ഹിന്ദുത്വ രാഷ്ട്രീയ പ്രത്യശാസ്ത്രത്തിന്റെ രഥവേഗം തടുക്കാൻ ആർക്കും സാധിക്കില്ലെന്ന പൊതുബോധം ഇന്ത്യയിൽ വേരാഴ്ത്തുകയാണ്. ഓരോ തെരഞ്ഞെടുപ്പും ഈ നിസ്സഹായാവസ്ഥയെ ഊട്ടിയുറപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിലാപമാണ് ഉച്ചത്തിൽ കേൾക്കുന്നത്. പ്രതിപക്ഷ ശ്രമം അങ്ങേയറ്റം ദുർബലവും ശിഥിലവുമാണ്. ഡൽഹിയെ പിടിച്ചുലച്ച കർഷക പ്രക്ഷോഭം നോക്കൂ. ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയ പ്രതിസന്ധിക്ക് മുഴുവൻ പരിഹാരമാകാനുള്ള സമര ശക്തി കർഷകർക്കുണ്ടായിരുന്നു, എന്നാൽ അത്തരമൊരു ദേശീയ പോരാട്ടമായി അതിന് വളരാൻ സാധിച്ചില്ല. സമരം നടത്തുന്നത് ഖലിസ്ഥാൻ തീവ്രവാദികളാണ്, മാവോയിസ്റ്റുകളാണ് പ്രധാന നേതാക്കൾ, രാജ്യദ്രോഹികളുടെ ഗൂഢാലോചനയാണ് ഈ സമരം തുടങ്ങിയ നുണകൾ അടിച്ചിറക്കുന്ന ബിജെപി ആ ദുഷ്പ്രചാരണത്തിൽ വിജയിക്കുന്നുവെന്നതാണ് കഷ്ടം. ഗംഗാനദിയെ സാക്ഷിയാക്കി ഞാൻ പറയുന്നു: ഞങ്ങൾ കർഷകരെ ചതിക്കില്ല എന്നാണല്ലോ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നോക്കൂ എത്ര വിദഗ്ധമായാണ് ഗംഗയെ ഈ സമരത്തിലേക്ക് വലിച്ചിഴച്ചത്. എത്ര കൗശലത്തോടെയാണ് മതം കൊണ്ടുവന്നത്. ഇതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മിടുക്ക്. അതിന്റെ ഭരണം എത്ര ജനവിരുദ്ധമായാലും, ജനജീവിതം എത്രമാത്രം ദുസ്സഹമായാലും, ദളിതരും ന്യൂനപക്ഷങ്ങളും എത്രമാത്രം അവഹേളിക്കപ്പെട്ടാലും എല്ലാം മറയ്ക്കുന്ന പുതിയ വിഷയം കൊണ്ടുവരാനുള്ള മിടുക്ക്. എല്ലാ ചർച്ചകളെയും ആ വിഷയത്തിലേക്ക് ചുരുക്കിക്കെട്ടാനുള്ള പ്രൊപ്പഗണ്ട വൈഭവം. ‘ലൗ ജിഹാദ് വീണ്ടും ചർച്ചക്കെടുക്കുമ്പോൾ ഹിന്ദുത്വ ബുദ്ധികേന്ദ്രങ്ങൾ കുഴിച്ച കുഴിയിൽ വീഴുക തന്നെയാണ് ചെയ്യുന്നത്. ഇങ്ങനെയൊരു മുൻകൂർ ജാമ്യത്തോടെ മാത്രമേ ഈ കുറിപ്പ് തുടങ്ങാനാവുകയുള്ളൂ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മതപരിവർത്തനവിരുദ്ധ നിയമങ്ങൾ കൊണ്ടുവരുന്നതും ഈ വിഷയത്തിൽ വന്ന കോടതി വിധികളും വിശകലനം ചെയ്യുമ്പോൾ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഇന്ത്യൻ ഭരണഘടനയുടെയും ഭരണഘടനാ ശിൽപ്പികളുടെയും കാഴ്ചപ്പാടുകൾ കണക്കിലെടുക്കേണ്ടതുണ്ട്.
