വിവാഹം തിരുസുന്നത്തില്‍പെട്ട ചര്യയാണല്ലോ. വ്യക്തിജീവിതത്തിലെ പ്രധാന കാല്‍വെപ്പുമാണത്. മനുഷ്യനെ തെറ്റില്‍ നിന്നു തടയാനും വ്യവസ്ഥാപിതമായ കുടുംബ ജീവിതം സ്ഥാപിക്കാനും വൈവാഹിക ജീവിതം സഹായിക്കുന്നു. മതം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടിലായിരിക്കണം അതു നടത്തേണ്ടത്.

ഈ കുറിപ്പുകാരന്‍ ഒരു കല്ല്യണവീട്ടില്‍ ബുര്‍ദക്കു ചെന്നു. വീട്ടിലെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കു പന്തികേടുതോന്നി. നിരത്തിയ കസേരകളില്‍ സ്ത്രീ ബാഹുല്യവും സംഗീത ഉപകരണങ്ങളുടെ സാന്നിധ്യവും. വീട്ടുകാരനോട് കാര്യം തിരക്കിയപ്പോള്‍ മറുപടി ഇപ്രകാരം- അത് ചെറിയ പെണ്‍കുട്ടികളുടെ ഒപ്പനയാണ്. ‘കുട്ടികളു’ടെ വയസ്സെത്രയെന്നല്ലേ? പതിനഞ്ച്!

വിവാഹം പോലോത്ത പവിത്രമായ ചടങ്ങുകളില്‍ ഇത്തരം നിഷിദ്ധമായ സംഗതികളുടെ ഗൗരവം വിശദീകരിച്ചു കൊടുത്തു. നന്മയെ തിന്മകൊണ്ട് വികൃതമാക്കരുതെന്നുണര്‍ത്തി. ഒന്നുകില്‍ ബുര്‍ദ, അല്ലെങ്കില്‍ ഒപ്പന. രണ്ടിലൊന്ന് തീരുമാനിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ബുര്‍ദ ആലപിക്കാന്‍ പറഞ്ഞു. ബുര്‍ദക്കും ഇശലുകള്‍ കോര്‍ത്തിണക്കിയ മദ്ഹുകള്‍ക്കും ശേഷം ദുആക്ക് മുമ്പായി അമീര്‍ എഴുന്നേറ്റു. വിവാഹം പവിത്രമായ കര്‍മമാണ്. അത് നടക്കേണ്ടത് ആഭാസങ്ങളുടെ അകമ്പടിയോടെയല്ല. ആധുനിക ലോകത്തെ വിവാഹങ്ങളിലെ അനാചാരങ്ങളെക്കുറിച്ചും മറ്റും അമീര്‍ വാചാലനായി. സദസ്സിലെ പലരുടെയും മുഖങ്ങള്‍ അപ്പോള്‍ വിവര്‍ണമാകുന്നുണ്ടായിരുന്നു. ഗ്രഹനാഥന്‍റെ കവിള്‍തടം ചുവന്നു തുടുത്തതായി കണ്ടു. ഭൗതിക ലോകത്ത് നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലുമാണ് വിശ്വാസിയുടെ ഉത്തരവാദിത്തമെന്നോര്‍ത്ത് അതൊന്നും ഗൗനിച്ചില്ല. ഉപദേശം മുഅ്മിനീങ്ങള്‍ക്ക് ഫലിക്കുമെന്ന ഖുര്‍ആന്‍ വാക്യത്തോടെ പ്രസംഗം അവസാനിപ്പിച്ചു.

ഭക്ഷണത്തിനുവേണ്ടി തിരിഞ്ഞു. പക്ഷേ, അത് വായിലെത്തും മുമ്പ് തന്നെ ഗാനമേളയുടെ അലയടികള്‍ ആരംഭിച്ചിരുന്നു. മനസ്സില്ലാ മനസ്സോടെ അല്‍പ്പം കഴിച്ചെന്നുവരുത്തി എഴുന്നേറ്റു.  പുറത്തേക്ക് മറ്റൊരു വഴി ഇല്ലാത്തതിനാല്‍ ഗാനമേള സദസ്സിലൂടെത്തന്നെ ഞങ്ങള്‍ക്ക് പോകേണ്ടി വന്നു. നേരത്തെ മുഖം വിവര്‍ണമായവരുടെ മുഖങ്ങള്‍ ചെറു പുഞ്ചിരിയോടെ ഞങ്ങളെ നോക്കുന്നു. പണത്തിന്‍റെയും പത്രാസിന്‍റെയും പിന്‍ബലത്തില്‍ ഞങ്ങളുദ്ദേശിച്ചത് നടത്തുമെന്ന ധ്വനി ആ നോട്ടത്തില്‍ പ്രകടമായിരുന്നു. വണ്ടിയില്‍ കയറും മുമ്പ് ഗൃഹനാഥനും മകനും എത്തി പ്രസംഗത്തെക്കുറിച്ച് വിഷമം പ്രകടിപ്പിച്ചു. മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്നായി ന്യായം. പറഞ്ഞുവന്നപ്പോള്‍ നടേ പരാമര്‍ശിച്ച കുട്ടികളുടെ ഒപ്പന എന്ന നിലവാരത്തില്‍ നിന്ന് ഗാനമേള എന്ന തസ്തികയിലേക്ക് വളര്‍ന്നിരുന്നു കാര്യങ്ങള്‍.

പ്രസ്തുത സംഭവം ചില മഹല്ല് കാരണവന്മാരുടെ ദുരവസ്ഥ ഓര്‍മിപ്പിക്കുന്നതാണ്. മഹല്ല് കമ്മറ്റിയിലും മത സംഘടനകളിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുകയും നാട്ടിലെ മതപരമായ മുന്നേറ്റങ്ങളില്‍ പുലിയായി തിളങ്ങുകയും സ്വന്തം വീട്ടില്‍ ഒരു എലിയായി മാറുകയും ചെയ്യും ചിലര്‍. ഇത്തരം ആഭാസങ്ങള്‍ക്കെതിരെ മഹല്ല് കമ്മറ്റികളും മത സംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട്.

പ്രതികരണം/

മുഹമ്മദ് റാഷിദ് പള്ളിക്കല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