കേരളത്തിലെ ശീഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസക്തമായ പഠനങ്ങള്‍ഇനിയും നടന്നിട്ടില്ലെന്നു വേണം കരുതാന്‍. അഹ്ലുസ്സുന്നതി വല്‍ജമാഅത്ത് വ്യാപകമായ കേരളത്തിന്റെ, പതിനാല് നൂറ്റാണ്ടുകളുടെ പാരമ്പര്യക്കരുത്ത് തുരന്നു നശിപ്പിക്കാനാവാത്തവിധം ഇവിടെ ഒറ്റപ്പെട്ടതും സംഘടിതവുമായ ശീഈ ഉപജാപങ്ങള്‍ഉണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. അതൊരു വസ്തുതയാണ്. ഭീഷണമായ വിധം അടയാളങ്ങള്‍പ്രകടമാക്കുന്പോള്‍മാത്രമേ അതിനെതിരെ സംഘടിതമായ പ്രതിരോധം ഉത്തരവാദപ്പെട്ടവരില്‍നിന്നും ഉണ്ടാകാറുള്ളൂ. ശീഈ പ്രവര്‍ത്തനങ്ങളുടെ ഗറില്ലാമുറയാണ്, അവരുടെ പതിയിരിപ്പ് കേന്ദ്രങ്ങള്‍സമുദായത്തിന്റെ ശ്രദ്ധയില്‍പെടാതിരിക്കുന്നതിനും കാരണം. ശിയാക്കളുടെ ഗൂഢാസൂത്രിത പ്രവര്‍ത്തനങ്ങളുടെ ഭീഷണമായ പ്രത്യാഘാതത്തെക്കുറിച്ചു സമുദായ നേതൃത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഒരു ഗ്രന്ഥമായിരുന്നു “ഇസ്‌ലാം നുഴഞ്ഞുകയറ്റ ഭീഷണിയില്‍’ എന്നത്. മൗദൂദി വിഭാവന ചെയ്ത വിപ്ലവാദര്‍ശങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയും മൗദൂദിസത്തിനു പുത്തന്‍വ്യാഖ്യാനങ്ങള്‍നല്‍കി, ഇന്ത്യയിലെ ഭരണക്രമത്തോട് നിരുപാധികം അനുസരണയുള്ള പൗരന്മാര്‍ക്കായി ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി പിണങ്ങിയതു മുതല്‍മൗദൂദിഖുമൈനി വിപ്ലവാദര്‍ശങ്ങളെ സംയോജിപ്പിച്ച് (പുറം 200) രംഗത്തുവന്ന ഒരു വിഭാഗം, പിന്നീട് ശുദ്ധ ഖുമൈനി ഭക്തരായി മാറുന്ന പശ്ചാതലത്തില്‍”ഖുമൈനിസം’ എന്ന ഒരധ്യായം തന്നെ പ്രത്യേകം ചര്‍ച്ച ചെയ്തതു കാണാം പ്രസ്തുത പുസ്തകത്തില്‍. പതിനഞ്ചു വര്‍ഷം മുമ്പ്, കേരളത്തില്‍സജീവമായി കൊണ്ടിരുന്ന ശീഈ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ഗ്രന്ഥത്തില്‍എഴുതുകയുണ്ടായി: “ശക്തമായ തോതില്‍ശീഇസം മുസ്‌ലിം യുവാക്കളെയും ബുദ്ധിജീവികളെയും സ്വാധീനിച്ചുവരികയാണെന്ന് സാന്ദര്‍ഭികമായി ഉത്തരവാദപ്പെട്ടവരെ ഉണര്‍ത്തുന്നു’ (പുറം 168). ഗ്രന്ഥത്തില്‍സുന്നി സംഘടനകള്‍ക്കകത്തു കയറി അവര്‍ചെയ്തുകൊണ്ടിരിക്കുന്ന വിവിധോന്മുഖമായ തുരപ്പുപണിയിലേക്ക് ഇങ്ങനെ സൂചന കാണാം: “ഇക്കാലത്ത് മുസ്‌ലിംകളുടെ തസ്വവ്വുഫ് ചിന്താഗതിയെ ചൂഷണം ചെയ്തുകൊണ്ട്, ചില ഇറാനി ഏജന്‍റുമാര്‍, ശീഇസം കടത്തിവിടുന്നത് ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതാണ്. സ്വൂഫിസത്തിന്റെ പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന നവലോകത്ത് സ്വൂഫി ചിന്താധാരയിലേക്ക് വെളിച്ചം വീശുന്ന പൂങ്കാവനം വിജ്ഞാനകോശം അഭിനന്ദനീയമാണ്. എന്നാല്‍അതിലെ ലേഖകന്മാരിലും നുഴഞ്ഞുകയറ്റക്കാരുണ്ടോ എന്ന് ന്യായമായും സംശയമുണ്ട്’ (പുറം 177).

