ഇസ്ലാമിക സമൂഹം ആവേശപൂര്‍വം പ്രതീക്ഷിക്കുന്ന, പുണ്യങ്ങള്‍ പൂത്തുലഞ്ഞുനില്ക്കുന്ന വിശുദ്ധ രാവാണ് ലൈലത്തുല്‍ ഖദ്ര്. ആയിരം മാസത്തേക്കാള്‍ മഹത്ത്വമുള്ള ഒറ്റരാത്രി. ആരാധനകളിലും പ്രാര്‍ത്ഥനകളിലുമായി വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന സവിശേഷ രാത്രി. ആ രാത്രിയില്‍ അല്ലാഹു കോടാനുകോടികള്‍ക്ക് പാപമോഹനവും നരകമോചനവും നല്കുന്നു. അക്ഷരങ്ങളിലും വാക്കുകളിലുമൊതുക്കുന്നതിനുമപ്പുറം പുണ്യമുണ്ടതിന്. ലൈലത്തുല്‍ ഖദ്ര് പ്രതിപാദിക്കുന്ന ഒരധ്യായം തന്നെയുണ്ട് ഖുര്‍ആനില്‍.
മാനവ സമൂഹത്തിന് റമളാന്‍ മാസത്തില്‍ ആയുഷ്കാല പാപങ്ങള്‍ ഏറ്റുപറഞ്ഞു അതില്‍ നിന്നു മുക്തിനേടാനും അളവറ്റ പുണ്യങ്ങള്‍ ആര്‍ജിക്കാനും ഏറ്റവും ഉചിതമായ രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്. കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കുന്ന അതിമഹത്തായ രാത്രി എന്നാണ് ലൈലത്തുല്‍ ഖദ്ര് എന്നതിന്റെ ശരിയായ വിവക്ഷ. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്ന നിലക്ക് റമളാന്‍ മാസത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. ഖുര്‍ആന്റെ അവതരണം മുമ്പ് കഴിഞ്ഞുപോയെങ്കിലും അതിന്റെ പ്രാധാന്യവും മഹത്ത്വവും ഏക്കാലത്തും നിലനില്ക്കും.
ഖുര്‍ആനിലെ 97-ാം അധ്യായം ഇങ്ങനെ: നിശ്ചയം നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്റിലവതരിപ്പിച്ചു. ഖദ്റിന്റെ രാത്രി എന്തെന്നു താങ്കള്‍ക്കറിയുമോ? ലൈലത്തുല്‍ ഖദ്ര് ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമാകുന്നു. അന്നു മലക്കുകളും റൂഹും അല്ലാഹുവിന്റെ അനുമതിയോടെ സര്വകാര്യങ്ങളുമായി ഇറങ്ങിവരും. സമാധാനത്തിന്റെ രാവാണത്; പ്രഭാതം പുലരുവോളം (സൂറത്തുല്‍ ഖദ്ര്).
ഈ അധ്യായത്തില്‍ ഖുര്‍ആനിനെ നാം അവതരിപ്പിച്ചു എന്നു പറഞ്ഞയിടത്ത് ഭൂതകാല ക്രിയയും പിന്നീട് അതിന്റെ മഹത്ത്വങ്ങള്‍ വിവരിച്ച കൂട്ടത്തില്‍, മലക്കുകളും റൂഹും ഇറങ്ങിവരും എന്നു ഭാവികാല ക്രിയയുമാക്കി പറഞ്ഞത് ഖുര്‍ആനിന്റെ അവതരണം ആവര്‍ത്തിക്കില്ലെന്നും മലക്കുകളുടെ ഇറക്കം ആവര്‍ത്തിക്കപ്പെടുമെന്നും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണെന്നാണ് പണ്ഡിതഭാഷ്യം. അല്ലാഹു ഉപയോഗിച്ച ഓരോ വാക്കിലും പ്രയോഗത്തിലും ഒട്ടേറെ രഹസ്യ സൂചനകള്‍ അടങ്ങിയിരിക്കുന്നു. നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. ഖദ്റിന്റെ രാത്രിയിലാണ് ഭൂമിയിലെ കാര്യങ്ങള്‍ നിര്‍ണയിച്ചു വ്യവസ്ഥപ്പെടുത്തുന്നത്. അന്നാണ് അവ നിര്‍വഹിക്കുന്ന ചുമതലയുള്ള മലക്കുകളിലേക്ക് അവയുടെ റിക്കാര്‍ഡുകള്‍ കൃത്യമാക്കി കൈമാറുക. ലോകാവസാനം വരെ മാനവ സമൂഹത്തിന്റെ ഐഹികവും പാരത്രികവുമായ സകല നന്മകള്ക്കും നിദാനമാകുന്ന വിശുദ്ധ വേദത്തിന്റെ അവതരണം ഉള്‍പ്പെടെയുള്ള അനുഗ്രഹ വര്‍ഷം ഉണ്ടായ രാവ് നിശ്ചയമായും അതിശ്രേഷ്ഠം തന്നെയാണ്. ആ ഗ്രന്ഥത്തില്‍ അങ്ങേയറ്റം വിശ്വാസമര്‍പ്പിക്കുന്ന ഏതൊരാള്‍ക്കും അത് ഒരിക്കലും നിഷേധിക്കാന്‍ കഴിയില്ല (ശറഹു മുസ്ലിം 4/320 നോക്കുക).
