മൃതിയടയാനിരിക്കുന്ന ഭൂമിയെ നോക്കി വ്യാകുലതയോടെയാണ് ഒ.എൻ.വി കുറുപ്പ് ഭൂമിക്കൊരു ചരമഗീതത്തിൽ ഇങ്ങനെ പാടിയത്: ‘ഇനിയും മരിക്കാത്ത ഭൂമീ/ നിന്നാസന്ന മൃതിയിൽ/ നിനക്കാത്മ ശാന്തി’. നമ്മുടെ ഭൂമിയുടെ സൗന്ദര്യാത്മകത മുഴുവനും പൊളിച്ചടക്കപ്പെട്ടിരിക്കുന്നു. വനങ്ങളും മരങ്ങളും പുൽമേടുകളും അരുവികളുമെല്ലാം തീർത്തിരുന്ന പ്രകൃതിയുടെ മനോഹാരിത നമ്മുടെ വികൃതമായ കരങ്ങൾ കൊണ്ട് മാന്തിപ്പിളർത്തിയിരിക്കുന്നു. നമ്മൾ വെട്ടി നുറുക്കിയ മരങ്ങളുടെ കണക്കനുസരിച്ച് അനേകായിരം ജീവികൾ പ്രകൃതിയിൽ അലഞ്ഞു കൊണ്ടിരിക്കുന്നു. വേനലിന്റെ തീക്ഷ്ണത സഹിക്കവയ്യാതെ കുഞ്ഞിച്ചിറകുകൾ മണ്ണിനോട് ചേർത്ത് വെച്ച് അവകൾ മനുഷ്യന് മുന്നിൽ അടിയറവ് പറയുന്നു. അത്യുഷ്ണത്തിൽ സൂര്യാഘാതമേറ്റ് നമ്മുടെ സഹോദരങ്ങൾ മരണമടയുമ്പോഴും കാരണങ്ങൾ തേടാതെ പ്രകൃതിയെ നമ്മൾ വികൃതമാക്കിെക്കാണ്ടേയിരിക്കുകയാണ്. ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം, പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം എല്ലാം മാനവരാശിയെ മഹാഗർത്തത്തിലേക്ക് താഴ്ത്താൻ വാ പിളർന്ന് നിൽക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള വാർത്തകൾ ഈ സ്ഥിതി വിശേഷത്തിന്റെ നിദർശനങ്ങളാണ്. വിഷപ്പുക നിറഞ്ഞ് ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം ഡൽഹിയിൽ സാധാരണ ജീവിതം അസാധ്യമാക്കിയിരിക്കുന്നു. മനുഷ്യൻ കാലങ്ങളായി ചെയ്യുന്ന പരാക്രമങ്ങൾക്ക് പകരം സർക്കാർ പാരിസ്ഥിതിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകപോലുമുണ്ടായി. കേരളത്തിലേയും സ്ഥിതി വിശേഷങ്ങളും ഇതിൽനിന്ന് ഭിന്നമല്ല.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ റുവാണ്ടൻ നഗരമായ കിഗലിയിൽ ചേർന്ന ഉച്ചക്കോടിയിൽ ലോകത്തെ 197 രാജ്യങ്ങൾ ചേർന്ന് ഒരു ധാരണയിലെത്തുകയുണ്ടായി. ആഗോള താപനം വർധിപ്പിക്കുന്നതിൽ പ്രധാന ഘടകമായ ഹൈഡ്രോ ഫ്‌ളൂറോ കാർബൺ നിയന്ത്രിക്കുക എന്നതായിരുന്നു അത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ക്യോട്ടോ പാരിസ് ഉടമ്പടികളുടെ തുടർച്ചയായി ഉണ്ടാക്കിയ ധാരണയിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെ ചില രാഷ്ട്രങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകിയത് കരാറിന്റെ സാധുതയെ ഇല്ലാതാക്കുമെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു. ഈ വിമർശനത്തിൽ കഴമ്പുണ്ടെന്നാണ് പാരിസ്ഥിതിക അടിയന്തരാവസ്ഥ തെളിയിക്കുന്നത്.

