ശാഹ് വലിയുല്ലാഹിദ്ദഹ്ലവി(റ) ഹിജ്റ 1114 ശവ്വാല്‍ 4 (ക്രിസ്താബ്ദം 1703 ഫെബ്രു 21) ന് ഡല്‍ഹിക്കടുത്ത പുലാതിയിലാണ് ജനിച്ചത്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുകയും 14 വയസ്സായപ്പോഴേക്കും ലഭ്യമായ വിജ്ഞാന ശാഖകളിലെല്ലാം പ്രാവീണ്യം നേടുകയും ചെയ്തു. സ്വന്തം പിതാവും നഖ്ശബന്ദീ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന അബ്ദുറഹീം ദഹ്ലവിയായിരുന്നു പ്രധാന ഗുരുനാഥന്. അദ്ദേഹത്തില്‍ നിന്നു തന്നെ നഖ്ശബന്ദീ ത്വരീഖത്ത് സ്വീകരിച്ചു. പിന്നീട് മുഖ്യമായും ഹിജാസിലായിരുന്നു പഠനം. ശൈഖ് അബൂത്വാഹിര്‍ മുഹമ്മദ് ബിന്‍ ഇബ്റാഹീം കുര്‍ദിയായിരുന്നു അവിടത്തെ ഗുരുനാഥന്. ഹിജ്റ 1176 മുഹര്‍റം (ക്രി,1763) 62-ാം വയസ്സില്‍ വഫാത്തായ മഹാന് 53 ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും. ഖേദകരമെന്നു പറയട്ടെ ആ മഹാനുഭാവന് വെച്ചു പുലര്‍ത്തിയ ആശയങ്ങള്‍ക്കെതിരായി പില്കാലത്ത് അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും തിരിമറിക്ക് വിധേയമാക്കപ്പെട്ടു. അല്ലാമ അബുല്‍ ഹസന് അശ്അരി(റ)യുടെ ഇബാനയും ശൈഖ് ജീലാനി(റ)യുടെ ഗുന്യതും കടത്തിക്കൂട്ടലുകള്‍ക്ക് വിധേയമാവുകയായിരുന്നുവെങ്കില് ഇമാം സുയൂത്വി(റ)യുടെ പേരില്‍ അല്‍ അംറുബില്‍ ഇത്തിബാഅ് വന്നഹ്യു അനില്‍ ഇബ്തിദാഅ് എന്നൊരു ഗ്രന്ഥം തന്നെയും ആരോപിക്കപ്പെട്ട ചരിത്രത്തിന്റെ തുടര്‍ച്ചയായി ഇതിനെയും കാണാം! അഹ്ലുസ്സുന്നയുടെ ആദര്‍ശത്തില്‍ മായം ചേര്‍ക്കാന്‍ എന്തെല്ലാം കോപ്രായങ്ങള്‍ ഈ സമൂഹം കണ്ടു. ശാഹ് വലിയുല്ലാഹിയുടെ ആശയവും ആദര്‍ശവും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കൃതികളില്‍ നമുക്ക് കാണാം. മഹാന്മാരുടെ ആത്മാക്കള്‍ക്ക് മരണാനന്തരം ഭൗതിക ജീവിതവുമായി ഇടപെടാന്‍ കഴിയുമെന്ന് തന്റെ സുപ്രസിദ്ധ ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ പറയുന്നു:
‘ശരീരത്തില്‍ നിന്ന് ആത്മാവ് വേര്പ്പെടുമ്പോള് അതിന്റെ ശരിയായ പ്രകൃതിയിലേക്ക് അത് മടങ്ങും. അത് മലക്കുകളോടൊപ്പം ചേരും. മലക്കുകള്‍ ഇടപെടും പോലെ ആത്മാവും ഇടപെടും. ജഅ്ഫര്‍ ബിന്‍ അബൂ ത്വാലിബ്(റ) ശഹീദായപ്പോള്‍ മലക്കുകളോടൊപ്പം പറക്കുന്നത് ഞാന്‍ കണ്ടു എന്ന് തിരുനബി(സ്വ) പറഞ്ഞത് ഹദീസിലുണ്ട്. ആത്മാക്കള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്മസമരത്തില് പങ്കെടുക്കുകയും അവരെ സഹായിക്കുകയും ചെയ്യും. മനുഷ്യരിലേക്ക് ചിലപ്പോള്‍ നല്ല ചിന്തകള്‍ (ലിമ്മത്ത്) ഇട്ട് കൊടുക്കാറുമുണ്ട്. ചില സമയങ്ങളില്‍ ആത്മാവ് മനുഷ്യരൂപം പ്രാപിച്ച് പ്രത്യക്ഷപ്പെടാറുമുണ്ട്.
