മഹാനായ ശൈഖ് ജീലാനി(റ)യുടെ പന്ത്രണ്ടാം തലമുറഅയിലെ ഫത്ഹുല്ലാഹിൽ ബഗ്ദാദി(റ) പത്താം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെത്തി. കർണാടകയിലെ കർവാക ജില്ലയിൽ അങ്കോല താലൂക്കിൽ ബർവാഡ എന്ന സ്ഥലത്ത് താമസമാക്കി. മംഗലാപുരത്തുനിന്നും ഇരുന്നൂറിലധികം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് അങ്കോല. സാത്വികനും പണ്ഡിതനുമായിരുന്ന അദ്ദേഹം അവിടെ നിന്ന് വിവാഹം ചെയ്തു. അതിൽ ജനിച്ച നാല് ആൺമക്കളിൽ ഇളയയാളാണ് സയ്യിദ് മൂസാ വലിയുല്ലാഹി(റ).
സയ്യിദ് മൂസാ(റ) വളരെ ചെറുപ്പത്തിൽ തന്നെ ആത്മീയ കാര്യങ്ങളിൽ ഉത്സാഹവും ആവേശവും കാണിച്ചു. പിതാവിന്റെ പാത പിന്തുടർന്ന് ജീവിച്ച അദ്ദേഹം അങ്കോലയിലെ കുലീന കുടുംബത്തിൽ നിന്നും ഹലീമ എന്ന യുവതിയെ വിവാഹം ചെയ്തു. അല്ലലും അലട്ടലുമില്ലാതെ സന്തോഷകരമായി മുന്നോട്ട് പോയി ആ ദാമ്പത്യം. എന്നാൽ തങ്ങൾക്കൊരു കുഞ്ഞ് ജനിക്കാത്തതിൽ അവർ ദുഃഖിതരായി. അല്ലാഹുവിനോട് മനമുരുകി പ്രാർത്ഥിച്ചു. മഹാന്മാരെ സമീപിച്ച് ദുആ നടത്തിച്ചു. നിരാശരാവാതെ എല്ലാം അല്ലാഹുവിൽ അർപ്പിച്ചു. കാലങ്ങൾ കടന്നുപോയി.
സൗകര്യം ലഭിച്ചപ്പോൾ സയ്യിദ് മൂസാ അവർകൾ വിശുദ്ധ ഹറമൈനിയിലേക്ക് പുറപ്പെട്ടു. ഹജ്ജും ഉംറയും സിയാറത്തും നിർവഹിച്ച് പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. മഹാൻമാരെ കാണുകയും ആശിർവാദം നേടുകയും ചെയ്തു. എല്ലാ പുണ്യ കേന്ദ്രങ്ങളിലും ഹജ്ജിന്റെ അമലുകളോടനുബന്ധിച്ചുമെല്ലാം കുഞ്ഞുണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിച്ചു.
മക്കയിൽ നിന്ന് മടക്കയാത്ര ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കെ ഒരപരിചിതനുമായി സംസാരിക്കാൻ ഇടവന്നു. യാത്രാ ക്ഷീണമൊന്നും പ്രകടിപ്പിക്കാത്ത പ്രസന്നവദനൻ. ആ മുഖത്ത് നല്ല ഐശ്വര്യം. ഒറ്റക്കാഴ്ചയിൽ തന്നെ ഒരു മഹാനാണെന്ന് മനസ്സിലാവും. സയ്യിദ് മൂസ(റ) അവർകളോട് കുടുംബ വിശേഷങ്ങൾ ചോദിച്ചു. താൻ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഖളിർ(അ)നോടാണെന്നദ്ദേഹത്തിന് മനസ്സിലായി. സ്വാലിഹായൊരു കുഞ്ഞിനായുള്ള മോഹം അദ്ദേഹത്തെ അറിയിച്ച് പ്രാർത്ഥിക്കാൻ അപേക്ഷിച്ചു. ഖളിർ(അ) കീശയിൽ നിന്നു രണ്ടു ധാന്യമണികളെടുത്ത് സയ്യിദവർകൾക്ക് നൽകിക്കൊണ്ട് പറഞ്ഞു: വേഗം നാട്ടിൽ പോവുക, ഇതിൽ ഒരു ധാന്യമണി നിങ്ങൾ കഴിക്കുക, മറ്റേത് ഭാര്യക്ക് നൽകുക.
