water -malayalam

കുടിക്കാനും കുളിക്കാനും പാചകത്തിനും കൃഷിക്കും നിർമാണ പ്രവർത്തനങ്ങൾക്കുമെല്ലാം ജലം ആവശ്യമാണ്. വ്യത്യസ്തമായ ആവശ്യങ്ങൾക്കുപയോഗിക്കാൻ പറ്റും വിധം വെള്ളത്തെ സംവിധാനിച്ച് പ്രപഞ്ചനാഥൻ നമ്മെ അനുഗ്രഹിച്ചു. മനുഷ്യനും അവനുവേണ്ടി സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങളഖിലവും ജലത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയിൽ വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ശാരീരികമായ അസ്തിത്വം തന്നെ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അമേരിക്കയിലെ സൊസൈറ്റി ഫോർ ബയോകെമിസ്ട്രി ആന്റ് മോളിക്യൂലർ ബയോളജി പ്രസിദ്ധീകരിക്കുന്ന ജേർണൽ ഓഫ് ബയോകെമിസ്ട്രിയുടെ 158-ാം വാള്യത്തിൽ എച്ച്.എച്ച് മിഷേൽ, ടി.എസ് ഹാമിൽട്ടൺ, എഫ്.ആർ സ്റ്റെഗേഡ, എച്ച്.ഡബ്ല്യൂ ബീൻ എന്നീ പ്രശസ്ത ശാസ്ത്രജ്ഞർ ചേർന്നെഴുതിയ കോമ്പോസിഷ്യൻ ഓഫ് ഹ്യൂമൻ ബോഡി എന്ന പ്രബന്ധത്തിൽ പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ ഘടകങ്ങളുടെ അളവിന്റെ ചാർട്ട് പ്രസിദ്ധപ്പെടുത്തിയതു കാണാം. അതിൽ വെള്ളത്തിന്റെ മൊത്തം അളവ് 67.85 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ അവയവത്തിലെയും ജലത്തോത് പരാമർശിക്കുന്നത് ഇങ്ങനെ: തൊലി 64.08, എല്ല് 31.81, പല്ല് 5, പേശികൾ 79.52, മസ്തിഷ്‌കം 73.33, ഹൃദയം 73.69, കരൾ 71.46, ശ്വാസകോശം 83.74, പ്ലീഹ 70.69 വൃക്ക 79.47, പാൻക്രിയാസ് 73.08 (പേ. 628).

കുട്ടികളിലും സ്ത്രീകളിലും പുരുഷനെ അപേക്ഷിച്ച് ജലത്തിന്റെ തോത് വ്യത്യസ്തമാണ്. ചെറിയ കുഞ്ഞിൽ 78 ശതമാനത്തിൽ തുടങ്ങി കീഴ്‌പോട്ടാണ് രേഖപ്പെടുത്തിയത്. വൃദ്ധനാവുമ്പോൾ ഇത് 50 ശതമാനത്തിലെത്തുന്നു.

മനുഷ്യൻ വെള്ളത്തിൽ നിന്ന്

നമ്മുടെ ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങൾ നിലനിൽക്കുന്നതിന് വെള്ളമാവശ്യമാണ്. മനുഷ്യജീവിതത്തിന്റെ ആരംഭം തന്നെ വെള്ളത്തിൽ നിന്നാണ്. പ്രഥമ മാതാവും പിതാവുമല്ലാത്തവരെല്ലാം അങ്ങനെയാണ് ജന്മമെടുത്തത്. ജീവികളെയും മനുഷ്യരെയും വെള്ളത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

‘വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനാണ്അല്ലാഹു. എന്നിട്ടവനെ വിവാഹ ബന്ധവും രക്തബന്ധവുമുള്ളവനാക്കി. താങ്കളുടെ നാഥൻ ശക്തനത്രെ’ (അൽഫുർഖാൻ 54). മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭം മണ്ണിൽ നിന്നും തുടർന്ന് വെള്ളത്തിൽ നിന്നുമാണ്. ഖുർആൻ പറഞ്ഞു: ‘സൃഷ്ടിച്ചതിനെയൊക്കെ നല്ല നിലയിൽ സൃഷ്ടിച്ചവനാണ് അല്ലാഹു. മനുഷ്യ സൃഷ്ടി അവൻ ആരംഭിച്ചത് മണ്ണിൽ നിന്നാണ്. പിന്നീട് അവന്റെ സന്താന പരമ്പരയെ നിസ്സാരമായ വെള്ളത്തിന്റെ സത്തിൽ നിന്നുണ്ടാക്കി’ (അസ്സജദ 7,8).

