60മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നാല് യൂണിറ്റുകൾ. മലപ്പുറം, പാലക്കാട് ജില്ലകളിലായി 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ജലസേചന സൗകര്യം. കുന്തിപ്പുഴക്ക് കുറുകെ സൈലന്റ് വാലിയിൽ അണക്കെട്ട് നിർമിച്ച് ജലവൈദ്യുത പദ്ധതി ആരംഭിക്കാൻ ആലോചിച്ചപ്പോൾ ഭരണ സംവിധാനം മുന്നോട്ടുവെച്ച മോഹിപ്പിക്കുന്ന കണക്കാണിത്. പദ്ധതിയുടെ ആകെ ചെലവ് 25 കോടി മാത്രം. 1970-ൽ ആരംഭിച്ച ഒരു ദശകം പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള വലിയ സമരത്തിന്റേതാക്കി മാറ്റിയത് സൈലന്റ് വാലിയിൽ നിർദേശിക്കപ്പെട്ട ഈ പദ്ധതിയെച്ചൊല്ലിയായിരുന്നു.

കുറഞ്ഞ ചെലവിൽ പ്രതിവർഷം 240 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനേക്കാളും 100 ചതുരശ്ര കിലോമീറ്ററിൽ ജലസേചന സൗകര്യമുറപ്പാക്കി കാർഷികോത്പാദനം വർധിപ്പിക്കുന്നതിനേക്കാളും പ്രധാനമാണ് 8.3 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വനം സംരക്ഷിക്കേണ്ടത് എന്ന് തീരുമാനിക്കപ്പെട്ടു. പദ്ധതിക്കെതിരെ ജനവികാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്, പരിസ്ഥിതിയെ സ്‌നേഹിക്കുന്നവർക്ക് സാധിച്ചു. സി അച്യുതമേനോൻ, കെ കരുണാകരൻ, എ കെ ആന്റണി, ഇ കെ നായനാർ എന്നീ ജനപിന്തുണയുള്ളവരെന്ന് കേരളം വിലയിരുത്തുന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള സർക്കാറുകൾ പിന്തുണച്ച, ജനാധിപത്യവാദിയും സോഷ്യലിസ്റ്റുമായ മൊറാർജി ദേശായി നടപ്പാക്കാൻ നിർദേശിച്ച, കോടതികൾ ഇടപെടാൻ മടിച്ച പദ്ധതി എക്കാലത്തേക്കുമായി മറവുചെയ്യപ്പെട്ടു.

പിന്നീട് പൂയം കുട്ടി, സൈലന്റ്‌വാലിയുടെ സമീപത്തെ പാത്രക്കടവ് തുടങ്ങി നിർദേശിക്കപ്പെട്ട ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതിക്കുണ്ടാക്കാനിടയുള്ള നാശത്തിന്റെ പേരിൽ തടയപ്പെട്ടു. ദശകത്തിലേറെക്കാലമായി തർക്കത്തിലുള്ള അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയാണ് ഈ ഗണത്തിലെ അവസാനത്തേത്. ഇത്തരം വൻകിട പദ്ധതികൾ പരിസ്ഥിതിക്കുണ്ടാക്കുന്ന നാശം, ഉത്പാദിപ്പിക്കപ്പെടുന്ന ഊർജത്തേക്കാൾ മൂല്യമുള്ളതാണെന്നാണ് ഉയരുന്ന വാദം. അത് ഏറെക്കുറെ ശരിയാണ് താനും.

