ഖത്തറിലായിരുന്നു അയാള്‍. എനിക്കോര്‍മ വെച്ചനാളേ അയാള്‍ ലക്ഷപ്രഭുവാണ്. പേര് ഉസ്മാന്‍ പ്രഭു. പ്രഭു എന്ന ഓമനപ്പേര് നാട്ടുകാര്‍ നല്‍കിയതാണ്. ഇപ്പോള്‍ പലരും പേര് മറന്നിരിക്കുന്നു. പ്രഭു എന്ന ടൈറ്റലില്‍ അയാള്‍ അറിയപ്പെടുന്നു. അയാള്‍ക്കും അങ്ങനെ വിളിക്കാനാണാഗ്രഹം. വിളിപ്പേരുകള്‍ക്ക് ഒട്ടും പഞ്ഞമില്ല എന്റെ ദേശത്ത.് നാട്ടില്‍ ആദ്യമായി ടെലഗ്രാം വന്നയാള്‍ ‘കമ്പി’എന്നാണറിയപ്പെടുന്നത്. കക്ഷി കാലയവനികക്കുള്ളില്‍ മാഞ്ഞെങ്കിലും മക്കളെ അറിയണമെങ്കില്‍ കമ്പി കൂട്ടിപറയണം. നായ്ക്കളെ വളര്‍ത്തുകയും വില്‍ക്കുകയും ചെയ്തിരുന്ന നാസര്‍ നായ് നാസറാണ്. പണ്ടെന്നോ തുന്നല്‍ പണി ചെയ്തിരുന്ന മുഹമ്മദലി ഇന്നും ‘ടെയ്ലര്‍ മയമാലി’ യാണ്. ഐസുകാരന്‍ ഉമ്മറിന്റെ വീടു ചോദിച്ചാല്‍ ഇരുനില മാളികയിലേക്ക് ആളുകള്‍ വിരല്‍ ചൂണ്ടും. ആള് കോടിശ്വരനായെങ്കിലും പണ്ടത്തെ പണി നാട്ടുകാര്‍ മറന്നിട്ടില്ല. ഇനിയുമുണ്ട് ഒട്ടേറെ.
ഉസ്മാന്‍പ്രഭു ഇതൊന്നും അറിയുന്നുണ്ടാവില്ല. കക്ഷി ഇപ്പോഴും ഖത്തറില്‍ ലക്ഷങ്ങള്‍ കൊയ്തു കൊണ്ടിരിക്കുകയാണ്. പാരമ്പര്യമായി തന്നെ ആവശ്യത്തിലധികം സ്വത്തുവഹകള്‍ അയാള്‍ക്കുണ്ട്. ബാപ്പ പഴയ കര്‍ഷകനാണ്. ഏക്കറുകണക്കിന് വയല്‍ മാത്രമല്ല, തോട്ടവും മറ്റുമായി കണക്കില്ലാത്ത സ്വത്ത്. പക്ഷേ ഒരു ദുസ്വഭാവമുണ്ടായിരുന്നു. ഒരാള്‍ക്കും അഞ്ചുപൈസ കടം കൊടുക്കില്ല. കടം കിട്ടണമെങ്കില്‍ പലിശ കൊടുത്തോളണം.
മകനും ഏതാണ്ട് ആ വഴിയില്‍ തന്നെയാണെന്ന് നാട്ടുകാര്‍ പിന്നെയാണറിഞ്ഞത്. ഖത്തറില്‍ നിന്ന് ഓരോരുത്തര്‍ നാട്ടില്‍ വന്നപ്പോഴാണ് പ്രഭുവിന്റെ വിശേഷങ്ങള്‍ അറിഞ്ഞുതുടങ്ങിയത്. വര്‍ക്ക് ഷോപ്പുകള്‍ അഞ്ചെണ്ണമാണ് പ്രഭുവിന് ഖത്തറിലുള്ളത്. നാട്ടില്‍ പലയിടത്തായി എട്ടെണ്ണവും. നൂറുകണക്കിന് ജോലിക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നു. നാട്ടിലായാലും ഗള്‍ഫിലായാലും വരുമാനത്തിന് കുറവൊന്നുമില്ല. എങ്കിലും വിശ്രമിക്കാന്‍ പ്രഭു തയ്യാറല്ല. ഓരോദിവസവും അയാള്‍ ബിസിയാണ്. വീട്ടിലെത്തുമ്പോള്‍ പാതിരാത്രി പിന്നിട്ടിരിക്കും. എന്തിനാണീ നെട്ടോട്ടമെന്ന് പ്രഭുവിനോട് ചോദിക്കരുത്. ജീവിതം മിസ്സാക്കാനുള്ളതല്ല; സമ്പാദിച്ചു നേടാനുള്ളതാണ്.
ദുന്‍യാവ് നേടാനുള്ള വ്യഗ്രതയില്‍ ഒരു പഥികന് മൂന്ന് സ്വര്‍ണ കൂമ്പാരം മുഅ്ജിസത്ത് കൊണ്ട് ഉണ്ടാക്കികൊടുത്ത ഈസാ നബി(അ)യുടെ ചരിത്രം ഓര്‍ക്കുക. അവിടെ രണ്ടു കള്ളന്‍മാര്‍ വരുന്നു. അതോടെ മൂന്നു പേരും ചങ്ങാത്തത്തിലാവുന്നു.
