Ramalan - Malayalam

വീണ്ടും വിശുദ്ധ റമളാന്‍ വിരുന്നെത്തുന്നു. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളുടെ പെയ്ത്തുകാലം. സത്യവിശ്വാസി വളരെ സന്തോഷത്തോടെയാണ് ഈ മാസത്തെ സ്വീകരിക്കുക. ചെറിയതും പ്രയാസരഹിതവുമായ സല്‍കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലവും പ്രതിഫലത്തില്‍ തന്നെ പ്രത്യേക വര്‍ധനവും വാഗ്ദാനം ചെയ്യപ്പെട്ട കാലം. സൗഭാഗ്യങ്ങളുടെ അനര്‍ഘ നിമിഷങ്ങളൊരുക്കി വച്ച മാസമാണ് റമളാന്‍. അത് വിശ്വാസിക്കു മുമ്പില്‍ അവന്‍റെ ആത്മീയ സുരക്ഷക്കും ആത്യന്തികമായ വിജയത്തിനുമുള്ള അവസങ്ങളാണ് നിരത്തിവെക്കുന്നത്.

ചില സ്ഥലങ്ങള്‍ക്കും ചില സമയങ്ങള്‍ക്കും മറ്റു പലതിനേക്കാളും പ്രത്യേകതകളും പ്രാമുഖ്യവുമുണ്ടാകാം. ഒരു ഉദാഹരണം പറയാം. ഭൂമിയില്‍ അല്ലാഹുവിന് ഏറെ പ്രിയങ്കരമായ സ്ഥലമാണല്ലോ പള്ളി.  പള്ളിയുടെ പുറത്ത് അനുവദനീയമായ പല കാര്യങ്ങളും പള്ളിയില്‍ പാടില്ല. നിര്‍ബന്ധമായതോ സുന്നത്തായതോ ആയ വല്ലതും പള്ളിയില്‍ വച്ച് നിര്‍വഹിച്ചാല്‍ കൂടുതല്‍ പുണ്യം ലഭിക്കുന്നതാണ്താനും. പള്ളിക്കു വേണ്ടി ചെലവ് ചെയ്യുന്നതും അതിനെ പരിപാലിക്കുന്നതുമെല്ലാം വലിയ പുണ്യങ്ങളാണ്. പള്ളി എന്ന പ്രത്യേകമായ സ്ഥലപരിധിയുമായി ബന്ധപ്പെട്ടാണിത്തരം നിര്‍ദേശങ്ങളും പാഠങ്ങളുമുള്ളത്.

പള്ളിയുടെ മഹത്ത്വം സ്ഥലവുമായി ബന്ധപ്പെട്ടതാണെങ്കില്‍ കാലവുമായി ബന്ധമുള്ള പവിത്രതയാണ് റമളാന്‍ മാസത്തിനുള്ളത്. മഹത്ത്വമുള്ള സമയങ്ങളില്‍ ഏറെ പ്രധാനമാണ് റമളാന്‍. ഈ മാസത്തില്‍ ധാരാളം അനുഗ്രഹങ്ങളും അവസരങ്ങളുമാണ് വിശ്വാസിക്കു വേണ്ടി നാഥന്‍ ഒരുക്കിവച്ചിരിക്കുന്നത്. മതപരമായ കടമകളും ബാധ്യതകളും കൃത്യമായ ജീവിത പാഠങ്ങളും മനുഷ്യനും ജിന്നിനുമുണ്ട്. ഈ വര്‍ഗദ്വയങ്ങള്‍ക്കല്ലാതെ അത്തരം മതകീയ ശാസനകളില്ല. കാലവും സ്ഥലവും ഇതര ജീവജാലങ്ങളുമൊന്നും മതശാസനകള്‍ നിര്‍ദേശിക്കപ്പെട്ടവരല്ല.

റജബിന്‍റെ പിറവിയോടെ തന്നെ മുസ്ലിമിന്‍റെ പ്രാര്‍ത്ഥനകളില്‍, റജബ്, ശഅ്ബാന്‍ മാസങ്ങളില്‍ നീ ഞങ്ങള്‍ക്ക് ഗുണസമൃദ്ധി നല്‍കണേ, റമളാന്‍ മാസത്തിലേക്ക് ഞങ്ങളെ നീ എത്തിക്കണേ എന്ന് ഇടം പിടിക്കുകയുണ്ടായി. ഗുണസമൃദ്ധി വര്‍ധനവിന്‍റെ കാലങ്ങളായ റജബിലും ശഅ്ബാനിലും നന്മനിറഞ്ഞ ജീവിതം നയിക്കാനുള്ള അവസരത്തെ ചോദിക്കുകയാണാദ്യം. രണ്ടാമതായി റമളാനിലെത്തിച്ചേരാനുള്ള ഭാഗ്യം അഥവാ ദീര്‍ഘായുസ്സാണ് തേടുന്നത്. റമളാന് വിശ്വാസി മനസ്സുകളില്‍ ലഭിച്ചിട്ടുള്ള സ്വീകാര്യതയും അത് നല്‍കുന്ന പ്രതീക്ഷയുമാണ് ഈ പ്രാര്‍ത്ഥനയുടെ പ്രധാന പ്രചോദനം.

