വംശീയ ഉന്മൂലന ലക്ഷ്യങ്ങളോടെയും വിഭവ മോഹങ്ങളോടെയും കടന്നുവന്ന സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കെതിരെ സ്വാതന്ത്ര്യ ബോധവും ആത്മാഭിമാനവുമുള്ള കേരളത്തിലെ മുസ്ലിം ജനത നയിച്ച പ്രതിരോധ സമരങ്ങളുടെ ചരിത്രം ധീരോദാത്തമാണ്. പോര്‍ച്ചുഗീസ് ക്രൂരതകളുടെ കാലം മുതല്‍ ബ്രിട്ടീഷ് സ്വേഛാധിപത്യകാലം വരെ തുടര്‍ന്നു ഈ പോരാട്ടങ്ങള്‍. മുസ്ലിം വിരോധത്തിന്റെ ആഴം ഹെര്‍മണ്ട് ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമയില്‍ വിവരിക്കുന്നുണ്ട്. അല്‍ബുക്കര്‍ക്ക് കൊച്ചി രാജാവിനെ കണ്ട് സാമൂതിരിയുമായി ഉണ്ടാക്കിയ സന്ധിയെ കുറിച്ച് ഇങ്ങനെ പറയുന്നു: “കുടിപ്പക നമുക്ക് മുസല്‍മാന്മാരോടേയുള്ളൂ. കൊല്ലത്തെ രാജാവ് നിരത്തിനു വാദിച്ചാല്‍ അവനോട് സന്ധിക്കേ വേണ്ടൂ. ദൈവം നമ്മുടെ അജ്ഞാനം മാറ്റേണമേ. എന്റെ മരണത്തിനു മുമ്പ് മക്കത്തു പോയി ആ കള്ള നബിയുടെ അസ്തികളെ കുഴിയില്‍ നിന്ന് എടുത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു’ (കേരളപ്പഴമ, പേജ്104). “ഈ രാജ്യത്ത് നിന്ന് മുസ്ലിംകളെ പുറത്താക്കുന്നതും ഒരിക്കലും ഉണരാത്ത വിധം മുഹമ്മദിന്റെ വംശജരിലെ ആവേശാഗ്നി കെടുത്തുന്നതും നിങ്ങള്‍ ദൈവത്തോടു ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും’ (കേരളാ മുസ്ലിം പോരാട്ടങ്ങളുടെ ചരിത്രം, പേജ്67). അങ്ങനെ പോകുന്നു വെറുപ്പിന്റെ ചരിത്രപരാമര്‍ശങ്ങള്‍.
വിശുദ്ധ ഖുര്‍ആന്‍ ജൂതക്രിസ്തീയ വിഭാഗങ്ങളെയും അവിശ്വാസികളെയും സംബന്ധിച്ച് സത്യവിശ്വാസികളെ അഭിസംബോധനം ചെയ്യുന്നതായി കാണാം: “തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്യും’ (ആലു ഇംറാന്‍/186). “സത്യവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവര്‍ യാതൊന്നും ചെയ്യാതിരിക്കേ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കുന്നവരാണ്’ (അല്‍ അഹ്സാബ്/58).
പറങ്കികള്‍ക്കുശേഷം ബ്രിട്ടീഷുകാരെയും ശക്തമായി നേരിട്ടു മലബാറിലെ മുസ്ലിംകള്‍. ആത്മീയാചാര്യന്മാരുടെ വാക്കും പ്രവര്‍ത്തിയും മുറതെറ്റാതെ അനുസരിച്ചായിരുന്നിത്. ഇതിനെക്കുറിച്ച് മലബാര്‍ മാന്വലില്‍ വിവരിക്കുന്നുണ്ട്. 1921ലെ മലബാര്‍ കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ ആവേശോജ്ജ്വലമായൊരു സംഭവമാണ്. അതിനെ മാപ്പിള ലഹളയായും കര്‍ഷക സമരമായും ചിത്രീകരിക്കുന്നത് അഭികാമ്യമല്ല. ഖിലാഫത് പ്രസ്ഥാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഖിലാഫത് സ്മരണകള്‍ എന്ന പുസ്തകത്തില്‍ പറയുന്നതു കാണാം: “സാമുദായിക വഴക്കുകളല്ല ഈ ലഹളയുടെ മൂലകാരണം. രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണിതിന്റെ ഉത്ഭവം. ഈ ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ്.’