പിന്നെ മഹാൻ ഇങ്ങനെ പ്രാർത്ഥിച്ചു: പണ്ഡിതനായൊരു പുത്രനെ അല്ലാഹു നിങ്ങൾക്ക് നൽകട്ടെ. ശേഷം നിർദേശിച്ചു: ‘കുഞ്ഞു പിറന്നാൽ മുഹമ്മദ് ഖാസിം എന്ന് നാമകരണം ചെയ്യണം.’ ശേഷം സംസാരം അവസാനിപ്പിച്ച് പരസ്പരം സലാം ചൊല്ലി പിരിഞ്ഞു.
ഖളിർ(അ)മുമായുള്ള കൂടിക്കാഴ്ചയും സംസാരങ്ങളും സയ്യിദ് മൂസാ(റ) അവർകൾക്ക് പുതിയ പ്രതീക്ഷ നൽകി. നാട്ടിലെത്തിയ അദ്ദേഹം ഖളിർ(അ)ന്റെ നിർദേശം പോലെ ഒരു ധാന്യമണി കഴിക്കുകയും മറ്റൊന്ന് ഭാര്യക്ക് നൽകുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹലീമ ബീവിയിൽ ഗർഭത്തിന്റെ അടയാളങ്ങൾ പ്രകടമായി. നിറഞ്ഞ സന്തോഷത്തോടെ അവർ അല്ലാഹുവിനെ സ്തുതിച്ചു.
ഹിജ്‌റ 1039-ൽ ഹലീമ പ്രസവിച്ചു. പ്രവചനം പോലെ സുന്ദരനായൊരാൺകുട്ടി. കുട്ടിക്ക് മുഹമ്മദ് ഖാസിം എന്ന് പേരു വിളിച്ചു. ഉപ്പാപ്പയായ മുത്ത് നബി(സ്വ)യുടെ നാമവും വിശേഷണവും ചേർത്ത മനോഹരമായ നാമം. സന്താന സൗഭാഗ്യത്തിൽ പ്രപഞ്ചനാഥന് കൃതജ്ഞത ചെയ്ത് മാതാപിതാക്കൾ കുഞ്ഞിനെ താലോലിച്ചു വളർത്തി.
വൈകാതെ ഹലീമ വഫാതായി. പിന്നീട് പൂർണമായും പിതാവിന്റെ സംരക്ഷണത്തിലാണ് കുട്ടി വളർന്നത്. പണ്ഡിതനും സാത്വികനുമായ പിതാവിന്റെ പരിചരണം കുഞ്ഞിനെ വളരെയേറെ സ്വാധീനിച്ചു. ചെറുപ്രായത്തിൽ തന്നെ ആത്മീയ കാര്യങ്ങളിലും കുടുംബത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞ നല്ല ശീലങ്ങളിലും ഉത്സാഹം കാണിച്ചു. കൂടുതൽ കാലം കഴിയും മുമ്പ് പിതാവ് സയ്യിദ് മൂസാ(റ)യും വഫാത്തായി.
ഗുരുവിനെ തേടിയുള്ള യാത്ര
മാതാപിതാക്കളുടെ വിയോഗം തീർത്ത അനാഥത്വം മുഹമ്മദ് ഖാസിമിനെ വേദനിപ്പിച്ചത് സ്വാഭാവികം. പക്ഷേ, മാതാപിതാക്കളിൽ നിന്നും കുടുംബ സാഹചര്യത്തിൽ നിന്നും ലഭിച്ച ആത്മീയമായ പരിചരണവും അനുഭവങ്ങളും കുട്ടിക്കാലത്ത് തന്നെ സയ്യിദവർകളിൽ സ്വാധീനം നേടിയിരുന്നു. അനാഥത്വത്തിന്റെ വേദനകൾക്കിടയിലും അവ കൂടുതൽ സജീവമാവുകയായിരുന്നു. സാത്വികനായ പിതാവിൽ നിന്ന് ലഭിച്ച ആത്മീയ പരിചരണത്തിന്റെ തുടർച്ചക്കും പൂർണതയ്ക്കും വേണ്ടി ദാഹിച്ച അദ്ദേഹം ഒരു ഗുരുവിനെ കണ്ടെത്തണമെന്ന മോഹത്തോടെ നാട്ടിൽനിന്നും യാത്രയാരംഭിച്ചു, ഏതൊരാളുടെയും ജീവിത നിയോഗത്തെ നിശ്ചയിക്കുന്നത് അല്ലാഹുവാണല്ലോ. അത് പൂർത്തീകരിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുന്നവനും അവൻ തന്നെ.
