വിവര വിസ്‌ഫോടനത്തിന്റെ കാലമെന്നും ഐടി യുഗമെന്നുമൊക്കെ ഇക്കാലത്തെ പൊതുവെ വിശേഷിപ്പിക്കാറുണ്ടല്ലോ. അറിവുകളുടെ യഥേഷ്ടമായ ലഭ്യതയും അത് പ്രസരണം ചെയ്യാനുള്ള സാങ്കേതിക വിദ്യയും സാർവത്രികമായി വളർന്നു കഴിഞ്ഞു. ലഭ്യമാകുന്ന അറിവുകൾ കേവലം ഉപയോഗിക്കുന്ന ഉപഭോക്താവ് എന്നതിനപ്പുറം ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ നമ്മൾ ക്രിയാത്മകമായി ഇടപെടാറുണ്ടോ? ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ബ്ലോഗ്, ബൈലക്‌സ് മെസഞ്ചർ തുടങ്ങിയ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളുടെ ഉപഭോക്താവ് എന്നതിനപ്പുറം വിവരങ്ങൾ പങ്കുവെക്കാനുള്ള മാധ്യമമായി ഇവ ഉപയോഗിക്കുന്ന എത്ര പേരുണ്ട്? ഓരോ മനുഷ്യനും ഒട്ടനവധി അറിവുകളുടെ ശേഖരമാണെന്നിരിക്കെ അവയെല്ലാം വൈജ്ഞാനിക സ്വഭാവത്തോടെ വരും തലമുറക്ക് പകർന്ന് നൽകണമെന്ന തത്ത്വത്തിൽ പ്രവർത്തിക്കുന്ന വിക്കിപീഡിയ എന്ന വിജ്ഞാന കോശത്തിൽ മലയാളികളുടെ ഇടപെടലുകൾ എവിടെ എത്തി നിൽക്കുന്നു എന്ന വസ്തുത ചർച്ച ചെയ്യേണ്ടതാണ്. ധാരാളം സമയം ഓൺലൈനിൽ ചെലവഴിക്കുന്നവർക്ക് വിക്കിപീഡിയയിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്.

വിവര ശേഖരണവും വിക്കിപീഡിയയും

ഏതു കാര്യവും എളുപ്പത്തിൽ അറിയാനായി ഇന്റർനെറ്റിൽ പരതുന്നവരാണ് പുതിയ തലമുറയിൽ ഭൂരിഭാഗവും. പകർച്ചപ്പനിക്ക് ഡോക്ടർ കുറിച്ചു തന്ന മരുന്നിന്റെ ഗുണങ്ങളും ദോഷങ്ങളും പഠിക്കുക, അധ്യാപകൻ നൽകിയ അസൈമെന്റിനുള്ള വിവര ശേഖരണം, അത്താഴത്തിന് തയ്യാറാക്കാനുദ്ദേശിക്കുന്ന ഭക്ഷണത്തിന്റെ ചേരുവകൾ, ഇങ്ങനെ  ഒരോരുത്തരുടെയും ആവശ്യങ്ങൾ പലതാണ്. അതേക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടുള്ള മൊബൈൽ ഉപകരണങ്ങളിൽ വിരലമർത്തുമ്പോൾ തെളിഞ്ഞുവരുന്ന അനേകായിരം വെബ്‌സൈറ്റുകളുടെ ലിങ്കുകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് വിക്കിപീഡിയ. മലയാളമുൾപ്പെടെ ലോകത്തിലെ 285-ലേറെ ഭാഷകളിൽ വ്യാപിച്ചു കിടക്കുന്ന സൗജന്യ ഓൺലൈൻ വിജ്ഞാന കോശമായി വിക്കിപീഡിയ വ്യാപിച്ചുകിടക്കുന്നു. ആർക്കും എപ്പോഴും സൗജന്യമായി ഉപയോഗിക്കാനും തിരുത്തലുകൾ വരുത്താനും ലേഖനങ്ങൾ കൂട്ടിച്ചേർക്കാനും സ്വാതന്ത്ര്യമുള്ള വിജ്ഞാന കോശ വെബ്‌സൈറ്റ് എന്ന് വിക്കിപീഡിയയെ വിളിക്കാം. ലോകത്തിന്റെ പല കോണുകളിലിരുന്ന് ആയിരക്കണക്കിനാളുകൾ നിരന്തരമായി വിവരങ്ങൾ ചേർത്ത് കൊണ്ടാണ് ഈ വിജ്ഞാന കോശം ഇന്നത്തെ നിലയിലെത്തിയിട്ടുള്ളത്.