 

അനുഗ്രഹം പെയ്യുന്ന മരങ്ങൾ

പ്രതിവർഷം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്ന 1500 കോടി മരങ്ങൾക്കും ഇടിച്ചു നിരത്തി ലാഭം കൊയ്യുന്ന മലകൾക്കും പാറകൾക്കും പകരം ആവാസവ്യവസ്ഥക്ക് വേണ്ടി നമ്മൾക്കെന്ത് ചെയ്യാനാവും? ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്നത് 2020 ആകുമ്പോഴേക്കും 780 കോടി മരങ്ങൾ ഭൂമിയിൽ നട്ടു സംരക്ഷിക്കണമെന്നാണ്. പൊള്ളയായ വികസന പ്രവർത്തനങ്ങളും വനനശീകരണവും ഫോറസ്റ്റ് അതോറിറ്റിയുടെ അനാസ്ഥയുമെല്ലാം അവശേഷിക്കുന്ന മരങ്ങൾക്കും ഭീഷണിയാണ് മുഴക്കിക്കൊണ്ടിരിക്കുന്നത്. മരങ്ങളില്ലെങ്കിൽ ഭൂമിയിൽ എന്ത് പ്രാണൻ? എന്ത് ജീവി? എന്ത് മനുഷ്യൻ? എല്ലാം അപായത്തിലാണ്. പ്രാണവായു നൽകുന്നതോടൊപ്പം ആഗോള താപനത്തിനും തുടർന്നുള്ള സമുദ്ര നിരപ്പിലെ ഉയർച്ചക്കും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന അന്തരീക്ഷത്തിലെ അമിതമായ കാർബൺഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് വായു മണ്ഡലത്തെ ജീവ മണ്ഡലമാക്കി നിലനിർത്തുന്നത് മരങ്ങളാണ്.

ശരാശരി ഒരു കാർ 26000 മൈൽ ഓടിയാൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും പുറത്ത് വരുന്ന കാർബൺഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് വായു ശുദ്ധീകരിക്കാൻ ഒരു ഏക്കർ സ്ഥലത്തെ മരങ്ങൾക്ക് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മാരകമായ മലിന വായുവിലെ നൈട്രജന്റെ ഓക്‌സൈഡുകൾ, അമോണിയ, സൾഫറിന്റെ ഓക്‌സൈഡുകൾ, കാർബണിന്റെ ഓക്‌സൈഡുകൾ, ഓസോൺ തുടങ്ങിയ വിഷവാതകങ്ങൾ വലിച്ചെടുത്ത് വായു ശുദ്ധമാക്കുന്നതിൽ വലിയ പങ്കാണ് മരങ്ങൾ വഹിക്കുന്നത്. ഭൂമിയിലെ ജീവനും മരങ്ങളും തമ്മിൽ അഭേദ്യമായ ബന്ധം നിലനിൽക്കുന്നു. വന്യമൃഗങ്ങളെ ആവാസ വ്യവസ്ഥ നൽകി സംരക്ഷിക്കുകയും മഴവെള്ളത്തെ മണ്ണിലൂടെ ഭൂമിക്കടിയിലെ ഭൂഗർഭ ജല സ്രോതസ്സുകളിൽ എത്തിക്കുകയും അതുവഴി കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കുകയും ചെയ്യുന്നത് മരങ്ങളാണ്. ഭൂമിയിലെ അസംഖ്യം ജനസമൂഹങ്ങൾക്ക് ആഹാരവും ജീവിതവും ഭക്ഷണവും വ്യവസായ വാണിജ്യ ഉത്പന്നങ്ങളും നൽകുന്നതും മരങ്ങളുടെ സാന്നിധ്യമത്രെ. ചൂടും തണുപ്പും ക്രമാതീതമായി ഉയരുന്നതും താഴുന്നതും നിയന്ത്രിക്കാൻ മരങ്ങൾക്ക് കഴിയും. അവയിൽ നിന്ന് ട്രാൻസ്പിറേഷൻ എന്ന പ്രതിഭാസം വഴി പുറത്തുവരുന്ന ഈർപ്പം പ്രാദേശിക കാലാവസ്ഥയിലെ താപ ഉയർച്ച ഫലപ്രദമായി തടയുന്നുണ്ട്. ഒരു പ്രദേശത്തെ കാലാവസ്ഥാ നിയന്ത്രണത്തിൽ മരങ്ങൾ ബഫർസോൺ പോലെയാണ് പ്രവർത്തിക്കുന്നത്.