 

അനുഗ്രഹ നിമിഷങ്ങള്‍

റമളാനിലെ മുഴുവന്‍ സമയങ്ങളും അല്ലാഹുവിന്‍റെ കാരുണ്യം അധികമായി വര്‍ഷിക്കുന്ന കാലമാണ്. റബ്ബിന്‍റെ നിശ്ചയവും അനുഗ്രഹവുമാണത്. ധാരാളം പവിത്രതകള്‍ അടുക്കിവച്ച ഒരു മഹാനുഗ്രഹം. വ്രതാനുഷ്ഠാനവും ഖിയാമുറമളാനായ തറാവീഹുമാണ് റമളാനിലെ പ്രത്യേക കര്‍മങ്ങള്‍. ഇവ രണ്ടിനുമുള്ള പ്രതിഫലം പാപമോചനമാണെന്ന് റസൂല്‍(സ്വ). ഇവയോടനുബന്ധിച്ച് വരുന്ന ധാരാളം സുകൃതങ്ങളും പുണ്യങ്ങളും താരതമ്യേന മറ്റു നോമ്പ്, നിസ്കാരങ്ങള്‍ തുടങ്ങിയവയോടനുബന്ധിച്ച് വരുന്ന കര്‍മങ്ങളേക്കാള്‍ മഹത്ത്വമുള്ളതായിരിക്കും. അല്ലാത്ത കര്‍മങ്ങളും അനുബന്ധങ്ങളും റമളാനിലാവുമ്പോള്‍ ഫര്‍ളിന് എഴുപതിരട്ടിയും സുന്നത്തിന് ഒരു ഫര്‍ളിന് സമാനമായതുമായ പ്രതിഫലമുണ്ടെന്നത് റമളാന്‍ കാലത്തിന്‍റെ അടിസ്ഥാന ശ്രേഷ്ഠതയാണ്. റമളാനല്ലാത്തപ്പോള്‍ തന്നെ വളരെ വലിയ പ്രതിഫലങ്ങളും നേട്ടങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പുണ്യകര്‍മങ്ങളുണ്ട്. സമയവും സ്ഥലവും സാഹചര്യങ്ങളുമൊക്കെ പ്രതിഫലവര്‍ധനവിന് നിമിത്തമാകാം.

വിശന്നവന് ഭക്ഷണം നല്‍കുന്നതും അല്ലാത്തവരെ ഭക്ഷിപ്പിക്കുന്നതും തമ്മില്‍ പ്രതിഫലത്തില്‍ ഏറെ വ്യത്യാസമുണ്ടാകുമല്ലോ. ഇപ്രകാരം റമളാന്‍ നോമ്പെടുത്തവനെ തുറപ്പിക്കുന്നത് കൂടുതല്‍ പുണ്യകരമാകും. നോമ്പെടുത്തവന്‍റെ സമാന പ്രതിഫലം തുറപ്പിച്ചവന് ലഭിക്കുകയും ചെയ്യും. അതിന് നോമ്പു തുറക്കാന്‍ ഉപയോഗിക്കുന്ന അല്‍പം നല്‍കിയാല്‍ തന്നെ മതിയാവും. ‘എന്നാല്‍ നോമ്പെടുത്തവന് വിശപ്പ് മാറ്റിയാല്‍ എന്‍റെ ഹൗളില്‍ നിന്ന് അവന് കുടിപ്പിക്കപ്പെടുന്നതാണ്. അത് കുടിച്ച് കഴിഞ്ഞാല്‍ സ്വര്‍ഗത്തിലെത്തുന്നവരെ ദാഹമുണ്ടാവില്ല’ (ബൈഹഖി). സ്വര്‍ഗത്തിലെത്തിയാല്‍ ആഗ്രഹിക്കുന്നതെന്തും ലഭിക്കുന്നതിനാല്‍ ദാഹത്തിന്‍റെ പ്രശ്നമുദിക്കുന്നേയില്ല.

പിശാചും റമളാനും

വിശ്വാസികള്‍ക്ക് കൂടുതല്‍ പുണ്യങ്ങള്‍ നേടാനും പാരത്രിക വിജയം ഉറപ്പാക്കാനും വളരെയേറെ ഉപകരിക്കുന്ന അവസ്ഥകള്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. അതില്‍ പ്രധാനവും ശ്രദ്ധേയവുമാണ് മനുഷ്യവര്‍ഗത്തിന്‍റെ ആത്യന്തിക ശത്രുവായ പിശാചിന് ബന്ധനമേര്‍പ്പെടുത്തുന്നത്. മനുഷ്യരെ അവിഹിതമായ സ്വാധീനംവഴി പിഴപ്പിക്കുന്ന പിശാചിന്‍റെ കൂട്ടാളികളായ ജിന്നുകള്‍ക്കും റമളാനില്‍ നിയന്ത്രണമുണ്ട്. നബി(സ്വ) പറഞ്ഞു: റമളാന്‍ മാസത്തിലെ ഒന്നാമത്തെ രാത്രിയായാല്‍ തന്നെ പിശാചുക്കളെയും ദുഷ്ട ജിന്നുകളെയും ബന്ധിപ്പിക്കുന്നതാണ് (തുര്‍മുദി).

