video game-malayalam

വിവിധയിനം നാടൻകളികളായിരുന്നു ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളുടെ ആത്മാവ്. അടിച്ചിട്ട് ഓട്ടം, സാറ്റ് കളി, കുഴിപ്പന്തുകളി, കൊട്ടിയും പൂളും, അത്തള പിത്തള തവളാച്ചി, ആരുടെ കയ്യിൽ മോതിരം, ഏറു പന്ത്, അമ്മാനക്കളി, അല്ലി മുല്ലി ചമ്മന്തി, ആകാശം ഭൂമി, കണ്ണു കെട്ടിക്കളി, തലപ്പന്തു കളി തുടങ്ങി പ്രാദേശികമായ വകഭേദങ്ങളോട് കൂടിയതും ഗ്രാമീണ ജീവിത രീതികളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതുമായ കളിയും വിനോദങ്ങളും കുട്ടികൾക്ക് ശാരീരിക വ്യായാമവും മാനസിക ഉന്മേഷവും നൽകുന്നതായിരുന്നു. എന്നാൽ ഇന്നു കാലത്തിന്റെ മാറ്റം കളികളിലും കണ്ടു തുടങ്ങി. കമ്പ്യൂട്ടർ, ടി വി, ടാബ്, മൊബൈൽ ഫോൺ എന്നിവയിലാണ് ഭൂരിഭാഗം കുട്ടികളും കൂടുതൽ സമയം ചെലവഴിക്കുന്നത്. അതാകട്ടെ അവരുടെ ശാരീരിക ഘടനയിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് ഇതു സംബന്ധമായ അറിവും പരിചയവും കുട്ടികൾക്കും ഉണ്ടാകുന്നതു നല്ലതാണ്. എന്നാൽ ഇവ അതിരുകടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പുതിയ തലമുറയുടെ ഇഷ്ട വിനോദമായ വീഡിയോ ഗെയിമുകളിലുള്ള താൽപര്യം. പിതാവ് വീഡിയോ ഗെയിം വാങ്ങി നൽകിയില്ലെന്നാരോപിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹൈദരാബാദിൽ ആത്മഹത്യ ചെയ്ത വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 18 കാരനായ അഭിനയ് ആണ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത്. ഒരു വീഡിയോ ഗെയിം വാങ്ങി നൽകണമെന്ന് ഒരാഴ്ച മുമ്പ് അച്ഛനോട് പറഞ്ഞിരുന്നുവെങ്കിലും പഠനത്തെ ബാധിക്കുമെന്നു കരുതി വാങ്ങിക്കൊടുക്കാതിരുന്നതാണ് വിദ്യാർത്ഥിയെ ചൊടിപ്പിച്ചത്.

തങ്ങളുടെ മക്കൾ എപ്പോഴും വീഡിയോ ഗെയിം കളിയുടെ ലോകത്താണെന്നും  അവനൊരു മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ആളാണെന്നുമെല്ലാം മക്കളെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരുന്ന മാതാപിതാക്കളെ പോലും ഭയപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജീവനേക്കാളേറെ  സ്‌നേഹിക്കുന്ന മക്കൾ ബ്ലൂ വെയ്ൽ (നീലത്തിമിംഗലം) പോലെയുള്ള കൊലയാളി ഗെയിമിനടിമപ്പെട്ട് സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്തുന്ന ദുരവസ്ഥയിലാണ് കാര്യങ്ങളെത്തി നിൽക്കുന്നത്. കളികൾ പോലും കാര്യത്തിലാവുന്ന ഇക്കാലത്ത് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മാതാപിതാക്കളുള്ളത്.

പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ നിന്നു പോലും കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. രണ്ടു മൂന്നു വർഷങ്ങൾക്കു മുമ്പ്  നെടുങ്കണ്ടത്ത് ഒരു യു കെ ജി വിദ്യാർത്ഥിയെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് പത്തു വയസ്സുകാരനായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കൗമാരക്കാരിൽ കുറ്റകൃത്യങ്ങൾ പകർച്ചവ്യാധി പോലെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. അവയുടെ പല കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അക്രമ സ്വഭാവമുണ്ടാക്കുന്ന ഗെയിമുകളോടുള്ള താൽപര്യം.  പെൺകുട്ടികളുടെ വസ്ത്രമഴിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള കളികളാണ് ഇപ്പോൾ പല വീഡിയോ ഗെയിമുകളിലൂടെയും  പ്രചരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള റേപ്പ് ഗെയിമുകളാണ് മാനഭംഗത്തെ വിനോദമായി ചിത്രീകരിച്ച് ലൈംഗിക വൈകൃതങ്ങളുടെ ലോകത്തേക്ക് കൗമാരക്കാരെ ആകർഷിക്കുന്നത്.  ഒരു അമ്മയെയും രണ്ട് പെൺകുട്ടികളെയും തീവണ്ടിയിലും പാർക്കിലും വിശ്രമ മുറിയിലും വെച്ച് മാനഭംഗപ്പെടുത്തി പകപോക്കുന്ന തരത്തിലുള്ള കളികളാണ് ഇപ്പോൾ കൂടുതൽ  വ്യാപകം. കള്ളക്കടത്ത് വഴിയോ ഓൺലൈൻ ഷോപ്പിംഗ് വഴിയോ ഇതിന്റെ വ്യാജ പകർപ്പുകൾ പലതും വിപണിയിലെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യേഗസ്ഥർ വെളിപ്പെടുത്തുന്നത്.

മൊബൈൽ ഗെയിമുകളിൽ കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ സ്വഭാവ വൈകല്യത്തിനു കാരണമാകുമെന്നാണ് പഠനം. തുടർച്ചയായി കൂടുതൽ സമയം ഗെയിം കളിക്കുന്നവരിൽ ദേഷ്യവും ആക്രമണ സ്വഭാവവും കൂടുതലായി കണ്ടുവരുന്നുണ്ട്. 85 ശതമാനം കുട്ടികൾക്കും വീഡിയോ ഗെയിം കളിക്കുന്നതിനു സ്വന്തമായി മൊബൈലോ ടാബോ ഉണ്ട്. ശരാശരി മൂന്ന് മണിക്കൂറാണ് ദിവസവും 75 ശതമാനം പേർ ഇതിനായി ചെലവഴിക്കുന്നത്. ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവർ 55 ശതമാനം വരും. മുമ്പ് പാമ്പ് ആപ്പിൾ തിന്നുന്ന ഗെയിമാണ് കുട്ടികൾ കളിച്ചിരുന്നതെങ്കിൽ ഇന്ന് എതിരാളിയെ വെടിവെച്ചു കൊല്ലുകയും അതിനു സ്റ്റാർ ലഭിക്കുകയും ചെയ്യുന്ന കളികളും കാർ റൈസിംഗിൽ തന്റെ എതിരിൽ വരുന്ന വാഹനങ്ങളെയും വ്യക്തികളെയും കനാലിലേക്ക് ചാടിച്ചും ഇടിച്ചുതെറിപ്പിച്ചും ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഗെയിമുകളുമാണ് അവർ കളിക്കുന്നത്.

ലിവർപൂളിൽ പതിനഞ്ചുകാരനായ വിദ്യാർത്ഥി വ്യാജ തോക്കുപയോഗിച്ച് ബാങ്ക് കൊള്ളയടിച്ചതിനു പ്രചോദനമായത് വീഡിയോ ഗെയിമാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  ബാങ്കിലെത്തിയ ബാലൻ കാഷ്യർമാരെ തോക്കു ചൂണ്ടി വിരട്ടിയ ശേഷം 3,200 ഡോളർ കൊള്ളയടിക്കുകയായിരുന്നു. മകന്റെ കൈവശം കൂടുതൽ പണം കണ്ടെത്തിയതിനെത്തുടർന്ന് അമ്മ തന്നെ നടത്തിയ ചോദ്യം ചെയ്യലിലാണ് അവൻ കുറ്റം സമ്മതിച്ചത്. സ്‌കൂളിൽ മാതൃകാ വിദ്യാർത്ഥിയായി പ്രശംസ നേടിയ കുട്ടിയായിരുന്നു ഈ പതിനഞ്ചുകാരനെന്നും വീഡിയോ ഗെയിമുകൾ കുട്ടിയുടെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്നും മോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് കുട്ടികളുടെ മനസ്സിനെ നന്നായി സ്വാധീനിക്കാൻ സാധിക്കുന്നുവെന്നതു തെളിഞ്ഞിട്ടുണ്ടെന്നുമാണ് ജഡ്ജി പറഞ്ഞത്.