വിക്കിപീഡിയ മുന്നോട്ട് വെക്കുന്നത്

അറിവിനെ കുത്തകവൽക്കരിക്കാനുള്ള ശ്രമം ലോകത്ത് ഒരുപാടു നടന്നിട്ടുണ്ട്. ക്രി.വ 37-ൽ അലക്‌സാൻഡ്രിയ ബിഷപ് അത്തനേഷ്യസ് ഒരു ഈസ്റ്റർ ലേഖനമിറക്കി. താനുണ്ടാക്കിയ പട്ടികയിൽപെടാത്ത എല്ലാ പുസ്തകങ്ങളും രചനകളും നശിപ്പിച്ചുകളയാൻ ഈജിപ്ഷ്യൻ പുരോഹിതരോട് അതിലദ്ദേഹം ആഹ്വാനം ചെയ്തു. ആറും ഏഴും നൂറ്റാണ്ടുകളിൽ സ്‌പെയിനിലെ ആദ്യത്തെ കത്തോലിക്കാ രാജാവായിരുന്ന ഫ്രെഡെഹാർ അസംഖ്യം ഗ്രന്ഥങ്ങൾ ചാമ്പലാക്കി. നവോത്ഥാനത്തിനെതിരെ ഉയർന്നു വന്ന പ്രതിമത നവീകരണക്കാലത്ത് ഇഗ്നേഷ്യസ് ലയോളയുടെ നേതൃത്വത്തിൽ ഖുർആൻ കത്തിക്കുകയുണ്ടായി. അലക്‌സാണ്ട്രിയയിലെ ലൈബ്രറി കത്തിച്ചത് ചരിത്ര പ്രസിദ്ധം. ഇപ്രകാരം അറിവുകളെ നശിപ്പിക്കുകയും പേടിക്കുകയും ചെയ്തതിന്റെ അനേകം ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്.

എന്തിനാണ് അറിവുകളെ നമ്മൾ ഇങ്ങനെ കെട്ടിപൂട്ടിവെക്കുന്നത്? ആരും അറിവ് സ്വയം നിർമിക്കുന്നില്ല. കണ്ടുപിടുത്തങ്ങൾ പോലും മറ്റൊന്നിന്റെ തുടർച്ചയല്ലേ? അറിവിന്റെ ജനാധിപത്യവൽക്കരണമാണ് യഥാർത്ഥത്തിൽ വിക്കിപീഡിയ മുന്നോട്ട് വെക്കുന്നത്.

ഭൂഗോളത്തിലെ ഓരോ വ്യക്തിക്കും എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന സ്ഥിതിയെ കുറിച്ച് ചിന്തിക്കുക. ഇതാണ് വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസ് എന്ന അമേരിക്കക്കാരൻ പങ്കുവെക്കുന്നത്. അതിനുള്ള സ്വതന്ത്ര ഓൺലൈൻ പ്ലാറ്റ് ഫോമാണ് വിക്കിപീഡിയ.

വിക്കിയെന്നാൽ ഹവായിയൻ  ഭാഷയിൽ ‘വേഗത്തിൽ’ എന്നർത്ഥം. ഇന്ന് ആർക്കും ഇന്റർനെറ്റിൽ ചെന്ന് എഡിറ്റ് ചെയ്യാവുന്ന എൻസൈക്ലോ പീഡിയയാണ് വിക്കിപീഡിയ. അതായത്, പണ്ഡിതനും പാമരനും ഒരുപോലെ ഇടപെടാനാകുന്ന പ്രസ്ഥാനം. ഇവിടെ നമ്മുടെ ഇടപെടൽ എത്രത്തോളമുണ്ട് എന്നാണു ചിന്തനീയം.

വിക്കി എഴുത്തിന്റെ പ്രസക്തി

നാം നേടിയെടുത്ത അറിവ്, സ്വയം സൃഷ്ടിക്കപ്പെട്ടതല്ല. മറ്റാരോ തുടങ്ങിവെച്ചതിൽ നിന്ന് പുതിയതിലേക്കുള്ള വികാസമാണ് അറിവിന്റെ സഞ്ചാരം. മുൻതലമുറ പകർന്നുപോന്ന അറിവുകളിൽ കൂടുതൽ വികാസം പ്രാപിച്ചു എന്നർത്ഥം. ഇങ്ങനെയൊക്കെയാണെങ്കിലും ചില അറിവുകൾ സംരക്ഷിക്കപ്പെടാതെ പോകുന്നു. കേരളത്തിലെ നാട്ടറിവുകൾ, പല ഗ്രന്ഥങ്ങളിലും ഒളിഞ്ഞ് കിടക്കുന്ന വിവരങ്ങൾ  തുടങ്ങിയവ ഉദാഹരണം. സംരക്ഷിക്കപ്പെടുന്ന അറിവുകളാകട്ടെ ഏതെങ്കിലും വായനശാലകളിലെ മൂലകളിൽ പൊടിപിടിച്ച ഗ്രന്ഥങ്ങളിലായി ആരും ഉപയോഗപ്പെടുത്താതെയും പൊതു സമൂഹത്തിന് ലഭ്യമാകാതെയും കിടക്കുന്നു. ഈ പരിമിതികളെ മറികടക്കാനാകും വിധത്തിൽ അറിവുകളെ പൊതുസഞ്ചയത്തിൽ കൊണ്ടുവരികയും അന്വേഷകർക്ക് ഞൊടിയിടയിൽ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള സൗകര്യങ്ങളാണ് വിക്കി സംരംഭങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നത്. ഉദാഹരണമായി ഏറെ വർഷങ്ങൾക്ക് മുമ്പ് രചിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ചരിത്ര കൃതി തുഹ്ഫത്തുൽ മുജാഹിദീൻ ആയാലും മോയിൻകുട്ടി വൈദ്യരുടെ കൃതികളായാലും പൊതു ജനങ്ങൾക്ക് ലഭ്യമല്ലെന്നു കുരുതുക. പണം കൊടുത്ത് വാങ്ങുന്നയാൾക്ക് മാത്രമോ അല്ലെങ്കിൽ ലൈബ്രറിയിൽ പോയി ശേഖരിക്കുന്നവർക്കോ മാത്രമോ ഇത് ഉപയോഗപ്പെടുത്താനാകുന്നു. ഈ പരിമിതി മറികടക്കുന്ന സൗകര്യങ്ങൾ ഇന്റർനെറ്റ് ജനങ്ങൾക്ക് പ്രദാനം ചെയ്യുന്നു. ഇപ്രകാരം വിവരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്:

സൗജന്യമായി വായിക്കാം.

ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും വായിക്കാനുള്ള സൗകര്യം.

ആവശ്യമായ ഭാഗം സെർച്ച് സംവിധാനത്തിലൂടെ പെട്ടെന്ന് കണ്ടുപിടിക്കാം.

മറ്റൊന്നിലേക്ക് പകർത്താനുള്ള സൗകര്യം.

ഗ്രന്ഥങ്ങൾ കൊണ്ടു നടക്കുന്നതിന്റെ പ്രയാസമൊഴിവാക്കാം.

മലയാളം വിക്കിപീഡിയ

ഭാഷയുടെ അതിർ വരമ്പ് അറിവുകൾക്ക് തടസ്സമാകരുതെന്ന കാഴ്ചപ്പാടോടെയാണ് സ്ഥാപകനായ ജിമ്മിവെയിൽസ് ഇതര ഭാഷകളിലും വിക്കിപീഡിയക്ക് പതിപ്പുകൾ അനുവദിച്ചത്. തുടക്കത്തിൽ ഇംഗ്ലീഷിൽ മാത്രമായിരുന്നു വിവരങ്ങൾ കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടാകണം കംപ്യൂട്ടർ പഠിക്കാൻ ഇംഗ്ലീഷും കണക്കുമൊക്കെ അറിയണമെന്ന് ആരൊക്കെയോ ധരിച്ചത്. ഇന്ന് നമ്മുടെ മാതൃഭാഷയിൽ ആശയ കൈമാറ്റത്തിനും വിവരശേഖരണത്തിനുമെല്ലാം നിരവധി മാർഗങ്ങളുണ്ടല്ലോ. ഭാഷാപുരോഗമന പ്രവർത്തനത്തിന്റെ വിപ്ലവ മുന്നേറ്റമായി ഇന്ന് ഇ-ലോകം മാറിയിട്ടുണ്ട്.

മലയാളം വിക്കിപീഡിയ ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളോളം ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഇല്ലെങ്കിലും ഉള്ള ലേഖനങ്ങളിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ നടക്കുന്ന ഇന്ത്യൻ ഭാഷ മലയാളമാണ്. നിരന്തരമായി അത് പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

2002 ഡിസംബർ 21-നാണ് മലയാളം വിക്കിപീഡിയക്ക് തുടക്കം കുറിച്ചത്. ലഭ്യമായ രേഖകൾ പ്രകാരം അമേരിക്കയിൽ ഗവേഷണ വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി എംപി. വിനോദ് ആണ് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ എഴുതി തുടങ്ങിയത്. ആദ്യഘട്ടത്തിൽ ലേഖനങ്ങളുടെ എണ്ണത്തിലുള്ള വർധനവ് അതീവ മന്ദഗതിയിലായിരുന്നു. പിന്നീട് ഈ അവസ്ഥയിൽ മാറ്റമുണ്ടാകുകയും ഒരോ ദിവസവും നൂറും അതിലേറെയും ലേഖനങ്ങൾ ചേർക്കപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഇതൊന്നും സാമ്പത്തിക ലാഭം മുന്നിൽ കണ്ട് ചേർക്കപ്പെട്ടവയല്ല. സ്വദേശത്തും വിദേശത്തും ജോലിചെയ്യുന്നവർ വിശ്രമസമയത്തും മറ്റും കൂട്ടിച്ചേർത്ത് വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും വൈജ്ഞാനിക സാഹിത്യത്തിന് മുതൽക്കൂട്ടായി മാറിയ വിക്കിപീഡിയയെ നമ്മുടെ പൊതുമണ്ഡലം അർഹിക്കുന്ന തരത്തിൽ മനസ്സിലാക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. കയ്യെഴുത്തിൽ നിന്ന് അച്ചടിയിലേക്ക് കൂടുമാറിയപ്പോൾ അച്ചടിയെ സ്വീകരിക്കാൻ വൈമുഖ്യം കാണിച്ചതുപോലുള്ള സമീപനം ഇവിടെയും കാണാം. അച്ചടിയിൽ നിന്ന് ഓൺലൈൻ ഇടങ്ങളിലേക്കുള്ള മാറ്റം പലരും അംഗീകരിച്ച് തുടങ്ങുന്നതേയുള്ളൂ. ഓൺലൈൻ ലോകത്ത് വിക്കിപീഡിയ പോലുള്ളവയിൽ ക്രിയാത്മകമായി സമയം വിനിയോഗിക്കാൻ എല്ലാവരും ശ്രമിക്കുക.

(വിക്കിപീഡിയ മലയാളത്തിന്റെ അഡ്മിനാണ് ലേഖകൻ)

അലി അക്ബർ ചാരങ്കാവ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