വിശുദ്ധ ഇസ്‌ലാം വിഭാവനം ചെയ്യുന്ന പരലോകവും സ്വർഗ-നരകവും അടിസ്ഥാനപ്പെടുത്തി എക്കാലത്തും ചില വിമർശനങ്ങൾക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. യുക്തിവാദികൾ എന്ന് അവകാശപ്പെടുന്ന യുക്തിരാഹിത്യക്കാരിൽ നിന്നും ഈ ഗണത്തിൽപെട്ട വിമർശനങ്ങൾ വർത്തമാന കാലത്തും കേൾക്കാറുണ്ട്. ജൂതന്മാരാണ് പഴയകാലം മുതൽ തന്നെ ഇസ്‌ലാം വിമർശനത്തിന് മുൻപന്തിയിലുള്ളത്. ഓറിയന്റലിസ്റ്റുകളുടെ വിമർശനങ്ങളാണ് നിലവിൽ പലരും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഇസ്‌ലാമിന്റെ വ്യാപനം തടയാൻവേണ്ടി ശത്രുക്കൾ തിരഞ്ഞെടുത്തവഴിയാണ് ഇത്തരം വിമർശനങ്ങൾ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെയാണ് പൊതുവേ വിമർശനങ്ങളുടെ സ്ഥിതി. പലയാവർത്തി മറുപടി നൽകിയിട്ടുള്ളവയാണ് ഓരോന്നും!
ഈ ഗണത്തിൽപ്പെട്ടതും വാസ്തവത്തിൽ വളരെ ബാലിശമായതുമായ ഒന്നാണ് ഇച്ഛാസ്വാതന്ത്ര്യവും നരകശിക്ഷയും. എൃലല ണശഹഹ അഥവാ സ്വതന്ത്രമായ ഇച്ഛാശക്തിയില്ലാതെ മനുഷ്യനെ നരകത്തിൽ കഠിന ശിക്ഷക്കോ ശാശ്വത ശിക്ഷക്കോ അല്ലാഹു വിധേയമാക്കും എന്നാണ് ഇസ്‌ലാമിലെ പരലോക സങ്കൽപമെന്നും ഇത് പൂർണാർത്ഥത്തിൽ ബുദ്ധിശൂന്യതയാണെന്നുമാണ് വിമർശനത്തിന്റെ ചുരുക്കം. തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെക്കുറിച്ച് ചിലർക്കുണ്ടായ അവ്യക്തതയും അതിന്റെ പേരിൽ ഉടലെടുത്ത ബിദഈ പ്രസ്ഥാനങ്ങളുടെ വസ്തുക്കൾക്ക് നിരക്കാത്ത ആദർശങ്ങളും വിമർശനത്തെ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട്. ബിദ്അത്തുകാരുടെ പുത്തൻ വിശ്വാസങ്ങൾക്ക് മുമ്പിലോ ഇസ്‌ലാം വിരുദ്ധരുടെ വിമർശനങ്ങൾക്ക് മുമ്പിലോ വിഷയത്തിലെ അവ്യക്തതക്ക് മുമ്പിലോ അഹ്‌ലുസ്സുന്നയുടെ പണ്ഡിതർ ഒരുകാലത്തും പതറിയിട്ടില്ല. മറിച്ച്, ഇച്ഛാ സ്വാതന്ത്ര്യം, അല്ലെങ്കിൽ സ്വതന്ത്ര ഇച്ഛാശക്തി, അതുമല്ലെങ്കിൽ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം എന്ന ‘ഇഖ്തിയാർ’ എന്താണെന്നും അതിന്റെ ഫലം എന്താണെന്നും അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നും അഹ്‌ലുസ്സുന്നയുടെ പണ്ഡിതർ കൃത്യമായി രേഖപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട മുഴുവൻ സന്ദേഹങ്ങളെയും തുടച്ചുനീക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊന്ന് ഉണ്ടെന്നത് ഒരോ മനുഷ്യന്റെയും അനുഭവമാണ് എന്നതായിരുന്നു അവരുടെ പ്രഥമ പ്രമാണം. അനുഭവം അനിഷേധ്യ അറിവായതിനാലാണ് അതിനെ അവർ പ്രഥമ പ്രമാണമാക്കിയത്.
മനുഷ്യന് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ അനുസരിക്കണമെന്ന് അവനോട് അല്ലാഹു കൽപിക്കുന്നത്. നിയമങ്ങൾ അനുസരിച്ചവന് പ്രതിഫലവും ലംഘിച്ചവന് ശിക്ഷയും നൽകാനുള്ള പരലോകം നാഥൻ സംവിധാനിച്ചതും ഇതേ അടിസ്ഥാനത്തിലാണ്. എങ്കിൽ എന്താണ് സ്വതന്ത്ര ഇച്ഛാശക്തി, അതിന്റെ ഫലമെന്ത്, അതിന്റെ വ്യാപ്തി എത്ര?
