കരുണാവാരിധിയായ രക്ഷിതാവ് അടിയാറുകളുടെ വിമോചനത്തിനായി സംവിധാനിച്ച വസന്തമായിരുന്നു റമളാൻ. രണ്ടു മാസം മുമ്പേ മുതൽ വിശ്വാസികൾ അതൊന്നെത്തിച്ചേരാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ആത്മാർത്ഥതയിൽ മുന്നിൽ നിന്ന പൂർവികർ ആറുമാസം ഇതിൽ സന്നിഹിതരാവാനുള്ള ഭാഗ്യത്തിനായും മറ്റു മാസങ്ങളിൽ റമളാൻ സ്വീകാര്യമാകാനും പ്രാർത്ഥനാ നിരതരായിരുന്നുവത്രെ. എന്തായാലും നമ്മുടെ ഭാഗ്യം കൊണ്ട് ഈ വർഷവും വിശുദ്ധ മാസത്തെ സ്വീകരിക്കാനായി. പല രീതിയിലുള്ള ശോഷണം വന്നുവെങ്കിലും ഏറെക്കുറെ ആരാധനകൾ വർധിപ്പിച്ച് പാപമോചനത്തിനായർത്ഥിച്ച്, നരക രക്ഷക്കായി മനം പൊട്ടിക്കരഞ്ഞ് റമളാനിനെ യാത്രയക്കാനൊരുങ്ങുകയാണ് നാമിപ്പോൾ.കരുണാവാരിധിയായ രക്ഷിതാവ് അടിയാറുകളുടെ വിമോചനത്തിനായി സംവിധാനിച്ച വസന്തമായിരുന്നു റമളാൻ. രണ്ടു മാസം മുമ്പേ മുതൽ വിശ്വാസികൾ അതൊന്നെത്തിച്ചേരാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ആത്മാർത്ഥതയിൽ മുന്നിൽ നിന്ന പൂർവികർ ആറുമാസം ഇതിൽ സന്നിഹിതരാവാനുള്ള ഭാഗ്യത്തിനായും മറ്റു മാസങ്ങളിൽ റമളാൻ സ്വീകാര്യമാകാനും പ്രാർത്ഥനാ നിരതരായിരുന്നുവത്രെ. എന്തായാലും നമ്മുടെ ഭാഗ്യം കൊണ്ട് ഈ വർഷവും വിശുദ്ധ മാസത്തെ സ്വീകരിക്കാനായി. പല രീതിയിലുള്ള ശോഷണം വന്നുവെങ്കിലും ഏറെക്കുറെ ആരാധനകൾ വർധിപ്പിച്ച് പാപമോചനത്തിനായർത്ഥിച്ച്, നരക രക്ഷക്കായി മനം പൊട്ടിക്കരഞ്ഞ് റമളാനിനെ യാത്രയക്കാനൊരുങ്ങുകയാണ് നാമിപ്പോൾ.പതിവുരീതികളിൽ നിന്ന് ജീവിതം സമ്പൂർണമായി മാറ്റിവെക്കാനും ആത്മീയ പ്രാധാന്യത്തോടെ ഓരോ നിമിഷവും ചെലവഴിക്കാനും വിശ്വാസികൾക്ക് ഈയൊരു മാസം മുഴുവനായും സാധിച്ചതെങ്ങനെയാണ്? അവർക്ക് ഉദാത്തമായൊരു ലക്ഷ്യമുണ്ടായത് കൊണ്ടു തന്നെ. പരലോകമാകുന്ന അവസാനിക്കാത്തിടത്ത് സന്തോഷത്തോടെ ജീവിക്കാനാകണം. അതിന് അല്ലാഹു ഒരുക്കി തന്ന അവസരങ്ങൾ സമ്പൂർണമായി മുതലെടുക്കുകയും വേണം. അബൂബക്കർ(റ) പറയുന്നത് കാണാം. മുത്തും