പാർലമെന്റിൽ ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് നടന്ന വാദപ്രതിവാദത്തിൽ ഇടപെട്ടുകൊണ്ട് ഡോ. അംബേദ്കർ ഇന്ത്യൻ മതേതര സങ്കൽപ്പത്തെ ഇങ്ങനെ വിശദീകരിച്ചു: ‘ജനങ്ങളുടെ മതവികാരങ്ങൾ കണക്കിലെടുത്തുകൂടെന്ന് മതേതര രാഷ്ട്രത്തിന് അർത്ഥമില്ല. ഏതെങ്കിലും പ്രത്യേക മതം മറ്റുള്ള ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പാർലമെന്റിന് അർഹതയുണ്ടായിക്കൂടെന്ന് മാത്രമാണ് ഒരു മതേതര രാഷ്ട്രമെന്നതിന് ആകെക്കൂടിയുള്ള അർത്ഥം. ഭരണഘടന അംഗീകരിക്കുന്ന ഏക പരിമിതി അതാണ്.’
ഡോ. എസ് രാധാകൃഷ്ണൻ ഇന്ത്യൻ മതനിരപേക്ഷതയെ വിവരിക്കുന്നതിങ്ങനെയാണ്: ‘ഇന്ത്യ ഒരു മതേതര രാഷ്ട്രമെന്ന് പറയുമ്പോൾ അദൃശ്യമായ ഒരാത്മാവിന്റെ യാഥാർത്ഥ്യത്തെയോ ജീവിതത്തിൽ മതത്തിന്റെ പ്രസക്തിയെയോ നാം നിരാകരിക്കുകയോ മതരാഹിത്യത്തെ മാനിക്കുകയോ ചെയ്യുകയെന്ന് അർത്ഥമില്ല. ഇന്ത്യൻ പാരമ്പര്യത്തിന്റ അടിസ്ഥാന തത്ത്വം ഈശ്വര വിശ്വാസമാണെങ്കിലും ഇന്ത്യാ രാഷ്ട്രം ഏതെങ്കിലും മതവുമായി ഇണങ്ങിച്ചേരുകയോ അതിന്റെ നിയന്ത്രണത്തിന് വിധേയമാവുകയോ ചെയ്യില്ല. ഒരു മതത്തിനും മുൻഗണനാ പദവിയോ പ്രശസ്ത നിലയോ അനുവദിച്ചുകൂടാ.’
ഇന്ത്യ മതേതര രാഷ്ട്രമായിരിക്കുമെന്ന് നിശ്ചയിച്ച ശേഷം മതസ്വാതന്ത്ര്യം മൗലികാവകാശമായി അംഗീകരിക്കുന്നതിൽ വൈരുധ്യമുണ്ടെന്ന് ഭരണഘടനാ നിർമാണ സഭയിൽ ചിലർ വാദിച്ചിരുന്നു. ഈ വാദഗതികളെ ഇഴകീറി പരിശോധിച്ചാണ് ആർട്ടിക്കിൾ 25 അടക്കമുള്ള വകുപ്പുകൾ ഭരണഘടനയിൽ ചേർക്കപ്പെട്ടിട്ടുള്ളത്. മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഭരണഘടനയുടെ ഏറ്റവും ശക്തമായ പ്രഖ്യാപനം 25-ാം അനുച്ഛേദം തന്നെയാണ്. അത് മതസ്വാതന്ത്ര്യത്തെ മൗലികാവകാശമായി അംഗീകരിച്ചിരിക്കുന്നു. ആ അവകാശം ലംഘിക്കപ്പെട്ടാൽ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്. 25-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് പ്രകാരം: പൊതു ക്രമം, സദാചാര ബോധം, ആരോഗ്യം എന്നിവക്ക് വിധേയമായി മനസ്സാക്ഷി സ്വാതന്ത്ര്യത്തിന് എല്ലാ വ്യക്തികൾക്കും തുല്യമായ അർഹതയുണ്ടായിരിക്കും. സ്വേച്ഛാനുസാരം മതമവലംബിക്കാനും( പ്രൊഫെസ്), അനുവർത്തിക്കാനും(പ്രാക്ടീസ്), പ്രചരിപ്പിക്കാനും(പ്രൊപ്പഗേറ്റ്) അവകാശമുണ്ടായിരിക്കും.
അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായി പ്രഖ്യാപിച്ചതിനാൽ മതം ‘പ്രചരിപ്പി’ക്കാനുള്ള സ്വാതന്ത്ര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ടോ എന്നത് കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ വലിയ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. മിഷണറി പ്രവർത്തനത്തെ മുന്നിൽ കണ്ടുകൊണ്ട് ഇങ്ങനെയൊരു പരാമർശം ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നാണ് ചില അംഗങ്ങൾ സന്ദേഹമുന്നയിച്ചത്. പ്രചരിപ്പിക്കുക എന്നാൽ അർത്ഥം മതപരിവർത്തനമെന്ന് മാത്രമല്ലെന്നാണ് ഭൂരിപക്ഷം അംഗങ്ങളും മറുപടി നൽകിയത്. ഒരാൾക്ക് വിശ്വസിക്കാനും ആചരിക്കാനും സ്വാതന്ത്ര്യമുള്ള ഒരു തത്ത്വസംഹിത ശാന്തമായി പ്രചരിപ്പിക്കാൻ അവകാശം നൽകുന്നതിൽ എന്താണ് തെറ്റ് എന്ന വാദമാണ് മുന്നിട്ടുനിന്നത്. ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ സാധിക്കുകയെന്നത് മതസ്വാതന്ത്ര്യത്തിന്റെ ജീവനാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. രാഷ്ട്രം മതപരമായ തിരഞ്ഞെടുപ്പിൽ ഇടപെടുന്നില്ലെന്നർത്ഥം.
ആർട്ടിക്കിൾ 25 മുതൽ 30 വരെയുള്ള വകുപ്പുകൾ മതസ്വാതന്ത്ര്യത്തെ നേരിട്ട് പ്രതിപാദിക്കുന്നുവെങ്കിൽ ആർട്ടിക്കിൾ 14 മുതൽ 17 വരെയുള്ളവയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ആർട്ടിക്കിൾ 21ഉം പരോക്ഷമായി മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നു. നിയമത്തിന് മുന്നിലെ സമത്വവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 14ഉം 15ഉമെല്ലാം മതസ്വാതന്ത്ര്യത്തെ കൂടി ഉയർത്തിപ്പിടിക്കുന്നവയാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും. മുഴുവൻ പൗരൻമാരും നിയമത്തിന്റെ മുന്നിൽ സമൻമാരായിരിക്കുമെന്നും എല്ലാവർക്കും നിയമത്തിന്റെ സംരക്ഷണം സമമായി ലഭ്യമാകണമെന്നും നിഷ്‌കർഷിക്കുന്നതാണ് ആർട്ടിക്കിൾ 14.
എല്ലാതരം വിവേചനങ്ങളിൽ നിന്നും പൗരൻമാർ മുക്തരായിരിക്കണമെന്ന ഉത്തമ താൽപര്യം സഫലമാക്കാൻ ആർട്ടിക്കിൾ 14 പോരെന്ന് തോന്നിയതിൽ നിന്നാണ് ആർട്ടിക്കിൾ 15 രൂപമെടുക്കുന്നത്. അത് വിവേചനത്തിനെതിരെ നിലകൊള്ളുന്നു: ജാതി, മത, ലിംഗ, ജൻമ, ദേശ കാരണങ്ങളാൽ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാട്ടാൻ പാടില്ലെന്ന് ഈ വകുപ്പ് അനുശാസിക്കുന്നു. ആർട്ടിക്കിൾ 16 പൊതു നിയമനത്തിൽ വിവേചനം പാടില്ലെന്ന് നിഷ്‌കർഷിക്കുന്നതാണ്. സംവരണം അടക്കമുള്ള സംരക്ഷിത വിവേചനത്തിന് അനുമതി നൽകിക്കൊണ്ടാണ് ഭരണഘടന ഈ വകുപ്പ് മുന്നോട്ട് വെക്കുന്നത്. ആർട്ടിക്കിൾ 17 അയിത്താചരണം പൂർണമായി നിരോധിക്കുന്നു. ഇന്ത്യയിൽ കൊടികുത്തി വാണ ജാതിഭ്രാന്തിന്റെ ആണിക്കല്ലിളക്കുന്ന ഏറ്റവും വിപ്ലവകരമായ ഈ വകുപ്പ് മതത്തിനകത്തെ ജീർണതയിലേക്കും കട്ടപിടിച്ച ഇരുട്ടിലേക്കുമാണ് വെളിച്ചം വീശുന്നത്.
