കഥ തുടങ്ങുന്നത് 2012-ലാണ്. കുമ്പിളില്‍കഞ്ഞി വീട്ടില്‍ കോരന്‍ 26,700 രൂപ മുടക്കി പ്രമുഖ കമ്പനിയുടെ എല്‍ സി ഡി ടെലിവിഷന്‍ വാങ്ങി. രൊക്കം പണമില്ലാത്തതിനാല്‍ 8,900 രൂപ ആദ്യം നല്‍കി, ബാക്കി രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയും. 2,225 രൂപയുടെ എട്ട് ഗഡുക്കളായി വായ്പ തിരിച്ചടച്ചു. ധനകാര്യ സ്ഥാപനം എന്‍ ഒ സിയും നല്‍കി. ഒമ്പത് മാസം കൊണ്ട് എല്‍ സി ഡി ടെലിവിഷന്‍ കോരന് സ്വന്തം. വര്‍ഷം നാല് കഴിഞ്ഞപ്പോഴൊരു വിളിയെത്തി. മംഗലാപുരത്തു നിന്ന് ധനകാര്യ സ്ഥാപനത്തിന്റെ അഭിഭാഷകന്‍. 26,700 രൂപയുടെ എല്‍ സി ഡി ടെലിവിഷന്‍ വാങ്ങിയപ്പോള്‍ സാമഗ്രി ഇന്‍ഷുര്‍ ചെയ്തിരുന്നുവെന്നും അതിന്റെ പ്രീമിയം 11,000 രൂപയാണെന്നും ആ തുക അടച്ചു തീര്‍ത്തിട്ടില്ലെന്നും നാല് വര്‍ഷത്തെ പലിശയടക്കം ഉടന്‍ ഒടുക്കിയില്ലെങ്കില്‍ കോടതി കയറിയിറങ്ങേണ്ടി വരുമെന്നും ഭീഷണി. ഇന്‍ഷുറന്‍സ് വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അതിനാല്‍ പണം അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വായ്പ അടച്ചുതീര്‍ത്തതിന് തനിക്ക് സ്ഥാപനം സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും കോരന്‍ ധൈര്യം ഭാവിച്ചു.
രേഖ പക്കലുണ്ടെന്ന വീമ്പ്, വക്കീലിന് കൊണ്ടെന്ന് തോന്നിച്ചു. രണ്ട് വര്‍ഷത്തേക്ക് പിന്നെ അനക്കമുണ്ടായില്ല. 2018ല്‍ വീണ്ടും വിളി, ഇക്കുറി ചെന്നൈയില്‍ നിന്ന്. ധനകാര്യ സ്ഥാപനത്തിന്റെ വക്കാലത്ത് ഏറ്റെടുത്തിട്ടുണ്ടെന്നും കേസ് ഫയല്‍ചെയ്യും മുമ്പുള്ള നിയമപരമായ മുന്നറിയിപ്പാണെന്നും ധരിപ്പിച്ചു. വായ്പാത്തുക അടച്ചുതീര്‍ത്തതിന്റെ രശീതുകളും അടവുതീര്‍ന്നതിന്റെ രേഖയും കൈവശമുണ്ടെന്നും ഇന്‍ഷുറന്‍സ് വേണമെന്ന് പറഞ്ഞിരുന്നില്ലെന്നും കോരന്‍ വീണ്ടും പറഞ്ഞു. വക്കീല്‍ തര്‍ക്കം തുടങ്ങി. ഇന്‍ഷുറന്‍സ് പ്രീമിയമായ പതിനോരായിരം നാല് വര്‍ഷത്തെ പലിശയും ചേര്‍ന്ന് പല മടങ്ങ് വളര്‍ന്നുവെന്നും ഈ തുക തുല്യ ഗഡുക്കളായി ഭാഗിച്ച് മാസം തോറും കോരന്റെ അക്കൗണ്ടില്‍ നിന്ന് പിടിക്കാന്‍ നടപടി തുടങ്ങിയെന്നും രണ്ട് ഗഡുക്കള്‍ ഇതിനകം പിടിച്ചുവെന്നും വക്കീല്‍ പറഞ്ഞു. കോരന്‍ ഞെട്ടി. താനറിയാതെ തന്റെ അക്കൗണ്ടില്‍ നിന്ന് രൂപ മൂവായിരം പോയിരിക്കുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ശാഖയില്‍ പോയി പാസ് ബുക്കില്‍ വരവുവെച്ച്, സംഗതി ഉറപ്പിച്ചു. രണ്ട് മാസത്തിനിടെ മൂവായിരം രൂപയും ചില്ലറയും ധനകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറിയിട്ടുണ്ട്.