പവിഴവും തിളങ്ങുന്ന മാണിക്യവുമൊക്കെ ഉപയോഗിച്ച് അല്ലാഹു സ്വർഗത്തിൽ ചില കൊട്ടാരങ്ങൾ പണിയും. സ്വർണം കൊണ്ടാണ് അതിന്റെ അലങ്കാരം. വില കൂടിയ പട്ടുകൾ കൊണ്ട് വിരികളുണ്ടാക്കും. അതിന്റെ ചുമരിലൂടെ ജലധാരയും ചുറ്റുഭാഗവും ചാഞ്ഞ് നിന്ന് ശീതളഛായയേകുന്ന മരങ്ങളുമുണ്ടാവും. ഇത് നോമ്പെടുക്കുന്നവർക്കായി അല്ലാഹു സംവിധാനിക്കുന്നതാണെന്നും അർഹർക്കായി പെരുന്നാൾ ദിവസം തന്നെ മാറ്റി വെക്കുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (കൻസുൽ ഉമ്മാൽ).ഇങ്ങനെ തുടങ്ങി റമളാനിൽ പ്രത്യേകമായ പ്രാർത്ഥനാവസരവും തിരസ്‌കരിക്കപ്പെടാത്ത നോമ്പു തുറ സമയത്തെ പ്രാർത്ഥനയും പുണ്യങ്ങൾക്ക് പതിൻമടങ്ങ് പ്രതിഫലവും ഇസ്‌ലാമിക പ്രമാണങ്ങളിലുണ്ട്. എന്തിനധികം നോമ്പും ഖുർആനും വന്ന് ശിപാർശ ചെയ്ത് വിശ്വാസിയെ രക്ഷപ്പെടുത്തുക തന്നെ ചെയ്യും. തിരുനബി(സ്വ) പറഞ്ഞതിങ്ങനെ: നോമ്പും ഖുർആനും അല്ലാഹുവിന്റെ അടിയാറുകൾക്കായി അന്ത്യനാളിൽ ശിപാർശ ചെയ്യും. നോമ്പ് ബോധിപ്പിക്കും; ഞാൻ അവനെ ഭക്ഷണത്തിൽ നിന്നും കാമമോഹങ്ങൾ പരിഹരിക്കുന്നതിൽ നിന്നും പകൽ സമയം തടഞ്ഞുവെച്ചിരുന്നതിനാൽ അവന്റെ കാര്യത്തിൽ എന്റെ അപേക്ഷ നീ സ്വീകരിക്കണം. ഖുർആൻ പറയുമത്രെ; ഞാൻ അവന്റെ രാത്രികളെ ഉറക്കിൽ നിന്ന് തടഞ്ഞിരുന്നു. അതിനാൽ അവന്റെ വിഷയത്തിൽ എന്റെ ശിപാർശ നീ സ്വീകരിക്കണം. അങ്ങനെ അവയുടെ ശിപാർശകൾ സ്വീകരിക്കപ്പെടും. (ത്വബ്‌റാനി) ഇത്രമേൽ മഹത്ത്വവും പ്രതിഫലവും ലഭിക്കുന്ന റമളാനിനെ ബുദ്ധിയുള്ളവർ എങ്ങനെയാണ് പരിഗണിക്കാതിരിക്കുന്നത്.നോമ്പ് കാലത്ത് ആരാധനയർപ്പിക്കുക മാത്രമല്ല നാം ചെയ്തത്. തെറ്റുകളിൽ നിന്ന് പരമാവധി മാറി നിന്നു. നാവും കണ്ണും കാതും സൂക്ഷിക്കാൻ ശ്രമിച്ചു. വലിയൊരളവോളം അതിൽ വിജയിക്കുകയും ചെയ്തു. പലപ്പോഴും അവസരങ്ങൾ ഒന്നൊന്നായി മുന്നിലെത്തിയപ്പോഴും നിഷിദ്ധ ദർശനങ്ങളിൽ നിന്ന് മാറി നിന്നു. അങ്ങനെ തെറ്റുകൾ ചെയ്യാതെ ആരാധനകളിൽ മുഴുകുന്ന