സത്യവിശ്വാസികളും സജ്ജനങ്ങളുമായവര്‍ക്ക് സന്മാര്‍ഗതടസ്സം സൃഷ്ടിക്കുക എന്നതാണ് പിശാചിന്‍റെ ജോലി. അവസരങ്ങള്‍ നശിപ്പിച്ചും അബദ്ധങ്ങള്‍ ധരിപ്പിച്ചും അരുതായ്മകളിലേക്ക് നയിച്ചും അവനത് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. അവനില്‍ നിന്ന് രക്ഷ നേടണം. പിശാചിന് മനുഷ്യനു മേലുള്ള സ്വാധീനം ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിയിട്ടുണ്ട്. അവന്‍ മനുഷ്യന്‍റെ വ്യക്തമായ ശത്രുവാണെന്നും അവനെ ശത്രുവായിത്തന്നെ കാണണമെന്നും ഖുര്‍ആന്‍ നിര്‍ദേശിച്ചു. വിവരത്തിന്‍റെ കുറവ് കൊണ്ടും വിശ്വാസം ദുര്‍ബലമായതിനാലും സാഹചര്യങ്ങള്‍ക്ക് വഴങ്ങിയും തെറ്റുകള്‍ സംഭവിക്കാം. വിശ്വാസി തെറ്റു ചെയ്യുമ്പോള്‍ സന്തുഷ്ടനാവുന്നത് പിശാചാണ്. കാരണം അവനിഷ്ടം നമ്മുടെ പരാജയമാണ്.

എന്നാല്‍ പിശാചിന്‍റെ പ്രവര്‍ത്തനത്തിന് വലിയ പ്രതിഫലനമുണ്ടാക്കാന്‍ റമളാന്‍ മാസത്തിലാകില്ല. ദുര്‍ബല വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല അവസരമാണ്. റമളാന്‍ മാസത്തെക്കുറിച്ച് കേള്‍ക്കുന്ന ഉപദേശങ്ങളും പരമ്പരാഗതമായി കൈമാറിവരുന്ന സല്‍കര്‍മങ്ങളിലുള്ള ഉത്സാഹവും സത്യവിശ്വാസികളില്‍ സ്വാധീനം ചെലുത്തും. അങ്ങനെ മറ്റു കാലങ്ങളെ അപേക്ഷിച്ച് റമളാനില്‍ പള്ളിയും ഖുര്‍ആന്‍ പാരായണവും പൊതുവെ ആരാധനകളും സജീവമാണ്. കൃത്യമായ നിസ്കാരങ്ങളും ദാനധര്‍മങ്ങളും ഇതര സുകൃതങ്ങളും നിത്യമാകുന്നു. വിശ്വാസികളുടെ ഈ ഉത്സാഹവും പിശാചിന്‍റെ സ്വാധീനക്കുറവ് കൊണ്ടാണെന്നതാണ് യാഥാര്‍ത്ഥ്യം. ഉത്സാഹത്തോടെ ഇബാദത്തുകള്‍ ചെയ്യുകയും അനാവശ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ പൈശാചിക സ്വാധീനം കുറഞ്ഞുവരും. ആവേശത്തിന്‍റെ കുറവിനനുസരിച്ച് പിശാചിന്‍റെ സ്വാധീനശക്തി കൂടുകയും ചെയ്യും. ഇമാം ശഅ്റാനി(റ) കുറിക്കുന്നു: റമളാന്‍ മാസത്തില്‍ പിശാചിന് മറ്റു മാസങ്ങളിലെ പോലെ സത്യവിശ്വാസികളില്‍ സ്വാധീനം ചെലുത്താനാകില്ല. കാരണം ഖുര്‍ആന്‍ പാരായണം ചെയ്തും മറ്റു ഇബാദത്തുകളില്‍ മുഴുകിയും ശാരീരിക ഇച്ഛകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന നോമ്പ് അനുഷ്ഠിക്കുന്നതിലും വ്യാപൃതരായിരിക്കുമല്ലോ മുസ്ലിംകളധികവും (ലവാഖിഹുല്‍ അന്‍വാറില്‍ ഖുദ്സിയ്യ).