സ്വര്‍ണം ഓഹരി വെക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഓരോരുത്തരേയും സ്വാര്‍ത്ഥത കീഴ്പെടുത്തി. അവനവന് സ്വന്തമാക്കാനുള്ള ശ്രമത്തില്‍ മൂന്ന് പേരും കൊല്ലപ്പെടുകയായിരുന്നു. അവരെ ചൂണ്ടി പ്രവാചകന്‍ ശിഷ്യരോട് ഇങ്ങനെ അരുളിയത്രെ: ഇതാണ് ദുന്‍യാവ്. മനുഷ്യന്റെ ആര്‍ത്തി തീര്‍ക്കാന്‍ മണ്ണിനല്ലാതെ കഴിയില്ല.
ഓര്‍ത്തു നോക്കൂ, ദീനീ മജ്ലിസുകളില്‍ പങ്കെടുക്കുവാന്‍ സമയമില്ലാത്ത ആളുകളെ കുറിച്ച്. സ്വന്തം വീട്ടുമുറ്റത്താണ് സംഗമങ്ങളെങ്കില്‍ പോലും അവര്‍ക്കു സമയമുണ്ടാവില്ല. ‘ക്ഷമിക്കണം, ബിസിയാണ്… എനി ഹെല്‍പ്…’ പിരിവു കിട്ടിയാല്‍ സംഘാടകര്‍ക്കും പരാതിയില്ല. സന്ദേശം യഥാര്‍ത്ഥ ആളുകളിലെത്തുന്നില്ലെങ്കില്‍, ആര്‍ക്ക് എന്ത് പ്രയോജനം.?
സമയക്കുറവ് ആപേക്ഷികമാണ്. വിനോദ പ്രോഗ്രാമുകളാണെങ്കില്‍ ഇവര്‍ റെഡിയാണ്. സ്പോണ്‍സര്‍ ചെയ്യാനും താരങ്ങളുടെ കൂടെ മണിക്കൂറുകള്‍ ചെലവഴിക്കാനും സമയം ഇഷ്ടം പോലെ.
ബന്ധങ്ങളും സ്നേഹവും വരെ ചിലര്‍ മറന്നുപോവുന്നു. ഉസ്മാന്‍ പ്രഭുവിനും സംഭവിച്ചത് അതാണ്. അങ്ങനെയിരിക്കെ ബാപ്പക്ക് മാറാ രോഗം പിടിപെടുന്നു. സമ്പാദിച്ചു കൂട്ടിയത് ഒന്നൊന്നായി നഷ്ടപ്പെടുകയായിരുന്നു. അതോടെ അയാളുടെ മനസ്സിനു മാറ്റമുണ്ടായി. പാവങ്ങളെ സഹായിക്കണമെന്ന തോന്നല്‍. പലിശ എന്ന കൊടും പാതകം മാറ്റി നിര്‍ത്തണമെന്ന ചിന്ത. പശ്ചാത്താപ വിവശനായ ബാപ്പയെ മകന്‍ എത്രമാത്രം ഉള്‍കൊണ്ടുവെന്നത് ഇനി പറയാം. പ്രഭു ഖത്തറില്‍ നിന്നും കുവൈത്തിലേക്കും തുടര്‍ന്ന് ബഹ്റൈനിലേക്കും പറന്നു കൊണ്ടേയിരുന്നു. എവിടെയും തന്‍റേതായ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുകയായിരുന്നു അയാള്‍.
വാര്‍ധക്യത്തിന്റെ അവശതയില്‍ കിടക്കുന്ന ബാപ്പ ഇപ്രാവശ്യം ഉസ്മാന്‍ വന്നപ്പോള്‍ ഒരാഗ്രഹം അറിയിച്ചു. എനിക്കൊന്ന് ഹജ്ജിനു പോവണം, അതിന് വേണ്ടത് എന്താണെങ്കില്‍…
ഒരു നിസ്സംഗതയായിരുന്നു മകന്. കാര്യമായ സന്തോഷം അവന്റെ മുഖത്തുകാണാതായപ്പോള്‍ ബാപ്പക്കു നിരാശയായി. പ്രഭു ചിന്തിച്ചത് ഇങ്ങനെയാണ്. സ്വകാര്യഗ്രൂപ്പില്‍ പേര് കൊടുക്കണമെങ്കില്‍ രണ്ടു ലക്ഷം രൂപ വേണം. അത്രയും സംഖ്യ കൊടുക്കാന്‍ ബാപ്പക്ക് ഇനി എന്തു സ്വത്താണുള്ളത്. ശരിയാണ്, താമസിക്കുന്ന വീടും പത്തു സെന്‍റുമല്ലാതെ ബാക്കിയെല്ലാം, ഇതിനകം അയാള്‍ വിറ്റുതീര്‍ത്തിരിക്കുന്നു. അതിനു മുമ്പേ ചീട്ടുകളിച്ചും മറ്റും നഷ്ടപ്പെട്ടതിന് കണക്കില്ല.
ക്ലൈമാക്സ്: ബാപ്പ ഹജ്ജു ചെയ്തു തിരിച്ചു വരുന്പോള്‍ സ്വീകരിക്കാന്‍ ഉസ്മാന്‍ പ്രഭു എയര്‍പോര്‍ട്ടില്‍ തന്നെയുണ്ടായിരുന്നു, നിറഞ്ഞചിരിയോടെ. എങ്ങനെ ചിരിക്കാതിരിക്കും. വീട് പ്രഭുവിന്റെ പേരില്‍ എഴുതിക്കൊടുത്തല്ലേ ബാപ്പ ഹജ്ജിന് പോയത്….
ഓര്‍ക്കാന്‍ രണ്ടു ചൊല്ലുകള്‍ കൂടി കുറിക്കട്ടെ;
വിതച്ചതേ കൊയ്യൂ,
ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും.

ഇബ്റാഹിം ടിഎന്‍ പുരം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