മനുഷ്യന്റെ പ്രവർത്തനങ്ങൾ രണ്ടിനമുണ്ട്. കൈ ചലനം ഉദാഹരണമായി എടുക്കാം. എന്തെങ്കിലും സാധനം എടുക്കുക, വെക്കുക, കൊടുക്കുക, വാങ്ങുക എന്നീ ആവശ്യങ്ങൾക്കായി കൈ ചലിക്കുന്നത് ഈ പറഞ്ഞ ഏതെങ്കിലും ഒരുകാര്യം നടത്തണമെന്ന ഉദ്ദേശ്യത്തോടെ അയാൾ കൈ ചലിപ്പിക്കുമ്പോഴാണ്. എന്നാൽ വിറയൽ രോഗമുള്ളയാൾ, അല്ലെങ്കിൽ ശക്തമായി പനിയുള്ളയാൾ തുടങ്ങിയവരുടെ കൈയും മറ്റ് ശരീരഭാഗങ്ങളും ചലിക്കുന്നത്, വിറക്കുന്നത് അയാൾ ചലിപ്പിക്കുന്നതുകൊണ്ടോ വിറപ്പിക്കുന്നത് കൊണ്ടോ അല്ല. ചലിക്കണമെന്ന വിചാരം പോലും അയാൾക്കുണ്ടാവില്ല. എന്നല്ല ചലിക്കരുത്, വിറക്കരുത് എന്നാണ് അയാൾ ആഗ്രഹിക്കുക. കട്ടിയുള്ള കമ്പിളി പുതച്ച് വിറയൽ നിർത്താൻ അയാൾ ശ്രമിക്കുകയും ചെയ്‌തേക്കാം. എന്നാലും ചിലപ്പോൾ വിറ നിൽക്കണമെന്നില്ല. ഇങ്ങനെയുള്ള ചലനങ്ങൾ ഓരോരുത്തരുടെയും അനുഭവമാണ്. ഒന്നാമത്തേത് അവരവരുടെ വിചാരത്തെ തുടർന്നുണ്ടാകുന്നു. രണ്ടാമത്തേത് യാന്ത്രികമായി ഉണ്ടാകുന്നു. ഒന്നാമത്തെ ഇനം പ്രവർത്തനങ്ങൾ തന്നിൽ നിന്ന് ഉണ്ടാകണമെന്ന്, അല്ലെങ്കിൽ ഉണ്ടാകരുതെന്ന വിചാരത്തെ തുടർന്നല്ലാതെ ഈ ഇനം പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ലെന്നത് അനുഭവമാണ്. അത് സമ്മതിക്കാത്ത ബുദ്ധിയോ യുക്തിയോ നിയമമോ ഇല്ല. ഇതിനെ നിഷേധിക്കുന്നത് പകലിനെയും രാത്രിയെയും നിഷേധിക്കുന്നതിന് തുല്യമാണ്. അല്ലെങ്കിൽ സ്വന്തം അസ്ഥിത്വത്തെ (വുജൂദിനെ) നിഷേധിക്കുന്നതിന് സമമാണ്. അതിനെക്കാൾ വലിയ വിഡ്ഢിത്തം വേറെയില്ലല്ലോ.
ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നോ വൃക്ഷത്തിൽ നിന്നോ വാഹനത്തിൽ നിന്നോ കാൽ തെറ്റിയോ മറ്റൊരാൾ തള്ളിയത് നിമിത്തമോ മറ്റോ താഴേക്ക് വീഴുന്നത് രണ്ടാമത്തെ (ഇച്ഛാനുസരണമല്ലാത്ത) ചലനത്തിനും പ്രവർത്തനത്തിനും ഉദാഹരണമാണ്. എന്നാൽ കെട്ടിടത്തിന്റെയും കുന്നിന്റെയും വാഹനത്തിന്റെയും വൃക്ഷത്തിന്റെയും മുകളിൽ നിന്ന് ചാടുന്നത് ഒന്നാമത്തെ ഇനം പ്രവർത്തനമാണ്. ഈ ഗണത്തിൽ ഇനം തിരിച്ചുള്ള ഉദാഹരണങ്ങളുടെ പട്ടിക അതിദൈർഘ്യമേറിയതാണ്.