മാലാഖമാരുടെ ശൈലിയിലേക്ക് ഉയരുകയായിരുന്നു മനുഷ്യർ. നിസ്‌കാര സമയത്ത് ഭക്ഷണ പാനീയങ്ങളും ലൈംഗിക ബന്ധവും പാടില്ലെന്നതു ശരി. പക്ഷേ അത് ഏതാനും മിനുട്ടുകൾ മാത്രം നീണ്ടു നിൽക്കുന്നതാണ്. ശേഷം ഇത്തരം വിരോധങ്ങൾ നീങ്ങുന്നു. മനുഷ്യരുടെ ദേഹേച്ഛകളെ പ്രതിരോധിക്കാൻ നോമ്പിനു തുല്യം മറ്റൊന്നില്ലെന്നു സാരം. ഒപ്പം പ്രകടന പരത(രിയാഅ്) ഇല്ലാതെ നിർവഹിക്കാനുമാകുന്നു വ്രതാനുഷ്ഠാനം. അതു കൊണ്ടൊക്കെയാണല്ലോ മറ്റാരാധനകൾ അല്ലാഹുവിനായിട്ടും, അവക്കു പ്രതിഫലം നൽകുന്നതും അവൻ തന്നെയായിട്ടും നോമ്പെനിക്കുള്ളതാണ് അതിനു പ്രതിഫലം നൽകുന്നത് ഞാനാണെന്ന് റബ്ബ് പ്രത്യേകം പറഞ്ഞത്. ഇത്രയേറെ മനുഷ്യനെ പരിവർത്തിപ്പിക്കുന്ന ഒരാരാധനയിൽ ഒരു മാസക്കാലം ആസ്വദിച്ച് മുന്നേറുകയായിരുന്നു വിശ്വാസികൾ.അവരുടെ ഹൃദയം തഖ്‌വ നിറഞ്ഞതായിത്തീരാനും നോമ്പ് സഹായിച്ചു. ഈ പുണ്യ കർമം നിർബന്ധമാണെന്നു കൽപ്പിക്കുന്ന ബഖറ 183-ാം സൂക്തത്തിൽ അതിന്റെ സദ്ഫലം പറയുന്നത് തഖ്‌വയുണ്ടാകുമെന്നാണല്ലോ. തഖ്‌വയെന്ന പദം ഭയം, വിശ്വാസം, പ്രായശ്ചിത്തം, വഴിപ്പെടൽ, ദോഷങ്ങളുപേക്ഷിക്കൽ, ആത്മാർത്ഥത പോലുള്ള ആശയങ്ങളിലാണ് ഖുർആൻ ഉപയോഗിച്ചിട്ടുളളത് (തഫ്‌സീർ റാസി 1/193). ഈ വ്യത്യസ്ത അർത്ഥങ്ങളെല്ലാം മേളിച്ച തഖ്‌വയുടെ രൂപമാണ് വിശ്വാസികൾക്ക് നോമ്പ് നൽകിയത്. അല്ലാഹുവിനെ ഭയന്ന് ദുഃഖപരവശരായി ആഖിറത്തിലും ഖബർ, പുനഃരുത്ഥാനം പോലുള്ള അദൃശ്യങ്ങളിലും അവർ വിശ്വാസം കടുപ്പിച്ചു, വഴിപ്പെടലിന്റെ ഭാഗമായി ഫർളും സുന്നത്തുമടങ്ങിയ നിരവധി ആരാധനകൾ കൊണ്ട് സജീവമായി. സ്വദഖയും സകാതും മുറക്ക് കൊടുത്തു. നാടെങ്ങും വ്യാപകമായ റിലീഫ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. എല്ലാം അല്ലാഹുവിനുള്ള വഴിപ്പെടലായി തന്നെ. അബദ്ധത്തിൽ പോലും ദോഷങ്ങൾ വരാതെ ശരീരത്തെ സൂക്ഷിക്കുകയും ഇതിലൊക്കെയും ആത്മാർത്ഥത കാണിക്കുകയും ചെയ്തു. വിശ്വാസികളെ റമളാനിൽ മുഴുവൻ മുന്നോട്ട് നയിച്ചത് തഖ്‌വയായിരുന്നുവെന്നർത്ഥം. തഖ്‌വയുടെ അടിസ്ഥാന നിർവചനം കൽപനകൾ പാലിക്കലും നിഷിദ്ധങ്ങൾ ഉപേക്ഷിക്കലുമെന്നാണല്ലോ. ഈ മാസം നമുക്കതിന് സാധിച്ചിട്ടുണ്ട്. ഇനിയുമത് തുടരുവാനാകുമ്പോഴാണ് നോമ്പ് കൊണ്ട് തഖ്‌വ സമ്പാദിച്ചവരായി നാം മാറുകയുള്ളു.ആരോടും വിദ്വേഷമില്ലാത്ത, ദീനിന്റെ കാര്യത്തിൽ സ്‌നേഹിക്കാനും പിണങ്ങാനും കഴിയുന്ന, കുടുംബത്തിനും മറ്റു ജനങ്ങൾക്കും നന്മ മാത്രം ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആർദ്രമായ മനസ്സും അന്യരുടെ  ദുഃഖങ്ങളിൽ തപിക്കുന്ന ഹൃദയവുമുള്ളവനാണ് മാതൃകാ യോഗ്യനായ വിശ്വാസി. ഇവരാണ് ഖുർആൻ പറഞ്ഞ നല്ലവർ അഥവാ മുഹ്‌സിനീങ്ങൾ. ഇവർ തന്നെയാണ് ദൈവീക ഭയത്തിന്റെ ശരിയായ പ്രായോക്താക്കളും. സ്വർഗവും അനുഗ്രഹങ്ങളുമാണ് ഇത്തരം സദ്‌വൃത്തരെ കാത്തിരിക്കുന്നത്. ഖുർആൻ പറഞ്ഞതോർക്കുക: നിശ്ചയം തഖ്‌വയുള്ളവർ സ്വർഗത്തിലും അരുവികളിലുമായിരിക്കും. അവരുടെ രക്ഷിതാവ് നൽകുന്നത് ആസ്വദിച്ചു കൊണ്ടിരിക്കും. മുമ്പേ നല്ലവരായിരുന്നുവല്ലോ അവർ (അദ്ദാരിയാത്ത്/15,16). ഇങ്ങനെയുള്ള മാതൃകാ യോഗ്യരായ നിരവധി മുസ്‌ലിംകളെ വാർത്തെടുത്താണ് വിശുദ്ധമാസം വിട പറയുന്നത്.റമളാനിലെ പുണ്യങ്ങളിൽ ഒട്ടുമിക്കതും ശേഷക്കാലവും നമുക്ക് അനുഷ്ഠിക്കാനാവുന്നതാണ്. ഖുർആൻ പാരായണം. സുന്നത്ത് നിസ്‌കാരങ്ങൾ, സ്വദഖ, ഇഅ്തികാഫ്, നോമ്പുകൾ, മിതത്വം, തെറ്റുകളിൽ നിന്ന് അകലം പാലിക്കൽ പോലുള്ളവയെല്ലാം. ഇതെല്ലാം ഒഴിഞ്ഞു പോകാതെയുള്ള ജീവിതം നമുക്ക് ഇനിയും സാധിക്കണം, അങ്ങനെ പുതുക്കം പ്രാപിച്ച വിശ്വാസികളായി നാം സമ്പൂർണമായി മാറണം.എങ്കിൽ ആത്മനിർവൃതിയോടെയായിരിക്കും ഈ റമളാനിനു നാം വിട ചൊല്ലുന്നത്. റയ്യാൻ കവാടത്തിലൂടെ സ്വർഗത്തിലേറാൻ നമുക്ക് സാധിക്കുകയും ചെയ്യും. ഈ യാത്രയയപ്പ് നമ്മുടെ അവസാനത്തേതാവാതിരിക്കാൻ ആത്മാർത്ഥമായി നാം പ്രാർത്ഥിക്കുക. അസ്സലാമുഅലൈക യാ ശഹ്‌റ റമളാൻ!

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