മരങ്ങളുടെ അഭാവം ഗുരുതരമായ രോഗങ്ങൾക്ക് വഴിവെക്കുമെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. മനുഷ്യരിലെത്തുന്ന പല രോഗാണുക്കളും അവ പരത്തുന്ന കീടങ്ങളും ഇപ്പോൾ മരങ്ങളിലും വനങ്ങളിലും കഴിഞ്ഞ് കൂടുന്നവയാണ്. മരങ്ങളുടെ ഇല്ലായ്മ കീടങ്ങൾക്ക് ആവാസ വ്യവസ്ഥ നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കും. അതിനാൽ അവ നാട്ടിലെ കൃഷിക്കും ജനങ്ങൾക്കും ജന്തുക്കൾക്കും പ്രശ്‌നങ്ങളുണ്ടാക്കുമെന്നുറപ്പാണ്. ജീവജാലങ്ങളുടെ വംശനാശം മനുഷ്യന്റെ ഭീതിതമായ അന്ത്യത്തിലേക്കാണ് കൊണ്ടെത്തിക്കുക. കാട് നശിപ്പിച്ച് നമ്മൾ നടത്തുന്ന വികസന പദ്ധതികൾ സാധാരണ ഉണ്ടായേക്കാവുന്ന ജീവജാലങ്ങളുടെ വംശനാശത്തേക്കാൾ 1000 മടങ്ങാണ് വർധിച്ചിരിക്കുന്നത്. ഈ നില തുടർന്നാൽ ജീവജാലങ്ങളുടെ വംശനാശ ഭീഷണിയുടെ തോത് 10000 മടങ്ങായി മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. നമ്മുടെ ഭൂമി ജീവിക്കാൻ കൊള്ളാവുന്ന ആവാസ വ്യവസ്ഥയിൽ നിന്ന് മരുഭൂമി പോലെയാകുന്ന സ്ഥിതി വരാൻ നാളേറെ വേണ്ടെന്ന സന്ദേശമാണ് അവർ നൽകുന്നത്. ചെടികളും മരങ്ങളും അപ്രത്യക്ഷമാകുന്നതോടെ ഭൂമുഖത്ത് നിന്ന് കുറ്റിയറ്റ് പോവുന്ന രണ്ട് ജീവ ജാലങ്ങളുണ്ട്. തേനീച്ചയും വവ്വാലുമാണത്. ഇവ രണ്ടും ഭക്ഷ്യ സുരക്ഷക്ക് നൽകുന്ന മഹത്തായ സംഭാവനയാണ് പരാഗണം. ധാന്യങ്ങൾ, പച്ചക്കറികൾ, പഴ വർഗങ്ങൾ എന്നിവ ഉൽപാദിപ്പിക്കുന്ന ചെടികളിലെ പരാഗണം നിലക്കുന്നതോടെ ഫലങ്ങൾ ഉണ്ടാകുന്നത് നിലയ്ക്കും. ലോകം ഇതോടെ പട്ടിണിയിലേക്ക് കൂപ്പുകുത്തും. പ്രകൃതിയുമായി ഇണങ്ങിയതും പരിസ്ഥിതി സൗഹൃദവുമായ വികസന നയങ്ങളും സ്ഥായിയായ വികസന കാഴ്ചപ്പാടുകളും ഉണ്ടെങ്കിൽ മാത്രമേ വികസനം സുസ്ഥിരമാകൂ. അല്ലെങ്കിൽ ഭൂമി തരിശുവൽക്കരിക്കപ്പെടുകയും ഊഷരമാവുകയും മനുഷ്യ ജീവിതം ദുസ്സഹമാവുകയും ചെയ്യും.