ഇപ്രകാരം ഇച്ഛാനുസാരമുള്ളതും അല്ലാത്തതും എന്ന മാനദണ്ഡത്തിലാണ് ഒരാൾ തന്റെ പ്രവർത്തനത്തിന്റെ പേരിൽ പ്രശംസിക്കപ്പെടുന്നതും ക്രൂശിക്കപ്പെടുന്നതും, അല്ലെങ്കിൽ പ്രതിഫലം അർഹിക്കുന്നതും ശിക്ഷ അർഹിക്കുന്നതും. മദ്യപിച്ച് വാഹനമോടിക്കുമ്പോഴോ അമിത വേഗത്തിൽ വാഹനമോടിക്കുമ്പോഴാ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് വാഹനമോടിക്കുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങളിൽ ഡ്രൈവർ ശിക്ഷിക്കപ്പെടുന്നു. എന്നാൽ വാഹനത്തിന്റെ ബ്രേക്ക് അവിചാരിതമായി നഷ്ടപ്പെടുക പോലുള്ള കാരണങ്ങളെ തുടർന്നുണ്ടാകുന്ന അപകടങ്ങളിൽ ഡ്രൈവർ നിരപരാധിയാകുന്നു. തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യമാണ് ഇവിടെ കുറ്റവാളിയെയും നിരപരാധിയെയും തീരുമാനിക്കുന്നത്.
സത്യം പറയുക, കളവ് പറയുക, അപരനെ ഉപദ്രവിക്കുക, അവന് ഉപകാരം ചെയ്യുക, സഭ്യത പുലർത്തുക, അസഭ്യം പറയുക, നീതി പുലർത്തുക, അനീതി ചെയ്യുക തുടങ്ങി ധനവിനിയോഗം, ആഹരിക്കൽ, വസ്ത്രം ധരിക്കൽ എന്നിവയിലൊക്കെ സ്വതന്ത്ര ഇച്ഛാശക്തിയുടെ അനിവാര്യത അവിതർക്കിതമാണ്. നിസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങി ഏത് ആരാധനാ കർമങ്ങളിലും തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുണ്ട്. സത്യവിശ്വാസം, സത്യ നിഷേധം, പരമ്പരാഗത വിശ്വാസം, പുത്തൻ വിശ്വാസം തുടങ്ങിയ വിശ്വാസകാര്യങ്ങളിലും ഇച്ഛാസ്വാതന്ത്ര്യമുണ്ട്. അഥവാ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിട്ട് മാത്രമാണ് ഇലാഹീ കീർത്തനവും കൽപ്പനയും നിയമവുമുള്ളത്. ഭൗതിക-നിർമിത നിയമങ്ങളിലും ജനസംസാരത്തിലും ബുദ്ധിയിലും പെരുമാറ്റത്തിലുമൊക്കെ കുറ്റവാളിയെയും നിരപരാധിയെയും തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയായത് പ്രകാരം അല്ലാഹുവിന്റെ നിയമമാകുന്ന ഇസ്‌ലാമിക ശരീരത്തിലും ഇതേ മാനദണ്ഡം തന്നെയാണ് അനുവർത്തിക്കുന്നത്. ഇക്കാരണത്താൽ പൂർണാർത്ഥത്തിൽ നിയമാനുസരണം ജീവിച്ചവന് സ്വർഗീയ പ്രതിഫലവും നിയമലംഘനം നടത്തിയവന് നരകശിക്ഷയും ലഭിക്കും. അനുസരണവും ലംഘനവും ഭാഗികമാണെങ്കിൽ ശിക്ഷയും പ്രതിഫലവും ഭാഗികമായിരിക്കും. അല്ലാഹുവിന്റെ നിയമത്തിൽ സ്വർഗപ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത സത്യവിശ്വാസമായതിനാൽ സത്യനിഷേധികൾക്ക് ശാശ്വതമായ നരകശിക്ഷയാണ്.
തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെക്കുറിച്ച് അവ്യക്തതയുണ്ടായിരുന്ന ഒരാൾ പലരെയും സമീപിച്ചെങ്കിൽ തന്റെ അവ്യക്തതക്ക് പരിഹാരമായില്ല. ഒടുവിൽ മുന്നൂറിലധികം കിലോമീറ്റർ ദൂരെയുള്ള സ്ഥലത്ത് ദർസ് നടത്തുന്ന ഒരുപണ്ഡിതനെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ അദ്ദേഹത്തെ സമീപിക്കാൻ തീരുമാനിച്ചു. ഇന്നത്തെ പോലെയുള്ള യാത്രാ മാർഗങ്ങളില്ലാതിരുന്ന അക്കാലത്ത് വളരെ ക്ലേശം സഹിച്ച് ദിവസങ്ങൾ യാത്ര ചെയ്ത് അദ്ദേഹത്തിന്റെ അടുത്തെത്തി. ആഗമനോദ്ദേശ്യം അറിയിച്ചു. ഇത്രയും ദൂരം യാത്ര ചെയ്ത് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചറിയാൻ താങ്കളെ ആരാണ് ഇങ്ങോട്ട് പറഞ്ഞയച്ചതെന്ന് ആഗതനോട് പണ്ഡിതൻ ചോദിച്ചു. എന്നെ ആരും പറഞ്ഞയച്ചതല്ല. ഞാൻ സ്വന്തമായി ആലോചിച്ച് സ്വന്തമായി തീരുമാനിച്ചാണ് അങ്ങയെ സമീപിച്ചതെന്നായിരുന്നു മറുപടി. ആഗതൻ ഇങ്ങനെ മറുപടി പറഞ്ഞെങ്കിലും ഒരു കുറ്റവാളിയെ വിചാരണ ചെയ്യും പ്രകാരം തന്നെ സമീപിക്കാനുള്ള പ്രേരണയെക്കുറിച്ച് അദ്ദേഹം തിരിച്ചും മറിച്ചും ചോദിച്ചു.
എങ്ങനെ ചോദിച്ചിട്ടും ആഗതന്റെ മറുപടി ഒന്നുതന്നെ. ഞാൻ സ്വന്തമായി തീരുമാനിച്ച് അങ്ങയെ സമീപിച്ചതാണ്. എന്നെ ആരും പറഞ്ഞയച്ചതോ നിർബന്ധിച്ചതോ അല്ല. ഈ മറുപടി പലതവണ ആവർത്തിച്ചപ്പോൾ പ്രസ്തുത പണ്ഡിതന്റെ വിശദീകരണം വന്നു. താങ്കൾ സ്വന്തമായി തീരുമാനിച്ചു. ആരും നിർബന്ധിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തില്ല എന്ന് പറഞ്ഞത് തന്നെയാണ് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം. ഈ വിശദീകരണത്തിൽ ആഗതന് സമ്പൂർണ തൃപ്തിയായി. ഏറെക്കാലം പേറിനടന്ന അവ്യക്തത കൂടുതൽ പ്രമാണങ്ങൾ നിരത്താതെ, ബൗദ്ധികമായി വിശദീകരിച്ചത് കൺമുന്നിലുള്ള സാധനം തിരഞ്ഞ് നടക്കുന്നവന് ചെവിപിടിച്ച് കാണിച്ച് കൊടുക്കുന്നതു പോലെ അനുഭവപ്പെട്ടു.
മറ്റുള്ളവരുടെ നിർദേശങ്ങളോ പ്രേരണകളോ പ്രചോദനങ്ങളോ സമ്മർദമോ ഉണ്ടായാൽ പോലും മനുഷ്യന്റെ യാന്ത്രികമല്ലാത്ത പ്രവർത്തനങ്ങളിൽ അവൻ ഏർപ്പെടുന്നതിന് മുമ്പ് അവന്റേതായ ഒരു തിരഞ്ഞെടുക്കൽ ഉണ്ടാകുമെന്നത് തന്നെയാണ് അനുഭവവും വസ്തുതയും. ആകയാൽ സ്വാതന്ത്ര്യമനുസരിച്ചുള്ള തിരഞ്ഞെടുക്കലിന് അഥവാ ഇഖ്തിയാറിന് മുന്നോടിയായി ഒരു കാരണവും ഉണ്ടാകരുതെന്നില്ല. ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ നൂറ് ശതമാനം സമ്മർദത്തിന് വിധേയമായി യാന്ത്രികമായി നടക്കുന്ന പ്രവർത്തനങ്ങളിലേ മനുഷ്യന് സ്വതന്ത്ര്യ ഇച്ഛാശക്തി ഇല്ലാതാകുന്നുള്ളൂ. അത്തരം പ്രവർത്തനങ്ങൾ ഇഹപരലോകത്ത് നിർമിത നിയമങ്ങളിലോ ഇലാഹീ നിയമത്തിലോ വിചാരണക്ക് വിധേയമല്ല. പ്രതിഫലമോ ശിക്ഷയോ അർഹിക്കുന്നതുമല്ല.