ഈ സ്വാതന്ത്ര്യസമരത്തിന്റെ പിന്നാലെയാണ് കുപ്രസിദ്ധമായ വാഗണ്‍ ദുരന്തം അരങ്ങേറിയത്. 1921ല്‍ മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ അന്യാദൃശ്യമായ രാഷ്ട്രീയ പ്രബുദ്ധത സംജാതമാകുകയും നാടുനീളെ ഖിലാഫത്കോണ്‍ഗ്രസ് സംഘടനകള്‍ സ്ഥാപിക്കാന്‍ അവര്‍ മുന്നോട്ടിറങ്ങുകയും ചെയ്തു. പ്രസിദ്ധ പണ്ഡിതനായ പരീക്കുട്ടി മുസ്ലിയാരുടെ ഫത്ഹുല്‍ മുഹ്യ് എന്ന അറബി മലയാള ഗ്രന്ഥവും ഖിലാഫത് അനുകൂല മാപ്പിളപ്പാട്ടുകളും ജനങ്ങളെ പോരാട്ടത്തിലെത്തിച്ചു. ആ കാലഘട്ടത്തിലെ ഹിന്ദുമുസ്ലിം എ്യെം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഈ ഒരുമയും മൈത്രിയും തകര്‍ത്ത് അധികാരം അരക്കിട്ടുറപ്പിക്കാനായിരുന്നു മലബാര്‍ കലക്ടര്‍ തോമസും സില്‍ബന്തികളും ശ്രമിച്ചിരുന്നത്. പില്‍ക്കാല ചരിത്രത്തില്‍ മലബാര്‍ കലാപവും വാഗണ്‍ ദുരന്തവും അടക്കമുള്ള സംഭവങ്ങള്‍ വര്‍ഗീയ കലാപമായി ചിത്രീകരിക്കുന്നതിനു പിന്നില്‍ പല ലക്ഷ്യങ്ങളാണ്. ദിവാന്‍ ബഹദൂര്‍സിഗോപാലന്‍ നായര്‍(ഡെപ്യൂട്ടി കലക്ടര്‍) മലബാര്‍ വിപ്ലവത്തെ വികലമായാണ് അവതരിപ്പിക്കുന്നത്. വേല ാീുുശഹമ ൃലയലഹഹശീി 1921 എന്ന പേരിലറിയപ്പെടുന്ന ഈ കൃതിയാണ് ഗംഗാധരനടക്കമുള്ള ഇന്നത്തെ ചരിത്രകാരന്മാരുടെ ആധാരഗ്രന്ഥം.
മലബാര്‍ കലാപത്തിന്റെ ആത്മീയ നേതൃത്വമായിരുന്നു ആലി മുസ്ലിയാര്‍. 1921ന്റെ ചരിത്രത്തില്‍ മാത്രമല്ല അന്നത്തെ ദേശീയ നേതാക്കളുടെ ആത്മകഥകളിലും ആലിമുസ്ലിയാര്‍ സജീവ സാന്നിധ്യമാണ്. പൊന്നാനി മഖ്ദൂം കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. ദീര്‍ഘകാല ബ്രിട്ടീഷ് വിരോധ പാരമ്പര്യം അവകാശപ്പെടാനാവുന്നതായിരുന്നു ആ കുടുംബം. പൊന്നാനിയിലെയും മക്കയിലെയും പഠനത്തിന് ശേഷം ലക്ഷദ്വീപില്‍ ഖാസിയായി സേവനമനുഷ്ഠിക്കുകയും 1896ലെ കലാപത്തില്‍ കുടുംബത്തിലെ ചിലരുടെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്കു മടങ്ങുകയും ശേഷം 1907മുതല്‍ തിരൂരങ്ങാടിപ്പള്ളിയല്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയിര്‍കൊണ്ട ഖിലാഫതിലും നിസ്സഹകരണ പ്രസ്ഥാനത്തിലും 1920ലെ കോഴിക്കോട്ടെ ഗാന്ധിജിയുടെ യോഗങ്ങളിലും ആലിമുസ്ലിയാര്‍ സജീവമായിരുന്നു. സമാധാനപ്രിയനായിരുന്ന അദ്ദേഹത്തിനു രാഷ്ട്രീയ പ്രതിരോധത്തെ പറ്റി ചില കണിശനിലപാടുകളുണ്ടായിരുന്നതായി പഠനങ്ങളില്‍ കാണാം: “ശത്രു മാരകമായി അക്രമിച്ചാല്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കണമെന്നും നില്‍ക്കക്കള്ളി ഇല്ലാതെ വന്നാല്‍ മാത്രം സുരക്ഷക്കായി എതിര്‍ക്കണമെന്നും അനുയായികളെ ഉദ്ബോധിപ്പിക്കുകയും ചെയ്ത അദ്ദേഹം എങ്ങനെയാണ് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചയാളാവുന്നത്? അതോടൊപ്പം ലഹളകള്‍ കൊടുമ്പിരി കൊള്ളുമ്പോഴും കോട്ടക്കലെ കോവിലകവും വാര്യന്‍മാരുടെ മന്ദിരവുമടക്കമുള്ള ഒട്ടനേകം ഹൈന്ദവ വീടുകള്‍ക്ക് കവല്‍ നിന്നത് മാപ്പിള ഭടന്മാരായിരുന്നെന്ന് ഇ.മൊയ്തു മൗലവിയുടെ കുറിപ്പില്‍ കാണാം’ (വാഗണ്‍ട്രാജഡി സ്മരണിക. പേജ്:24) മതമൈത്രിയും പരസ്പര സ്നേഹവും നിറഞ്ഞു നിന്നിരുന്ന ആ കാലഘട്ടത്തെക്കുറിച്ച് വര്‍ഗീയത ആരോപിക്കുന്നത് ശുദ്ധഭോഷ്കാണ്.