 

ജല വിപണി കാത്തിരിപ്പാണ്

മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പ് ജലെത്ത ആശ്രയിച്ചിരിക്കുന്നു. മറ്റു ജീവികളുടെയും സസ്യങ്ങളുടെയും മരങ്ങളുടെയുമെല്ലാം ആശ്രയം ജലം തന്നെ. അഥവാ ആവാസ വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് ജലം. നമ്മൾ പ്രകൃതിയോട് ചെയ്യുന്ന അനീതികൾ ശുദ്ധജല ലഭ്യതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഒരു കൊടുംവരൾച്ച നേരിൽ കണ്ടാണ് കേരളം ഇപ്പോൾ കഴിയുന്നത്. കൂറ്റൻ വ്യവസായ സ്ഥാപനങ്ങളുടെ ഓവുചാലുകളായി പുഴകളെയും അരുവികളെയും മാറ്റിയതു മുതലാണ് ജലലഭ്യത വലിയൊരു ഭീഷണിയായി മാറാൻ തുടങ്ങിയത്. വേണ്ടത്ര ജലം ലഭിക്കാതെ വരുമ്പോൾ ഭൂഗർഭ ജലം ഊറ്റിയെടുത്ത് സ്വയം വികസിതരാകുന്ന കോർപറേറ്റ് ഭീമൻമാർ ഒരിറ്റ് ജലത്തിന് കേഴുന്ന സാധാ ജനത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. അതിനേക്കാൾ ഭീമമായ ചൂഷണമാണ് ജലദൗർലഭ്യതയുടെ മറവിൽ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായ ഉൽപന്നമായി മാറിയിരിക്കുകയാണ് കുപ്പിവെള്ളം. 2011-ൽ 8000 കോടി രൂപയായിരുന്നു കുപ്പിവെള്ളത്തിന്റെ വാർഷിക വിറ്റുവരവെങ്കിൽ 2015-ൽ അത് 15000 കോടിയായി ഉയരുകയുണ്ടായി. 2020-ൽ ഇത് 36000 കോടി രൂപയുടെ വാർഷിക വിറ്റുവരവിലെത്തുമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്‌സ് (ആകട) വിലയിരുത്തുന്നത്. മൂന്ന് വർഷം മുമ്പ്, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനത്തിൽ രാജ്യത്തെ പ്രമുഖരായ 30 കമ്പനികളുടെ വെള്ളത്തിലും കീടനാശിനിയുടെ അംശം ഉള്ളതായി കണ്ടെത്തിയിരുന്നു. ബാബ ആണവ ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയിൽ മുംബൈയിലെ കടകളിൽ വിൽപനക്ക് വെച്ച കുടിവെള്ള സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളടക്കം ഉയർന്ന തോതിൽ വിഷാംശമുള്ളതായി തെളിയിക്കപ്പെട്ടു. ചില കമ്പനികൾ ഭൂഗർഭ ജലമാണ് കുപ്പികളിൽ നിറച്ച് വിൽക്കുന്നത്. എന്നാൽ ഹൃദ്രോഗം, ഹൈപ്പർടെൻഷൻ എന്നിവക്ക് കാരണമാകുന്ന കഠിന ലോഹങ്ങൾ അടങ്ങിയതാണ് പലയിടത്തുമുള്ള ഭൂഗർഭ ജലമെന്ന് ഇത് സംബന്ധിച്ച നിരവധി പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യവസായ മേഖല വളരുകയും ജനങ്ങൾ പെരുകുകയും ചെയ്തതോടെ ശുദ്ധജല ലഭ്യത ഗുരുതര പ്രശ്‌നമായി മാറിയിട്ടുണ്ട് രാജ്യത്ത്. കൂറ്റൻ വ്യവസായങ്ങൾ പലതും നദീതീരത്താണ് സ്ഥിതി ചെയ്യുന്നതെന്നതിനാൽ മിക്ക നദികളിലേയും വെള്ളം മലിനമാണ്. വീടുകളും ഫ്‌ളാറ്റുകളും പെരുകിയതിനെ തുടർന്ന് അശാസ്ത്രീയമായി നിർമിച്ച സെപ്റ്റിക് ടാങ്കുകളിൽ നിന്നും ഓടകളിൽ നിന്നും കിണർ വെള്ളത്തിലേക്കും കുളങ്ങളിലേക്കും മാലിന്യങ്ങൾ കലരുന്നുണ്ട്. ഇത്തരം സ്രോതസ്സുകളിൽ നിന്നാണ് പലരും മിനറൽ വാട്ടറിനുള്ള വെള്ളം ശേഖരിക്കുന്നത്.