നദികളെ നശിപ്പിക്കുന്ന മണലൂറ്റ്, കുന്നുകളെ തകർക്കുന്ന ഖനനം, വലിയ മലിനീകരണം സൃഷ്ടിക്കുന്ന കീടനാശിനികൾ, രാസവളങ്ങൾ, അനിയന്ത്രിതമാകുന്ന ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ വാതകങ്ങൾ പുറന്തള്ളുന്ന ഇന്ധനങ്ങൾ, ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്ന വാതകങ്ങളെ പുറന്തള്ളുന്ന ശീതീകരണികൾ തുടങ്ങി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഇനങ്ങളുടെ പട്ടിക അനന്തമായി നീളുന്നതാണ്. വനം കൈയേറ്റം, വനത്തിലെ മരങ്ങൾ വെട്ടി വിൽക്കൽ, നദിയും തോടും കൈയേറിയുള്ള നിർമാണപ്രവൃത്തികൾ, ഭൂഗർഭ ജല സ്രോതസ്സുകളെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള കുഴൽ കിണർ നിർമാണം, ഭൂഘടനയെ പ്രതികൂലമായി ബാധിക്കും വിധത്തിൽ കെട്ടിടങ്ങളുണ്ടാക്കൽ, നെൽ വയലുകളും തണ്ണീർത്തടങ്ങളും നികത്തൽ, ജീവജാലങ്ങളുടെ ആരോഗ്യത്തെ ബാധിക്കും വിധത്തിൽ മൊബൈൽ ടവറുകൾ വ്യാപിക്കുന്നത് എന്നിങ്ങനെ പലതും വേറെയുമുണ്ട്.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന വലിയ സംശയം ഈ പട്ടിക നമുക്ക് മുന്നിൽ വെക്കും. വൻകിട ജലവൈദ്യുത പദ്ധതികളെ എതിർക്കുന്നവർ, താപ വൈദ്യുത നിലയങ്ങൾക്കും ആണവ നിലയങ്ങൾക്കും എതിരാണ്.  ഈ വകകൾ ഉണ്ടാക്കാനിടയുള്ള വലിയ മലിനീകരണ/അപകട സാധ്യതയാണ് എതിർപ്പിന് അടിസ്ഥാനം. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നിലയങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചാൽ അതിനുള്ള ഭൂമി ഏറ്റെടുക്കൽ കേരളത്തിൽ എതിർക്കപ്പെടും. സോളാർ നിലയങ്ങളാണ് തത്കാലത്തേക്ക് എതിർപ്പില്ലാത്ത ഒന്ന്. ഇതിനുള്ള പാനലുകൾ വരും കാലത്ത് സൃഷ്ടിക്കാനിടയുള്ള വലിയ മലിനീകരണത്തിന്റെ കണക്കുകൾ അടുത്ത കാലത്ത് പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ സൗരോർജ പദ്ധതികളും എതിർക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ എതിർക്കുന്നവർ തന്നെ സംസ്ഥാനത്ത് പവർ കട്ടോ ലോഡ് ഷെഡിംഗോ പ്രഖ്യാപിച്ചാൽ അതിനെതിരെ രംഗത്തുവരും. ഊർജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പാകത്തിൽ ഭാവനാപൂർണമായി പ്രവർത്തിക്കാൻ സാധിക്കാത്ത ഭരണ സംവിധാനത്തെയും അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രവർത്തകരെയും നിശിതമായി വിമർശിക്കുകയും ചെയ്യും.

നദികളിൽ നിന്നുള്ള അനിയന്ത്രിതമായ മണലെടുപ്പിനെയും ഖനനത്തെയും ശക്തമായി എതിർക്കുമ്പോൾ തന്നെ വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിക്കാത്തതിൽ ഖിന്നതയുണ്ട്. മൊബൈൽ ടവറുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ആകുലരാകുമ്പോൾ തന്നെ ഫോണും ഇന്റർനെറ്റും വേണ്ടത്ര കാര്യക്ഷമമായില്ലെങ്കിൽ വിഷമിക്കും. ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്ന ക്ലോറൈഡിന്റെയും ബ്രോമൈഡിന്റെയും ഉപയോഗം വർധിക്കുന്നതിൽ രോഷം കൊള്ളുമ്പോൾ തന്നെ ഉയർന്ന താപനിലയുള്ള കാലത്ത് ശീതീകരണിയില്ലാത്തതിൽ ഖേദിക്കും.

