മുസ്ലിംലോക ചരിത്രത്തിൽ ഒട്ടേറെ അവാന്തര വിഭാഗങ്ങൾ പിറക്കുകയും മരിക്കുകയും വിവിധ പേരുകളിൽ പുനർ ജനിക്കുകയും ചെയ്തിട്ടുണ്ട്. ഖവാരിജുകൾ, മുഅ്തസിലുകൾ, ശീഇകൾ, മുർജിഅത്, ജബരിയ്യത്, ഖദ്രിയ്യത്, കർറാമിയ്യത്, റാഫിളിയ്യത് എന്നിവ ഉദാഹരണം. ഖവാരിജിസത്തിൽ നിന്നും മറ്റും ആശയങ്ങൾ സ്വീകരിച്ച് പിൽകാലത്ത് നജ്ദിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് വഹാബിസം. മുഅ്തസിലതിൽ നിന്നും യൂറോപ്യൻ മാതൃകകളിൽ നിന്നും ഊർജം സ്വീകരിച്ച് ഈജിപ്തിൽ രൂപംകൊണ്ട ആശയധാരയാണ് രിളവിയ്യ/ അബ്ദവിയ്യ ചിന്തകൾ. ഇവ രണ്ടിന്റെയും മിശ്രിതമായി കേരളത്തിൽ രൂപം കൊണ്ട മുജാഹിദ് പ്രസ്ഥാനത്തിനും ഇതര അവാന്തര പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച ദുർഗതി തന്നെ ഉണ്ടായി. വ്യത്യസ്ത ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളുമായി തിരിഞ്ഞ് വിവിധ പേരുകൾ സ്വീകരിച്ച് ഖവാരിജുകളും മുഅ്തസിലുകളുമൊക്കെ ചരിത്രത്തിൽ കേട്ടുകേൾവിയായതു പോലെ, മുജാഹിദ് ആശയങ്ങളും ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നതോടെ ചരിത്രത്തിൽ നിന്ന് തിരോധാനം ചെയ്യപ്പെട്ട ഒരു സംഘടനയുടെ ആദർശ വ്യതിയാനങ്ങളുടെ നാൾവഴികൾ ചരിത്രാന്വേഷികൾക്ക് വേണ്ടി ഹ്രസ്വമായി വിവരിക്കുകയാണിവിടെ.
തൗഹീദ് 1921
മറഞ്ഞ മാർഗത്തിൽ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നും അല്ലാഹു അല്ലാതെ ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ വസ്തുവിനോ അങ്ങനെ വല്ല കഴിവുമുണ്ടെന്ന് വിശ്വസിച്ചാൽ ആ വസ്തുവിനെ/വ്യക്തിയെ ദൈവമാക്കുന്നതിന് തുല്യമാണെന്നും അതിനാൽ അത്തരം വിശ്വാസങ്ങൾ ബഹുദൈവ വിശ്വാസം(ശിർക്ക്) ആണെന്നും പറഞ്ഞുകൊണ്ടാണ് കേരളത്തിൽ വഹാബിസം പ്രവർത്തനമാരംഭിച്ചത്. ഈ ആശയം ഉമർ മൗലവി ഫാതിഹയുടെ തീരത്ത് എന്ന പുസ്തകത്തിലും എപി അബ്ദുൽ ഖാദർ മൗലവി സംവാദങ്ങളിലൂടെ എന്ന പുസ്തകത്തിലും പറഞ്ഞതുപോലെ വ്യത്യസ്ത വഹാബി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളായ ശബാബും വിചിന്തനവും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നതും അവിടത്തോട് സഹായം ചോദിക്കുന്നതും കൊടിയ പാതകങ്ങളായി ലോകത്ത് ആദ്യമായി പ്രഖ്യാപിച്ച ഇബ്നു തൈമിയ്യയുടെ തീമിയ്യ തൗഹീദിൽ നിന്നും പാശ്ചാത്യൻ ചിന്തകളിൽ ആകൃഷ്ടനായി ഇസ്ലാമിനെ ഭൗതികമായി വ്യാഖ്യാനിക്കാൻ ശ്രമിച്ച റശീദ് രിളയുടെ രിളവിയ്യ തൗഹീദിൽ നിന്നും ഊർജം സ്വീകരിച്ചുകൊണ്ടാണ് കേരള വഹാബിസം ഉരുവം കൊണ്ടതെങ്കിലും, ഇബാദത്തിന്റെ നിർവചനമായി ഇവർ സ്വീകരിച്ചത് റശീദ് രിള തഫ്സീറുൽമനാറിൽ പറഞ്ഞ, നാം നടേ സൂചിപ്പിച്ച ആശയമായിരുന്നു. അദ്ദേഹത്തിന് മുമ്പ് ഇങ്ങനെ ഒരു നിർവചനം ലോകത്ത് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ലെന്ന് മുജാഹിദുകളുടെ താത്ത്വികാചാര്യനായിരുന്ന സലാം സുല്ലമി തന്നെ അൽ ഇസ്ലാഹ് മാസികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ അല്ലാഹുവോ തിരുനബി(സ്വ)യോ സ്വഹാബികളോ പണ്ഡിത ശ്രേഷ്ഠരോ പഠിപ്പിച്ചിട്ടില്ലാത്ത സ്വന്തം തൗഹീദ് പടച്ചുണ്ടാക്കുകയും മൗലവിമാരുടെ വക്രബുദ്ധിക്കെതിരായതിനെയെല്ലാം അന്ധവിശ്വാസവും ശിർക്കും ആരോപിച്ച് സ്വയം നവോത്ഥാന കുപ്പായമണിയുകയുമായിരുന്നു വഹാബിസം. 1921 മുതൽ കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങിയ ഈ വഹാബി ആദർശധാര കുറച്ചുകാലം അങ്ങനെത്തന്നെ തുടർന്നു.
