്നെ സ്വീകരിച്ചാലും…’

സദസ്സില്‍മൗനം പടര്‍ന്നു. സുഹൈലിന്റെ നെറ്റിയില്‍ഞരന്പുകള്‍പിടഞ്ഞു. നാണംകെട്ട അയാള്‍രക്ഷപ്പെടാന്‍പഴുതുകള്‍പരതി.

“മുഹമ്മദ്, ഇത് ആദ്യ പരീക്ഷണമാണ്. നാം എഴുതിയ കരാര്‍ഇവന്റെ കാര്യത്തിലും പാലിക്കണം.

ഞങ്ങള്‍ഖുറൈശികളുടെ പക്ഷത്ത് നിന്ന് ഇസ്‌ലാം സ്വീകരിച്ച് നിന്‍റടുത്ത് അഭയം തേടുന്നവര്‍ക്ക് സംരക്ഷണം നല്‍കാതെ അവരെ ഞങ്ങള്‍ക്കുതന്നെ വിട്ടുതരണം. മുസ്‌ലിംകളില്‍നിന്ന് മതംമാറി ആരെങ്കിലും ഞങ്ങളെ സമീപിച്ചാല്‍അവര്‍ക്ക് ഞങ്ങളഭയം നല്‍കുന്നതും നിങ്ങള്‍ക്ക് വിട്ടുതരുന്നതുമല്ല’.

സന്ധിസംഭാഷണത്തിലെ ആ ഖണ്ഡിക സുഹൈല്‍ഓര്‍മിപ്പിച്ചു.

അബൂജന്തലിന്റെ നെഞ്ചിന്‍കൂട് വിങ്ങി. ഈര്‍ഷ്യത്തോടെ അദ്ദേഹം പിതാവിനെ നോക്കി.

“മുസ്‌ലിം സമൂഹമേ, എന്നെ മുശ്രിക്കുകള്‍ക്ക് തന്നെ വിട്ടുകൊടുക്കുകയോ. ഞാന്‍ഇസ്‌ലാം സ്വീകരിച്ചു വന്നതാണ്. അതിനാല്‍എന്നെ ഏറ്റെടുക്കുവീന്‍. എന്റെ മുഖത്തെയും കൈകാലുകളിലെയും ചോരയൊലിക്കുന്ന മുറിപ്പാടുകള്‍നിങ്ങള്‍കാണുന്നില്ലേ. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ഏറ്റ പീഡനങ്ങളാണിത്. ഇനിയും നിങ്ങളെന്നെ ആ ദുഷ്ടര്‍ക്ക് ഏല്‍പിച്ചു കൊടുക്കരുതേ…’

അബൂജന്തലിന്റെ ദീനരോദനം ഉയര്‍ന്നുപൊങ്ങി.

കാരുണ്യക്കടലായ നബി(സ്വ)യുടെ ഹൃദയം നൊന്തു

“സുഹൈല്‍, കരാര്‍പത്രം എഴുതി പൂര്‍ത്തിയായിട്ടില്ലല്ലോ. അതിനാല്‍അബൂജന്തലിനെ ഞങ്ങള്‍ക്ക് വിട്ടുതരൂ.’

നബി(സ്വ) ആവര്‍ത്തിച്ചാവശ്യപ്പെട്ടു. പക്ഷേ, സുഹൈല്‍വഴങ്ങിയില്ല. അയാള്‍ശഠിച്ചു.

“എങ്കില്‍കരാര്‍ഇവിടെ വെച്ചവസാനിപ്പിക്കാം. ഞാന്‍തിരിച്ചുപോകാം.’

വിശ്വാസ സ്വാതന്ത്ര്യം വകവെച്ചു കിട്ടാതെ വന്നപ്പോള്‍അബൂജന്തല്‍നിസ്സഹായനായി. പെയ്യാന്‍വെന്പിനില്‍ക്കുന്ന കാര്‍മേഘം കണക്കെ മുഖം ഇരുണ്ടു.

