ശുദ്ധി മുസ്ലിമിന് വിശ്വാസത്തിന്റെ ഭാഗമാണ്. ത്വഹാറതും നളാഫതും വേണം. വൃത്തിയും വെടിപ്പുമുണ്ടാകണം. നജസിൽ നിന്ന് വൃത്തിയായാൽ മാത്രം പോരാ. ചളി, നജസല്ലാത്ത മറ്റു മാലിന്യങ്ങൾ, ഗന്ധങ്ങൾ, നിറം, ശബ്ദം തുടങ്ങി മറ്റുള്ളവർക്ക് അലോസരം സൃഷ്ടിക്കുന്ന എല്ലാത്തിൽ നിന്നും വിശ്വാസി ശുദ്ധിയാകണം. ശുദ്ധിയാകൽ നിർബന്ധമാകുന്ന സാഹചര്യങ്ങളുണ്ട്, സുന്നത്തായ സന്ദർഭങ്ങളുമുണ്ട്. കടമ നിർവഹിക്കുക എന്നതിനപ്പുറം എല്ലാ സമയത്തും വൃത്തിയായി നിലകൊള്ളുക എന്നതാണ് വിശ്വാസിയുടെ ശൈലിയാകേണ്ടത്.
വ്യക്തിശുചിത്വവും പാരിസ്ഥിതിക ശുചിത്വവും പ്രധാനമാണ്. വൈയക്തിക ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്വശരീരത്തിനു മാത്രമല്ല, മറ്റുള്ളവർക്കും ഉപകരിക്കുന്നവയാണ്. വൃത്തിയോടെ ജീവിക്കുക എന്നതിന്റെ പരമമായ ലക്ഷ്യം ആരോഗ്യം നിലനിൽക്കുക എന്നത് തന്നെയാണ്. വൃത്തിയുണ്ടായാൽ ടെൻഷൻ കുറയുകയും ആത്മവിശ്വാസം വർധിക്കുകയും ബുദ്ധി കൂടുകയും സന്തോഷവും സന്തുഷ്ടിയും കൈവരികയും ചെയ്യും. മിസ്‌വാക്ക് ചെയ്യുന്നതും സുഗന്ധം പൂശുന്നതും നല്ല വസ്ത്രം ധരിക്കുന്നതുമെല്ലാം അപരനെ പരിഗണിച്ചുകൊണ്ട് കൂടിയാണ്. നല്ലതിന് വലതും മ്ലേച്ചമായതിന് ഇടതും കൈകൾ ഉപയോഗിക്കുന്നത് വൃത്തിക്ക് വേണ്ടിയാണ്.
വസ്ത്രം ഞെരിയാണിക്ക് താഴെ വലിച്ചിഴക്കാൻ പാടില്ല എന്നു പറഞ്ഞ പണ്ഡിതർ വിശദീകരിക്കുന്നത് അതാണ് ഏറ്റവും ശുദ്ധിയും വൃത്തിയുമുള്ള കാര്യമെന്നാണ്. നജസാകാതിരുന്നാൽ മാത്രം പോരാ, മ്ലേച്ഛമായതൊന്നും വസ്ത്രത്തിൽ പുരളുകയുമരുത്.
ശരീരം വൃത്തിയായി കൊണ്ടുനടക്കണം. ആരോഗ്യത്തിന് അതനിവാര്യമാണ്. നഖവും മീശയും ചെറുതാക്കുക. താടി നല്ല വിധത്തിൽ ചിട്ടപ്പെടുത്തുക. താടി വടിച്ചു കളയരുത്. ഗുഹ്യ-കക്ഷ രോമങ്ങൾ നീക്കുക. നാൽപതു ദിവസത്തിൽ ഒരിക്കലെങ്കിലും ഇവ നീക്കൽ അനിവാര്യം. രോമവളർച്ച കൂടിയവർ ആഴ്ചയിലോ രണ്ടാഴ്ചയിലോ ചെയ്യേണ്ടി വരും. വ്യാഴം ഉച്ചക്ക് ശേഷമോ വെള്ളി രാവിലെയോ ആകലാണ് ഉത്തമം. പ്രസ്തുത ക്രമത്തിലാകുമ്പോൾ ആ സുന്നത്ത് കൂടി ലഭിക്കും. നഖവും മറ്റു വേസ്റ്റുകളും വെള്ളത്തിലും ഭക്ഷണത്തിലുമൊന്നുമാകാതെ കുഴിച്ചിടാൻ ശ്രദ്ധിക്കുക. മുടി വെട്ടിയാൽ കുളിക്കുക. നഖം മുറിച്ചാൽ വെട്ടിയ ഭാഗം കഴുകാൻ വൈകരുത്.