ശൈഖ് ജീലാനി(റ)യുടെ പൈതൃകവും മാതൃകയും ഏറ്റെടുത്ത് ദൗത്യനിർവഹണം നടത്തുന്നതിനുള്ള നിയോഗമാണ് മുഹമ്മദ് ഖാസിം(റ)നുണ്ടായിരുന്നത് എന്നാണ് പിൽക്കാല ചരിത്രം നമ്മോട് പറയുന്നത്. ഗുരുവിനെ തേടിയുള്ള യാത്ര ദീർഘകാലം തുടർന്നു. വ്യത്യസ്ത നാടുകളിലൂടെ ദുർഘട പാതകളും അപായകരമായ പ്രദേശങ്ങളും പ്രയാസകരമായ രംഗങ്ങളും പിന്നിട്ടു. പക്ഷേ ലക്ഷ്യത്തിലേക്കെത്താൻ അവയൊന്നും തടസ്സമായില്ല. അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ യാത്ര തുടർന്നു.
മക്കയിലെ ഗുരുവര്യർ
ആ യാത്ര വിശുദ്ധ മക്കയിലെത്തി. പുണ്യങ്ങളുടെ പൂവനിലെത്തിയപ്പോൾ മനം കുളിർത്തു. വിശുദ്ധ കഅ്ബാലയം, മസ്ജിദുൽ ഹറാം, പുണ്യം തേടിയെത്തിയ വിശ്വാസികൾ എല്ലാം ചേർന്നപ്പോൾ മുഹമ്മദ് ഖാസിം സന്തുഷ്ടനായി. അപ്പോഴും തനിക്കു മാർഗദർശനം ചെയ്യാൻ അനുയോജ്യനായ ഗുരുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ശൈഖ് സയ്യിദ് മുഹമ്മദ് രിഫാഈ(റ)യുടെ അടുത്തെത്തുന്നത്. ശൈഖിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ താമസിച്ച് പഠനവും സേവനവും നടത്തി. വിവിധ വിജ്ഞാനങ്ങളും ആത്മീയ പരിചരണവും സ്വായത്തമാക്കി. വളരെക്കാലം ശൈഖിനൊപ്പം കഴിഞ്ഞു.
ശൈഖുമൊത്തുള്ള ജീവിതം അദ്ദേഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ദിക്‌റുകളും വിർദുകളും മറ്റു അനുഷ്ഠാനങ്ങളും ഇജാസത്തോടു കൂടി നിർവഹിച്ചു. താരതമ്യേന ചെറിയ പ്രായക്കാ രനായിരുന്നു മുഹമ്മദ് ഖാസിം. എങ്കിലും ഗുരു അദ്ദേഹത്തെ വളരെയേറെ ഇഷ്ടപ്പെട്ടു. ഉസ്താദിന്റെ ആത്മീയ സരണിയിൽ ബൈഅത്തോട് കൂടി പ്രവേശിക്കാനുള്ള മോഹം മുഹമ്മദ് ഖാസിമിൽ അനുദിനം ശക്തിപ്പെട്ടുകൊണ്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു നിയന്ത്രണ പരിധി ആവശ്യമാണ്. ഗുരുവിനെ പ്രത്യക്ഷമായി പിരിഞ്ഞാലും പരിചരണം നിലനിൽക്കുന്നതിന് ഉടമ്പടി അനിവാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. കുടുംബ പാരമ്പര്യവും പൈതൃകവും തനിക്ക് സമ്മാനിച്ച പ്രചോദനങ്ങളാണ് ഈ ചിന്തക്ക് കാരണമായത്. ഒരുനാൾ തന്റെ മോഹം ഗുരുവിന്റെ മുമ്പിൽ അവതരിപ്പിച്ചു. മഹാ ഗുരുവിന്റെ അനുമതി വരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതീക്ഷയോടെ നാളുകൾ തള്ളിനീക്കി. ആത്മീയ പരിചരണത്തിനുള്ള അനുവാദം കൂടി ഗുരുവിൽ നിന്ന് കിട്ടിയിട്ട് വേണം നാട്ടിലേക്കു തിരിക്കാനെന്ന് അദ്ദേഹം ഉറപ്പിച്ചു.
ഈ സന്ദർഭത്തിൽ ഗുരുവും ശിഷ്യനെ അനുഗ്രഹിച്ച് ആശീർവദിച്ചയക്കാൻ ആലോചിക്കുകയായിരുന്നു. ശിഷ്യന്റെ ആവശ്യവും ഗുരുവിന്റെ ആലോചനയും ഒരു ദിശയിലായി നീങ്ങി. മഹാഗുരു ശൈഖ് അഹ്‌മദുൽ കബീർ രിഫാഈ(റ)വിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി ശൈഖ് മുഹമ്മദ് രിഫാഈ(റ) കാത്തുനിൽക്കുകയായിരുന്നു. മുഹമ്മദ് ഖാസിമിന്റെ യോഗ്യതയിൽ അദ്ദേഹത്തിന് ഒട്ടും സംശയമുണ്ടായിരുന്നില്ല. നൽകുന്ന പാഠങ്ങൾ പഠിച്ചും പകർത്തിയും അനുസരണയുള്ള ശിഷ്യനും സേവകനുമായി കഴിഞ്ഞിരുന്ന മുഹമ്മദ് ഖാസിമിനോട് പ്രത്യേക വാത്സല്യവുമായിരുന്നു. അങ്ങനെയിരിക്കെ ഗുരു കാണുംവിധം ഒരത്ഭുതം സംഭവിച്ചു.
മഹാസാത്വികരുടെ ശ്രേണിയിൽ
മുഹമ്മദ് ഖാസിം വീട്ടിൽ നിന്ന് എന്തോ ആവശ്യത്തിനായി പുറത്തിറങ്ങി. നല്ല വെയിലുള്ള സമയമായിരുന്നു അത്. മുഹമ്മദ് ഖാസിമിന് വെയിലു കൊള്ളാതിരിക്കാൻ വഴിയോരത്തെ വൃക്ഷങ്ങളെല്ലാം തണൽ വിരിച്ചുകൊടുക്കുന്നു. ഈ കാഴ്ച ഗുരുവിൽ ശിഷ്യനെ കുറിച്ച് കൂടുതൽ മതിപ്പുളവാക്കി. ശിഷ്യന് നിയോഗം നിർവഹിക്കാൻ സമയമായി എന്നദ്ദേഹം മനസ്സിലാക്കി. ഈ ചിന്തയിൽ കഴിയവെ ഒരു രാത്രി ശൈഖ് മുഹമ്മദ് രിഫാഈ(റ) തന്റെ ആത്മീയ സരണിയുടെ മഹാഗുരു ശൈഖ് അബ്ദുൽ കബീർ രിഫാഈ(റ) വിനെ സ്വപ്‌നത്തിൽ ദർശിച്ചു. ശൈഖ് പറഞ്ഞു: മുഹമ്മദ് ഖാസിം എന്റെ ആത്മീയ സന്തതിയാണ്, അദ്ദേഹത്തെ നമ്മുടെ സരണിയിൽ ചേർക്കുക, ഉന്നതമായ പദവികളിലേക്ക് ഉയർത്തുക.
അതേ തുടർന്ന് മുഹമ്മദ് ഖാസിം(റ)വിന് ആത്മീയ സരണികളിലേക്കുള്ള പ്രവേശനവും പരിചരണങ്ങൾക്കുള്ള സ്വതന്ത്രാനുമതിയും നൽകുകയുണ്ടായി. പ്രശസ്തമായ ഖാദിരിയ്യ, രിഫാഇയ്യ, ചിശ്തിയ്യ, സുഹ്‌റവർദിയ്യ എന്നീ നാല് ത്വരീഖത്തുകളും അദ്ദേഹത്തിന് ലഭിച്ചു. താരതമ്യേന ചെറുപ്രായത്തിൽ തന്നെ ആത്മീയതയുടെ ഉന്നത മേഖലകൾ പ്രാപിച്ചു.
ഗുരുവിന്റെ ആശീർവാദവും അനുഗ്രഹവും ഏറ്റുവാങ്ങിയ മുഹമ്മദ് ഖാസിം ഇപ്പോൾ എല്ലാ അർത്ഥത്തിലും സാത്വിക ശ്രേഷ്ഠരുടെ ശ്രേണിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇനി നാട്ടിലേക്ക് മടങ്ങണം. പൂർവ പിതാക്കളുടെ കൈത്തിരി കത്തിച്ചു പിടിക്കണം. നാട്ടിലേക്ക് തിരിക്കാനായി ജിദ്ദ തീരത്തെത്തി. പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഒരു പായക്കപ്പൽ കണ്ടു. അതിലൊരു സീറ്റ് തരപ്പെടുത്തി. കണ്ണൂർ അറക്കൽ ആദിരാജയുടെ കപ്പലായിരുന്നു അത്. യാനം തുറമുഖം വിട്ടു.
