പൂർവസൂരികളായ ശാഫിഈ ഇമാമി(റ)നെ പോലെയോ ശൈഖ് മുഹ്‌യിദ്ദീൻ(റ)നെ പോലെയോ ഒന്നും വളർന്നുവെന്ന് അവകാശപ്പെട്ടല്ല ആലിം എന്ന് നാം വിശേഷിപ്പിക്കപ്പെടുന്നത് മറിച്ച് ആ വിജ്ഞാന പാരമ്പര്യത്തിന്റെയും ജ്ഞാനികളുടെയും സേവകരാണ് നാം എന്ന നിലക്കാണ്. ഇവിടെ പണ്ഡിതന്മാരോട് ഓർമപ്പെടുത്താനുള്ളത് വിശ്വാസമാണ് നമ്മുടെ മുഖ്യമായ പരിഗണന എന്നതാണ്. വിശ്വാസം സംരക്ഷിക്കണം. നമ്മുടെ ഹൃദയം ശുദ്ധിയാകണം. അതിന് നാം ഭക്തരായ, സജ്ജനങ്ങളായ പണ്ഡിത പരമ്പരക്കൊപ്പം നിൽക്കണം. ആധ്യാത്മിക ശ്രേഷ്ഠരുടെയും ജ്ഞാനികളുടെയും വഴിയിലുറച്ചു നിൽക്കണം. അവർ വിശ്വാസികളുടെ സംരക്ഷണത്തിനുണ്ടാകും. അവർ ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനുണ്ടാകും. അല്ലാഹുവിന്റെ അബ്ദാലുകളും ഔതാദുകളും ഇലാഹിയ്യായ അനുഗ്രഹത്താൽ ഔന്നത്യത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കുയരാൻ ഭാഗ്യം സിദ്ധിച്ചവരാണ്.
മഹാനായ ഇബ്‌നുഹജർ അൽ ഹൈതമി(റ) ഒരനുഭവം പങ്കുവെക്കുന്നുണ്ട്: എന്റെ ഒരു പ്രധാന ഉസ്താദ് അന്ധനായിരുന്നു, മഹാജ്ഞാനിയും. നല്ല ഉൾക്കാഴ്ചയുള്ള പ്രകൃതം. പക്ഷേ അല്ലാഹുവിന് അബ്ദാലുകളുണ്ടോ എന്ന വിഷയത്തിൽ ഞാനും ഉസ്താദും അഭിപ്രായ വ്യത്യാസത്തിലായി. അല്ലാഹുവിന് അബ്ദാലുകളില്ലെന്ന് ഉസ്താദ് പറഞ്ഞു. ഉണ്ടെന്ന് ഞാനും.
മര്യാദക്കേടാകരുതല്ലോ എന്നോർത്ത് ഞാൻ ഉസ്താദിനോട് തർക്കിച്ചില്ല. പിന്നീടൊരിക്കൽ ഉസ്താദിനെയും കൂട്ടി സകരിയ്യൽ അൻസ്വാരി(റ)നെ കാണാൻ പോയി. അവിടെ വെച്ച് ഞങ്ങൾക്കിടയിലെ തർക്കത്തെ കുറിച്ച് അവസരം പോലെ അവതരിപ്പിച്ചു. അപ്പോൾ സകരിയ്യൽ അൻസ്വാരി(റ) ഉസ്താദിനോട് ചോദിച്ചു; സൂര്യനുണ്ടെന്നതു പോലെയുള്ള വ്യക്തമായ ഒരു കാര്യത്തെ നിങ്ങളെങ്ങനെ നിഷേധിക്കുന്നു? നബി തങ്ങൾ പറഞ്ഞത് നിങ്ങൾക്കറിയില്ലേ; അല്ലാഹുവിന് അബ്ദാലുകളുണ്ട്. അവരെ കൊണ്ട് മഴ ലഭിക്കും, അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും കൈവരും എന്നൊക്കെ. അത് കേട്ട് ഉസ്താദ് തെറ്റ് തിരുത്തുകയുണ്ടായി.