ഈ വൈരുദ്ധ്യം പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്കാകുലമായ എല്ലാ ചിന്തകളെയും അനുഗമിക്കുന്നുണ്ട്. അതിലൊരു സന്തുലനം എങ്ങനെ  സാധ്യമാക്കാമെന്നതിലാണ് യഥാർത്ഥത്തിൽ സംവാദങ്ങളുണ്ടാകേണ്ടത്. നിർഭാഗ്യവശാൽ അതിനുള്ള പാത ഒരിടത്തും തുറക്കപ്പെടാറില്ല. പരിസ്ഥിതിയെ പരിഗണിക്കാതെ തീരുമാനങ്ങളെടുക്കുന്ന വിഭാഗമായി ഭരണപക്ഷം മുദ്രയടിക്കപ്പെടാറുണ്ട്. വലുതും ചെറുതുമായ പദ്ധതികൾ, അതിന്റെ ഭാഗമായുള്ള അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ ഈ മുദ്രയടിക്കലിലേക്ക് ഭരണപക്ഷത്തെ എളുപ്പത്തിൽ എത്തിക്കുകയും  ചെയ്യും. ഇപ്പുറത്ത് പരിസ്ഥിതി വിരുദ്ധ വികസന അജണ്ടകളെ എതിർക്കുന്നവർ, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് അടിസ്ഥാന സൗകര്യവികസനം എങ്ങനെ സാധ്യമാക്കാമെന്ന വലിയ ചിന്തകളൊന്നും പങ്കുവെക്കുന്നില്ല. ഇവരുടെ ‘തീവ്ര’ വാദം പലപ്പോഴും വിപരീത ഫലമാണ് സൃഷ്ടിക്കുക.

ആറ് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തിന് വേണ്ട നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ടതാണ് പ്രൊഫ. മാധവ് ഗാഡ്ഗിൽ (സൈലന്റ്‌വാലിയെ സംരക്ഷിക്കാനുള്ള സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു മാധവ് ഗാഡ്ഗിൽ) അധ്യക്ഷനായ സമിതി. പശ്ചിമഘട്ടത്തിലെ ക്രമാതീതമായ ഖനനം, അതിനെ വിഷമയമാക്കും വിധത്തിലുള്ള വ്യവസായങ്ങളെ നിയന്ത്രിക്കൽ, വനനശീകരണം ഇല്ലാതാക്കൽ തുടങ്ങിയവക്കൊക്കെ ക്രിയാത്മകമായ പരിഹാരം മാധവ് ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ടുവെച്ചു. ഗാഡ്ഗിൽ കമ്മിറ്റിയുടെ ശിപാർശകൾ എന്തൊക്കെ എന്ന് ജനങ്ങളിൽ എത്തിക്കുന്നതിന് മുമ്പ് ഗാഡ്ഗിൽ കമ്മിറ്റി ശിപാർശകൾ നടപ്പാക്കണമെന്ന ശക്തമായ ആവശ്യവുമായി പരിസ്ഥിതിവാദികൾ രംഗത്തുവന്നു. കെട്ടിട നിർമാണങ്ങളൊക്കെ തടയും, നിലവിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ പലതും പൂട്ടേണ്ടിവരും, പുതുതായൊന്നും തുടങ്ങാനാകില്ല എന്ന് വേണ്ട സംരക്ഷിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി നിർദേശിച്ച പ്രദേശങ്ങളിലൊക്കെ ജനജീവിതം പോലും അസാധ്യമാകുമെന്ന തരത്തിലുള്ള പ്രചാരണം ആരംഭിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് പരിസ്ഥിതി വാദികൾ തീവ്ര നിലപാടുമായി രംഗത്തുവന്നതാണ്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളെന്തൊക്കെ എന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം സർക്കാറും ഏറ്റെടുത്തതേയില്ല. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രദേശവാസികളെ ബോധ്യപ്പെടുത്തുകയും ഓരോ പ്രദേശത്തിന്റെയും ആവശ്യം  പരിഗണിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ അവിടുത്തെ ജനതയെ അധികാരപ്പെടുത്തുകയുമാണ് ഗാഡ്ഗിൽ കമ്മിറ്റി ശിപാർശ ചെയ്യുന്നത് എന്ന വസ്തുത ജനങ്ങൾ വിശ്വസിക്കാതിരിക്കാൻ രണ്ടു പക്ഷവും കാരണക്കാരായി. ജനത്തെ കുടിയൊഴിപ്പിക്കണമെന്നോ നിലവിൽ കൈവശംവെച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കണമെന്നോ ഗാഡ്ഗിൽ കമ്മിറ്റി പറഞ്ഞിട്ടില്ല. പക്ഷേ, അതൊന്നും മനസ്സിലാക്കാവുന്ന അവസ്ഥയല്ല ഗ്വാ ഗ്വാ വിളികൾ സൃഷ്ടിച്ചത്. ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കസ്തൂരി രംഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ കാര്യവും ഭിന്നമായിരുന്നില്ല. കസ്തൂരി രംഗൻ സമർപ്പിച്ച ശിപാർശകളേക്കാൾ ജനോപകാരപ്രദം ഗാഡ്ഗിൽ കമ്മിറ്റിയുടെ ശിപാർശകളായിരുന്നിട്ടും അത് ഭരണകൂടത്തിന്റെ അലമാരയിൽ വിശ്രമിക്കുന്നു.