പായക്കപ്പലിൽ അത്ഭുതങ്ങൾ
പായക്കപ്പലിൽ തനിക്ക് അനുവദിക്കപ്പെട്ട സ്ഥലവും സൗകര്യവും ഉപയോഗപ്പെടുത്തി ഖാസിം(റ) ഇബാദത്തുകളിലും ഔറാദുകളിലും മുഴുകിക്കൊണ്ടിരുന്നു. ഭക്തിയും ആത്മീയതയും ഒത്തിണങ്ങിയ ഒരു സിദ്ധൻ എന്ന നിലയിൽ മാത്രമാണ് യാത്രികരും കപ്പൽ ജീവനക്കാരും അദ്ദേഹത്തെ കണ്ടത്. അതിനാൽ തന്നെ അത്യാവശ്യം സൗകര്യങ്ങൾ നൽകി എന്നതിൽ കവിഞ്ഞ് വലിയ പരിഗണനയൊന്നും അവർ നൽകിയില്ല. മാത്രമല്ല, അംഗശുദ്ധി വരുത്താനായി ശുദ്ധജലം ഉപയോഗിക്കാനും അവർ തടസ്സം പിടിച്ചു. കാറ്റിലും കോളിലും പെട്ട് കരയണയാൻ താമസം നേരിട്ടപ്പോൾ കുടിവെള്ളം ദുർലഭമായി. വുളൂഇന് വെള്ളം നൽകാതിരിക്കാൻ അവരൊരു കൗശലം പ്രയോഗിച്ചു. വെള്ളം ശേഖരിക്കുന്ന കൂജ അദ്ദേഹമറിയാതെ കടലിലെറിഞ്ഞു. പക്ഷേ, അദ്ദേഹത്തിന് ആവശ്യമുള്ള സമയത്ത് കൂജ സമീപത്തു തന്നെ കാണപ്പെട്ടു. ഇത് അവരെ അത്ഭുതപ്പെടുത്തി. അവസാനം അദ്ദേഹത്തിന്റെ മഹത്ത്വം അവർക്ക് ബോധ്യപ്പെട്ടു. വെള്ളം തീർന്നപ്പോൾ ശുദ്ധജലത്തിനായി പ്രാർത്ഥിക്കാൻ അദ്ദേഹത്തോടാവശ്യപ്പെട്ടു. അദ്ദേഹം പ്രാർത്ഥിച്ചയുടൻ ആവശ്യത്തിലധികം ശുദ്ധജലം ലഭിച്ച. അപമര്യാദയായി പെരുമാറിയതിന് അദ്ദേഹത്തോട് മാപ്പ് ചോദിച്ചു. അങ്ങനെ കപ്പൽ കണ്ണൂരിൽ തീരം തൊട്ടു.
യാത്രയിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങളും അത്ഭുതങ്ങളും ജീവനക്കാരും മറ്റും സുൽത്താന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അദ്ദേഹമത് കാര്യമായെടുത്തില്ല. അപരിചിത നാട്ടിലെത്തിയ മുഹമ്മദ് ഖാസിം(റ) കുറച്ചു ദിവസങ്ങൾ പള്ളിയിലാണ് താമസിച്ചത്. ഈ താമസം തുടരുന്നതിൽ അർത്ഥമുണ്ടായിരുന്നില്ല. നിയോഗം പൂർത്തീകരിക്കണമെങ്കിൽ അതിനുള്ള സാഹചര്യം ഒരുക്കണം. അതിന് സുൽത്താന്റെ സഹായവും പിന്തുണയും കൂടാതെ പറ്റില്ല. അതിന് രാജാവിന് തന്നെക്കുറിച്ച് മനസ്സിലാക്കാൻ ഉപകരിക്കുന്ന എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതിനായി ഖാസിം വലിയുല്ലാഹി ഒരു മാർഗം സ്വീകരിച്ചു.
പഞ്ഞിയിലെ തീക്കനലുകൾ
രാജാവിന് ഒരത്ഭുത സമ്മാനം അദ്ദേഹം കൊടുത്തയച്ചു. തീക്കനലുകൾ പഞ്ഞിയിൽ വെച്ച് തുണി കൊണ്ട് പൊതിഞ്ഞ് പെട്ടിയിലാക്കിയാണ് കൊട്ടാരത്തിലേക്ക് കൊടുത്തയച്ചത്. കടൽ കടന്ന് കണ്ണൂരിലെത്തി പള്ളിയിൽ താമസിക്കുന്ന ശൈഖിന്റെ സമ്മാനപ്പൊതി ആകാംക്ഷയോടെ തുറന്നപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. എരിയുന്ന തീക്കനലാണെങ്കിലും പഞ്ഞിയോ തുണിയോ കത്തുന്നില്ല. ഇത് കണ്ട സുൽത്താൻ ശൈഖിന്റെ മഹത്ത്വം മനസ്സിലാക്കുകയും പള്ളിയിലെത്തി മഹാനെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.