 

പ്രകൃതിയുടെ ഇസ്‌ലാം

ഇസ്‌ലാം എല്ലാ അർത്ഥത്തിലും പ്രകൃതിയുടെ മതമാണ്. മനുഷ്യന്റെ എല്ലാ ജീവിത വ്യവസ്ഥകളിലും പ്രകൃതി വിഭാവനം ചെയ്യുന്ന നിയമങ്ങളും നയങ്ങളും പറയുന്നതോടൊപ്പം നമ്മുടെ പരിസ്ഥിതി പൂർണ സുരക്ഷിതമാവണമെന്നും ഇസ്‌ലാമിന് നിർബന്ധമുണ്ട്. സൂറതുൽ കഹ്ഫിന്റെ 7-ാം വചനത്തിൽ ഇങ്ങനെ കാണാം: ‘തീർച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരിൽ ആരാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കാൻ വേണ്ടി’. മരങ്ങളും അരുവികളും പുൽമേടുകളുമെല്ലാം ഭൂമിയുടെ സൗന്ദര്യാത്മകതയെ വിളിച്ചറിയിക്കുന്നുണ്ട്. ഈ അലങ്കാരങ്ങളോട് എങ്ങനെ മനുഷ്യൻ പ്രതികരിക്കുന്നു എന്ന പരീക്ഷണമാണ് സ്രഷ്ടാവ് നടത്തുന്നത്. കാർഷിക വൃത്തിയിൽ ഏർപ്പെടാനും മരങ്ങൾ നട്ടുവളർത്താനുമാണ് മുത്ത് നബി(സ്വ) ഉപദേശിച്ചത്. ഖിയാമത്ത് നാളിന്റെ വിളിയാളം കേട്ടാലും കയ്യിലുള്ള വിത്ത് കളയാതെ നടണമെന്നാണ് പ്രവാചകർ(സ്വ) പറഞ്ഞത്. മരങ്ങളും പഴങ്ങളും കൃഷി ചെയ്ത്, അവയിലെ ഫലങ്ങൾ പക്ഷികൾ കൊത്തിയെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താലും, നിനക്ക് ദാനം ചെയ്ത പ്രതിഫലമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അനസ് ബ്‌നു മാലിക്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ഒരു മുസ്‌ലിം കൃഷി ചെയ്യുകയും അതിൽ നിന്ന് പക്ഷികളോ മൃഗങ്ങളോ മനുഷ്യൻ തന്നെയുമോ ഭക്ഷിക്കുകയും ചെയ്താൽ അത് അവന് സ്വദഖയാണ്(ബുഖാരി/2152). അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞു: ഒരാൾക്ക് നിലമുണ്ടെങ്കിൽ അയാൾ കൃഷി ചെയ്യട്ടെ. അല്ലെങ്കിൽ തന്റെ സഹോദരന് കൃഷി ചെയ്യാൻ വിട്ട് കൊടുക്കട്ടെ(ബുഖാരി/2172). നാഫിഅ് ബ്‌നു ഉമർ(റ)ൽ നിന്ന് നിവേദനം. നബി(സ്വ) ഖൈബറിലെ ഭൂമി യഹൂദികൾക്ക് കൃഷി ചെയ്യാൻ നൽകി. അവരുൽപാദിപ്പിച്ചതിന്റെ വിഹിതം നൽകുമെന്ന നിബന്ധന പ്രകാരം(ബുഖാരി/2163). ഈ ഹദീസുകളുടെയെല്ലാം വെളിച്ചത്തിൽ നബി(സ്വ) കാർഷിക വൃത്തിക്കും മരങ്ങൾ നട്ട് പിടിപ്പിക്കുന്നതിനും നൽകിയ മാനം മനസ്സിലാക്കാനാവും.