മനുഷ്യരാശിയുടെ സുഖജീവിതത്തിന് വേണ്ടി അനിയന്ത്രിതമായി ചൂഷണം ചെയ്യാവുന്നതാണ് പ്രകൃതിവിഭവങ്ങളെന്ന കാഴ്ചപ്പാട് ഏതാണ്ട് എല്ലായിടത്തും അവസാനിച്ചിട്ടുണ്ട്. പ്രകൃതിയുടെ, പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കിയാൽ മാത്രമേ മനുഷ്യരാശിക്ക് നിലനിൽക്കാനാകൂ എന്ന ബോധ്യം സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. അതിനെ ഏതാണ്ടെല്ലാ ഭരണകൂടങ്ങളും പൊതുവിൽ സ്വീകരിക്കുകയും ചെയ്യുന്നു. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാനാകില്ല എന്ന വേർതിരിവ് സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇനി വേണ്ടത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനപദ്ധതികൾ ആകാമെങ്കിൽ അതിനുള്ള അന്വേഷണങ്ങൾ നടക്കണം. അത് അസാധ്യമാണെന്ന മട്ടിലുള്ള എതിർപ്പ് ഗുണം ചെയ്യില്ല. പരിസ്ഥിതി സംരക്ഷിച്ചുള്ള പദ്ധതിയെന്ന് അവകാശപ്പെട്ട് എല്ലാം തകർക്കുന്ന രീതി ഭരണകൂടവും മാറ്റണം.

ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഹരിത വിപ്ലവം ഭക്ഷണത്തിനൊപ്പം മാരകമായ അർബുദവും സമ്മാനിച്ചെന്ന് വൈകിയാണ് മനസ്സിലാക്കിയത്. രാസവളത്തിന്റെയും കീടനാശിനിയുടെയും അമിതോപയോഗം സമ്മാനിച്ച രോഗങ്ങളുമായി മല്ലടിക്കുന്നവർ കോടികളാണ്. ഹരിത വിപ്ലവത്തിന്റെ മുൻനിരയിലുണ്ടായിരുന്ന പഞ്ചാബാണ് അതിന്റെ ഏറ്റവും വലിയ രക്തസാക്ഷി. അമൃത്‌സറിൽ നിന്ന് ജയ്പൂരിലേക്കുള്ള ട്രെയിനിന് ക്യാൻസർ എക്‌സ്പ്രസ് എന്ന് പേരുവരുന്നത് വരെ കാര്യങ്ങളെത്തി. ഇന്ന് രാസവളവും കീടനാശിനിയും നിയന്ത്രിക്കണമെന്ന ചിന്ത വ്യാപകമായിരിക്കുന്നു. ഈ തിരിച്ചറിവ് എല്ലാ മേഖലകളിലും ഉണ്ടാകുമ്പോൾ മാത്രമേ ഇപ്പോഴഴുണ്ടായിക്കൊണ്ടിരിക്കുന്ന സംഘട്ടനം അവസാനിക്കൂ. വൈരുദ്ധ്യങ്ങളുടെ തോതു കുറയുകയുമുള്ളൂ.

കീടനാശിനികളും രാസവളങ്ങളും സൃഷ്ടിക്കുന്ന ദുരിതം അനുഭവിക്കുമ്പോൾ പോലും എൻഡോസൾഫാനു വേണ്ടി വാദിക്കാൻ ആളുണ്ടാകുന്നുണ്ട്. അവരുടെ പക്ഷം പിടിക്കാൻ അധികാരകേന്ദ്രങ്ങളും. അത്തരം നിലപാടുകളാണ് ഭരണകൂടവും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതിക്ക് അനുയോജ്യമായ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ പോലും അത് വിശ്വാസയോഗ്യമാകാത്തത്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