ISLAM and Its Beauty- malayalam

അറിവാണ് വിശ്വാസ ജാലകം തുറക്കുന്നത്. അറിയാനുള്ള ജാലകങ്ങളാകട്ടെ പഞ്ചേന്ദ്രിയങ്ങളിലൂടെയും ബുദ്ധിശക്തിയിലൂടെയും അല്ലാഹു നമ്മിൽ സംവിധാനിച്ചു. സുഭദ്രവും സൗകര്യപ്രദവുമായ സ്ഥാനത്ത് ബീജ രൂപത്തിൽ നിക്ഷേപിക്കപ്പെട്ട അവസ്ഥയായിരുന്നു ആദ്യം. സുന്ദരമായ രൂപം പ്രാപിച്ചു മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിൽ

ഭൗമ ലോകത്ത് വിന്യസിക്കപ്പെടുന്നത് അതീവദുർബലതയിലും. കുടിക്കാനുള്ള അമ്മിഞ്ഞ വരെ മാതൃസഹായത്തോടെ ലഭിക്കണം. മനുഷ്യേതര ജീവികളുടെ കുഞ്ഞുങ്ങൾ രുചികരമായ ഭക്ഷണം എവിടെയെന്ന് പരസഹായമില്ലാതെ കണ്ടുപിടിക്കുന്നു. കോഴിക്കുഞ്ഞുങ്ങൾ മുട്ടയിൽനിന്ന് പുറത്തുചാടിയത് മുതൽ അതിനുവേണ്ട ഭക്ഷണത്തിലേക്ക് തിരിയുന്നു. എന്നാൽ മനുഷ്യ കുഞ്ഞുങ്ങൾ ഈ ഘട്ടത്തിൽ വല്ലാതെ കരയുകയായിരിക്കും. ഘട്ടംഘട്ടമായുള്ള വിജ്ഞാന വികാസമാണ് ഓരോ മനുഷ്യനിലും നടക്കുന്നത്. ഗർഭാവസ്ഥയിൽ നിന്നും പുറത്തുവന്ന മനുഷ്യക്കുഞ്ഞ് ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കാനും കാണാത്ത കാഴ്ചകൾ കാണാനും വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കാനും തുടങ്ങുന്നു. സ്വന്തം സമ്മതത്തോടെയോ തീരുമാനത്തോടെയോ അല്ല അവൻ ഇവിടേക്കു വന്നത്. ഒന്നുമേ അറിയാത്ത അവനിൽ കാഴ്ചശക്തിയും കേൾവിശക്തിയും മനസ്സിലാക്കാനുള്ള ശക്തിയും യജമാനൻ അവനോട് ചോദിക്കാതെയാണ് സംവിധാനിച്ചിട്ടുള്ളത്. കൃത്രിമ കാഴ്ചയോ കൃത്രിമ കേൾവിയോ കൃത്രിമ ഹൃദയമോ ഒന്നുമല്ല അവനിൽ സംവിധാനിച്ചിട്ടുള്ളത്. എല്ലാം ഒറിജിനൽ! ബീജം, രക്തപിണ്ഡം, മാംസപിണ്ഡം പിന്നെ മാംസം കൊണ്ട് പൊതിഞ്ഞ അസ്ഥികൂടം. സ്രഷ്ടാവിന്റെ അത്ഭുതകരമായ സൃഷ്ടിപ്പിൽ അവൻ തികഞ്ഞൊരു മനുഷ്യനായി രൂപാന്തരപ്പെട്ടു. ഒന്നും അറിയാത്തവനെ ഓരോന്നോരോന്നു അറിയിക്കാൻ  തുടങ്ങി, പഞ്ചേന്ദ്രിയങ്ങളിലൂടെ. അതീവ ദുർബലതയെ മാറ്റിനിർത്തി ശക്തികൊടുത്ത് അജയ്യനാക്കി. ‘അല്ലാഹു നിങ്ങളുടെ ഉമ്മമാരുടെ ഗർഭപാത്രത്തിൽ നിന്നും നിങ്ങൾക്ക് ഒന്നും അറിയാത്ത അവസ്ഥയിൽ പുറത്തേക്ക് കൊണ്ടുവന്നു. നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയവും അവൻ സംവിധാനിച്ചു. നിങ്ങൾ നോടു നന്ദിയുള്ളവരാകാൻ വേണ്ടി’ (അന്നഹ്‌ല്: 78).

കണ്ണിലും കരളിലും കാതിലുമെല്ലാം സൃഷ്ടികൾക്ക് നിഗൂഹനം ചെയ്യാൻ കഴിയാത്ത ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞുകിടക്കുന്നു. ഭൗതികതയുടെ പണിയാലയിലെ ആയുധങ്ങൾക്ക് കണ്ടെത്താൻ കഴിയാത്ത നിരവധി രഹസ്യ കോഡുകളുണ്ട്. അവയെ ചേതന എന്ന് വിളിക്കാമെങ്കിൽ, ഈ മേൽവിലാസത്തിൽ ചൈതന്യം സംവിധാനിച്ച ശക്തിയെ അറിഞ്ഞു വണങ്ങി ആരാധിക്കുകയാണ് നമുക്കു ചെയ്യാനുള്ളത്.

നല്ലതും അല്ലാത്തതും തിരിച്ചറിയാനുള്ള വകതിരിവും ബുദ്ധിയും യുക്തിയും സംവിധാനിച്ച  യജമാനൻ സൃഷ്ടികളോട് പറയുന്നത് അവന്റെ കഴിവ് അംഗീകരിച്ച് അവനെ ആരാധിക്കാനാണ്. നന്ദി പ്രകാശനം അടിമകൾക്ക് അവൻ വച്ചിട്ടുള്ളതാണ്. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹ സ്രോതസ്സുകൾ സ്രഷ്ടാവിനെ ആരാധിക്കാനായി ഉപയോഗപ്പെടുത്തുമ്പോഴാണ് അത് നന്ദി പ്രകാശനമായി പരിണമിക്കുന്നത്. ‘അല്ലാഹുവിനെ നിങ്ങൾ ആരാധികുക. നിങ്ങൾ നന്ദിചെയ്യുന്നവരിൽ ഉൾപ്പെടുക’ (അസ്സുമർ: 66). വണക്കത്തിന്റെയും വഴങ്ങിക്കൊടുക്കുന്നതിന്റെയും അനുസരണയുടെയും പാരമ്യം നാം ഏകനായ അല്ലാഹുവിന് സമർപ്പിക്കുന്നു. അവൻ സ്വയം  പര്യാപ്തനാണ്. എല്ലാവരെയും എല്ലാത്തിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അവനാണ്. മറ്റൊന്നിനെയും മറ്റാരെയും ആശ്രയിക്കേണ്ട അവസ്ഥയില്ലാത്ത ഏകനായ അല്ലാഹുവിന് അടിമകൾ സമർപ്പിക്കുന്ന ഈ ഇബാദത്ത് വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് സ്വീകരിക്കപ്പെടുന്നത്.

 

വിശ്വാസത്തിന്റെ ഭംഗി

സൃഷ്ടിപ്പിന്റെ മഹാത്ഭുതമായ മനുഷ്യ ശരീരത്തിന്റെ അകത്തുള്ള ഹൃദയത്തിലാണ് വിശ്വാസത്തിന്റെ ആസ്ഥാനമുള്ളത്. ചുരുട്ടിപ്പിടിച്ച ഒരു മുഷ്ടിയോളമേ അതിനു വലുപ്പമുള്ളൂ. ശരീരത്തിലെ രക്തചംക്രമണ വ്യൂഹത്തിലെ കേന്ദ്രഭാഗമായ പമ്പാണ് ഹൃദയം. ഇവിടെയാണ് വിശ്വാസം എന്ന അത്ഭുതം നടക്കുന്നത്. കീറിമുറിച്ചു നോക്കിയാലൊന്നും കാണാൻ കഴിയാത്ത പ്രതിഭാസങ്ങളിലൊന്ന്. ചിന്ത, വികാരം, സ്‌നേഹം, വെറുപ്പ്, അസൂയ, ദേഷ്യം, ക്രോധം, വിശപ്പ്, ദാഹം, മോഹം, ആഗ്രഹം തുടങ്ങി ശരീരത്തിനുള്ളിൽ നടക്കുന്ന പലതും നമ്മുടെ ഇന്ദ്രിയാനുഭവങ്ങൾക്കപ്പുറമാണ്. അദൃശ്യനായ മഹാശക്തിയുടെ ഓരോരോ വിലാസങ്ങൾ ഓരോ സൃഷ്ടിയിലും നടക്കുന്നു.

സ്രഷ്ടാവിനെ വണങ്ങി ജീവിക്കണമെങ്കിൽ വിശ്വാസത്തിന്റെ സുന്ദരമായ ഭാവങ്ങൾ ഹൃദയത്തിലനുഭവിക്കണം. ഹൃദയം സ്വീകരിച്ചു സ്ഥിരപ്പെടുത്തുന്നതോ നിരാകരിച്ച് തള്ളിക്കളയുന്നതോ ആണ് ‘അഖീദ’. സ്വീകരിച്ചു സ്ഥിരപ്പെടുത്തുന്നത് വിശ്വാസവും തള്ളിക്കളയുന്നത് അവിശ്വാസവും. സ്വന്തം അറിവനുഭവത്തിൽനിന്ന് സ്വീകരിച്ച് സ്ഥിരപ്പെടുത്തിയത് തന്നെ ശരിയായ വിശ്വാസമാകാം, അതല്ലെങ്കിൽ അതിന് വിപരീതമാകാം. വിശ്വാസങ്ങളിൽ ഏറ്റവും തിളക്കമുള്ളത് ഏകനായ ദൈവത്തിലുള്ള വിശ്വാസമാണ്. സകലലോക സ്രഷ്ടാവിന്റെ ആസ്തിക്യം അംഗീകരിച്ച അടിമകളായി ജീവിക്കുന്നതിന്റെ സൗന്ദര്യം മറ്റൊരു ജീവിത വ്യാപാരത്തിനുമില്ല. ഈമാൻ എന്നതിന്റെ ഭാഷാപരിധിയിൽ വരുന്നത് ഒരു മനുഷ്യൻ ഹൃദയംകൊണ്ട് വിശ്വസിക്കുകയും നാവുകൊണ്ട് സമ്മതിച്ചു പറയലുമാണല്ലോ. ദൈവശാസ്ത്ര പണ്ഡിതന്മാരുടെ ഭാഷയിൽ വിശ്വാസമെന്നത് ഹൃദയം കൊണ്ട് അംഗീകരിക്കുകയും നാവുകൊണ്ട് സമ്മതിച്ചു പറയുകയും റുക്‌നുകൾകൊണ്ട് കർമനുഷ്ഠിക്കലുമാകുന്നു. ഈ ഘടകങ്ങളിൽ വീഴ്ചവരുത്തുന്നവൻ വിശ്വാസത്തെ പുൽകിയവനല്ല. സംശയങ്ങൾ ഒന്നുമേ കടന്നു കൂടാത്ത വിശ്വാസദൃഢതയാണ് ഒരടിമക്ക്  വല്ലാത്ത സന്തോഷം നൽകുക. ‘നിശ്ചയം അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിച്ച് സംശയമേതുമില്ലാതെ സമ്പാദ്യവും ശരീരവുമെല്ലാം അവന്റെ മാർഗത്തിൽ ത്യാഗം ചെയ്യുന്നവരാണ് സത്യം പുലർത്തിയ വിശ്വാസികൾ’ (അൽഹുജറാത്ത്: 15).

 

#നവാഗതർ ഇസ്‌ലാമിലേക്ക് വരുമ്പോൾ

ഏകനായ ദൈവത്തിന്റെ ആസ്തിക്യത്തിൽ വിശ്വസിക്കുന്നവർക്കിടയിലേക്ക് കടന്നുവരുന്ന ഏതൊരാളും നിറമോ കുലമോ മഹിമയോ രൂപമോ ഭാഷയോ ഒന്നുമേ പരിഗണിക്കാതെ ഹൃദയ തുറസ്സിൽ വിരിഞ്ഞ, നാവിൽനിന്നു പൊഴിഞ്ഞ ‘അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്’ മാത്രം മൂല്യമുള്ള രേഖയായി പരിഗണിക്കുന്നു. കഴിഞ്ഞ കാലത്തിലെ ചരിതങ്ങൾ ഒന്നുമേ അവനെ വ്യാകുലപ്പെടുത്തില്ല. ജീവിതത്തിൽ ഇതുവരെയുണ്ടായ ഇടർച്ചകളോ  കൈമെയ്‌നാക്കു പിഴകളോ ജാതീയതയുടെ പേരിൽ അനുഭവിക്കേണ്ടിവന്ന യാതനകളോ വഴിയിൽ വിലങ്ങുകളാകുന്നില്ല. അറുപതാം വയസ്സിൽ ഇസ്‌ലാമിലേക്ക് വന്നാലും പിറന്നയുടനെയുള്ള കുഞ്ഞിനെപ്പോലെ ശുദ്ധരും നിഷ്‌കളങ്കരുമാണ് നവാഗതർ. പത്തു വയസ്സുള്ള കുട്ടിയുടെ നിഷ്‌കളങ്കതയോടെയാണ് കമലാസുറയ്യ കബറിടം പൂകിയത്. ഇനിയങ്ങോട്ട് പാവപ്പെട്ടവനന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വിശ്വാസികളിൽ ഒരുവനായി, കൂടുതൽ ഭക്തിയുണ്ടെങ്കിൽ അവരിൽ ഒന്നാമനായി രക്ഷിതാവിന്റെ അരികിലേക്കു സംതൃപ്തനായി മടങ്ങാം. ശഹാദത്ത് കലിമ മനസ്സറിഞ്ഞ് പ്രഖ്യാപിച്ചതോടെ മുസ്‌ലിംകൾ അനുഭവിക്കുന്ന ഇസ്‌ലാമിലെ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും നിയമങ്ങളും അവർക്കും ബാധകമാകുന്നു. പ്രവാചകന്മാരെ കുറിച്ച് പറയുന്നിടത്ത് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവൻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും നിശ്ചയം മുഹമ്മദ് അവന്റെ അടിമയും പ്രവാചകനുമാണെന്നും നിശ്ചയം ഈസ(അ) അവന്റെ അടിമയും പ്രവാചകനും മറിയം ബീവി(റ)യിൽ നിക്ഷേപിച്ച വചനവുമാണെന്നും അവന്റെ നിശ്ചയ പ്രകാരം മാതാപിതാ സംഗമമില്ലാത്ത അവസ്ഥയിൽ സൃഷ്ടിതമായ സ്വതന്ത്രമായ ആത്മാവാണെന്നും സാക്ഷ്യപ്പെടുത്തി സ്വർഗം സത്യമാണ്, നരകം സത്യമാണ് എന്ന് സാക്ഷ്യം പറഞ്ഞാൽ കർമങ്ങളുടെ തോതനുസരിച്ച് അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.’ ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും സാക്ഷ്യം പറഞ്ഞവർക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു’ (29/അൽഈമാൻ). അദൃശ്യമായ കാര്യങ്ങളിൽ ഏറ്റവും വലിയ അദൃശ്യമായ അല്ലാഹുവിന്റെ ആസ്തിക്യത്തിൽ വിശ്വസിക്കുന്നതോടെ വളരെ ചിന്തനീയമായ ജീവിത പരിസരത്താണ് അവന്റെ കർമമണ്ഡലം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