മരണപ്പെട്ടവരുടെ ആത്മാക്കള്‍ സഹായികളായി എത്തുമെന്ന് ഈ വരിയിലൂടെ മഹാന് വ്യക്തമാക്കുന്നു. സുപ്രസിദ്ധ ഗ്രന്ഥമായ ഫുയൂളുല് ഹറമൈനില്‍ പറയുന്നു:
‘ഞാന്‍ റൗളാ ശരീഫിലെത്തിയപ്പോള്‍ തിരുനബി(സ്വ)യോടും അവിടുത്തെ കൂട്ടുകാരോടും സലാം പറഞ്ഞു. എന്നിട്ട് നബി തങ്ങളോട് ഞാന്‍ പറഞ്ഞു: യാ റസൂലല്ലാ… അങ്ങേക്ക് അല്ലാഹു നല്കിയ അനുഗ്രഹത്തില്‍ നിന്ന് അങ്ങ് എനിക്കും നല്കിയാലും… അങ്ങയുടെ അനുഗ്രഹം പ്രതീക്ഷിച്ചാണ് ഈയുള്ളവന് ഇവിടെ എത്തിയത്… അങ്ങ് റഹ്മതുന് ലില്‍ ആലമീന്‍ അല്ലയോ… അപ്പോള്‍ നബി തങ്ങളുടെ പുതപ്പ് എന്നെ മൂടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരുപാട് രഹസ്യ കലവറകള്‍ എനിക്കു മുമ്പില്‍ തുറക്കപ്പെടുകയും ചെയ്തു. ഞാന്‍ നബി(സ്വ)യെ ശരിക്കും അനുഭവിച്ചു. എന്നെ നന്നായി സഹായിച്ചു. റസൂല്‍(സ്വ)എന്റെ ആവശ്യങ്ങളില്‍ എങ്ങനെ സഹായിക്കുമെന്നും സലാം പറയുന്നവരുടെ സലാം എങ്ങനെ മടക്കുമെന്നും എനിക്ക് ശരിക്കും ബോധ്യപ്പെട്ടു’ (28,29).
നബി(സ്വ)യെ നേരില്‍ വിളിച്ച് സഹായം ചോദിക്കുകയും ആ സഹായം പ്രതീക്ഷിച്ച് മദീനയിലേക്ക് സിയാറത്തിന് പോവുകയും ചെയ്ത ശാഹ് വലിയുല്ലാഹി ദഹ്ലവിയെയാണ് ഇവിടെ നാം കാണുന്നത്. ബദര്‍ ശുഹദാക്കളുടെയും സ്വഹാബി പ്രമുഖന് അബൂദര്‍റുല്‍ ഗിഫാരി(റ)യുടെയും ഖബറുകള്‍ സന്ദര്‍ശിച്ച് അവരുടെ ആത്മീയ സഹായം സ്വീകരിച്ച കാര്യം ഫുയൂളുല് ഹറമൈനിയുടെ പേജ്26-ല്‍ കാണാം.
തന്റെ പിതാവും നഖ്ശബന്ദീ ത്വരീഖത്തിന്റെ ശൈഖുമായ അല്ലാമ അബ്ദുറഹീം ദഹ്ലവി പറഞ്ഞതായി മഹാന് ഉദ്ധരിക്കുന്നു: ‘എല്ലാ വര്‍ഷവും നബി(സ്വ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഞാന്‍ ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണം ഉണ്ടാക്കാന്‍ സാധിച്ചില്ല. അപ്പോള്‍ കടല വറുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്തു. അന്ന് തിരുദൂതര്‍(സ്വ)യെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. ആ കടല പ്രകാശം പൊഴിച്ച് നബി(സ്വ)യുടെ തിരുമുമ്പില്‍ ഉണ്ടായിരുന്നു’ (അദ്ദുര്‍റുസ്സമീന്‍/46).