മൗദൂദി തൗഹീദ് 1940
മൗദൂദി സാഹിത്യങ്ങൾ കേരളത്തിലേക്ക് ഊർന്നിറങ്ങിയതിന്റെ ഫലമായി തൗഹീദീ സംബന്ധമായ ഉപര്യുക്ത വഹാബി വാദത്തിൽ തീവ്രത പോരെന്ന് ടികെ അബ്ദുല്ല മൗലവിയെ പോലുള്ള ചിലർക്ക് തോന്നിത്തുടങ്ങി. അങ്ങനെ തൊള്ളായിരത്തി നാൽപതുകളിൽ വഹാബിസത്തിൽ പ്രവർത്തിച്ചിരുന്ന ചിലർ പിരിഞ്ഞുപോയി മൗദൂദീ തൗഹീദ് സ്വീകരിക്കുകയും കേരളത്തിൽ ജമാഅത്തെ ഇസ്ലാമി രൂപീകരിക്കുകയും ചെയ്തു. അവർക്ക് ഇപ്പറഞ്ഞത് മാത്രം ശിർക്കായാൽ മതിയായിരുന്നില്ല. വോട്ട് ചെയ്യലും ഗവൺമെന്റ് ഉദ്യോഗം വഹിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കലുമെല്ലാം ശിർക്കൻ പ്രവർത്തനങ്ങളായിരുന്നു. സ്വാതന്ത്ര്യ സമരം പോലും ഇസ്ലാമിക വിരുദ്ധമാണെന്ന് സിദ്ധാന്തിച്ചു. ബ്രിട്ടീഷ് ഭരണത്തിന് പകരം ഇന്ത്യൻ ജനാധിപത്യം നിലവിൽ വരുന്നത് ലാത്തക്ക് പകരം മനാത്ത വരുന്നത് പോലെയാണെന്നായിരുന്നു മൗദൂദീ മതം. അവരിപ്പോൾ എല്ലാ ശിർക്കുകളും തൗഹീദാക്കി രാഷ്ട്രീയ പാർട്ടിയായി മാറിയത് ഒരു തമാശ മാത്രം. കേരള വഹാബീ തൗഹീദിലെ പ്രഥമ വിള്ളലായിരുന്നു ഇത് – തൗഹീദിന്റെ രണ്ടാം വകഭേദം.
മോഡേൺ എയ്ജ് സൊസൈറ്റി 1970
തൊള്ളായിരത്തി അറുപതുകളിൽ പുതിയ ഒരരങ്ങേറ്റമുണ്ടായി. സിഎൻ അഹ്മദ് മൗലവിയായിരുന്നു നേതൃത്വം. പ്രവാചകന്മാരുടെ മുഅ്ജിസത്തുകളായിരുന്നു അദ്ദേഹത്തിന്റെ പിടുത്തം. മുഅ്ജിസത്തുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഖുർആനിലില്ലായിരുന്നെങ്കിൽ കൂടുതൽ യൂറോപ്യന്മാർ ഇസ്ലാമിലേക്ക് കടന്നുവരുമായിരുന്നെന്ന് സങ്കടപ്പെട്ട റശീദ് രിളയുടെ ഈ വിനീതദാസൻ ഖുർആനിനെ ശിർക്കിൽ നിന്ന് രക്ഷിക്കാൻ മുഅ്ജിസത്തുകളെ ഭൗതികമായി വ്യാഖ്യാനിച്ചു. അങ്ങനെയാണ് ഇബ്റാഹീം നബി(അ) നാല് പക്ഷികളെ അറവ് നടത്തി മാംസവും തൂവലുമെല്ലാം കൂട്ടികലർത്തി നാലിടങ്ങളിൽ നിക്ഷേപിച്ച ശേഷം അവയെ വിളിച്ചപ്പോൾ ജീവൻവെച്ച് പക്ഷികളെ മെരുക്കിയെടുക്കലായി ദുർവ്യാഖ്യാനിക്കപ്പെട്ടത്. ഇത് നേരെ പറഞ്ഞാൽ തൗഹീദ് പൊളിഞ്ഞ് പോകുമോ എന്ന ഭയമായിരുന്നു അദ്ദേഹത്തിന്! വഹാബി തൗഹീദിന്റെ മൂന്നാം വകഭേദമായിരുന്നു ഇത്. അബ്ദവിയ്യാരിളവിയ്യാ ധാരയുടെ തുടർച്ചയെന്നോണം സിഎന്നിന്റെ വഴിയിൽ മറ്റൊരു സംഘടനാ സംവിധാനം നിലവിൽ വന്നു – മോഡേൺ എയ്ജ് സൊസൈറ്റി. എഴുപതുകളിലായിരുന്നു ഇത്. ശാസ്ത്രത്തിന് അപ്രമാദിത്വം കൽപിക്കുന്ന ഇവരും മതപരിഷ്കരണ ഭ്രമവുമായി കുറെ ചുറ്റിക്കറങ്ങി.
ചേകനൂരീ തൗഹീദ് 1980
വഹാബീ സ്റ്റേജുകളിലിരുന്നു മുസ്ലിം മുഖ്യധാരയെ മുശ്രിക്കാക്കാൻ സംവാദങ്ങൾ നയിച്ച ചേകന്നൂർ മൗലവിക്ക് ഖുർആനിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ കൂടെയുള്ള വഹാബികളും മുശ്രിക്കുകൾ തന്നെയാണെന്ന് ബോധിച്ചു. അങ്ങനെ മഖ്ബറയും മന്ത്രവും മാത്രമല്ല, ഹജറുൽ അസ്വദും അത്തഹിയ്യാത്തും ശിർക്കാണെന്ന് അദ്ദേഹം കണ്ടെത്തി. ഇമാമുകളെ മാത്രം തെറിവിളിച്ചാൽ പോരെന്നും സ്വഹാബികളെ, വിശിഷ്യാ കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത അബൂഹുറൈറ(റ) അടക്കമുള്ള സ്വഹാബികളെ തന്നെ ദജ്ജാലുകളായി ചിത്രീകരിക്കണമെന്നും അദ്ദേഹത്തിന് ബോധ്യമായി. തറാവീഹ് മാത്രമല്ല ഇശാഉം ചുരുക്കണമെന്ന് താൻ വാദിച്ചു. ഹദീസുകൾ മുഴുക്കെ തള്ളി. വഹാബീ തൗഹീദിന്റെ നാലാം വകഭേദം! എൺപതുകളിലായിരുന്നു ചേകന്നൂരിന്റെ വിളയാട്ടം.
തൗഹീദ് 2001(തൗഹീദുൽ അസ്മാഅ് വസ്വിഫാത്ത്)
അല്ലാഹു എങ്ങനെയാണ് എന്നതിനെക്കുറിച്ച് വഹാബികൾക്കിടയിൽ പലപ്പോഴും ഭിന്നത നിലനിന്നിരുന്നു. അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപിക്കരുതെന്ന് 1930ൽ തന്നെ വക്കം മൗലവി പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന് സ്ഥലമോ ഭാഗമോ രൂപമോ ജഡമോ ഉണ്ടെന്ന് വിശ്വസിക്കുന്നവർ കാഫിറായ മുബ്തദിഅ് ആണെന്ന് 1952 ജനുവരി മാസത്തിലെ അൽമനാറിലെ ഫത്വയിലും വന്നതു കാണാം. എന്നാൽ ഇബ്നു തൈമിയ്യയുടെ തൗഹീദ് ഇതിൽ നിന്നും ഭിന്നമായിരുന്നു. അതിൽ ആകൃഷ്ടരായ ഉമർ മൗലവിയെ പോലെയുള്ള ചിലർ അല്ലാഹു ആകാശത്തിലാണെന്നും അവൻ അർശിൽ ഇരിക്കുകയാണെന്നും എഴുതിവിട്ടു. അബ്ദുറഹ്മാൻ സലഫിയെ പോലുള്ളവർ ഈ ആശയം സ്ഥാപിക്കാനായി പ്രഭാഷണങ്ങൾ നടത്തി. ഇതിനെതിരെ 1996ൽ പേരോട് ഉസ്താദ് വാഴക്കാട് നടത്തിയ ഖണ്ഡന പരമ്പരകൾ ശ്രദ്ധേയം. യുവത പ്രസിദ്ധീകരിച്ച ഇസ്ലാം എന്ന പുസ്തകത്തിൽ അല്ലാഹുവിനെ കുറിച്ച് അവൻ അരൂപിയാണെന്നും പ്രപഞ്ചാതീതനാണെന്നും അവൻ സിംഹാസനസ്ഥനാണെന്ന ധാരണ തെറ്റാണെന്നും പ്രസിദ്ധീകരിച്ചു വന്നപ്പോൾ ഇത് ആശയ വ്യതിയാനമായി ആരോപിക്കപ്പെട്ടു. അവസാനം അത് പിൻവലിക്കേണ്ടി വന്നു. അങ്ങനെ ഭാഗവും രൂപവും സ്ഥലവുമില്ലാത്ത അല്ലാഹുവിന് പകരം കൈയും കാലും കണ്ണും മുഖവുമുള്ള ദൈവമായി വഹാബികളുടെ ‘അല്ലാഹു’ അവരോധിക്കപ്പെട്ടു. തൗഹീദിലെ ഈ പരിണാമം 2001 ജൂൺ 4ന് പുളിക്കൽ മദീനത്തുൽ ഉലൂമിൽ ചേർന്ന കെജെയു നിർവാഹക സമിതി ഔദ്യോഗികമായി അംഗീകരിച്ചു. അങ്ങനെ വഹാബി തൗഹീദിൽ-തൗഹീദുൽ അസ്മാഅ്വസ്വിഫാത്ത് – എന്ന ഒരു പുതിയ ഇനം കൂട്ടിച്ചേർക്കപ്പെട്ടു. സ്ഥലകാല സങ്കൽപ്പങ്ങൾക്കതീതനായ വക്കം മൗലവിയുടെയും അമാനി മൗലവിയുടെയുമൊക്കെ ദൈവം അർശിൽ ഉപവിഷ്ഠനായ കൈയും കാലും മുഖവുമുള്ള ചക്രവർത്തിയായി തിരിച്ച് വന്നു. കേരളീയ വഹാബീ തൗഹീദിന്റെ അഞ്ചാമത്തെ പതിപ്പായിരുന്നു ഇത്.
തീമിയ്യ-രിളവിയ്യ തൗഹീദ് സംഘർഷം 2002
ആയിടക്കാണ് തീമിയ്യ-രിളവിയ്യ തൗഹീദ് സംഘർഷം തലപൊക്കുന്നത്. അവ രണ്ടും രണ്ട് ധാരയാണെങ്കിലും ആത്മീയതയെ എതിർക്കുന്നതിൽ ഒന്നായതിനാൽ സമ്മിശ്രമായിട്ടാണ് കേരളത്തിലെത്തിയത്. തീമിയ്യ തൗഹീദ് തീവ്രവാദവും രിളവിയ്യ തൗഹീദ് യുക്തിവാദവുമായിരുന്നു. ഈജിപ്ഷ്യൻ തൗഹീദിൽ(രിളവിയ്യ) ജിന്ന് ബാക്ടീരിയയായിരുന്നു, സിഹ്റ് കൺകെട്ടായിരുന്നു, ആൺപിശാച് ആൺകൊതുകുകളായിരുന്നു. തീമിയ്യ തൗഹീദിൽ ഇവയെല്ലാം ഒറിജിനുകളും. വക്കം മൗലവിയും ഉമർ മൗലവിയും കാര്യമായി വായിച്ചത് അൽമനാറായതിനാൽ രിളവിയ്യ തൗഹീദിന് തന്നെയാണ് ആധിപത്യമുണ്ടായിരുന്നത്. അങ്ങനെ ജിന്ന് ബാധയും മാരണവും മറ്റും അന്ധവിശ്വാസമായി തന്നെ തുടർന്നു. പക്ഷേ, മന്ത്രവും ബറകത്തും കണ്ണേറും ജിന്ന് ബാധയും സിഹ്റിന്റെ യാഥാർഥ്യവുമൊക്കെ പ്രമാണങ്ങളുദ്ധരിച്ച് സുന്നികൾ സമർഥിക്കാൻ തുടങ്ങി. പ്രമാണങ്ങൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ വഹാബികൾക്ക് വാദങ്ങൾ മാറ്റേണ്ടി വന്നു. മറഞ്ഞവഴികൾ തെളിയാൻ തുടങ്ങി. അങ്ങനെ ഗൾഫിലെ തീമിയ്യ തൗഹീദിലേക്ക് ചേക്കേറാൻ ഒരു വിഭാഗം യുവാക്കൾ തീരുമാനിച്ചു. തീമിയ്യ തൗഹീദിന്റെ ഭാഗമായി ഗൾഫിൽ നിന്ന് പണത്തോടൊപ്പം ജിന്ന്, സിഹ്റ്, പിശാച്, മന്ത്രങ്ങൾ കൂടി ഇറക്കുമതി ചെയ്യപ്പെട്ടപ്പോൾ രിളവിയ്യ-തീമിയ്യ തൗഹീദുകൾ തമ്മിൽ തർക്കം രൂക്ഷമാവുകയും അവസാനം സംഘടന നെടുകെ പിളരുകയും ചെയ്തു. 2002ലായിരുന്നു ഇത്. തുടർന്ന് ജിന്നും സിഹ്റും മന്ത്രവും ബറകത്തും സംസമും ബാധയും ചികിത്സയും ഇറക്കലും കയറ്റലുമെല്ലാം അടങ്ങുന്ന തൗഹീദിന്റെ ആറാം വേർഷൻ പുറത്തിറങ്ങി. എപി അബ്ദുൽ ഖാദിർ മൗലവി നേതൃത്വം നൽകിയതിനാൽ അവർ മൗലവി ഗ്രൂപ്പ് എന്നറിയപ്പെട്ടു. സംഘടനാപരമായി ഇവരാണ് ഔദ്യോഗിക വിഭാഗം. എന്നാൽ മറ്റൊരു വിഭാഗം ബുഖാരി അടക്കമുള്ള ഗ്രന്ഥങ്ങളിലെ സ്വഹീഹായ ഹദീസുകളെ പോലും തള്ളി, സിഹ്റും മന്ത്രവും ബറകത്തും സംസമും ജിന്നുബാധയും ചികിത്സയുമെല്ലാം ശിർക്കൻ വിശ്വാസമാണെന്ന് പ്രചരിപ്പിച്ച് ഈജിപ്ഷ്യൻ തൗഹീദിൽ തന്നെ ഉറച്ചുനിന്നു. ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന ഗ്രൂപ്പായതുകൊണ്ട് അവർ മടവൂർ ഗ്രൂപ്പ് എന്നറിയപ്പെട്ടു.