വിശുദ്ധ ഖുർആൻ 67-ാം അധ്യായം സൂറത്തുൽ മുൽക് ആറ് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങൾ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന്റെ കൃത്യമായ ചിത്രം വരച്ചുകാണിക്കുന്നു. ‘അവിശ്വാസികൾക്ക് (കാഫിറുകൾക്ക്) നരക ശിക്ഷയുണ്ട്. വളരെ മോശമായ സങ്കേതമാണ് നരകം. ആളിക്കത്തുന്ന നരകത്തിലേക്ക് കൂട്ടംകൂട്ടമായി സത്യനിഷേധികളെ വലിച്ചെറിയുന്ന വേളയിൽ നരക കാവൽക്കാരായ മാലാഖമാർ അവരോട് ചോദിക്കും: സത്യമതത്തിലേക്ക് നിങ്ങളെ പ്രവാചകന്മാർ ക്ഷണിക്കുകയും നരകശിക്ഷയെ തൊട്ട് താക്കീത് നൽകുകയും ചെയ്തില്ലേ. സത്യ നിഷേധികൾ പറയും: അതേ, നരകശിക്ഷയെതൊട്ട് പ്രവാചകൻമാർ ഞങ്ങളെ താക്കീത് ചെയ്തിരുന്നു. പക്ഷേ ഞങ്ങൾ അവരെ അംഗീകരിച്ചില്ല. അല്ലാഹു നിങ്ങൾക്ക് വഹ്‌യ് (ദിവ്യസന്ദേശം) നൽകിയിട്ടില്ലെന്നും നിങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഞങ്ങൾ അവരോട് പറയുകയും ചെയ്തു. ഞങ്ങൾ അന്ന് പ്രവാചകൻമാരുടെ വാക്കുകൾ സ്വീകരിച്ച് സത്യമതത്തിൽ ചേർന്നിരുന്നെങ്കിൽ ഇന്ന് നരകത്തിൽ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഞങ്ങൾ ഉൾപ്പെടുകയില്ലായിരുന്നു എന്ന് അവിടെവെച്ച് സത്യനിഷേധികൾ വിലപിക്കും. തന്നിമിത്തം സത്യനിഷേധികൾ അവരുടെ കുറ്റം സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്തിരിക്കുന്നു എന്ന് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള വിളംബരം ഉണ്ടാകുന്നതാണ്.’ ഇതാണ് പ്രസ്തുത ഖുർആൻ വാക്യങ്ങളുടെ ആശയം.
പരലോകത്ത് വെച്ച് അല്ലാഹു സത്യനിഷേധികളെ വിചാരണ ചെയ്ത് നരകശിക്ഷ വിധിച്ചതനുസരിച്ച് അവരെ നരകത്തിലേക്ക് വലിച്ചെറിയാൻ ചുമതലയുള്ള മാലാഖമാരോടാണ് സത്യനിഷേധികൾ വിലപിക്കുന്നത്. അല്ലാഹുവിന്റെ അലംഘനീയ വിധി അല്ലെങ്കിൽ മറ്റ് പ്രേരണകൾ, സമ്മർദങ്ങൾ, പ്രലോഭനങ്ങൾ ഒന്നും സത്യനിഷേധത്തിനും പ്രവാചകന്മാരെ ധിക്കരിച്ചതിനും കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നില്ല. മറിച്ച് സത്യനിഷേധവും പ്രവാചകരെ ധിക്കരിച്ചതും സ്വതന്ത്രമായ ഇച്ഛാശക്തി അനുസരിച്ച് തിരഞ്ഞെടുത്തതാണെന്നും അതിനാൽ ശാശ്വത നരകശിക്ഷക്ക് അവർ അർഹരാണെന്നും തുറന്ന് സമ്മതിക്കുകയാണിവിടെ. ഇത്രയും കൃത്യവും സ്പഷ്ടവും അനിഷേധ്യവുമായ ഒന്നാണ് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം അഥവാ ഇഖ്തിയാർ.
അല്ലാഹുവിന്റെ ഖദ്ർ അഥവാ സൃഷ്ടിപ്പ് ഉൾപ്പെടെയുള്ള പ്രപഞ്ചത്തിന്റെ മുഴുവൻ കാര്യങ്ങളും അല്ലാഹു അനാദിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിശ്വാസവുമായി തിരഞ്ഞെടുപ്പ് സ്വാതന്ത്യത്തെ സമന്വയിപ്പിക്കുന്നതിൽ ചിലർക്ക് അബദ്ധം പറ്റിയിട്ടുണ്ട്. അതിനെ തുടർന്ന് രണ്ട് പിഴച്ച വിശ്വാസങ്ങൾ ഉടലെടുത്തു. അതിന്റെ മറപിടിച്ച് ഇസ്‌ലാം വിമർശകർ വിശുദ്ധ ഇസ്‌ലാമിനെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. എന്നാൽ അഹ്‌ലുസ്സുന്നയുടെ ക്രിയാത്മകമായ ഇടപെടൽ അത്തരക്കാരുടെ മുനയൊടിച്ചു. മുസ്‌ലിം ഉമ്മത്തിനെ അവരുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു.
മനുഷ്യന്റെ പ്രവർത്തനങ്ങൾ അല്ലാഹു അനാദിയിൽ രേഖപ്പെടുത്തിയതനുസരിച്ചാണ് സംഭവിക്കുന്നതെങ്കിൽ അവന് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഉണ്ടാവുകയില്ലല്ലോ എന്നതായിരുന്നു ഒരു പുകമറ. തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഇല്ലാതെ തിന്മയുടെ പേരിൽ നരകശിക്ഷ നൽകുന്നത് അനീതിയുമാണല്ലോ. അനാദിയിലെ അല്ലാഹുവിന്റെ രേഖ(ഖദ്ർ) നിഷേധിക്കുകയെന്നതാണ് ഇതിന് ഒരുവിഭാഗം കണ്ടെത്തിയ പരിഹാരം. ഖദ്‌രിയ്യത്ത് എന്ന പൂർവകാല അവാന്തരക്കാരുടെ ഈ വീക്ഷണം അനാദിയിൽ രേഖയുണ്ടെന്നതിന്റെ മുഴുവൻ പ്രമാണങ്ങളും നിഷേധിക്കുന്നതായിരുന്നു. ഇത് ശരിയായ പരിഹാരമല്ലെന്നുറപ്പ്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു സമാനമാണിത്. മനുഷ്യന്റെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ നിഷേധിച്ച് കൊണ്ടാണ് ജബരിയ്യത്ത് എന്ന ഉൽപതിഷ്ണുക്കൾ പരിഹാരം കണ്ടെത്തിയത്. അനാദിയിൽ രേഖയുണ്ടെന്നതിന്റെ പ്രമാണങ്ങളെ അംഗീകരിച്ച ഇവർ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുണ്ടെന്നതിന്റെ പ്രമാണങ്ങളെ നിഷേധിക്കുകയായിരുന്നു. കാറ്റിലെ അപ്പൂപ്പൻതാടി പോലെയാണ് ഇവർക്ക് മനുഷ്യൻ. അല്ലാഹു ചെയ്യിപ്പിക്കുന്നതിനനുസരിച്ച് അവൻ വിധേയപ്പെടുക മാത്രം. അല്ലാഹുവിന്റെ അനാദിയിലെ രേഖയനുസരിച്ച് നിർബന്ധിതനായി തിന്മ ചെയ്യുന്ന മനുഷ്യനെ നരകത്തിൽ അല്ലാഹു ശിക്ഷിക്കുമെന്നത് ‘അനീതിയായതിനാൽ’ ജബരിയ്യത്തിന്റെ ഈ പരിഹാരം അല്ലാഹുവിനെക്കുറിച്ചുള്ള കടുത്ത അപരാധമാണ്. അതുകൊണ്ട് ഇതും ശരിയായ പരിഹാരമായില്ല. തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന് പുറമെ മനുഷ്യരുടെ പ്രവർത്തനങ്ങൾ അവർ തന്നെയാണ് സൃഷ്ടിക്കുന്നത് എന്ന പരിഹാരമാണ് മുഅ്തസിലികൾ കണ്ടെത്തിയത്. പ്രമാണങ്ങൾ വകവെച്ചുകൊടുക്കുന്ന സ്വാധീനത്തിന് പുറമെ സ്വന്തം പ്രവർത്തനങ്ങളിൽ അമിത സ്വാധീനം അംഗീകരിക്കുന്ന ഈ വിശ്വാസം മനുഷ്യ പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നതിന്റെ പ്രമാണങ്ങളെ (ഖുർആൻ 37/96) നിഷേധിക്കുന്നതായിരുന്നു. മനുഷ്യരെ സ്വപ്രവർത്തനങ്ങളുടെ സ്രഷ്ടാക്കളായി അവർ സങ്കൽപ്പിക്കുകയും ചെയ്തു. തന്നിമിത്തം ഇതും ശരിയായ പരിഹാരമായില്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിത നേതൃത്വം നടത്തിയ ആദർശപോരാട്ടത്തിൽ ഈ വിശ്വാസങ്ങളെല്ലാം ഞെട്ടറ്റ് വീണു.