സുൽത്താന്റെ സ്‌നേഹപൂർവമുള്ള ക്ഷണം സ്വീകരിച്ച ശൈഖവർകൾ ആദിരാജ അനുവദിച്ച വീട്ടിൽ താമസമാക്കി. രാജമന്ദിരത്തിനടുത്തുള്ള പാലമാടം മാളിക വീടായിരുന്നു ഇത്.
കണ്ണൂരിൽ നിന്ന് കൽപേനിയിലെ തീ അണച്ച അത്ഭുതവും ഇതിനിടെയുണ്ടായി. നിസ്‌കാരവും ഭക്ഷണവും സുൽത്താനും ശൈഖവർകളും ഒന്നിച്ചായിരുന്നു. ഒരിക്കൽ വുളൂഅ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ അൽപം വെള്ളമെടുത്തു മൂന്നു തവണയായി മുകളിലേക്ക് ഒഴിച്ചു. ഇത് കണ്ട് രാജാവ് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞു: ദ്വീപിൽ ഒരു ഭവനത്തിന് തീ പിടിച്ചിട്ടുണ്ട്. അത് അണക്കുകയായിരുന്നു.
നൂറുകണക്കിന് നാഴിക അകലെയുള്ള ദ്വീപിലെ തീയണക്കാൻ കണ്ണൂരിൽ നിന്ന് വെള്ളം ഒഴിക്കുന്നത് വിസ്മയകരമാണല്ലോ. രാജാവ് ആ തീയതി കുറിച്ചുവെച്ചു. അൽപ നാളുകൾക്ക് ശേഷം കൽപേനിയിൽ നിന്നു കുറച്ചാളുകൾ കണ്ണൂരിലെത്തി. കച്ചവട ചരക്കുമായി വന്ന അവർ പാരിതോഷികങ്ങളുമായി രാജഭവനത്തിലുമെത്തി. ദ്വീപിലെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചപ്പോൾ, കൽപേനി ദ്വീപിലെ അറക്കൽ കാര്യാലയത്തിൽ തീ പിടുത്തമുണ്ടായതും പൊടുന്നനെ തെളിഞ്ഞ ആകാശത്ത് നിന്നും മൂന്ന് മേഘത്തുണ്ടുകൾ എത്തി അവിടെ മാത്രം മഴപെയ്തതും തീയണഞ്ഞ് അപകടം ഒഴിവായതും അവരറിയിച്ചു. സുൽത്വാൻ പരിശോധിച്ചപ്പോൾ യാത്രികർ പറഞ്ഞ അത്ഭുതം നടന്നതും ഇവിടെ നിന്ന് ശൈഖ് വെള്ളം കുടഞ്ഞ തീയതിയും ഒന്നായിരുന്നു. അതോടെ സുൽത്വാന് വലിയ സന്തോഷമായി. ദ്വീപിലെ തന്റെ അധികാരകേന്ദ്രം സുരക്ഷിതമായതോടൊപ്പം നാട്ടുകാരും രക്ഷപ്പെട്ടല്ലോ. അതോടെ രാജാവിന് ഖാസിം വലിയുല്ലാഹിയോടുള്ള മതിപ്പും ആദരവും വീണ്ടും വർധിച്ചു. ഉടനെ തന്നെ ഖാസിം വലിയുല്ലാഹിയുടെ ശിഷ്യത്വം സ്വീകരിച്ചു അറക്കൽ ആദിരാജ സുൽത്താൻ മുഹമ്മദ് അലി, സഹോദരി ഉമ്മു ഹാനിയും വലിയുല്ലാഹിയുമായി ഉടമ്പടി ചെയ്തു. ഈ വാർത്ത നാട്ടിൽ പരന്നതോടെ അറിഞ്ഞവർ മഹാനുഭാവനെ സന്ദർശിച്ച് അനുഗ്രഹങ്ങൾ വാങ്ങിക്കൊണ്ടിരുന്നു.