കൗമാരക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തകർക്കാനായുള്ള കമ്പ്യൂട്ടർ വീഡിയോ ഗെയിം സെന്ററുകളും നിലവിലുണ്ട്. ഗെയിമിൽ വൻ വിജയം നേടിയാൽ കോടിക്കണക്കിനു രൂപ നേടാമെന്നും രാജ്യാന്തര ചാമ്പ്യന്മാരായി മാറാമെന്നുമുള്ള പ്രലോഭനത്തിലാണു കുട്ടികൾ വീഴുന്നത്. ഗെയിം കളിക്കാൻ പണം കിട്ടാതെ വരുമ്പോൾ മോഷണം ശീലമാക്കുന്ന കുട്ടികളും കൂട്ടത്തിലുണ്ട്. പന്ത്രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിലുള്ള കുട്ടികളാണ് ഇത്തരം ഗെയിം മാഫിയകളുടെ കെണിയിൽ പെടുന്നതിലേറെയും. ആദ്യഘട്ടത്തിൽ സാർവത്രിക പ്രചാരം നേടിയ ഗെയിമുകൾ കളിപ്പിക്കുകയും പിന്നീട് വാർ ഗെയിമുകളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതാണ് രീതി.

അമിതമായ വീഡിയോ ഗെയിം താൽപര്യം മുതിർന്നവരെയും മാനസിക സമ്മർദത്തിലും പിരിമുറുക്കത്തിലും കൊണ്ടെത്തിക്കുന്നുണ്ടെന്നാണ് പുതിയ വാർത്തകളിൽ നിന്നു ബോധ്യപ്പെടുന്നത്. മൂന്നു ദിവസം തടർച്ചയായി വീഡിയോ ഗെയിം കളിച്ച യുവാവ് മരണപ്പെട്ട വാർത്ത ഈയിടെ മാധ്യമങ്ങളിൽ വന്നിരുന്നു. വടക്കൻ തായ്‌വാനിലെ കവോസിയുങ് സിറ്റിയിലെ ഇന്റർനെറ്റ് കഫേയിലായിരുന്നു സംഭവം. ദീർഘനേരം വീഡിയോ ഗെയിം കളിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് 32 കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയത്. യുവാവ് ഇന്റർനെറ്റ് കഫേയിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും ദിവസങ്ങളോളം തുടർച്ചയായി വീഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നുമാണ് കഫേ ഉടമയുടെ മൊഴി. ക്ഷീണിക്കുമ്പോൾ കഫേയിൽ തന്നെ ഇരുന്നുറങ്ങാറുള്ള ഇയാൾ പതിവു പോലെ ഉറങ്ങുകയാണെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ പിന്നീട് യുവാവിന്റെ ശ്വാസോച്ഛ്വാസം നിലച്ചുവെന്നു വ്യക്തമായതിനെ തുടർന്ന് ഉടൻ ആശുപത്രയിലേക്കു മാറ്റുകയായിരുന്നു.

യഥാർത്ഥ ജീവിതത്തിനുള്ളതിനേക്കാൾ പ്രാധാന്യം കളിക്കു നൽകുന്ന അവസ്ഥയാണ് ഇപ്പോൾ പലർക്കുമുള്ളത്. പാശ്ചാത്യൻ നാടുകളിലെ യുവതലമുറയുടെ രീതിയും സ്വഭാവവും നമ്മുടെ നാട്ടിലും വ്യാപകമായി തുടങ്ങിയിട്ടുണ്ട്. വീഡിയോ ഗെയിം കളിയിൽ മുഴുകി കൊണ്ടിരിക്കുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയ കുഞ്ഞിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ 19കാരനായ പിതാവിന് 27 വർഷം തടവുശിക്ഷ ലഭിച്ച വാർത്ത വാഷിംഗ്ടണിൽ നിന്നാണു റിപ്പോർട്ടു ചെയ്യപ്പെട്ടത്. കരഞ്ഞു ശല്യമുണ്ടാക്കിയ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നാണ് അയാൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചത്. വീഡിയോ ഗെയിമിന്റെ രസം കെടുത്തിയ മകനെ അപ്പോഴത്തെ ദേഷ്യത്തിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ താണെന്നാണ് യുവാവ് പൊലീസിനു നൽകിയ മൊഴി. കഴിഞ്ഞ വർഷം ലണ്ടനിലും ഇതിനു സമാനമായ ഒരു സംഭവത്തിൽ  യുവാവിനു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.  ഈ സംഭവത്തിൽ അമ്മയുടെ കാമുകനാണ് വീഡിയോ ഗെയിം തടസ്സപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിനെ നിലത്തടിച്ചു കൊന്നത്. പതിനഞ്ചു മാസം  മാത്രം പ്രായമായ കുഞ്ഞിനെയാണ് ഇരുപത്തിയെട്ടുകാരൻ നിഷ്‌കരുണം കൊല ചെയ്തത്. ഒരു കാർ ആക്‌സിഡന്റിൽ ഉണ്ടായേക്കാവുന്ന അത്രയും മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തിയത്.

