നബിചരിത്ര ഗ്രന്ഥ വിഭാഗത്തിൽ വേറിട്ടൊരു രചനയാണ് ഹാഫിള് അബൂസഈദിന്നൈസാബൂരീ അൽഖർകൂശീ(റ)യുടെ ശറഫുൽ മുസ്ഥഫാ(സ്വ). നബിചരിത്ര രചനയിലും മറ്റും ഗ്രന്ഥകാരൻമാർ അവലംബിച്ചിട്ടുള്ള ഗ്രന്ഥമാണിത്. നബിചരിത്ര ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഖസ്വാഇസ്വ് വിഭാഗത്തിലാണിതിനെ പലരും പരിചയപ്പെടുത്തിയിരിക്കുന്നത്. എങ്കിലും നബിചരിത്രവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ശറഫുൽ മുസ്ഥഫാ വ്യതിരിക്തമായ ചരിത്രഗ്രന്ഥമാണെന്ന് പറയുന്നത്.
മറ്റു അമ്പിയാക്കൾക്കില്ലാത്ത നബി(സ്വ)യുടെ അറുപത് പ്രത്യേകതകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സുയൂത്വി(റ) അൽഖസ്വാഇസ്വുൽ കുബ്‌റയിലും മിഖ്‌രീസി ഇംതാഉൽ അസ്മാഇലും ഖസ്വാഇസ്വുമായി ബന്ധപ്പെട്ട ചർച്ചയിൽ ശറഫുൽ മുസ്ഥഫായെ പരാമർശിക്കുന്നതു കാണാം. ഇതാകാം ശറഫുൽ മുസ്ഥഫാ(സ്വ)യെ പണ്ഡിതർ ഖസ്വാഇസ്വ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ കാരണം.
ശറഫുൽ മുസ്ഥഫാ എട്ട് വാള്യങ്ങളാണെന്ന് ഇമാം സുബ്കി(റ) ശിഫാഉസ്സഖാമിലും തഖിയ്യുദ്ദീനിൽ ഹിസ്വ്‌നീ ദഫ് ഉശു ബനി മൻ തശബ്ബഹയിലും പറഞ്ഞത് കാണാം. എന്നാൽ ഇപ്പോൾ ഇത് ആറ് വാള്യങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. രണ്ട് വാള്യങ്ങൾ നഷ്ടപ്പെട്ടതല്ല, പുന:ക്രമീകരണത്തിൽ പുസ്തകത്തിന്റെ എണ്ണം ആറാക്കിയതാണ്. അത് പോലെ ശറഫുൽ മുസ്ഥഫാ (നബിയുടെ മഹത്ത്വം) എന്നാണ് പേരെങ്കിലും നബിചരിത്രത്തിന്റെ ഭാഗമായി വരുന്ന കാര്യങ്ങൾ പൊതുവെ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.
നബിചരിത്രവും ജീവിതവും മഹത്ത്വവും നബി മുഖേന നമുക്ക് ലഭ്യമാകുന്ന നേട്ടങ്ങളുടെ വിവരണങ്ങളുമടങ്ങിയ സർവതല സ്പർശിയായ നബിചരിത്ര ഗ്രന്ഥമാണിത്. എല്ലാം റസൂൽ(സ്വ)യുടെ മഹത്ത്വം വിളംബരപ്പെടുത്തുന്നതാണ്. പ്രവാചക വ്യക്തിത്വത്തിന്റെ ബഹുമുഖത്വവും സമ്പൂർണതയും പ്രഭാവങ്ങളും അവയുടെ പ്രദാനാത്മകതയും ഹ്രസ്വമായി ബോധിപ്പിക്കുന്നു ഗ്രന്ഥകാരൻ.

