hindus and sufism

ക്രിസ്തുവർഷം 712-ൽ മുഹമ്മദ് ബിൻ കാസിം സിന്ധിൽ ഭരണം സ്ഥാപിച്ചപ്പോൾ ബ്രാഹ്മണ ജൻമിമാരിൽ നിന്ന് ജിസ്‌യ പിരിക്കാൻ തീരുമാനിച്ചു. വേദം നൽകപ്പെട്ടവരോട് സാദൃശ്യമുള്ളവർ (മുശബ്ബഹേ അഹ്‌ലേ കിതാബ്) എന്ന വിഭാഗത്തിൽ പെടുത്തിയാണ് അവരിൽ നിന്ന് ഈ നികുതി ഈടാക്കിയത്. സൽതനതിലെ പ്രഭുക്കൻമാർ പൊതുവേ മതപരമായ വൈജാത്യത്തിൽ താൽപര്യം പ്രകടിപ്പിച്ചില്ല. വർഗചിന്തകളാണ് അവരെ നയിച്ചത്. ഹിന്ദുക്കളുടെ മതകാര്യങ്ങളിൽ സുൽതാൻമാർ ഇടപെടുകയോ അവരെ സാമൂഹിക സ്ഥാനങ്ങളിൽ നിന്ന് ഇളക്കുകയോ ചെയ്തില്ല. മറിച്ച് പല സുൽതാൻമാരും ഇന്ത്യൻ ആചാരങ്ങളെ അനുകരിക്കുകയാണ് ചെയ്തത്.  മുഹമ്മദ് ഗോറി ഭരണം സ്ഥാപിച്ചതിന് ശേഷവും ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നാണയ വ്യവസ്ഥ അംഗീകരിക്കുകയും നാണയങ്ങളിൽ  ലക്ഷ്മീ ദേവിയുടെ ചിത്രം മുദ്രണം ചെയ്യുന്ന പതിവ് തുടരുകയും ചെയ്തു. ഖുതുബൂദ്ദീൻ അയ്ബക് ഡൽഹിയും അജ്മീറും ഗ്വാളിയറും കീഴടക്കിയിട്ടും അവിടങ്ങളിൽ രജപുത്രൻമാരെ തന്നെ  ഭരിക്കാൻ അനുവദിച്ചു.  അഭ്യന്തര പ്രശ്‌നമുണ്ടാകുമ്പോഴൊക്കെ കലാപകാരികളും സുൽതാൻമാരും ഒരു പോലെ രജപുത്രൻമാരുടെ സഹായം തേടുമായിരുന്നു. കലാപമുണ്ടാക്കിയ മുസ്‌ലിം പ്രഭു ഖുത്‌ലുഖ് ഖാന് അഭയം നൽകിയത് ഹിന്ദു പ്രഭുവായ റാണാ പാൽ ആണ്. ബാൽബൻ സൊണാർഗവോൺ ഭണാധികാരി നൂജ് റായിയുടെ സഹായം തേടിയിരുന്നു. രാജാക്കൻമാരുടെയും പ്രഭുക്കളുടെയും നിലപാടിനെതിരായിരുന്നു പലപ്പോഴും കൊട്ടാര പണ്ഡിതൻമാർ. സിയാവുദ്ദീൻ ബറനിക്ക് ഇന്ത്യക്കാരെ- മുസ്‌ലിമായാലും ഹിന്ദുവായാലും- കണ്ടു കൂടായിരുന്നു. ഇന്ത്യക്കാർ മതം മാറുന്നത് ഇസ്‌ലാമിന്റെ മഹത്ത്വത്തിന് തന്നെ കളങ്കമാണെന്നും അദ്ദേഹം എഴുതി. ഇസ്‌ലാമിലേക്ക് വരുന്നതിനുള്ള വർഗ ശുദ്ധി ഇന്ത്യയിലെ ജനങ്ങൾക്കില്ലെന്നാണ് അദ്ദേഹം എഴുതിയത്. പട്ടിയുടെ കഴുത്തിൽ ആരെങ്കിലും സ്വർണ മാല ചാർത്തുമോ എന്നൊരു ചോദ്യവും ബറനി ചോദിച്ചു. ഹിന്ദു പ്രഭുക്കൻമാരുമായി അദ്ദേഹം സ്വരച്ചേർച്ചയിലായിരുന്നില്ല. ഈ വിരോധം ഹിന്ദുവായ എല്ലാവരുടേയും നേരെ പ്രകടിപ്പിച്ചുപോന്നു.   എന്നാൽ സുൽതാനോ പ്രഭുക്കളോ അത് ചെവികൊണ്ടില്ല.