1921ലെ വാഗണ്‍ ദുരന്തം മനുഷ്യത്വമുള്ളവര്‍ക്കാര്‍ക്കും മറക്കാനാവില്ല. അതില്‍ നിന്ന് രക്ഷപ്പെട്ട കോട്ടപ്പടിയിലെ വയല്‍ക്കരയില്‍ കൊന്നോല അഹ്മദ് ഹാജി അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പില്‍ തീക്ഷണമായ ആ രംഗങ്ങള്‍ പങ്കുവെക്കുന്നതിങ്ങനെ: “ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കാളിയായ അദ്ദേഹത്തെ അന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍ പാലം പൊളിച്ചുവെന്ന കേസ് ചുമത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ദിവസത്തില്‍ ഒരുനേരത്തെ ഭക്ഷണം മാത്രം കഴിച്ച് ശൗച്യം ചെയ്യാന്‍ ഒരിറ്റ് വെള്ളം പോലും ലഭിക്കാതെ സ്വന്തം ശരീരത്തിന്റെ നാറ്റം സഹിക്കാനാവാതെ എം.എസ്.പി കാമ്പില്‍ തടവുകാരായി ഒരുകൂട്ടം ജനങ്ങള്‍ വേദന തിന്നാന്‍ വിധിക്കപ്പെട്ടു. പതിനേഴു ദിവസങ്ങള്‍ക്കു ശേഷം നവംബര്‍ 20ന് രാവിലെ നാലുപേരെ വീതം കൂട്ടിക്കെട്ടി. കഴുതവണ്ടിയിലും കാളവണ്ടിയിലുമായി പട്ടാളക്കാര്‍ കയറിയിരുന്നു. ഓരോ വണ്ടിക്കും ഇടവിട്ട് കൂട്ടിക്കെട്ടിയ തടവുകാരെ നിര്‍ത്തി. വണ്ടികള്‍ ഓടാന്‍ തുടങ്ങി. കൂടെ മനുഷ്യമൃഗങ്ങളും. കുന്നും കുഴിയും മലയും വയലും താണ്ടി ബയനറ്റുകളുടെ അടികള്‍ വാങ്ങി കോട്ടക്കല്‍ എത്തിച്ചേര്‍ന്നു. ഒരിറ്റു വെള്ളം പോലും നല്‍കാതെ വീണ്ടും അടിച്ചാട്ടാന്‍ തുടങ്ങി. സന്ധ്യയോടെ തിരൂരിലെത്തി. അറുനൂറോളം തടവുകാരെ അവിടെ കൊണ്ടുവന്നിരുന്നു. പലരും തളര്‍ന്നുറങ്ങിപ്പോയി.