കുറച്ചു മുമ്പ് ഏറെ വിവാദം സൃഷ്ടിച്ച ബ്രസീലെ ഒരു ഫുട്‌ബോൾ ക്ലബ്ബിലെ കളിക്കാരുടെ മരണത്തിനിടയാക്കിയ വിമാനത്തകർച്ചയുടെ പ്രധാന കാരണവും വീഡിയോ ഗെയിം ആയിരുന്നുവത്രെ. വിമാനം തകർന്നു വീഴാൻ കാരണം ഇന്ധനം തീർന്നതാണെങ്കിലും ഇന്ധനം നിറയ്ക്കാത്തതിന്റെ കാരണം കളിക്കാരിൽ ഒരാളുടെ കാണാതായ വീഡിയോ ഗെയിം തപ്പാൻ വിമാന ജോലിക്കാർ ഉൾപ്പടെയുള്ളവർ രംഗത്തിറങ്ങിയതോടെ വിമാനം പുറപ്പെടാൻ 20 മിനിട്ടു വൈകിയതും തന്മൂലം ഇന്ധനം നിറയ്ക്കാൻ കഴിയാതിരുന്നതുമാണ്. ബ്രസീലിനും കൊളംബിയയ്ക്കും ഇടയിലുള്ള കോംബിജയിലെ വിമാനത്താവളത്തിൽ നിന്നാണ് ഇന്ധനം നിറയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ, വിമാനം പുറപ്പെടാൻ വൈകിയതോടെ ഇവിടെ എത്താനും വൈകിയതു കൊണ്ടാണ്  മുൻകരുതലായി നിറയ്‌ക്കേണ്ട ഇന്ധനമില്ലാതെ വിമാനം യാത്ര തുടർന്നത്. ഒടുവിൽ ഇന്ധനം തീരുകയും  വിമാനം തകർന്നു വീഴുകയുമായിരുന്നു. ഫുട്‌ബോൾ ടീമിന്റെ ഡയറക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തത്.

അമിതമായി വീഡിയോ ഗെയിം കളിക്കുന്നതു മൂലം കളിക്കാരിൽ സൃഷ്ടിക്കപ്പെടുന്ന അടിമത്തം വ്യക്തിപരവും വിദ്യാഭ്യാസപരവും കുടുംബപരവും സാമ്പത്തികവും തൊഴിൽപരവുമായ നിരവധി പ്രശ്‌നങ്ങൾക്കു കാരണമാകുന്നുണ്ടെന്നാണ് നിരവധി പഠനങ്ങളിൽ  തെളിഞ്ഞിട്ടുള്ളത്. പെൺകുട്ടികളെക്കാളും സ്ത്രീകളെക്കാളും കൂടുതൽ വീഡിയോ ഗെയിമിന് അടിമകളാവുന്നത് ആൺകുട്ടികളും പുരുഷന്മാരുമാണത്രെ. ഹിംസാത്മകമായ വീഡിയോ ഗെയിമുകൾ വ്യക്തികളിൽ വിഷാദ രോഗത്തിനു വഴിയൊരുക്കുന്നു. ഗെയിമുകളിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്നത് ഹിംസാത്മകമായ വീഡിയോ ഗെയിമുകൾക്കാണെന്നതു കൂടി നാം മനസ്സിലാക്കേണ്ടതാണ്. വിവിധ തലങ്ങളിലൂടെ മുന്നേറുന്ന ക്രിമിനൽ വീഡിയോ ഗെയിമുകൾ കൗമാരക്കാരുടെ അക്രമവാസന വലിയ അളവിലാണ് വർധിപ്പിക്കുന്നത്.

വീഡിയോ ഗെയിമുകൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ പരമായ കഴിവുകളെ ബാധിക്കുന്നുണ്ടെന്നും  ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവിനെയും അതു വഴി പഠനത്തെയും ബാധിക്കുന്നുണ്ടെന്നും കൂടാതെ,  ഉറക്കസംബന്ധമായ തകരാറുകൾക്ക് കാരണമാവുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തോടുള്ള വിരക്തി അല്ലെങ്കിൽ അമിതമായ വിശപ്പ്, മൈഗ്രേൻ, നടുവേദന, വ്യക്തി ശുചിത്വമില്ലായ്മ എന്നിവയും ഗെയിം അടിമത്തം മൂലം ഉണ്ടാകുമെന്നും അവർ നിരീക്ഷിക്കുന്നു.

കുട്ടികളുടെ വീഡിയോ ഗെയിം ഭ്രമം അവസാനിപ്പിക്കുന്നതിനു വേണ്ടി രക്ഷിതാ ക്കൾക്കു പലതും ചെയ്യാൻ കഴിയുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ഗെയിം കളിക്കുന്നതു കാണുമ്പോൾ ദേഷ്യപ്പെടുകയും അവരുടെ കയ്യിൽ നിന്ന് ഉപകരണങ്ങൾ വാങ്ങി വെക്കുകയും ചെയ്യുന്നതിനേക്കാൾ നല്ലത് ഇത്തരം ഹരങ്ങൾ കൊണ്ടുള്ള ദോഷങ്ങൾ അവർക്കു പറഞ്ഞു മനസ്സിലാക്കി കൊടുക്കലാണ്. നല്ല വാക്കുകളാണ് പലപ്പോഴും ശിക്ഷയേക്കാൾ ഗുണം ചെയ്യുക. കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗങ്ങളിൽ നിന്നു പൂർണമായി കുട്ടികളെ വിലക്കുന്നതിനു പകരം കൃത്യ സമയം പാലിക്കാൻ അവരെ ശീലിപ്പിക്കുകയാണ് വേണ്ടത്.

കുട്ടികളെ തനിയെ കളിക്കാനനുവദിക്കാതെ പകരം അവരുടെ കൂടെക്കൂടുന്നത് ഇന്റർനെറ്റ് പോലുള്ളവ അവർ ദുരുപയോഗം ചെയ്യാതിരിക്കാനും സഹായകമാണ്. മാത്രമല്ല, ഇത് ഇരുകൂട്ടരും തമ്മിലുള്ള ആശയവിനിമത്തിനു സഹായിക്കുകയും ചെയ്യും. പരിധി വിടാത്ത വിധത്തിൽ കുട്ടികളെ പുറത്തു പോയി കൂട്ടുകാരുമൊത്തുള്ള കായികാധ്വാനമുള്ള കളികൾക്കു പ്രേരിപ്പിക്കുന്നത്  ആരോഗ്യത്തിനും നല്ലതാണെന്നതിനു പുറമെ സാമൂഹ്യ ബന്ധം വളർത്തിയെടുക്കാനും സഹായിക്കും. കുട്ടികളെ ഇതിൽ നിന്നെല്ലാം വിലക്കി മാതാപിതാക്കൾ തന്നെ കമ്പ്യൂട്ടറിനും വീഡിയോ ഗെയിമുകൾക്കും മുമ്പിൽ ദീർഘസമയം ചെലവഴിക്കുന്നത് വീട്ടിൽ തികച്ചും പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിക്കുക. മാതാപിതാക്കൾ വീട്ടിലുള്ള സമയങ്ങളിലെങ്കിലും മൊബൈൽ ഫോണും കമ്പ്യൂട്ടറും ടിവിയുമൊക്കെ ഒഴിവാക്കി മക്കളോടൊന്നിച്ചിരുന്നാൽ തന്നെ വലിയ അപകടത്തിൽ നിന്നു കുടുംബത്തെയും മക്കളെയും രക്ഷപ്പെടുത്താനാവും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