video game

യാഥാർത്ഥ്യത്തിന്റെ പ്രതിനിർമിതികളാണ് ഗെയ്മുകൾ. നിയമങ്ങൾക്കോ നിയന്ത്രണങ്ങൾക്കോ അല്ല, സ്വന്തം താൽപര്യങ്ങൾക്കും പരിധിയില്ലാത്ത വിനോദത്തിനുമാണവിടെ പ്രധാനം. എങ്ങും പോവാം, എന്തും ചെയ്യാം, ആരെയും കൊല്ലാം തുടങ്ങി ഒരു വിശാല ലോകം സൃഷ്ടിക്കുന്ന ഇവ പക്ഷേ, മനുഷ്യനെ നികൃഷ്ടതയിലേക്ക് നയിക്കാനിടയാക്കുന്നുവെന്നു തിരിച്ചറിയേണ്ടതാണ്. ചിന്താശേഷിയോടെ ഒരു പ്രവൃത്തി ചെയ്യാനും തീരുമാനങ്ങളെടുക്കുന്നതിനും ഇവ സഹായകമാവുന്നുവെന്ന് പറയുമ്പോഴും അതിന്റെ ഹിംസാത്മക വശത്തെ നിരാകരിക്കാൻ കഴിയില്ല.

കീബോർഡും മൗസും എന്നതിൽ നിന്നു മാറി, നമ്മുടെ ചലനങ്ങൾ ഗെയ്മിന്റെ ചലനങ്ങളായി മാറുന്ന സാങ്കേതിക വിദ്യ വരെ ഇന്ന് ഗെയ്മിംഗ് ലോകത്ത് വ്യാപിച്ചുകഴിഞ്ഞു. മുന്നിൽക്കാണുന്നത് ഗെയ്മിംഗ് ഗ്രൗണ്ടാകുന്ന വെൽച്ച്വൽ റിയാലിറ്റി ഗെയ്മുകൾ സാമൂഹികവും രാഷ്ട്രീയവുമായി എത്രത്തോളം ഭീഷണിയാണ് എന്ന് ഈയടുത്ത് നാം കേട്ടറിഞ്ഞു. നിയന്ത്രണങ്ങളില്ലാതെ നടന്നു കളിക്കേണ്ട പോക്കിമാൻ ഗോ രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്ന് കണ്ട് പല രാജ്യങ്ങളും അത് നിരോധിക്കുകയുണ്ടായി. സ്മാർട്ട് ഫോണിനായി ഈയടുത്തിറങ്ങിയ ഒരു ഗെയിം ഇതിനേക്കാൾ ഭീകരമാണ്. ക്യാമറയുമായി ബന്ധിപ്പിച്ച ഈ ഷൂട്ടിംഗ് ഗെയിം, മുന്നിലുള്ള വ്യക്തിയെ ഗെയ്മിലെ നമ്മുടെ ശത്രുവായി അവതരിപ്പിക്കുന്നു. യഥാർത്ഥത്തിൽ, ആത്മ ലഹരിയായിക്കാണുന്ന ഗെയ്മുകൾ സാമൂഹികമായി ഒരു ഭീകരാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. മുന്നിൽക്കാണുന്ന കൂട്ടുകാരനോട് സൗഹൃദം പുതുക്കാനോ സംസാരിക്കാനോ അല്ല, വെടിവെച്ചിടാനാണ് ഇവ പ്രോത്സാഹിപ്പിക്കുന്നത്.