റമളാനിലും പാപങ്ങള്‍

പിശാചിനെ ബന്ധിപ്പിക്കുന്ന റമളാന്‍ മാസത്തിലും തെറ്റുകള്‍ ചെയ്യുന്നവരെ കാണുന്നുവെന്നത് ഈ ഹദീസിന്‍റെ ആശയത്തോടെതിരല്ലെന്ന് ഉപരി വിശദീകരണത്തില്‍ നിന്ന് വ്യക്തം. ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഇമാം ഖുര്‍ത്വുബി(റ)യെ ഉദ്ധരിക്കുന്നു: നോമ്പിന്‍റെ നിബന്ധനകളും ചിട്ടകളുമെല്ലാം കൃത്യമായി പരിഗണിച്ചും ശ്രദ്ധിച്ചും നോമ്പനുഷ്ഠിക്കുന്നവരില്‍ തെറ്റുകള്‍ കുറവായിരിക്കും. റമളാനില്‍ തിന്മകള്‍ കുറയുമെന്നര്‍ത്ഥം. അത് നമുക്ക് ബോധ്യപ്പെടുന്നതുമാണ്. ഇതര കാലങ്ങളെ അപേക്ഷിച്ച് റമളാനില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവത്രെ. പിശാചിനെ ബന്ധിക്കുന്നുവെന്നത് കൊണ്ടു മാത്രം ഒരു തെറ്റും സംഭവിക്കുകയില്ല എന്ന് വരില്ല. കാരണം തെറ്റുകള്‍ക്കിടയാക്കുന്ന വേറെയും കാരണങ്ങളുണ്ടല്ലോ. മോശമായ മനസ്സുകള്‍, ദുഷിച്ച ശീലങ്ങള്‍, മനുഷ്യപിശാചുക്കള്‍ തുടങ്ങിയവ അതില്‍ പെട്ടതത്രെ (ഫത്ഹുല്‍ബാരി).

സ്വയം മാറാനും നന്മ പ്രവര്‍ത്തിക്കാനും തിന്മകളില്‍ നിന്ന് മാറിനില്‍ക്കാനും തയ്യാറാവുകയെന്നത് പ്രധാനമാണ്. റമളാന്‍ മാസത്തിന്‍റെ പവിത്രത നഷ്ടപ്പെടുത്തുന്ന വിചാരമുണ്ടാകുമ്പോള്‍ അതിനനുസൃതമായ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമുണ്ടാകും. അപ്പോള്‍ പിശാചില്‍ നിന്ന് രക്ഷനേടാനാകും.

നോമ്പെന്ന കവചം

പിശാചില്‍ നിന്ന് രക്ഷ പ്രാപിക്കുന്നതിനുള്ള പ്രധാനമായൊരു കവചമാണ് നോമ്പ്. കാരണം വിശക്കുന്ന വയറുള്ളവന്‍ പിശാചിന് അപ്രാപ്യനാണ്. യഹ്യാ നബി(അ) പിശാചിനെ കണ്ട രംഗം ഇബ്നു അസാകിര്‍(റ) ഉദ്ധരിക്കുന്നുണ്ട്: ഇബ്ലീസിന്‍റെ ശരീരത്തില്‍ ധാരാളം തൂക്കുസഞ്ചികള്‍ കണ്ട് യഹ്യാ നബി(അ) ചോദിച്ചു: എന്താണ് ഈ തൂങ്ങിക്കിടക്കുന്നത്? ഇത് മനുഷ്യനെ പിടികൂടുന്ന മോഹങ്ങളും വികാരങ്ങളുമാണ് എന്നായിരുന്നു ഇബ്ലീസിന്‍റെ മറുപടി. അപ്പോള്‍ യഹ്യാ നബി(അ) ചോദിച്ചു: അതില്‍ എനിക്കുള്ള വല്ലതുമുണ്ടോ? ഇല്ലെന്ന് ഇബ്ലീസ്. യഹ്യാ നബി(അ): എന്‍റെ അടുത്തുനിന്ന് വല്ലതും ലഭിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവോ? ഇബ്ലീസിന്‍റെ മറുപടി: വല്ലപ്പോഴും വയര്‍ നിറച്ച് ഭക്ഷണം കഴിച്ചാല്‍ നിസ്കാരത്തില്‍ നിന്നും ദിക്റില്‍ നിന്നും താങ്കളെ ഞാന്‍ അശ്രദ്ധനാക്കും. യഹ്യാ നബി(അ): മറ്റെന്തെങ്കിലും? ഇല്ലെന്നായി ഇബ്ലീസ്. അപ്പോള്‍ യഹ്യാ(അ) പ്രതിവചിച്ചു: എന്നാല്‍ ഞാനിനിയൊരിക്കലും വയര്‍ നിറച്ച് ഭക്ഷണം കഴിക്കില്ല (താരീഖുദിമശ്ഖ്).