ഇത്രയും ഭരണഘടനാ അനുച്ഛേദങ്ങൾ വിശദമാക്കിയത് ലൗ ജിഹാദ് ആരോപണവും അത് ലക്ഷ്യമിടുന്ന മതപരിവർത്തനവിരുദ്ധതയും ഒരു മുസ്‌ലിം പ്രശ്‌നമല്ല എന്ന് വ്യക്തമാക്കുന്നതിനാണ്. ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ സംഘ്പരിവാറും ചില ക്രിസ്ത്യൻ സഭാ സംഘങ്ങളും തട്ടിവിടുമ്പോൾ അവർ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുന്നത് മുസ്‌ലിംകളെയാണ്. എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന നൽകുന്ന അവകാശമാണ് യഥാർത്ഥത്തിൽ ആക്രമിക്കപ്പെടുന്നത്. കുറേക്കൂടി വ്യാപകമായി മതപരിവർത്തന ശ്രമങ്ങൾ നടത്തുന്ന ക്രിസ്ത്യൻ വിഭാഗങ്ങളാകും മതപ്രചാരണ സ്വാതന്ത്ര്യം പരിമിതപ്പെടുമ്പോൾ കൂടുതൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരിക. അതുകൊണ്ട് മനുഷ്യന്റെ സ്വാഭാവികമായ തിരഞ്ഞെടുപ്പിന്റെയും ആവിഷ്‌കാരത്തിന്റെയും വലിയ ക്യാൻവാസിൽ മാത്രമേ ലൗ ജിഹാദ് എന്ന വിഷമിശ്രിതത്തെ വിശകലനം ചെയ്യാനാകൂ.
ബിജെപി ഭരിക്കുന്ന യുപിയിൽ മതപരിവർത്തന വിരുദ്ധ ഓർഡിനൻസ് പ്രാബല്യത്തിലായിരിക്കുന്നു. വിവാഹത്തിനു മാത്രമായി മതം മാറുന്നതിനെ അത് നിരോധിക്കുന്നു. മതപരിവർത്തനം നിർബന്ധിതമാണെന്ന് തെളിഞ്ഞാൽ പത്ത് വർഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. മതപരിവർത്തിതരാകാൻ ആഗ്രഹിക്കുന്നവർ അത് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം. ജില്ലാ അധികാരികൾ പരിശോധനകൾ നടത്തി അനുമതി നൽകുമ്പോൾ മാത്രമേ പരിവർത്തനം നിയമപരമാകുന്നുള്ളൂ. ഈ ഓർഡിനൻസ് പ്രകാരം ആദ്യ കേസ് യുപിയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. രണ്ട് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതയായ യുവതിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മുസ്‌ലിം പുരുഷനെതിരെയാണ് കേസ്. ഇനി അന്വേഷണം നടക്കും. ശിക്ഷ വിധിക്കും. അന്വേഷണത്തിൽ ഈ നിയമം പ്രയോഗിക്കാവുന്ന കുറ്റങ്ങൾ നടന്നതായി കണ്ടെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ നിന്ന് മറിച്ചൊന്ന് ഉണ്ടാകുമെന്ന് ആർക്കെങ്കിലും പ്രതീക്ഷിക്കാനാകുമോ? സ്വസ്ഥമായി ജീവിക്കുന്ന നിരവധി കുടംബങ്ങളെ വാർത്തയുടെ മുനയിൽ കോർത്തെടുത്ത് ആർത്തട്ടഹസിക്കാനുള്ള അവസരമാണ് ഈ നിയമം ഉണ്ടാക്കാൻ പോകുന്നത്. അകൽച്ചകൾ, അവിശ്വാസങ്ങൾ, സംഘർഷങ്ങൾ, കലാപങ്ങൾ. കർഷകന്റെയും സാധാരണക്കാരന്റെയും ജീവിത പ്രതിസന്ധികൾ മുഴുവൻ മറയ്ക്കപ്പെടും. യോഗി ആദിത്യനാഥ് വിജയം ആവർത്തിക്കും. അദ്ദേഹം അടുത്ത മോദിയാകും.