വായ്പ എടുക്കുമ്പോള്‍ ഒപ്പിട്ട് നല്‍കിയ ചെക്ക്, ആറ് വര്‍ഷത്തിനിപ്പുറം പ്രയോഗിക്കുകയാണ് ധനകാര്യന്‍. ആ ചെക്കിന്റെ പ്രയോഗം ഇനി മേലാല്‍ അനുവദിക്കരുതെന്ന് ബാങ്കിനെ തെര്യപ്പെടുത്താന്‍ ശ്രമിച്ചു. ഒരിക്കല്‍ കൈമാറിയ ഒപ്പിട്ട ചെക്ക്, കൈവിട്ട ആയുധമെന്ന് ദേശീയ പഞ്ചാബിന്റെ ഉദ്യോഗസ്ഥര്‍. അക്കൗണ്ടില്‍ പണമില്ലാതിരുന്നാല്‍ അവര് ചോര്‍ത്തില്ലല്ലോ എന്ന് കോരന്‍. ചെക്ക് ഓരോ തവണ മടങ്ങുന്നതിനും പിഴയുണ്ടാകുമെന്ന് ദേശീയ പഞ്ചാബന്‍. ഇവ്വിധം പിഴയാളിയെന്നതിന് സകലയിടത്തും രേഖയുണ്ടാകും, പിന്നീടൊരു ബാങ്ക് വായ്പ മോഹം മാത്രമായി ശേഷിക്കും – പഞ്ചാബന്റെ മുന്നറിയിപ്പ്.
കോരന്‍ സാഹസികനായി. അക്കൗണ്ട് കാലിയാക്കി മടങ്ങി. മാസം രണ്ട് കഴിഞ്ഞു. ചെന്നൈയില്‍ നിന്ന് വീണ്ടും വിളിയെത്തി. ഇന്‍ഷുറന്‍സ് പ്രീമിയം ഒടുക്കാതിരുന്ന കോരനില്‍ നിന്ന് തുകയും പിഴയും പലിശയും ഈടാക്കാന്‍ ധനകാര്യ സ്ഥാപനത്തിന് അധികാരമുണ്ടെന്ന് സാമ്പത്തിക തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധിച്ചെന്നും ആ വിധി നടപ്പാക്കിയെടുക്കാന്‍ കോഴിക്കോട്ടെ കോടതിയില്‍ ഹരജി ഫയലാക്കിയിട്ടുണ്ടെന്നും അതിന്‍മേലുള്ള തര്‍ക്കവിതര്‍ക്കം അടുത്ത ദിവസത്തേക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും അന്നേ ദിവസം ഹാജരായില്ലെങ്കില്‍ വാറണ്ടാകുമെന്നും തികഞ്ഞ മര്യാദയോടെ വക്കീല്‍. രൂപ 25,000 അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കാം. അങ്ങനെയെങ്കില്‍ കേസുണ്ടാകില്ല. പിഴയാളിയെന്ന രേഖയും ബാങ്ക് വായ്പയ്ക്കുള്ള നിരോധവും നിങ്ങുമോ എന്ന് കോരന്‍. പ്രീമിയം തുകയായ പതിനോരായിരം, അതിന് ആറ് വര്‍ഷം നാല് മാസം പലിശ, പലിശ കുടിശ്ശികയായതിനുള്ള പിഴ, മൂന്ന് ചെക്കുകള്‍ മുടങ്ങിയതിനുള്ള പിഴ ഇതെല്ലാം ചേരുന്ന തുക തീര്‍ത്തടച്ചാല്‍ സകല തടസ്സവും മാറുമെന്ന് വക്കീല്‍. തടസ്സം മാറ്റിയില്ലെങ്കില്‍ കുമ്പിളില്‍കഞ്ഞി വീട്ടിലേക്ക്, ഇനിയൊരു ബാങ്ക് വായ്പ എത്തുകയേയില്ല.
ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബില്‍) എന്നൊരു കമ്പനിയുണ്ട്. കോരന്റെ ‘തിരിച്ചടവ്’ മുടങ്ങിയ വിവരം ഈ കമ്പനി രേഖപ്പെടുത്തും. ഇനിയൊരു വായ്പക്ക് കോരന്‍ അപേക്ഷിച്ചാല്‍, ബാങ്ക് ഉടന്‍ സിബിലിനോട് ചോദിക്കും. മുടങ്ങിയ ‘തിരിച്ചടവി’ന്റെ കണക്ക് സിബില്‍ നിരത്തും. കോരന്റെ വായ്പാ അപേക്ഷ തള്ളാന്‍ ഇതിലപ്പുറമൊന്നും വേണ്ട. സിബിലെന്നാല്‍ ചില്ലറയൊന്നുമല്ല. ആദായ നികുതി വകുപ്പ്, ആദായമുള്ളവരൊക്കെ നികുതി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയ പെര്‍മനന്റ് അക്കൗണ്ട് നമ്പറുമായി (പാന്‍) സിബില്‍ ബന്ധിതമാണ്. പാന്‍ നമ്പറൊന്ന് രേഖപ്പെടുത്തിയാല്‍ സിബിലിനറിയാം കോരന്റെ സാമ്പത്തിക ജാതകം. ഭൂതവും വര്‍ത്തമാനവും കണക്കാക്കി അവര്‍ ഭാവി പ്രവചിക്കും. പാന്‍ നമ്പറിനെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കയാല്‍, കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ഏകദേശ ചരിത്രവും തെളിയും. കോരന്റെ കുടുംബത്തിലെ മറ്റാരെങ്കിലും വായ്പയ്ക്ക് ശ്രമിച്ചാല്‍ പോലും, തടസ്സത്തിന് വകയുണ്ട്. അത്രത്തോളം ആസൂത്രിതമാണ് നമ്മുടെ വായ്പാ വിതരണമെന്ന് ചുരുക്കം. ബാങ്കുകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത്, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് അത്രത്തോളം പ്രധാനമാണ്. വായ്പയെടുത്ത് തിരിച്ചടവ് മുടക്കുന്ന കോരന്‍മാരുടെ എണ്ണം പെരുകിയാല്‍, ബാങ്കുകളുടെ സ്ഥിതി എന്താകും? ബാങ്കുകള്‍ പ്രതിസന്ധിയിലായാല്‍ രാജ്യത്തിന്റെ അവസ്ഥയെന്ത്?
ഈ ചോദ്യങ്ങളൊക്കെ കുമ്പിളില്‍കഞ്ഞി വീട്ടില്‍ കോരന്‍മാരോട് മാത്രമേയുള്ളൂവെന്നതാണ് ഇന്ത്യന്‍ യൂണിയന്റെ പ്രത്യേകത. അത് മുമ്പ് മുതല്‍ അങ്ങനെയായിരുന്നു. ഇപ്പോഴത് കുറച്ചധികമായെന്ന് മാത്രം. രാജ്യസ്‌നേഹത്താല്‍ മുഗ്ധവും ദേശീയവികാരത്താല്‍ പുളകിതവുമായ നരേന്ദ്ര മോദി സര്‍ക്കാര്‍, കോരന്‍മാരേക്കാള്‍ കടബാധ്യത കോടീശ്വരന്‍മാര്‍ക്കാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമേയുള്ളൂ. രാജ്യം വികസിക്കണമെങ്കില്‍ പണം നിക്ഷേപിക്കണം. അതിന് ത്രാണിയുള്ളവരൊക്കെ ബാങ്കിലേക്ക് തിരിച്ചടയ്ക്കാനുള്ള കോടികളുടെ കണക്കില്‍പ്പെട്ടുലഞ്ഞാല്‍ പിന്നെ നിക്ഷേപമെങ്ങനെ എത്തും? നിക്ഷേപമെത്തിയില്ലെങ്കില്‍ കോരന്‍മാര്‍ക്കും അവരുടെ തലമുറകള്‍ക്കും തൊഴിലാര് നല്‍കും? ആകയാല്‍ കോടീശ്വരന്‍മാരുടെ കട ബാധ്യത തീര്‍ത്തേ പറ്റൂ. അതിനായിരിക്കണം മുന്‍ഗണനയെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തെറ്റുപറയുന്നതെങ്ങനെ!