ഇബ്നു അബ്ബാസ്(റ) പറയുന്നു: സകല ഭവിഷ്യല് കാര്യങ്ങളും നേരത്തെ ആലേഖനം ചെയ്യപ്പെട്ട മൂലരേഖയായ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് നടപ്പുവര്‍ഷത്തില്‍ ഉണ്ടാകുന്ന ആഹാരം, ജനനം, മരണം ആദിയായ കാര്യങ്ങള്‍ പകര്‍ത്തി എഴുതപ്പെടുന്നു. അടുത്ത വര്‍ഷം ഹജ്ജിന് പോകുന്നവരുടെ എണ്ണം പോലും അതില്‍പെടും (തഫ്സീര്‍ ഖുര്‍ത്വുബി 10/116).
ലൈലത്തുല്‍ ഖദ്ര് എന്നാണ്, എങ്ങനെയാണതിനെ കുറിച്ച് മനസ്സിലാക്കുക എന്നതിനെ സംബന്ധിച്ച് കൃത്യമായി നമുക്ക് അറിയിച്ചുതന്നിട്ടില്ല. ഖുര്‍ആനിലും ഹദീസിലും അത് സംബന്ധമായ ചില സൂചനകളും അടയാളങ്ങളും ഉണ്ടെന്ന് പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്.
എന്ത്? എന്തിന്?
ആരോഗ്യവും ആയുസ്സും കുറഞ്ഞ നമ്മുടെ സമുദായത്തിന് പൂര്‍വകാല സമൂഹങ്ങളെ അതിജയിക്കാന്‍ അല്ലാഹു കനിഞ്ഞു നല്കിയ പുണ്യരാത്രിയാണ് ലൈലത്തുല്‍ ഖദ്ര് എന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. ചുരുങ്ങിയ ആയുസ്സില്‍ കൂടുതല്‍ പുണ്യം ചെയ്യാനുള്ള സുവര്‍ണാവസരം സത്യവിശ്വാസികള്‍ക്ക് ആരാധനാനിരതരാകാനും കുറ്റവാളികള്‍ക്ക് പശ്ചാത്തപിച്ച് മടങ്ങാനുമുള്ള അനര്‍ഘ അവസരം. പ്രപഞ്ചാധികാരിയായ അല്ലാഹു അവന്റെ അടിമകളോട് കൂടുതല്‍ ഉദാരനാകുന്ന സന്ദര്‍ഭം കൂടിയാണത്.
ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാത്രിയോ? അതേ, ലൈലത്തുല്‍ ഖദ്റില്ലാത്ത എണ്‍പത്തി രണ്ടര വര്‍ഷത്തെ ആരാധനയുടെ പ്രതിഫലം ഒറ്റ രാത്രിക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ആരാധനകള്‍ക്ക് അധിക പ്രതിഫലവും അതുവഴി സത്യവിശ്വാസികള്‍ക്ക് വലിയ മഹത്ത്വവും ലഭിക്കുന്ന രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്. ജീവിതത്തിന്റെ ദുര്‍ബല നിമിഷങ്ങളില്‍ പാപങ്ങള്‍ ചെയ്തുപോയവര്‍ക്ക് ഏറ്റവും കൂടുതല്‍ മാപ്പു പ്രതീക്ഷിക്കാവുന്ന പ്രത്യേക രാവ് കൂടിയാണത്. ബഹുദൈവ വിശ്വാസിയല്ലാത്ത ഏത് കുറ്റവാളിക്കും ശരിയായ പശ്ചാത്താപമുണ്ടെങ്കില്‍ അന്നു തീര്‍ച്ചയായും രക്ഷപ്പെടാം.