മനുഷ്യന്റെ യാത്രാരംഭം തന്നെ ജലത്തിന്റെ സാന്നിധ്യത്തിലാണ്. ഉമ്മയുടെ ഗർഭത്തിലുള്ള സജ്ജീകരണങ്ങളെല്ലാം ജലനിബദ്ധമാണ്. പുറം ലോകത്തെത്തും വരെ ജലത്തിന്റേതായ ഒരു ആവാസ വ്യവസ്ഥയാണ് മനുഷ്യനുള്ളത്. ഇതര ജീവജാലങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ശരീരപ്രകൃതത്തിനും ആവാസ വ്യവസ്ഥക്കും അനുകൂലമായി കൂടിയും കുറഞ്ഞും ജലാംശം എല്ലാ ജീവികളിലുമുണ്ട്. സസ്യങ്ങളിലും അവയുടെ നിലനിൽപിനടിസ്ഥാനമായി ജലമുണ്ട്. ജീവിലോകത്തെ ചെറുതും വലുതുമായ എല്ലാത്തിന്റെയും സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തിൽ ജലസാന്നിധ്യം കാണാം. ഖുർആൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്: ‘അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തിൽ നിന്നു സൃഷ്ടിച്ചു. ആ സൃഷ്ടികളിൽ വയറിനുമേൽ ഇഴഞ്ഞു നീങ്ങുന്നവയും ഇരുകാലിൽ നടക്കുന്നവയും നാലുകാലിൽ നടക്കുന്നവയുമുണ്ട്. അല്ലാഹു അവൻ ഇച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്’ (അന്നൂർ 45). ഭൂമിയിൽ ചലിക്കുന്ന ജീവികളുടെ സൃഷ്ടിപ്പ് വെള്ളത്തിൽ നിന്നാണ് എന്നത്രെ സൂക്തത്തിന്റെ പൊരുൾ. കാരണം ദാബ്ബത്ത് എന്ന പദത്തിന്റെ അർത്ഥം ഇഴയുന്ന ജീവി, നടക്കുന്ന ജീവി എന്നൊക്കെയാണ്. അതു വ്യക്തമാക്കും വിധമാണ് സൂക്തത്തിൽ രണ്ട് കാലിൽ നടക്കുന്ന, വയറിന്മേൽ നടക്കുന്ന, നാലുകാലിൽ നടക്കുന്ന എന്ന പ്രയോഗം വന്നിരിക്കുന്നത്. ആയത്തിന്റെ അവസാനഭാഗം കാലിന്റെ എണ്ണത്തിൽ വ്യത്യാസമുള്ള ജീവികളെയും ചാടി നടക്കുന്നവയെയും പറവകളെയും ഉൾപ്പെടുത്തുന്നുണ്ട്. ഭൂമിയിൽ ഇഴയുന്നതോ നടക്കുന്നതോ ആയ ജീവികളുടെയൊക്കെ തുടക്കം വെള്ളമാണ്. ജീവകോശത്തിന്റെ നിർമാണ ഘടകങ്ങളുടെ സംയുക്തമായ പ്രോട്ടോപ്ലാസത്തിന്റെ 70-85 ശതമാനം വരെ ജലമാണ്. കോശ ഘടകങ്ങളധികവും വെള്ളത്തിൽ ലയിച്ചാണിരിക്കുന്നത്. കോശത്തിന്റെ സജീവതക്ക് ജലത്തിന്റെ സാന്നിധ്യമാണ് സഹായകമാവുക. ജലം ഇല്ലാത്ത പക്ഷം കോശഘടകങ്ങൾ പ്രവർത്തിക്കുകയോ ജീവൻ രൂപപ്പെടുകയോ ഇല്ലെന്നാണ് ശാസ്ത്രം.

ദാഹജലം

ജീവജാലങ്ങളുടെ സൃഷ്ടിപ്പിലും നിലനിൽപിലും മുഖ്യഘടകമായ വെള്ളം നിശ്ചിത അനുപാതത്തിൽ സംരക്ഷിക്കേണ്ടതുണ്ട്. അതിനായി പുരുഷൻ മൂന്ന് ലിറ്ററും സ്ത്രീ 2.2 ലിറ്ററും വെള്ളമെങ്കിലും ദിവസവും കുടിക്കണം. വിയർപ്പായും വിസർജ്യമായും നഷ്ടപ്പെടുന്ന ജലാംശം തിരിച്ചുപിടിക്കാനിതാവശ്യമാണ്. വെള്ളം നഷ്ടപ്പെടുമ്പോൾ വീണ്ടും കുടിക്കാൻ പ്രചോദിപ്പിക്കുന്ന വിധത്തിൽ വായിലും തൊണ്ടയിലും ഉണ്ടാവുന്ന സംവേദനമാണ് ദാഹം. ശരീരഭാരത്തിന്റെ ഒരു ശതമാനം മുതൽ ഉണ്ടാവുന്ന ജലനഷ്ടം തന്നെ ദാഹത്തിന് കാരണമാവുന്നു. ശാരീരിക പ്രവർത്തനത്തിന് വെള്ളത്തിന്റെ ആവശ്യകതയാണിതു കാണിക്കുന്നത്. 20 ശതമാനം ജലനഷ്ടമുണ്ടാകുന്നത് മരണത്തിന് തന്നെ കാരണമാകും. നിർജലീകരണം എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന് പിടികൊടുക്കാതിരിക്കാൻ കഴിയണം. ഒന്നര ലിറ്റർ മുതൽ രണ്ട് ലിറ്റർ വരെയാണ് ശരാശരി മൂത്ര വിസർജനം നടക്കേണ്ടത്. അത് കൂടുതലാവുകയോ ഛർദി, വയറിളക്കം, അമിത വിയർപ്പ് തുടങ്ങിയവ കാരണം ജലാംശം നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ നിർജലീകരണമുണ്ടാകുന്നു. ജലനാശം കേവലമായ ജലസംയുക്തത്തിന്റെ നഷ്ടം മാത്രമാവില്ല. അതോടൊപ്പം പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിവയുടെ ലവണങ്ങളും നഷ്ടമാവും. അതിനാൽ തന്നെ പരിഹാര ക്രിയ ആവശ്യമാണ്. ഛർദി, അതിസാരം തുടങ്ങിയവ കാരണം ഹോസ്പിറ്റലുകളിലെത്തിയാൽ രോഗിയുടെ അവസ്ഥ പോലെ ജലലഭ്യത പ്രധാനമായ ലായനികൾ കുത്തിവെക്കുകയാണ് ആദ്യം ചെയ്യുന്നത്. സാധാരണ ഗതിയിൽ നിർജലീകരണമുണ്ടാകുന്ന സാഹചര്യങ്ങളിൽ ദ്രാവക നഷ്ടം നികത്താൻ നിർദിഷ്ട മാർഗത്തിൽ ജലപാനം ചെയ്യേണ്ടിവരും.