തൗഹീദ് 2007
പക്ഷേ, മൗലവി ഗ്രൂപ്പിൽ വീണ്ടും സംഘർഷം ഉടലെടുത്തു. ചിലർ ജിന്ന് ഗവേഷണത്തിൽ കുറെയേറെ മുന്നോട്ട് പോയി എന്നതായിരുന്നു കാരണം. സ്വതന്ത്രമായ ഗവേഷണത്തിന് പരവതാനി വിരിക്കുകയും ഖുർആനിന്റെയും സുന്നത്തിന്റെയും കവാടങ്ങൾ മലർക്കെ തുറന്നിടുകയും ചെയ്ത് മുജ്തഹിദ് മുത്ലഖുമാരെ കൊണ്ട് കേരളം സമ്പന്നമാക്കിയ ഒരു സംഘടനയിൽ അനിവാര്യമായും സംഭവിക്കേണ്ടത് തന്നെയായിരുന്നു അത്. അങ്ങനെ ജിന്ന് ചർച്ചകൾകൊണ്ട് കേരളം സജീവമായി. കോട്ടക്കൽ വെച്ച് ജിന്ന് ആകാശത്തേക്ക് കയറിപ്പോകുന്നത് ചില മുജാഹിദുകൾ കണ്ടതായും വഹാബീ തൗഹീദ് പ്രചാരണാർഥം കൊല്ലംതോറും അവർ നടത്തിവരാറുള്ള സാൽവേഷനിൽ ജിന്ന് താത്ത വന്നിരുന്നു കുശലം പറഞ്ഞതായും മുജാഹിദുകൾക്കിടയിൽ പരക്കെ സംസാരമായി. വിഗ്രഹങ്ങൾ പാൽ കുടിച്ചതായി ചില ഹൈന്ദവ കേന്ദ്രങ്ങൾ പ്രചരിപ്പിച്ച നുണക്കഥകളെ സത്യവത്കരിക്കാൻ ചില മുജാഹിദ് പ്രഭാഷകർ ശ്രമിച്ചു. മേശവലിപ്പിൽ ജിന്ന് കുടുങ്ങാമെന്നും ജർമനിയിൽ നിന്ന് അരമണിക്കൂറിനുള്ളിൽ പിശച് മരുന്ന് കൊണ്ടുവരുന്നുണ്ടെന്നും പ്രചരിപ്പിച്ചു. പുളിക്കലും ചെറുവാടിയിലും യുവാക്കളെയും യുവതികളെയും ജിന്നിനെ ഇറക്കാൻ വേണ്ടി മാരകമായി മർദിച്ചതായി പരാതികളുയർന്നു. ഓരോ യൂണിറ്റിലും ജിന്ന് ക്ലിനിക്കുകൾ തുടങ്ങാൻ മുജാഹിദുകൾ ആവശ്യപ്പെട്ടു. സ്വന്തം പള്ളികളിൽ ജിന്ന്, സിഹ്റ് ചികിത്സ തുടങ്ങി. മൗലവിമാരുടെ മാരകചികിത്സകളേറ്റ് ചില മുജാഹിദ് പ്രവർത്തകർ പരലോകം പൂകിയ വിമർശനങ്ങളുമുണ്ടായി. കൊച്ചുകുട്ടികൾക്കും സാമുഹ്യപ്രവർത്തകർക്കും പത്രമാധ്യമങ്ങൾക്കും ജിന്ന് എന്നത് മുജാഹിദ് എന്നതിന്റെ പര്യായമായി മാറും വിധം കാര്യങ്ങളെത്തി.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജിന്നുകളോട് സഹായം തേടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. സിഹ്റും കണ്ണേറും ജിന്ന് ബാധയുമൊക്കെ തൗഹീദിനുള്ളിൽ പെടുമെങ്കിൽ – ഭൗതികമാണെങ്കിൽ – ജിന്നിനോട് സഹായം തേടുന്നത് മാത്രം എന്തിന് അഭൗതികമാക്കണമെന്ന് ഒരു വിഭാഗം ചോദിച്ച് തുടങ്ങി. അങ്ങനെ മനുഷ്യകഴിവിനതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്ന പ്രാർഥനയുടെ പഴയ നിർവചനം പൊളിച്ചു പുതിയ നിർവചനവുമായി സകരിയ്യാ സലാഹി രംഗത്തെത്തി. സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളിൽ സഹായം തേടലാണ് പ്രാർഥനയെന്ന് ഭേദഗതി ചെയ്യപ്പെട്ടു. അപ്പോൾ സൃഷ്ടിയുടെ കഴിവിൽപെട്ട കാര്യങ്ങൾ സൃഷ്ടികളോട് ചോദിച്ചാൽ അത് പ്രാർഥനയല്ലെന്നും വന്നു. വ്യക്തമായി പറഞ്ഞാൽ ജിന്ന്, പിശാചുക്കളോട് അവരുടെ കഴിവിൽപെട്ടത് തേടുന്നത് പ്രാർഥനയല്ല. ശിർക്കല്ല. 2007 ഏപ്രിൽ മാസത്തിലെ ഇസ്ലാഹിൽ ജബ്ബാർ മൗലവി ഇക്കാര്യങ്ങൾ വിശദീകരിച്ച് ലേഖനമെഴുതി. വിജനമായ സ്ഥലത്ത് അകപ്പെട്ട ഒരാൾ തനിക്ക് വല്ല സഹായവും കിട്ടാൻ വേണ്ടി ജിന്നുകളെയോ മലക്കുകളേയോ ഉദ്ദേശിച്ച്, അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ എന്ന് വിളിച്ചുപറഞ്ഞാൽ അത് അഭൗതികമായ സഹായതേട്ടമ
െല്ലന്നായിരുന്നു മൗലവിയുടെ കണ്ടെത്തൽ. വഹാബീ തൗഹീദിന്റെ ഏഴാമത്തെ വകഭേദമായിരുന്നു ഇത്. സകരിയ്യാ സ്വലാഹിക്കൊപ്പം നിന്ന് ‘തൗഹീദ് 2007’നെ ന്യായീകരിച്ചയാളായിരുന്നു അനസ് മൗലവിയും അബ്ദുറഹ്മാൻ സലഫിയുമൊക്കെ.
തൗഹീദ് 2012 (എട്ടാം വകഭേദം)
തൗഹീദിന്റെ ഈ ഏഴാം വേർഷൻ പുറത്തിറങ്ങിയപ്പോൾ ചോദ്യശരങ്ങളുമായി സുന്നികൾ വഹാബിസത്തെ നേരിട്ടു. താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നിന്നും ബസിന്റെ ബ്രേക്ക് പൊട്ടിയാൽ അല്ലാഹു അല്ലാത്ത ആരെ വിളിച്ചാലും ശിർക്കാണെന്ന് പറഞ്ഞിരുന്ന വഹാബികൾക്ക് ചുരത്തിലാണെങ്കിലും കടലിലാണെങ്കിലും ഏത് പ്രതിസന്ധിഘട്ടത്തിലും പരിസരത്തുണ്ടാവാനിടയുള്ള മലക്കുകളോടോ ജിന്നുകളോടോ വിളിച്ച് തേടിയാൽ ശിർക്കല്ലെന്ന് പറയേണ്ടിവരുന്ന ഗതിയിലെത്തി. മക്കാ മുശ്രിക്കുകളേക്കാൾ കടുത്ത മുശ്രിക്കുകൾ എന്ന് ഇവരെ മടവൂർ വിഭാഗം ആക്ഷേപിച്ചു. ബദ്രീങ്ങളെ വിളിച്ചാൽ ശിർക്കും പിശാചിനെ വിളിച്ചാൽ തൗഹീദുമാകുന്ന വൈരുധ്യത്തെ സുന്നികൾ ചോദ്യം ചെയ്തു. ഗത്യന്തരമില്ലാതെ അഞ്ച് വർഷത്തിന് ശേഷം- 2012-ൽ മുജാഹിദുകൾ വീണ്ടും അബ്ദുറഹ്മാൻ സലഫിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു, അങ്ങനെ ഭൂരിപക്ഷാഭിപ്രായപ്രകാരം അഞ്ചു വർഷക്കാലത്തെ ഈ തൗഹീദ് ശിർക്കായി തീരുമാനിച്ചു. മുവാറ്റുപുഴ സുന്നി-മുജാഹിദ് സംവാദത്തിൽ വെച്ച് 2007-ലെ തൗഹീദ് ശിർക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ജബ്ബാർ മൗലവിയെയും സകരിയ്യാ സലാഹിയെയും കാഫിറാക്കി സംഘടന പുറത്താക്കി. അറിയപ്പെടാൻ പ്രത്യേകിച്ച് പേരുകളൊന്നും ഇല്ലാത്തതിനാൽ ജിന്നൂരികൾ എന്നാണ് മാതൃ സംഘടനയും പൊതുജനവും അവരെ വിളിച്ചിരുന്നത്. അപ്പോൾ മറ്റൊരു പ്രശ്നം – 2012 പ്രകാരം 2007ലെ തൗഹീദിനെ ന്യായീകരിച്ച മറ്റു മൗലവിമാരും മുശ്രിക്കുകളാകുമല്ലോ? അപ്പോൾ എന്ത് ചെയ്യും? അതിനെന്തുണ്ട് പരിഹാരം? തൗബ തന്നെ! അങ്ങനെ 2007ലെ തൗഹീദ് അഞ്ച് വർഷം കൊണ്ടു നടന്നതിന് പരിഹാരമായി അനസ് മൗലവിയും സംഘവും പരസ്യമായി തൗബ ചെയ്തു! ശിർക്കിനും രിദ്ദത്തിനും തൗബയല്ല പരിഹാരം. ശഹാദത്ത് ചൊല്ലി മുസ്ലിമാവുകയാണ്. ഇത് പാലിക്കാത്തതിനാൽ അവർ ഇപ്പോഴും ശിർക്കിൽ തന്നെയാണെന്നത് മറ്റൊരു കാര്യം.
പിശാചിന്റെ കാൽപ്പാടുകൾ, ഇസ്ലാഹി പ്രസ്ഥാനം എന്ന പേരിലൊക്കെ പുസ്തകങ്ങളെഴുതി മുജാഹിദുകൾ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനമാണെന്ന് വരുത്താൻ ശ്രമിച്ചയാളാണ് അബ്ദുറഹ്മാൻ ഇരിവേറ്റി. സംഘടനാപരമായി മൗലവി ഗ്രൂപ്പിനൊപ്പം നിന്നിരുന്ന ഇയാൾ ഉമർ മൗലവിയും വക്കം മൗലവിയും സ്വീകരിച്ച ഈജിപ്ഷ്യൻ തൗഹീദ് അവരേക്കാൾ തീവ്രമായി സ്വീകരിച്ചയാളാണ്. സിഹ്റ് ഫലിക്കുമെന്ന് ബുഖാരിയിലില്ലേ എന്ന് ചോദിച്ചപ്പോൾ, ബുഖാരിയല്ല ബുഖാരിയുടെ ബാപ്പ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ലെന്ന് പറഞ്ഞ യുക്തിവാദികൂടിയാണദ്ദേഹം. പക്ഷേ പുതിയ ജിന്ന് കഥകൾ കേട്ട് അന്തംവിട്ടിരിക്കുകയാണയാൾ! സാൽവേഷനിലെ ജിന്ന് താത്തയുടെ കുശലം പറച്ചിൽ കഥയൊക്കെ കേട്ടപ്പോൾ ഇദ്ദേഹം ഞെട്ടി. നേതൃത്വം അനങ്ങിയില്ല. രിളവിയ്യ തൗഹീദല്ല തീമിയ്യ തൗഹീദാണ് തങ്ങളുടേതെന്ന് അദ്ദേഹം അറിഞ്ഞിരിക്കില്ല. ചിലർ ഇരുവേറ്റിക്കൊപ്പം നിന്ന് മഞ്ഞ പുസ്തകം ഇറക്കി നോക്കി. ഫലം കണ്ടില്ല. അവസാനം സകരിയ്യ ഗ്രൂപ്പിനെ പുറത്താക്കിയതു പോലെ സംഘടന അവരെയും പുറത്താക്കി. പക്ഷേ ഒരു സംഘടനയായി ഉയർന്നു നിൽക്കാൻ മാത്രം അവർക്ക് ത്രാണിയുണ്ടായിരുന്നില്ല.