വയര്‍ നിറക്കുന്നത് ആരോഗ്യപരമായ പ്രശ്നങ്ങള്‍ മാത്രമല്ല, ആത്മീയമായും പ്രശ്നങ്ങളുണ്ടാക്കും. അത് വഴി ശരീരത്തിനുണ്ടാകുന്ന ക്ഷീണവും ആലസ്യവും മൂലം ഇബാദത്തുകളിലും ഉത്തരവാദിത്തങ്ങളിലും കൃത്യത പുലര്‍ത്താനാകില്ല. ഭക്ഷണം കുറക്കുന്നതിന്‍റെ ഗുണം ആത്മീയവിജ്ഞാന ഗ്രന്ഥങ്ങളില്‍ ധാരാളം വിവരിക്കുന്നത് കാണാം. പിശാചിനെ സംബന്ധിച്ചിടത്തോളം മനുഷ്യനില്‍ കടന്നുകൂടാനുപയുക്തമായ ദുര്‍വിചാരവികാരങ്ങള്‍ക്ക് വിശ്വാസിയുടെ വിശപ്പ് തന്നെ പരിഹാരമാണെങ്കില്‍ നോമ്പ് എന്ന അതിമഹത്തായ ഇബാദത്തിന്‍റെ ഭാഗമായ വിശപ്പ് സഹിക്കല്‍ പിശാചിന് ഭേദിക്കാനാവാത്ത പ്രതിരോധമാണ്.

റമളാനും നരകവും

പാരത്രിക ലോകത്ത് പ്രതിഫലത്തിന്‍റെ ഭവനവും ശിക്ഷയുടെ ഭവനവുമുണ്ടെന്നും അത് സ്വര്‍ഗനരകങ്ങളാണെന്നും മുസ്ലിം വിശ്വസിക്കുന്നു. വിശ്വാസവും പ്രവര്‍ത്തനവും വഴി അവ രണ്ടും നേടാന്‍ സാധിക്കും. ശരിയായ വിശ്വാസത്തോടെ സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും അബദ്ധങ്ങള്‍ സംഭവിച്ചാല്‍ പശ്ചാത്തപിക്കുകയും പാപങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് സ്വര്‍ഗം നേടാനുള്ള ഉപാധി. എന്നാല്‍ നരകത്തിലേക്കടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ധാരണകള്‍ക്കും ആകര്‍ഷണം കൂടുതലാണ്. നബി(സ്വ) പറഞ്ഞു: നരകത്തിന് മറവെച്ചിരിക്കുന്നത് മോഹിപ്പിക്കുന്ന കാര്യങ്ങള്‍ കൊണ്ടാണ്. സ്വര്‍ഗത്തിന് മറവെച്ചിരിക്കുന്നത് രസകരമല്ലാത്ത കാര്യങ്ങള്‍ കൊണ്ടുമാണ് (ബുഖാരി). സ്വര്‍ഗം നേടാന്‍ അല്ലാഹുവിന്‍റെ കല്‍പനകളും നിരോധനങ്ങളും സ്വീകരിച്ച് തന്നിഷ്ടങ്ങളും വികാരങ്ങളും അവഗണിച്ച് ജീവിക്കേണ്ടതുണ്ട്. നരകപ്രവേശനത്തിനാണെങ്കില്‍ തന്നിഷ്ടപ്രകാരം വിശ്വസിച്ചും പ്രവര്‍ത്തിച്ചും ജീവിച്ചാല്‍ മതി. അതിനായി പ്രാര്‍ത്ഥിക്കണമെന്ന് പോലുമില്ല. മനുഷ്യ ദൗര്‍ബല്യങ്ങള്‍ ഇസ്ലാം വിലക്കിയ കാര്യങ്ങളിലേക്കാണ് മനുഷ്യനെ ക്ഷണിക്കുക. അവയാകട്ടെ നരകത്തിന്‍റെ മറപൊളിച്ച് അതിനകത്ത് വീഴാന്‍ കാരണമാവുകയും ചെയ്യും.

നരക വാതിലുകള്‍

റമളാന്‍ മാസത്തില്‍ നരക പ്രവേശനത്തിന് കാരണമാകുന്ന കാര്യങ്ങളില്‍ നിന്നകലാനും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തുപോയവര്‍ക്ക് രക്ഷ നേടാനും അവസരം നല്‍കപ്പെടുന്നു. ഉപരി ഹദീസിന്‍റെ തുടര്‍ച്ചയില്‍ ഇങ്ങനെ കാണാം: നരക വാതിലുകള്‍ അടക്കപ്പെടും. പിന്നീട് റമളാന്‍ മാസത്തില്‍ ഒരു നരകവാതിലും തുറക്കപ്പെടില്ല (തുര്‍മുദി). നരകവാതിലുകള്‍ അടക്കപ്പെടുക എന്നാല്‍ നരകമുണ്ടെന്ന് വിശ്വസിക്കുകയും അതില്‍ നിന്ന് രക്ഷപ്പെടണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. ഇബ്നുഹജരിനില്‍ അസ്ഖലാനി(റ) എഴുതി: നരകവാതിലുകള്‍ അടക്കുക എന്നാല്‍ മനുഷ്യരെ നരകത്തിലേക്കെത്തിക്കുന്ന തെറ്റുകളിലുള്ള വിചാരത്തെ തിരിച്ചുകളയുക എന്നാണെന്നും നോമ്പെടുക്കുന്നവരുടെ മനസ്സുകള്‍ തിന്മകളുടെ മാലിന്യത്തില്‍ നിന്നും പരിശുദ്ധമായിത്തീരുന്നുവെന്നും വികാരങ്ങളെ അടക്കിവെക്കുക വഴി തെറ്റിന് പ്രേരകമായ കാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നുവെന്നുമാണ് (ഫത്ഹുല്‍ബാരി).