നമ്മുടെ ശരീരത്തിന്റെ സുഗമമായ താളക്രമത്തിൽ വെള്ളത്തിന്റെ പ്രാധാന്യമാണിതു കാണിക്കുന്നത്. വെള്ളത്തിന്റെ സഹായത്താൽ ശരീരത്തിൽ അനേകം ആന്തരിക പ്രവർത്തനങ്ങൾ നടക്കുന്നു. ജലം കുറവായാൽ അതിനനുസൃതമായ വ്യതിയാനം ശരീരത്തിനനുഭവപ്പെടും. ഭക്ഷണമില്ലാതെ ആഴ്ചകളോളം ഒരു പക്ഷേ ഒരാൾക്കു ജീവിക്കാനായേക്കും. എന്നാൽ വെള്ളമില്ലാതെ നാലു ദിവസം പോലും ജീവിക്കാനാവില്ല. ദാഹം നൽകി വെള്ളം കുടിപ്പിച്ച് ശരീരത്തിന്റെ ആരോഗ്യവും ഉന്മേഷവും നിലനിർത്തുകയാണ് അല്ലാഹു.

ജല സേവനങ്ങൾ

ശരീരത്തിനകത്തെ ജലസേവനങ്ങൾ പലതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങളും ഓക്‌സിജനും എത്തിക്കുക എന്ന പ്രധാന ധർമത്തിൽ തുടങ്ങി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളും എത്തിപ്പെടുന്ന ചെറിയ വിഷാംശങ്ങളും നീക്കം ചെയ്യുക, ശരീരോഷ്മാവ് നിയന്ത്രിക്കുക, ദഹനപ്രക്രിയയും വിസർജന പ്രക്രിയയും സുഗമമാക്കുക തുടങ്ങി വെള്ളത്തിന്റെ സേവനങ്ങൾ ഏറെയുണ്ട്. ജലത്തിന്റെ അസാന്നിധ്യത്തിലും നിശ്ചിത അനുപാതത്തിന്റെ കുറവിലും നമ്മുടെ ശരീരത്തിന്റെ ബാഹ്യഘടനയിൽ തന്നെ മാറ്റങ്ങളുണ്ടാവുമെന്നാണ് പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത്.

നിർജലീകരണത്തിന് വിധേയപ്പെട്ട ഒരാളിൽ കാഴ്ചയിൽ വ്യത്യാസമനുഭവപ്പെടുന്നു. തൊലി വരണ്ടുണങ്ങി ചുളിഞ്ഞ് തിളക്കം നഷ്ടമാവുന്നു. കണ്ണുകൾ കുഴിഞ്ഞ് കടുത്ത ക്ഷീണിതനായി കാണപ്പെടുന്നു. രക്തസമ്മർദം കുറയുകയും കൈകാലുകൾക്കും പേശികൾക്കും തളർച്ചയനുഭവപ്പെടുകയും ചെയ്യുന്നു. മനം പിരട്ടലും ഛർദിയും ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ജലാംശം കൂടുതൽ നഷ്ടമായി രക്തത്തിന്റെ അളവ് കുറയും. തൽഫലമായി രക്തത്തിന്റെ സാന്ദ്രത വർധിക്കും. നമ്മുടെ ശരീരത്തിൽ ഉപരി വിവരിച്ച തോതിലുള്ള അനുപാതം പൂർണമായി ഇല്ലാതാവുന്ന ഒരു അവയവത്തിന്റെ സ്ഥിതിയൊന്നാലോചിച്ചു നോക്കൂ. മറ്റെല്ലാം പ്രവർത്തനക്ഷമവും പൂർണജലാനുപാതം സുരക്ഷിതമായിരുന്നാലും ജീവൻ തന്നെ ഭീഷണിയാകുമല്ലോ. നിർജലീകരണം രക്തത്തെ കടന്നാക്രമിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ വെള്ളത്തിന്റെ ലഭ്യതയും കുടിക്കാൻ സാധിക്കുന്നതും ശരീരത്തിൽ നിശ്ചിത അളവിൽ വിന്യസിക്കുന്നതുമെല്ലാം അനുഗ്രഹം മാത്രമല്ല. പ്രപഞ്ചനാഥന്റെ വിസ്മയകരമായ ക്രമീകരണം തന്നെയാണ്.