മൗദൂദിസലഫിസുന്നി വേദികളില്‍വേഷപ്രച്ഛന്നരായെത്തിയ ശീഈ ചിന്തകര്‍അനുവാചകരെയും പ്രേക്ഷകരെയും ധാരാളമായി സ്വാധീനിച്ചു. സകല സംഘടനകളിലും പ്രസ്ഥാനങ്ങളിലും അവര്‍നിലയുറപ്പിച്ചു. അവഗണിക്കാനാവാത്ത വീരപ്രഭാഷികളായി, ബുദ്ധിജീവികളായി, വശ്യരചയിതാക്കളായി, ജ്ഞാനസ്രോതസ്സുകളായി ഒളിഞ്ഞുനിന്നു. ലേഖനങ്ങളിലൂടെ, അവരുടെ പ്രസാധനാലയം ഇറക്കിക്കൊടുക്കുന്ന ഗ്രന്ഥങ്ങളിലൂടെ സംഘടിപ്പിക്കുന്ന ചര്‍ച്ചകളിലൂടെ, പ്രഭാഷണങ്ങളിലൂടെ, പഠന ക്ലാസുകളിലൂടെ നേര്‍ത്തതും മുള്ളു നിറഞ്ഞതും സ്ഫോടനാത്മകവുമായ ശീഈഇറാനിഖുമൈനി താത്പര്യങ്ങള്‍ഒഴുകുകയായിരുന്നു. ഭൂലോകത്തിലെ ഒരു കൊച്ചു ബിന്ദുവായ കേരളത്തില്‍മാത്രമല്ല മുസ്‌ലിം നാടുകളിലഖിലം, ഇറാന്‍ഫണ്ടുപയോഗിച്ച് അതിവിപുലമായ ശീഈ പ്രവര്‍ത്തനങ്ങളാണ് അമ്പരപ്പിക്കുംവിധം ശക്തിയാര്‍ജിച്ചിട്ടുള്ളത്. സായുധ സംഘനിര്‍മാണം, കുടിയേറ്റം, രാഷ്ട്രീയ ധൈഷണികമാധ്യമ വേദികളിലെ സാന്നിധ്യം, ശീഈ സാഹിത്യ പ്രചാരണം, സുന്നി പാരമ്പര്യനശീകരണം, ശീഈ ആദര്‍ശ പ്രചാരണം തുടങ്ങിയ വിവിധോന്മുഖമായ രീതികളാണ് ഇറാന്‍പരിശീലിപ്പിക്കുന്നത്.