മധ്യപ്രദേശ്, ഹരിയാന, അസം, കർണാടക തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പിറകേ വരുന്നുണ്ട്. അവിടെയെല്ലാം ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. കർഷകരുടെ രോഷം കത്തുന്നുണ്ട്. അതുകൊണ്ട്, മന്ദിർ രാഷ്ട്രീയം പോലെ എങ്ങനെ വന്നാലും ലാഭം മാത്രമുള്ള ഒരു കളി വേണം. അതാണ് ലൗ ജിഹാദ്. 2012-ൽ യുപിയിലെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തതോടെ അമിത് ഷാ തുടങ്ങിയ ലൗ ജിഹാദ്, റോമിയോ ജിഹാദ് പ്രചാരണം അവിടെ ബിജെപിയെ അധികാരത്തിലേറ്റുന്നതിൽ വലിയ പങ്കു വഹിച്ചു. മുസഫർനഗർ അടക്കമുള്ള കലാപങ്ങൾ അതിന് വഴിയൊരുക്കി. യുപിയിലെ ജാതി രാഷ്ട്രീയം നിഷ്പ്രഭമാകുകയും വർഗീയത രംഗം കീഴടക്കുകയും ചെയ്തു. ആർഎസ്എസിന്റെ ആലയിൽ വേവിച്ചെടുത്ത ഈ വിഷക്കൂട്ടിന് ഭാവിയിലേക്ക് പ്രയോഗക്ഷമതയുണ്ടെന്ന വിലയിരുത്തലിലാണ് ഇപ്പോൾ നിയമനിർമാണ കോലാഹലങ്ങൾ നടക്കുന്നത്. സ്ത്രീകൾ തന്നെയാണ് ഉന്നം. കാര്യമായി രാഷ്ട്രീയ ബോധമൊന്നുമില്ലാത്ത, ഭൂരിപക്ഷ മതത്തിലെ സ്ത്രീകളെ വൈകാരികമായി സ്പർശിക്കുകയാണ് ചെയ്യുന്നത്. കാക്ക കൊത്തിക്കൊണ്ടു പോകും എന്ന പ്രയോഗം ഓർമയില്ലേ. ‘പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വശത്താക്കാൻ മുസ്‌ലിം യുവാക്കൾ വട്ടമിട്ട് പറക്കുകയാണ്. ഈ യുവാക്കൾക്ക് പണം പുറത്തുനിന്ന് വരുന്നുണ്ട്. ആസൂത്രിതമായാണ് ഈ ദൗത്യം അവർ പൂർത്തിയാക്കുന്നത്. ഒരു കേന്ദ്രീകൃത സംവിധാനം ഈ ജിഹാദിനുണ്ട്. അതുകൊണ്ട് നമ്മൾ പേടിക്കണം. മുസ്‌ലിംകളുമായി ഒരുതരം സഹവാസവും നടത്തരുത്. പെൺകുട്ടികൾ അവരുടെ കടകളിൽ പോകരുത്. മൊബൈൽ ഫോൺ ഉപയോഗിക്കരുത്. പഠിക്കുന്നെങ്കിൽ ‘നമ്മുടെ’ പള്ളിക്കൂടങ്ങളിൽ പഠിക്കുക. പേടിക്കുക. ചുറ്റും ജിഹാദികളുണ്ട്’- ഇങ്ങനെ പോകുന്നു മുന്നറിയിപ്പുകൾ. ഈ പെരുമാറ്റച്ചട്ടങ്ങൾ നടപ്പാക്കിയെടുക്കുന്നത് ഖാപ് പഞ്ചായത്ത് പോലുള്ള സംവിധാനങ്ങൾ വഴിയാണ്. മുസ്‌ലിം പോക്കറ്റുകളെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ അഴിച്ചുവിട്ടാണ് മറ്റിടങ്ങളിൽ നേട്ടം കൊയ്യുന്നത്. അത് കൂടുതൽ അപകടകരമാണ്.