“അബൂജന്തല്‍, നീ സമാധാനിക്കുക. ക്ഷമ കൈക്കൊള്ളുക. പറഞ്ഞ വാക്കു തെറ്റിക്കാന്‍എനിക്കു നിര്‍വാഹമില്ല. വഴിവിട്ടു സഹായിക്കാനും വയ്യ. നിനക്ക് അല്ലാഹു രക്ഷാമാര്‍ഗം ഉണ്ടാക്കും. അതുവരെ കാത്തിരിക്കുക. തല്‍ക്കാലം നീ പിതാവിന്റെ കൂടെ മക്കയിലേക്ക് തന്നെ പോവുക.’

അബൂജന്തല്‍(റ) നബി(സ്വ)യുടെ ഉപദേശം ചെവിക്കൊണ്ടു. അനുസരണയോടെ തലയാട്ടി.

പ്രഥമദൃഷ്ട്യാ ആ നിബന്ധന സ്വഹാബികളില്‍പലരും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, തിരുനബിയുടെ തീരുമാനമല്ലേ. എതിര്‍ക്കുന്നതിലര്‍ത്ഥമില്ല. ഭാവിയില്‍എന്തെങ്കിലും ഗുണം കാണാതെ അത്തരമൊരു തീരുമാനത്തിന് റസൂല്‍ഒരിക്കലും ഒരുങ്ങുകയില്ല. ദിവ്യസന്ദേശ പ്രകാരമാണവിടുത്തെ ഓരോ വാക്കും പ്രവൃത്തിയും. അവര്‍ആശ്വാസം കൊണ്ടു.

സുഹൈല്‍മക്കയിലേക്കു നീങ്ങി. അയാള്‍സ്വയമഭിമാനിച്ചു. സമാധാന ദൂതനായി മുഹമ്മദിനെ സമീപിക്കുന്പോള്‍ഇത്രമേല്‍വിജയിക്കുമെന്ന് കരുതിയിരുന്നില്ല. സമാധാന കരാറിലെ ചിലതൊന്നും മുഹമ്മദിന്റെ അനുചരര്‍ക്ക് രസിച്ചിട്ടില്ല. പക്ഷേ, അച്ചടക്കമുള്ളതുകൊണ്ട് അവര്‍മുഹമ്മദിനെ അംഗീകരിക്കുന്നു. നബിയാകട്ടെ രാജ്യത്ത് സമാധാനം പുലരാം സംഘര്‍ഷം അവസാനിപ്പിക്കാനും ഉല്‍ക്കടമായി ആഗ്രഹിച്ചു. തന്നിമിത്തം പരമാവധി വിട്ടുവീഴ്ചക്കു തയ്യാറായി.

മുഹമ്മദിനെ നബിയോ റസൂലോ ആയി അംഗീകരിക്കാതെ കേവലം അബ്ദുല്ലയുടെ മകന്‍മുഹമ്മദ് എന്നു മാത്രം പറയുന്ന ധിക്കാരികളായ ഖുറൈശികള്‍ക്ക് വേണ്ടിയാണ് താന്‍സന്ധി നടത്തുന്നത്. വിശാല മനസ്കനായ മുഹമ്മദിന് അതിലൊന്നും പരിഭവമില്ലായിരുന്നു. നിരായുധരായി ഉംറക്കു മാത്രം വന്ന മുസ്‌ലിംകളെ എന്തിനു തടയണമെന്ന ചോദ്യത്തിനും “ഖുറൈശികളുടെ ഹുങ്ക്’ എന്നല്ലാതെ മറുപടിയില്ല.

സുഹൈലിന്റെ ഓര്‍മകള്‍ക്ക് ചൂടുപിടിച്ചു. മുഹമ്മദ് നബിയും ആയിരത്തഞ്ഞൂറ് പേരുള്‍പ്പെട്ട സംഘവും കഅ്ബാ പ്രദക്ഷിണത്തിന് വരുന്നുവെന്ന് കേട്ടപ്പോള്‍മുതല്‍തുടങ്ങിയതാണ് ഖുറൈശികളുടെ കലി.