ദ്വീപിലേക്ക്
അറക്കൽ രാജഭവനത്തിനടുത്തു കഴിയുന്നത് കൊണ്ട് ദ്വീപിലെ അറക്കൽ രാജവംശത്തിന്റെ അധികാര പ്രദേശത്തുനിന്നെത്തുന്നവരുമായി ബന്ധപ്പെടാൻ വലിയ്യുല്ലാഹിക്കവസരമുണ്ടായി. ദ്വീപ് ജനതയെ ആത്മീയമായി സംസ്‌കരിക്കുകയും മതപരമായി സമുദ്ധരിക്കുകയും ചെയ്യേണ്ട ആവശ്യകത ആ പ്രബോധകന് കൂടുതൽ ബോധ്യമായി. തന്റെ ഭരണപ്രദേശം മതപരമായി മെച്ചപ്പെട്ടതാവണമെന്ന് രാജാവിനും താൽപര്യമുണ്ടായിരുന്നു. രാജാവിന്റെ കൂടി താൽപര്യം കണക്കിലെടുത്ത് ശൈഖ് കൽപേനി ദ്വീപിലേക്ക് പോകാനുറച്ചു. നാട്ടുകാരും രാജകുടുംബാംഗങ്ങളും അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
കൽപേനിയിലേക്ക് സുൽത്വാന്റെ സന്ദേശം പോയി. ദ്വീപ് സമൂഹത്തിൽ മതപ്രബോധനത്തിനും ആത്മീയ നേതൃത്വം നൽകുന്നതിനും സയ്യിദ് മുഹമ്മദ് ഖാസിം(റ) എന്ന മഹാൻ വരുന്നുണ്ടെന്നും ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കണമെന്നുമായിരുന്നു ഉത്തരവ്. കൽപേനി ദ്വീപിലെ രാജപ്രതിനിധികൾ ദ്വീപിലെത്തിയ ശൈഖവർകളെ ആദരപൂർവം സ്വീകരിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഹുജ്‌റത്ത് പള്ളി എന്ന പേരിൽ ഒരു കേന്ദ്രം പണികഴിപ്പിച്ച് സംസ്‌കരണ-പ്രബോധന പ്രവർത്തനങ്ങൾക്ക് മഹാൻ ചുക്കാൻ പിടിച്ചു. ജനങ്ങളുടെ വീഴ്ചകൾ തിരുത്തി നേരായ മാർഗത്തിലേക്ക് നയിച്ചു. അവരിൽ ഇലാഹീ ഭക്തിയും വിശ്വാസദാർഢ്യവും രൂഢമാക്കി.
ദ്വീപുകളിലെ പ്രബോധന സഞ്ചാരം
അൽപ കാലം കഴിഞ്ഞ് കൽപേനി പള്ളിയിൽ പ്രതിനിധിയെ നിശ്ചയിച്ച് അദ്ദേഹം കവരത്തിയിലേക്ക് പോയി. കവരത്തിക്കാർ ശൈഖവർകളെ ആദരപുരസ്സരം സ്വീകരിച്ചു. ഉപദേശങ്ങൾ കേൾക്കാനും അനുഗ്രഹങ്ങൾ നേടാനും ആഗ്രഹങ്ങൾ സഫലമാകാനും അദ്ദേഹത്തെ നിരന്തരം സമീപിച്ചുകൊണ്ടിരുന്നു. അവിടെയും ഒരു പള്ളി നിർമിച്ചു
ഹുജ്‌റത്ത് പള്ളി എന്നാണ് ഇതും അറിയപ്പെടുന്നത്. മനോഹരമായ നിർമിതിയായണിത്. തുടർന്ന് അഗത്തി, ആന്ത്രോത്ത്, കിൽത്താൻ തുടങ്ങിയ ദ്വീപുകളിലും പ്രബോധനാവശ്യാർത്ഥം സഞ്ചരിച്ചു. അൽപകാലത്തിനു ശേഷം കവരത്തിയിൽ തിരിച്ചെത്തുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു.