ലൗ ജിഹാദ് എന്ന പദ സമുച്ചയത്തിന്റെ തുടക്കം കേരളത്തിലായിരുന്നുവല്ലോ. തങ്ങളുടെ സമുദായത്തിൽപ്പെട്ട 4,500 യുവതികളെ ഇസ്‌ലാം മതത്തിലേക്ക് പ്രലോഭിപ്പിച്ച് മതം മാറ്റി എന്ന കേരള കാത്തലിക് ബിഷപ്പ്‌സ് കൗൺസിലിന്റെ ആരോപണത്തിന് 2012 ജൂണിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ വിശദീകരിച്ചു. 2006-ന് ശേഷം 2,667 യുവതികൾ ഇസ്‌ലാം മതം സ്വീകരിച്ചുവെന്നും ഈ കാലയളവിൽ ഹിന്ദുമതത്തിലേക്ക് 2,803 പേർ മതം മാറിയിട്ടുണ്ടെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തൽ. വിഷയം ഹൈക്കോടതിയിലെത്തിയപ്പോൾ അന്വേഷണം നടത്താൻ ജസ്റ്റിസ് കെടി ശങ്കരൻ ഉത്തരവിട്ടു. ഇതോടെ ദേശീയതലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഹിന്ദുത്വ സംഘടനകൾ തുടക്കം കുറിച്ചു. ഓർക്കണം, ആരാണ് വടി കൊടുത്തതെന്ന്. മതപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് സംഘ്പരിവാരം പച്ചക്ക് കത്തിച്ച ഗ്രഹാം സ്റ്റെയിൻസിനെയും കാന്ദമാലിലെ കന്യാസ്ത്രീകളെയും ഒപ്പം ഓർക്കണം.
കേരളത്തിലെ പോലീസ് സംവിധാനം അരിച്ചു പെറുക്കിയിട്ടും ലൗ ജിഹാദിന് ഒരു തെളിവും കണ്ടെത്താനായില്ല. ചില പേരുകൾ ഉയർത്തി കത്തോലിക്കാ സഭയും ആർഎസ്എസും ഇടക്കിടക്ക് ഒച്ചയുണ്ടാക്കുന്നുവെന്നല്ലാതെ ഒരു ഔദ്യോഗിക സംവിധാനത്തിനും അത് ശരിവെക്കാനുള്ളതൊന്നും കൊണ്ടുവരാനായില്ല. ഹാദിയ- ശഫിൻ കേസും പൊളിഞ്ഞു. പോലീസിലെ സംഘ് അനുഭാവികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ല. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സമ്മതിച്ചു: അങ്ങനെയൊന്നില്ല. എന്നിട്ടും കഥ മെനയൽ തുടരുകയാണ്. നിയമ നിർമാണവും.
അലഹാബാദ് കോടതിയുടെ സിംഗിൾ ബഞ്ച് കഴിഞ്ഞ മാസം നടത്തിയ ഒരു വിധി പ്രസ്താവമാണ് പുതിയ ഓർഡിനൻസിന് യോഗി സർക്കാർ അടിസ്ഥാനമായി പറഞ്ഞിരിക്കുന്നത്. മതപരിവർത്തനം വിവാഹത്തിനാണെങ്കിൽ സാധുവാകില്ല എന്നായിരുന്നു വിധി. അന്ന് തന്നെ നിയമവിദഗ്ധരെല്ലാം ഈ വിധി ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയതാണ്. മതപരിവർത്തനം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നിരിക്കെ അതിന്റെ കാരണം കോടതികൾ അന്വേഷിക്കേണ്ടതില്ല എന്നാണ് നിയമവൃത്തങ്ങൾ ഒന്നടങ്കം ചൂണ്ടിക്കാട്ടിയത്. ഇതേ നിലപാട് അലഹാബാദ് ഹൈക്കോടതിയുടെ തന്നെ ഡിവിഷൻ ബഞ്ച് ഊന്നിപ്പറഞ്ഞു. പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും മതം, ജാതി, സമുദായം എന്നിവയുമായി അതിന് ബന്ധമില്ലെന്നുമാണ് സിംഗിൾ ബഞ്ച് വിധി അസാധുവാണെന്ന് പ്രഖ്യാപിച്ച ഡിവിഷൻ ബഞ്ചിന്റെ സുപ്രധാന നിരീക്ഷണം. പങ്കാളികളെ തിരഞ്ഞെടുക്കുകയെന്നത് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. മുസ്‌ലിം പുരുഷനെതിരെ ഭാര്യയുടെ മാതാപിതാക്കൾ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വിവാഹത്തിന് മുമ്പായി ഭാര്യ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നു. ഭർത്താവിനെതിരെ ഭാര്യാ പിതാവ് നൽകിയ കേസ് നിലനിൽക്കില്ലെന്ന് ജസ്റ്റിസ് പങ്കജ് നഖ്‌വിയും ജസ്റ്റിസ് വിവേക് അഗർവാളും അടങ്ങിയ ബഞ്ച് വിധിച്ചു.