ശീഇകളുടെ കുത്സിത ശ്രമങ്ങള്‍പഠനവിധേയമാക്കുന്നവരിലും വ്യാപകമായ അബദ്ധങ്ങള്‍കണ്ടുവരുന്നുണ്ട്. സലഫികളുടെ തീവ്രനിലപാട് വലിയ പ്രശ്നമാണ്. ഇറാന്‍, ഫാരിസി ഭാഷ, തസ്വവ്വുഫ്, ജാറം ആഘോഷങ്ങള്‍, ആചാരങ്ങള്‍എന്നിവയുമായി ബന്ധപ്പെട്ടതെല്ലാം ശീഇസമാണെന്ന് അവര്‍കാടടച്ചു വെടിവെക്കുന്നു. അഹ്ലുബൈത്തിനെയടക്കം ആരെയും ബഹുമാനിക്കാനറിയാത്ത സലഫികള്‍ശീഇസത്തെ ശക്തിപ്പെടുത്തുന്നതില്‍മുഖ്യ പങ്കുവഹിക്കുന്നു. അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ മിത നയത്തിനു മാത്രമേ ശീഇസത്തെ ഉന്മൂലനം ചെയ്യാന്‍സാധിച്ചിട്ടുള്ളൂ, സാധിക്കുകയുമുള്ളൂ. ഇമാം ഗസ്സാലി (റ)യുടെ ധൈഷണികാക്രമണത്തില്‍തകര്‍ന്നടിഞ്ഞ ശീഇസത്തെ ഇടക്കാലത്ത് തൈമിയ്യന്‍തീവ്രതയും ആധുനിക ലോകത്ത് വഹാബി ഉഗ്രവാദവും പ്രക്ഷുബ്ധരാക്കുകയാണുണ്ടായത്. “അളമുട്ടിയാല്‍ചേരയും കടിക്കും’ എന്ന ന്യായമാണ് ഇറാനെ പ്രകോപിപ്പിച്ചത്. അഹ്ലുബൈത്തിനെ സ്നേഹിച്ചും ആധ്യാത്മിക സത്യങ്ങളെ ഉള്‍ക്കൊണ്ടും സുന്നത്ത് ജമാഅത്ത് മധ്യരേഖയിലൂടെ നീങ്ങിയപ്പോള്‍, ഇസ്‌ലാമിക ഭൂമികയിലാകെ പടര്‍ന്നുകയറിയ ഫാഥിമികള്‍ഉണങ്ങിയുതിര്‍ന്നു വീണതിനു ചരിത്രം സാക്ഷിയത്രെ. നാം ഉണര്‍ന്നുള്‍ക്കൊള്ളേണ്ട ഒരു വലിയ സത്യമുണ്ട്. ഇസ്‌ലാമിക മൂല്യങ്ങള്‍, ചിഹ്നങ്ങള്‍, ശൈലികള്‍, സവിശേഷതകള്‍… സത്യപ്രസ്ഥാനക്കാര്‍കയ്യൊഴിയുന്പോള്‍ആ വിടവ് മുതലെടുക്കാനും മേല്‍സംഗതികള്‍മുഖ്യ അടയാളമായെടുത്ത് രംഗത്തിറങ്ങി ഇസ്‌ലാമിന്റെ വക്താക്കളായിച്ചമയാനും നവീന വികല ചിന്തകള്‍ക്കു എളുപ്പത്തില്‍സാധിക്കുന്നു എന്നതാണത്, ശീഇ ആകട്ടെ ബിദ്അത്തുകാരാകട്ടെ.

സവിശേഷമായ ഈ സാഹചര്യത്തില്‍, ശീഇ ആദര്‍ശം ചരിത്രം, സ്വഭാവം, ആചാരം എന്നിത്യാദി സംഗതികളെക്കുറിച്ചുള്ള സുന്നികളുടെ മധ്യനിലപാട് ഗ്രഹിക്കേണ്ടതനിവാര്യമാണ്. സുന്നിയും സലഫിയും ശീഇയും ഏതു പോയിന്‍റില്‍വ്യത്യാസപ്പെടുന്നു. ഇവര്‍പരസ്പരം നടത്തിക്കൊണ്ടിരിക്കുന്ന ആരോപണപ്രത്യാരോപണങ്ങളിലെ ശരിയെത്ര എന്നെല്ലാം വിശദമാക്കേണ്ടതുണ്ട്. തബ്ലീഗ് ജമാഅത്ത്, സലഫി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ വഹാബി പ്രവണതക്കാര്‍കേരളത്തിലെ സുന്നികളെ ശീഇ മുദ്രചാര്‍ത്തി അവതരിപ്പിക്കുന്നത് ഇപ്പോള്‍വ്യാപകമായിട്ടുണ്ട്. ആഗോളതലത്തില്‍ശഹീദുല്‍മിമ്പര്‍ഡോ. സഈദ് റമളാന്‍ബൂഥി, ഹാശിം രിഫാഇ, ശൈഖ് ജിഫ്രി, ഉമര്‍കാമില്‍തുടങ്ങിയവരും അഖില്യോ അടിസ്ഥാനത്തില്‍മൗലാനാ അഹ്മദ് റിളാ ഖാന്‍ബറേല്‍വി(റ)യും കേരളത്തില്‍മൗലാനാ അഹ്മദ് കോയ ശാലിയാത്തി(റ)യുമാണ് ശീഇ ആരോപിതര്‍. ചരിത്രപണ്ഡിതനായി സ്വയം എഴുന്നള്ളാറുള്ള അബ്ദുറഹ്മാന്‍മാങ്ങാട് എഴുതുന്നു:

“പിന്നീട്, ശീഇ പാരമ്പര്യം സുന്നികള്‍പലരും ഏറ്റെടുത്തു. അതിന്റെ പില്‍ക്കാല ശക്തികേന്ദ്രം അഹ്മദ് കോയ ശാലിയാത്തിയാണ്. അദ്ദേഹം ബറേല്‍വിയുടെ ശിഷ്യനും നൈസാമിന്റെ മുഫ്തിയുമായിരുന്നു. ബീജാപൂര്‍സുല്‍ത്താനായിരുന്ന നൈസാം ശീഇ ആണ് (?). നൈസാമിയ്യ കോളേജില്‍ശീഇ ഗ്രന്ഥങ്ങള്‍പഠിപ്പിക്കുന്നു (!). ശാലിയാത്തിയാണ് നമ്മുടെ നാട്ടിലെ പണ്ഡിതന്മാരെ കൊണ്ട് മുട്ടും വിളിയും കരിമരുന്ന് പ്രയോഗവും നല്ലതാണെന്ന് പ്രചരിപ്പിച്ചത്’ (തബ്ലീഗ് സ്പ്യെല്‍പതിപ്പ് 2014). കേരളത്തിലെ പണ്ഡിതന്മാര്‍ക്ക് ചരിത്രമറിയില്ലെന്ന് പ്രഖ്യാപിച്ചു തുടങ്ങുന്ന ടിയാന്റെ ചരിത്രജ്ഞാനമാണ് മേല്‍വരികളില്‍തുളുന്പിയത്. ഒരു പ്രമുഖ തബ്ലീഗ് നേതാവ് ഉറഞ്ഞുതുള്ളുന്നത് നോക്കൂ: “ഇന്ത്യയിലുണ്ടായ ഇസ്‌ലാമിക ശിഥിലീകരണ യൂദാസുകളായിരുന്നു ഷിയാക്കളും റാഫിളികളുമടങ്ങിയ ബറേല്‍വിസം’ (അതേ പുസ്തകം 48). കേരളത്തിലെ സുന്നി പൊതുസമൂഹം ശീഇ അധിഷ്ഠിതമായാണ് നീങ്ങുന്നതെന്ന ആരോപണവും ഉയര്‍ന്നുകേള്‍ക്കാം. “”സുന്നി സമൂഹങ്ങളില്‍ശിയാഇസം പ്രചരിപ്പിക്കാന്‍ശ്രമിക്കുന്നവരെ നമുക്ക് ഒരിക്കലും തിരിച്ചറിയാന്‍സാധിക്കില്ല. കാരണം ശിയാ ആചാരങ്ങള്‍സുന്നി വത്കരിക്കപ്പെട്ട കേരളം പോലുള്ള പ്രദേശങ്ങളില്‍വിശേഷിച്ചും. ഹംസ സാഹിബിനും ഡോ. അബൂബക്കറിനും ഒരു തടസ്സവും കൂടാതെ തങ്ങളുടെ ദൗത്യ നിര്‍വഹണത്തിന് ഇത് സഹായകമാകുന്നു’ (അതേ പുസ്തകം, പുറം 114).

ഇത്തരം നിലവിട്ട ചിന്തകളുടെ അടിസ്ഥാന കാരണം ഇവയാണ്.

(1) ഇറാന്‍എന്നും ഒരു ശീഇ രാജ്യമായിരുന്നുവെന്ന ധാരണ.

(2) ഫാരിസി ഭാഷ പ്രയോഗിക്കുന്ന സംഗതികളെല്ലാം ശീഇ ബന്ധമുള്ളതാകുന്നുവെന്ന മൂഢചിന്ത.

(3) ആചാരപരമാണ് സുന്നിബിദഇകള്‍തമ്മിലുള്ള വ്യത്യാസമെന്ന മിഥ്യാബോധം.

കേരളത്തിലെ ശിഈ സാന്നിധ്യ ചരിത്രത്തില്‍നിന്നും തുടങ്ങുന്ന ഒരന്വേഷണയാത്ര ഈ പശ്ചാതലത്തില്‍പ്രസക്തമാണ്. 1717ല്‍അരീക്കോട് മല കയറിയ, പിന്നീട് കൊണ്ടോട്ടിയില്‍വാസമുറപ്പിച്ച ബോംബെക്കാരന്‍മുഹമ്മദ് ശാഹ് എന്ന കൊണ്ടോട്ടി തങ്ങള്‍(തങ്ങളല്ല) മുതല്‍, രണ്ടു വര്‍ഷം മുമ്പ് എറണാകുളത്തു പ്രവര്‍ത്തനമാരംഭിച്ച അസ്സഖലൈന്‍ഫൗണ്ടേഷന്‍വരെയുള്ള ശീഈ അടയാളങ്ങള്‍, ആഴത്തില്‍അടിവേരുള്ള മഞ്ഞുമലയുടെ പ്രത്യക്ഷാഗ്രം മാത്രമാണോ?

(തുടരും)

മസ്വ്ലൂല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