ആന്ത്രോത്ത് ദ്വീപിലെ കുലീന തറവാട്ടിൽ നിന്ന് ആഇശ ബീവി എന്നവരെ ശൈഖ് വിവാഹം ചെയ്യുകയുണ്ടായി. ഈ ദാമ്പത്യവല്ലരിയിൽ ഇസ്‌ലാമിക സമൂഹത്തിന് വലിയ ഉപകാരം ലഭിച്ച മഹാൻമാരായ സന്തതികൾ പിറന്നു. ആൺമക്കളെല്ലാവരും ദ്വീപുകളിൽ ആത്മീയ നായകത്വം വഹിച്ചവരാണ്. ഇതിൽ സയ്യിദ് അബൂ സ്വാലിഹ് എന്നവരുടെ പുത്രൻ സയ്യിദ് ഖാസിമുൽ കവരത്തി പരപ്പനങ്ങാടിയിലെത്തിയതു മുതൽ ഈ പരമ്പരയിലൂടെയുള്ള ജീലാനീ സാദാത്തുക്കൾ കേരളത്തിനും വെളിച്ചമേകിത്തുടങ്ങി. സയ്യിദ് യൂസുഫുൽ ജീലാനീ വൈലത്തൂർ(ന.മ) അദ്ദേഹത്തിന്റെ നാലാം തലമുറയിൽ പെട്ടവരാണ്.
കാക്കകളില്ല, പ്രസവവേദനയും
ഖാസിം വലിയുല്ലാഹിയുടെ ആത്മീയ സേവന ജീവിത വഴിയിൽ ആവശ്യമായി വന്ന ഘട്ടങ്ങളിൽ അനേകം അത്ഭുത സംഭവങ്ങൾ ഉണ്ടായതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ദ്വീപുവാസികൾക്ക് മാത്രമല്ല ശൈഖവർകളെ അറിഞ്ഞവലംബിക്കുന്നവർക്കെല്ലാം ബറകതും സഹായവും ലഭിച്ചുകൊണ്ടിരുന്നു. ഇതു സംബന്ധമായ അനുഭവ വിവരണങ്ങൾ ഏറെ പ്രസിദ്ധമാണ്.
കവരത്തി ദ്വീപിൽ കാക്കകളെ കാണാനാവില്ല. അതിന്റെ കാരണം ഇതാണ്: ഒരു ദിവസം ഖാസിം വലിയ്യുല്ലാഹി(റ) നിസ്‌കാരത്തിനു വേണ്ടി തയ്യാറെടുക്കുമ്പോൾ തലപ്പാവിലേക്ക് ഒരു കാക്ക കാഷ്ഠിക്കുകയുണ്ടായി. നിസ്‌കാരത്തിന് താമസമുണ്ടാകും വിധത്തിൽ നടന്ന ഇത് മഹാനവർകൾക്ക് മന:പ്രയാസമുണ്ടാക്കി. അപ്പോൾ ഈ നാട്ടിൽ ഇനി കാക്ക ശല്യം വേണ്ട എന്ന പ്രഖ്യാപനത്തോടെയാണ് കവരത്തിയിൽ കാക്കകളില്ലാതായത് എന്നാണ് ചരിത്രം.
ഇതിനെക്കാൾ അത്ഭുതകരമാണ് കവരത്തി ദ്വീപിൽ സ്ത്രീകൾക്ക് പ്രസവവേദന അനുഭവപ്പെടാറില്ല എന്നത്. പ്രസവ വേദന കൊണ്ട് പ്രയാസപ്പെടുന്ന ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കാനിട വന്നപ്പോൾ, ഇനി ഇവിടെ പ്രസവവേദന വേണ്ട എന്ന പ്രസ്താവനയാണ് ഇതിന് കാരണം. ശൈഖവർകൾ നിർദേശിച്ച ചില വളാഇഫുകൾ പൂർത്തിയാക്കണമെന്ന് മാത്രം. നമ്മുടെ നാടുകളിലേക്ക് കവരത്തിയിൽ നിന്ന് ശൈഖിന്റെ മഖ്ബറയിൽ നിന്നുള്ള ബറകത് വെള്ളം കൊണ്ടുവരികയും പ്രസവ വേദന അനുഭവിക്കുന്ന സമയത്ത് സ്ത്രീകൾക്ക് നൽകുകയും ചെയ്യുന്നു. ധന്യമായ ജീവിതം കൊണ്ട് സമൂഹത്തിന് അത്താണിയും ആത്മീയമായ കരുതലും കാവലുമായ മഹാൻ ഹിജ്‌റ 1140 മുഹർറം 10 ചൊവ്വാഴ്ച ളുഹ്‌റിനു മുമ്പായി ഇഹലോകവാസം വെടിഞ്ഞു. ആത്മീയതയും ആശ്വാസവും പകർന്ന് ഇന്നും മഹാനവർകൾ ജനമനസ്സുകളിൽ ജീവിക്കുന്നു.
അലവിക്കുട്ടി ഫൈസി എടക്കര