ആ രാവിന്റെ പുണ്യമായി പ്രധാനപ്പെട്ട രണ്ട് കാര്യം ഖുര്‍ആന്‍ സൂറത്തുല്‍ ഖദ്റില്‍ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണമാണ് അവയിലൊന്ന്. സമാധാന-സാന്ത്വന സ്പര്‍ശവുമായി ജിബ്രീലിന്റെ നേതൃത്വത്തില്‍ മാലാഖമാരുടെ ഇറക്കമാണ് മറ്റൊന്ന്. പ്രഭാതോദയം വരെ ആ രാവ് സമാധാനമായിരിക്കും. നമ്മുടെ ദൃഷ്ടിക്കു കാണാന്‍ കഴിയാത്തതും പരിമിത ബുദ്ധിയില്‍ തെളിയാത്തതുമായ എത്രയോ കാര്യങ്ങള്‍ ഈ ലോകത്ത് മലക്കുകള്‍ മുഖേന നടന്നുവരുന്നു. അവയില്‍ അതിമഹത്തായ പല വിഷയങ്ങളും പ്രസ്തുത രാത്രി മലക്കുകള്‍ മുഖേനയാണ് നടക്കുന്നത്. അന്നത്തെ അവരുടെ ആഗമനം അനുഗ്രഹവുമായാണെന്നതില് സംശയമില്ല. ഭൂമി മലക്കുകളാല്‍ നിബിഡമായിരിക്കും. എല്ലായിടത്തും അവരുടെ നെറ്റിത്തടങ്ങള്‍ പതിഞ്ഞിരിക്കുമെന്നും അവര്‍ സത്യവിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമെന്നും സലാം പറയുമെന്നും മറ്റും ഹദീസില്‍ വന്നിട്ടുണ്ട്. മലക്കുകളെ ഭൂമിയിലേക്ക് ആകര്‍ഷിക്കുന്നത് ആരാധനാ നിരതരായ ഭക്തജനങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളും പശ്ചാത്താപത്തിനും പരിവര്‍ത്തനത്തിനുമുള്ള സജീവതയുമാണ്.
എന്ന്? എങ്ങനെ?
ഖദ്റിന്റെ രാത്രി എന്നായിരിക്കുമെന്ന് കൃത്യമായി നിര്‍ണയിച്ചുതന്നിട്ടില്ല. അറിവു നല്കിയാല് അന്നു മാത്രം ആരാധനയില്‍ സജീവമാവുകയും അല്ലാത്ത ദിനങ്ങളില്‍ നിര്‍ജീവമാവുകയും ചെയ്യും. ചില അടയാളങ്ങളും സൂചനകളും നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. റമളാന്‍ അവസാന പത്തിലെ ഒറ്റയൊറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുകയെന്ന് ഹദീസില്‍ കാണാം (ബുഖാരി).
തിരുനബി(സ്വ) പറഞ്ഞു: ലൈലത്തുല്‍ ഖദ്റിനെ കുറിച്ച് പറയാന്‍ ഞാന്‍ പള്ളിയിലേക്കു വരുമ്പോള്‍ രണ്ടു പേര് തര്‍ക്കിക്കുന്നത് കണ്ടു. അതു കാരണം ഖദ്റിന്റെ രാത്രിയെ സംബന്ധിച്ച ജ്ഞാനം എന്നില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷേ അത് നിങ്ങള്‍ക്ക് നന്മയായേക്കാം (ബുഖാരി 1/246). അഭിപ്രായ ഭേദങ്ങളില്‍ കൂടുതല്‍ പ്രാധാന്യം അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ഒന്നായിരിക്കുമെന്നതിനാകയാല് പ്രസ്തുത രാത്രികള്‍ നാം ഏറെ സജീവമാക്കേണ്ടതുണ്ട്.
ഇരുപത്തേഴാം രാവോ?
ലൈലത്തുല്‍ ഖദ്ര് 27-ാം രാവ് തന്നെയാകുമെന്ന് ഉറപ്പിച്ചതു പോലെയാണ് ജനങ്ങളുടെ അവസ്ഥ. അന്നു മാത്രം ആരാധനാ കാര്യങ്ങളില്‍ മുഴുകുന്ന സാധാരണക്കാര്‍ ധാരാളം. അതിനു മുമ്പും ശേഷവും അത്ര ജാഗ്രത അവര്‍ കാണിച്ചിരിക്കില്ല. ഒരിക്കലും നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കേണ്ടതാണ് പ്രസ്തുത ഒറ്റ രാവുകളിലെ ആരാധനാ കര്‍മങ്ങള്‍.
ഏത് രാത്രിയിലാണെന്ന് കൃത്യമായി വെളിപ്പെടുത്താതെ മറച്ചുവെച്ചതില്‍ അല്ലാഹുവിന് അപാരമായ യുക്തിയുണ്ട്. റമളാനില്‍ പൂര്‍ണമായും ജനങ്ങള്‍ ആരാധനകളില്‍ സജീവമാകലാണ് നാഥന്റെ താല്പര്യം. അവസാന പത്തുകളിലാവട്ടെ വിശ്വാസികളുടെ ആരാധനകളും ദൈവസ്മരണകളും ഇരട്ടിയാവുകയും ചെയ്യും.
അവസാന പത്തിലെ ഒറ്റയിട്ട അഞ്ച് രാത്രികള്‍ കൂടുതല്‍ സജീവമാക്കിയാല്‍ ലൈലത്തുല്‍ ഖദ്ര് ലഭിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. ഒട്ടേറെ ഹദീസുകള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഒരേ രാത്രി ആകണമെന്നില്ല. വ്യത്യാസപ്പെട്ടുവരാം. ഇരുപത്തേഴാം രാവ് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നതാണെന്ന് ഇമാമുസ്സുന്ന അഹ്മദ്ബ്നു ഹമ്പല്‍(റ) ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) ഖുര്‍ആനിലെ ഖദ്റ് സൂറത്തില്‍ മൂന്ന് തവണ ലൈലത്തുല്‍ ഖദ്ര് എന്ന് ആവര്‍ത്തിച്ചത് 27-ലേക്കുള്ള സൂചനയായി വിവരിച്ചിട്ടുമുണ്ട്. ഇമാം നവവി(റ) തന്റെ ശറഹു മുസ്ലിമില് വിശദമായി ചര്‍ച്ച ചെയ്യുന്നുമുണ്ട് (4/320 കാണുക). ലൈലത്തുല്‍ ഖദ്റിനെ ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കില്‍ 27-ാം രാവില്‍ പ്രതീക്ഷിക്കട്ടെ എന്ന ഹദീസ് ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിച്ചതാണ് (4/265).
ഒരു കാര്യം സുവ്യക്തമാണ്. ഖദ്റിന്റെ രാത്രി 27-ാം രാവിലാണെന്ന് പൊതുജനത്തിന്റെ വിശ്വാസത്തിന് കൂടുതല്‍ തെളിവുകളുണ്ട്. എന്നാലും ഒടുവിലെ പത്തിലെ ഒറ്റ രാവുകളിലാണെന്ന ഭൂരിപക്ഷാഭിപ്രായമാണ് ഏറ്റവും പ്രസക്തമാകുന്നത്. അന്ത്യപത്തിലും റമളാനിലുടനീളവും അതിനെ പ്രതീക്ഷിക്കാമെന്ന് നിരവധി പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഒരിക്കലും അത് നമുക്ക് നഷ്ടപ്പെട്ടുകൂടെന്ന ശക്തമായ തീരുമാനത്തിലെത്താന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കണം. വര്‍ഷത്തിലോ ജീവിതത്തില്‍ തന്നെയോ അസുലഭമായി ലഭിക്കുന്ന അവസരം നഷ്ടപ്പെട്ടുപോയാല്‍ സകല നന്മകളും തടയപ്പെടുമെന്നാണ് തിരുവചനം. പിണങ്ങിക്കഴിയുന്നവര്ക്കും കുറ്റകൃത്യങ്ങളില്‍ നിമഗ്നരായവര്ക്കും അതിന്റെ ആനുകൂല്യം തടയപ്പെടുമെന്നത് ശ്രദ്ധേയമാണ്.