ഇന്ത്യക്ക് പുറത്ത് രചിക്കപ്പെട്ട കൃതികളെ അടിസ്ഥാനമാക്കിയാണ് കൊട്ടാരത്തിലെ ഉലമാ (മത പണ്ഡിതർ) വിഭാഗം ഹൈന്ദവരോടുള്ള സമീപനം രൂപപ്പെടുത്തിയത്. മറിച്ച് ഇന്ത്യയിലെ ഹൈന്ദവരെ കുറിച്ച് പഠിക്കാനോ തദനുസാരം അഭിപ്രായം രൂപപ്പെടുത്താനോ അവർ തയ്യാറായില്ല. ഈ ഉലമാക്കളാകട്ടെ പുതിയ സാഹചര്യങ്ങളിൽ മനോഭാവങ്ങളെ വിലയിരുത്തിയതുമില്ല. അത്രക്കും നിശ്ചലാവസ്ഥയിലായിരുന്നു കർമകാണ്ഡം. ഹൈന്ദവരെ കുറിച്ച് ഒരു പരാമർശവും ആദ്യകാല കർമകാണ്ഡ കൃതികളിലുണ്ടായിരുന്നില്ല.   കർമകാണ്ഡങ്ങളിൽ ഹനഫീ വിഭാഗമാണ് ഇസ്‌ലാമിക സ്‌റ്റേറ്റിൽ അന്യമതക്കാരോട് കൂടുതൽ ഔദാര്യപൂർണമായ സമീപനം കാണിക്കുന്നത്.  ശാഫിഈ കാണ്ഡം കുറേക്കൂടി കർശന നിലപാട് സ്വീകരിക്കുന്നു. എല്ലാവരും മുസ്‌ലിംകളല്ലാത്ത പ്രജകളെ ഇസ്‌ലാമിക സ്‌റ്റേറ്റിലെ സംരക്ഷിക്കപ്പെട്ടവരായി (ദിമ്മി) കാണുന്നു.

സ്വൂഫികൾ

സ്വൂഫികൾ ഹിന്ദുക്കളുമായി സഹവസിച്ചാണ് കഴിഞ്ഞത്. മനുഷ്യ സമൂഹത്തിൽ ഒരു വിഭാഗത്തോടും അവഗണന പാടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സ്വൂഫികൾ. കാരണം അല്ലാഹുവിന്റെ സൃഷ്ടികൾക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അല്ലാഹുവിനെ അനുസരിക്കുന്നവർക്കും അല്ലാത്തവർക്കും അവൻ അനുഗ്രഹം ചൊരിയുന്നു (റഹ്മാൻ). എല്ലാവരോടും സമാധാനം എന്ന സുൽഹേ കുൽ നയമായിരുന്നു സ്വൂഫികളുടേത്.  മുസ്‌ലിംകളെപ്പോലെ ഹിന്ദുക്കൾക്കും ആത്മീയമായി ഉൽകൃഷ്ടത പാലിക്കാമെന്ന് സ്വൂഫികളും വിശ്വസിച്ചു (കെ.എ നിസാമി, സം ആസ്‌പെക്റ്റ്‌സ് ഓഫ് റിലീജ്യൺ ആന്റ് പൊളിറ്റിക്‌സ് ഇൻ ഇന്ത്യ ഡ്യൂറിങ്ങ് തർട്ടീൻത് സെഞ്ചുറി). അനീസുൽ അർവാഹ് എന്ന സ്വൂഫീകൃതിയിൽ പറയുന്നതിങ്ങനെ: പത്ത് പശുക്കളെ കൊന്നയാൾ അന്ത്യ നാളിൽ ഒരു മനുഷ്യനെ കൊന്നതിന് തുല്യനായിരിക്കും. നൂറാടുകളെ കൊന്നവനും ഒരു മുഷ്യനെ കൊന്നവനെപ്പോലെയാണ്. ഒരു രസത്തിന് വേണ്ടി ഒരാൾ ഒരു മൃഗത്തെ കൊന്നാൽ കഅ്ബ പൊളിക്കാൻ സഹായിച്ചവനെ പോലെയാണ്'(നിസാമി 319).

കരകൗശല വിദഗ്ധരോ തൊഴിലാളികളോ ആയ ഹിന്ദുക്കളും മുസ്‌ലിംകളും കഴിഞ്ഞത് അവരവരുടെ തൊഴിൽ നൈതികത അനുസരിച്ചായിരുന്നു. അവിടെ മതപരമായ ഒരു പരിഗണനയും ഉണ്ടായിരുന്നില്ല. കച്ചവടത്തിലായാലും ഹിന്ദുക്കളും മുസ്‌ലിംകളും വ്യത്യാസം ദർശിച്ചിരുന്നില്ല. ഒരിക്കൽ ലാഹോറിൽ നിന്ന് ഏതാനും കച്ചവടക്കാർ ചരക്കുകളുമായി ഗുജറാത്തിൽ വന്നു. ഗുജറാത്തുകാർ അധികവും ഹിന്ദു കച്ചവടക്കാരായിരുന്നു. ലാഹോറുകാർ മുസ്‌ലിംകളും. മുസ്‌ലിംകൾ ഇരട്ടി വിലയ്ക്കാണ് സാധനങ്ങൾ വിറ്റത്. ഇതറിഞ്ഞ ഹിന്ദു കച്ചവടക്കാർ ചോദിച്ചു, തോന്നിയ വിലയ്ക്കാണോ സാധനങ്ങൾ വില്ക്കാറ് എന്ന്. ലാഹോറിലെ കച്ചവടക്കാർ ‘അതേ’ എന്ന് പറഞ്ഞു: ‘എന്നിട്ടും നിങ്ങളുടെ നാട് നില നിൽക്കുന്നുവോ.’ ‘അതേ’ എന്ന് വീണ്ടും മറുപടി. എന്നാൽ ഈ കച്ചവടക്കാർ ലാഹോറിൽ തിരിച്ചെത്തിയപ്പോഴേക്കും മംഗോളിയർ ലാഹോർ പിടിച്ചടക്കി അവിടെയുള്ള കച്ചവടക്കാരെ കൊള്ളയടിച്ചു കഴിഞ്ഞിരുന്നു.   ഏത് മതക്കാരോടായാലും അന്യായം അനുവദിച്ചിരുന്നില്ല എന്നാണ് ഈ കഥയിൽ നിന്ന് മനസ്സിലാകുന്നത്. രാജ്യങ്ങൾ തമ്മിൽ ശത്രുതയിലാണെങ്കിലും അന്യോനം കച്ചവടം നടത്തുന്നതിന് ഒരു വിലയ്ക്കുമുണ്ടായിരുന്നില്ല.

കൊട്ടാര പണ്ഡിതർ

കൊട്ടാര പണ്ഡിതൻമാരധികവും ഇന്ത്യയോട് വിരോധം പുലർത്തുന്നവരായിരുന്നു. ഈ ശത്രുത സ്വാഭാവികമായും ഹിന്ദുക്കൾക്കെതിരായ നിലപാടിലേക്ക് അവരെ നയിച്ചു. സുൽതാൻമാരുടെ ഏത് ചെയ്തികളെയും അവർ ഇസ്‌ലാമിന്റെ പേരിൽ ന്യായീകരിക്കുകയും ചെയ്തു. ഇത് ഹൈന്ദവ മുസ്‌ലിം മനോഭാവങ്ങളെ പിൽക്കാലത്ത് ഏറെ സ്വാധീനിച്ചു. യുദ്ധം ഹൈന്ദവ രാജാക്കൻമാരും  സുൽതാനും തമ്മിലാകുമ്പോൾ അതിനെ വിശുദ്ധയുദ്ധമാക്കുകയും, ഹൈന്ദവ രാജാവും സുൽതാനും തമ്മിൽ നല്ല ബന്ധത്തിലാണെങ്കിൽ അവിടെ ഇസ്‌ലാമിന്റെ മാനവസൗഹൃദം പറയുകയും ചെയ്യുന്ന മനോഭാവം. അങ്ങനെ സുൽതാൻമാർ ചെയ്യുന്നതിനെയൊക്കെ കൊട്ടാര പണ്ഡിതൻമാർ മതത്തിന്റെ പേരിൽ ന്യായീകരിച്ചു കൊണ്ടിരുന്നു. ഇനി യുദ്ധം മുസ്‌ലിം രാജാക്കൻമാർ തമ്മിലാണെങ്കിലോ അവിടെ സുന്നി- ശിയാ പ്രശ്‌നമോ മതപരിത്യാഗമോ എടുത്തിടും. എങ്ങനെ വന്നാലും തങ്ങൾക്ക് ചോറ് തരുന്ന സുൽതാനെ ന്യായീകരിച്ചു കൊടുക്കുക എന്ന ദൗത്യമായിരുന്നു കൊട്ടാര പണ്ഡിതൻമാരുടേത്. മതം സമാധാനമാണ് എന്ന ഖുർആനികാധ്യാപനം രൂപപ്പെടുത്തുന്നതിന് ഇത് വിഘാതമായി. ഇന്ത്യയിലെ പൗരാണികതയെ തമസ്‌കരിക്കാൻ ചില കൊട്ടാര പണ്ഡിതൻമാർ സുൽതാൻമാരോട് നിർദേശിച്ചത് കാണാം. ക്ഷേത്ര ധ്വംസനത്തിന് സുൽതാൻമാർ പൊതുവേ സന്നദ്ധരായില്ല. ഗസ്‌നിയുടെ ലക്ഷ്യം തന്നെ ഇവിടത്തെ സമ്പത്ത് കൊള്ളചെയ്ത് ഗസ്‌നയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ ഭരണം സ്ഥാപിച്ച സുൽതാൻമാർ ഈ രാജ്യത്തെ ധനം ഇവിടെത്തന്നെ ചെലവഴിക്കുകയായിരുന്നു.  അതിനാൽ ബുദ്ധമതക്കാരുടേയോ ബ്രാഹ്മണരുടേയോ ആരാധനാ കാര്യങ്ങളിൽ സുൽതാൻമാർ ഇടപെട്ടില്ല. ഈ കാര്യങ്ങളൊന്നും സുൽതാൻമാരുടെ സാമ്പത്തിക-സാമ്രാജ്യത്വ മോഹങ്ങളിലുപരി അവരുടെ മതനയങ്ങളായി വ്യാഖ്യാനിക്കുന്നതിലും അർത്ഥമില്ല. തങ്ങളുടെ മേധാവിത്വത്തെ എതിർക്കുന്നവരുടെ ആരാധനാലയങ്ങൾ തകർത്തേക്കാം. അനുകൂലിക്കുന്നവരുടെ ആരാധനാലയങ്ങളെ സംരക്ഷിച്ച് കൊടുക്കുകയും ചെയ്യാം. ഇതായിരുന്നു സുൽതാൻമാരുടെ നയം. ഏത് ഭരണാധികാരിയുടെ നയവും ഇത് തന്നെയാണ്. കൊട്ടാര പണ്ഡിതൻമാരാവട്ടെ, ഇല്ലാത്ത കഥകൾ മെനഞ്ഞ് അവരുടെ സാമ്രാജ്യത്വ നയങ്ങളെ മതവത്കരിച്ച് വ്യാഖ്യാനിക്കും. യൂറോപ്പിൽ പുരോഹിതൻമാർ ചെയ്തതും ഇത് തന്നെ.  അങ്ങനെ ക്ഷേത്ര ധ്വംസന കഥകളുണ്ടാക്കി സുൽതാന്റെ തലയിൽ വെച്ച്‌കെട്ടി അവരുടെ യുദ്ധങ്ങളെ ഇസ്‌ലാമികവത്കരിക്കാനുള്ള ശ്രമമാണ് കൊട്ടാര പണ്ഡിതൻമാർ നടത്തിയത്. ഇത് ചരിത്രത്തിന് ഒട്ടേറെ കളങ്കം വരുത്തി. സുൽതാൻമാർ എല്ലാ മതക്കാർക്കും അവരുടെ മതമനുഷ്ഠിക്കാൻ അനുവാദം നൽകിയെന്ന് കൊട്ടാര പണ്ഡിതൻ സിയാഉദ്ദീൻ ബറനി തെല്ലൊരു രോഷത്തോടെ പറയുന്നുണ്ട്: ‘ഈ മനുഷ്യർ ബിംബങ്ങളെ നമിക്കുന്നു. ശംഖ് വിളിക്കുന്നു. യമുനയിൽ പുണ്യ സ്‌നാനം നടത്തുന്നു. സുൽതാൻ അവരെ നിയന്ത്രിക്കുന്നേയില്ല (താരീഖേ ഫിറോസ് ഷാഹി). ആദ്യ സുൽതാൻമാരുടെ കാലത്ത് തന്നെ പുതിയ ക്ഷേത്രങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങൾ നിർമിക്കാൻ സുൽതാൻമാർ ഭൂമി ദാനം ചെയ്യുമായിരുന്നു. മഥുരയിലെ ശ്രീ കൃഷ്ണക്ഷേത്രം നിർമിക്കാൻ സുൽതാൻ പന്ത്രണ്ട് ബൈഗ ഭൂമി ദാനം ചെയ്ത ലിഖിതം   പുരാന ഖിലയിൽ നിന്ന്  ലഭിച്ചിരുന്നു. പട്ടണത്തിന് ചുറ്റും ഹിന്ദുക്കൾ പുതിയ ക്ഷേത്രങ്ങൾ നിർമിച്ചിരുന്ന കാര്യം സുൽതാൻ ഫിറോസ് ഷാ തുഗ്ലക്ക് തന്നെ ഉദ്ധരിക്കുന്നുണ്ട് (ഫുതൂഹാതേ ഫിറോസ് ഷാഹി, 10-11; നിസാമി, 120)

സുൽതാൻമാർ ഇന്ത്യക്കാരുടെ മതം മാറ്റത്തെ പ്രോത്‌സാഹിപ്പിച്ചില്ലെന്ന് പറഞ്ഞുവല്ലോ. എന്നാൽ സ്വൂഫികളുമായുള്ള ബന്ധംമൂലം ആശ്വാസം ലഭിച്ച നിരവധി താണജാതിക്കാർ ഇസ്‌ലാം വിശ്വസിച്ചു. സാധാരണക്കാർക്കിടയിലാണ് സ്വൂഫികൾ പ്രവർത്തിച്ചിരുന്നത്. ഗോത്ര മേഖലയിലുള്ള നിരവധിപേർ ഇതുമൂലം ഇസ്‌ലാമിലേക്ക് വന്നു ഇത്തരം മതം മാറ്റങ്ങളെ കൊട്ടാര പണ്ഡിതനായ ബറനി എതിർത്തു. ചെരിപ്പു കുത്തികളും വെള്ളം കോരികളും ഇസ്‌ലാം സ്വീകരിക്കുന്നത് മതത്തിന് കളങ്കമാണെന്ന് വരെ അദ്ദേഹം എഴുതി. ഇസ്‌ലാം മതത്തെ പേർഷ്യൻ സംസ്‌കാരത്തിന്റെ മേധാവിത്വത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതിലാണ് ബറനി താൽപര്യം കാണിച്ചത്. ഇത് പോലെ കരകൗശല തൊഴിലാളികളും സ്വൂഫി സമ്പർക്കഫലമായി കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് വന്നു. ഇതിന് പ്രധാനമായും കാരണം ജാതീയമായ ഉച്ച നീചത്വങ്ങളും തൊട്ടുകൂടാത്തവരോടുള്ള അവഗണനയും തന്നെയായിരുന്നു. അശരണർക്ക് ശരണം ലഭിക്കുമ്പോൾ അതവരുടെ മതംമാറ്റത്തിനുള്ള വഴിയൊരുക്കുകയായിരുന്നു. തടവുകാരായി പിടിച്ചവരും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മതം മാറുമായിരുന്നു.

ഹിന്ദുക്കൾക്ക് അഭിവൃദ്ധി

സുൽതാൻമാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ നിലവിലുള്ള സാമ്പത്തിക വ്യവസ്ഥയെ അവർ മാറ്റിയില്ല. അവർ ഭരണസൗകര്യത്തിന്  സ്‌റ്റേറ്റിനെ ഇഖ്താ എന്ന പേരിൽ വിഭജിച്ചുവെന്ന് മാത്രം. അവിടെ നിലവിലുള്ള സാമ്പത്തിക വ്യവസ്ഥ തന്നെ തുടർന്നു. അധികാരം പഴയ പോലെ തന്നെ ഗ്രാമമുഖ്യൻമാർക്ക്. നിലവിലുള്ള ഹിന്ദു ഉദ്യോഗസ്ഥൻമാരെ തന്നെ അവർ നിലനിറുത്തി. കൈ തൊഴിൽ വിദഗ്ധരും കണക്കപ്പിള്ളമാരുമെല്ലാം ഹിന്ദുക്കൾ തന്നെ. ഇവരിൽ പലരും സ്വൂഫികളുമായും പ്രഭുക്കൻമാരുമായുമുള്ള സാമീപ്യം മൂലം ഇസ്‌ലാം വിശ്വസിച്ചു. അധഃസ്ഥിതർക്ക് ജാതീയതയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് മതംമാറ്റമല്ലാതെ മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. സവർണ ഹിന്ദുക്കൾക്ക് അതിൽ അലോഹ്യവുമുണ്ടായില്ല. കാരണം അധഃസ്ഥിത വിഭാഗങ്ങൾക്ക് സവർണ മതത്തിന്റെ പുറത്തായിരുന്നല്ലോ സ്ഥാനം. അത് പോലെ നാണയമടിച്ചിരുന്നത് ഹിന്ദു സ്വർണ പണിക്കാരുടെ മേൽനോട്ടത്തിലായിരുന്നു.  രാഷ്ട്രീയമായി രജപുത്രൻമാർക്ക് അവരുടെ സ്ഥാനങ്ങൾ നഷ്ടപ്പെട്ടുവെങ്കിലും വ്യാപാരത്തിന്റെ സമൃദ്ധിയിൽ എല്ലാവരും അഭിവൃദ്ധിപ്പെടുക തന്നെയായിരുന്നു.  തുർക്കികളുടെ കാലത്ത് വ്യാപാരവും വ്യവസായവും അത്രക്കും വികസിച്ചിരുന്നു. ജാതിപ്പിടുത്തത്തിൽ നിന്ന് പട്ടണങ്ങളും കരകൗശലക്കാരും മോചിതരായപ്പോൾ അത് തുറന്ന വ്യാപാരാഭിവൃദ്ധിക്ക് വഴിവെച്ചു. ബ്രാഹ്മണർക്ക് അവരുടെ മത മേധാവിത്വത്തിന് ഇടിവ് സംഭവിച്ചെങ്കിലും സുൽതാൻമാരുടെ കീഴിൽ അവർ ഉദ്യോഗം വരിച്ച് സാമൂഹിക സ്ഥാനങ്ങൾ നിലനിറുത്തി. വ്യാപാരം അഭിവൃദ്ധിപ്പെട്ടതോടെ ഉൽപന്നങ്ങൾക്ക് പ്രിയം കൂടി. കർഷകർക്കും ജൻമികൾക്കും കരകൗശലക്കാർക്കും ഇത് വലിയ നേട്ടമുണ്ടാക്കി.  സവർണാധിപത്യത്തിൽ നിന്ന് രക്ഷപ്പെട്ട് തൊഴിലാളികൾക്ക് സ്വതന്ത്രമായി ജോലിചെയ്യാൻ കഴിഞ്ഞു. ഇന്ത്യയെ മംഗോളിയർ ആക്രമിക്കുമോ എന്ന ഭയം ഹിന്ദുവിന്റെയും മുസൽമാന്റെയും ഐക്യപ്പെടലിന് കളമൊരുക്കിയെന്നും പ്രൊഫ. നിസാമി പറയുന്നു. ഹൈന്ദവർക്ക് അവരുടെ ജാതി ഭേദമന്യേ സ്വൂഫികളുടെ പർണശാലകളിൽ തുല്യസ്ഥാനം ലഭിച്ചു. മുസ്‌ലിംകളെ സംബോധന ചെയ്യുന്നത് പോലെ സഹോദരൻ എന്നാണ് ഹിന്ദുവിനെയും പർണ ശാലകളിൽ വിളിച്ചത്. ഇന്ന് ഹിന്ദുസ്ഥാനി ഭാഷയിൽ കാണുന്ന നിരവധി പേർഷ്യൻ പദങ്ങൾ ബോധ്യപ്പെടുത്തുന്നത് അന്നത്തെ സമൂഹങ്ങൾ ജാതി-മത ഭേദന്യേ അനുവർത്തിച്ചിരുന്ന അറ്റമില്ലാത്ത സൗഹൃദത്തെയാണ്. മുസ്‌ലിംകളെ തന്നെ ഹിന്ദു പേരുകളിൽ വിളിച്ചിരുന്നു. (മാലിക് ചജ്ജു, മാലിക് ഗച്ചൻ, ഫഖീഹ് മധു, റഷീദ് പണ്ഡിറ്റ്, മാലിക് ഹാറാൻ എന്നിങ്ങനെ). ഹിന്ദുക്കളെ മുസ്‌ലിംകൾ മതം മാറ്റി വിവാഹം ചെയ്തിരുന്ന സംഭവങ്ങളുമുണ്ട്.  ഉച്ച നീചത്വങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഹൈന്ദവ സ്ത്രീകൾ മുസ്‌ലിംകളെ വരിച്ചിരുന്നു. അജ്മീറിലെ ഹിന്ദു രാജാവിന്റെ ഇസ്‌ലാമാശ്ലേഷിച്ച മകളെ ശൈഖ് മുഈനുദ്ദീൻ ചിശ്തി(റ) വിവാഹം ചെയ്തു.

വിദ്യാഭ്യാസം

അടിമ സുൽതാൻമാരുടെ  കാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസം വളരെ പുഷ്ഠി നേടി. മതനിയമങ്ങൾ പരിശീലിക്കാനാവശ്യമായ വിദ്യാഭ്യാസം നേടുന്നതിന് പുറമെ മതപണ്ഡിതനാവുന്നത് ഒരു പദവിയായാണ് സമൂഹം അംഗീകരിച്ചത്. അതിനാൽ വ്യാപാരിയും സുൽതാനുമെല്ലാം പണ്ഡിതനാവാൻ താൽപര്യപ്പെട്ടു. പേർഷ്യനിലും അറബിയിലുമായി നിരവധി കൃതികൾ പതിമൂന്നാം നൂറ്റാണ്ടിൽ പുറത്ത് വന്നു. റസീഉദ്ദീൻ ഹസൻ സഗാനി, ശഫീഉദ്ദീൻ മുഹമ്മദ് അബ്ദുറഹ്മാൻ എന്നിവർ അന്നത്തെ പ്രധാന ഗ്രന്ഥകർത്താക്കളാണ്. ഇവരുടെ കൃതികൾ വിദേശത്തും പ്രസിദ്ധി നേടി. നിരവധി സ്വൂഫീ കൃതികളും പുറത്തുവന്നു. മൽഫൂളാത് എന്ന പേരിലാണ് സ്വൂഫീ കൃതികൾപൊതുവേ അറിയപ്പെട്ടത്. സ്വൂഫികളുമായുള്ള സംഭാഷണങ്ങളും അവരുടെ കർമങ്ങളും എഴുതി വെക്കുന്ന രീതി ശിഷ്യൻമാർ അനുവർത്തിച്ചു പോന്നു. ഈ കൃതികളധികവും  പേർഷ്യനിലായിരുന്നു. ഫവാഇദുൽ ഫുആദ് (ഹസൻ സിജ്‌സി), സറൂറുസ്സുദൂർ എന്നിവ പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തിലുള്ള  മൽഫൂളാതുകളാണ്.   ശൈഖ് ഹമീദുദ്ദീൻ നഗൗറിയുടെ ഉസൂലുത്വരീഖത്ത് വളരെ പ്രചാരം നേടി. നഗൗറിയുടെ തന്നെ ഇശ്ഖിയ ഇന്നും ലഭ്യമാണ്. ജമാലുദ്ദീൻ ഹാൻസിയുടെ മുൽഹമാത് സ്വൂഫീ തത്ത്വജ്ഞാനകൃതിയാണ്. അതിന്റെ വ്യാഖ്യാനങ്ങളും പിന്നീട് പുറത്ത് വന്നു. ഇത് പോലെ കർമകാണ്ഡ വിദഗ്ധനായ ഖാസി ഹമീദുദ്ദീന്റെ കൃതികളും പ്രചാരം നേടി. സഗാനിയുടെ മശാരിഖുൽ അൻവാർ, രിസാല ഫിൽ അഹാദീസിൽ മൗളൂഅ എന്നീ കൃതികൾ ഉന്നത പഠിതാക്കളുടെ സഹായിയായിരുന്നു. ഖുർആൻ വ്യാഖ്യാനങ്ങളും ഹദീസ് സാഹിത്യവും ആത്മീയ ശാസ്ത്രങ്ങളുമായി പതിമൂന്നാം നൂറ്റാണ്ടിൽ മാത്രം ഇന്ത്യയിൽ നിന്ന് രചിക്കപ്പെട്ട കൃതികൾ നിരവധിയാണ്. 1258-ലെ ബഗ്ദാദിന്റെ തകർച്ചക്ക് ശേഷം ലോകപണ്ഡിതൻമാർ പലരും ബാൽബൻ ചക്രവർത്തിയുടെ കൊട്ടാരത്തിലാണ് അഭയം തേടിയത്. ഇന്ത്യ അങ്ങനെ മുസ്‌ലിം ലോകത്തിന്റെ ജ്ഞാന ബിന്ദുവായി മാറുകയായിരുന്നു. മംഗോളിയരെ നിലക്ക് നിറുത്താൻ കഴിഞ്ഞ ഇന്ത്യയെ ലോകത്തെ ഏറ്റവും സുരക്ഷിതമായ കേന്ദ്രമായാണ് ഗണിച്ചിരുന്നത്.

ആത്മീയചികിത്സ

സാധാരണക്കാരിലും പണ്ഡിതൻമാരിലും ആത്മീയചികിത്സ സാധാരണമായിരുന്നു. ഖുർആൻ വചനങ്ങൾ പ്രത്യേക രൂപത്തിൽ എഴുതിയ യന്ത്രങ്ങൾ (തഹ്‌വീസ്) ശരീരത്തിൽ കെട്ടിയോ ദിവ്യ വചനങ്ങൾ മന്ത്രിച്ച നൂലോ ജപജലമോ ഉപയോഗിക്കുന്ന രീതിയോ ആണ് സ്വൂഫികൾ സ്വീകരിച്ചത്. ഖുർആൻ വചനങ്ങൾ മൺ പ്ലേറ്റുകളിൽ മരുന്ന് കലർത്തിയ മഷി കൊണ്ട് എഴുതി അത് കലക്കിക്കുടിച്ച് രോഗശമനം നേടുന്ന പതിവുമുണ്ടായിരുന്നു.  ഹൈന്ദവരിലെ ഗൂഢവിദ്യകളും ജനങ്ങളിൽ മതഭേദമന്യേ പ്രചരിച്ചിരുന്നു. ബ്രാഹ്മണരിലും അധഃസ്ഥിതരിലും ഇത്തരം വിദ്യക്കാരുണ്ടായിരുന്നു.  സ്വൂഫിയായ ബാബാ ഫരീദിന്റെ രോഗം മാറ്റിയത് ഒരു ഗൂഢവിദ്യക്കാരനാണെന്ന് കഥയുണ്ട്. ശിഷ്യൻമാർക്ക് ശ്മശാനത്തിൽ നിന്ന് മുള്ളുകൾ തറച്ച ഒരു ചെറിയ മനുഷ്യരൂപം കിട്ടിയെന്നും രൂപത്തിലെ മുള്ളുകൾ പറിച്ചു മാറ്റിയപ്പോൾ ഗുരുവിന്റെ രോഗം മാറിയെന്നുമാണ് കഥ. ഒരു മുസ്‌ലിം തന്ത്രവിദ്യക്കാരന്റെ ഉപദേശം കേട്ടാണ് ശിഷ്യൻമാർ ശ്മശാനത്തിൽ ചെന്നത്. സ്വൂഫികളുടെ അദ്ഭുത സിദ്ധികളും നല്ലോണം പ്രചരിച്ചിരുന്നു. രക്തസാക്ഷികളുടെയും വിശുദ്ധൻമാരുടെയും ഖബറിടങ്ങളിൽ പ്രാർത്ഥിച്ച് സായൂജ്യം നേടുന്ന പതിവും എല്ലാ മതക്കാരിലും വ്യാപകമായിരുന്നു. ഹസ്‌റത്ത് നിസാമുദ്ദീൻ(റ)യുടെ ഉമ്മ രോഗ ബാധിതയായപ്പോൾ മഹാൻ ഉമ്മക്ക് വേണ്ടി വിവിധ സ്വൂഫികളുടെ ഖബറിടങ്ങളിൽ പ്രാർത്ഥിക്കുകയും രോഗം ഭേദപ്പെടുകയും ചെയ്തുവത്രേ. സുൽതാൻമാരും പണ്ഡിതൻമാരും പാവപ്പെട്ടവരുമെല്ലാം ആഗ്രഹ സാഫല്യങ്ങൾക്കായി ദർഗകളിൽ പ്രാർത്ഥിക്കുമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ പ്രസിദ്ധ സ്വൂഫികളായ മുഈനുദ്ദീൻ ചിശ്തി, ബഖ്തിയാർ ഖാകി, ഹസ്‌റത്ത് നിസാമുദ്ദീൻ, ഹമീദുദ്ദീൻ നഗൗറി(റ) തുടങ്ങിയവരുടെ  ഖബറിടങ്ങൾ പിൽക്കാലത്ത് വലിയ തീർത്ഥാടന കേന്ദ്രങ്ങളായി.  ശൈഖ് ഹമീദുദ്ദീൻ നഗൗറിയുടെ ഖബറിടത്തിലെ പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം കിട്ടുമെന്നായിരുന്നു വിശ്വാസം. ഇതോടൊപ്പം ഖബറിടങ്ങളുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും സാധാരണക്കാരിൽ നിലനിന്നു. ശൈഖ് ബുർഹാനുദ്ദീന്റെ ഖബറിടത്തിലെ മണ്ണ് കുട്ടികൾക്ക്  ബുദ്ധി വളരാൻ നൽകുമായിരുന്നു. ശൈഖ് ഹമീദുദ്ദീൻ നഗൗറിയുടെ ശിഷ്യൻ ഖാജാ മഹ്മൂദ് മുഈനി ദോസിന്റെ ഖബറിടത്തിലെ ഇഷ്ടിക ജനങ്ങൾ പൊളിച്ചു കൊണ്ടുപോകും. ആഗ്രഹം സഫലീകരിച്ചു കിട്ടിയാൽ ആ കഷ്ണത്തിന്റെ അത്ര തൂക്കത്തിൽ മധുര പലഹാരം വിതരണം ചെയ്യും. സ്വൂഫികളും പണ്ഡിതരും മതവിരുദ്ധമായ പ്രവൃത്തികൾ വിലക്കിയിരുന്നെങ്കിലും ചില ആചാരങ്ങൾ നിലനിന്നുപോന്നു. ജാതകത്തിൽ മുസ്‌ലിംകളും ഹിന്ദുക്കളും വിശ്വസിച്ചു. ഉൻമത്തരായി നടക്കുന്ന ഭിക്ഷുക്കളെ ജനം ആത്മീയ നിർവൃതിക്കായി സമീപിക്കുമായിരുന്നു. ചിലപ്പോൾ ഭ്രാന്തൻമാരെയും ജനം വിട്ടില്ല. അവരിൽ സിദ്ധികൾ ചാർത്താനും മടിച്ചില്ല. ഇത്തരക്കാരെ കണ്ടുപിടിച്ച് ഓടിക്കാൻ സ്വൂഫികൾ ശിഷ്യൻമാരോട് നിർദേശിക്കുമായിരുന്നു.  സ്വൂഫികളുടെ അദ്ഭുത സംഭവങ്ങൾ കോർത്തിണക്കിയ മൽഫൂളാത് കൃതികളും കവിതകളും (മനാഖിബ്) വായിച്ച് പുണ്യം നേടുന്നത് പതിവായിരുന്നു.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