കോടാനു കോടി വരുന്ന മനുഷ്യകുലത്തെ നയിക്കാൻ അവരിൽ ചിലർക്കേ സാധിക്കാറുള്ളൂ. ആ ന്യൂനപക്ഷത്തിൽ നിന്നായിരിക്കും ലോകത്തുള്ള സകലരും മാതൃകസ്വീകരിക്കുന്നതും സന്മാർഗം തേടുന്നതും. അത്തരം കഴിവും പ്രാപ്തിയുമുള്ളവരെ വളരെ ചെറുപ്രായത്തിൽ തന്നെ മനസ്സിലാക്കുവാൻ സാധിക്കും. അവരുടെ ജീവിത രീതികളും ചുറ്റുപാടുകളും ഇടപെടലുകളും ശ്രദ്ധിച്ചാൽ മതി. എല്ലാം പക്വതയോടെയുള്ളതായിരിക്കും. ഭൗതികമായി നേതൃപദവി വഹിക്കാൻ യോഗ്യരായ വ്യക്തികൾക്ക് അതിനോടൊപ്പം ആത്മീയതയുടെ പിൻബലം കൂടിയുണ്ടെങ്കിൽ അവരുടെ സ്ഥാനം മഹത്തരമായിരിക്കും. ഇന്ന് പലരും നേതൃതലങ്ങളിൽ അനുഭവിക്കുന്ന ദാരിദ്ര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നുമാണിത്. യോഗ്യരല്ലാത്തവരെ നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവർ തെറ്റായ ദിശയിലേക്ക് സമൂഹത്തെ നയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണത ഇന്നധികരിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകൾ സമാധാന പരമായി നീങ്ങുന്ന സമൂഹത്തിന്റെ സന്തുലിതാവസ്ഥയിൽ ഭ്രംശമുണ്ടാക്കും.

ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സകല മത-ജാതി, രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങളുടെയും ഉള്ളറകൾ അന്വേഷിച്ചാൽ നമുക്കിത് വ്യക്തമാകും. അയോഗ്യരായ നേതാക്കൾ പുറപ്പെടുവിക്കുന്ന ബാലിശമായ അഭിപ്രായങ്ങളും പ്രസ്താവനകളുമാണ് പ്രതിലോമ സാഹചര്യങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നത്. ധാർമിക ബോധത്തിന്റെ അഭാവവും ആത്മീയതയോടുള്ള മുഖം തിരിക്കലുമാണ് ഇത്തരം ‘അയോഗ്യ നേതൃത്വ’ങ്ങൾ ലോകത്ത് പിറവിയെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഭരണാധിപന്മാർ ഭരണത്തിന്റെ ആസ്വാദകരും ഭരണീയർ അനുസരിക്കേണ്ടവരുമാണെന്ന ഫ്യൂഡൽ ഭരണ തത്ത്വമാണ് പുതിയ കാലത്തും നേതൃ-അനുയായി ബന്ധമെന്ന് തോന്നും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അധികാരം അലങ്കാരമല്ല, മറിച്ച് ഉത്തരവാദിത്വമാണ്. അതാണ് ‘സമുദായ നേതാവ് അവരുടെ സേവകനാണ്’ എന്ന് പ്രവാചകർ(സ്വ) പറയാനുള്ള കാരണം.

ഈ മാതൃകകൾ മനസ്സിലാക്കണമെങ്കിൽ പൂർവസൂരികളായ മഹാത്മാക്കളുടെ ജീവചരിത്രങ്ങൾ പരതണം. മാതൃകാ ജീവിതം കൊണ്ട് തന്റെ ആയുസ്സിനെ സമ്പന്നമാക്കിയ അത്തരമൊരു മഹാവ്യക്തിത്വമായിരുന്നു ഹിജ്‌റ 512-ൽ ശൈഖ് അലി(റ)വിന്റെയും ഉമ്മുൽ ഫള്ൽ ഫാത്തിമാ അൻസ്വാരിയ്യയുടെയും മകനായി ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഉമ്മു അബീദ എന്ന ചെറിയ ഗ്രാമത്തിൽ ജനിക്കുകയും ഹിജ്‌റ 578-ൽ വഫാത്താവുകയും ചെയ്ത അഹ്മദുൽ കബീർ രിഫാഈ(റ).

തൊട്ടിൽ മുതൽ മഖ്ബറവരെയും അതിന് ശേഷവും ലോകത്തിന് അത്ഭുതവും ആശ്ചര്യവും നൽകുന്നതായിരുന്നു മഹാനവർകളുടെ ജീവിതം. തൊട്ടിലിൽ വെച്ച് സംസാരിച്ചും തസ്ബീഹ് ചൊല്ലിയും റമളാൻ പിറന്നാൽ മുലകുടിയും അന്നപാനീയങ്ങളും ഉപേക്ഷിച്ചും ആ കുഞ്ഞുമോൻ പണ്ഡിതന്മാർക്കിടയിൽ ചർച്ചയായി. ചിലരുടെ ജീവിതവും ജീവിത പരിസരവും വീക്ഷിച്ചാൽ അവരുടെ സ്ഥാനവും നേതൃപാടവവും കാലേക്കൂട്ടി ഗ്രഹിക്കാൻ സാധിക്കുമെന്ന് നേരത്തെ പറഞ്ഞതിന്റെ പൊരുൾ ഇതാണ്. സമപ്രായക്കാരെല്ലാവരും കളിച്ചു തിമിർക്കുമ്പോൾ മഹാനവർകൾ പണ്ഡിതന്മാരുടെ ആത്മീയ ശിക്ഷണത്തിലായിരുന്നു. അവിടുത്തെ ബാല്യവും യൗവനവും വാർധക്യവും ലോകത്തിന് മാതൃകയായി.

ഭൗതികമായ എല്ലാത്തിനെയും പരിത്യജിച്ചപ്പോൾ അല്ലാഹു സകലതും നൽകിയ മഹാൻ എന്നാണ് ഗൗസുൽ അഅ്‌ളം അബ്ദുൽ ഖാദിർ ജീലാനി(റ) ശൈഖ് രിഫാഈ(റ)യെ കുറിച്ച് പറഞ്ഞത്. ആത്മീയ ലോകത്തെ സുൽത്താനായി വിരാജിക്കുമ്പോഴും ഭൗതികലോകത്തെ കടമകളെയും ഉത്തരവാദിത്വങ്ങളെയും അദ്ദേഹം മറന്നിരുന്നില്ല. ഭാര്യയോട് നല്ലനിലയിൽ വർത്തിക്കുന്ന ഒരു ഭർത്താവായിരുന്നു, മക്കളോട് കരുണ കാണിച്ചിരുന്ന പിതാവായിരുന്നു, നിരാശ്രയന്റെ ആശ്രയമായിരുന്നു. ഇങ്ങനെ തുടങ്ങി എല്ലാ മേഖലകളിലും പൂർണത പുലർത്താൻ സാധിച്ചതായിരുന്നു അവിടുത്തെ വ്യക്തിത്വം. വഴിയിലൂടെ നടന്ന് പോകുമ്പോൾ ഇടതും വലതും തിരിഞ്ഞു നോക്കുന്ന സ്വഭാവം മഹാനില്ലായിരുന്നു. ഇതിന് കാരണമുണ്ട്, ശൈഖവർകളെ തന്റെ ഗുരുക്കന്മാരിലൊരാൾ ഉപദേശിച്ചു: അഹ്മദേ, തിരിഞ്ഞു നോക്കുന്നവൻ ലക്ഷ്യത്തിലെത്തുകയില്ല, സംശയാലു വിജയിക്കുകയില്ല, സമയം നഷ്ടപ്പെടുന്നത് മനസ്സിലാക്കാത്തവന്റെ മുഴുവൻ സമയവും നഷ്ടമായിരിക്കും.’ വിശാലമായ വിശദീകരണമർഹിക്കുന്ന പ്രയോഗങ്ങളാണിതെല്ലാം. ഇങ്ങനെ ഗുരുക്കന്മാർ നൽകിയ ഉപദേശങ്ങളും അധ്യാപനങ്ങളും ആ മഹത് ജീവിതത്തെ കൂടുതൽ പ്രൗഢമാക്കി.

പ്രവാചക ജീവിതം തന്നിലേക്കപ്പടി ആവാഹിക്കാൻ ശ്രമിച്ചിരുന്നു മഹാൻ. രിഫാഈ ശൈഖിന്റെ പ്രവാചക പ്രണയം അനുരാഗ ഹൃദയങ്ങൾക്ക് മറക്കാൻ സാധിക്കില്ല. ആ പ്രണയത്തിന്റെ തീവ്രതമൂലം തിരുനബി(സ്വ) തിരുറൗളയിൽ നിന്ന് വിശുദ്ധ കരം ഗ്രഹിക്കാൻ നൽകി ആശീർവദിച്ചു.

രിഫാഈ ശൈഖിന്റെ പ്രവാചകാനുധാവനത്തെ കുറിച്ച് ശൈഖ് മക്കിയ്യുൽ വസ്വീത്വി തങ്ങൾ പറയുന്നു: ഞാൻ ഒരു രാത്രി ശൈഖ് രിഫാഈ(റ)ക്കൊപ്പം ഉമ്മുഅബീദയിൽ താമസിച്ചു. ആ ഒരൊറ്റ രാത്രിയിൽ നബി(സ്വ)യുടെ പാവന സ്വഭാവത്തിൽ നിന്ന് നാൽപതോളം മാതൃകകൾ മഹാനവർകളിൽ ഞാൻ കണ്ടു. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക, ശത്രുത കാണിക്കുന്നവരോട് മിത്രങ്ങളെ പോലെ പെരുമാറുക, പശിയടങ്ങാത്തവന് അന്നം നൽകുക, വാഗ്ദാനങ്ങൾ പാലിക്കുക, രോഗികളെ സന്ദർശിക്കുക, അവർക്കാവശ്യമായ രോഗ ശുശ്രൂഷകൾ ചെയ്യുക തുടങ്ങിയവ മഹാനവർകളുടെ ജീവിത രീതിയായിരുന്നു.

പുതിയ കാലത്ത് സ്വന്തം സഹോദരൻ രക്തത്തിൽ കുളിച്ച് സഹായത്തിന് വേണ്ടി കേണപേക്ഷിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കലോ, കണ്ടാൽ തന്നെ ആ ദൃശ്യം മറ്റുള്ളവരെ കാണിക്കാൻ മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയകളിൽ അപ്‌ലോഡ് ചെയ്യലോആണ് ശീലം. ജഗനിയന്താവിന്റെ ഇഷ്ട ദാസനായി വിരാജിക്കുമ്പോഴും പണ്ഡിത ലോകത്തെ കുലപതിയായി വാഴുമ്പോഴും മഹാനവർകൾ കുഷ്ഠം പിടിച്ച നായയുടെ പരിചരണത്തിനും സഹജീവികളുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് വേണ്ടിയും മാറ്റിവെക്കുമായിരുന്നു.

ലോകത്തിന് മാനവികത പഠിപ്പിക്കേണ്ടത് ഇല്ലാകഥകൾ കുത്തിക്കുറിച്ച് സ്‌ക്രിപ്‌റ്റെഴുതിയുണ്ടാക്കി സിനിമയിറക്കിയല്ല, മറിച്ച് ചരിത്ര താളുകളിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ട ശൈഖ് രിഫാഈ(റ)യെ പോലോത്ത മഹാരഥന്മാരുടെ പാവന ജീവിത പാഠങ്ങൾ നമ്മുടെ കുരുന്നുകളുടെ ഹൃദയങ്ങളിലേക്ക് പകർന്നിട്ടാവണം. ഇത്തരം ചരിത്ര സത്യങ്ങളിൽ നിന്ന് അവർ ജീവിതം രൂപപ്പെടുത്തട്ടെ. അങ്ങനെയെങ്കിൽ മഹിതമായൊരു ഭാവിതലമുറയെ നമുക്ക് പ്രതീക്ഷിക്കാം.

മാനവിക പാഠങ്ങൾക്ക് വേണ്ടി പഠനവിധേയമാക്കേണ്ട വ്യക്തിത്വമാണ് ശൈഖ് രിഫാഈ(റ). പൂർവസൂരികളുടെ ചരിത്ര പശ്ചാതലങ്ങളും ധീരോദാത്ത സംഭവങ്ങളും വിവരിക്കുന്നത് കേട്ട് കണ്ണ് തുടക്കലും അത്ഭുതം കൂറലും മാത്രമാകരുത് നമ്മുടെ ഉത്തരവാദിത്വം. മറിച്ച് അവരുടെ ജീവിതത്തെ  പരമാവധി നമ്മിലേക്കാവാഹിക്കാൻ ശ്രമിക്കുക. എന്നിട്ട് എന്നും ഓർക്കപ്പെടുന്ന മറ്റൊരു ചരിത്രമാവാൻ നമ്മൾ ശ്രമിക്കുക. നാഥൻ തുണക്കട്ടെ.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