ബാബ് അഥവാ വാതില്‍ എന്ന പദം ഉപാധിക്ക് പ്രയോഗിക്കുന്നത് സര്‍വസാധാരണമാണ്. ദുആകളില്‍ അബ്വാബ റഹ്മതിക(റഹ്മത്തിന്‍റെ വാതിലുകള്‍), അബ്വാബ രിസ്ഖിക(ഭക്ഷണത്തിന്‍റെ വാതിലുകള്‍) എന്നിങ്ങനെ ഉപയോഗിക്കാറുണ്ടല്ലോ. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് നബി(സ്വ) പഠിപ്പിക്കുന്നതിങ്ങനെയാണ്: അല്ലാഹുവേ, നിന്‍റെ റഹ്മത്തിന്‍റെ വാതിലുകള്‍ എനിക്കു നീ തുറന്നുതരേണമേ (മുസ്ലിം). അതിനാല്‍ തന്നെ നരക പ്രവേശന കാരണങ്ങള്‍ വര്‍ജിക്കാന്‍ മുസ്ലിംകള്‍ക്ക് റമളാന്‍ കാലത്ത് അല്ലാഹുവില്‍ നിന്ന് പ്രത്യേക സഹായം ലഭിക്കും.

ജാഗ്രത പാലിക്കുക

പിശാചിന്‍റെ പ്രവര്‍ത്തനത്തിനും നരകത്തിന് കാരണമാകുന്ന കാര്യങ്ങളില്‍ നിന്ന് അകലാനും ഒത്തിണങ്ങിയ സമയം പരമാവധി ഉപയോഗപ്പെടുത്താനാണ് വിശ്വാസി ശ്രമിക്കേണ്ടത്. നമ്മെ ശല്യപ്പെടുത്താതിരിക്കാന്‍ അല്ലാഹു പിശാചിനെ തടഞ്ഞ സമയത്ത്, നാഥനെ ധിക്കരിച്ച് പിശാചിനെ അഴിച്ചുവിടരുത്. നന്മയിലേക്കാകര്‍ഷിക്കപ്പെടുന്ന കാലത്ത് അടക്കപ്പെട്ട നരക വാതിലുകള്‍ നാം തുറപ്പിക്കരുത്. റമളാനില്‍ അല്ലാഹു ഏര്‍പ്പെടുത്തിയ അനുകൂല സാഹചര്യം കൈവിട്ട് കളയുന്നത് മഹാനഷ്ടമായിരിക്കും.

ബന്ധിക്കപ്പെട്ട പിശാചിന് ഇനി ഒരിക്കലും എന്നെ സ്വാധീനിക്കാന്‍ സാധിക്കരുത് എന്ന വിചാരത്തില്‍ റമളാനിലും ശേഷവും നന്മകള്‍ വര്‍ധിപ്പിക്കണം. നോമ്പിന്‍റെ മഹത്ത്വം പരിപൂര്‍ണമായി ലഭിക്കുന്നതിന് നാം പഠിച്ച ചൊല്ലലും പറയലും ഓതലും കേള്‍ക്കലും ചെയ്യലും ശീലമാക്കണം. എങ്കില്‍ നമ്മുടെ നോമ്പിന് തിളക്കവും പ്രതിഫലവും കൂടും. തദ്ഫലമായി പിശാചിന്‍റെ കെണിയില്‍ നിന്ന് രക്ഷപ്പെടാനുമാകും. ഭീകരവും കടുത്തതുമായ ശിക്ഷകളുടെ സങ്കേതമായ നരകശിക്ഷയുടെ കാഠിന്യവും ഭയാനകതയും ആലോചിക്കുക. അതില്‍ നിന്ന് ദൂരത്താകാനായി ലഭിച്ച ഈ സുവര്‍ണാവസരം പാഴാക്കിക്കളയരുത്. കൊട്ടിയടക്കപ്പെട്ട നരകവാതിലുകള്‍ നാം തന്നെ നമുക്കെതിരായി തുറക്കരുത്. സത്യവിശ്വാസത്തിന്‍റെ സദ്ഫലങ്ങള്‍ കൊയ്തെടുക്കേണ്ട റമളാന്‍ കാലത്തിലെ അനുകൂല അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്.