ഒരു കാരണവശാലും മക്കാ പ്രവേശനത്തിനനുവദിക്കില്ലെന്ന് അവര്‍ശപഥം ചെയ്തു. രഹസ്യ നിരീക്ഷണത്തിനായി ഖാലിദ് ബിന്‍വലീദിന്റെ നേതൃത്വത്തില്‍ഇരുനൂറംഗ അശ്വഭടന്മാരെ മക്കമദീന വഴിയിലെ ദീത്വുവയിലേക്കയച്ചു. റസൂലാകട്ടെ സംഘര്‍ഷം സൃഷ്ടിക്കേണ്ടെന്നു കരുതി വഴിമാറി സഞ്ചരിച്ചു. സമാധാനമായിരുന്നു നബിയുടെ ലക്ഷ്യം.

നബിയും സംഘവും മക്കയുടെ മുപ്പത്തിയഞ്ച് കിലോമീറ്ററടുത്തുള്ള ഹുദൈബിയ്യയിലെത്തിയപ്പോഴാണ് ഖുറൈശികളുടെ ധാര്‍ഷ്ഠ്യം ശതഗുണീഭവിച്ചത്. മക്കത്തേക്ക് കടക്കാനവര്‍അനുവദിക്കില്ലെന്ന് മുസ്‌ലിംകള്‍ക്ക് ബോധ്യമായി.

“നിരന്തര യുദ്ധം അറബികളെ സാന്പത്തികവും മാനസികവുമായി തളര്‍ത്തിയിട്ടുണ്ട്. അതിനാല്‍യുദ്ധത്തിന് കോപ്പ് കൂട്ടാതിരിക്കുക. ഞങ്ങള്‍നിരായുധരാണ്. ഉംറ ചെയ്യാനനുവദിക്കുക. അതിനൊരുക്കമല്ലെങ്കില്‍മരണം വരെ പോരാടാനും തയ്യാറാണ്’

നബി(സ്വ) ഖുറൈശികളെ അറിയിച്ചു. അതോടെ അവര്‍കുലുങ്ങി. മധ്യസ്ഥതക്ക് കൊണ്ടുപിടിച്ച ശ്രമമായി.

മുഖ്രിസ്, ഹുലൈസ്, ഉര്‍വത്ത് എന്നിവരെല്ലാം മാറിമാറി സംഭാഷണത്തിനെത്തി. അവരെല്ലാം തിരികെചെന്ന് നബിയുടെ പ്രതാപവും സമാധാന സന്നദ്ധതയും ഖുറൈശികളെ അറിയിച്ചു.

അതിനു പുറമെ നബിയുടെ സന്തതസഹചാരിയായ ഉസ്മാനുബിന്‍അഫ്ഫാനെ സമാധാന ദൂതുമായി ഖുറൈശി നേതാവായ അബൂസുഫ്യാന്റെയടുത്തേക്കയച്ചു. ക്രൂരന്മാരായ ഖുറൈശികള്‍പക്ഷേ, മര്യാദകള്‍ലംഘിച്ച് അദ്ദേഹത്തെ തടവിലാക്കി. വിനയത്തിന്റെ പര്യായമായ ഉസ്മാന്‍(റ)ന്റെ ശബ്ദം ഉയര്‍ന്നു:

“ഖുറൈശികളേ, റസൂല്‍യുദ്ധത്തിനു വന്നതല്ല. ഉംറക്ക് വന്നതാണ്. അതിനനുവദിക്കൂ…’

“ഒരു കാരണവശാലും മുഹമ്മദിനെ ഉംറക്കനുവദിക്കില്ല ഉസ്മാന്‍. നിനക്കുവേണമെങ്കില്‍ഉംറ ചെയ്യാം.’

“തിരുനബി(സ്വ)യെ അനുവദിക്കില്ലെങ്കില്‍എനിക്ക് മാത്രമായി ഒരു സൗജന്യം വേണ്ട.’

ഉസ്മാന്‍തിരിച്ചടിച്ചു.