ദഹ്ലവി(റ)യുടെ പിതാവിന്റെ മൗലിദ് അനുഭവമാണ് ഇത്. ഇനി അല്ലാമ ദഹ്ലവി തന്റെ മൗലിദ് അനുഭവം പങ്കുവെക്കുന്നത് നോക്കൂ:
‘അന്ന് ഞാന്‍ മക്കയിലാണ്. തിരുനബി(സ്വ)യുടെ ജന്മ ദിവസം ജനങ്ങളെല്ലാം ഒരുമിച്ചു കൂടി അവിടുത്തെ ജന്മസമയത്തുണ്ടായ അത്ഭുത സംഭവങ്ങള്‍ പറയുകയും നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലി കൊണ്ടിരിക്കുകയുമാണ്. ആ സദസ്സില്‍ ഞാനുമുണ്ടായിരുന്നു. ആ സമയത്ത് ആകര്‍ഷകമായ ഒരു പ്രകാശം ഞാന്‍ കണ്ടു’ (ഫുയൂളുല് ഹറമൈന്‍/27).
മൗലിദ് സദസ്സുകളില്‍ പങ്കെടുത്ത് ആത്മീയതയുടെ അനിര്‍വചനീയമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഉന്നതരായ മത പണ്ഡിതനായിരുന്നു അദ്ദേഹമെന്നു ചരിത്രം.
മഹത്തുകളുടെ നാമം ബറകത്തിനു വേണ്ടി ഉപയോഗിക്കണമെന്ന് അല്ലാമ ദഹ്ലവി പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അല്‍ ഖൗലുല്‍ ജമീല്‍ എന്ന ഗ്രന്ഥത്തില്‍നിന്നും വായിക്കുക: ‘എന്റെ പിതാവ് പറയുന്നത് ഞാന്‍ കേട്ടു. അസ്വ്ഹാബുല്‍ കഹ്ഫിന്റെ നാമങ്ങള്‍ കൊണ്ട് ബറകത്ത് എടുക്കുന്നത് അഗ്നി ബാധ, കളവ്, കവര്‍ച്ച എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കും’ (40).
അതുപോലെ ബിദഇകള്‍ ശിര്‍ക്കും ബിദ്അത്തുമായി മുദ്രകുത്തുന്ന ബുര്‍ദ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിനുപുറമെ, തിരുനബി(സ്വ)യില്‍ നിന്നും സ്വപ്നത്തില്‍ ഒരു തിരുകേശം ലഭിച്ചതും അത്കൊണ്ട് ഞങ്ങള്‍ ബറകത്ത് എടുത്തിരുന്നുവെന്നും അദ്ദേഹം പങ്കുവെക്കുന്നു (അദ്ദുര്‍റുസ്സമീന്‍). അത്രയേറെ പ്രവാചകാനുരാഗികളായിരുന്നു ഈ മഹാന്മാര്.
അദ്ദേഹം ‘മുബശ്ശിറാത്തി’ല്‍ പറയുന്ന മറ്റൊരു സംഭവം: എനിക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടപ്പോള്‍ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. ഉടന്‍ തിരുനബി(സ്വ)യെ ഞാന്‍ കണ്ടു. ഒരു പത്തിരിയും കൈയിലുണ്ടായിരുന്നു. അതെനിക്കു നല്കി. ഞാന്‍ കഴിക്കുകയും എന്റെ ആവശ്യങ്ങള്‍ നിറവേറുകയും ചെയ്തു.
അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ അക്ഷരം പ്രതി സ്വീകരിച്ചവരായിരുന്നു ശാഹ് വലിയുല്ലാഹി ദഹ്ലവിയും പിതാവ് അബ്ദുറഹീം ദഹ്ലവിയും പുത്രന് അബ്ദുല്‍ അസീസ് ദഹ്ലവിയുമെന്ന് ചുരുക്കം. ഇവരെ ബിദ്അത്തിന്റെ ഏജന്റുമാരാക്കാന്‍ നടത്തുന്ന കഠിന ശ്രമങ്ങള്‍ പാഴ്വേലയാവുകയേയുള്ളൂ.
തിരിമറിയുടെ ആഴം
ഇബ്നു അബ്ദില്‍ വഹാബിന്റെ മാര്‍ഗത്തില്‍ ശരിക്കും ഞങ്ങളാണ് നിലകൊള്ളുന്നതെന്ന് പരസ്പരം അവകാശപ്പെടുന്ന തബ്ലീഗ്കാരും മുജാഹിദുകളും ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയെയും ശിഷ്യന്മാരെയും സ്വന്തക്കാരായി എഴുന്നള്ളിക്കാറുണ്ട്. തബ്ലീഗുകാരന്‍ എഴുതുന്നു:
‘ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ കൃത്യമായ ഇസ്ലാമിക ചിന്താധാരയെയും പ്രവര്‍ത്തനങ്ങളെയും ശരിയായ അര്‍ത്ഥത്തില്‍ ഏറ്റെടുത്ത് അതിനെ നില നിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മാര്‍ഗം സമൂഹത്തിന് എളുപ്പമാക്കിയ ചിന്താധാരയാണ് യഥാര്‍ത്ഥത്തില്‍ ദേവ്ബന്ദിയത്ത്’ (ദേവ്ബന്ദ് പണ്ഡിതര്‍/7).
ഹൈന്ദവാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ഉമ്മത്ത് വഴിമാറി സഞ്ചരിച്ചു. ഇത്തരം സന്ദര്‍ഭത്തിലാണ് മുസ്നിദുല്ഹിന്ദ് ശാഹ്വലിയുല്ലാഹിദ്ദഹ്ലവി നവോത്ഥാന നായകനായി കടന്നു വരുന്നത്… മഹാനവര്‍കള്‍ക്കു ശേഷം പുത്രന് അബ്ദുല്‍ അസീസ് ദഹ്ലവിയും ശിഷ്യന്മാരും അതേറ്റെടുക്കുകയും അതുവഴി ഒരു വലിയ തജ്ദീദീ പരമ്പര ഇന്ത്യയില്‍ രൂപപ്പെടുകയും ചെയ്തു. ആ നിരയിലെ മുന്‍നിര നായകന്മാരാണ് ഉലമാ ഏ ദേവ്ബന്ദ് (പേ. 7) ഈ വഴി ശാഹ് വലിയുല്ലാഹി ദഹ്ലവിയിലാണ് ചെന്നെത്തുന്നത് (പേ 14).
അഹ്ലുസ്സുന്നയുടെ പൈതൃകം തങ്ങള്‍ക്കുമുണ്ടെന്ന് വരുത്താനാണ് ശാഹ് വലിയുല്ലാഹിയും പുത്രന് അബ്ദുല്‍ അസീസ് ദഹ്ലവിയും വളര്‍ത്തികൊണ്ട് വന്നതാണ് ദയൂബന്ദിസം എന്ന് പറയുന്നത്. പക്ഷേ, അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച ആശയങ്ങളില്‍ നിന്ന് തബ്ലീഗുകാര് ഒളിച്ചോടുന്നതാണ് നാം കാണുന്നത്.
നബി(സ്വ)യുമായി ഞങ്ങളെ ബന്ധിപ്പിക്കുന്നതും ശാഹ് വലിയുല്ലാഹിയാണെന്ന് പ്രസ്തുത പുസ്തകം അവകാശപ്പെടുന്നു: ‘ദാറുല്‍ ഉലൂമിന്റെയും ദേവ്ബന്ദിന്റെയും അടിസ്ഥാന പരമ്പര ഇന്ത്യയിലെ ശാഹ് വലിയുല്ലാഹി ദഹ്ലവിയിലൂടെ മുറിയാത്ത പരമ്പരകളിലായി നബി(സ്വ)യിലേക്ക് ചെന്നെത്തുന്നതാണ്. ശാഹ് വലിയുല്ലാഹിയില്‍ നിന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ശാഹ് അബ്ദുല്‍ അസീസ്, പിന്നീട് ശാഹ് മുഹമ്മദ് ഇസ്ഹാഖ് ശേഷം ശാഹ് അബ്ദുല്‍ അസീസ് വഴിയായി ദാറുല്‍ ഉലൂമിന്റെ സ്ഥാപകരായ ഖാസിം നാനൂതവി, റഷീദ് അഹ്മദ് ഗംഗോഹി എന്നിവരിലേക്ക് എത്തിച്ചേര്‍ന്നു’ (പേ. 14).