ടെലിവിഷന്‍ വാങ്ങാന്‍ വായ്പയെടുത്ത് കുടിശ്ശികക്കാരനായ കോരന്‍, വാഹനം വാങ്ങാനോ മകളുടെ കല്യാണം നടത്താനോ ഒക്കെയാകും ഇനി വായ്പയ്ക്ക് ശ്രമിക്കുക. അപ്പോള്‍ സിബിലില്‍ ചികഞ്ഞ് കുടിശ്ശികയുടെ ചരിത്രം പറഞ്ഞ് വായ്പ നിഷേധിക്കാം. അങ്ങനെയാണോ അദാനിമാരും അംബാനിമാരും. വ്യവസായം നടത്താനിറങ്ങി സഹസ്ര കോടികള്‍ കുടിശ്ശിക വരുത്തിയാലും അവരൊരു പുതിയ പദ്ധതിയുമായി വന്നാല്‍ വായ്പ വേഗത്തില്‍ അനുവദിക്കണം. എങ്കിലേ നിക്ഷേപമുണ്ടാകൂ, തൊഴിലവസരമുണ്ടാകൂ, മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വര്‍ധനയുണ്ടാകൂ, കുമ്പിളില്‍കഞ്ഞി വീട്ടില്‍ കഞ്ഞി വീഴ്ത്തുണ്ടാകൂ. വ്യവസായികളുടെ കണക്കില്‍ കടമിങ്ങനെ കിടന്നാല്‍ പുതുവായ്പ അനുവദിക്കുന്നതെങ്ങനെ? അപ്പോള്‍ കടമൊക്കെ തള്ളിക്കളയണം. കടമെഴുതിത്തള്ളുന്നത് പുതിയ കാര്യമൊന്നുമല്ലല്ലോ!
ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് 2004-ലാണ്. 2004 മുതല്‍ 2015 വരെയുള്ള പതിനൊന്ന് വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 2.11 ലക്ഷം കോടി രൂപയുടെ വായ്പയാണ്. അതില്‍ തന്നെ പകുതിയിലധികം (1,14,182 കോടി രൂപ) എഴുതിത്തള്ളിയത് 2013 മുതല്‍ 2015 വരെയുള്ള രണ്ട് വര്‍ഷത്തിനിടെയും. ഈ രണ്ട് വര്‍ഷത്തെ കണക്കില്‍ തന്നെ 85 ശതമാനം എഴുതിത്തള്ളിയത് 2015 മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലാണ്. വായ്പകള്‍ എഴുതിത്തള്ളി, വന്‍കിട വ്യവസായികളെ നിക്ഷേപം നടത്താന്‍ കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് രാജ്യസ്‌നേഹത്തില്‍ വെള്ളം ചേര്‍ക്കാത്ത നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന് സാരം.
അതില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഥയെടുക്കാം. 2016 ജൂണ്‍ 30 വരെ ഈ ബാങ്ക് എഴുതിത്തള്ളിയത് 48,000 കോടി രൂപയുടെ കടമാണ്. ഇത്രയും തുക കുടിശ്ശികയാക്കിയത് ആരൊക്കെ എന്ന് ചോദിക്കരുത്, പരമ രഹസ്യമാണ്. നിക്ഷേപം നടത്തി, തൊഴിലവസരം സൃഷ്ടിച്ച്, മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് മുതല്‍ക്കൂട്ടുന്ന മുതലാളിമാരുടെ കടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയുന്നത് രാജ്യത്തിന് ഗുണകരമല്ല. രാജ്യത്തിന് ഗുണകരമല്ലാത്ത