വിവാഹ ബന്ധത്തിൽ ഇടപെടുന്നത് വ്യക്തികൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമായിരിക്കും. ‘ഹരജിയിൽ പരാമർശിക്കപ്പെട്ട പ്രിയങ്ക ഖർവാറിനെയും സലാമത്ത് അൻസാരിയെയും ഹിന്ദുവും മുസ്‌ലിമും ആയിട്ടല്ല ഞങ്ങൾ കാണുന്നത്. സ്വന്തം ഇഷ്ടത്തോടെ സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള രണ്ട് മുതിർന്ന വ്യക്തികളെന്ന നിലയിലാണ്. ഒരു വർഷത്തിലേറെയായി സമാധാനത്തോടെയും സന്തോഷത്തോടെയും അവർ ജീവിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ഒരു വ്യക്തിയുടെ ജീവിതവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ കോടതികൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്.’ -രണ്ടംഗ ബഞ്ച് വ്യക്തമാക്കി.
ഉത്തർ പ്രദേശിലെ കുശിനഗർ സ്വദേശിയായ സലാമത്ത് അൻസാരി ഒരു വർഷം മുമ്പാണ് പ്രിയങ്ക ഖർവാറിനെ വിവാഹം ചെയ്തത്. പ്രിയങ്കയുടെ മാതാപിതാക്കൾ ഇതിനെ അനുകൂലിച്ചിരുന്നില്ല. വിവാഹത്തിന് മുമ്പായി പ്രിയങ്ക ഇസ്‌ലാം സ്വീകരിക്കുകയും ആലിയ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. വിവാഹത്തിന് പിന്നാലെ പ്രിയങ്കയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സലാമത്ത് അൻസാരിക്കെതിരെ കേസെടുത്തു. തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ച് മതം മാറ്റൽ തുടങ്ങിയ കുറ്റങ്ങളാണ് സലാമത്തിനെതിരെ ചുമത്തിയിരുന്നത്. മകൾക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന മാതാപിതാക്കളുടെ ആരോപണത്തിൽ പോക്‌സോ പ്രകാരമായിരുന്നു കേസ്. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സലാമത്ത് അൻസാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുപി സർക്കാറിന്റെയും മാതാപിതാക്കളുടേയും അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് സലാമത്ത് അൻസാരിക്കെതിരെയുള്ള കേസ് റദ്ദാക്കാൻ ഹൈക്കോടതി വിധിച്ചത്.
വിവാഹത്തിന് വേണ്ടി മതം മാറുന്നത് സ്വീകാര്യമല്ലെന്നായിരുന്നു സുപ്രീം കോടതിയെ ഉദ്ധരിച്ച് സിംഗിൾ ബഞ്ച് വിധിച്ചത്. എന്നാൽ, പക്വതയുള്ള രണ്ട് വ്യക്തികളുടെ ജീവിതവും സ്വാതന്ത്ര്യവും അവർ ആരുമായാണ് ജീവിക്കാൻ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശവും ഈ വിധിന്യായത്തിൽ പരിഗണിച്ചില്ലെന്ന് രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു. കോടതി വിധിയാണ് യോഗിയുടെ ഓർഡിനൻസിന്റെ അടിത്തറയെങ്കിൽ അലഹാബാദ് കോടതിയുടെ ലാർജർ ബഞ്ച് അത് പൊളിച്ചു കളഞ്ഞിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച വിധിന്യായത്തിലൂടെ സംഘ്പരിവാറിന്റെ കുടില രാഷ്ട്രീയത്തിന്റെ കരണത്തടിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഈ ക്ഷുദ്ര ഓർഡിനൻസ് പിൻവലിക്കുകയാണ് വേണ്ടത്.