മരങ്ങളുടെ അഭാവം തേനീച്ചകളുടെ വംശനാശത്തിന് കാരണമാകുമെന്ന് വിശുദ്ധ ഖുർആൻ തന്നെ ഓർമപ്പെടുത്തുന്നുണ്ട്. മരങ്ങളും മലകളുമാണ് അവകൾക്ക് സ്രഷ്ടാവ് സംവിധാനിച്ച പാർപ്പിടങ്ങളെന്ന് ഖുർആൻ പറയുന്നു: ‘നിന്റെ നാഥൻ തേനീച്ചക്ക് ഇപ്രകാരം ബോധനം നൽകിയിരിക്കുന്നു; മലകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക’ (സുറതുന്നഹ്ൽ/68). ഇവയില്ലാതായിക്കൊണ്ടിരുന്നാൽ തേനീച്ചയുടെ ആവാസ വ്യവസ്ഥ തകരാറിലാവുമെന്നും പരാഗണം നടക്കാതെ മനുഷ്യന്റെ കൃഷികൾ പാഴ്‌വേലയാകുമെന്നും ശാസ്ത്രം പറയുന്നു.

സ്രഷ്ടാവിന്റെ ഔദാര്യമാണ് ജലമെന്ന് വിശുദ്ധ ഖുർആൻ ആവർത്തിച്ച് പറയുന്നുണ്ട്. ‘അല്ലാഹുവാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞ് തന്നത്. അതിൽ നിന്നാണ് നിങ്ങളുടെ കുടിനീര്. അതിൽ നിന്ന് തന്നെയാണ് കാലികളെ മേക്കുവാനുള്ള ചെടികളുണ്ടാവുന്നതും(സൂറതുന്നഹ്ൽ/10). ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു(ഫുർഖാൻ/47). ആകാശത്ത് നിന്ന് ഒരു നിശ്ചിത അളവിൽ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയിൽ തങ്ങി നിൽക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ച് കളയാൻ തീർച്ചയായും ഞാൻ ശക്തനാകുന്നു(സൂറതുൽ മുഅ്മിനൂൻ/18). തുടങ്ങിയ അനേകം വചനങ്ങളിലൂടെ അല്ലാഹു ഈ സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്. വെള്ളം അമിത വ്യയം നടത്തരുതെന്ന് റസൂൽ(സ്വ)യുടെ ശക്തമായ ശാസനയുണ്ട്. നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദിയിൽ നിന്നാണ് അംഗസ്‌നാനം ചെയ്യുന്നതെങ്കിലും അമിത വ്യയം അരുതെന്നാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ഇസ്‌ലാം പ്രകൃതി സംരക്ഷണത്തിന്റെ മതമാണ്. ഇവിടെ പ്രകൃതിയുടെ ഇസ്‌ലാമിനെ വായിക്കാൻ മിടുക്ക് കാണിക്കുന്നവർക്ക് പരിസ്ഥിതിയെ കുറിച്ച് നന്നായി വാചാലമാകാം. കപടനാട്യക്കാർക്കും പൊള്ളയായ വികസനത്തിന്റെ വക്താക്കൾക്കും ഒരു തൈ നട്ട് കൈ കഴുകാനാകില്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