ഏഴുമണിയോടെ മദ്രാസ് സൗത്ത് മറാട്ടകമ്പനി ങ.ട ങഘഢ 1711 എന്ന് മുദ്രണം ചെയ്ത മരണവാഗണ്‍ തിരൂര്‍ സ്റ്റേഷനില്‍ വന്നു നിന്നു. കണ്ണില്‍ ചോരയില്ലാത്ത ഒരു ആരാച്ചാരെപ്പോലെ വാതില്‍ തുറന്നു പിടിച്ച് ആളുകളെ കുത്തി നിറക്കാന്‍ തുടങ്ങി. നൂറ് പേര്‍ അകത്തായപ്പോഴേക്കും പലരുടെയും പൃഷ്ടവും കൈകാലുകളും പുറത്തേക്ക് തുറിക്കാന്‍ തുടങ്ങിയിരുന്നു. തലയിണയില്‍ ഉന്നം നിറക്കുന്ന ലാഘവത്തോടെ തോക്കിന്‍ ചട്ടകൊണ്ട് അമര്‍ത്തിത്തള്ളി വാതില്‍ ഭദ്രമായി അടച്ചു കുറ്റിയിട്ടു. എല്ലാം ഹിച്ച് കോക്കിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഇരുനൂര്‍ പാദങ്ങള്‍ ഒന്നിച്ചമരാനുള്ള വിസ്തീര്‍ണ്ണമില്ലാത്തത് കൊണ്ട് ഒറ്റക്കാലില്‍ നിലം തൊടാതെ ആ ഹതഭാഗ്യരുടെ യാത്രതുടങ്ങി. ദാഹം സഹിക്കാനാവാതെ ആര്‍ത്തലറിയും വാഗണ്‍ഭിത്തിയില്‍ ആഞ്ഞടിച്ച് ശബ്ദമുണ്ടാക്കിയും രക്ഷക്ക് വേണ്ടി യാചിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. അപ്പോഴേക്കും പലരും മേല്‍ക്കുമേല്‍ മലര്‍ന്നു വീണിരുന്നു. അറിയാതെ കുമ്മികുമ്മിയായി മലം വിസര്‍ജിച്ചു, കൈകുമ്പിളില്‍ മൂത്രമൊഴിച്ചു വലിച്ചുകുടിച്ച് ദാഹം തീര്‍ക്കാന്‍ വിഫല ശ്രമം നടത്തി. ആണാടിനെപ്പോലെ സഹോദരന്റെ ശരീരത്തിലെ വിയര്‍പ്പുകണങ്ങള്‍ നക്കിത്തോര്‍ത്തി അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. മരണവെപ്രാളത്തില്‍ അവര്‍ സഹോദര മിത്രബന്ധം മറന്നു. എങ്ങിനെയോ ഇളകിപ്പോയ ആണിയുടെ ദ്വാരത്തില്‍ മാറിമാറി മൂക്ക് വെച്ച് പ്രാണന്‍ പോവാതിരിക്കാന്‍ ശ്രമിച്ചു. പുലര്‍ച്ചെ നാലുമണിക്ക് വണ്ടി പോത്തന്നൂര്‍ സ്റ്റേഷനിലെത്തി. ആ പാപികള്‍ വാതില്‍ തുറന്നപ്പോള്‍ മുറിക്കുള്ളില്‍ കണ്ട ഭീകര ദൃശ്യം അവരെത്തന്നെ ഞെട്ടിത്തരിപ്പിച്ചു. അറുപത്തി നാലുപേരാണ് കണ്ണുതുറിച്ച് ഒരുമുഴം നാക്കുനീട്ടി മരിച്ചു കിടക്കുന്നത്. അറുപത് മാപ്പിളമാരും നാല് തിയ്യന്മാരും. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തന്നൂരിലെ സ്റ്റേഷന്‍മാസ്റ്റര്‍ തയ്യാറായില്ല. അവരെ തിരൂരിലേക്ക് തന്നെ മടക്കി. ശേഷിക്കുന്നവരില്‍ എട്ടുപേര്‍കൂടി മരിച്ചു. വാഗണിലെ അതിക്രൂരമായ ദൃശ്യം കാണാനോ രൂക്ഷഗന്ധം കൊണ്ട് വാതില്‍ തുറക്കാനോ ഈ പിശാചുക്കള്‍ തയ്യാറായില്ല. മലമൂത്ര രക്ത വിയര്‍പ്പുകളാല്‍ ലേപനം ചെയ്യപ്പെട്ട് വികൃതമായ ഈ മനുഷ്യപുത്രന്മാരുടെ വീരചരിത്രം ഇന്ന് ആരാണ് ഓര്‍ക്കുന്നത് (വാഗണ്‍ട്രാജഡി സ്മരണകള്‍1981).
മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറെ കണ്ണീരണിഞ്ഞ അധ്യായമാണ് വാഗണ്‍ ദുരന്തം. അതിന്റെ ഉത്തരവാദികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ബ്രിട്ടീഷ് പട്ടാളക്കോടതിക്ക് സൗമനസ്യമുണ്ടായില്ല. പില്‍ക്കാല സ്വാതന്ത്ര്യപ്പോരാട്ട ചരിത്രത്തിലും ഈ മാപ്പിള പോരാളികള്‍ക്കും അവരോട് ചേര്‍ന്നുനിന്ന അധഃസ്ഥിത വര്‍ഗത്തിനും അര്‍ഹമായ പരാമര്‍ശമോ ഇടമോ ലഭിക്കാതെ പോയി. ഭാരത ദേശീയതയെ കുറിച്ചുള്ള പുതിയ വീരസ്യങ്ങള്‍ക്കിടയില്‍ ഈ ഹതഭാഗ്യ മാപ്പിളമാര്‍ പ്രതിനിധാനം ചെയ്ത സമുദായത്തിന്റെ ദേശക്കൂറിനെ സംശയിക്കാതിരിക്കാനെങ്കിലും ഉദാരത കാണിക്കുക.
സല്‍മാന്‍ തോട്ടുപൊയില്‍