ഇന്ത്യയിലെ മതപരിവർത്തനങ്ങൾക്ക് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലം മത്രമല്ല ഉള്ളത്. അത് ചാതുർവർണ്യ വ്യവസ്ഥയോടുള്ള പ്രതികരണം കൂടിയാണ്. സാമ്രാജ്യത്വവിരുദ്ധ സമരങ്ങളിലൊന്നും ഇന്ത്യയിൽ സാമൂഹിക പരിഷ്‌കരണത്തിനുള്ള മുദ്രാവാക്യങ്ങൾ ആഴത്തിലുയർന്നില്ല എന്നോർക്കണം. ദളിതരെ ഹരിജനങ്ങളെന്ന് (ബ്രഹ്‌മാവിന്റെ സ്വന്തം) വിളിച്ച് ആദരിച്ച ഗാന്ധിജി പക്ഷേ, ആ ജനത അനുഭവിച്ച വിവേചനത്തെ കുറിച്ച് ബിആർ അംബേദ്കർ നിരന്തരം പറഞ്ഞതിന് ചെവികൊടുത്തതേയില്ല. ഫലമെന്തായിരുന്നു? രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടി. സാമൂഹിക സ്വാതന്ത്ര്യം കിട്ടിയില്ല. ജാതിയിൽ താഴ്ന്നവരെന്ന് മുദ്ര കുത്തപ്പെട്ടവർക്ക് മനുഷ്യരെന്ന പരിഗണന പോലും ഇന്നും കിട്ടിയിട്ടില്ല. മലം ചുമന്നും അഴുക്കു കോരിയും ഇന്നും അവർ പതിത ജീവിതം നയിക്കുന്നു. ആത്മാഭിമാനത്തോടെ മരിക്കാനായി, ജീവിക്കാനല്ല, നിരവധി പേർ മതം മാറി. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ശ്രീനാരായണ ഗുരുവിന് പറയേണ്ടിവന്നു. അംബേദ്കർ 1956-ൽ മതം മാറി. ഹിന്ദു മതം എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ബ്രാഹ്‌മണിക നിയമശാസനകൾ മനുഷ്യത്വവിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അജ്മീറിൽ ചെന്ന് അനാ സാഗർ തീരത്ത് അൽപ്പ സമയം ഇരിക്കൂ. ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ചാരത്തേക്ക് നിരാലംബരായ മനുഷ്യർ ഓടിയെത്തിയതിന്റെ സത്യം നമ്മെ തൊടും. അപവാദങ്ങളെ മാറ്റിനിർത്തി തുറന്ന മനസ്സോടെ ഇസ്‌ലാമികാശ്ലേഷങ്ങളുടെ സത്യം അന്വേഷിക്കുന്ന ആരും എത്തിച്ചേരുക ഒറ്റ ഉത്തരത്തിലാണ്: മതപരിവർത്തനമല്ല നടന്നത്, മതസ്വീകരണമാണ്.
നവ മുസ്‌ലിംകളെക്കൊണ്ട് രാഷ്ട്രീയത്തിന്റെ ചുടുചോറ് വാരിക്കാൻ നടക്കുന്ന മതരാഷ്ട്രവാദികളും സ്വത്വരാഷ്ട്രീയക്കാരും ആ മനുഷ്യരെ അവരുടെ വഴിക്ക് വിടണം. ഹിന്ദുത്വവാദികൾക്ക് വഴി മരുന്നിട്ട് കൊടുക്കുന്നത് അവസാനിപ്പിക്കണം.

മുസ്തഫ പി എറയ്ക്കൽ

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