അധ്യാത്മിക ലോകത്തെ ചക്രവർത്തിമാരുടെ നേതൃപദവി അലങ്കരിക്കുന്ന മഹാനായ ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദിൽ ഖാദിരിൽ ജീലാനി(റ) തീർത്ത രചനാ വിപ്ലവം നിസ്തുലമാണ്. അമൂല്യമായ വിദ്യാധനം പിൻതലമുറക്ക് കൈമാറാൻ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തി. പ്രഭാഷണം, അധ്യാപനം, ഗ്രന്ഥരചന തുടങ്ങി സാധ്യമായ എല്ലാ മാർഗങ്ങളും അതിനായി ഉപയോഗപ്പെടുത്തി.
ദീനീ വിജ്ഞാനത്തിന്റെ വിവിധ ശാഖകളിൽ വ്യുൽപത്തി നേടിയ ശൈഖവർകളുടെ ജീവിതം പൊട്ടിമുളച്ചുവരുന്ന കള്ളത്വരീഖത്തുകാർക്ക് കൃത്യമായ മറുപടിയാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ വിധിവിലക്കുകളെ കുറിച്ച് ശരിയായ ജ്ഞാനമില്ലെങ്കിലും ആധ്യാത്മിക ലോകത്ത് ഉയരങ്ങൾ പ്രാപിച്ചവരാണ് തങ്ങളെന്നാണ് അത്തരക്കാർ ജൽപ്പിക്കാറുള്ളത്. അവരുടെ ഏത് മതവിരുദ്ധ ചെയ്തികളെയും ന്യായീകരിക്കുന്നതും ഇതേ വാദമുനകൊണ്ടായിരിക്കും. എന്നാൽ ശരീഅത്തിന്റെ വിധിവിലക്കുകൾ മറികടന്നുകൊണ്ട് ഒരു ത്വരീഖത്തിനും നിലനിൽപ്പില്ലെന്നാണ് ശൈഖ് ജീലാനി(റ) ലോകത്തെ പഠിപ്പിച്ചത്. സ്ഫടിക സമാനം തെളിഞ്ഞു കിടക്കുന്ന മഹാന്റെ ജീവിതത്തിലെവിടെയും ശരീഅത്ത് വിരുദ്ധത അശേഷം കാണാൻ കഴിയില്ല. ഇസ്‌ലാമിക ശരീഅത്തിൽ കൃത്യമായ പഠനങ്ങൾ നടത്തി അദ്ദേഹം ലോകത്തിന് ദിശ കാണിച്ചു. വിലയേറിയ സമയം വിജ്ഞാന രംഗത്ത് തളച്ചിടാൻ പ്രചോദിപ്പിക്കുന്ന നബിവചനങ്ങൾ ജീവിതത്തിൽ വെളിച്ചമാക്കി.
എല്ലാ ജ്ഞാനശാഖകളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മഹാനവർകൾ ഹമ്പലി-ശാഫിഈ കർമശാസ്ത്രത്തിൽ പ്രത്യേക അവഗാഹമാർജിച്ചു. ഫത്‌വക്ക് വരുന്നവർക്ക് അതീവ സൂക്ഷ്മതയോടെയായിരുന്നു മറുപടി നൽകിയിരുന്നത്. ശൈഖ് ഉമറുൽ ബസ്സാസ്(റ) കുറിക്കുന്നു: ‘ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു രാഷ്ട്രങ്ങളിൽ നിന്നും ആളുകൾ ശൈഖിന്റെ സവിധത്തിൽ സംശയ നിവാരണത്തിനായി വരാറുണ്ടായിരുന്നു. അവർക്കല്ലാം കൃത്യമായ മറുപടി നൽകും. ശാഫിഈ-ഹമ്പലി മദ്ഹബ് അനുസരിച്ചായിരുന്നു ഫത്‌വ. പ്രമാണ ബദ്ധമായ ആ മറുപടി കണ്ട് ഇറാഖിലെ പ്രതിഭാധരായ മറ്റു പണ്ഡിതന്മാർ അത്ഭുതപ്പെടാറുണ്ടായിരുന്നു.’
ശൈഖ് ജീലാനി(റ)ന്റെ പരന്ന ജ്ഞാനത്തിന്റെ ആഴം വിളിച്ചോതുന്ന ഒരു സംഭവം ഹാഫിള് അഹ്‌മദുൽ ബൻദനീജി(റ) പറയുന്നു: ‘പ്രമുഖ പണ്ഡിതനായ ശൈഖ് ജമാലുദ്ദീനുബ്‌നു ജൗസിയോടൊപ്പം ഞാൻ ശൈഖിന്റെ ദർസിൽ പങ്കെടുക്കുകയായിരുന്നു. തഫ്‌സീറായിരുന്നു അധ്യാപന വിഷയം. സദസ്സിൽ നിന്ന് ഒരാൾ ഒരു ആയത്ത് ഓതി അതിന്റെ വ്യാഖ്യാനം തേടി. ശൈഖ്(റ) അതിന് വ്യാഖ്യാനം പറഞ്ഞു. അത് കേട്ട് ഞാൻ ശൈഖ് ജമാലുദ്ദീനോട്, ആ വ്യാഖ്യാനം നിങ്ങൾക്കറിയാമോ എന്നു ചോദിച്ചു. അതേ എന്ന് അദ്ദേഹം പ്രതിവചിച്ചു. വീണ്ടും ശൈഖവർകൾ അതേ ആയത്തിന്റെ മറ്റൊരു വ്യാഖ്യാനം പറഞ്ഞു. അതിനെ കുറിച്ച് ചോദിച്ചപ്പോഴും ശൈഖ് ജമാലുദ്ദീൻ അറിയാമെന്ന് പറഞ്ഞു. തുടർന്ന് ജീലാനി(റ) പ്രസ്തുത ആയത്തിന് മറ്റൊരു വ്യാഖ്യാനം നൽകി. ഇങ്ങനെ ആ ഇരിപ്പിൽ തന്നെ പതിനൊന്നോളം വ്യാഖ്യാനങ്ങൾ പറയുകയുണ്ടായി. എല്ലാത്തിനെ കുറിച്ച് ചോദിച്ചപ്പോഴും, അതെല്ലാം എനിക്ക് നേരത്തെ അറിയാമെന്നായിരുന്നു ശൈഖ് ജമാലുദ്ദീന്റെ മറുപടി. ശൈഖ്(റ) പിന്നെയും വിവരണം തുടർന്നുകൊണ്ടിരുന്നു. അടുത്ത പ്രാവശ്യം നൽകിയ വ്യാഖ്യാനം താൻ ഇതുവരെ കേൾക്കാത്തതാണെന്ന് ശൈഖ് ജമാലുദ്ദീൻ എന്നോട് പറഞ്ഞു. പിന്നെയും ഒരു പ്രവാഹം പോലെ ജീലാനി(റ) അതേ ആയത്തിന് നാൽപത് വ്യാഖ്യാനങ്ങൾ അവതരിപ്പിച്ചു. ഇവയൊന്നും ഞാൻ മുമ്പ് കേട്ടിട്ടേയില്ലെന്നായിരുന്നു ശൈഖിന്റെ മഹാജ്ഞാനത്തിനു മുന്നിൽ സ്തബ്ധനായ ശൈഖ് ജമാലുദ്ദീന്റെ മറുപടി (ഖലാഇദ്).
ഒരു മാതൃകാധ്യാപകനുണ്ടാകേണ്ട മുഴുവൻ സൽഗുണങ്ങളുടെയും സംഗമസ്ഥാനമായിരുന്നു ശൈഖ് ജീലാനി(റ). ഹിജ്‌റ 521-ൽ തന്റെ പ്രധാന ഗുരുവായ ശൈഖ് അബൂസഈദിൽ മുഖർറമി(റ)ന്റെ ബഗ്ദാദിലെ സ്ഥാപനത്തിലാണ് ആദ്യം അധ്യാപനത്തിനായി നിയുക്തനായത്. ഹി: 528-ൽ ശൈഖ് മുഖർറമി(റ) പരലോകം പ്രാപിച്ചപ്പോൾ സ്ഥാപനത്തിന്റെ മേൽനോട്ടവും ശൈഖിനായി.

രചനാലോകം

പ്രബോധന രംഗത്ത് തൂലികയുടെ സ്വാധീനം വളരെ വലുതാണ്. തിരുനബി(സ)യിൽ നിന്ന് അനന്തരമായി ലഭിച്ച വിജ്ഞാന മുത്തുകൾ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തനിമ നഷ്ടപ്പെടാതെ നമ്മുടെ കൈകളിലെത്തിയത് സച്ചരിതരായ മുൻഗാമികൾ തീർത്ത രചനാ വിപ്ലവത്തിലൂടെയാണ്. തന്റെ അറിവുകൾ പിൽക്കാലക്കാർക്കായി പകർന്ന് നൽകാൻ ശൈഖ്(റ) ഉത്സാഹിച്ചു. കൂടുതലായി ആധ്യാത്മിക മേഖലയിലാണ് മഹാൻ തൂലിക ചലിപ്പിച്ചത്. ഇതിനൊപ്പം കർമശാസ്ത്രം, വിശ്വാസ ശാസ്ത്രം, തഫ്‌സീർ, ഹദീസ് തുടങ്ങിയവയിലും ഗ്രന്ഥങ്ങൾ രചിച്ചു. ഇതിൽ പലതും ഇടക്കെപ്പോഴോ നഷ്ടപ്പെട്ടുവെന്നതാണ് വസ്തുത. ശൈഖിന്റെ കാലശേഷമുണ്ടായ രാഷ്ട്രീയ-സാമൂഹിക സംഘർഷങ്ങളാണ് ഈ വൈജ്ഞാനിക നഷ്ടത്തിന് ഹേതുകം. ജ്ഞാനനഗരിയായ ബഗ്ദാദിനെ തരിപ്പണമാക്കിയ ഹി: 7-ാം നൂറ്റാണ്ടിന്റെ മധ്യത്തിലുള്ള താർത്താരികളുടെ പടയോട്ടം മറ്റൊരു കാരണം. ശൈഖ് രിഫാഈ(റ) ഉൾപ്പെടെ ആത്മിക, വൈജ്ഞാനിക, പ്രബോധന മേഖലകളിൽ അനൽപ്പങ്ങളായ സംഭാവനകൾ നൽകിയ യുഗപുരുഷന്മാരുടെ രചനകളും ഇത്തരത്തിൽ നഷ്ടപ്പെടുകയുണ്ടായി. ചരിത്രം കണ്ട ക്രൂരന്മാരായ താർത്താരികൾ ബാഗ്ദാദിന് നേരെ നടത്തിയത് അതിരുകളില്ലാത്ത ആക്രമണമായിരുന്നു. ഇസ്‌ലാമിക നാഗരികതയും പൈതൃകവും കട പുഴക്കിയെറിയാനാണവർ ശ്രമിച്ചത്. ശൈഖ് ജീലാനി(റ) വഫാത്തായി നൂറിൽ താഴെ വർഷങ്ങൾക്ക് ശേഷം ഹി: 656-ലായിരുന്നു താർത്താരികളുടെ താണ്ഡവം. ബഗ്ദാദിലെ ലൈബ്രറികളിൽ നിന്ന് വാരിക്കൂട്ടിയ ഗ്രന്ഥങ്ങളും കയ്യെഴുത്ത് പ്രതികളും കുതിച്ചൊഴുകുന്ന ടൈഗ്രീസിലെറിഞ്ഞ് നശിപ്പിച്ചു. പുസ്തകങ്ങൾ കൊണ്ട് മറുകരയിലേക്ക് പാലം പണിതുവെന്നാണ് ചരിത്രകാരൻമാർ ഇതിനെ വിശേഷിപ്പിച്ചത്. ബഗ്ദാദിന് പുറത്ത് കോപ്പി സൂക്ഷിക്കപ്പെടാത്തവയെല്ലാം എന്നന്നേക്കുമായി നഷ്ടപ്പെട്ടു. താർത്താരി അക്രമണം അതിജയിച്ച ഇരുപത് ഗ്രന്ഥങ്ങളാണ് ശൈഖിന്റേതായി ചരിത്രം പരിചയപ്പെടുത്തുന്നത്.
അൽഫത്ഹു റബ്ബാനി വൽ ഫൈളുർറഹ്‌മാനി: പ്രഭാഷണങ്ങളിലും ദർസുകളിലും അദ്ദേഹം നടത്തിയ ആത്മീയോക്തികളുടെയും ഉപദേശങ്ങളുടെയും ക്രോഡീകരണമാണിത്. ശിഷ്യനായ ശൈഖ് അഫീഫുദ്ദീനുബ്‌നു മുബാറക്(റ)വാണ് ഇത് ക്രോഡീകരിച്ചത്. ശൈഖിന്റെ ഉപദേശങ്ങളിൽ വളരെ ചെറിയ ഭാഗം മാത്രമേ ഇപ്രകാരം ക്രോഡീകരിക്കപ്പെട്ടിട്ടുള്ളൂ. ഹി: 545 ശവ്വാൽ 3 മുതൽ 546 റജബ് അവസാന വെള്ളി വരെയുള്ള ഒരു വർഷത്തിൽ താഴെയുള്ള ഉപദേശങ്ങളാണിതിൽ. നാൽപതോളം വർഷം പ്രഭാഷണവും ദർസും നടത്തിയിട്ടുണ്ട് മഹാനെന്നോർക്കണം. 62 ഭാഗങ്ങളായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആത്മസംസ്‌കരണം, ഭൗതികപരിത്യാഗം, ക്ഷമ തുടങ്ങി ഇഹലോകത്തിന്റെ നശ്വരതയിൽ നിന്ന് പരലോക അനശ്വരതയിലേക്കുള്ള മനുഷ്യന്റെ പ്രയാണ വിജയത്തിന് ആവശ്യമായവയാണ് ഇതിന്റെ സാരാംശം. ശ്രോതാക്കളുടെ ഗ്രാഹ്യശേഷി പരിഗണിച്ച് ലളിതവും സരളവുമായ അവതരണം. താർത്താരികളുടെ ആക്രമണം ശൈഖ്(റ) കൃത്യമായി പ്രവചിച്ചതും ഈ ഗ്രന്ഥത്തിൽ കാണാം.

അൽഗുൻയതു ലിത്വാലിബി ത്വരീഖിൽ ഹഖ്: ശൈഖിന്റെ പ്രൗഢമായ ഈ രചനയിൽ ഇസ്‌ലാമിക മര്യാദകൾ, സ്വഭാവ സംസ്‌കരണം, ആത്മീയത, കർമശാസ്ത്രം എന്നിവയിലൂടെ ഹൃദ്യമായ വൈജ്ഞാനിക യാത്ര ആവിഷ്‌കരിക്കുന്നു. 1288 മുതൽ പ്രസിദ്ധീകരിച്ചുവരുന്ന ഈ ഗ്രന്ഥം രണ്ട് വാള്യങ്ങളാണ്. വ്യത്യസ്ത വിഷയങ്ങളുടെ സമർത്ഥനത്തിനായി 879 ഹദീസുകൾ ഇതിൽ ഉദ്ധരിച്ചിരിക്കുന്നു. ഗഹനമായ ചർച്ചകൾ കാര്യ ഗൗരവപൂർവം ശക്തമായ ഭാഷയിലാണ് അവതരിപ്പിക്കുന്നത്.
വിശുദ്ധ ദീനിന്റെ തനതായ ആശയങ്ങൾ വികൃതമായി അവതരിപ്പിക്കാനാണ് പുത്തനാശയക്കാർ എന്നും ശ്രമിച്ചിട്ടുള്ളത്. ചരിത്രത്തിന്റെ നാൾവഴികളിലെല്ലാം അവരുടെ കറുത്ത കരങ്ങൾ കാണാം. ദുർവ്യാഖ്യാനങ്ങളിലൂടെയും വഞ്ചനയിലൂടെയുമാണ് അവർ തങ്ങളുടെ ആശയം വിശ്വാസികളിലേക്ക് ഒളിച്ചുകടത്താൻ ശ്രമിക്കാറുള്ളത്. തങ്ങളുടെ പിഴച്ച വാദങ്ങൾക്ക് മഹത്തുക്കളായ ഇമാമുകളുടെ പിൻബലമുണ്ടെന്ന് വരെ അവർ പ്രചരിപ്പിക്കാറുണ്ട്. ജീലാനി(റ)യുടെ ഈ ഗ്രന്ഥത്തിന്റെ പേരിലും അത്തരമൊരു ഹീന ശ്രമം നടത്തിയെങ്കിലും പണ്ഡിത ലോകം ആ കൊടിയ വഞ്ചന പിടികൂടി.
അല്ലാഹുവിനെ കുറിച്ച് അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നത് അവൻ സ്ഥല-കാല അതീതനാണ് എന്നാണ്. എന്നാൽ മുസ്‌ലിം ലോകത്തിന്റെ ഈ വിശ്വാസധാരയിൽ നിന്ന് വിഘടിച്ച് അപകടകരമായ ദുർവാദങ്ങൾ ഉയർത്തുന്ന പുത്തൻവാദികൾ ഈ വിഷയത്തിൽ സത്യവിരുദ്ധ മായ നിലപാടാണ് പ്രചരിപ്പിച്ചത്. ‘അല്ലാഹു ആകാശത്തിലാണെന്ന്’ ഗുൻയയുടെ ചില കോപ്പികളിൽ എഴുതിച്ചേർത്ത് ശൈഖ് ജീലാനി(റ)യും ഇതേ ആശയക്കാരനാണെന്ന് പ്രചരിപ്പിച്ചു കളഞ്ഞു. മഹാനായ ഇമാം ഇബ്‌നു ഹജറിൽ ഹൈത്തമി(റ) ഈ വഞ്ചന പിടികൂടി ഫതാവൽ ഹദീസിയ്യയിൽ കൈകാര്യം ചെയ്യുന്നതു കാണാം. അറുത്ത് ഭക്ഷിച്ച കോഴിയെ വീണ്ടും ജീവൻ നൽകി കൂവി പറപ്പിച്ച് കറാമത്ത് പ്രകടമാക്കി വിലായത്തിന്റെ ഉന്നത പദവി കരസ്ഥമാക്കിയവരാണ് ശൈഖ്(റ). ഇബ്‌നു ഹജർ(റ) കുറിച്ചു: ‘മുസ്‌ലിം ലോകത്തിന്റെ അഭയ കേന്ദ്രമായ ശൈഖിന്റെ പേരിൽ ഗുൻയയുടെ ചില പ്രതികളിൽ കാണുന്ന പിഴച്ച ആശയം വായിച്ച് നീ വഞ്ചിനാവരുത്. അതൊരിക്കലും മഹാനവർകളുടെ ആശയമല്ല. ശൈഖിന്റെ പേരിൽ മറ്റാരോ കെട്ടിച്ചമച്ചതാണത്. ശാഫിഈ-ഹമ്പലി മദ്ഹബുകൾ പ്രകാരം ഫത്‌വ നൽകിയിരുന്ന മഹാ ജ്ഞാനിയായിരുന്ന ജീലാനി(റ) തീർത്തും പ്രമാണ വിരുദ്ധമായ ഇത്തരം ഒരാശയം എങ്ങനെ പറയാനാണ്? അല്ലാഹുവിൽ നിന്നുള്ള സവിശേഷ ജ്ഞാനങ്ങളും നിരവധി കറാമത്തുകളും കസ്ഥമാക്കിയയാളാണല്ലോ അദ്ദേഹം. പ്രപഞ്ചനാഥനിൽ നിന്ന് നിരവധി ആദരവുകൾ നേടിയ മഹാന്റെ പേരിൽ യഹൂദികളെ പോലുള്ള അവിശ്വാസികളും അല്ലാഹുവിനെ കുറിച്ച് ജ്ഞാനമില്ലാത്ത വിഡ്ഢികളും മാത്രം പറയുന്ന ഇത്തരം വങ്കത്തങ്ങൾ ആരോപിക്കുന്നത് മഹാ അപരാധമാണ്. ആ അനുഗൃഹീത തൂലികയിൽ നിന്ന് വിരചിതമായ ഗ്രന്ഥങ്ങൾ ലോകാടിസ്ഥാനത്തിൽ വിശ്വാസികൾക്ക് ഏറെ ഉപകാരപ്പെട്ടവയാണ്. പിഴച്ച വിശ്വാസം പേറുന്നവർക്ക് ഒരിക്കലും വിശ്വാസികൾക്കിടയിൽ ഇത്തരം വലിയ സ്വീകാര്യത നൽകി അല്ലാഹു ആദരിക്കുകയില്ല’ (ഫതാവൽ ഹദീസിയ്യ പേ. 145).
അഹ്‌ലുസ്സുന്നയുടെ വിശ്വാസാദർശങ്ങൾ ലോകത്തിന് പകർന്നു നൽകിയ ശൈഖ് ജീലാനി(റ) സുന്നത്ത് ജമാഅത്തിന്റെ വിരോധികളെ ഇതേ ഗ്രന്ഥത്തിൽ നന്നായി കൈകാര്യം ചെയ്യുന്നുമുണ്ട്. അല്ലാഹുവിനെ സൃഷ്ടികളോട് സദൃശ്യപ്പെടുത്തുന്നവരാണ് മുജസ്സിമത്ത്. ഇവർ വിവിധ കക്ഷികളാണ്. ഇവരെ കുറിച്ച് വിശദമായി ശൈഖ് എഴുതുന്നുണ്ട്: ‘അല്ലാഹുവിനെ സൃഷ്ടികളോട് സദൃശ്യപ്പെടുത്തുന്നവർ ഹാശിമിയ്യത്ത്, മുഖാതിലിയ്യത്ത്, വാസിമിയ്യത്ത് എന്നീ മൂന്ന് വിഭാഗങ്ങളാണ്. അല്ലാഹുവിന് ശരീരമുണ്ടെന്നതിൽ ഇവരെല്ലാം ഏകാഭിപ്രായക്കാരാണ്. സൃഷ്ടികളോട് സദൃശ്യപ്പെടുത്തലിന് കൂടുതൽ ഊന്നൽ നൽകുന്നത് റാഫിളിയ്യത്തിലെയും കറാമിയ്യത്തിലെയും പാർട്ടികളാണ്. അവരുടെ ഗ്രന്ഥങ്ങളുടെ രചയിതാവ് ഹിശാമുബ്‌നുൽ ഹകീമാണ്. അല്ലാഹു നീളം, വീതി, ആഴം എന്നിവയുള്ള ശരീരമാണെന്നാണ് അയാളുടെ വാദം. തിളങ്ങുന്ന പ്രകാശമാണ് അല്ലാഹു എന്ന വാദവും ഇയാൾക്കുണ്ട്. അല്ലാഹുവിന്റെ അളവ് ഏഴ് ചാണാണെന്നാണ് ഇയാളുടെ മറ്റൊരു ജൽപനം. മുഖാതിലുബ്‌നു സുലൈമാനിലേക്ക് ചേർത്തിപ്പറയുന്ന വിഭാഗമാണ് മുഖാതിലത്. മാംസവും രക്തവുമുള്ള മനുഷ്യന്റെ ആകൃതിയുള്ള ശരീരമാണ് അല്ലാഹുവിന്റേതെന്നും തല, നാക്ക്, ചുമൽ തുടങ്ങിയ അവയവങ്ങൾ അല്ലാഹുവിനുണ്ടെന്നും എന്നാൽ അവൻ ഒരു വസ്തുവിനോടും സാദൃശ്യമുള്ളവനല്ലെന്നും അവർ വാദിക്കുന്നു (ഗുൻയത്ത്).
ഇങ്ങനെ പിഴച്ച കക്ഷികളെ കുറിച്ച് മുസ്‌ലിം സമൂഹത്തെ ബോധവൽകരിക്കുകയും അവരുമായി അകന്നു നിൽക്കാനും ഈമാൻ സംരക്ഷിക്കാനും ആഹ്വാനം ചെയ്യുകയുമുണ്ടായി മഹാൻ. എന്നിട്ടും ശൈഖിന്റെ ഗ്രന്ഥത്തിൽ അന്യവാദങ്ങൾ കടത്തിക്കൂട്ടി ജീലാനി(റ)ന്റെ ചെലവിൽ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ബിദഇകൾ നടത്തിയത്. അതിനെതിരെ സമയാസമയം പണ്ഡിതലോകം ഉണർന്നു പ്രവർത്തിച്ചതിനാൽ വലിയ ചതിക്കുഴിയിൽ നിന്ന് മുസ്‌ലിംകൾ രക്ഷപ്പെട്ടു.

ഫുതൂഹുൽ ഗൈബ്: 78 അധ്യായങ്ങളിലായി ക്രമീകരിച്ച ഈ ഗ്രന്ഥം ശൈഖിന്റെ ശിഷ്യനായ ശൈഖ് അബ്ദുറസാഖാണ് ക്രോഡീകരിച്ചത്. വിശ്വാസം, അധ്യാത്മികത, സദുപദേശം എന്നിവയാണ് പ്രതിപാദ്യങ്ങൾ. ശൈഖ് ജീലാനി(റ)ന്റെ ചരിത്രം പറയുന്ന ഗ്രന്ഥമായ ഖലാഇദുൽ ജവാഹിറിന്റെ കൂടെയും സ്വതന്ത്രമായും ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
അൽഫുയൂളാത്തുർറബ്ബാനിയ്യ: ശൈഖ് ജീലാനി(റ) പതിവാക്കിയിരുന്ന ദിക്‌റുകൾ, സ്വലാത്തുകൾ, മറ്റ് ഔറാദുകൾ, മഹാന്റെ കവിതകൾ എന്നിവയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
ബശാഇറുൽ ഖൈറാത്ത് ഫിസ്വലാത്തി അലാ സ്വാഹിബിൽ ആയാതിൽ ബയ്യിനാത്ത്: നബി(സ്വ)യുടെ മേലിലുള്ള സ്വലാത്തിന്റെ വ്യത്യസ്ത രൂപങ്ങൾ വിവരിക്കുന്ന ചെറു ഗ്രന്ഥമാണിത്. ഹി: 1304-ൽ അലക്‌സാണ്ട്രിയയിൽ നിന്നാണ് പ്രസിദ്ധപ്പെടുത്തിയത്.
ജലാഉൽ ഖ്വാതിർ: ഹിജ്‌റ 546 റജബ് ഒമ്പത് വെള്ളി മുതൽ റമളാൻ 24 വരെയുള്ള ശൈഖിന്റെ പ്രഭാഷണങ്ങളാണ് ഇതിന്റെ ഇതിവൃത്തം.

അർറിസാലത്തുൽ ഗൗസിയ്യ: നിലവിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത ഈ ഗ്രന്ഥത്തിന്റെ ഒരു കോപ്പി ബാഗ്ദാദിലെ ഔഖാഫ് ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടതായി ശൈഖ് സാംറാഈ പറയുന്നുണ്ട്.
സിർറുൽ അസ്‌റാർ: ഈ ഗ്രന്ഥത്തിന്റെ കയ്യെഴുത്ത് പ്രതി ബാഗ്ദാദിലെ ഖാദിരിയ്യ ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു കോപ്പി ഇസ്തംബൂൾ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും സൂക്ഷിക്കപ്പെട്ടതായി പറയപ്പെടുന്നു.
റസാഇലു ശൈഖ് അബ്ദുൽ ഖാദിർ: പതിനഞ്ച് അധ്യായങ്ങളിലായി പേർഷ്യൻ ഭാഷയിൽ രചിച്ച ഗ്രന്ഥമാണിത്. ഇസ്തംബൂൾ യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ ഇതിന്റെ കോപ്പി ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
ദീവാനു ശൈഖ് അബ്ദുൽ ഖാദിർ: ജീലാനി(റ)ന്റെ കവിതകളുടെ സമാഹാരമാണിത്. പേർഷ്യൻ ഭാഷയിലുള്ള ഈ ഗ്രന്ഥത്തിന്റെ കോപ്പിയും ഇസ്തംബൂൾ യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
അർറസാഇൽ: 275 ആയത്തുകൾ ഉദ്ധരിച്ച് ശൈഖ് നടത്തുന്ന ഉപദേശങ്ങളടങ്ങിയ ഈ ഗ്രന്ഥം ചില ശിഷ്യന്മാർക്ക് അദ്ദേഹം അയച്ച ഉപദേശങ്ങൾ ശേഖരിച്ചതാണ്. പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ഇത് പിന്നീട് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഹിസാമുദ്ദീനുൽ മുത്വഖിയാണ് വിവർത്തനം നിർവഹിച്ചത്.
തൻബീഹുൽ ഗബിയ്യ്: ഇതിന്റെ കയ്യെഴുത്ത് പ്രതി റോമിലെ ലൈബ്രറിയിലുണ്ട്.

ഹിസ്ബുൽ കൈലാനി: ബഗ്ദാദിലെ ഔഖാഫ് ലൈബ്രറിയിൽ കോപ്പിയുണ്ട്.
അർറദ്ദു അലർറാഫിള: അല്ലാഹുവിലുള്ള വിശ്വാസത്തിലും മറ്റും അബദ്ധജഡിലവും പ്രമാണ വിരുദ്ധവുമായ നിരവധി വിശ്വാസങ്ങൾ പുലർത്തുന്ന പുത്തൻവാദ പ്രസ്ഥാനമാണ് റാഫിളിയ്യത്ത്. ശിയാക്കളിൽപെട്ട ഒരു വിഭാഗമാണിത്. മറ്റൊരു വിഭാഗമായ സബാബിയ്യത്ത് അലി(റ)ന്റെ കാലത്തുതന്നെ അവരുടെ നവീനാശയം പ്രകടിപ്പിച്ചു. അവരിൽ ചിലർ അലി(റ)നോട് താങ്കൾ ഇലാഹാണെന്ന് വരെ പറയുകയുണ്ടായി. അത്തരക്കാരെ അലി(റ) ശിക്ഷിക്കുകയും അവരുടെ നേതാവ് ഇബ്‌നു സബഇനെ സാബാത്വുൽ മദാഇനിലേക്ക് നാട് കടത്തുകയും ചെയ്തു. ഈ വിഭാഗത്തെ അവിശ്വാസികളായിട്ടാണ് പരിഗണിക്കപ്പെടുന്നത്.
അലി(റ)ന്റെ കാലശേഷം സൈദിയ്യത്ത്, ഇമാമിയ്യത്ത്, കൈസാനിയ്യത്, ഗുലാത് എന്നീ നാലു വിഭാഗങ്ങളായി റാഫിളത്ത് പിളരുകയുണ്ടായി. ഓരോ വിഭാഗവും കാലാന്തരത്തിൽ വിവിധ ഉപവിഭാഗങ്ങളായി പിരിയുകയും ഒരോ കക്ഷിയും മറ്റുള്ളവരെ കാഫിറാക്കുകയും ചെയ്തു. റാഫിളത്തിലെ എല്ലാ വിഭാഗവും ഒരേ സ്വരത്തിൽ പറയുന്ന ചില കാര്യങ്ങളുണ്ട്. അവ ചിലത് ഈ ഗ്രന്ഥം സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്: അലി(റ)ന് മറ്റു സ്വഹാബിമാരേക്കാൾ ശ്രേഷ്ഠത കൽപ്പിക്കുക. നബി(സ്വ)ക്ക് ശേഷം അലി(റ)വിനാണ് നേതൃത്വമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അബൂബക്കർ(റ), ഉമർ(റ) അടക്കമുള്ള സ്വഹാബത്തിനെ അനാദരിക്കുന്നു. അമ്മാർ(റ), മിഖ്ദാദുബ്‌നുൽ അസ്‌വദ്(റ), സൽമാനുൽ ഫാരിസ്(റ) തുടങ്ങിയ ആറ് പേരൊഴികെ മറ്റെല്ലാവരും അലി(റ)നെ ഇമാമായി സ്വീകരിക്കാത്തതിന്റെ പേരിൽ മുർതദ്ദുകളായി. ഭാവി കാര്യങ്ങൾ അല്ലാഹുവിനറിയില്ല. മരണമടഞ്ഞവർ വിചാരണക്ക് മുമ്പ് ദുൻയാവിലേക്ക് തിരിച്ചുവരും. ഇത്തരം വാദങ്ങളെയും വിഭാഗങ്ങളെയും പ്രമാണബദ്ധമായി ഖണ്ഡിക്കുന്ന കിതാബാണ് അർറദ്ദു അലർറാഫിള. ബഗ്ദാദിലെ ഖാദിരിയ്യ ലൈബ്രറിയിൽ കയ്യെഴുത്ത് പ്രതിയുണ്ട്.
മിസ്‌കൽ ഖിതാം, വസ്വായ അശൈഖ് അബ്ദുൽ ഖാദിർ, യവാഖീതുൽ ഹികം, മിഅ്‌റാജു ലത്വീഫിൽ മുആനി, ഹിസ്ബുർറജാഇ വൽ ഇൻതിഹാഇ എന്നിവയും ശൈഖ്(റ)ന്റെ അമൂല്യ രചനകളാണ്.

(അവലംബം: ഖലാഇദ്, നൂറുൽ അബ്‌സ്വാർ)

അസീസ് സഖാഫി വാളക്കുളം

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