കാര്യങ്ങള്‍ ചോദിക്കുകയും അറിയുകയും ചെയ്യുന്നത് ശരിക്കുമൊരു രാജ്യദ്രോഹമാണുതാനും. ഉദാഹരണത്തിന് വിജയ് മല്യ. എത്ര കോടികളുടെ ഈശ്വരനെന്ന് തിട്ടമില്ല. ടിയാന്‍ വായ്പ തിരിച്ചടയ്ക്കാതെ കേസില്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങി. മുങ്ങുന്നത് തടയാന്‍ സര്‍ക്കാറിനാവില്ലേ എന്ന ചോദ്യമില്ല, കാരണം വ്യവസായിയാണ്, ടിയാന്റെ ഉടമസ്ഥതയില്‍ പല കമ്പനികള്‍ രാജ്യത്തിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, നിരവധി കോരന്‍മാര്‍ അവിടെ തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നുമുണ്ട്. അത്തരത്തിലൊരാള്‍ ഏത് കേസില്‍പ്പെട്ടാലും സുരക്ഷിതനായി ഇരിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അങ്ങനെ രാജ്യാവശ്യര്‍ത്ഥം മുങ്ങിയ മല്യയുടെ കടക്കണക്കിലുള്ള 1201 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളുമ്പോള്‍ അത് രാജ്യസ്‌നേഹത്താല്‍ പ്രചോദിതമായ നടപടിയായി കാണണം. അങ്ങനെയുള്ളവരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് വഴി എസ് ബി ഐയ്ക്ക് എന്തെങ്കിലും പ്രയാസമുണ്ടാകാന്‍ രാജ്യത്തോട് കൂറുള്ള സര്‍ക്കാര്‍ അനുവദിക്കില്ല. സ്റ്റേറ്റ് എന്ന ലേബലോടെ പ്രവര്‍ത്തിച്ച ഇതരന്‍മാരെ (ട്രാന്‍വന്‍കൂര്‍, മൈസൂര്‍, ഹൈദരാബാദ്, പട്യാല തുടങ്ങിയവ) ലയിപ്പിച്ച് എസ് ബി ഐയ്ക്ക് കരുത്തേകി.
കടമെഴുതിത്തള്ളലിന് നടപടിക്രമങ്ങളുണ്ട്. ആദ്യം വേണ്ടത്, തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്. അതിന് കോടതിയെ സമീപിക്കണം. റവന്യു റിക്കവറിക്ക് ഉത്തരവ് നേടണം. ആ ഉത്തരവ് നടപ്പാക്കിയെടുക്കാന്‍ വീണ്ടും കോടതിയെ സമീപിക്കണം. അതെല്ലാം കഴിഞ്ഞ് സ്വത്ത് ഏറ്റെടുത്ത് ലേലത്തിന് വെക്കണം. ലേലം നടത്തണമെങ്കില്‍ മൂന്നോ നാലോ പത്രങ്ങളില്‍ പരസ്യം ചെയ്യണം. അതൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ലേലം നടത്തുമ്പോള്‍, പ്രസ്തുത വസ്തു വാങ്ങാന്‍ ആളില്ലാതെ വരണം. (വിജയ് മല്യയുടെ സ്ഥാവര സ്വത്തുക്കള്‍ പലതും ലേലത്തിനെടുക്കാന്‍ ആളുണ്ടായിരുന്നില്ലെന്ന് ഓര്‍ക്കുക) ഇതൊക്കെ കഴിഞ്ഞ് വേണം കിട്ടാക്കടം എഴുതിത്തള്ളാന്‍. ഇത്തരം നടപടിക്രമങ്ങളൊക്കെ ബാങ്കുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ്.
ഈ നൂലാമാലകളൊക്കെ ഒഴിവാക്കി, രാജ്യാഭിവൃദ്ധി കാംക്ഷിക്കുന്ന കോടീശ്വരന്‍മാര്‍ക്ക് എങ്ങനെ സൗകര്യങ്ങളൊരുക്കാമെന്ന പ്രശ്‌നത്തിന് ഉത്തമമായ പ്രതിവിധിയാണ് നീരവ് മോദി-മെഹുല്‍ ചോക്‌സി ഇടപാട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഇതര ബാങ്കുകളുടെ വിദേശത്തെ ശാഖകളിലേക്ക് ഈടുപത്രം നല്‍കുക. അതുപയോഗപ്പെടുത്തി പണം സ്വീകരിക്കുക. ഇങ്ങനെ കൈമാറുന്ന പണം, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശേഖരത്തില്‍ നിന്ന് നല്‍കുക. ഇടപാടുകളൊന്നും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കണക്ക് ബുക്കില്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം. അവ്വിധം 2009 മുതല്‍ 2018 വരെ നടത്തിയ ഇടപാടുകളില്‍ ബാങ്കിന് നഷ്ടമായത് 11,400 കോടി രൂപയാണെന്നാണ് ഇതിനകം പുറത്തുവന്ന കണക്ക്. മുഴുവനായി പരിശോധിച്ചാല്‍ തുക 30,000 കോടിയിലെത്തുമെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) പറയുന്നു. ആ കണക്ക് എത്രയായാലും കണക്കില്‍ രേഖപ്പെടുത്താതെ നീരവിന്റെയും മെഹുലിന്റെയും കമ്പനികള്‍ക്ക് പണം നല്‍കിയതിലെ സുതാര്യതയും ഉദ്ദേശ്യശുദ്ധിയും ചോദ്യംചെയ്യാനാകില്ല. വര്‍ഷങ്ങള്‍ നീളുന്ന നടപടിക്രമങ്ങള്‍ക്ക് ശേഷം ആദ്യം കിട്ടാക്കടത്തിന്റെ കള്ളിയിലേക്കും പിന്നെ എഴുതിത്തള്ളിയതിന്റെ കള്ളിയിലേക്കും മാറേണ്ട പണം, അതിലേക്കൊന്നും വലിച്ചുനീട്ടാതെ തീര്‍പ്പാക്കിയ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഉത്തമ വിശ്വാസത്തോടെ പ്രവര്‍ത്തിച്ചതാണെന്ന് നിസ്സംശയം പറയാം. ഉത്തമ വിശ്വാസത്തിലെടുത്ത തീരുമാനങ്ങള്‍ അഴിമതിയുടെ പരിധിയില്‍ വരില്ലെന്നാണ് രാജ്യത്തെ ചട്ടം. അത്തരം ഉത്തമ വിശ്വാസത്തിലേക്ക് ഉദ്യോഗസ്ഥരെ നയിച്ചതില്‍, നീരവിനെയും മെഹുലിനെയും പോലുള്ളവര്‍ക്ക് രാജ്യം ഭരിക്കുന്നവരുമായുള്ള അടുപ്പവും ബന്ധവും ഘടകമാണ്. അതുകൊണ്ടാണ് 2009-ല്‍ ആരംഭിച്ച ഈ ഇടപാട്, രാജ്യസ്‌നേഹത്തിന്റെ ആധിക്യമുള്ള നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഊര്‍ജിതമായത്.
നീരവിനും മെഹുലിനും ഈടുപത്രങ്ങളെ ആധാരമാക്കി, കൂടുതല്‍ തുക അനുവദിക്കപ്പെട്ടത് 2017 – 18 സാമ്പത്തിക വര്‍ഷത്തിലാണ്. മുന്‍കാലത്ത് പുറത്തിറക്കിയ ഈടുപത്രങ്ങള്‍ പുതുക്കി നല്‍കിയും നിയമവ്യവസ്ഥയനുസരിച്ച് 90 ദിവസം മാത്രം കാലാവധി വേണ്ട ഈടുപത്രങ്ങള്‍ക്ക് ഒരു വര്‍ഷം വരെ കാലാവധി നല്‍കിയും ഇക്കാലത്ത് വലിയ തുകകള്‍ കൈമാറ്റം ചെയ്യപ്പെട്ടു. രാജ്യാധികാരത്തിന്റെ ഇംഗിതം മനസ്സിലാക്കി പ്രവര്‍ത്തിച്ചതാണ് ഉദ്യോഗസ്ഥരെന്ന് നിസ്സംശയം പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ മുന്‍കൂര്‍ അനുവാദം വാങ്ങാതെ പ്രവേശിക്കാന്‍ അനുവാദമുള്ള ‘നമ്മുടെ മെഹുല്‍ ഭായ്’ എന്ന് നരേന്ദ്ര മോദി തന്നെ അഭിസംബോധന ചെയ്യുന്ന മെഹില്‍ ചോക്‌സിയുടെ ഈട് എത്രത്തോളമാണെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ വേഗത്തില്‍ മനസ്സിലാക്കും. ഇതുപോലെ സ്വാതന്ത്ര്യം അനുഭവിക്കുന്നതു കൊണ്ടാണല്ലോ ലക്ഷം കോടി രൂപയോളം ബാധ്യതയായുള്ള ഗൗതം അദാനിയുടെ കമ്പനികള്‍ക്ക്, പൊതുമേഖലാ ബാങ്കുകള്‍ വീണ്ടും വീണ്ടും വായ്പ അനുവദിക്കുന്നത്. ഒറ്റയ്ക്ക് അനുവദിക്കാന്‍ പ്രയാസമുണ്ടെന്ന തോന്നലുണ്ടാകുമ്പോള്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി വായ്പ നല്‍കാന്‍ ഉത്സാഹിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ‘നമ്മുടെ മെഹല്‍ ഭായി’മാരെ ബാങ്കുദ്യോഗസ്ഥന്‍മാര്‍ക്ക് എങ്ങനെ ഒഴിവാക്കാനാകും?
ഇതിനകം വരുത്തിവെച്ച കുടിശ്ശികകളുടെ, അതിന്റെ പേരിലുള്ള പിഴയുടെ, പിഴയിന്‍മേലുള്ള പലിശയുടെ കണക്കെടുത്ത് തുടര്‍ വായ്പകള്‍ നിഷേധിക്കാന്‍ കുമ്പിളില്‍കഞ്ഞി വീട്ടില്‍ കോരന്‍മാരല്ല, നീരവ് മോദിയും മെഹുല്‍ ചോക്‌സിയും വിജയ് മല്യയും ഗൗതം അദാനിയും മുകേഷ് അംബാനിയുമെന്ന ഉത്തമ വിശ്വാസം ബാങ്ക് ഉദ്യോഗസ്ഥര്‍ക്കുണ്ടാകും. അതിന് അവരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. സംഗതിവശാല്‍ നീരവ്-മെഹുല്‍ ഇടപാട് പുറത്തുവരികയും ഉടുതുണിക്ക് മറുതുണിയില്ലാത്ത ജനം പ്രതിഷേധിക്കാനിടയുണ്ടെന്ന തോന്നല്‍ ബലപ്പെടുകയും ചെയ്തതിനാല്‍, ഒരു കേസും ചില അറസ്റ്റുകളും മുട്ടുശാന്തിക്ക് നടത്താം. ഇവ്വിധമുള്ള ‘തട്ടിപ്പുകാരെ’ നിലയ്ക്ക് നിര്‍ത്താനായി സ്വത്ത് കണ്ടുകെട്ടാന്‍ പുതിയൊരു നിയമം കൂടി കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാം. നിയമം കൊണ്ടുവരികയുമാകാം. ഇതിനകം കൊണ്ടുവന്ന നിയമങ്ങളൊക്കെ ഏട്ടിലെ പശുവായി പുല്ലു തിന്നാതിരിക്കെ, ഈ നിമയവും അതേ പാത പിന്തുടരുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. എങ്കിലും കൊണ്ടുവന്ന വലിയ നിയമത്തെക്കുറിച്ച്, തട്ടിപ്പുകാരെന്ന് കോരന്‍മാര്‍ വിശേഷിപ്പിക്കുന്ന കോടീശ്വരന്‍മാരെ നിലയ്ക്കുനിര്‍ത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വികാരം മുറ്റുന്ന ശബ്ദത്തില്‍ പ്രസംഗിച്ച് കോരിത്തരിപ്പുണ്ടാക്കാം.