ജാഗ്രത പുലര്‍ത്തുക
ഖദ്റിന്റെ രാത്രിയില്‍ അനുഭവപ്പെടാവുന്ന ചില അടയാളങ്ങളിലേക്ക് ഹദീസുകളില്‍ സൂചനയുണ്ട്. അന്ന് സൂര്യന് ശക്തമായ രശ്മി കൂടാതെ ഉദിക്കുമെന്നത് സ്വഹാബികള്‍ക്ക് ബോധ്യപ്പെട്ടതാണ്. അല്ലാഹു അനുഗ്രഹിച്ച ഇഷ്ടദാസന്മാര്ക്ക് വേറെയും ചില അടയാളങ്ങള്‍ അനുഭവപ്പെട്ടേക്കാം. ലൈലത്തുല്‍ ഖദ്റിന് സാധ്യതയുള്ള എല്ലാ ദിവസവും അത് പ്രതീക്ഷിച്ചുകൊണ്ട് പുണ്യകര്മങ്ങളധികരിപ്പിക്കുകയാണ് ഏറ്റവും കരണീയം. കൂടുതല്‍ പുണ്യവും പ്രതിഫലവും നേടാന്‍ അത് കാരണമായിത്തീരും. പ്രസ്തുത സാധ്യതാരാവുകളില് പ്രത്യേകം വര്ധിപ്പിക്കേണ്ടതെന്താണെന്ന ആഇശ ബീവി(റ)യുടെ ചോദ്യത്തിന് റസൂല്‍(സ്വ)യുടെ മറുപടി ഇപ്രകാരമായിരുന്നു: അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്വ ഫഅ്ഫു അന്നീ (അല്ലാഹുവേ, നിശ്ചയം നീ വിട്ടുവീഴ്ച ചെയ്യുന്നവനും അത് അങ്ങേയറ്റം ഇഷ്ടപ്പെടുന്നവനുമല്ലോ. എനിക്കു നീ വിട്ടുവീഴ്ച ചെയ്യണേ).
അന്നു നമുക്ക് നാഥനിലേക്ക് വിനയം പ്രകടിപ്പിച്ച് കൈകളുയര്‍ത്താം. സംഭവിച്ചുപോയ ദോഷങ്ങളോര്‍ത്ത് വിതുമ്പിക്കരഞ്ഞ് പശ്ചാത്തപിക്കാം. വിറക്കുന്ന കൈകളോടെയും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര് തുള്ളികളോടെയും രാത്രി മുഴുവനും അവന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കാം. പ്രതിജ്ഞ പുതുക്കാം. നമ്മുടെ മുഴുവന്‍ പ്രശ്നങ്ങളും അത്യുദാരനായ അല്ലാഹുവിന്റെ മുമ്പില്‍ ഇറക്കിവെക്കാം. പാപമോചനത്തിനും നരകമുക്തിക്കും സ്വര്‍ഗ പ്രവേശനത്തിനും ഐഹിക-പാരത്രിക വിജയത്തിനും അവനോട് കേണപേക്ഷിക്കാം. നമുക്കും കുടുംബത്തിനും സമൂഹത്തിനും അതു ലഭ്യമാകാതെ പോകരുത്. നാല് വിഭാഗമാളുകള്‍ക്ക് ഖദ്റിന്റെ രാത്രിയിലും പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുകയില്ല. 1. സ്ഥിരമായി മദ്യപിക്കുന്നവര്‍. (മയക്ക് മരുന്നിന്റെ ലഹരിയുണ്ടാക്കുന്ന വിവിധയിനം ഉപയോഗിക്കുന്നവരും ഇതില്‍ പെടും). 2. മാതാപിതാക്കളെ വെറുപ്പിക്കുന്നവര്. 3. കുടുംബ ബന്ധം വിച്ഛേദിക്കുന്നവര്‍. 4. കാപട്യവും കുശുമ്പുമായി നടക്കുന്ന അധര്‍മകാരികള്‍. ഇങ്ങനെയുള്ള ദുഃസ്വഭാവങ്ങള്‍ ജീവിതത്തില്‍ തീരെ പാടില്ലാത്തതാണല്ലോ. വിശ്വാസി വിമോചനത്തിന് പ്രത്യേക വാഗ്ദാനങ്ങളുമായി റബ്ബ് കാത്തിരിക്കുന്ന പുണ്യ ദിനരാത്രങ്ങളില്‍ ഇവ തീരെ പാടില്ലെന്ന് നാം മനസ്സിലാക്കുക. ഒരൊറ്റ രാത്രി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ വര്‍ഷങ്ങളുടെ പ്രതിഫലം ഒന്നിച്ചു ലഭിക്കുമെന്ന് ഖുര്‍ആന്‍ ഉറപ്പിച്ചു പ്രഖ്യാപിക്കുമ്പോള്‍ അത് തിരസ്കരിക്കാന്‍ ആലസ്യത്തെ കൂട്ടുപിടിക്കുന്നവരെക്കുറിച്ച് എന്തു പറയാന്‍?