മഹ്ദിയുടെ ആഗമനം പ്രാമാണികമാണെന്നു വിശദീകരിച്ച് സുന്നിവോയ്സ് ലേഖനങ്ങളും പ്രസ്താവനകളും പ്രസിദ്ധീകരിച്ചു കാണാം
1400ാം ഹിജ്റ പുതുവര്‍ഷപ്പുലരിയില്‍ വിശുദ്ധ ഹറമില്‍ ജുഹൈമാന്‍ ഉതൈബിയും സംഘവും നടത്തിയ അട്ടിമറി ശ്രമത്തിന്റെ വൃത്താന്തമാണ് കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തത്. രണ്ടാഴ്ച വിശുദ്ധ കഅ്ബ ഉപരോധിച്ചപ്പോള്‍ ലോക മുസ്ലിം ശ്രദ്ധ നേടാന്‍ ജുഹൈമാന്‍ ഒരു തന്ത്രമിറക്കിയിരുന്നു; താനാണ് തിരുവചനങ്ങള്‍ പ്രഖ്യാപിച്ച ഇമാം മഹ്ദിയെന്ന്. മുസ്ലിംകളുടെ പിന്തുണ നേടാന്‍ കൂടിയാണ് ഇതദ്ദേഹം തട്ടിവിട്ടത്. അതില്‍പ്പിന്നെ ഇമാം മഹ്ദിയെ കുറിച്ചായി പൊതു ചര്‍ച്ച. മുസ്ലിം മീഡിയകള്‍ ഇമാമിന്റെ ആഗമനത്തില്‍ ഊന്നിയും തിരുനബി മൊഴികളിലെ തെളിവുകള്‍ വെച്ച് ജുഹൈമാന്‍ ഇദ്ദേഹമല്ലെന്ന് പ്രഖ്യാപിച്ചും മുന്നോട്ടുപോയപ്പോള്‍ ചില അറബി മുഫ്തിമാര്‍ മഹ്ദി ഇമാമിന്റെ വരവു സംബന്ധിയായ ഹദീസുകള്‍ ദുര്‍ബലമാണെന്നാണു വാദിച്ചത്.
എന്നാല്‍ ഈ വാദം പൂര്‍ണാബദ്ധമാണെന്നും മഹ്ദിയുടെ ആഗമനം പ്രാമാണികമാണെന്നും വിശദീകരിച്ച് സുന്നിവോയ്സ് ലേഖനങ്ങളും പ്രസ്താവനകളും പ്രസിദ്ധീകരിച്ചു കാണാം. സമസ്ത സെക്രട്ടറിയേറ്റും പ്രസ്താവന പുറപ്പെടുവിച്ചു. 1980 ജനുവരി 4 ലക്കത്തില്‍ ഇതു കാണാം. കോഴിക്കോട് നിന്നുള്ള പ്രസ്തുത റിപ്പോര്‍ട്ട് ഇങ്ങനെ: “സമുദായത്തെ ഉദ്ധരിക്കാനായി ഓരോ നൂറ്റാണ്ടിലും ഓരോ മുജദ്ദിദ് വരുമെന്നും അവസാനമായി പരിപൂര്‍ണ ശക്തിയോടും പ്രത്യേക അടയാളത്തോടും കൂടി ഇമാം മഹ്ദി(റ) വരുമെന്നും ഈ കാലമത്രയും യാതൊരു അഭിപ്രായ വ്യത്യാസവും കൂടാതെ വിശ്വസിച്ചു പോന്നതും ധാരാളം ഹദീസുകള്‍ ആ വിഷയത്തില്‍ വന്നിട്ടുണ്ടെന്നും സമസ്ത സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ഖുതുബ പരിഭാഷ നിര്‍ബന്ധമാണെന്നും സ്ത്രീകളെ പള്ളികളിലേക്ക് കൊണ്ടുപോകണമെന്നും പ്രമേയം പാസ്സാക്കിയ ചിലരാണ് ഇമാം മഹ്ദി വരില്ലെന്നും അതു കെട്ടുകഥയാണെന്നും പറയുന്നത്. ഇത്തരം പ്രസ്താവന കണ്ട് പൊതുജനങ്ങള്‍ വഞ്ചിതരാവരുതെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.’
ഇമാം മഹ്ദിയെക്കുറിച്ചുള്ള വിശ്വാസം എന്ന തലവാചകത്തോടെ ഇതേ ലക്കത്തില്‍ എംഎ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ മുഖലേഖനമെഴുതിയിട്ടുണ്ട്. അതില്‍ നിന്ന്:
“ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഒരു ഹദീസില്‍ തിരുദൂതര്‍ ഇപ്രകാരം പ്രസ്താവിച്ചതായി കാണാം. നിങ്ങളില്‍ നിന്നുള്ള ഒരു ഇമാം നിങ്ങള്‍ക്കു നേതൃത്വം വഹിച്ചുകൊണ്ടിരിക്കെ മര്‍യമിന്റെ പുത്രന്‍ ഈസാ നബി(അ) നിങ്ങളിലേക്കിറങ്ങി വന്നാല്‍ നിങ്ങളുടെ സ്ഥിതിയെന്തായിരിക്കും! പ്രസ്തുത ഹദീസ് ഉദ്ധരിച്ച ശേഷം ലോക പ്രസിദ്ധനായ ഇബ്നുഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തുന്നു. ഇമാം മഹ്ദി ഈ സമുദായത്തില്‍ ഒരാളാണെന്നും ഈസാ(അ) അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് നിസ്കരിക്കുമെന്നുമുള്ള ഹദീസുകള്‍ മുതവാതിറായി (തുടര്‍ച്ചയായ അനിഷ്യേ റിപ്പോര്‍ട്ട് വഴി) രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അബുല്‍ ഹസന്‍ പ്രസ്താവിച്ചിട്ടുണ്ട്. മുസ്ലിം, നസാഈ, അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി മുതലായ പലരും റിപ്പോര്‍ട്ട് ചെയ്യുന്നു. മഹ്ദീ എന്റെ സന്തതികളില്‍ഫാത്വിമയുടെ സന്തതികളില്‍പെട്ട ആളാണ്. അബൂദാവൂദിന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ലോകത്തില്‍ നിന്ന് ഒരു ദിവസം മാത്രം ബാക്കിയുണ്ടെങ്കില്‍ കൂടി പ്രസ്തുത ദിവസത്തെ അല്ലാഹു ദീര്‍ഘിപ്പിക്കുകയും എന്റെ പരമ്പരയില്‍ നിന്ന് എന്റെ പേരും അദ്ദേഹത്തിന്റെ പേരും ഒത്തിട്ടുള്ള, എന്റെയും അദ്ദേഹത്തിന്റെയും പിതാവിന്റെ പേരും ഒന്നായിട്ടുള്ള ഒരു പുരുഷനെ അല്ലാഹു നിയോഗിക്കുകയും ചെയ്യും. ഭൂതലത്തില്‍ അക്രമവും അനീതിയും നിറക്കപ്പെടുന്നതിന് പകരം അദ്ദേഹം നീതിയും ന്യായവും നിറക്കും. അബൂസഈദില്‍ നിന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഒരു തിരുവചനം കാണുക: മഹ്ദി എന്നില്‍ നിന്നുള്ളവരാണ്. നെറ്റി വീതിയുള്ളവനും മൂക്ക് ഉയര്‍ന്നവരും ആണ്… അദ്ദേഹം ഏഴു വര്‍ഷം ഭരിക്കുന്നതാണ്.’
ഇമാം മഹ്ദി എന്നവകാശപ്പെട്ട് പല കാലങ്ങളില്‍ രംഗത്തുവന്നവരെ കുറിച്ച് എംഎ ഉസ്താദ് തുടര്‍ന്നെഴുതുന്നതു കാണാം. റാഫിളികള്‍ ഹുസൈന്‍(റ)ന്റെ പരമ്പരയിലെ പന്ത്രണ്ടാമനായ മുഹമ്മദ്ബ്നു ഹസന്‍ അസ്കരിയെയും ഒരു വിഭാഗം ശിയാക്കള്‍ അബുല്‍ ഖാസിം മുഹമ്മദിനെയും മീര്‍സ ഗുലാമിനെ ഖാദിയാനികളും മഹ്ദിയാക്കിയതു വിവരിച്ച ശേഷം മഹ്ദി ആഗമന നിഷേധികള്‍ക്കെതിരെ ഉസ്താദ് എഴുതി: “ഏതെങ്കിലും കപടന്മാര്‍ കാണിക്കുന്ന പ്രക്രിയകള്‍ കണ്ടമ്പരന്നു ഹദീസുകളും അനിഷ്യേ തെളിവുകളും തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. മുസല്‍മാന്‍ പരമ്പരാഗതമായി വിശ്വസിക്കുന്ന ഖലീഫ മഹ്ദിയുടെ സുവര്‍ണകാലം സുനിശ്ചിതവും തിരുദൂതരുടെ ഹദീസുകള്‍ വഴി സുസ്ഥാപിതവുമത്രെ.’
മഹ്ദീ നിഷേധം തെറ്റായ വാദം എന്ന സിഎം അബ്ദുല്ല മൗലവിയുടെ വിവര്‍ത്തനക്കുറിപ്പും ഈ ലക്കത്തിലുണ്ട്. ഇബ്നുല്‍ ബാസ് 10.12.79ന് മക്കയിലെ മുസ്ലിം വേള്‍ഡ് ന്യൂസ് വാരികയിലെഴുതിയ ലേഖനമാണ് അദ്ദേഹം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മഹ്ദീ ആഗമനം പ്രാമാണികമാണെന്നും പ്രവാചകര്‍ പഠിപ്പിച്ച അടയാളങ്ങള്‍ ഒത്തുവരാത്തതിനാല്‍ ജുഹൈമാന്‍ കപട മഹ്ദിയാണെന്നും ബൈഅത്ത് ചെയ്യേണ്ടതില്ലെന്നുമാണ് കുറിപ്പിന്റെ കാതല്‍. അക്രമവും അനീതിയും അകറ്റുകയാണ് യഥാര്‍ത്ഥ മഹ്ദി ചെയ്യുകയെങ്കില്‍ ജുഹൈമാന്‍ നിരപരാധികളായ ഹാജിമാര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമെതിരെ അക്രമം അഴിച്ചുവിടുകയാണ് ചെയ്തിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഇബ്നുബാസ് പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ: “നബി(സ്വ) വെളിപ്പെടുത്തിയ അടയാളങ്ങള്‍ ഒത്തുകാണുന്നതു വരെ ഒരു വ്യക്തിയെപ്പറ്റി അയാളാണ് മഹ്ദീ എന്ന് പറയുന്നത് ശരിയല്ല.’
ഏതായാലും രണ്ടാഴ്ച നീണ്ട ഉപരോധത്തിനും ഏറ്റുമുട്ടലിനുമൊടുവില്‍ ജുഹൈമാന്‍ ഉതൈബിയും സംഘവും കൊല്ലപ്പെട്ടതോടെ മഹ്ദീ വിവാദവും കെട്ടടങ്ങി.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