പ്രപഞ്ചത്തിലെ ജലസാന്നിധ്യം

ഭൂമുഖത്ത് 71 ശതമാനം ഭാഗവും ജലത്താൽ മൂടപ്പെട്ടതാണ്. ഇതിൽ 97 ശതമാനം വെള്ളവും സമുദ്രത്തിലാണുള്ളത്. മൂന്ന് ശതമാനം മാത്രമേ ശുദ്ധജലമുള്ളൂ. അതിൽ തന്നെ 70 ശതമാനം അന്റാർട്ടിക്കയിലും മറ്റു പ്രദേശങ്ങളിലും ഐസായും മഞ്ഞുപടലങ്ങളായും സ്ഥിതി ചെയ്യുന്നു. ഭൂഗർഭജല സംഭരണികളാണ് ശുദ്ധജലത്തിന്റെ രണ്ടാമത്തെ പ്രധാന സ്രോതസ്സ്. 10.5 ദശലക്ഷം ക്യൂബിക് മീറ്റർ വരുമിതെന്നാണ് കണക്ക്. തടാകങ്ങളിലും അരുവികളുമായി 2100 ക്യൂബിക് കി.മീറ്റർ ജലവുമുണ്ട്.

ഭൂതലത്തിലെ ശുദ്ധജലസമ്പത്ത് ആവശ്യത്തിന് മാത്രമുണ്ടെങ്കിലും എല്ലായിടത്തും എല്ലാ കാലത്തും ഒരു പോലെ ലഭ്യമാകില്ലെന്നതാണ് യാഥാർത്ഥ്യം. അരുവികൾ, നദികൾ, കിണറുകൾ എന്നിവയിൽ നിന്നാണ് പ്രധാനമായും ശുദ്ധജലം ലഭിക്കുന്നത്. മഴവെള്ളത്തിൽ ഒരു പങ്ക് ഭൂമിയിലേക്ക് ഊർന്നിറങ്ങി ഭൂഗർഭജലത്തോട് ചേരുന്നു. മനുഷ്യ ശരീരത്തിൽ ജലാംശം കൂടുതലെന്ന പോലെ അവന്റെ ആവാസ വ്യവസ്ഥയിലെ ജലസാന്നിധ്യവും മുഖ്യമാണ്. വെള്ളത്തിന്റെ ഈ വർധിതമായ സാന്നിധ്യം നേരിട്ടും അല്ലാതെയും ജീവിതത്തെ സ്വാധീനിക്കുന്നു.

വെള്ളവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഗവേഷണങ്ങളും കണ്ടെത്തലുകളും അതൊരു വിസ്മയകരമായ ദൈവികാനുഗ്രഹമാണെന്ന് കൂടുതൽ ബോധ്യപ്പെടുത്തുന്നതാണ്. ജലത്തിന്റെ സമവാക്യം ഒ2ഛ ആണല്ലോ. അഥവാ രണ്ടു ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്‌സിജൻ ആറ്റവും ചേർന്ന സംയുക്തമാണ് ഒരു ജലതന്മാത്ര. കത്തുന്ന വാതകമാണ് ഹൈഡ്രജൻ. കത്താൻ സഹായിക്കുന്ന വാതകമാണ് ഓക്‌സിജൻ. എന്നിരിക്കെ അതിന്റെ സംയുക്തമായ വെള്ളം കത്താത്തതും കത്താൻ സഹായിക്കാത്തതുമാണ്. മാത്രമല്ല കത്തുന്നതിനെ വെള്ളം കെടുത്തുകയും ചെയ്യും. ഈ വിസ്മയം തീർത്തതാരാണെന്ന ആലോചന പ്രസക്തം. ഇതു പോലെ, രണ്ട് ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്‌സിജൻ ആറ്റവും സംയോജിപ്പിച്ചുകൊണ്ട് ഒരു ജലതന്മാത്രയെ സൃഷ്ടിക്കാനും ഇന്നുവരെ ശാസ്ത്രത്തിനായിട്ടില്ല. മനുഷ്യന്റെ പരിമിതികളാണിതെല്ലാം തെളിയിക്കുന്നത്. വെള്ളത്തെ കുറിച്ച് കൃത്യമായി ആലോചിച്ച് സ്വന്തം ദൗർബല്യം തിരിച്ചറിഞ്ഞ് സത്യം പുൽകാൻ ഖുർആൻ ഓർമപ്പെടുത്തുന്നുണ്ട്: ‘നിങ്ങൾ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചില്ലേ. നിങ്ങളാണോ മേഘത്തിൽ നിന്നും അത് ഇറക്കിയത്. അതോ നാമാണോ ഇറക്കിയത്. നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു (അൽ വാഖിഅ 68-70).