ചില ചരിത്രകാരൻമാർ നബിചരിത്രത്ത മൂന്ന് ഘട്ടങ്ങളായി തിരിക്കാറുണ്ട്. ഒന്ന്, മബ്ദഅ് അഥവാ പ്രാരം’ം. ഇതിൽ ജനനം വരെയുള്ള കാലഘട്ടവും സം’വങ്ങളുമാണ് ഉൾപ്പെടുത്തുക. രണ്ട്, മബ്അസ് അഥവാ നിയോഗം. ഹിജ്‌റ വരെയുള്ള സം’വങ്ങളാണിതിൽ. മൂന്ന്, മഗാസീ അഥവാ മുന്നേറ്റം. മദീന കാലമാണിതിൽ. ഈ മൂന്ന് ഭാഗങ്ങളും ശറഫുൽ മുസ്ഥഫായിലുണ്ട്. അതോടൊപ്പം പാരത്രിക ലോകത്തെ ആദരവുകളും നേതൃത്വവും നാട്ടുവിശേഷങ്ങളും അനുയായികളുടെ അനുഭവങ്ങളും വിവരിക്കുന്നു. ഒരു പ്രവാചക സ്‌നേഹിയെ സംബന്ധിച്ചിടത്തോളം സ്‌നേഹ ഭോജനത്തെ മനസ്സിലാക്കുന്നതിന് ഉപകാരപ്രദമായ വിശിഷ്ട ഗ്രന്ഥം തന്നെയാണ് ശറഫുൽ മുസ്ഥഫാ.
ഇബ്‌നു ഹജരിനിൽ അസ്ഖലാനീ(റ) ശറഫുൽ മുസ്തഫാ(സ്വ)യുടെ രീതിയെ കുറിച്ച് പറയുന്നുണ്ട്. ഹാകിം(റ) അൽഇക്‌ലീലിലും, അബൂസഈദിന്നൈസാബൂരീ(റ) ശറഫുൽ മുസ്ഥഫായിലും, അബൂനുഐം(റ), ബൈഹഖി(റ) എന്നിവർ തങ്ങളുടെ ദലാഇലുന്നുബുവ്വകളിലും നബി(സ്വ)യുടെ ജനനത്തിന് മുമ്പുള്ള അത്ഭുത സം’വങ്ങൾ വിവരിച്ചിട്ടുണ്ട് (ഫത്ഹുൽബാരി, ബാബു അലാമാത്തിന്നുബുവ്വ).
മേൽ പറഞ്ഞ മൂന്ന് ഇമാമുകൾക്കും ശറഫുൽ മുസ്ഥഫായുടെ രചനാരീതി അവലംബമായെന്നു കാണാം. കാരണം ഹാകിം(റ), ബൈഹഖി(റ) എന്നിവർ അബൂസഈദിന്നൈസാബൂരി(റ)യുടെ ശിഷ്യൻമാരാണ്. അബൂനുഐം(റ) നൈസാബൂരി(റ)യുടെ വിയോഗത്തിന് ശേഷം 24 വർഷം കഴിഞ്ഞാണ് വഫാതാകുന്നത്. അതിനാൽ അദ്ദേഹത്തിനും ശറഫുൽ മുസ്ഥഫായെ ഉപജീവിക്കാനും മാതൃകയാക്കാനും സ്വാഭാവികമായും സാധ്യമാണ്.

മനാഹിലുശ്ശിഫാ വമനാഹിലുസ്സ്വഫാ എന്ന പേരിൽ വിശാലമായ ടിപ്പണിയോട് കൂടിയാണ് ഇപ്പോൾ ശറഫുൽ മുസ്ഥഫാ അച്ചടിക്കുന്നത്. സയ്യിദ് അബൂആസ്വിം നബീൽ ബിൻ ഹാശിമിൽ ഗംറീ ആലു ബാഅലവിയാണ് വളരെ ഉപകാരപ്രദവും വൈജ്ഞാനികവുമായ ഈ ടിപ്പണി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ ഒരു ആമുഖവും രചിച്ചിട്ടുണ്ട്. മൂലകൃതിയോട് പ്രതിബദ്ധത പുലർത്തി തന്നെയാണ് രചന. സുപ്രസിദ്ധ സാത്വികനും രിസാലതുൽ ഖുശൈരിയയുടെ കർത്താവുമായ അബുൽഖാസിം അൽഖുശൈരി വഴി നിവേദനം ചെയ്യപ്പെട്ട പതിപ്പാണ് മനാഹിലുശ്ശിഫായിൽ ഉപയോഗിച്ചിരിക്കുന്ന ശറഫുൽ മുസ്ഥഫാ. ആറ് വാള്യങ്ങളിലായി 56 അധ്യായങ്ങളും മുന്നൂറ്റി പതിനാറ് ഉപശീർഷകങ്ങളും ഉൾക്കൊള്ളുന്നു.
ദലാഇൽ അഥവാ പ്രമാണം, ശറഫ് അഥവാ മഹത്ത്വം, സീറത് അഥവാ ജീവിതം, ഖസ്വാഇസ് അഥവാ സവിശേഷതകൾ, ഫളാഇലുസ്സ്വഹാബ അഥവാ അനുചര മഹത്ത്വം, അഖ്‌വാൽ അഥവാ വചനങ്ങൾ, മക്കയും മദീനയും എന്നീ ഏഴ് വിഭാഗങ്ങൾ ശറഫുൽ മുസ്ഥഫയിലുണ്ട്. താഴെ പറയുന്നവിധം 11 അധ്യായ സംയുക്തങ്ങളിലായാണ് ഗ്രന്ഥകാരൻ ഇവ ക്രമീകരിച്ചിരിക്കുന്നത്.

ഒന്ന്, ബശാഇർ അഥവാ സുവാർത്തകൾ

നബിയെ കുറിച്ചറിഞ്ഞ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വിശ്വസിച്ച പൂർവ കാല സമുദായത്തിലെ അംഗങ്ങൾ, പൂർവ സമുദായത്തിൽ പ്രകടമായനു’വപ്പെട്ട നബി(സ്വ)യുടെ നിയോ സംബന്ധിയായ അടയാളങ്ങൾ, സൂചനകൾ, പൂർവ വേദങ്ങളിലെ പരാമർശങ്ങൾ, ആനക്കലഹ സംഭവം, പൂർവ കാല വേദ വിശ്വാസികളിൽ നിന്നും മറ്റും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുനബി(സ്വ)യിൽ വിശ്വസിച്ച് സ്വഹാബിയാകാൻ ഭാഗ്യമുണ്ടായവർ, സത്യം തേടി ത്യാഗപൂർണമായ അന്വേഷണ യാത്ര നടത്തി വിജയിച്ചവർ തുടങ്ങി പ്രവാചകരെ കുറിച്ചുള്ള മുന്നറിവിന്റെ അടിസ്ഥാനത്തിൽ നടന്ന സത്യവിശ്വാസ സ്വീകരണത്തിന്റെയും നബിമഹത്ത്വ വിളംബരത്തിന്റെയും വിവരണങ്ങൾ ഉൾക്കൊള്ളുന്നതാണീ ഭാഗം.

രണ്ട്, നബി(സ്വ)യുടെ ആഗമനം

തിരുനബി(സ്വ)യുടെ ജനനം മുതൽ നുബുവ്വത്ത് വരെയുള്ള കാലത്തെ സംഭവങ്ങൾ, മുഹൂർത്തങ്ങൾ, നബി(സ്വ)ക്ക് ലഭിച്ച പരിഗണനകൾ, ആദരവുകൾ, ആത്മീയ ഭൗതിക സംരക്ഷണങ്ങൾ, ജീവിതത്തിലെ പ്രധാന രംഗങ്ങൾ, സംഭവങ്ങൾ തുടങ്ങിയവ ഈ ഭാഗത്ത് പരാമർശിക്കുന്നു. പരിശുദ്ധരായ പൂർവ പിതാ ക്കളിലൂടെ നടന്ന വിശുദ്ധമായ സഞ്ചാരം, സ്വന്തം മാതാപിതാക്കൾ, വളർത്തിയവർ, ചെറുപ്രായത്തിലുണ്ടായ പ്രവാചകത്വാടയാളങ്ങൾ, ചരിത്ര പ്രസിദ്ധമായ മുത്വയ്യബീൻ സന്ധി, കച്ചവടയാത്ര, ഖദീജ ബീവി(റ)യുമായുള്ള വിവാഹം എന്നിങ്ങനെ അത് തുടരുന്നു.