സംഘടനക്കുള്ളിൽ പിടിമുറുക്കിയ ജിന്ന് വിഭാഗത്തിന്റെ തായ്വേരുകൾ കണ്ട സംഘടനാ നേതാക്കളായ ടിപി അബ്ദുല്ലക്കോയയും എപി അബ്ദുൽ ഖാദിർ മൗലവിയും സ്തബ്ധരായി.. അവർ സംഘടനയെ ശുദ്ധികലശം ചെയ്യാൻ തീരുമാനിച്ചു. വ്യക്തികളെ പുറത്താക്കാൻ തുടങ്ങിയാൽ പട്ടിക അനന്തമായി നീളുമെന്നു മാത്രമല്ല, പുറത്താക്കപ്പെട്ടവർക്ക് ഹീറോ പരിവേഷം കിട്ടുകയും ചെയ്യും. അങ്ങനെയാണ് അവരാ കടും കൈ ചെയ്തത്. യുവജന വിദ്യാർഥി സംഘടനകളുടെ സംസ്ഥാന, ജില്ല, മണ്ഡല, ശാഖ കമ്മിറ്റിയെ മുഴുവനും പിരിച്ചുവിടുക! എന്നിട്ട് ജിന്നൂരികളിൽ നിന്ന് പരിപൂർണമായും മുക്തമായ അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കുക… അങ്ങനെ ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഒരു സംഘടന എല്ലാ പോഷക ഘടകങ്ങളുടെയും മുഴുവൻ കമ്മിറ്റികളെയും പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റികളുണ്ടാക്കി. തുടർന്ന് യുവജനങ്ങളെ ജിന്ന് വിമുക്ത തൗഹീദ് പഠിപ്പിക്കാ
ൻ പദ്ധതികൾ തയ്യാറാക്കി. ജീവിതം മുഴുവൻ തൗഹീദ് പഠിപ്പിച്ചിട്ടും അതിനുവേണ്ടി ആഗോള മുസ്ലിംകളെ കാഫിറാക്കിയിട്ടും അവസാനം ശിർക്കിലകപ്പെട്ടുപോയ മക്കളെ നന്നാക്കിയെടുക്കാൻ കോഴിക്കോട് പ്രൊഫ്കോൺ(പ്രൊഫഷണൽ വിദ്യാർഥികളുടെ സമ്മേളനം) നടത്താൻ തീരുമാനിച്ചു. പക്ഷേ, പിരിച്ചുവിടപ്പെട്ടവരും അതേ ദിവസത്തിൽ അതേ പേരിൽ അതേ പ്രമേയത്തിൽ അതേ പരിപാടി നടത്തുന്നു. മറ്റൊരു സ്ഥലത്ത് – മലപ്പുറത്ത്! ഇതിനാണ് ഔദ്യോഗികമായി പിളരുന്നതിനു മുമ്പ് ഔദ്യോഗികമായി പിളരുക എന്നു പറയുന്നത്.
സക്കരിയ സ്വലാഹിയെ പുറത്താക്കിയതോടെ പ്രഭാഷകരെല്ലാം സ്വലാഹിയുടെ കൂടെ മറുകണ്ടം ചാടി. ഹുസൈൻ സലഫി, ബാലുശ്ശേരി അടക്കമുള്ള തീപ്പൊരി പ്രഭാഷകരെല്ലാം ഒരു ഭാഗത്ത്. മരത്തേക്കാൾ വലിയ കൊമ്പായി ഈ ഗ്രൂപ്പ് വളർന്ന് സംഘടനയെ വെല്ലുവിളിച്ച് നാടുനീളെ ദഅ്വാ സമ്മേളനങ്ങൾ, എക്സിബിഷൻ, സംവാദങ്ങൾ, മുഖാമുഖങ്ങൾ, പ്രോഫ്കോൺ, വെല്ലുവിളികൾ… അങ്ങനെ മൗലവി ഗ്രൂപ്പ് വീണ്ടും പിളർന്നു.
ശിർക്ക് ഹറാമും ഹലാലും സുന്നത്തുമാകുന്നു!
മൂന്ന് ഗ്രൂപ്പുകളായി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ പുതിയ ഗ്രൂപ്പിൽ പൊട്ടിത്തെറി തുടങ്ങി. ആദ്യമേ മൂന്ന് വിഭാഗം ഈ ഗ്രൂപ്പിലുണ്ട്. മുമ്പ് ശിർക്കായിരുന്ന ജിന്നിനോട് തേടുക എന്ന കാര്യം ശിർക്കല്ലെന്ന് മൂന്ന് കൂട്ടരും പറയുമ്പോഴും അത് ഹറാമാണെന്ന് ഒരു വിഭാഗവും അനുവദനീയമാണെന്ന് വേറൊരു വിഭാഗവും സുന്നത്താണെന്ന് ഒരു ന്യൂനപക്ഷവും! അതിന്റെ പിറകെയാണ് ലബ്ബ ദാരിമി നാരിയ്യത്തു സ്വലാത്തുമായി രംഗപ്രവേശം ചെയ്തത്. അദ്ദേഹം പറയുന്നത് നാരിയ്യത്തു സ്വലാത്തിൽ ശിർക്കില്ല എന്നാണ്. ആ വിഷയത്തിൽ അവർ തമ്മിൽ ഒരു സംവാദം നടന്നുകഴിഞ്ഞു. ഇപ്പോൾ അവർക്ക് വേറെ പലതും അനുവദനീയമായിത്തുടങ്ങിയിട്ടുണ്ടത്രെ! അദ്ദേഹത്തിന്റെ പിന്നിലും അനുയായികളുണ്ട്. ഇങ്ങനെ കലശലായ ആശയപ്രതിസന്ധി നേരിടുന്ന അന്തരീക്ഷത്തിലാണ് നേതാവായ സ്വലാഹി സംഘടനാ സംവിധാനങ്ങളോട് അതൃപ്തി പ്രകടിപ്പിച്ച് സ്വയം പുറത്ത് പോയത് ഇപ്പോൾ ഇവർ വിസ്ഡം ഗ്രൂപ്പ് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. തൗഹീദിന്റെ ഒമ്പതും പത്തും വകഭേദങ്ങൾ ഇതിൽ ഉൾചേർന്നിട്ടുണ്ട്.