അനാദിയിലെ അല്ലാഹുവിന്റെ രേഖയെയും മനുഷ്യന്റെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെയും ഒരുപോലെ അംഗീകരിച്ച് കൊണ്ടുള്ള പരിഹാരമാണ് അഹ്‌ലുസ്സുന്ന കണ്ടെത്തിയത്. അതാണ് ശരിയായ രീതി. ഇരുപ്രമാണങ്ങളെയും ശരിയായി വ്യാഖ്യാനിക്കുകയും അനാദിയിലെ രേഖയും (ഖദ്ർ) തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും (ഇഖ്തിയാർ) തമ്മിൽ വൈരുധ്യമില്ലെന്ന് അവർ കൃത്യമായി വിശദീകരിക്കുകയും ചെയ്തു. കഥയറിയാതെ ആട്ടം കാണുന്ന ആധുനിക യുക്തിരഹിത വാദികളും ഇസ്‌ലാം വിമർശകരും ജബരിയ്യത്തിന്റെ വാദം ഏറ്റുപിടിച്ചുകൊണ്ടാണ് അല്ലാഹുവിനെ നരകശിക്ഷയുടെ പേരിൽ അനീതിക്കാരനാക്കാൻ വിഫല ശ്രമം നടത്തുന്നത്. അഹ്‌ലുസ്സുന്ന എന്നോ മറുപടി നൽകിയ പഴകിപ്പുളിച്ച ആരോപണങ്ങൾ മാന്തിയെടുത്ത് പുതിയതെന്ന ലേബലിൽ അവതരിപ്പിക്കുകയാണ് ഇസ്‌ലാം വിമർശകരും യുക്തിരഹിതവാദികളും. അവരുടെ ആദർശ പാപ്പരത്തത്തിന് ഇതിനെക്കാൾ വലിയ തെളിവ് ആവശ്യമില്ല.
മനുഷ്യന്റെ ചലനങ്ങളും പ്രവർത്തനങ്ങളും രണ്ട് ഇനമുള്ളത് പോലെ അല്ലാഹുവിന്റെ അനാദിയിലെ രേഖയും രണ്ടിനമുണ്ട്. ചെയ്യണം, ചെയ്യരുത് എന്നിങ്ങനെയുള്ള നിയമത്തിന് വിധേയമായതും തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുള്ളതും. പ്രവർത്തനങ്ങൾ എങ്ങനെയാണ് നടക്കുക, മനുഷ്യൻ പ്രവർത്തനം ചെയ്യുമോ, ചെയ്യുകയില്ലേ എന്നത് അല്ലാഹുവിന് മുമ്പേ അറിയുന്നതാണ്. ഒരാളുടെ ഭൂതകാല പ്രവർത്തനങ്ങളായ ചെയ്തതും ചെയ്യാത്തതും അവന് വേർതിരിച്ച് അറിയുന്നതിനെക്കാൾ കൃത്യമായും വ്യക്തമായും വിശദമായും ഒരോരുത്തരും എന്തെല്ലാം കാര്യങ്ങൾ ഇച്ഛാശക്തി ഉപയോഗിച്ചും സ്വതന്ത്രമായി തിരഞ്ഞെടുത്തും നിർവഹിക്കുമെന്ന് അല്ലാഹുവിന് മുൻകൂട്ടി അറിയാം. അവന് കാലപരിമിതിയോ കാലഭേദമോ ഇല്ല. എല്ലാം അവനു മുമ്പിൽ എപ്പോളും വ്യക്തം. ഈ അറിവനുസരിച്ച് ഭാവിയിൽ ഓരോരുത്തരും എപ്പോഴൊക്കെ, എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യുമെന്നാണ് അനാദിയിൽ അല്ലാഹു രേഖപ്പെടുത്തിയത്. ഗർഭസ്ഥ ശിശുവിന്റെ നാലാം മാസത്തിൽ അവനെക്കുറിച്ച് രേഖപ്പെടുത്തുന്നതും ഈ മുൻകൂട്ടിയുള്ള അറിവനുസരിച്ചാണ്. അല്ലാതെ മനുഷ്യന്റെ തിരഞ്ഞെടുപ്പും ഇച്ഛയും പരിഗണിക്കാതെ അവനെ നിർബന്ധിപ്പിക്കുന്ന രീതിയിൽ അല്ലാഹു കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെ രേഖപ്പെടുത്തുന്നത് മനുഷ്യന്റെ ആയുസ്സ്, രോഗം, ആരോഗ്യം, മരണം തുടങ്ങിയ കാര്യങ്ങളാണ്.