മുമ്പ് നാം ചര്‍ച്ച ചെയ്തതുപോലെ അഹ്ലുസ്സുന്നത്തിന്റെ പാതയില്‍ മാത്രം നിലയുറപ്പിച്ച ദഹ്ലവിയും ഇവര്‍ പ്രസരണം ചെയ്യുന്ന നവീനാശയങ്ങളും ഒട്ടും സമരസപ്പെടുകയില്ല.ശൈഖിന്റെ അഖീദ അതേപടി സ്വീകരിക്കുമ്പോഴാണ് നബി(സ്വ)യിലേക്ക് അവരുടെ പരമ്പരയിലൂടെ എത്തിച്ചേരുക. വസ്തുത പറഞ്ഞാല്‍ ദഹ്ലവിയുടെ വിശ്വാസാചാരവുമായി ഏറ്റുമുട്ടുന്നതാണ് തബ്ലീഗ് നടപടിക്രമങ്ങള്‍. ശാഹ് വലിയുല്ലാഹിയുടെ പേരില്‍ ആരോ നിര്മിച്ചുണ്ടാക്കിയ ഏതാനും വരികളാണ് ഈ ഏച്ചുകെട്ടലിന് ആധാരം.
സാക്ഷാല്‍ ബിദ്അത്ത് പ്രചാരണമായിരുന്നു ശാഹ് വലിയുല്ലാഹി നടപ്പില്‍ വരുത്തിയതെന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന്റെ കൃതികളിലെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റിയ ചില ഉദ്ധരണങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് തബ്ലീഗുകാര്. പ്രസ്തുത ഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം സ്ഥാപിക്കുന്ന ആദര്‍ശത്തിന് കടക വിരുദ്ധമാണ് ഇവയെന്ന് കണ്ടെത്താനാവും.
വളരെ കൃത്യമായാണ് ശാഹ് വലിയുല്ലാഹി ശിര്‍ക്കിന്റെ രൂപങ്ങളെ വിശദീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ തീരുമാനങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതോ അവനിലേക്ക് അടുപ്പിക്കാന്‍വേണ്ടി ആരാധനയാവും വിധം അങ്ങേയറ്റം മഹത്തുക്കളെ ആദരിക്കുന്നതോ ശിര്‍ക്കാണ്. അതിലൊരു സുന്നിക്കും സംശയമില്ല. ഇത്തരം വിശ്വാസം പുലര്‍ത്തി അജ്മീറിലോ, സാലാറിലോ ലോകത്തിലെ മറ്റേതു മസാറുകളായാലും സന്ദര്‍ശിക്കുന്നതും ആദരിക്കുന്നതും തെറ്റുതന്നെയാണ്.