മടവൂർ ഗ്രൂപ്പിലും പട
ഇത്രയും പറഞ്ഞത് മൗലവി ഗ്രൂപ്പിനെക്കുറിച്ചാണ്. എന്നാൽ മടവൂർ ഗ്രൂപ്പിലും പടയാണ്. അഭൗതികതയുടെ മാനദണ്ഡം അവിടെയും പല കോലത്തിലാണ്. ശബാബ് എഡിറ്റർക്ക് ജിന്നിനോട് തേടുന്നത് പ്രാർഥനയല്ല. എന്നാൽ സെക്രട്ടറിക്ക് അത് പ്രാർഥനയാണ്. സലാം സുല്ലമിക്ക് സിഹ്റ് ഫലിക്കുമെന്ന വിശ്വാസം കടുത്ത ശിർക്കാകുന്നു. റഊഫ് മദനിക്ക് അത് തൗഹീദും. തിരുനബി(സ്വ)യുടെ തിരുശേഷിപ്പുകൾകൊണ്ട് ബറകത്തെടുക്കൽ സലാം സുല്ലമിക്ക് ശിർക്കാണ്. എന്നാൽ സിപി ഉമർ സുല്ലമിക്ക് തൗഹീദാണ്. സംസം വെള്ളം കുടിക്കുന്നത് ചിലർക്ക് തൗഹീദും മറ്റു ചിലർക്ക് ശിർക്കുമാണ്. അവരെ വേണമെങ്കിൽ അതിയുക്തിവാദികൾ, മതയുക്തിവാദികൾ, മിതയുക്തിവാദികൾ എന്നിങ്ങനെ മൂന്നായി തിരിക്കാം. സലാം സുല്ലമി ഒന്നാം ഗ്രൂപ്പിലും സിപി രണ്ടാം ഗ്രൂപ്പിലും മദനി മൂന്നാം ഗ്രൂപ്പിലും. തൗഹീദിന്റെ 10, 11 പതിപ്പുകൾ ഉൾചേർന്നിട്ടുണ്ട്. ഏറ്റവും വലിയ തമാശ ഓരോരുത്തരുടെയും പക്ഷ പ്രകാരം ഇതര മുജാഹിദ് ഗ്രൂപ്പുകൾ മുഴുവൻ കാഫിറുകളാണെന്നതാണ്.
സംയുക്ത തൗഹീദ് 2016
എന്നാൽ ജിന്ന് വിഭാഗത്തിലും പിന്നീട് അപസ്വരമുണ്ടാകുന്നതാണ് നാം കാണുന്നത്. ഈ വിഭാഗം പൂർണ്ണമായി ഗൾഫ് സലഫികളെ അനുകരിക്കുകയാണല്ലോ ചെയ്തിരുന്നത്. നേതൃനിരയിലുള്ള ചിലർ ഗൾഫ് സലഫിസത്തിൽ കുറേ കൂടി തീവ്രമായി ചിന്തിക്കാൻ തുടങ്ങി. നിലവിലുള്ള സംഘടനാ സംവിധാനങ്ങൾ തന്നെ ആഗോള സലഫിസത്തിന് എതിരാണെന്നും ആശയങ്ങളിലും നിലപാടുകളിലും ഇന്ത്യയുടെ ബഹുസ്വരതയെ പാടെ അവഗണിച്ച് തീവ്ര സലഫിസം ഇറക്കുമതി ചെയ്യണമെന്നുമുള്ള നിലപാടുകൾ മുളപൊട്ടുന്നത് ഈ പ്രവണതയിൽ നിന്നാണെന്ന് ന്യായമായും സംശയിക്കാം. ക്രിസ്ത്യാനികളോടുള്ള സമീപനം പോലും കേരളത്തിലെ സുന്നികൾ അർഹിക്കുന്നില്ലെന്നും അവരുമായുള്ള വിവാഹബന്ധം അസാധുവാണെന്നും സ്വത്ത് അനന്തരം എടുക്കാനോ കൊടുക്കാനോ പാടില്ലെന്നും അടക്കമുള്ള ലേഖനങ്ങൾ അൽ ഇസ്ലാഹ് മാസികയിൽ പ്രസിദ്ധീകരിച്ചത് ഈ ചിന്താധാരയുടെ ഫലമായിരിക്കാം. ഈ മാസികയിൽ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളധികവും തീവ്ര സലഫികളുടെ ലേഖനങ്ങളുടെ പരിഭാഷയാണ്. ഈ നീക്കത്തിന്റെ അപകടം മനസ്സിലാക്കി ഒരു വിഭാഗം ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് നീങ്ങി. മദ്ഹബീ ഭദ്രത മുന്നോട്ട് വെക്കുന്ന ഇസ്ലാമിന്റെ താത്ത്വികതയും സൂഫീ ജീവിതം പ്രകാശിപ്പിക്കുന്ന ഇസ്ലാമിന്റെ പ്രായോഗികതയും വലിച്ചെറിഞ്ഞവർ മുജ്തഹിദ് മുത്ലഖുമാരായി വേഷം കെട്ടിയപ്പോൾ സ്വാഭാവികമായും ചിലർ അത്തിക്കാട്ടും ദമ്മാജും മൊസൂളും സ്വപ്നം കണ്ടു.
ഇത്തരം തീവ്രവാദ പ്രവണതകളുടെ വേരുകൾ തീവ്ര സലഫിസത്തിലും അവയുടെ വേരുകൾ ഔദ്യോഗിക മുജാഹിദ് പ്രസ്ഥാനത്തിലും ചെന്നുമുട്ടുന്നതായി പല കോണുകളിൽ നിന്നും വിമർശനങ്ങളുയർന്നപ്പോഴാണ് ജിന്ന് വിഭാഗത്തെ പാടെ മാറ്റിനിർത്തി, മത യുക്തിവാദികളായ മടവൂർ വിഭാഗവുമായി ലയിക്കുന്നതിനെ കുറിച്ച് മൗലവിഗ്രൂപ്പ് സഗൗരവം ചിന്തിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും സംഘടനയുടെ രേഖകളൊന്നുമില്ലാതെ പ്രയാസപ്പെട്ട് കഴിയുന്ന മടവൂർ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ആസ്വാദ്യകരമായ ഒരു ഓഫറായിരുന്നു അത്. പത്തിലേറെ വിഷയങ്ങളിൽ ശിർക്കിൽ തുടരുന്ന വിഭാഗമാണെങ്കിലും, അത്രയും വിഷയങ്ങളിൽ തങ്ങളെ ഹദീസ് നിഷേധികളായി ചിത്രീകരിച്ചവരാണെങ്കിലും ഒരു തൽക്കാല അഡ്ജസ്റ്റ്മെന്റിന് അവർ തയ്യാറായി. അങ്ങനെ ഐക്യപ്പെരുന്നാളിലെ ബിരിയാണിച്ചെമ്പിന് താഴെ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇന്ധനമായി വർത്തിച്ച ശിർക്ക് കുഫ്റുകൾ ഒരുപിടി ചാരമായി മാറി. ഇത്ര ലളിതമാണ് ശിർക്കെങ്കിൽ ഒത്തിരിയൊത്തിരി ലയനങ്ങളും പിളർപ്പുകളും ഇനിയും പ്രതീക്ഷിക്കാം.