മഴയും ജലവും

ശുദ്ധജല ലഭ്യതയുടെ കാര്യത്തിൽ ഭൂമിയിലെല്ലായിടവും ഒരു പോലെയല്ല. നദികളെയും തടാകങ്ങളെയും ഭൂഗർഭ ജലത്തെയും സമ്പന്നമാക്കുന്നതിൽ മഴക്ക് വലിയ പങ്കുണ്ട്. മഴ കുറയുമ്പോഴാണ് നമുക്ക് വരൾച്ചയനുഭവപ്പെടുക. അരുവികളും നദികളും വരണ്ടുണങ്ങുകയോ ശുഷ്‌കിക്കുകയോ ചെയ്യുന്നു. കിണറുകൾ പലതും വറ്റിയുണങ്ങുന്നു. ഇതെല്ലാം അനുഭവപ്പെടുന്നത് മഴയില്ലാത്ത വേനൽ കാലത്താണ്. മഴ ആരംഭിക്കുന്നതോടെ ജലത്തിന്റെ തോത് വർധിക്കുകയും മഴനിലക്കുന്നതോടെ തോത് കുറഞ്ഞ് വരികയും ചെയ്യും. മഴക്ക് ജലാനുപാതത്തെ ക്രമീകരിച്ചു നിർത്തുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം.

വെള്ളത്തിന്റെ രാസഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടും കൃത്രിമമായി വെള്ളം നിർമിക്കാനാവാത്തവനാണു മനുഷ്യൻ. മേഘത്തിൽ നിന്ന് സ്വാഭാവികമായി മഴ ഇറക്കാനും നമുക്കാകുന്നില്ല. മഴവർഷത്തിൽ അല്ലാഹു ചെയ്ത മറ്റൊരു അനുഗ്രഹം കൂടി വ്യക്തമാണ്. ജല ചംക്രമണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് നീരാവിയാണല്ലോ. സമുദ്ര ജലത്തിൽ ഉപ്പിന്റെ അംശം 3.5 ശതമാനം വരും. എന്നാൽ ഉപ്പു രസമുള്ള കടൽ വെള്ളം ബാഷ്പമായി ഉയർന്ന് മേഘം വഴി മഴയായി, മഞ്ഞായി, ആലിപ്പഴമായി പെയ്തിറങ്ങുമ്പോൾ അത് അല്ലാഹു ശുദ്ധജലമാക്കിയിട്ടുണ്ടാവും. ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതും ഉപ്പുവെള്ളമാക്കാമായിരുന്നു സ്രഷ്ടാവിന്. പക്ഷേ അതുണ്ടാവാറില്ല.

മനുഷ്യനു പുറമെ ജന്തുജാലങ്ങൾക്കും സസ്യങ്ങൾക്കുമെല്ലാം ജലമാവശ്യമാണ്. കർഷകൻ കൃഷിയാവശ്യാർത്ഥം ജലസേചനം ചെയ്യുന്നു. എന്നാൽ വനങ്ങളിലും മറ്റും മനുഷ്യൻ നനക്കാനെത്തുന്നില്ല. അവക്കെല്ലാം ആവശ്യമായത് ജലചംക്രമണത്തിലൂടെയും പർവതാന്തർഭാഗങ്ങളിൽ സൂക്ഷിക്കപ്പെട്ടതിൽ നിന്നുമായി ലഭിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ മഴയും മഞ്ഞും തന്നെയാണവയുടെ പ്രധാന ജലലഭ്യതാ മാർഗങ്ങൾ. അതു വഴി മനുഷ്യന് ഭക്ഷ്യ വസ്തുക്കൾ വിളയിച്ചെടുക്കാനും ഉപയോഗിക്കാനും സാധ്യമാകുന്നു. അല്ലാഹു പറഞ്ഞു: ‘മനുഷ്യൻ തന്റെ ഭക്ഷണത്തെ കുറിച്ച് ആലോചിക്കട്ടെ. നാം ധാരാളമായി മഴവെള്ളത്തെ വീഴ്ത്തി. പിന്നെ നാം മണ്ണിനെ കീറിപ്പിളർത്തി. അങ്ങനെ നാമതിൽ ധാന്യത്തെ മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതിങ്ങിയ തോട്ടങ്ങളും പഴങ്ങളും പുൽപടർപ്പുകളും നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ആഹാരമായി’ (അബസ 24-32).

‘നാം മാനത്തു നിന്ന് നിശ്ചിത അളവിൽ വെള്ളം ഇറക്കി. എന്നിട്ടതിനെ നാം ഭൂമിയിൽ നിലനിർത്തിച്ചു. അതിനെ പോക്കിക്കളയാനും നാം കഴിവുള്ളവനാണ്. അങ്ങനെ ആ വെള്ളം വഴി നിങ്ങൾക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങൾ വളർത്തിത്തന്നു. അവയിൽ നിങ്ങൾക്കെത്രയും പഴങ്ങളുണ്ട്. നിങ്ങൾ അവയിൽ നിന്ന് ഭക്ഷിക്കുന്നു’ (അൽ മുഅ്മിനൂൻ 18-19). ‘മേഘത്തെ വഹിച്ചുകൊണ്ടുപോകുന്ന കാറ്റിനെ നാം നിയോഗിച്ചു. അങ്ങനെ മാനത്തു നിന്ന് നാം വെള്ളം ഇറക്കുകയും നിങ്ങളെ കുടിപ്പിക്കുകയും ചെയ്യുന്നു. അത് ശേഖരിച്ചുവെക്കാൻ സാധിക്കുന്നവരല്ലല്ലോ നിങ്ങൾ’ (അൽ ഹിജ്ർ 22).

മാനത്ത് നിന്ന് പെയ്തിറങ്ങുന്ന ജലം ഭൂമിയിൽ അല്ലാഹു തന്നെ സൂക്ഷിക്കുകയും അതിൽ നിന്ന് ജലസേചനം നൽകുകയും ചെയ്യുന്നു. മഴ പെയ്യുമ്പോൾ തന്നെ വലിയൊരംശം ഭൂഗർഭ ജലത്തിലേക്ക് ചേർത്തിസൂക്ഷിക്കപ്പെടുന്നുണ്ട്. മഴയെത്ര പെയ്താലും അത് സംഭരിച്ചുവെച്ച് ഉപയോഗിക്കാൻ മാത്രം നാം അശക്തരാണെന്ന് കൂടി ഉപരിസൂക്തത്തിൽ അല്ലാഹു അറിയിക്കുന്നുണ്ട്. അതിനാൽ തന്നെ സൂക്ഷിക്കുന്നതും അവൻ തന്നെയാണ്. ഭൂമിയിലാണ് ഈ സൂക്ഷിപ്പ്. ‘മാനത്ത് നിന്ന് വെള്ളമിറക്കുന്നതിലേക്കെത്തുന്ന ജല ചംക്രമണത്തെ ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾ വിവരിച്ചിട്ടുണ്ട്. മാനത്ത് നിന്നിറക്കിയ വെള്ളം എന്നതിലെ സൂചന ശുദ്ധജലമാണ്. അതിന്റെ അടിസ്ഥാനം സമുദ്രത്തിൽ നിന്നാണ്. സൂര്യതാപം മുഖേന ഉയർത്തപ്പെട്ടതിനെ ശുദ്ധവും ഉപകാരപ്രദവുമാക്കി തിരിച്ച് ഭൂമിയിലേക്ക് തന്നെ ഇറക്കി. നേരിട്ട് കടൽ ജലം ഉപയോഗിക്കുന്ന സ്ഥിതിയായിരുന്നെങ്കിൽ ഉപ്പു രസമുള്ളതായതിനാൽ ഉപകാരപ്രദമാകുമായിരുന്നില്ല’ (തഫ്‌സീറുൽ ഖുർത്വുബി).

‘ആകാശത്ത് നിന്നിറക്കുന്ന വെള്ളം ഭൂമിയിൽ തങ്ങിനിൽക്കും വിധം ഭൂമിക്ക് സ്വീകരണ ശേഷി അവൻ നൽകി. അത് വെള്ളം വലിച്ചെടുക്കുന്നു. അതിലുള്ള വിത്തും ധാന്യങ്ങളും അതിനെ ഏറ്റെടുക്കുകയും ചെയ്യുന്നു’ (തഫ്‌സീറുബ്‌നു കസീർ). ‘മഴവെള്ളം പോക്കിക്കളയാൻ നമുക്ക് കഴിയും എന്ന വചനത്തിന്റെ ആശയമിതാണ്. മഴ വർഷിപ്പിക്കാതിരിക്കാനാണ് നാം ഉദ്ദേശിച്ചതെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു. അല്ലെങ്കിൽ മരു പ്രദേശങ്ങളിലേക്കും സമുദ്രങ്ങളിലേക്കും ഉപ്പുനിലങ്ങളിലേക്കും മനുഷ്യവാസമില്ലാത്തയിടങ്ങളിലേക്കും മഴയെ തിരിച്ചുവിടുമായിരുന്നു. കുടിക്കാനും കുടിപ്പിക്കാനും ഉപകരിക്കാത്ത ഉപ്പുവെള്ളമാക്കാൻ നാമുദ്ദേശിച്ചിരുന്നെങ്കിൽ അങ്ങനെയും ചെയ്യുമായിരുന്നു. മഴയെ ഭൂമിയിലേക്ക് ഇറക്കേണ്ടെന്ന് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു. ഇനി, ഭൂമിയിലേക്കിറക്കിയാൽ തന്നെ പ്രാപിക്കാനാകാത്തത്ര ആഴത്തിലേക്ക് ആണ്ടിറങ്ങി ഉപകരിക്കാത്ത വിധത്തിലാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിൽ നാമങ്ങനെ ചെയ്യുമായിരുന്നു. പക്ഷേ അവന്റെ കാരുണ്യം കൊണ്ടും ദയകൊണ്ടും മേഘത്തിൽ നിന്നും ശുദ്ധജലവും തെളിനീരുമായി മഴവർഷിപ്പിക്കുകയും അതിനെ ഭൂമിയിൽ പിടിച്ചുനിർത്തുകയും ഉറവകളായി പ്രവഹിപ്പിക്കുകയും അരുവികളും നദികളുമായി വ്യാപിപ്പിക്കുകയും ചെയ്തു. അത്‌കൊണ്ട് കൃഷികളും തോട്ടങ്ങളും നനക്കുന്നു. നിങ്ങളതിൽ നിന്ന് കുടിക്കുകയും കുടിപ്പിക്കുകയും നിങ്ങൾ കുളിക്കുകയും ശുദ്ധീകരണം നടത്തുകയും വൃത്തിവരുത്തുകയും ചെയ്യുന്നു’ (ഇബ്‌നുകസീർ).

ജലചംക്രമണം

ജലചംക്രമണം ശുദ്ധജലം ലഭ്യമാക്കുന്നതിനുവേണ്ടി അല്ലാഹു ഒരുക്കിയ വിസ്മയകരമായൊരു ക്രമീകരണമാണ്. ഭൂമിയിൽ ജല ചംക്രമണം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. സമുദ്രത്തിൽ നിന്നും മഞ്ഞുപാളികളിൽ നിന്നും ചെടികളിൽ നിന്നും ജീവികളിൽനിന്നും സൂര്യതാപത്താൽ ബാഷ്പീകരിക്കപ്പെടുന്ന ജലം അന്തരീക്ഷത്തിലെത്തുന്നു. ചൂടുള്ള വായു ഈർപ്പത്തെ ആഗിരണം ചെയ്‌തെടുക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ജലമെത്തി വായു തണുക്കുമ്പോൾ ഈർപ്പം ഉൾക്കൊള്ളാനതിനാകില്ല. അതു വഴി അന്തരീക്ഷം നീരാവി നിറഞ്ഞതായിത്തീരുന്നു. അതിനു താഴെ വായു തണുക്കുമ്പോൾ മഴയായോ മഞ്ഞായോ ആലിപ്പഴമായോ ഭൂമിയിലേക്ക് പതിക്കും. അതിൽ നിന്നൊരു ഭാഗം ഭൂമിയിലേക്കിറങ്ങി ഭൂഗർഭ ജലത്തിൽ ചേരുന്നു. ഒരു ഭാഗം കടലിലേക്ക് തന്നെ ഒഴുകിയെത്തുന്നു. ഒരു ഭാഗം ചെടികളും മരങ്ങളും വലിച്ചെടുക്കുന്നു. ഒരു ഭാഗം ജീവികൾ കുടിക്കും. ഒരു ഭാഗം തടാകങ്ങളിലേക്കും അരുവികളിലേക്കുമെത്തും. വീണ്ടും ബാഷ്പീകരണം നടക്കുന്നു. യഥാർത്ഥത്തിൽ വെള്ളത്തിന്റെ ശുദ്ധീകരണ പ്രക്രിയ ഇതിലൂടെ നടക്കുന്നുണ്ട്.

ശുദ്ധജലദാനത്തിനായി പടച്ചവനേർപ്പെടുത്തിയ മഴവർഷം ആരംഭിച്ചുകഴിഞ്ഞല്ലോ. പ്രകൃതിയാകെയും മഴയെ സ്വീകരിക്കാൻ പാകപ്പെടണമെന്നാണ് പ്രകൃതി നിയമം. മഴയുടെ വരവിൽ സന്തുഷ്ടരായ സർവജീവജാലങ്ങളും അതിനെ വരവേൽക്കുന്നു. നമുക്കെത്ര മഴ വേണമെന്നും നൽകണമെന്നും അറിയുന്നവൻ അല്ലാഹു മാത്രമാണ്. അവന്റെ നടപടി ക്രമങ്ങളുടെ യുക്തി ഭദ്രത നമുക്കറിയാൻ സാധിക്കണമെന്നില്ല. ദ്രാവകമായ വെള്ളത്തിന്റെ പ്രകൃതിയും ഖരരൂപത്തിലുള്ള ഭൂമിയുടെ പ്രകൃതിയും വ്യത്യസ്തമാണ്. അതിനാൽ തന്നെ ജലത്തെ വളരെ വേഗം ആഗിരണം ചെയ്യാൻ ഭൂമിക്കാവില്ല. ജീവജാലങ്ങൾക്കാകട്ടെ ഒരു പരിധക്കപ്പുറം സ്വീകരിക്കാനുമാകില്ല. അങ്ങനെ വരുമ്പോൾ മഴ അതിശക്തമാവുമ്പോൾ ഭൂമിയിലും ജീവജാലങ്ങളിലും സസ്യലതാദികളിലും അതിന്റെ അനുരണനങ്ങൾ പ്രകടമാവും.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം കാലവർഷത്തിലും അല്ലാതെയും പല പ്രയാസങ്ങളും നേരിടും. മരണങ്ങൾക്കും സമ്പത്ത് നഷ്ടത്തിനും മറ്റ് ദുരിതങ്ങൾക്കും മഴയോ പ്രകൃതി പ്രതിഭാസങ്ങളോ കാരണമാകണമെന്നില്ല. പ്രായവും ആരോഗ്യവും വ്യത്യാസമില്ലാതെ ആരെയും മരണവും ആരോഗ്യപ്രശ്‌നങ്ങളും പിടികൂടാം. മഴയോടനുബന്ധിച്ചോ മറ്റു പ്രകൃതിപ്രതിഭാസങ്ങളോടു ബന്ധപ്പെട്ടോ ആണെന്നതിന്റെ പേരിൽ ഒന്നിനെയും പഴിക്കേണ്ടതില്ല. നാഥൻ നമുക്കായി നിശ്ചയിച്ച തീരുമാനങ്ങളാണതെല്ലാം. വിപൽ ഘട്ടങ്ങളിൽ ക്ഷമകൈകൊണ്ട് ഇന്നാലില്ലാഹി… പറയാനാണ് ഖുർആന്റെ നിർദേശം.

മഴ കാരണം വിപത്തുകൾ ചെറിയ ഒരു വിഭാഗത്തെ ബാധിക്കുമ്പോൾ തന്നെ വലിയൊരു വിഭാഗത്തിന് അതനുഗ്രഹമായിരിക്കും. അതിനാൽ അനുഗ്രഹത്തെ പരിഗണിക്കാനും നന്ദിയുള്ളവരാകാനും നമുക്ക് സാധിക്കണം. മഴയെത്തുമ്പോൾ അല്ലാഹുവേ, നല്ലതും ഉപകാരപ്രദവുമായ മഴ വർഷിപ്പിക്കണേ എന്നാശയം വരുന്ന പ്രാർത്ഥന നിർവഹിക്കാൻ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ മഴ അധികം പെയ്തു വിഷമം തോന്നിയപ്പോൾ സ്വഹാബികൾ തിരുനബി(സ്വ)യോട് പറഞ്ഞു. അപ്പോൾ അവിടുന്ന് പ്രാർത്ഥിച്ചത് മഴ വേണ്ടെന്നല്ല. മറിച്ച് ‘അല്ലാഹുവേ, ഞങ്ങൾക്ക് ചുറ്റും പെയ്യട്ടേ, ഞങ്ങൾക്കു മേലിൽ ഇപ്പോൾ വേണ്ടതില്ല. പർവത ശിഖരങ്ങളിലും കുന്നുകളിലും താഴ്‌വാരങ്ങളിലെ വെള്ളക്കെട്ടുകളിലും വൃക്ഷങ്ങളുടെ മുരട്ടിലും പെയ്‌തോട്ടെ’ എന്നായിരുന്നു (ബുഖാരി).

നാം ചെയ്യേണ്ടത്

ജലമെന്ന അനുഗ്രഹത്തിന്റെ മൂല്യവും പ്രാധാന്യവും മനസ്സിലാക്കി മാന്യമായി ജലത്തെ സമീപിക്കുകയും ഇസ്‌ലാം നിർദേശിച്ച ജലസംസ്‌കാരം സ്വീകരിക്കുകയും ചെയ്യണം. ജലമെന്ന മഹാവിസ്മയത്തിന്റെ വിലയുൾക്കൊണ്ട് വിശ്വാസത്തെ ദൃഢപ്പെടുത്തുക. ഈ അനുഗ്രഹത്തിന് പകരം വെക്കാൻ മറ്റൊന്നില്ല എന്ന തിരിച്ചറിവ് പ്രധാനമാണ്. ദുരന്തങ്ങൾ ഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. ആവശ്യമുള്ളവർക്ക് ജലമെത്തിച്ചുകൊടുക്കുന്ന സേവന പ്രവർത്തനങ്ങൾ നടത്തുക. ദുരന്തങ്ങൾ വന്നുപെട്ടാൽ സാന്ത്വനപ്രവർത്തനങ്ങളിലേർപ്പെടുക. ശപിച്ചും പഴിച്ചും നാം ശപ്തരാവാതിരിക്കാൻ നിർദിഷ്ട പ്രാർത്ഥന നടത്തുക. നാഥൻ സഹായിക്കട്ടെ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