മൂന്ന്, നബിവംശം

നബി(സ്വ)യുടെ വംശപാരമ്പര്യം, ഗുണവിശേഷങ്ങൾ, മാതൃ-പിതൃ സവിശേഷതകൾ, മാതൃ-പിതൃ സഹോദരങ്ങൾ, സന്താനങ്ങൾ, ഖുർആൻ നബിയെ വിശേഷിപ്പിച്ചത്, ഖുർആൻ പരാമർശിച്ച നബിനാമങ്ങൾ, ഹദീസിൽ വന്ന നബിനാമങ്ങൾ, മറ്റാർക്കുമില്ലാത്ത നബിനാമങ്ങൾ, അപര നാമങ്ങൾ, വിശേഷണ നാമങ്ങൾ, അബ്ദുൽ മുത്വലിബിന്റെ സ്ഥാനം, നബി(സ്വ)യുടെ ശാരീരിക സവിശേഷതകൾ, ആകാശാരോഹണം, ഉപരി ലോക കാഴ്ചകൾ, അനു’വങ്ങൾ, മക്കയും പരിസരങ്ങളും, കഅ്ബയും പരിസരവും, മക്കയോടുള്ള വിശ്വാസികളുടെ ആഭിമുഖ്യം, മസ്ജിദുൽ ഹറാം, മസ്ജിദുൽ ഖൈഫ്, മിനാ തുടങ്ങിയ വിശുദ്ധ ഗേഹങ്ങൾ, ഇടങ്ങൾ, ഹിജ്‌റ, മദീനയുടെ മഹത്ത്വം തുടങ്ങിയവ ഈ ഭാഗത്ത് വിവരിക്കുന്നു

നാല്, മഗാസീ അഥവാ മുന്നേറ്റം

അനിവാര്യമായി വന്ന ധർമസമരങ്ങൾ, രക്തസാക്ഷികളുടെ പവിത്രതകൾ, പ്രബോധക സംഘങ്ങൾ, സമ്പൂർണ സമരങ്ങൾ, മക്കാവിജയം, സിദ്ദീഖ്(റ) ഹജ്ജ് അമീറായത്, ഹജ്ജത്തുൽ വിദാഅ്, നബിയുടെ രോഗം, വഫാത്ത്, ഹുജ്‌റത്തുശ്ശരീഫ, അർറൗളതുൽ മുബാറക, നബി യെ സിയാറത്ത് ചെയ്യുന്നതിന്റെ ചിട്ടകൾ, ഗുണങ്ങൾ, അമ്പിയാക്കളുടെ ബർസഖീ ജീവിതം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഈ വിഭാഗത്തിലെ പ്രതിപാദ്യം.

അഞ്ച്, അൽഅസ്‌വാജു വൽഅംവാൽ

നബി(സ്വ)യുടെ സഹധർമിണികളും സമ്പത്തും മറ്റുമാണ് ഇതിലെ പ്രധാന പരാമർശം. ഉമ്മഹാതുൽ മുഅ്മിനീൻ, നബി(സ്വ)യുടെ വിവാഹ വിശേഷങ്ങൾ, പരിചാരകർ, പരിചാരികമാർ, ശേഷിപ്പ് വസ്തുക്കളായ വസ്ത്രവും മറ്റും, ഉപയോഗ വസ്തുക്കൾ, വാഹനങ്ങൾ, ഉപകരണങ്ങൾ, കണ്ണാടി, ചീർപ്പ്, ഊന്നുവടി, സുറുമക്കോൽ തുടങ്ങി നബി(സ്വ)യുടെ അധീനതയിലും ഉടമസ്ഥതയിലുമുണ്ടായിരുന്ന സമ്പത്തും വസ്തുക്കളും അടക്കമുള്ളവ ഇവിടെ വിശദമാക്കുന്നു.

ആറ്, ദലാഇൽ അഥവാ നുബുവ്വത്തിന്റെ പ്രമാണങ്ങൾ

എന്തെല്ലാമാണ് പ്രമാണങ്ങൾ, നബിക്ക് ലഭിച്ച സഹായങ്ങൾ, നേടിയ വിജയങ്ങൾ, കാവലുകൾ, വൃക്ഷങ്ങളും അചേതന വസ്തുക്കളും സംസാരിച്ചത്, അവ നബി(സ്വ)ക്ക് കീഴ്‌പ്പെട്ടത്, ജീവികളുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ, ‘ക്ഷണം വർധിച്ചത്, വെള്ളം നിർഗളിച്ചത്, രോഗികൾക്ക് സുഖം കിട്ടിയത്, ദുരിതം നീക്കിയത്. ഭാവി പ്രവചനം, അദൃശ്യജ്ഞാനം, ആഗ്രഹ സഫലീകരണം എന്നിങ്ങനെ നുബുവ്വത്തിന് ഉപോൽബലകമായും റസൂൽ(സ്വ)ക്കുള്ള ആദരവായും നൽകപ്പെട്ടവ ഈ വിഭാഗത്തിൽ വിവരിക്കുന്നു.

ഏഴ്, ശറഫുന്നബിയ്യി ഫിൽ ഖുർആൻ

ഖുർആനിലെ തിരുനബി മാഹാത്മ്യമാണ് ഇതിലെ പ്രമുഖ പ്രതിപാദനം. ഖുർആനിൽ നബി(സ്വ)ക്ക് നൽകിയ വിശിഷ്ട സ്ഥാനം, അവിടത്തെ ഖുർആനിക വിശേഷണങ്ങൾ, നബിയുടെ ശരീരഭാഗങ്ങൾ ഖുർആനിൽ പരാമർശിച്ചത്, നബി(സ്വ)യെ കൊണ്ടും പ്രവാചകരുമായി ബന്ധപ്പെട്ടവ കൊണ്ടും സത്യം ചെയ്തത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ ഭാഗത്ത് വിവരിക്കുന്നത്.

എട്ട്, ഫള്‌ലുന്നബി(സ്വ) അഥവാ നബി മാഹാത്മ്യങ്ങൾ

ഖുർആൻ നൽകപ്പെട്ടത്, സവിശേഷമായ ശരീരത്ത് ലബ്ധി, വ്യക്തിത്വ സവിശേഷതകൾ, ഓരോ നബിമാർക്കും മീതെയുള്ള ശ്രേഷ്ഠ വ്യക്തിത്വം, സമരാർജിത സമ്പത്ത് ഉപയോഗാനുമതി തുടങ്ങിയ കാര്യങ്ങൾ ഇതിൽ ചർച്ചക്ക് വരുന്നു.

ഒമ്പത്, അൽഅഖ്‌ലാഖു വൽആദാബ്

റസൂൽ(സ്വ)യുടെ സ്വഭാവ സവിശേഷതകളാണ് ഇതിൽ പറയുന്നത്. നബി(സ്വ)യുടെ സ്വഭാവ ഗുണങ്ങൾ, ഗുണ സമ്പൂർണത, സ്വഭാവ മാഹാത്മ്യം, ഉദാത്ത ഗുണ ശീലങ്ങൾ, ആചാര മര്യാദകൾ, രോഗചികിത്സാ നിർദേശങ്ങൾ, ഭോജന മര്യാദകൾ, ശുചിത്വ മര്യാദകൾ, വസ്ത്രധാരണ മര്യാദകൾ, എന്നിങ്ങനെ വ്യക്തിത്വത്തിന്റെ അടയാളങ്ങളും അലങ്കാരങ്ങളും പ്രഭാവങ്ങളും ഈ ഭാഗത്ത് ചർച്ച ചെയ്യുന്നു.

പത്ത്, അൽഅദ്ഇയതു വൽഅദ്കാർ

തിരുദൂതരുടെ പ്രാർത്ഥനകളും ദിക്‌റുകളുമാണിവിടെ ചർച്ച ചെയ്യുന്നത്. സന്ദർഭോചിത ദിക്‌റുകളും ദുആകളും, നബി(സ്വ)യുടെ മേലിലുള്ള സ്വലാത്തും അനുബന്ധങ്ങളും, പ്രവാചകരുടെ തമാശകൾ, ഉപമകൾ തുടങ്ങി തിരുവചനങ്ങളുടെ ലോകത്തേക്കൊരു ചെറുജാലകമാണിത്.

പതിനൊന്ന്, അൽഫളാഇലു വൽമനാഖിബ്

നബിതിരുമേനിയുടെ മഹത്ത്വങ്ങളും വ്യക്തി ഗുണങ്ങളുമാണ് ഇതിൽ കാര്യമായ ചർച്ച. അറബികളുടെ സവിശേഷത, ഖുറൈശികളുടെ മഹത്ത്വം, ഇമാം ശാഫിഈ(റ) എന്ന ഖുറൈശി പണ്ഡിതൻ, അൻസ്വാരികൾ, മുഹാജിറുകൾ, നബികുടുംബം, മഹ്ദി ഇമാം, നാല് ഖലീഫമാർ, സവിശേഷ ചരിത്രമുള്ള സ്വഹാബിമാർ, ഉമ്മഹാത്തുൽ മുഅ്മിനീൻ, നബി(സ്വ)യുടെ സമൂഹത്തിന്റെ സവിശേഷത, പാരത്രികമായി പ്രത്യേക ആദരവുകളും പരിഗണനകളും ലഭിക്കുന്ന വിഭാഗങ്ങൾ, വിശ്വാസികൾക്ക് നൽകിയ വിശേഷണങ്ങളുടെ ഉടമകൾക്ക് ലഭ്യമാകുന്ന പാരത്രിക പരിഗണന എന്നിങ്ങനെ നബി(സ്വ)യുമായി ബന്ധപ്പെട്ട സമൂഹത്തിന്റെയും സമുദായത്തിന്റെയും ഗുണഗണങ്ങൾ പറയുന്ന ഭാഗമാണിത്.

ഗ്രന്ഥകാരൻ
അബൂസഈദിന്നൈസാബൂരി എന്ന ചുരുക്കപ്പേരിലാണ് ഗ്രന്ഥകാരൻ അറിയപ്പെടുന്നത്. അബ്ദുൽ മലിക്ബിൻ മുഹമ്മദ്ബിൻ ഇബ്‌റാഹീംബിൻ യഅ്ഖൂബ്(റ) എന്നാണ് ശരിയായ നാമം. നൈസാബൂരിലെ ഖർകൂശ് എന്ന സ്ഥലത്ത് ജനിച്ചതിനാൽ അബൂസഈദിന്നൈസാബൂരീ അൽഖർകൂശീ എന്നറിയപ്പെട്ടു. പ്രമുഖ ശാഫിഈ കർമശാസ്ത്ര പണ്ഡിതനും പ്രഭാഷകനും ഉന്നതമായ സാത്വിക ജീവിതത്തിനുടമയുമായിരുന്നു.
സച്ചരിതരെന്ന് വിശ്രുതി നേടിയവരാണ് കുടുംബം. സാത്വികനും പണ്ഡിതനുമായ പിതാവിൽ നിന്ന് അദ്ദേഹം നിവേദനം ചെയ്തിട്ടുണ്ട്. ശാഫിഈ കർമശാസ്ത്രത്തിൽ വ്യുൽപത്തി നേടി. സ്വൂഫികളും വിജ്ഞാന നിറകുടങ്ങളുമായ മഹാമനീഷികളിൽ നിന്ന് ആത്മീയ പരിചരണം നേടി. ഇറാഖ്, മക്ക, മദീന, ഈജിപ്ത്, ഡമസ്‌കസ് എന്നിവിടങ്ങളിൽ സഞ്ചരിച്ച് മഹാഗുരുക്കളുടെ ശിഷ്യത്വമാർജിച്ചു. അവരിൽ നിന്ന് ഹദീസുകളും കരസ്ഥമാക്കി. മക്ക യോടുള്ള അഭിനിവേശം കാരണം അവിടെ കുറച്ചുകാലം താമസിച്ചു. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് ഹജ്ജിനെത്തുന്ന പണ്ഡിതരിൽ നിന്ന് ജ്ഞാനവും ബറകതും പരിചരണവും നേടാൻ ആ കാലം ഉപയോഗപ്പെടുത്തി. പിന്നീട് ഖുറാസാനിലേക്ക് മടങ്ങി വൈജ്ഞാനിക-സേവന പ്രവർത്തനങ്ങളിൽ മുഴുകി. ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു.
സാന്ത്വന-സേവന പ്രവർത്തനങ്ങൾക്കായി ധാരാളം സമ്പത്ത് ചെലവഴിച്ചു. മദ്‌റസകളും ആതുരാലയങ്ങളും സ്ഥാപിക്കുകയും അവയുടെ നടത്തിപ്പിനായി ധാരാളം സ്വത്ത് വഖഫ് നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പാഠശാലയിൽ വലിയ ഗ്രന്ഥപ്പുര തന്നെ സംവിധാനിച്ചിരുന്നു. ലളിതജീവിതം നയിച്ച അദ്ദേഹം തൊപ്പി തുന്നി വിറ്റാണ് പണം കണ്ടെത്തിയിരുന്നത്. താൻ നിർമിച്ചതാണെന്ന് അറിയിക്കാത്ത വിധമായിരുന്നു വിൽപന. ദരിദ്രരുടെയും പരദേശികളായ വിദ്യാർത്ഥികളുടെയും അവലംബമായി വർത്തിച്ചു. ദരിദ്ര വിദ്യാർത്ഥികൾ അധികാരികളെ പോലെ പ്രതാപത്തിലായിരുന്നു ഇമാമിന്റെ സദസ്സിൽ കഴിഞ്ഞിരുന്നതെന്ന് ദഹബി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഇബ്‌നുഅസാകിർ(റ), ഹാഫിളുദ്ദഹബി, ഇമാം താജുദ്ദീൻ സുബ്കി(റ), ഇമാം തഖിയുദ്ദീൻ സുബ്കി(റ), ഇമാം ഹാകിം(റ), ഇമാം ഖത്വീബുൽ ബഗ്ദാദി(റ) തുടങ്ങിയവരെല്ലാം ഇമാം ഖർ കൂശി(റ)യെ സംബന്ധിച്ച് എഴുതിയിട്ടുണ്ട്.

ധാരാളം ഗ്രന്ഥങ്ങളും പ്രശസ്തരായ ശിഷ്യരും അദ്ദേഹത്തിനുണ്ട്. ശറഫുൽ മുസ്ഥഫാ, തഹ്ദീബുൽഅസ്‌റാർ ഫീ ഉസ്വൂലിത്തസ്വവ്വുഫ്(സിയറുൽ ഇബാദി വസ്സുഹ്ഹാദ്), അൽഫുതുവ്വ, അൽബിശാറതു വന്നദാറ, തഫ്‌സീർ, ശആഇറുസ്സ്വാലിഹീൻ, കിതാബുല്ല വാമിഅ് എന്നിവയാണ് പ്രധാന കൃതികൾ. ഇമാം ഹാകിം(റ), ഇമാം ബൈഹഖി(റ), ഇമാം ഖുശൈരി(റ), ഇമാം ഹാഫിള് അബൂമുഹമ്മദിനിൽ ഖല്ലാൽ, ഇമാം അബൂൽ ഖാസിമിത്തനൂഖീ തുടങ്ങിയ ഹദീസ് പണ്ഡിതരും ചരിത്രകാരൻമാരും കർമശാസ്ത്ര വിശാരദരും ആത്മീയ നായകരുമായ ശിഷ്യഗണങ്ങളുമുണ്ട്.

ഇമാം ഖുശൈരി(റ)

പ്രശസ്തമായ അർരിസാലത്തുൽ ഖുശൈരിയ്യയുടെ കർത്താവായ ഇമാം അബുൽ ഖാസിമിൽ ഖുശൈരിയാണ് ശറഫുൽ മുസ്ഥഫായുടെ നിവേദകരിൽ പ്രധാനി. അദ്ദേഹത്തിന്റെ നിവേദനമാണ് മനാഹിലുശ്ശിഫായുടെ മൂലകൃതി. നൈസാബൂരിലെ ഒരു ഗ്രാമത്തിലായിരുന്നു ജനനം. മഹാസാത്വികരായ ഇമാം അബൂഅലിയ്യിദ്ദഖാഖ്(റ), ഇമാം അബൂബക്‌റ്ബ്‌നു ഫൗറക്(റ), അബൂഇസ്ഹാഖിൽ ഇസ്ഫറാഈനീ(റ), അബൂസഈദിൽ ഖർകൂശീ(റ) തുടങ്ങിയവരിൽ നിന്ന് വിവിധ വിജ്ഞാന ശാഖകൾ കരസ്ഥമാക്കി. വിജ്ഞാന പ്രാവീണ്യം കണ്ട് ഗ്രന്ഥപാരായണം മതി, ദർസിൽ സംബന്ധിക്കേണ്ടതില്ല എന്ന് നിർദേശിച്ചിരുന്നതിനാൽ ധാരാളം ഗ്രന്ഥങ്ങൾ മുത്വാലഅ ചെയ്ത് അറിവ് വർധിപ്പിക്കാൻ സാധിച്ചു. കർമശാസ്ത്രം, ഖുർആൻ വ്യാഖ്യാനം, തസ്വവ്വുഫ്, ഇൽമുൽ ഉസ്വൂൽ, ഹദീസ് തുടങ്ങിയ ശാഖകളിൽ അവലംബമായിത്തീർന്നു.

അനേകം ശിഷ്യരും കനപ്പെട്ട രചനകളുമുണ്ട്. കർമശാസ്ത്രത്തിൽ ശാഫിഈ മദ്ഹബും അഖീദയിൽ അശ്അരിയുമായിരുന്നു അദ്ദേഹത്തിന്റെ സരണികൾ. രിസാലത്തുൽ ഖുശൈരിയ്യയാണ് മാസ്റ്റർ പീസ്. ഗുരു ഇമാം ഖർകൂശിയുടെ തഹ്ദീബുൽ അസ്‌റാറിന്റെ ചുവട് പിടിച്ചാണിത് രചിച്ചത്.

സയ്യിദ് അബൂആസ്വിം ആലു ബാഅലവി

ശറഫുൽ മുസ്തഫാക്ക് മഹത്തായ സേവനം അനുഷ്ഠിക്കാൻ ഭാഗ്യമുണ്ടായ സമകാലിക പണ്ഡിതനാണ് അബൂആസ്വിം ബാഅലവി. യമനിൽ നിന്നെത്തി മക്കയിൽ സ്ഥിരതാമസമാക്കിയ ബാഅലവി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ശൈഖ് ഹസൻ മശ്ശാത്ത്, സയ്യിദ് മുഹമ്മദ് അലവി മാലിക്കി, ഹബീബ് അബ്ദുൽ ഖാദർ അസ്സഖാഫ്, ഹബീബ് ഐദറാസ് അൽഹബ്ശി, സയ്യിദ് അഹ്‌മദ്‌റഖീമി, ശൈഖ് അഹ്‌മദ് ജാബിർ ജബ്‌റാൻ, അശ്ശൈഖുൽ മക്കീ ഇബ്‌നുകീറാൻ, ശൈഖ് അബ്ദുല്ലാ ദർദും തുടങ്ങിയ സാത്വിക പണ്ഡിതരിൽ നിന്ന് വിജ്ഞാനവും പരിശീലനവും സ്വായത്തമാക്കി.
ശറഫുൽ മുസ്ഥഫായുടെ വ്യാഖ്യാനമായ ആറു വാള്യങ്ങളുള്ള മനാഹിലുശ്ശിഫാ വമനാഹി ലുസ്സ്വഫാ ബിതഹ്ഖീഖി ശറഫിൽ മുസ്ഥഫായാണ് സുപ്രധാന രചന. ഇമാം സുയൂത്വി(റ)യുടെ അൽഖസ്വാഇസ്വുൽ കുബ്‌റാ എന്ന കൃതിക്ക് അൽബുശ്‌റാ ബിന്നുസ്ഖതിൽ മുസ്‌നദതി മിനൽഖസ്വാഇസ്വിൽ കുബ്‌റാ എന്ന പേരിൽ എട്ട് വാള്യങ്ങളുള്ള ബൃഹത്തായ ടിപ്പണി തയ്യാറാക്കിയിട്ടുണ്ട്. ഫത്ഹുൽമന്നാൻ ശറഹ് വതഹ്ഖീഖു കിതാബിൽ മുസ്‌നദിൽ ജാമിഅ് ലിദ്ദാരിമി എന്ന പത്ത് വാള്യങ്ങളുള്ള കൃതിയും രചിച്ചു. സുനനുദ്ദാരിമിയുടെ വ്യാഖ്യാനമാണിത്. സുനനുദ്ദാരിമിയുടെ ടിപ്പണിയും തയ്യാറാക്കിയിട്ടുണ്ട്.
ഗുരുനാഥനായ സയ്യിദ് മുഹമ്മദ് മാലികി യെയും അദ്ദേഹത്തിന്റെ ജ്ഞാനവഴിയെയും സേവനത്തെയും വിശദമായി വിവരിക്കുന്ന മൂന്ന് വാള്യങ്ങളുള്ള ബൃഹത്തായ ഗ്രന്ഥവും അദ്ദേഹത്തിനുണ്ട്. ഓരോ വാള്യത്തിനും ഉള്ളടക്കത്തിനനുസരിച്ച് വെവ്വേറെ പേര് നൽകിയിരിക്കുന്നു. ഒന്നാം വാള്യം അൽഅസ്‌വാറുൽ മുശ്‌രിഫതു അലാ മശീഖതി വഅസാനീദി സ്വാഹിബീ ശൈഖി മക്കതൽ മുശർറഫ. രണ്ട്, ഇത്ഹാഫുൽ അശീതി ബിവസ്വ്‌ലി അസാനീദി ശൈഖി മക്കത ബിൽ കുതുബിശ്ശഹീറ. മൂന്ന്, അൽമഹ്ഫൂളുൽ മർവിയ്യു മിൻ അസാനീദി മുഹമ്മദിനിൽ ഹസനിബ്‌നി അലവി.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