ഉസ്മാന്‍(റ) തടവിലാക്കപ്പെട്ട വിവരം ഹുദൈബിയ്യയിലെത്തിയപ്പോള്‍രംഗം ചൂടായി. അതിനിടെ അദ്ദേഹം കൊല്ലപ്പെട്ടതായും ശ്രുതിപരന്നു. അതോടെ ഖുറൈശികളെ വിടരുതെന്നായി സ്വഹാബികള്‍. ഏതു പ്രക്ഷുബ്ധാവസ്ഥയും നേരിടാന്‍ഞങ്ങള്‍സുസജ്ജരാണെന്ന് സ്വഹാബികള്‍നബിയുമായി ഉടന്പടി (ബൈഅത്ത് രിള്വാന്‍) ചെയ്തു.

മുസ്‌ലിംകളുടെ ദൃഢനിശ്ചയത്തിനു മുന്പില്‍തങ്ങള്‍തകരുമെന്ന് മക്കക്കാര്‍മനസ്സിലാക്കി. മഞ്ഞുരുകി. ഉസ്മാനെ വിട്ടയച്ചു. അപ്പോഴാണ് താന്‍സന്ധി സംഭാഷണത്തിനു വേണ്ടി നബിയുടെ ചാരത്തേക്കു ചെല്ലുന്നത്.

“സുഹൈല്‍, മുഹമ്മദ് എന്തു പറഞ്ഞു?’

അബൂസുഫ്യാന്റെ ശബ്ദം കേട്ട് സുഹൈല്‍മനോവിചാരങ്ങളില്‍നിന്നു പുറത്തുകടന്നു.

“ഇപ്പോള്‍മക്കയില്‍പ്രവേശിക്കാതെ അവര്‍തിരിച്ചുപോകാനും അടുത്ത വര്‍ഷം ഉംറക്ക് വരാനും തീരുമാനമായി. അടുത്ത വര്‍ഷം അവര്‍വരുന്പോള്‍മൂന്നു ദിവസം മക്കയും കഅ്ബയും അവര്‍ക്കായി നാം ഒഴിഞ്ഞുകൊടുക്കണം.’

സുഹൈല്‍തീരുമാനം വിശദീകരിച്ചു.

അബൂസുഫ്യാന്‍സമ്മതമറിയിച്ചു.

“നമ്മുടെ ആള്‍ക്കാര്‍ദൈവങ്ങളെ ഒഴിവാക്കി മുസ്ലിമായാല്‍പോലും ഭയപ്പെടാനില്ല. കാരണം, കരാര്‍പ്രകാരം മുഹമ്മദ് അവരെ സ്വീകരിക്കില്ല. അഭയം നല്‍കി പാര്‍പ്പിക്കുകയുമില്ല. അവരെ നമുക്ക് തന്നെ വിട്ടുതരും. ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. ഭ്യേം ചെയ്യാം. സത്യം മൂടിവെക്കുകയോ അസത്യം അടിച്ചേല്‍പ്പിക്കുകയോ ആവാം.’

“ചുരുക്കിപ്പറഞ്ഞാല്‍ഇത് നമ്മുടെ വിജയമാണ്.’ അബൂസുഫ്യാന്‍പറഞ്ഞു.

* * *

പുറത്തെ കാല്‍പെരുമാറ്റം കേട്ട് നബി(സ്വ) അങ്ങോട്ടുനോക്കി. മദീന പള്ളിയുടെ ഉമ്മറത്ത് ഒരു ചെറുപ്പക്കാരന്‍നില്‍ക്കുന്നു. അയാള്‍നബി(സ്വ)യെ കണ്ടമാത്രയില്‍ആദരവോടെ ചോദിച്ചു:

എന്നെ അറിയുമോ, അവിടുന്ന്? ഞാനാണ് അബൂബസ്വീര്‍. മക്കയില്‍നിന്നു വരികയാണ്. ഖുറൈശികളിലെ ബനൂ സുഹ്റത്ത് കുടുംബത്തിന്റെ സംരക്ഷണത്തില്‍കഴിയുകയായിരുന്നു. അല്ലാഹുവിലും റസൂലിലും വിശ്വസിച്ചിരിക്കുന്നു ഞാന്‍.’

പ്രവാചക വദനത്തില്‍സന്തോഷവും സഹതാപവും മാറിമാറി തളിരിട്ടു.

“അബൂബസ്വീര്‍, നിനക്കിവിടെ അഭയം തരാന്‍നിര്‍വാഹമില്ല. ഹുദൈബിയ്യയിലെ സമാധാന കരാര്‍ലംഘിക്കാന്‍പാടില്ലല്ലോ. അതിനാല്‍നീ ഖുറൈശികളുടെ അടുത്തേക്കു തന്നെ തിരിച്ചേക്കുക.’

അല്‍പം കഴിഞ്ഞപ്പോള്‍ അപരിചിതരായ രണ്ടാളുകള്‍അവിടേക്കു വന്നു. അവരുടെ കണ്ണുകളില്‍ക്രൗര്യത്തിളക്കം.

“ഞങ്ങള്‍മക്കക്കാരാണ്. ഇവനെ പിടിച്ചു കൊണ്ടു ചെല്ലാന്‍നിയോഗിക്കപ്പെട്ടവര്‍.’

“അബൂബസ്വീര്‍, നീ ഇവരുടെ കൂടെ തിരിച്ചുപോകണം’ നബി(സ്വ) പറഞ്ഞു.

നിര്‍വാഹമില്ലാതെ അബൂ ബസ്വീര്‍അവരുടെ കൂടെ പടിയിറങ്ങി. ആഗതര്‍ക്ക് സാമ്രാജ്യം കീഴടക്കിയ സന്തോഷം. പത്തു കിലോമീറ്റര്‍സഞ്ചരിച്ച് ദുല്‍ഹുലൈഫയിലെത്തിയപ്പോള്‍മൂവരും ഭക്ഷണം കഴിക്കാനിരുന്നു.

വിശ്വാസ സ്വാതന്ത്ര്യമനുവദിക്കാതെ തന്നെ അടിമച്ചങ്ങലയില്‍തളച്ച ഇരുവരോടും അടങ്ങാത്ത ഈര്‍ഷ്യത അബൂബസ്വീറില്‍പതഞ്ഞുപൊന്തി. മക്കയിലെത്തിയാല്‍താന്‍കൊലക്കത്തിക്കിരയാകുമെന്നദ്ദേഹം ഉറപ്പിച്ചു. അതിനനുവദിച്ചു കൂടാ.

ഇവരില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. അതിനെന്തുവഴി?

അവസരമൊത്തപ്പോള്‍അകന്പടിക്കാരില്‍ഒരാളുടെ വാള്‍അദ്ദേഹം കൈക്കലാക്കി. വായുവില്‍ഒരു സീല്‍ക്കാരം. വാള്‍ഉയര്‍ന്നുതാഴ്ന്നു. അയാളുടെ അലര്‍ച്ച ഉയര്‍ന്നു. ശിരസ്സ് ഉടലില്‍നിന്നു വേര്‍പ്പെട്ടു.

രണ്ടാമന്‍നിന്നു വിറച്ചു. അടുത്തത് തന്റെ ഊഴമാണെന്നുറപ്പിച്ച. അയാള്‍തിരിഞ്ഞൊരോട്ടം. ചെന്നുനിന്നത് മദീനയില്‍നബി(സ്വ)യുടെ സന്നിധിയില്‍.

“എന്റെ കൂട്ടുകാരനെ അബൂബസ്വീര്‍വധിച്ചുകളഞ്ഞു. ഇനി എന്നെയായിരിക്കും..’ അയാള്‍കിതച്ചു പറഞ്ഞു.

അടിയേറ്റ മൂര്‍ഖനെപ്പോലെ അപ്പോഴേക്കും അബൂബസ്വീര്‍അവിടെ ചീറിയെത്തി. ഇതുകണ്ട് മക്കക്കാരന്‍പിന്നോട്ടാഞ്ഞു. അബൂബസ്വീര്‍നബി(സ്വ)യുടെ അരികെവന്ന് വിനയപൂര്‍വം പറഞ്ഞു:

“എന്നെ അവര്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തതോടെ അങ്ങയുടെ കടമ കഴിഞ്ഞിരിക്കുന്നു. അങ്ങ് ഉടന്പടി ലംഘിച്ചിട്ടില്ല. എന്നാല്‍എന്റെ ജീവന്‍രക്ഷിക്കേണ്ടത് ഞാനാണ്. അതിന് ഇതല്ലാതെ മാര്‍ഗമില്ല.’

നബി(സ്വ)യുടെ മുഖം വിവര്‍ണമായി. ചുട്ടുപഴുത്ത വാക്കുകള്‍പുറത്തുവന്നു:

“കഷ്ടം, യുദ്ധാഗ്നി കത്തിയാളിക്കുന്നവനാണിവന്റെ പക്ഷം ചേരുന്നവര്‍.’

അവിടെ നില്‍ക്കാന്‍പഴുതില്ലാതെ അബൂബസ്വീര്‍നിന്നുരുകി.

യഥാര്‍ത്ഥത്തില്‍താനത് ചെയ്തത് ദേഹരക്ഷാര്‍ത്ഥമാണ്. പ്രവാചകര്‍തന്നില്‍കൊലക്കുറ്റം ചുമത്തിയിട്ടുമില്ല. എങ്കിലും സമാധാനത്തിലും കരാറിലും കഴിഞ്ഞുകൂടുന്ന ഇരുവിഭാഗവും മാറിയ സ്ഥിതിയില്‍നേതാവിന്റെ കല്‍പനയില്ലാതെ അക്രമം പ്രവര്‍ത്തിച്ചത് ശരിയായില്ല. അദ്ദേഹം സ്വയം പഴിച്ചു കൊണ്ടിരുന്നു.

തന്നെ ശരിവെക്കുകയോ പിന്തുണക്കുകയോ ചെയ്യാനാളില്ലാതെ അബൂബസ്വീര്‍ഒറ്റപ്പെട്ടു. തിരുസവിധത്തില്‍നിന്ന് തിരിഞ്ഞോടിയ അദ്ദേഹം. മക്കയില്‍നിന്ന് ശാമിലേക്കുള്ള വഴിയിലെ ഈസ് എന്ന തീരപ്രദേശത്തേക്ക് കടന്നു.

* * *

ഒരു പ്രഭാതം.

നബി(സ്വ)യും സ്വഹാബികളും പള്ളിയിലിരിക്കുന്നു. മദീനാ തെരുവിലൂടെ ഒരു വൃദ്ധന്‍നടന്നടുക്കുന്നു.

അബൂസുഫ്യാന്‍!

ചിലരുടെ ചുണ്ടുകള്‍മന്ത്രിച്ചു.

ഖുറൈശികളുടെ നേതാവ്. ഹുദൈബിയ്യയില്‍വെച്ച് കടുത്ത നിബന്ധനകളോടെ കരാറിന് കളമൊരുക്കിയയാള്‍. ഇങ്ങോട്ടു കടന്നുവരാന്‍എന്താണാവോ കാര്യം?

“മുഹമ്മദ് അങ്ങേക്ക് സുഖമല്ലേ’? സ്നേഹമസൃണമായി അയാള്‍ചോദിച്ചു.

നിങ്ങളെന്തിനാണിപ്പോള്‍ഇങ്ങു വന്നത്? നബി(സ്വ)തിരക്കി.

“വരേണ്ട അത്യാവശ്യമുണ്ടായിട്ടുതന്നെ’ അബൂ സുഫ്യാന്‍താഴ്മയോടെ സംസാരിച്ചു തുടങ്ങി.

സ്വഹാബികള്‍കാതുകൂര്‍പ്പിച്ചു.

“അന്ന് ഹുദൈബിയ്യയില്‍വെച്ചുണ്ടാക്കിയ കരാറില്‍ചില ഇളവുകള്‍വരുത്തണം. അത് സംസാരിക്കാനാണ് ഞാന്‍വന്നത്.’

എന്താണത്?

“ഞങ്ങളുടെ കൂട്ടത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചു വരുന്നവര്‍ക്ക് മദീനയില്‍അഭയം നല്‍കരുതെന്ന വ്യവസ്ഥ തിരുത്തണം. കാരണം, അവരെക്കൊണ്ടുള്ള ശല്യം സഹിക്കവയ്യാതായിരിക്കുന്നു. മക്കയില്‍നിന്ന് ശാമിലേക്ക് കച്ചവടത്തിന് പോകുന്ന യാത്രാസംഘങ്ങളെ തടഞ്ഞുവെക്കുക, ഭീഷണിപ്പെടുത്തുക, സന്പത്ത് പിടിച്ചടക്കുക തുടങ്ങിയ അക്രമങ്ങളില്‍അവര്‍കേന്ദ്രീകരിച്ചിരിക്കുന്നു. അവര്‍ഞങ്ങളുടെ കുട്ടികളാണെങ്കിലും ഞങ്ങളോടൊത്ത് മക്കയില്‍ജീവിക്കാനവര്‍ഇഷ്ടപ്പെടുന്നില്ല. മദീനയില്‍അങ്ങയോടൊത്ത് കഴിയാനാണ് ആഗ്രഹം. അതിന് വിഘാതം നില്‍ക്കുന്നത് ഹുദൈബിയ കരാറുമാണ്. അസ്വസ്ഥരായ അവര്‍തീരപ്രദേശത്ത് ഒളിത്താവളം പണിത് പാര്‍ക്കുകയാണ്. എഴുപതോളം വരുന്ന യുവാക്കളുടെ സംഘമായിട്ടുണ്ട് ഇന്നവര്‍. അബൂബസ്വീറും അബൂജന്തലുമാണ് അവരുടെ നേതാക്കള്‍. ആകയാല്‍പ്രസ്തുത കരാറില്‍ഭേദഗതി ചെയ്ത് അവരെ ഇവിടെ പാര്‍പ്പിച്ചുകൊള്ളുക.’

സ്വഹാബികളുടെ മനസ്സില്‍ആനന്ദത്തിരമാല അലതല്ലി. അന്ന് കരാറെഴുതുന്പോള്‍ആശങ്കതോന്നിയവര്‍മനസ്സാലെ ഖേദിച്ചു. നബി(സ്വ)യുടെ ദീര്‍ഘവീക്ഷണവും വിജയവും അവര്‍കൊണ്ടാടി.

തിരുനബി(സ്വ) ആ സന്തോഷമറിയിച്ച് അവര്‍ക്ക് കത്തെഴുതി. കത്തവിടെയെത്തുന്പോള്‍അബൂബസ്വീര്‍(റ) മരണത്തോട് മല്ലടിക്കുകയായിരുന്നു. കത്ത് ആദരപൂര്‍വം വാങ്ങി കൈയില്‍പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവ് എന്നെന്നേക്കുമായി പറന്നകന്നു.

മയ്യിത്ത് സംസ്കരണ ക്രിയകള്‍ക്ക് അബൂജന്തല്‍നേതൃത്വം നല്‍കി. ഈസില്‍തന്നെ അദ്ദേഹത്തെ മറമാടി. സ്മരണക്കായി അവിടെ ഒരു പള്ളിയും പണികഴിപ്പിച്ച് അബൂജന്തലും മറ്റു വിശ്വാസികളും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി മദീനയിലെത്തിച്ചേര്‍ന്നു.

ഉര്‍വത്ത്, അബൂസുഫ്യാന്‍തുടങ്ങിയവരെല്ലാം പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയും ഉത്തമരായ സ്വഹാബികളാവുകയും ചെയ്തു.

(ബുഖാരി/2731, ഫത്ഹുല്‍ബാരി 7/231, സയ്യിദുല്‍ബശര്‍)

പിഎസ്കെ മൊയ്തുബാഖവി മാടവന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