മുന്നിലുള്ള ടാങ്കറിന് നേരെ കല്ലെറിയുകയാണ് ഒരു ഫലസ്ത്വീനിയൻ കുട്ടി. പക്ഷേ, അവൻ അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് അവനെ രക്ഷിക്കാനായി സഹോദരൻ നടത്തുന്ന മുന്നേറ്റങ്ങളാണ് 2005-ൽ ഫലസ്ത്വീനിൽ അഫ്കാർ മീഡിയ പുറത്തിറക്കിയ ‘തഹ്തൽ ഹിസാൽ എന്ന വീഡിയോ ഗെയ്മിന്റെ ഇതിവൃത്തം. ‘ഫലസ്ത്വീൻ രാഷ്ട്രീയത്തിൽ എന്താണ് സംഭവിക്കുന്നതെന്നും, അവിടുത്തെ പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങളെന്തെന്ന പുറം ലോകത്തെ അറിയിക്കുകയാണ് ഈ ഗെയ്മിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അഫ്കാർ മീഡിയ മാനേജർ റദ്‌വാൻ കാസ്മിയ  ഇതിനെ വിശദീകരിച്ചത്. രാഷ്ട്രീയ നയങ്ങളവതരിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള ഒരിടമായി ഗെയ്മുകൾ മാറിയിരിക്കുന്നുവെന്നർത്ഥം.

ഗെയ്മിംഗ് വ്യവസായത്തിന്റെ ഈറ്റില്ലമാണ് അമേരിക്ക. അതുകൊണ്ടു തന്നെ വളരെ വ്യക്തമായി തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഗെയ്മുകളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കൻ ആർമിയിലേക്കു ജനങ്ങളെ ആകൃഷ്ടരാക്കാൻ അവർ ഗെയ്മുകളെ ആയുധമാക്കുന്നു. ബ്രദേഴ്‌സ് ഇൻ ആംസ്, കാൾ ഓഫ് ഡ്യൂട്ടി പോലോത്ത യുദ്ധമുന്നണി ഗെയ്മുകളിൽ അമേരിക്കൻ സൈന്യത്തെയാണ് കളിക്കുന്നയാൾ നിയന്ത്രിക്കേണ്ടത്. മാത്രമല്ല, 9/11 ന് ശേഷം ലോകത്ത് ശക്തിപ്രാപിച്ച ‘ഇസ്‌ലാമോഫോബിയ’ യെ കമ്പോളവത്കരിക്കുന്നതിനും ജനകീയവത്കരിക്കുന്നതിനും വീഡിയോ ഗെയ്മുകൾ നിർമിക്കപ്പെട്ടു. മുസ്‌ലിം മൊസാക്കർ (ങൗഹെശാ ങമമൈരൃല) എന്ന ഗെയ്മിൽ സായുധരായ മുസ്‌ലിംകളെ കൊന്നു തള്ളുകയാണ് വേണ്ടത്.

ഭീകരതക്കെതിരെ യുദ്ധം എന്ന അമേരിക്കൻ കൃത്രിമ ആപ്തവാക്യത്തെ ന്യായീകരിക്കാൻ ലോകത്തിനു മുന്നിൽ അവർക്കെന്നും കാരണങ്ങളുണ്ട്. ഇറാഖ് അധിനിവേശ കാലത്ത് , സൈനികർക്കൊപ്പം ജനങ്ങളെയും അവർ ഇറാഖിനെതിരെ ആയുധമെടുപ്പിച്ചത് ഗെയ്മിലൂടെയാണ്. ഇറാഖിൽ സൈനികർ നടത്തുന്ന മുന്നേറ്റങ്ങൾക്കനുസൃതമായി ഓരോ മാസത്തിലും പുതിയ ദൗത്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നു. ആക്രമണങ്ങളെ ന്യായീകരിക്കാൻ തങ്ങൾക്കു മുന്നിലുള്ളവർ ഭീകരരാണ്, അവർക്കെതിരായാണ് ഞങ്ങൾ യുദ്ധം ചെയ്യുന്നത് എന്ന സമീപനം സൃഷ്ടിച്ചെടുക്കുകയാണ് ഇത്തരം ഗെയ്മുകളിലൂടെ ചെയ്യുന്നത്. ഞങ്ങൾ അവർ എന്ന വീക്ഷണദൃഷ്ട്യാ, ഞങ്ങൾക്കൊപ്പമല്ലാത്തവർ ഭീകരരെന്നും അവർ തങ്ങളുടെ ശത്രുക്കളെന്നുമുള്ള അമേരിക്കൻ നയത്തിന്റെ സാങ്കേതികാവിഷ്‌കാരമാണ് ഈ ഗെയ്മുകൾ. അപരനെ ശത്രുപക്ഷത്തു ചേർത്ത് വിദ്വേഷത്തോടെ ഭീകരതയുടെ പ്രതിനിധിയാക്കി നിർത്തുകയാണ് ഇവിടെ. അമേരിക്ക മാത്രമല്ല, ഏതൊരു രാഷ്ട്രത്തിന്റെയും രാഷ്ട്രീയ നയങ്ങളോടുള്ള യോജിപ്പും വിയോജിപ്പും ഗെയ്മുകളിൽ കാണാനാവും.

ഫുട്‌ബോൾ എന്ന വിനോദം ഇന്നൊരു പ്രതീകമായി മാറി. സാമ്രാജ്യത്വത്തിന്റെ പുതുരൂപമായ ഗ്ലോബലൈസേഷൻ, ഫുട്‌ബോളിനെയും ആഗോളവത്കരിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ആരവങ്ങളായാൽ സ്വരാജ്യത്തിനെതിരെ കളിക്കുന്ന വൈദേശിക രാജ്യത്തിനെ ഉയർത്തിപ്പിടിക്കുന്ന ഒരു ‘കീഴ്‌പ്പെടൽ’ ഓരോ നാട്ടിലും കാണാം. ഈയൊരു ‘കീഴ്‌പ്പെടൽ’ ഫുട്‌ബോൾ ഗെയ്മിന്റെ ലോകത്തുമുണ്ട്. താഴെ റാങ്കിംഗിലുള്ള തന്റെ രാജ്യത്തെ മുന്നിലെത്തിക്കാൻ ശ്രമിക്കുന്നതിനേക്കാൾ മുൻനിര ടീമിനെയെടുത്ത് കളിക്കുന്നതാണ് പൊതുസ്വഭാവം.

ഗെയ്മുകളിൽ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പരിസ്ഥിതിയെക്കാൾ അവയിൽ സാമൂഹികമായി പ്രതിനിധീകരിക്കപ്പെടുന്ന കാര്യങ്ങൾ മാനസിക വികാരത്തെ ചൂഷണം ചെയ്യുന്നതും അക്രമാസക്തമാക്കുന്നതുമാണ്. നിയമങ്ങളില്ലാ ലോകത്ത് അതിവേഗതയിൽ കാറോടിക്കുന്നതും ചോദ്യം ചെയ്യപ്പെടാത്ത ഭീകരക്കൊലകൾ നടത്തുന്നതും ഇത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന പ്രതീതി സൃഷ്ടിച്ചു. ലൈംഗികതയെയും സ്ത്രീയെയും കമ്പോളവത്കരിക്കുന്നതിൽ ഗെയ്മുകൾ സൃഷ്ടിക്കുന്ന ഇടം ചെറുതല്ല.

എന്റർടെയ്‌മെന്റ് സോഫ്ട്‌വെയർ അസോസിയേഷൻ നടത്തിയ ഒരു പഠനമനുസരിച്ച് അമേരിക്കയിലെ മൂന്നിൽ രണ്ട് പേരും ഗെയിം കളിക്കുന്നവരാണ്. അവിടുത്തെ വിദ്യാർത്ഥി സമൂഹം തോക്കും കയ്യിലേന്തി നടക്കുന്നു, അധ്യാപകരെ കൊല്ലുന്നു, സഹപാഠിയെ അക്രമിക്കുന്നു, അക്രമവും കൊലയും നിസ്സാരമാവുകയും മനുഷ്യജീവൻ നശിപ്പിക്കുകയെന്നത് കാര്യമായ ഒന്നുമല്ലെന്നുള്ള ഒരു ബോധം കൊച്ചുമനസ്സിൽ ഇടം പിടിക്കുകയും ചെയ്‌തെങ്കിൽ അത് ഗെയിം-സിനിമ വഴിയാണ്.

സ്‌ത്രൈണതയെ കമ്പോളവത്കരിക്കുന്നതിൽ പരസ്യങ്ങളുടെ അതേ സമീപനം തന്നെയാണ് ഗെയ്മുകളിലും കാണാൻ കഴിയുക. പുരുഷന്മാരാണ് കേന്ദ്ര കഥാപാത്രങ്ങളായി മിക്ക ഗെയ്മുകളിലും വരുന്നത്. ഠീായ ഞമശറലൃ പോലുള്ള ചുരുക്കം ചിലതിൽ മാത്രം സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നുവെങ്കിലും പൊതുവിൽ സ്‌ത്രൈണത പുരുഷന് മുന്നിൽ കാഴ്ചവെക്കുന്ന തരത്തിലാണ് അവരെ അവതരിപ്പിക്കാറുള്ളത്. പുരുഷന്മാരെ ഹീറോ തലത്തിലും സ്ത്രീകളെ ആകർഷക തലത്തിലും ആണ് എല്ലാ ഗെയ്മുകളിലും അവതരിപ്പിക്കുന്നത്.. മരണപ്പോര് നടക്കുന്ന ഈ ഗെയ്മിൽ പുരുഷനെ പടച്ചട്ടയോടെ അവതരിപ്പിക്കപ്പെടുന്നുവെങ്കിൽ, സ്ത്രീ പോരാളികളെ നികൃഷ്ടമായി ഏറെ സെക്‌സികളായി അവതരിപ്പിക്കുന്നു. ഗൈമുകളിൽ സ്ത്രീ നായകത്വത്തെ ഇത്തരത്തിൽ അവതരിപ്പിക്കുന്നതിനെ നിക്കോളസ് മായ്‌നോവ് നിരീക്ഷിക്കുന്നതിങ്ങനെയാണ്: ‘സ്ത്രീകളിലും പുരുഷന്മാരിലും ഗെയ്മുകൾക്ക് ഒരേ തലത്തിൽ സ്വീകാര്യത കിട്ടുന്നതിനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. സ്ത്രീകൾക്ക് അവരെ പ്രതിനിധാനം ചെയ്യുന്ന പൗരുഷം നിറഞ്ഞ ഒരു പോരാളിയെയും, ആണുങ്ങൾക്ക് അവരെ ആകൃഷ്ടരാക്കുന്ന ഒരു സ്ത്രീ പോരാളിയെയും കിട്ടുന്നു.’ പരസ്യങ്ങളിൽ സ്ത്രീകളെ എത്രത്തോളം കച്ചവടവത്കരിക്കുന്നുവോ, അതിലെത്രയോ ഉപരിയായി ഗെയ്മുകളിൽ സ്ത്രീത്വത്തെ അപഹരിക്കുന്നുണ്ട്. സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള ജനിതകമായ വ്യത്യാസങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു നീക്കം നിർമാതാക്കൾ നടത്തുന്നതെന്ന് വ്യക്തമാണ്.

വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും മുൻനിർത്തി ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്നുമുണ്ട് ചില ഗെയ്മുകൾ. പുരാതന വിശ്വാസങ്ങളിലെ ദൈവങ്ങളെ നായകസ്ഥാനത്തായാണ് ഇവയിൽ അവതരിപ്പിക്കപ്പെടുക. കുരിശു യുദ്ധക്കാലത്തെ മുസ്‌ലിം-ക്രിസ്ത്യൻ സംഘർഷങ്ങളെയാണ് അസാസിൻസ് ക്രീഡ് ലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഒട്ടനവധി നിരൂപണങ്ങളും വിമർശനങ്ങളും ഈ ഗെയ്മിനെക്കുറിച്ചുണ്ടായിട്ടുണ്ട്. ശിയാ വിഭാഗത്തിലെ ഇസ്മായീലി ഗ്രൂപ്പിന്റെ പ്രതിനിധികളാണ് ഇതിൽ അസാസിൻസ് (രഹസ്യക്കൊലയാളി) ആയി വരുന്നത്. ഒരു തരത്തിൽ ക്രിസ്ത്യൻ വിരുദ്ധത മുൻനിർത്തിയാണ് ഈ ഗെയിമിന്റെ അവതരണമെന്നും ഉന്നയിക്കപ്പെടുന്നു. ചരിത്രത്തെയും വിശ്വാസത്തെയും ഇത്തരം പ്രതിമാനങ്ങളിലൂടെ എഴുന്നള്ളിക്കുന്നത് വഴി, ഒരു ജനതയുടെ ആത്മവികാരങ്ങളെ പ്രചോദിപ്പിക്കാനും പുനരാവിഷ്‌കരിക്കാനും കഴിയുന്നു. ഛോട്ടാ ഭീം പോലുള്ള കഥാപാത്രങ്ങളും കൃത്യമായ മത ലക്ഷ്യങ്ങൾ മുന്നിൽവെച്ചു കൊണ്ടുള്ളതാണല്ലോ.

ചുരുക്കത്തിൽ, ഗെയ്മുകളിൽ ആവിഷ്‌കരിക്കപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യ സമസ്യകളെ തിരസ്‌കരിക്കാവുന്നതല്ല. സാങ്കേതിക വിദ്യയിലധിഷ്ഠിതമായി വളർന്നുവരുന്ന നവലോകത്ത്, ഗെയ്മുകളിലെ ഇത്തരം പ്രതിനിധാനങ്ങൾ നിരവധി സാമൂഹ്യമായ ഭവിഷ്യത്തുകളാണ് സൃഷ്ടിക്കുന്നത്. മതവും സംസ്‌കാരവും ഒരു സമൂഹത്തെ പ്രതിനിധീകരിക്കുമ്പോൾ, ആ സമൂഹത്തിനനുകൂലമോ പ്രതികൂലമോ ആയ കാര്യങ്ങളെയാണ് ഈ വീഡിയോ ഗെയ്മുകൾ അനാവരണം ചെയ്യുന്നത്. അത് പക്ഷേ, മനുഷ്യവർഗങ്ങൾക്കിടയിലെ സംഘർഷങ്ങൾക്ക് മുന്നൊരുക്കമായിത്തീരുകയാണ്. ചെറിയ മനസ്സുകളിൽ തന്നെ ഭീതിയും ഭീകരതയും മൃഗീയതയും നിറക്കാൻ ഇത്തരം ഗെയ്മുകൾക്കാകുമെന്നത് അവഗണിക്കാവതല്ല.

മത-രാഷ്ട്രീയ പ്രതിനിധാനത്തിന്റെ ചാലകങ്ങളായി പുതിയ സാങ്കേതിക വിജ്ഞാനത്തെ ഉപയോഗിക്കുകയാണിന്ന്. സിനിമ-സീരിയൽ, തിരക്കഥാ ലോകം തുടങ്ങിയവയെല്ലാം മതത്തെയും രാഷ്ട്രീയത്തെയും നിഷേധിക്കാനും പ്രതിനിധീകരിക്കാനുമുള്ള ഇടങ്ങളായി മാറി. ഇതനുസരിച്ച് സംവാദങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ടെക്‌നോളജിക്കൽ ലോകം, മനുഷ്യനെ സാംസ്‌കാരികവും സാമൂഹികവുമായ പാരമ്പര്യത്തിൽ നിന്നും അറുത്തുമാറ്റി, പുതിയൊരു സ്വഭാവത്തെ സൃഷ്ടിക്കുകയാണ്. സാങ്കേതിക വിദ്യയുടെ പുതുഭാവങ്ങളെ അവതരിപ്പിക്കുന്ന വീഡിയോ ഗെയ്മുകളിൽ മതവും രാഷ്ട്രീയവും കടന്നുവരുന്നതിനെക്കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യമുണ്ട്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