പാപമോചനം

നരകപ്രവേശനത്തിന് കാരണാകുന്ന എന്തെങ്കിലും നമ്മുടെ ജീവിതത്തില്‍ വന്നോ എന്നതിനെ കുറിച്ച് കൃത്യമായ ധാരണ നമുക്കുണ്ടാവണമെന്നില്ല. സ്വര്‍ഗപ്രവേശനം തടയുന്ന പല അരുതായ്മകളുമുണ്ട്. നരകപ്രവേശനം എളുപ്പമാകുന്ന കാര്യങ്ങളായിരിക്കും അവ. അത്തരത്തില്‍ വല്ലതും നമ്മിലുണ്ടെങ്കില്‍ അതില്‍ നിന്ന് കൃത്യമായ മാര്‍ഗത്തിലൂടെ പൂര്‍ണമായ തൗബ ചെയ്ത് മോചനം നേടണം. പാപങ്ങളില്‍ നിന്ന് മോചനം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് റമളാന്‍. നോമ്പനുഷ്ഠാനവും തറാവീഹ് നിസ്കാരവും മുറപോലെ നടത്താന്‍ പാപമോചനം സാധ്യമാവുമെന്ന് നേരത്തെ സൂചിപ്പിച്ചു. നമ്മുടെ നോമ്പിന്‍റെയും നിസ്കാരത്തിന്‍റെയും സ്ഥിതി നാം ധരിക്കുന്നത് പോലെയാവണമെന്നില്ല. അതിനാല്‍ തൗബക്കും ഇസ്തിഗ്ഫാറിനും വലിയ പ്രാധാന്യമുണ്ട്. എന്തെങ്കിലുമൊരു പാപം വിലങ്ങ് നിന്നാല്‍ നമ്മുടെ സ്വര്‍ഗമോഹം പൂവണിയാതെ പോയേക്കാം.

തൗബ ചെയ്താല്‍ പാപത്തില്‍ നിന്നു ശുദ്ധനാകും. നബി(സ്വ) പഠിപ്പിച്ചു: തെറ്റില്‍ നിന്ന് പശ്ചാത്തപിക്കുന്നവന്‍ തെറ്റ് ചെയ്തിട്ടില്ലാത്തവനെ പോലെയാണ് (ഇബ്നുമാജ). വളരെ പ്രതീക്ഷ നല്‍കുന്ന വചനമാണിത്. സാഹചര്യത്തിന്‍റെ സമ്മര്‍ദത്താലോ മറ്റോ സംഭവിച്ച തെറ്റുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നുവെന്നാണല്ലോ ഇതിനര്‍ത്ഥം. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നാഥന്‍റെ തൗബ സ്വീകരിക്കുന്നവനാണ്. അതവന് ഇഷ്ടമുള്ള കാര്യമാണ്. തൗബതന്നെ ഒരു പുണ്യമാണ്. സത്യസന്ധമായ തൗബവഴി തിന്മ മായ്ക്കപ്പെടുകയും തല്‍സ്ഥാനത്ത് തൗബ എന്ന പുണ്യം രേഖപ്പെടുത്തുകയും ചെയ്യും. റമളാനിലെ മധ്യഭാഗം പാപമോചനത്തിന്‍റേതാണെന്ന് പ്രത്യേകം ഹദീസില്‍ വന്നിട്ടുണ്ട്.

റമളാനിലെ വളരെ സന്തോഷകരമായ ഒരു കാരുണ്യമാണ് നരകാവകാശികളായവരെ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നത്. റമളാനിനെ മാന്യമായി സ്വീകരിക്കുകയും പുണ്യകര്‍മങ്ങളനുഷ്ഠിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് നരകമോചനം ലഭിക്കും. റമളാന്‍ എന്നാല്‍ കരിച്ചുകളയുക എന്നാണല്ലോ. പാപങ്ങളെ കരിച്ചുകളഞ്ഞ് നന്മകളുടെ പ്രതിഫലം ഏറെ ലഭിച്ച് വിജയം നേടാനാവുന്നതിനാലാണിത്. റമളാനായാല്‍ ഇങ്ങനെ വിളിച്ചുപറയും: നന്മ കാംക്ഷിക്കുന്നവനേ മുന്നോട്ടു വരൂ. തിന്മ പ്രവര്‍ത്തിക്കുന്നവനേ അവസാനിപ്പിക്കൂ. അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന അടിമകളുണ്ട്. അത് എല്ലാ രാത്രികളിലുമുണ്ട് (തുര്‍മുദി). എല്ലാ ദിവസങ്ങളിലെയും നോമ്പ് തുറക്കുന്ന സമയത്ത് ചിലരെ നാഥന്‍ നരകമോചിതരാക്കും (അഹ്മദ്). അറുപതിനായിരം പേരാണ് ഓരോ രാത്രിയിലും പാപമുക്തരാക്കപ്പെടുന്നത്. പെരുന്നാള്‍ പകലില്‍, റമളാന്‍ മുപ്പത് നാളിലും മോചിതരാക്കപ്പെട്ടവരുടെ അത്ര പേരെ അല്ലാഹു മോചിപ്പിക്കും (ബൈഹഖി). റമളാനിലെ അവസാന ഭാഗം നരകമോചനത്തിന്‍റേതാണ് (ഇബ്നു ഖുസൈമ).

നരകമുക്തിക്ക് നിയോഗിക്കപ്പെട്ട അവസരമെന്ന നിലയില്‍ റമളാനിനെ പരിഗണിക്കാനായാല്‍ വിജയിക്കാം. അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സാധ്യമായ സല്‍കര്‍മങ്ങളെല്ലാം അനുഷ്ഠിക്കുകയും തിന്മകള്‍ പൂര്‍ണമായി വര്‍ജിക്കുകയും ചെയ്യുക എന്നത് ഈ സൗഭാഗ്യം ലഭിക്കാനാവശ്യമാണ്. അല്ലാഹു പ്രവാചകര്‍ വഴി നല്‍കിയ വാഗ്ദാനമാണിത്. വാഗ്ദാനം ലംഘിക്കാത്തവനാണ് അല്ലാഹു. അതിനാല്‍ വാഗ്ദത്തം ചെയ്യപ്പെട്ടതിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അത് വിഫലമാവുകയില്ല.

വിശുദ്ധി പരിഗണിക്കുക

നിര്‍ബന്ധമായ അനുഷ്ഠാനങ്ങള്‍ക്ക് പുറമെ റമളാനെന്ന അതിഥിയെ പരിഗണിച്ച് നമുക്കെന്ത് ചെയ്യാനാവും എന്ന് സ്വയം ആലോചിക്കേണ്ടതുണ്ട്. ഭൗതികമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ കാണിക്കുന്ന ശുഷ്കാന്തിയും ആത്മീയമായ മുന്നൊരുക്കത്തിലും വേണം. റമളാനിലെ സമയം മുഴുവന്‍ പുണ്യങ്ങളാല്‍ നിറക്കാനുള്ളതാണ്. അടിസ്ഥാനപരമായി അതിലെ ഒരു നിമിഷവും മറ്റ് കാലങ്ങളെ പോലെയല്ല. നന്മകളും സുകൃതങ്ങളുമാണതിനോട് യോജിച്ചത്. മറിച്ചാവുന്നത് മര്യാദകേടാണ്. നന്മ വര്‍ധിപ്പിക്കാനാവശ്യപ്പെട്ട് കടന്നുവരുന്ന റമളാനിന് നന്മ കാണിച്ച് കൊടുക്കണം. തിന്മയില്‍നിന്ന് മാറി നില്‍ക്കാനുള്ള അതിന്‍റെ ആഹ്വാനത്തെ അവഗണിച്ചുകൂടാ. റമളാനിന്‍റെ സന്ദേശം നന്നാവാനും രക്ഷ നേടാനും വിജയം വരിക്കാനുമാണ്. ഈ ഒരു മാസം റമളാനിന്‍റെ പവിത്രതയില്‍ നിന്ന് മാറിനില്‍ക്കാനാകില്ല. അതിനാല്‍ തന്നെ തെറ്റുകള്‍ സംഭവിക്കാനേ പാടില്ല. റമളാനില്‍ തിന്മ ചെയ്യുന്നതിന്‍റെ ഗൗരവം മറക്കരുത്.

നന്മ കണ്ടാണ് റമളാന്‍ വിടപറയേണ്ടത്. കാരണം കണ്ടത് പറയുന്ന സ്വീകാര്യനായ സാക്ഷിയാണ് റമളാന്‍. ഒരു മാസക്കാലത്തെ അനുഭവം റമളാനെതിരാവാതെ സൂക്ഷിക്കുന്നതിലാണ് വിജയം. എങ്കില്‍ റമളാന്‍ നമുക്കനുകൂലമായി സാക്ഷി നില്‍ക്കും. പ്രതികൂലമായി ഈ മാസം സാക്ഷിനിന്നാല്‍ അതും സ്വീകാര്യമാണെന്ന് മറക്കാതിരിക്കുക. ഈ ആശങ്കകൊണ്ടാണ് മുന്‍ഗാമികള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചത്: ‘അല്ലാഹുവേ, ശ്രഷ്ഠമായ ഈ റമളാന്‍ മാസത്തെ നീ ഞങ്ങള്‍ക്ക് അനുകൂല സാക്ഷിയാക്കേണമേ, പ്രതികൂല സാക്ഷിയാക്കരുതേ, ഞങ്ങള്‍ക്കനുകൂല പ്രമാണമാക്കേണമേ, പ്രതികൂലമായ പ്രമാണമാക്കരുതേ.’ നമ്മളും ഇത് പ്രാര്‍ത്ഥിക്കുക. ഒപ്പം അതിനനുകൂലമായ പ്രവര്‍ത്തനവും നമ്മില്‍ നിന്നുണ്ടാവണം. അങ്ങനെ ഈ റമളാന്‍ മാസത്തെ നമുക്ക് ഗുണകരമായ സാക്ഷിയാക്കാം.

You May Also Like
lets welcome ramalan-malayalam

റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍…

● ശുക്കൂര്‍ സഖാഫി വെണ്ണക്കോട്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

നോമ്പിന്റെ രീതിശാസ്ത്രം

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