നാം ജീവിക്കുന്ന പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടും പരിസരവും ദിനേന വൃത്തിയാക്കണം. മാറാലയുണ്ടാകരുത്, ഉന്മേഷക്കുറവിന് അത് കാരണമാകും. ചെരുപ്പുകൾ സൂക്ഷിക്കാൻ റാക്കുകൾ നല്ലതാണ്. ഊരി വെക്കുമ്പോൾ വൃത്തിയായി വെക്കണം. ചെരുപ്പിടാൻ പറ്റാത്ത സ്ഥലങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് ചെളിയുള്ള ഭാഗങ്ങളിൽ ചവിട്ടരുത്. ഫൂട്ട്മാറ്റുകൾ കാലുകൊണ്ട് ചവിട്ടാനുള്ള സ്ഥലമാണ്. അങ്ങോട്ട് ചെരുപ്പ് കയറ്റരുത്.
അടുക്കളയും ബെഡ്‌റൂമും ഹാളും ടോയ്‌ലറ്റും തുടങ്ങി വീട്ടിലൊരു ഭാഗത്തും അനാവശ്യമായി സാധനങ്ങൾ കൂട്ടിയിടരുത്. ഉപയോഗമുള്ള ഉപകരണങ്ങൾ അതിന്റേതായ ഇടങ്ങളിൽ സൂക്ഷിക്കുകയും സ്ഥാനം തെറ്റിച്ച് വെക്കാതിരിക്കുകയും ചെയ്താൽ സമയം ലാഭിക്കാനും കാര്യങ്ങൾ അനായാസം ചെയ്തുതീർക്കാനും സൗകര്യമാണ്. ഫുഡ് വേസ്റ്റുകൾ ബയോഗ്യാസ് പോലുള്ള വല്ല സംവിധാനങ്ങളിലൂടെയും ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. പ്ലാസ്റ്റികും റീ-യൂസ് ചെയ്യാൻ പറ്റാത്ത മറ്റു വേസ്റ്റുകളും അതിന്റേതായ രീതിയിൽ കൈകാര്യം ചെയ്യണം. കത്തിക്കാൻ പാടില്ലാത്തവ കത്തിക്കരുത്. അടുത്ത് തോടോ പുഴയോ ഉള്ളവർ വേസ്റ്റുകൾ അതിൽ കൊണ്ടുപോയി തട്ടുന്ന ദുശ്ശീലം ചിലയിടങ്ങളിൽ കാണാറുണ്ട്. അതൊരിക്കലും ചെയ്യാൻ പാടില്ല.
അഴുക്കും മാലിന്യവും സംസ്‌കരിക്കണം. മാലിന്യമായി തന്നെ അവ അവശേഷിക്കാനനുവദിക്കരുത്. ഇനം തിരിച്ചുള്ള മാലിന്യ സംസ്‌കരണം ഇസ്‌ലാമിക സംസ്‌കാരത്തിൽ പെട്ടതാണ്. ഫുഡ് വേസ്റ്റ്, മലമൂത്ര വിസർജനങ്ങൾ എല്ലാം വെവ്വേറെ കൈകാര്യം ചെയ്യണം. നഖം, മുടി, ആർത്തവാനുബന്ധ മാലിന്യങ്ങൾ തുടങ്ങിയവ കുഴിച്ചിടാനാണ് ഇസ്‌ലാം പഠിപ്പിച്ചത്. വളരെ സമ്പന്നമായ ഒരു മാലിന്യ സംസ്‌കരണ രീതി ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ കൊണ്ടും ജീവിതശൈലി കൊണ്ടും യാതൊരുവിധ മാലിന്യവും ഭൂമിയിൽ ബാക്കിയാകരുത്.
പല ഇലക്‌ട്രോണിക് ഉപകരണങ്ങളും മൊബൈൽ ചാർജറുകളും മറ്റു ആക്‌സസറീസും കേടായാൽ പിന്നെ നമുക്ക് ഭാരമാണ്. മണ്ണിൽ കളഞ്ഞാൽ ദ്രവിക്കുകയില്ല. മാത്രമല്ല, മണ്ണ് നശിക്കുകയും ചെയ്യും. കത്തിക്കാനും വയ്യ. അന്തരീക്ഷ മലിനീകരണമുണ്ടാകും. എന്നാൽ ഇത്തരം വേസ്റ്റുകളിൽ പലതും റീസൈക്കിൾ ചെയ്യാൻ സംവിധാനങ്ങളുണ്ട്. ഉപയോഗശൂന്യമായ ചാർജറുകൾ മൊബൈൽ കമ്പനികൾ തന്നെ ഇപ്പോൾ തിരിച്ചെടുക്കുന്നുണ്ട്. ഈ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് അവ ശരിയായ രീതിയിൽ സംസ്‌കരിക്കാൻ ശ്രദ്ധിക്കണം.