കണക്കിലുള്‍പ്പെടുത്തിയും അല്ലാതെയും കോടികളങ്ങനെ തള്ളിക്കളയുമ്പോള്‍, പകരം വെയ്ക്കാന്‍ പണമുണ്ടാകേണ്ടത് അനിവാര്യമാണ്. അതേക്കുറിച്ച് നല്ല ബോധ്യമുണ്ടാകണം രാജ്യസ്‌നേഹികളായ ഭരണാധികാരികള്‍ക്ക്. നോട്ട് പിന്‍വലിക്കല്‍ പോലുള്ള നവീനമായ വഴികള്‍ അവര്‍ തേടുന്നത് അതുകൊണ്ടാണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച്, അതുമുഴുവന്‍ ബാങ്കിലൊടുക്കാന്‍ ഉത്തരവിട്ടപ്പോള്‍, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കണക്കിലേക്ക് കണക്കിലുള്ളതും അല്ലാത്തതുമായ പണമെത്തി. കണക്കില്‍ പണമുണ്ടാക്കി, കണക്കില്ലാതെ കൈമാറാനും കണക്കിലുള്ളത് എഴുതിത്തള്ളാനും വഴിയൊരുക്കുന്ന ധനകാര്യ ഭാവന, അസാമാന്യം തന്നെ. അതിലേക്കായി ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ കോരന്‍മാര്‍ വരി നിന്നാലും പണമില്ലാത്തതുകൊണ്ട് കോരന്‍മാരുടെ ബന്ധുക്കളുടെ കല്യാണം മുടങ്ങിയാലും ചികിത്സയ്ക്ക് വഴിയില്ലാതെ മരിച്ചാലും ഭരണാധികാരികള്‍ക്ക് അതൊരു പ്രശ്‌നമല്ല. കോരന്‍മാരുടെ ഭാവി തലമുറകള്‍ക്ക് സമ്പല്‍ സമൃദ്ധി വാഗ്ദാനം ചെയ്യണമെങ്കില്‍ ഇതല്ലാതെ മറ്റുവഴിയെന്ത്? പഴുത്ത കോരന്‍മാര്‍ ചീയാതെ, പച്ച കോരന്‍മാര്‍ക്ക് വളമുണ്ടാകുന്നത് എങ്ങനെ?
ഇതുകൊണ്ടും ബാങ്കുകളില്‍ വേണ്ടത്ര പണമുണ്ടാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഖജാനയില്‍ നിന്ന് വിഹിതം നല്‍കും. 2.11 ലക്ഷം കോടി രൂപയാണ് ഇങ്ങനെ നല്‍കാന്‍ അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്ര മോദിയും ചേര്‍ന്ന് തീരുമാനിച്ചത്. മോദിമാരും അദാനിമാരും അംബാനിമാരും ചോര്‍ത്തുന്നതിന് പകരം വെയ്ക്കാനുള്ള ഉത്തരവാദിത്വം കുമ്പിളില്‍കഞ്ഞി വീട്ടുകാര്‍ക്കാണ്. കഞ്ഞിക്ക് വകയുണ്ടാക്കാനുള്ള തത്രപ്പാടില്‍ അവര്‍ കരമായി സര്‍ക്കാറിലേക്ക് ഒടുക്കുന്ന പണത്തില്‍ നിന്നാണ് ഈ 2.11 ലക്ഷം കോടി കണ്ടെത്തുക. തങ്ങളുടെ പണം ഏത് വിധത്തിലും ചെലവിടാനുള്ള അധികാരം കൂടിയാണല്ലോ അഞ്ചാണ്ട് കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പ് ആഘോഷത്തിനൊടുവില്‍ കോരന്‍മാര്‍ കൈമാറുന്നത്. അങ്ങനെ കൈമാറിയവര്‍ക്ക് പിന്നെ ചോദ്യംചോദിക്കാനുള്ള അധികാരമില്ല. അല്ലെങ്കില്‍ തന്നെ കഥയില്‍ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ!
കഥയില്‍ ചോദ്യമില്ലാത്തതുകൊണ്ടാണ് കുമ്പിളില്‍കഞ്ഞി വീട്ടില്‍ കോരന്‍, സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കുടിശ്ശികക്കാരനായി വായ്പാധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളപ്പെട്ട്, ഉഴറി നില്‍ക്കുന്നത്. കഥയില്‍ ചോദ്യമില്ലാത്തതുകൊണ്ടാണ് മോദിമാരും (നീരവ്, ലളിത്) മല്യമാരും തട്ടിച്ചെടുത്ത പണത്തിന്റെ ബലത്തില്‍ വിദേശരാജ്യങ്ങളില്‍ സുഖമായി കഴിയുന്നത്. കിട്ടാക്കടത്തിന്റെ പട്ടികയില്‍പ്പെട്ട അദാനിമാരും അംബാനിമാരും എഴുതിത്തള്ളലിന്റെ സുഖം അനുഭവിക്കുകയും കൂടുതല്‍ വായ്പ സ്വീകരിച്ച് വളരുകയും ചെയ്യുന്നത്. ഇതെല്ലാം ചേരുന്നതാണ് സബ്കാ വികാസും സ്വച്ഛ് ഭാരതവും. ആ കഥയിലും ചോദ്യമില്ല.