ഇനി തബ്ലീഗുകാര് പറയുന്നതുപോലെ അജ്മീറിലേക്കും മറ്റു ദര്‍ഗ്ഗകളിലേക്കും സഹായം തേടി പുറപ്പെടല്‍ തന്നെ നിരുപാധികം ശിര്കും കുഫ്റുമാണ് എന്നതാണ് ശാഹ് വലിയുല്ലാഹിയുടെ നിലപാടെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍, ബദ്ര് ശുഹദാക്കളുടെയും അബൂ ദര്‍റില്‍ ഗിഫാരി(റ)യുടെയും ഖബറുകള്‍ സന്ദര്‍ശിച്ചതും അവരില്‍ നിന്നും ആത്മീയ സഹായം കിട്ടിയതും നബി(സ്വ)യുടെ റൗളയില്ചെന്ന്, അങ്ങേക്ക് ലഭിച്ച ഔദാര്യത്തില്‍ നിന്നു എനിക്കും ഉദാരമായി നല്‍കണേ എന്നു പറഞ്ഞതിലൂടെയും ഈ മഹാന് ഇസ്ലാമിന് പുറത്തായി എന്നു പറയേണ്ടി വരും. അതൊരിക്കലും സംഭവിക്കുകയില്ലെന്ന് ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് അറിയാമല്ലോ? അപ്പോള്‍ മഹത്തുക്കളോട് സഹായം തേടുന്നത് നിരുപാധികം തെറ്റാണെന്ന് ദഹ്ലവി(റ) വിശ്വസിക്കുന്നില്ല.
ജീവിച്ചിരിക്കുന്ന ശൈഖുമാര്‍ക്കും മരണപ്പെട്ട മഹത്തുക്കളുടെ ഖബറുകള്‍ക്കും അറിവില്ലാത്ത ചിലര്‍ മഹാനവര്‍കളുടെ കാലഘട്ടത്തില്‍ സുജൂദ് ചെയ്തിരുന്നു. അതിനെയാണ് ഈ കാലഘട്ടത്തിലെ രോഗമെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. അത് അവിശ്വാസികളുടെ ആരാധനാ രീതിയാണെന്നും അത് നമുക്ക് ചേര്‍ന്നതല്ലെന്നും മഹാന് തര്യപ്പെടുത്തി. ഈ വിഷയമാകട്ടെ ഫത്ഹുല്‍ മുഈന്‍ ഉള്‍പ്പെടെയുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പോലുമുണ്ട്. ഇത്തരമൊരു സുജൂദ് സമുദായത്തിലേക്ക് കടത്തിക്കൂട്ടിയത് ശീഇസമാണെന്നാണ് ചരിത്രം. ശിയാക്കളുടെ അധീനതയിലുള്ള പല മഖ്ബറകളിലും ഇത്തരം ദുരാചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശാഹ് വലിയുല്ലാഹിയുടെ കാലത്ത് ശീഇസത്തിന്റെ നീരാളികൈകള്‍ സമുദായത്തിലേക്ക് നീണ്ടിരുന്നതായി നമുക്ക് കാണാനാവും. അവരെ ഖണ്ഡിച്ച്കൊണ്ട് ഇസാലത്തുല്‍ ഖഫാ അന് ഖിലാഫത്തില്‍ ഖുലഫാ, ഖുര്‍റത്തുല്‍ ഐനൈന്‍ ഫീ തഫ്ളീലി ശൈഖൈന്‍ എന്നീ ഗ്രന്ഥങ്ങള്‍ മഹാന് രചിക്കുകയുമുണ്ടായി.
ഇതുപോലുള്ള അനാചാരങ്ങള്‍ സുന്നീ സമൂഹത്തിന്റെ മേല്‍ വെച്ചു കെട്ടുന്നത് തികഞ്ഞ അപരാധമാണെന്നു സാരം. ഇപ്രകാരം തന്നെയാണ് അദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥമായ അല്‍ ഫൗസുല്‍ കബീറിലെ ഏതാനും പരാമര്‍ശങ്ങളും. ആദ്യമായി തൗഹീദും ശിര്‍ക്കും ചര്‍ച്ചചെയ്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു:
‘അല്ലാഹുവിന്റെ പ്രത്യേകമായ വിശേഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് സൃഷ്ടികള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കലാണ് ശിര്‍ക്ക്. അല്ലാഹു അല്ലാത്തവരുടെ ഇറാദത്ത് കൊണ്ട് മാത്രം ഈ ലോകത്ത് മാറ്റം വരുത്താന്‍ കഴിയുക, അല്ലാഹു നല്കുന്ന ബുദ്ധി, സ്വപ്നം, ഇല്‍ഹാം മുതലായ കാര്യങ്ങളിലൂടെയല്ലാതെ സ്വന്തമായി തന്നെ അറിയാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുക, രോഗശമനവും സുഖവും ദുഃഖവും വിജയവും പരാജയവും സ്വന്തമായി തീരുമാനിക്കുന്ന വിധത്തില്‍ കോപിക്കുമെന്നോ കാരുണ്യം ചെയ്യുമെന്നോ വിശ്വസിക്കുക തുടങ്ങിയ കാര്യങ്ങള്‍ പോലെ.