അത്തരം മഹാന്മാരായ അബ്ദാലുകളും ഔതാദുകളും നുജബാഉകളുമെല്ലാം ഉണ്ട്. അവരുടെ വഴിയെ നമ്മളും സഞ്ചരിക്കാനൊരുങ്ങണം. അതിന് അല്ലാഹുവിനെ സ്‌നേഹിക്കണം. എല്ലാത്തിനേക്കാളും മികച്ച സ്‌നേഹം അവനോടായിരിക്കണം. അത് കഴിഞ്ഞാൽ മുഹമ്മദ് നബി(സ്വ)യോട്. അങ്ങനെ പ്രിയം വെച്ച് കൊണ്ടാണ് മഹാന്മാർ ഔലിയാക്കളാകുന്നത്.
നാം ആരെയാണോ പിൻപറ്റിയത് ആ ആത്മാക്കളോടൊപ്പമാണ് ആഖിറത്തിൽ വിളിക്കപ്പെടുക. തഫ്‌സീറുകളിൽ കാണാം; എവിടെ ഇമാം അബൂഹനീഫയും അനുയായികളും, എവിടെ മാലികും അനുയായികളും, എവിടെ ശാഫിഈയും അനുയായികളും എന്നിങ്ങനെ വിളിക്കപ്പെടും. ഇങ്ങനെ അല്ലാഹുവിന്റെ ഔലിയാക്കളെയും പണ്ഡിതന്മാരെയും അവരെ പിൻപറ്റിയവരെയും വിളിക്കും. അപ്പോൾ സാധുക്കളായ നമുക്കും വേണ്ടേ ഒരു പിടിവള്ളി. അതിനാണ് അല്ലാഹുവിന്റെ ഔലിയാഅ്. മുഹ്‌യിദ്ദീൻ ശൈഖ്(റ) പറഞ്ഞില്ലേ? എന്റെ മുരിദുകൾ ഭയപ്പെടേണ്ടതില്ല. ഞാൻ അവരെ രക്ഷപ്പെടുത്തുമെന്ന് അതേ, അങ്ങനെ രക്ഷപ്പെടുത്താനുള്ള അവസരം അല്ലാഹു അവർക്ക് കൊടുക്കും.
ആഖിറത്തിൽ ചെല്ലുമ്പോൾ പടച്ചവന്റെ കോപവും അടിമകളുടെ ബേജാറും ഒരുമിച്ചു കൂടവെ ശിപാർശക്ക് വേണ്ടി ആദം നബി(അ)യും നൂഹ് നബി(അ)യും ഇബ്‌റാഹീം നബി(അ)യും മൂസാ നബി(അ)യും ഈസ നബി(അ)യും ഉൾപ്പെടെയുള്ള അമ്പിയാഇനെ ജനങ്ങൾ സമീപിക്കും. ഞങ്ങളാരും അതിനർഹല്ലെന്നും മുഹമ്മദ് നബി(സ്വ)യാണ് അർഹനെന്നും ഈ സമയത്ത് തിരുനബിക്കേ നിങ്ങളെ സഹായിക്കാൻ കഴിയൂ എന്നും അവരെല്ലാം പറയും. അവർ ഈ ജനങ്ങളെയും കൂട്ടി നബി തങ്ങളെ സമീപിക്കുമ്പോൾ അവിടുന്ന് അതേറ്റെടുക്കുകയും അല്ലാഹുവിന്റെ മുമ്പിൽ സുജൂദ് നിർവഹിക്കുകയും ചെയ്യും. അന്നേരം നാഥൻ പറയും: നബിയേ എഴുന്നേൽക്കുക. എന്താണെങ്കിലും എന്നോട് ചോദിക്കൂ, ഞാൻ തരുമല്ലോ? അങ്ങനെ തങ്ങൾ ശഫാഅത്ത് ചെയ്യും. അപ്പോൾ വിചാരണ നടത്തി സജ്ജനങ്ങളെ സ്വർഗത്തിലേക്കയക്കും. മറ്റു ചിലരെ നരകത്തിലേക്കും. നരകത്തിലേക്ക് പറഞ്ഞയക്കപ്പെട്ടവരിലും ചില മുഅ്മിനുകളുണ്ട് എന്ന് റസൂൽ(സ്വ) പിന്നീട് അറിയും. അവിടുന്ന് ശഫാഅത്ത് ചെയ്യും. അപ്രകാരം ഔലിയാഉം അമ്പിയാഉം ഉലമാഉം അവരെ ഇഷ്ടപ്പെട്ടവരെ, സഹായിച്ചവരെ ശഫാഅത്ത് വഴി നരകത്തിൽ നിന്ന് മോചിപ്പിക്കും.
തിരുനബി(സ്വ) പഠിപ്പിക്കുന്നത് കാണാം; അവർ അല്ലാഹുവിനോട് നരകവാസികളായ വിശ്വാസികൾക്ക് വേണ്ടി തർക്കിക്കും. അല്ലാഹുവിനോട് തർക്കിക്കുകയോ എന്നു സംശയിക്കേണ്ട? ചെറിയ കുട്ടികൾ രക്ഷിതാക്കളോട് കളിപ്പാട്ടങ്ങൾക്കും മിഠായിക്കും വാശി പിടിക്കാറില്ലേ. അതു പോലെ വാശി പിടിക്കുമെന്ന് സാരം.
അതു കാരണമായി നിങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിങ്ങൾ നരകത്തിൽ നിന്നു പുറത്തിറക്കിക്കോളൂ എന്ന് അല്ലാഹു അനുമതി കൊടുക്കും. മുഅ്മിനുകളോട് അല്ലാഹുവിന് അത്രമേൽ സന്തോഷമാണ്. അപ്പോൾ ഗൗസുൽ അഅ്‌ളം വരും, താജുൽ ഉലമ വരും, മറ്റു ഔലിയാഅ് വരും, നിങ്ങൾ ഭക്ഷണം കൊടുത്ത് വളർത്തിയ മുതഅല്ലിമുകളും വരും. അവരെല്ലാം നരകത്തിൽ നിന്ന് അവരുടെ പരിചയക്കാരെ പുറത്തിറക്കും. എന്നാലും കുറച്ചാളുകൾ ബാക്കിയാകും. നബി തങ്ങൾ ആ സമുദായാംഗങ്ങൾക്ക് വേണ്ടിയും അല്ലാഹുവിനോട് ആവശ്യപ്പെടും. അപ്പോൾ അല്ലാഹു പറയും: അമ്പിയാഇന്റെ അവസരം കഴിഞ്ഞു പോയി. മലക്കുകളുടേതും സ്വാലിഹുകളുടേതും കഴിഞ്ഞു. ഇനി കാരുണ്യവാന്മാരിൽ ഏറ്റവും കാരുണ്യവാനായ ഞാൻ മാത്രമേ ബാക്കിയുള്ളൂ. നബിയേ, താങ്കളുടെ ആവശ്യപ്രകാരം ഞാനവരെയും നരകത്തിൽ നിന്ന് മോചിപ്പിക്കുന്നു.
ഈ ശഫാഅത്ത് ലഭിക്കണമെങ്കിൽ അല്ലാഹുവിനോട് ഭക്തി കാണിക്കണം. നിഷിദ്ധമായതൊന്നും ചെയ്യരുത്. നിർബന്ധമായതും സുന്നത്തായതും ചെയ്ത സജ്ജനങ്ങളുടെ കൂടെ നിൽക്കുകയും വേണം.
സുന്നികൾക്കിടയിലെ യോജിപ്പിന് ഞങ്ങൾ എന്നും അനുകൂലമാണെന്നാണ് നമുക്ക് പറയാനുള്ളത്. എന്നാൽ ഞങ്ങൾ ആയിരക്കണക്കിന് മദ്രസകളും പള്ളികളും നിർമിച്ചിട്ടുണ്ട്. അതെല്ലാം വിട്ട് തരലാണ് യോജിപ്പ് എന്നാണെങ്കിൽ അത് ശരിയാകില്ല. ആ കട്ടില് കണ്ട് ആരും പനിക്കണ്ട. അതല്ല ഇവിടെ സമാധാനം വേണം, യോജിപ്പ് വേണം, എന്നാണെങ്കിൽ സമാധാനപൂർവം ഇരുകൂട്ടർക്കും നമ്മുടെ സംഘടനകൾ ഒരുമിച്ചു കൊണ്ടു പോയിക്കൂടേ. ഇവിടെ വേറെയുമില്ലേ സുന്നിസംഘടനകൾ. ദക്ഷിണ ജംഇയ്യത്തുൽ ഉലമ, സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്നിങ്ങനെ. അവയെല്ലാം ഈ സംഘടനയെ എതിർത്ത് നടക്കുകയാണോ? എല്ലാവരും അവരവരുടെ പ്രവർത്തനങ്ങൾ നടത്തുന്നു. യോജിക്കാവുന്ന വിഷയങ്ങളിൽ നമുക്കു യോജിക്കാം. അതായത് രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമായ ഒരു നിയമം കൊണ്ടുവരുമ്പോൾ നമുക്ക് ഒരുമിച്ച് അതിനെ നേരിടാം.
ഇപ്പോൾ സംസ്ഥാന വഖഫ് ബോർഡ് ഒരു ഭരണഘടന എഴുതുകയാണ്. അതിന്റെ മാതൃക ഞങ്ങൾക്കൊക്കെ അയച്ചു തന്നിട്ടുണ്ട്. എല്ലാ വഖ്ഫു സ്വത്തുക്കൾക്കും എല്ലാ കമ്മിറ്റികൾക്കും ഒറ്റ ഭരണഘടന. അതിൽ സുന്നിയായാലും സലഫിയായാലും ജമാഅത്തായാലും മറ്റു സംഘടനയായാലും ആണും പെണ്ണും ഒരു പോലെ ജനറൽ ബോഡി മെമ്പറാകണം. ഇതെങ്ങനെ ശരിയാകും? ഓർമ വെച്ചോ, ഈ ഭരണഘടന നടപ്പിലാക്കാൻ സുന്നി പ്രസ്ഥാനം ഇവിടെ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് സാധ്യമല്ല. എങ്ങനെയാണ് സുന്നി സ്ഥാപനത്തിൽ ജമാഅത്തിനും മുജാഹിദിനും മെമ്പർഷിപ്പ് കൊടുക്കുന്നത്. അതു പോലെ സ്ത്രീകളുമായി ഒരുമിച്ചിരുന്ന് പള്ളി കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തി എങ്ങനെയാണ് കാര്യങ്ങൾ നടത്തുക?
യോജിപ്പ് ആത്മാർത്ഥമാകണം. അതായത് ഓരോ സംഘടനയും സ്വന്തം ബൈലോ അനുസരിച്ച് പ്രവർത്തിക്കുക. ആരും ആരെയും അവഹേളിച്ച് പ്രസംഗിക്കാൻ പാടില്ല. ഞങ്ങളത് ചെയ്യാറില്ല. അത് ഞങ്ങളുടെ സംസ്‌കാരവുമല്ല.
പ്രിയപ്പെട്ടവരേ, നിങ്ങൾ ഈ സംഘടനക്ക് കീഴിൽ ഒരുമിച്ച് നിൽക്കുക. ഹൃദയങ്ങൾ ശുദ്ധീകരിക്കുക. അങ്ങനെ പാരത്രിക വിജയം നേടുക. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.