ഉദാഹരണത്തിന്, സത്യവിശ്വാസികൾ ആകണമെന്ന് മുഴുവൻ മനുഷ്യരോടും അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. നിസ്‌കാരം, നോമ്പനുഷ്ഠാനം തുടങ്ങിയ കൽപനകളുമുണ്ട്. ഒരാൾ സത്യവിശ്വാസം തിരഞ്ഞെടുക്കുമോ, സത്യനിഷേധം തിരഞ്ഞെടുക്കുമോ, നിസ്‌കാരമാണോ തിരഞ്ഞെടുക്കുക, നിസ്‌കരിക്കേണ്ടെന്നാണോ തീരുമാനിക്കുക എന്നത് അല്ലാഹുവിന് മുൻകൂട്ടി അറിയുന്നത് കൊണ്ട് അതവൻ രേഖപ്പെടുത്തും. അല്ലാഹുവിന്റെ അറിവ് കൃത്യവും അവ്യക്തതയില്ലാത്തതുമായതിനാൽ അവനറിഞ്ഞ കാര്യത്തിൽ മാറ്റം വരുന്നതല്ല. അവൻ അറിഞ്ഞത് പോലെ മാത്രമേ സംഭവിക്കുകയുള്ളൂ. അഥവാ അല്ലാഹു രേഖപ്പെടുത്തിയതിനാൽ മനുഷ്യൻ നിർബന്ധിതനാവുകയല്ല. മറിച്ച്, മനുഷ്യൻ തിരഞ്ഞെടുക്കുന്നത് മുൻകൂട്ടി അറിയുന്ന അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് കാര്യങ്ങൾ നടക്കുന്നു. അല്ലാഹു ആരെയും ഒന്നിനും നിർബന്ധിപ്പിക്കുന്നില്ല. അതിനാൽ സത്യവിശ്വാസം തിരഞ്ഞെടുത്ത മനുഷ്യൻ പ്രതിഫലം അർഹിക്കുന്നു. സത്യനിഷേധം തിരഞ്ഞെടുത്തവൻ ശിക്ഷയും അർഹിക്കുന്നു.
നന്മയും തിന്മയും തിരഞ്ഞെടുക്കുക, അഥവാ കൽപന അനുസരിക്കുക, അല്ലെങ്കിൽ തിരസ്‌കരിക്കുക എന്നീ രണ്ട് കാര്യങ്ങൾക്കും ഒരുപോലെ പര്യാപ്തമായ ഒരു കഴിവ് അല്ലാഹു മനുഷ്യന് നൽകിയിട്ടുണ്ട്. ഇതാണ് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം. പ്രസ്തുത കഴിവ് ഉപയോഗപ്പെടുത്തി നന്മ തിരഞ്ഞെടുക്കാനും തിന്മ തിരഞ്ഞെടുക്കാനും അല്ലാഹു നൽകിയ കഴിവ് കൊണ്ട് മനുഷ്യന് സാധിക്കുന്നു. ഇതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിന്റെ മർമം. ഇതിലാണ് പലർക്കും അവ്യക്തതയുണ്ടായതും. അതായത് പ്രഥമമായി അല്ലാഹു മനുഷ്യന് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നൽകി, ശേഷം നന്മയും തിന്മയും വിശദീകരിച്ചു. ഓരോരുത്തരും ഇവയിൽ ഒന്നു തിരഞ്ഞെടുക്കും. അതനുസരിച്ച് വിജയവും പരാജയവും നേടുന്നു. അല്ലാഹുവിന്റെ നേരത്തേയുള്ള അറിവനുസരിച്ച് ഓരോരുത്തരും തിരഞ്ഞെടുക്കാനിരിക്കുന്ന നന്മതിന്മകൾ അനാദിയിൽ അവൻ രേഖപ്പെടുത്തി. പ്രസ്തുത രേഖ മാറ്റമില്ലാത്ത അറിവിന്റെ അടിസ്ഥാനത്തിലായതിനാൽ നന്മതിന്മകൾ നടക്കുന്നത് ഈ രേഖക്ക് ഒത്തുവരുന്നത് സ്വാഭാവികം മാത്രം. പ്രസ്തുത നന്മക്ക് സ്വർഗീയ പ്രതിഫലവും തിന്മക്ക് നരകശിക്ഷയും നൽകുന്നു. അപ്പോൾ അല്ലാഹു പൂർണ നീതിമാനാണ്. അവന്റെ നീതിക്ക് തുല്യമായൊരു നീതി സങ്കൽപം തന്നെ അസാധ്യവുമാണ്.

ഡോ. അബ്ദുൽ ഹകീം സഅദി, കരുനാഗപ്പള്ളി

 

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