നിലവിലുള്ള ബഹുദൈവാരാധകര്‍ പ്രപഞ്ച സൃഷ്ടിപ്പില്‍ അവരുടെ ആരാധ്യര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല. ചില കാര്യങ്ങളില്‍ അവര്‍ക്ക് പരമാധികാരം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഒരു ഭരണ സഭയും വ്യത്യസ്ത ചുമതലയുള്ള ഉപ വകുപ്പുകളും പോലെ. രാജാവില്‍ നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവരെ തവസ്സുലാക്കുകയും ശിപാര്ശകരാക്കുകയും ചെയ്യാറുണ്ട്. ഇതുപോലുള്ള ഒരു ദൈവികസഭയിലായിരുന്നു അവരുടെ വിശ്വാസം.
ഈ വിശ്വാസം മൂലം അവര്‍ക്ക് സുജൂദ് ചെയ്യണമെന്നും അവരെകൊണ്ട് സത്യം ചെയ്യാമെന്നും അവരുടെ നിരുപാധിക കഴിവുകൊണ്ട് പ്രധാന കാര്യങ്ങളില്‍ സഹായം തേടാമെന്നും വിശ്വസിക്കുകയും അവരുടെ രൂപങ്ങള്‍ കല്ലില്‍ കൊത്തിയുണ്ടാക്കുകയും പില്കാലത്ത് അവയെതന്നെ ആരാധിക്കുകയും ചെയ്തു’ (അല്‍ ഫൗസുല്‍ കബീര്‍/22,23).
ഇതാണ് സുന്നീ ആദര്‍ശത്തിനു നേരെ തബ്ലീഗുകാരന്‍ എയ്തുവിട്ട അമ്പ്. പക്ഷേ, ശരിക്കും വായിച്ചു നോക്കു… ഇങ്ങനെ ഒരു ദൈവിക സഭയില്‍ വിശ്വസിക്കുന്നവരാണോ സുന്നികള്‍? അല്ല. അതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ ദഹ്ലവിയുടെ ആദര്‍ശത്തെ വളച്ചൊടിക്കുകയാണ് തബ്ലീഗ്കാര് ചെയ്തത്. ഇതേ തിരിമറി മുജാഹിദുകാരനായ പ്രൊ. പി മുഹമ്മദ് കുട്ടശ്ശേരിയുടെ ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട് (പേജ് 1017,1018) എന്ന കൃതിയിലും രേഖപ്പെടുത്തിയത് കാണാം. അല്ലാഹുവിന്റെ തീരുമാനങ്ങളെ പോലും വെല്ലുന്ന ശക്തി ഞങ്ങളുടെ സഹായികള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുകയോ അവരുടെ സ്വാധീനം കൊണ്ട് മാത്രം എല്ലാവര്ക്കും അല്ലാഹുവിലേക്ക് അടുക്കാമെന്നോ ഒരു സുന്നിയും വിശ്വസിക്കുന്നില്ല. ഈ തിരിമറിയില്‍ പോലും മുജാഹിദും തബ്ലീഗും പരസ്പരം ഒട്ടി നില്‍ക്കുന്നതാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.
ശാഹ് വലിയുല്ലാഹിയുടെ ഗ്രന്ഥങ്ങളില്‍ അല്‍ ഖൈറുല്‍ കസീര്‍, ഹുജ്ജത്തുല്ലാഹില്‍ ബാലിഗ എന്നീ ഗ്രന്ഥങ്ങളും തിരുത്തലുകള്‍ക്കും കൈകടത്തലുകള്‍ക്കും വിധേയമായവയാണെന്ന് പണ്ഡിതര്‍ നിരീക്ഷിക്കുന്നു.
തബ്ലീഗും ദയൂബന്ദികളും/3 അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