സാമൂഹിക-പാരിസ്ഥിതിക ശുദ്ധിയെ കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും ചോദ്യചിഹ്നമായി നിൽക്കുന്ന ഒന്നാണ് നഗരങ്ങളിലെ ശുചിത്വം. നമ്മൾ കണ്ടു പരിചയിച്ച നഗരങ്ങളെല്ലാം ജനസാന്ദ്രത കൊണ്ടും മതിയായ പ്രകൃതി വിഭവ വിതരണങ്ങളില്ലാത്തതു കൊണ്ടും മറ്റും നരകങ്ങളായി മാറിയവയാണ്. ശുചിത്വമാണ് ആരോഗ്യത്തെ നിർണയിക്കുന്നതെന്ന തത്ത്വം മനസ്സിലാക്കുകയും അതിന്റെ പ്രാധാന്യമുൾകൊണ്ടുകൊണ്ട് നഗരങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിഹാരം. ശുദ്ധമായ വായുവും വെള്ളവും മണ്ണും അന്തരീക്ഷവും നിർമിക്കാനും പരിപാലിക്കാനും നഗരങ്ങളിൽ മാർഗങ്ങൾ കണ്ടെത്തണം.
മദീനയിൽ മുമ്പ് വായു മോശമായിരുന്നു. അങ്ങനെ അവിടത്തെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ അബൂത്വൽഹ(റ)നെ നബി(സ്വ) ഏൽപിക്കുകയും മലിനജലം ഒഴുകിയിരുന്ന വാദി ബുത്ഹാൻ എന്ന നദി ദിശ തിരിച്ചൊഴുക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തു. അങ്ങനെ വാദി ബുത്ഹാനെ വഴിതിരിച്ചൊഴുക്കിയപ്പോൾ കുറഞ്ഞ കാലം കൊണ്ട് തന്നെ മദീനയിലെ വായു ശുദ്ധമാവുകയുണ്ടായി. ഒഴുക്കിന്റെ ദിശ മാറിയപ്പോൾ മുമ്പത്തേതിനേക്കാൾ സൂര്യപ്രകാശം നദിയിലേക്ക് ലഭിച്ചു. വെള്ളം പെട്ടെന്ന് ശുദ്ധിയായി. പുറമെ, പരിസ്ഥിതി നന്നാവാൻ നബി(സ്വ) ധാരാളമായി പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീട് ആ വെള്ളത്തിൽ നിന്ന് നബി(സ്വ) പരസ്യമായി മുഖം കഴുകി കാണിച്ചപ്പോൾ സ്വഹാബത്തിന് വലിയ സന്തോഷമായി.
ശുദ്ധമായ വായുവും പരിസരവും ഉറപ്പാക്കുന്നതിന് നഗരങ്ങളിൽ സ്വസ്ഥമായ ഉദ്യാനങ്ങൾ തയ്യാറാക്കാം. നഗരങ്ങളിൽ കൊതുകുകളുണ്ടാകുന്നത് വൃത്തിക്കെതിരാണ്. അതുകൊണ്ടാണ് മോഹൻജദാരോ-ഹാരപ്പ നാഗരികതകളെ കുറിച്ച് വായിക്കുമ്പോൾ വീടുകളിൽ നിന്ന് അവശിഷ്ടങ്ങൾ ഒഴുക്കിക്കളയാൻ പ്രത്യേക ഓടകളുണ്ടായിരുന്നു എന്ന് കാണാം. മലേഷ്യയിലും തുർക്കിയിലും മിസ്‌റിലും മറ്റും ചെന്നാൽ ഇത്തരം ഡ്രൈനേജ് സിസ്റ്റം കാണാൻ സാധിക്കും.
വാഹനങ്ങളും നന്നായി നിയന്ത്രിക്കേണ്ട ഒന്നാണ്. ജനസാന്ദ്രതയുള്ള നഗരങ്ങളിൽ കാർബൺ പുക തുപ്പുന്ന വാഹനങ്ങൾ വർധിക്കുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. ഡൽഹി അതിനുദാഹരണമാണ്. കുട്ടികൾ പഠിക്കുന്ന ക്യാമ്പസുകളിലേക്കും സ്‌കൂളുകളിലേക്കും മറ്റും വാഹനങ്ങൾ പ്രവേശിപ്പിക്കുന്നത് നന്നല്ല. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്യാമ്പസിനുള്ളിലേക്ക് വാഹനം കടത്തി വിടില്ല. വണ്ടി പുറത്ത് നിർത്തി ഉള്ളിലേക്ക് നടന്നു പോകണം. നടക്കാൻ പ്രയാസമുള്ളവർക്ക് അനുബന്ധ സൗകര്യങ്ങളുണ്ട്. കാരന്തൂർ മർകസ് സ്‌കൂളിലെ സിസ്റ്റം അങ്ങനെയാക്കിയിട്ടുണ്ട്. നിസാമുദ്ദീൻ ഔലിയ, ഇബ്‌നു ബത്തൂത്തയുടെ തഞ്ച, അബൂദാബിയിൽ ഈയടുത്ത് നിർമിച്ച അൽമസ്ദർ തുടങ്ങി ധാരാളം നഗരങ്ങൾ വാഹന നിയന്ത്രണം സാധ്യമാക്കിയതിന്റെ ഉദാഹരണങ്ങളാണ്.

 

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…

ബദര്‍ ശുഹദാക്കള്‍

ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു…