ayishathu baeeniyyah-malayalam article

സമൂഹത്തിൽ ആത്മീയതയെ ജ്വലിപ്പിച്ചു നിർത്താനും അവരെ മാതൃകാ സമൂഹമായി സംരക്ഷിച്ചു നിർത്താനും ആത്മീയ സരണികളും അവയുടെ സാരഥികളായ മഹാസാത്വികരുടെ മാതൃകാ ജീവിതവും ഉപദേശ നിർദേശങ്ങളും നിദാനമായിട്ടുണ്ട്. സമൂഹത്തിന്റെ ഐഹികവും പാരത്രികവുമായ ജീവിതങ്ങളെ പരസ്പരം പൊരുത്തമുള്ളതാക്കി അന്തിമ വിജയം ഉറപ്പാക്കുന്നതിനുള്ള പരിശീലനങ്ങളാണ് അവർ സമർപ്പിച്ചത്. പുതുതായി എന്തെങ്കിലും സൃഷ്ടിച്ചെടുത്ത് അതിന്റെ പേരിൽ നിലനിന്നവരല്ല അവരാരും. ഇസ്‌ലാമിക വിജ്ഞാനം നേടുകയും അതിനോട് പ്രതിബദ്ധരായി ജീവിക്കുകയും ചെയ്തവരാണവർ. ജീവിത ദൗത്യത്തെക്കുറിച്ച് അവർ ബോധവാൻമാരായിരുന്നു. ആ ദൗത്യം നിർവഹിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ സമൂഹജീവിതത്തിൽ ചാലിച്ചെടുക്കാനും അവരെ നേരായ വഴിയിൽ നടത്താനും ആത്മജ്ഞാനികൾ പരിശ്രമിക്കുകയുണ്ടായി. അവർ ചെയ്ത സേവനത്തിന്റെ തുടർച്ചയാണ് നേരായ ആത്മീയ സരണികളെല്ലാം.
ശൈഖ് അഹ്‌മദുൽ കബീർ രിഫാഈ(റ) ആത്മീയ പരിചരണത്തിൽ ഉന്നത സ്ഥാനം നേടിയ മഹാനാണ്. സമൂഹത്തിന് എക്കാലത്തും മാർഗദർശകമായ മാതൃകകളും ഉപദേശങ്ങളും ഗ്രന്ഥങ്ങളും ശൈഖിൽ നിന്നുണ്ടായിട്ടുണ്ട്. ശിഷ്യർക്കും കുടുംബങ്ങൾക്കും ഭരണാധികാരികൾക്കും പ്രത്യേകമായുള്ളതും പൊതുവായുള്ളതും അതിൽ പെടുന്നു. ജീവിത കാലത്തും ശേഷവും സമൂഹത്തിൽ വലിയ സ്വാധീനം അവ നേടുകയുണ്ടായി.
പ്രഭാഷണങ്ങളിലും മറ്റും ശൈഖവർകൾ നടത്തിയ വചനാമൃതുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അൽകുല്ലിയ്യാത്തുൽ അഹ്‌മദിയ്യ, അൽഹികമുർരിഫാഇയ്യ, അൽവസ്വായൽ അഹ്‌മദിയ്യ, ഹാലത്തു അഹ്‌ലിൽ ഹഖീഖത്തി മഅല്ലാഹ്, അൽബുർഹാനുൽ മുഅയ്യദ് തുടങ്ങിയവ ഈ ഗണത്തിൽ പ്രസിദ്ധങ്ങളാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ വ്യത്യസ്ത തുറകളിൽ കൃത്യമായ മാർഗദർശനവും പരിചരണവും അതുവഴി ലഭിക്കുന്നു. ഇസ്‌ലാമിക പാഠങ്ങളെ വിജ്ഞാന മുത്തുകളാക്കി അവതരിപ്പിക്കുന്ന അൽഹികം എന്ന ഭാഗം ഇതിൽ ശ്രദ്ധേയമാണ്. ചെറിയ വാചകങ്ങളിൽ വലിയ ആശയങ്ങൾ അടുക്കിവെച്ച മനോഹരമായ ക്രോഡീകരണമാണിത്. ഈ ഭാഗം പിന്നീട് പ്രമുഖരായ ശിഷ്യന്മാർ വിശദീകരിക്കുകയുണ്ടായി. അൽഹികമുർരിഫാഇയ്യക്ക് വിശാലമായൊരു ശറഹ് ഖലാഇദുസ്സബർജദ് എന്ന പേരിൽ തയ്യാറാക്കിയതു കാണാം. അനേകം ഗ്രന്ഥങ്ങളുടെ കർത്താവും രിഫാഈ സരണിയിൽ പ്രബോധന-പരിചരണ സേവനങ്ങൾ നടത്തിയ സാത്വികനുമായ അബുൽഹുദാ സയ്യാദീയാണത് തയ്യാറാക്കിയത്.
ശൈഖവർകളുടെ വചനമുത്തുകളിൽ നിന്ന് ചിലത് വായിക്കാം: ബിദ്അത്തുകളില്ലാത്ത ദീനാണെന്റെ മാർഗം അലസതയില്ലാത്ത അമലാണെന്റെ മാർഗം. അന്യൂനമായ മനസാന്നിധ്യമുള്ളതാണെന്റെ മാർഗം. കളവില്ലാത്ത സത്യമാണെന്റെ മാർഗം. ലോകമാന്യമില്ലാത്ത അവസ്ഥയാണെന്റെ മാർഗം.
ശരീഅത്ത് നിയമങ്ങൾക്ക് നിരക്കാത്ത ഒരു ഹഖീഖത്തുമില്ല. ശരീഅത്തിനെതിരായ ഹഖീഖത്ത് മതവ്യതിചലനമാണ്. സ്വന്തത്തിൽ തെളിവുള്ളവനാണ് സ്വൂഫി. മറ്റാരെക്കാളും തനിക്ക് മഹത്ത്വമുണ്ടെന്നവൻ ധരിക്കില്ല.
വിജ്ഞാനം ഈ ലോകത്ത് മഹത്ത്വവും പരലോകത്ത് പ്രതാപവുമാണ്. അറിവില്ലാത്തരങ്ങൾക്ക് കാരണമാകുന്ന ചില അറിവുകളുണ്ട്. അറിവിന് കാരണമാകുന്ന അറിവില്ലായ്കളുമുണ്ട്. നിന്റെ വിജ്ഞാനം മതകാര്യത്തിൽ നിന്റെ വിജയത്തിലേക്കും മനശ്ശാന്തിക്കും കാരണമായില്ലെങ്കിൽ അത് വിവരമില്ലായ്മയാണ്.
ചായം തേച്ചാൽ നര കാണാതാകുമെന്ന് ധരിക്കേണ്ട.
പ്രവർത്തിക്കുക, ഓരോരുത്തരും താൻ സൃഷ്ടിക്കപ്പെട്ട ലക്ഷ്യത്തിലേക്ക് എളുപ്പത്തിലെത്തിച്ചേരും.
സമയമെന്നതൊരു വാളാണ്. അതിനെ വെറുതെ കളയുന്നവനെ ആ ഖഡ്ഗം വധിച്ച് കളയും. ഒരടിമയുടെ ബറകത്ത് എന്ന് പറയുന്നത് അല്ലാഹുവിലേക്ക് അടുക്കുന്ന സമയമാണ്.
ഐഹിക ഞെരുക്കത്തിൽ ക്ഷമിക്കുന്നതും ഐഹിക വിശാലതയിൽ വിനയം കൈകൊള്ളുന്നതും യഥാർത്ഥ ബുദ്ധിമാന്റെ അടയാളമാണ്.
താൻ വലിയവനാണെന്ന് കരുതുന്നവന് അല്ലാഹുവിങ്കൽ സ്ഥാനമില്ല. അഹങ്കാരം അൽപം മനസ്സിലുള്ളവൻ മനുഷ്യരും ജിന്നുകളും ചെയ്യുന്ന ഇബാദത്തുകൾ ചെയ്താലും അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളിൽ പെട്ടവനായിരിക്കും.
ഞാനാണേറ്റവും ഉത്തമനെന്ന് കരുതുന്നവനാണ് അല്ലാഹുവിന്റെയും ജനങ്ങളുടെയും മേൽ മഹാകള്ളം പറയുന്നവൻ.
ഗുരുവിന്റെ പേര് പറഞ്ഞ് അഭിമാനിക്കുന്നവനല്ല; തന്നെക്കൊണ്ട് ഗുരുവിന് അഭിമാനിക്കാൻ വകയുള്ളവനാണ് മാന്യൻ.
ഒരാൾ അന്തരീക്ഷത്തിലൂടെ പറക്കുന്നതായി കണ്ടാലും മതത്തിന്റെ തുലാസിൽ അവന്റെ വാക്കുകളും പ്രവൃത്തികളും തൂക്കി നോക്കാതെ അവനെ നീ മഹാനായി പരിഗണിക്കേണ്ട.
ഏതെങ്കിലുമൊരു സരണിയിൽ അണിനിരന്നവരെ അവരുടെ എല്ലാ പ്രവർത്തനങ്ങളിലും വാക്കുകളിലും നീ എതിർക്കേണ്ട കാര്യമില്ല. അവരെ സ്വന്തം പാട്ടിനു വിടുക. അവരുടെ നിലപാടുകൾ മതത്തിന് നിരക്കാത്തതാണെങ്കിൽ നീ അവരെ കയ്യൊഴിഞ്ഞ് മതത്തിന്റെ കൂടെ നിൽക്കുക.
സകല പ്രതാപത്തിനുമുടമയായ അല്ലാഹുവിനെക്കൊണ്ട് നീ പ്രതാപിയാകുന്നെങ്കിൽ നീ യഥാർത്ഥ അഭിമാനി തന്നെ. അവനല്ലാത്തവനെക്കൊണ്ടാണ് നീ പ്രതാപം കൊതിക്കുന്നതെങ്കിൽ നീ വെറും കൈയായി നിൽക്കേണ്ടിവരും.
അല്ലാഹുവിനെ ദിക്‌റ് ചെയ്യുന്നത് മണ്ണിൽ നിന്നും വിണ്ണിൽ നിന്നുമുള്ള എല്ലാ വിപത്തുകളിൽ നിന്നും രക്ഷാകവചമാണ്.
കൃത്രിമം കാണിച്ചവൻ വിജയിച്ച ചരിത്രമില്ല, അക്രമം പ്രവർത്തിച്ചവൻ പ്രതാപിയാകില്ല, അതിക്രമിക്ക് നല്ലൊരവസ്ഥ വരാനില്ല.
സംശുദ്ധ മനസ്സിനുടമകൾ ഭൗതിക ലോകത്ത് ദുഷ്ടൻമാരുടെ കരങ്ങളാലും തെമ്മാടികളുടെ നാവുകൾ കൊണ്ടും പീഡിപ്പിക്കപ്പെടും. ദുഷ്ട മനസ്സിനുടമകൾ നല്ലവരായ ആളുകളോടും മോശമായി പെരുമാറും, ചതി പ്രയോഗിക്കും.
യഥാർത്ഥ സുഹൃത്തിന്റെ അടയാളം അവൻ നിന്നെ സ്‌നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയായിരിക്കുമെന്നതാണ്. അതിനാൽ നീ അവനോട് ചേർന്നു നിൽക്കുക. കാരണം അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുന്നവർ വളരെ കുറവാണ്.
അല്ലാഹുവിന്റെ ഇഷ്ടദാസൻമാരോടുള്ള സ്‌നേഹത്തെ നാഥനിലേക്കുള്ള വസീലയായി നീ സ്വീകരിക്കുക. അല്ലാഹുവിനെ മുറുകെ പിടിച്ചവൻ മഹത്ത്വമുള്ളവനാകും. അല്ലാഹു അല്ലാത്തവരെ അവലംബിച്ചാൽ നിന്ദ്യനും.
അല്ലാഹു അല്ലാത്തവരിൽ നിന്ന് ഐശ്വര്യം തേടിയാൽ ദരിദ്രനാവും. അല്ലാഹുവിന്റെ അടിമകളോട് ഗുണപരമായി/ഔദാര്യപൂർവം പെരുമാറുന്നത് ദയ്യാനായ അല്ലാഹുവിലേക്കുപ്പിക്കുന്ന കാര്യമത്രെ.
നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് സ്വിറാത്വ് പാലം കടക്കൽ എളുപ്പമാക്കും. പ്രാർത്ഥന ഉത്തരം ലഭിക്കുന്നതാക്കും.
അഹ്‌ലുസ്സുന്നയിൽ നിന്ന് നീ വേർ പിരിയരുത്, അതാണ് രക്ഷപ്പെടുന്ന വിഭാഗം. നിന്റെ എല്ലാ വാക്കുകളും പ്രവർത്തികളും നബി(സ്വ)യുടെ ശരീഅത്തിനോട് യോജിച്ച് മാത്രമാക്കുക.
ദാനം അല്ലാഹുവിന്റെ കോപത്തെ ഇല്ലാതാക്കും. മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ മരണ സമയത്തെ പ്രയാസങ്ങൾ ലഘൂകരിക്കും.
അയൽവാസികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് കുടുംബക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനേക്കാൾ മുഖ്യമാണ്.
തനിക്ക് പ്രതിഫലമായി ലഭിക്കാൻ പോകുന്നത് എന്താണെന്നറിയുന്നവനെ സംബന്ധിച്ചിടത്തോളം താൻ നൽകുന്നത് നിസ്സാരമായി തോന്നും.
നിന്നോടാരെങ്കിലും വല്ലതും ചോദിച്ചാൽ അത് നൽകാതെയോ നല്ല വാക്ക് പറയാതെയോ തിരിച്ചയക്കരുത്. സമ്പത്തിനെ വണങ്ങുന്നവൻ അല്ലാഹുവിനെ വണങ്ങുന്നവനല്ല.
ക്ഷണിച്ചവന്റെ ക്ഷണം സ്വീകരിക്കുക. നിന്റെ സഹോദരങ്ങളെയും സുഹൃത്തുക്കളെയും കുറിച്ചന്വേഷിക്കുക.
നിന്റെ നാവും കാതും മോശം സംസാരത്തെ തൊട്ട് സൂക്ഷിക്കുക. മതപരമായി വ്യക്തമായ തെളിവും കാരണങ്ങളുമില്ലാതെ നീ ഒരാളെ കുറിച്ചും മോശം വിചാരിക്കരുത്.
മതം നൻമയായി പഠിപ്പിച്ചതിനെ നൻമയായും, മോശമായി പഠിപ്പിച്ചതിനെ മോശമായും നീ കാണുക.
സ്വന്തം പ്രവർത്തനത്തിലൂടെ നിന്നെ കളവാക്കിയവൻ നിന്നോട് സത്യം പറഞ്ഞവനല്ല. നിഷേധാർത്ഥത്തിലോ മത്സരപൂർവമോ ഇസ്‌ലാമിലെ നിർബന്ധ കാര്യങ്ങൾ വർജിക്കുന്നവൻ സത്യനിഷേധികളെക്കാൾ സമുദായത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നവരാണ്.
നിന്ദ്യരായവരോടൊപ്പം നിൽക്കുന്നവനിൽ നിന്ന് മാന്യൻമാർ അകന്ന് പോവും.
അല്ലാഹു നിശ്ചയിച്ച നിർബന്ധ കാര്യങ്ങൾ നിർവഹിക്കുന്നതിൽ നീ ആർത്തി കാണിക്കുക. നബിചര്യയനുസരിക്കുന്നതിൽ കണിശത പുലർത്തുകവഴി തിരുനബി(സ്വ)യോടുള്ള നിന്റെ ബാധ്യത നിറവേറ്റുക.
നേരായ മാർഗത്തിൽ ചരിക്കുക. നിനക്കറിയുന്ന മാർഗത്തിൽ പ്രവേശിക്കുക. നിനക്ക് തന്നെ വെറുപ്പ് തോന്നുന്ന ദുർഗ്രഹ കാര്യങ്ങളുള്ള മാർഗം അവഗണിക്കുക. ഒരാൾ നേരെ ചൊവ്വെ ജീവിച്ചാൽ അവനെക്കണ്ട് മറ്റുള്ളവരും നേരായി ജീവിക്കും.
നീ വല്ലതും പറയുന്നുവെങ്കിൽ നല്ലത് മാത്രം പറയുക. വല്ലതും ചെയ്യുന്നെങ്കിൽ നേരായത് മാത്രം ചെയ്യുക. അല്ലാഹു ആദരിച്ചതിനെ നീ ആദരിക്കുക. നല്ലവരോടല്ലാതെ സഹവസിക്കരുത്.
സന്താനങ്ങൾക്കും അശ്രിതർക്കും നിങ്ങൾ മതപരമായ ചിട്ടകൾ പഠിപ്പിക്കുക. കുടുംബത്തോടും സ്ത്രീകളോടും കുട്ടികളോടും പരിചാരകരോടും മയത്തോടെയും കാരുണ്യത്തോടെയും പെരുമാറുക. മതപരമായ കാര്യങ്ങളിലല്ലാതെ അവരോട് ഗൗരവം കാണിക്കരുത്. കുടുംബത്തിന്റെ ജീവിത വിഷയത്തിൽ മധ്യനിലപാട് സ്വീകരിക്കുക. മടുപ്പിക്കുന്ന ഇടുക്കമരുത്, ധൂർത്തമായ അയവും പാടില്ല.
ഇങ്ങനെ മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രകാശം പരത്തുന്ന ഉപദേശങ്ങൾ ശൈഖ് രിഫാഈ(റ) സമ്മാനിച്ചിട്ടുണ്ട്.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