ഹുസൈൻ മടവൂരിനെ ഔദ്യോഗിക ഗ്രൂപ്പ് ആദരിച്ചു. അണികൾ എല്ലാ ശിർക്കുകളും മറന്ന് ഒന്നായി. പക്ഷെ 1921ലെ തൗഹീദിനെ കൃത്യമായി തന്റെ ആത്മാവിലേക്കാവാഹിച്ച സലാം സുല്ലമിയും സംഘവും സംയുക്ത തൗഹീദിൽ നിന്നും മെല്ലെ മെല്ല മാറിനിന്നു. അങ്ങനെ സിഹ്റ്, കണ്ണേറ്, ബറകത്ത്, ജിന്നുബാധ, മലക്കുകളുടെ സഹായം എന്നീ വിശ്വാസങ്ങളെല്ലാം ശിർക്കായി ചിത്രീകരിച്ചിരുന്ന കേരള വഹാബികളുടെ പ്രഥമ ആദർശാടിത്തറ സലാം സുല്ലമിയുടെ നിര്യാണത്തോടെ വംശനാശം നേരിട്ടു. ചുരുക്കത്തിൽ, ഒരു നൂറ്റാണ്ട് പൂർത്തിയായതോടെ കേരളീയ മുസ്ലിം ഉൾപ്പിരിവുകൾക്ക് ഒരു ഡസൻ തൗഹീദ് വകഭേദങ്ങൾ സമ്മാനിച്ച് അതിന്റെ മൂല തന്തു അസ്തമിച്ചു.
2018-ലെ ചാഞ്ചാട്ടം
സൃഷ്ടികൾക്ക് നൽകപ്പെടാത്ത കഴിവിൽ നിന്ന് സഹായം ചോദിക്കലാണ് പ്രാർഥനയെന്നും അതിനാൽ ജിന്നിനോട് അവർക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിൽ സഹായം ചോദിക്കൽ ശിർക്കല്ലെന്നും സിദ്ധാന്തിക്കുന്ന വിസ്ഡം ഗ്രൂപ്പാണ് പിന്നീട് മുഖാമുഖ-ഖണ്ഡനാദി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായത്. ഫൈസൽ മൗലവിയായിരുന്നു ഇവരുടെ താരം. നബി തങ്ങൾ ഖബറിൽ ജീവിച്ചിരിക്കുകയാണെന്നും നമ്മുടെ സലാമുകൾക്ക് ഉത്തരം ചെയ്യുന്നുണ്ടെന്നുമൊക്കെ തൗഹീദ് അപ്ഡേഷന്റെ ഭാഗമായി ഈ വിഭാഗം മനസ്സിലാക്കിയിട്ടുണ്ട്. അപ്പോൾ നബിതങ്ങളോട് അവിടത്തേക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിൽ സഹായം ചോദിക്കൽ ശിർക്കാവുകയില്ലല്ലോ. ബിലാലുബ്നുൽ ഹാരിസ്(റ) തിരുനബിയുടെ ഖബറിന്നരികിൽ ചെന്ന് തങ്ങൾക്ക് മഴ കിട്ടാൻ വേണ്ടി അല്ലാഹുവിനോട് തേടാൻ ആവശ്യപ്പെട്ട സംഭവം ഉദ്ധരിച്ചുകൊണ്ട് 2018-ൽ ഒരു സുന്നീപ്രവർത്തകൻ ഈ മൗലവിയോട് കാഞ്ഞങ്ങാട് മുഖാമുഖത്തിൽ വെച്ച് ഒരു ചോദ്യം ഉന്നയിച്ചു. ബിലാൽ(റ) ചെയ്തത് ഇസ്തിഗാസ എന്ന പ്രാർഥനയല്ലെന്നും അതിനാൽ ശിർക്കാവുകയില്ലെന്നുമായിരുന്നു മറുപടി. മന്ത്രവും ബറകത്തും പോലും ശിർക്കായിരുന്ന വഹാബീ തൗഹീദ് 1921-ൽ നിന്നും 2021-ലെത്തുമ്പോഴേക്കും ഇസ്തിഗാസയടക്കം തൗഹീദാകുന്ന വൈചിത്ര്യത്തിലാണ് എത്തിച്ചേർന്നത്! പ്രവർത്തകരുടെ അതിശക്തമായ സമ്മർദത്തെ തുടർന്ന് അത് മാറ്റിപ്പറഞ്ഞ് തൗബ ചെയ്തു എന്നത് മറ്റൊരു തമാശ. ചാഞ്ചാട്ടവും തൗബയുമൊന്നും വഹാബിസത്തിൽ പുത്തരിയല്ലല്ലോ.
ഇതിൽ പരാമർശിക്കാത്ത വേറെയും ഇനം മുജാഹിദുകളുണ്ട്. തിരുനബി(സ്വ) ചെയ്യാത്തതൊക്കെ ബിദ്അത്താണെന്ന് വാദിക്കുന്നവർ. ഇവർ ആട് മുജാഹിദുകളെന്ന് അറിയപ്പെടുന്നു. തിരുനബി ആട് മേച്ച് ജീവിച്ചതുകൊണ്ട് അവർ അങ്ങനെ തന്നെ ജീവിതം കഴിക്കാനാണ് തീരുമാനം-സംഘടന പാടില്ലത്രെ! കാരണം തിരുനബി(സ്വ) സംഘടന ഉണ്ടാക്കിയിട്ടില്ലല്ലോ. സംഘടന പാടില്ലെന്ന് സിദ്ധാന്തിക്കുന്ന സംഘടന! സുബൈർ മങ്കടയാണ് അതിന്റെ നേതാവ്. ഒരേ ഡോക്ടറെ തന്നെ വീണ്ടും കൺസൽട്ട് ചെയ്യുന്നതും വാക്സിനേഷൻ ചെയ്യുന്നതും വാഹനത്തിലും മറ്റും തവക്കൽത്തു അലല്ലാഹ് എന്ന ബോർഡ് വെക്കുന്നതുമെല്ലാം ശിർക്കാണെന്ന് വാദിക്കുന്ന ചില എക്സ്ട്രിമിസ്റ്റുകളുമുണ്ട്. വേറൊരു കൂട്ടർ വഹാബീ തൗഹീദ് ശരിയാണെന്ന് മനസ്സിലാക്കിയ ഹതഭാഗ്യരാണ്. എന്നാൽ ഒരു ഗ്രൂപ്പിലുമില്ല.
സൂറത്തുൽ അൻആമിലെ 159-ാം സൂക്തം ഏറെ പ്രസക്തമാണ് ഇവരുടെ കാര്യത്തിൽ. തീർച്ചയായും തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും വ്യത്യസ്ത ഗ്രൂപ്പുകളായി തീരുകയും ചെയ്തവരുമായി നബിയേ അങ്ങേക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹു നോക്കും. അവരുടെ ചെയ്തികളുടെ ഫലം അവർക്ക് അവൻ അനുഭവിപ്പിക്കുകയും ചെയ്യും.
ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി