ഒരേ മാതാപിതാക്കളുടെ സന്തതികളാണെങ്കിലും പല കാര്യങ്ങളിലും മനുഷ്യർക്കിടയിൽ അസമത്വം നിലനിൽക്കുന്നു. പൂർണമായ സമത്വം എല്ലാ കാര്യങ്ങളിലും ഒരിക്കലും നടപ്പാകില്ല; എല്ലാവരും പുരുഷന്മാരാകണമെന്നോ സ്ത്രീകളാകണമെന്നോ ശഠിക്കാൻ പറ്റുമോ? എല്ലാവരും ഒരേ തരം ജോലി മാത്രമേ ചെയ്യാവൂ, ഒരേ ശൈലിയിലേ സംസാരിക്കാവൂ, ജീവിക്കാവൂ എന്നും പറയാനാവില്ല. സ്ഥലം, കാലം, ശരീരം, സാഹചര്യങ്ങൾ എന്നിവക്കനുസരിച്ച് മനുഷ്യർക്കിടയിൽ വൈവിധ്യങ്ങളും വൈജാത്യങ്ങളുമുണ്ടാകും. ഇത് ഒഴിവാക്കാനാകില്ല. എന്നാൽ അനിവാര്യമല്ലാത്ത അസമത്വങ്ങളെ നിർബന്ധ രൂപത്തിലോ ഐച്ഛിക രൂപത്തിലോ ഒഴിവാക്കേണ്ടതാണ്. സമ്പത്തിലാണ് പ്രധാനമായും മനുഷ്യർക്കിടയിൽ അപകടകരങ്ങളായ അസമത്വം കൂടുതൽ രൂപപ്പെടുന്നത്. സാമൂഹ്യതയുടെ മൂല്യം ഏറെ പരിഗണിച്ച ഇസ്‌ലാം സമത്വവും ഏകത്വവും പ്രഘോഷിക്കുന്നു.

സ്രഷ്ടാവിൽ ഏകത്വവും (തൗഹീദ്) സൃഷ്ടികളിൽ സമത്വവും പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു ഇസ്‌ലാം. ഇസ്‌ലാമിന്റെ അഞ്ചു അടിസ്ഥാനങ്ങളിൽ എല്ലാത്തിലും ഈ ഏകത്വ, സമത്വ അധ്യാപനങ്ങളാണുള്ളത്. ജാതി, വർഗ, വർണ, സ്വത്ത്, വിവേചനങ്ങളില്ലാതെ എല്ലാവരും ശഹാദത് കലിമയും അഞ്ചു നേരത്തെ നിസ്‌കാരവും നോമ്പും സകാത്തും ഹജ്ജും അനുഷ്ഠിക്കണമെന്ന ശാസന സമത്വത്തെ ഉദ്‌ഘോഷിക്കുന്നു. നിസ്‌കാര നിർവഹണത്തിലോ ജമാഅത്തായി നിർവഹിക്കുന്നേടത്തോ വൈജാത്യമില്ല. അറിവുള്ളവന്റെ നേതൃത്വത്തിൽ ബാക്കിയെല്ലാം മറന്ന് ഒരുമിച്ച് നിൽക്കണം. സ്ത്രീക്കും പുരുഷനും നിസ്‌കാരത്തിൽ യാതൊരു ഇളവുമില്ല. എന്നാൽ സ്ത്രീകൾക്ക് അവരുടെ ശാരീരിക പ്രത്യേകതകളെ പരിഗണിച്ച് (ആർത്തവം, പ്രസവം തുടങ്ങിയവ) ചില ഇളവുകളും സൗകര്യങ്ങളും നൽകുന്നുണ്ട്. മാനുഷിക പരിഗണനയിലൂന്നിയ ഇളവുകളാണിവയെന്നതൊഴിച്ചാൽ സമത്വം നിസ്‌കാരത്തിലുണ്ട്. നോമ്പിന്റെ കാര്യത്തിലും ഹജ്ജിന്റെ കാര്യത്തിലും സാമൂഹികതയും സമത്വവും ആരും ദർശിക്കാതിരിക്കില്ല.

സമ്പത്ത് ചിലരിൽ കുന്നുകൂടുമ്പോഴാണ് മനുഷ്യർക്കിടയിൽ ശക്തമായ വിടവ് രൂപപ്പെടുക. സമ്പാദന ശേഷി എല്ലാവർക്കും ഒരുപോലെയുണ്ടാവില്ല. സമ്പത്ത് ചൂഷണത്തിലൂടെയും അല്ലാതെയും ഉണ്ടാക്കാം. ചൂഷണരീതികളെ നിശിതമായി ഇസ്‌ലാം വിലക്കിയിട്ടുണ്ട്. സമ്പത്തിനെ ചിലരിലേക്ക് മാത്രമാക്കി ഊറ്റി വറ്റിക്കുന്ന മാരക ചൂഷണമായ പലിശ, ലോട്ടറി, ഇൻഷൂറൻസ്, ചൂതാട്ടം, വാതുവെപ്പ്, മണിചെയിൻ ബിസിനസ്, പൂഴ്ത്തിവെപ്പ്, ഊഹക്കച്ചവടം തുടങ്ങിയ സകല സാമ്പത്തിക ചൂഷണങ്ങളെയും ഇസ്‌ലാം വിലക്കിയിരിക്കുന്നു.

ഇപ്പറഞ്ഞവയിൽ പലതും പല രാജ്യങ്ങളുടെയും സർക്കാറുകൾ പണോൽപാദനം ലക്ഷ്യം വെച്ച് അനുവദിക്കുന്നുണ്ടെന്നത് വേറെക്കാര്യം. ഭീമമായ സമ്പത്ത് ഇതിന്റെ പേരിൽ ഖജനാവിലെത്തുന്നുണ്ടെങ്കിലും വലിയൊരളവിൽ ജനം സാമ്പത്തിക പീഡനം അനുഭവിക്കുന്നു. ഉള്ളവർ വായ്പയെടുത്തും വാതുവെപ്പ് നടത്തിയും ഷെയർ ബിസിനസ് നടത്തിയും വീണ്ടും വീണ്ടും സമ്പന്നത നേടുന്നു, വ്യവസായങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ ഇല്ലാത്തവർ കൂടുതൽ സമ്മർദത്തിലാവുകയും ലോണിലേക്കും ലോട്ടറികളിലേക്കും കള്ളക്കടത്തുകളിലേക്കും നിർബന്ധിതരാവുകയും ചെയ്യും.

ഈയടുത്ത് വന്ന ഒരു വാർത്ത ശ്രദ്ധേയമാണ്. ലോകത്തെ അതിസമ്പന്നർ ലോകജനസംഖ്യയുടെ ഒരു ശതമാനം മാത്രമേയുള്ളൂ. പക്ഷേ, ഇവരുടെ സമ്പത്ത് ബാക്കി 99 ശതമാനം ജനങ്ങളുടെ സമ്പത്തിനു തുല്യമാണ്! എന്തുമാത്രം അസമത്വമാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ളതെന്ന് ചിന്തിച്ചുനോക്കൂ. ഈ ഒരു ശതമാനം അതിസമ്പന്നർ അവരുടെ സമ്പത്തുപയോഗിച്ച് ബാക്കിയുള്ള സമ്പത്തുകൾ ഊറ്റിയെടുത്ത് കൊണ്ടിരിക്കും. ഉള്ളവർ ഇനിയും തടിച്ചുകൊഴുക്കും. ഇല്ലാത്തവർ വീണ്ടും വീണ്ടും മെലിഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെ തടിച്ചുകൊഴുക്കാൻ ഇല്ലാത്തവരെ ‘ജോലി നൽകി’ സഹായിക്കും. പണിയെടുപ്പിച്ച് പണമുണ്ടാക്കും. പിന്നെയും പിന്നെയും പണിയെടുപ്പിക്കും. പക്ഷേ, സ്വത്തുക്കൾ ഒഴുകുന്നത് ഒരേ അക്കൗണ്ടിലേക്ക് മാത്രമാകും. ഈ ഒഴുക്ക് അപകടമാണ്. സ്വത്ത് ഒഴുകുന്നത് ഒരേ വ്യക്തിയുടെ തോട്ടത്തിലേക്കാണെങ്കിലും പ്രത്യേക ഘട്ടമെത്തുമ്പോൾ പല ബലഹീനരുടെ അക്കൗണ്ടിലേക്കും ഈ സ്വത്തൊഴുകാൻ ചാല് കീറണമെന്നാണ് ഇസ്‌ലാം പറയുന്നത്. ബലഹീനർക്ക് സമ്പന്നതയിലെത്താനും അതുവഴി അവർക്കും ചെറിയ തോതിൽ നിക്ഷേപങ്ങളിറക്കാനും സമ്പാദ്യങ്ങളുണ്ടാക്കാനും വീണ്ടും പോഷിപ്പിക്കാനും സമ്പാദിക്കാനും ഒരു പരിധിയിലെത്തുമ്പോൾ പരന്നൊഴുകി പലരിലേക്കെത്തിക്കാനും സാധിക്കും.

പല രാജ്യങ്ങളും സംസ്ഥാനങ്ങളും അവരുടെ നാട്ടിലെ സമ്പത്ത്, പുറം നാടുകളിലേക്ക് മുഴുവനായി കൊണ്ടുപോകാനനുവദിക്കാതെ, ഒരു വിഹിതം അവിടെത്തന്നെ ചെലവഴിക്കണമെന്ന് വാശി പിടിക്കുന്നില്ലേ? എന്തിനാണിത്? കേരളത്തിന്റെ സമ്പത്ത് ബംഗാളികളും ആസാമികളും തമിഴരും തൂത്തുവാരി കൊണ്ടുപോകുന്നേ എന്ന് മുറവിളി ഉയരുന്നുണ്ടല്ലോ ഇപ്പോൾ. എന്താണു ഹേതു? സ്വത്ത് വേരോടെ പിഴുതെടുക്കപ്പെട്ട് ചിലരിൽ ഒതുങ്ങരുത്, പരക്കണം, ക്രിയാത്മകമായി ഉപയോഗിക്കുകയും വേണം. ആന്ധ്രയിലെ നെല്ല് മുഴുവൻ കേരളത്തിലെത്തരുത്, ആന്ധ്രയിൽ തന്നെ വീണ്ടും വിളവിറക്കണം. ഇങ്ങോട്ടെത്തിയ നെല്ല് ഇവിടുത്തെ വയലുകളിലും ഇറക്കണം. നെല്ലുകൾ, വീണ്ടും വീണ്ടും നെല്ലുകളായി പല നാടുകളിലും വിളയണം. ഇതാണ് സമ്പത്തിന്റെ പരക്കൽ. ഒരാളുടെ പത്തായത്തിൽ മാത്രം നെല്ലൊതുങ്ങരുത്. ആയിരം നെല്ലുകളായി പല വയലുകളിൽ വിളയേണ്ട നെന്മണി ഒരാളുടെ പത്തായത്തിൽ മാത്രം അവശേഷിക്കാൻ അനുവദിക്കരുത്.

പണം എല്ലാവരിലേക്കും വിട്ടുകൊടുക്കണം. എന്നാൽ എല്ലാവർക്കും ഭൗതികതയിൽ സ്വസ്ഥതയും സന്തുഷ്ടിയും വരും. ഞാനുണ്ടാക്കിയത് എനിക്ക് മാത്രം എന്ന സ്വാർത്ഥത പാടില്ല. സ്വസ്ഥതയാണ് എല്ലാവർക്കും വേണ്ടത്. ഇതിനാണ് ഇസ്‌ലാം സകാത്ത് നിർബന്ധമാക്കിയത്. ഖുർആൻ വീക്ഷിക്കുന്നത് നോക്കൂ: ‘സമ്പത്ത് നിങ്ങളിലെ സമ്പന്നന്മാർക്കിടയിൽ മാത്രമായി കറങ്ങിക്കൊണ്ടിരിക്കാതിരിക്കാൻ വേണ്ടി’ (സൂറതുൽ ഹശ്ർ/7).

സത്യസന്ധനായ ഒരു മുസ്‌ലിം സമ്പന്നനെ സംബന്ധിച്ചിടത്തോളം അയാളധ്വാനിക്കുന്നത് അയാൾക്കും കുടുംബത്തിനും വേണ്ടി മാത്രമല്ല, സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കു കൂടി വേണ്ടിയാണ്. അയാളുടെ സ്വത്തിൽ തന്റെ ഭാര്യക്കും മക്കൾക്കും ആശ്രിതർക്കും എപ്രകാരം അവകാശമുണ്ടോ അപ്രകാരം ഒരു പരിധിക്കുശേഷം, ഈ സ്വത്തിൽ ഇയാളുടെ ബന്ധുവല്ലാത്ത അധഃസ്ഥിതനുകൂടി അവകാശം കൈവരുമെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. സത്യസന്ധനായ മുസ്‌ലിം സമ്പന്നൻ ആ അവകാശങ്ങൾ നൽകുകയും ചെയ്യും. ഇങ്ങനെ എല്ലാവരും എല്ലാവർക്കും പങ്കുവെച്ചാൽ എത്ര ജീവിതങ്ങൾ പ്രകാശപൂർണമാകും.

ആരിൽ എപ്പോഴൊക്കെ സമ്പത്ത്/ധനം നിശ്ചിത രീതിയിൽ കേന്ദ്രീകരിക്കപ്പെടുന്നുവോ, അപ്പോഴൊക്കെ ഇസ്‌ലാമിന്റെ സകാത്ത് അയാളെ തേടിച്ചെല്ലുന്നു. പ്രത്യക്ഷവും പരോക്ഷവുമായ സമ്പത്തിനെ, സകാത്ത് സംവിധാനം പിടികൂടി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നു. ഒരേ സ്ട്രീമിൽ ഒഴുകിയ പണം ഒരേ രീതിയിൽ സമാപിക്കരുത്, പരന്ന് പടർന്ന് അവസാനിക്കണം; മേഘപാളികളിൽ നിന്ന് പൊട്ടിച്ചാടിയ ജലധാര ഭൂമിയിൽ തുള്ളിത്തുള്ളികളായി എല്ലായിടത്തുമെത്തുന്നതു പോലെ!

സകാത്ത് ബാധിക്കുന്ന സ്വത്തുക്കൾ

ഏക്കറു കണക്കിന് ഭൂമിയുള്ള ‘ദരിദ്ര’രെ കേരളത്തിലും ലോകത്തെല്ലായിടത്തും കാണാം. സ്വത്തുക്കൾ വളർത്താത്ത ഇത്തരം ചത്ത ഭൂമികൾ ഉണ്ടായതിന്റെ പേരിൽ ഭൂമികൾക്ക് സകാത്ത് നൽകണമെന്ന് വാശിപിടിക്കാമോ? ഈ പാവം ഭൂവുടമ എന്താണ് സകാത്തായി നൽകുക? ഭൂമി മുറിച്ച് നൽകണമോ? അതോ പണമോ? പണമില്ലാത്ത ഭൂവുടമ എന്തു ചെയ്യും? ഇവിടെ ഭൂമി എന്നത് സത്യത്തിൽ സമ്പത്തല്ല. മരിച്ചുകിടക്കുന്ന ഇടം മാത്രമാണ്. ഈ ഭൂമിയെ കൊന്നിട്ടതിന് അല്ലാഹുവോട് ഭൂവുടമ മറുപടി പറയേണ്ടിവരും. പക്ഷേ, ആ ഭൂമിയെ സജീവമാക്കി കിളച്ചുമറിച്ച് വിത്തിട്ടാൽ മുളക്കാൻ തുടങ്ങും. മുളച്ചുവരുന്ന ഈ വസ്തുക്കളാണ് സമ്പത്ത്. ഇവ വീണ്ടും വീണ്ടും സ്വത്തുക്കളായി വികസിക്കും. ഈ സ്വത്തുക്കൾക്ക് സകാത്ത് വേണം. കൃഷി വസ്തുക്കളായ ഭക്ഷ്യധാന്യങ്ങളാണിവ. അതുപോലെ പഴവർഗങ്ങളിൽ പ്രധാനപ്പെട്ടവക്കും സകാത്ത് നൽകണം.

ഒരാൾക്ക് ആഡംബരപൂർണമായ കാറുണ്ട്, വലിയ വീടുണ്ട്. പക്ഷേ, കൈയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പണമെല്ലാം തീർന്നുപോയി. ഈ ‘സാധു’ ആഡംബരക്കാറിനും വീടിനും/കെട്ടിടത്തിനും സകാത്ത് നൽകണോ? എന്തു നൽകും? എവിടെനിന്ന് നൽകും? വീട് വിറ്റ് സകാത്ത് നൽകണോ? കാറ് വിറ്റ് സകാത്ത് വേണോ? വീടും കാറും ആഡംബരമാക്കിയതിന് അല്ലാഹുവിനോട് മറുപടി പറയേണ്ടിവരും. പക്ഷേ, സകാത്ത് വേണ്ട. കാരണം ഈ വീടും കാറും വികസന സ്വത്തുക്കളല്ല.

പക്ഷേ, ഒരാൾക്ക് ടാക്‌സിയുണ്ട്; ബസുണ്ട്, ലോറിയുണ്ട്, മറ്റു വാഹനങ്ങളുണ്ട്. അത് ഓടിച്ച് കാശുണ്ടാക്കുന്നു. ഈ കാശ് സ്വരൂപിച്ച് നിശ്ചിത കാലം നിശ്ചിത അളവെത്തിയാൽ അതിന് സകാത്ത് നൽകണം. ടാക്‌സി പെറ്റ കാശിന് സകാത്തുണ്ടെന്നർത്ഥം.

ഒരാൾക്ക് ബിസിനസുണ്ട്. ആ ചരക്കുകളൊക്കെ പണത്തെ പ്രസവിക്കാൻ പാകത്തിലുള്ളവയാണ്. ബിസിനസ് തുടങ്ങി വർഷാവസാനം ഈ ചരക്കുകളുടെ മൂല്യം (മാർക്കറ്റ് വില) കണക്കാക്കി നിശ്ചിത പരിധി (595 ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയിട്ടുണ്ടെങ്കിൽ ഇവയുടെ രണ്ടര ശതമാനം വരുന്ന പണം സകാത്തായി നൽകണം. കാരണം, ഈ ചരക്കുകൾക്ക് പണത്തെ പ്രസവിക്കാൻ സാധിക്കും. ബിസിനസിൽ നിന്ന് ലഭിച്ച കാശ്, ചരക്കുകളിൽ തന്നെയിരിക്കാതെ ബാങ്ക് ഡിപോസിറ്റായോ മറ്റോ എടുത്തു സൂക്ഷിച്ചാലും 595 ഗ്രാം വെള്ളിയുടെ മൂല്യത്തോടെ കൊല്ലം തികഞ്ഞ, അനക്കമില്ലാതെ കിടക്കുന്ന ഈ കാശിനും രണ്ടര ശതമാനം സകാത്തായി നൽകണം.

നേരത്തെ, ഒഴിഞ്ഞുകിടന്ന പറമ്പിനു സകാത്ത് വേണ്ടെന്ന് പറഞ്ഞല്ലോ. അതേ സമയം ഈ പറമ്പിനെ ഒരു ബിസിനസ് ചരക്കായി വീക്ഷിച്ചാൽ ഏതു നിമിഷവും അതു കാശായി മാറ്റാനുള്ള പരുവത്തിലാണ്; കാശിനെ പ്രസവിക്കാനുള്ള പാകത്തിലാണുള്ളത്. അപ്പോഴതിന് സകാത്തിന്റെ മുഖം കൈവരും. ഒരു വർഷമായി നടക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഒരു ഭാഗം മാത്രമായിത്തീർന്നിരിക്കുന്നു ഇത്. അതിനാൽ പന്ത്രണ്ടാം മാസം അവസാനിക്കുമ്പോൾ ബിസിനസിന്റെ ചരക്കെന്ന നിലയിൽ ഇതിന് വിലകെട്ടണം. മൂല്യത്തിന്റെ രണ്ടര ശതമാനം സകാത്തു നൽകണം.

ഒരുത്തിക്ക് ഒരു വളർത്തു കോഴിയുണ്ട്. അല്ലെങ്കിൽ ധരിക്കുന്ന സ്വർണാഭരണങ്ങളുണ്ട്. ഇവക്ക് പണം ഉൽപാദിപ്പിക്കാനുള്ള ശേഷിയില്ല. അതിനാൽ സകാത്തില്ല. പക്ഷേ, ഈ കോഴിയെയും സ്വർണാഭരണങ്ങളെയും ബിസിനസിന്റെ ചരക്കുകളായി ഉപയോഗിച്ചാൽ (കോഴിക്കച്ചവടത്തിലെ ചരക്കാക്കി കോഴിയെയും സ്വർണക്കച്ചവടത്തിലെ ചരക്കാക്കി സ്വർണത്തെയും കണക്കാക്കിയാൽ) ഒരു വർഷം തികച്ച കച്ചവടച്ചരക്കെന്ന നിലയിൽ കോഴികളെയും കൊല്ലം തികഞ്ഞ സ്വർണ ബിസിനസിലെ ചരക്കെന്ന നിലയിൽ സ്വർണത്തെയും കണ്ട്, മൂല്യം കണക്കാക്കി രണ്ടര ശതമാനം സകാത്ത് വിതരണം ചെയ്യേണ്ടി വരും.

ഇപ്രകാരം ചെറുതും വലുതുമായ മുഴുവൻ കച്ചവടങ്ങളിലും കൊല്ലം തികയുമ്പോൾ ഈ ‘വിലകെട്ടൽ’ പരിപാടി നടത്തണം. എന്നിട്ട് സകാത്ത് വിഹിതം മാറ്റിവെക്കണം. കച്ചവട സകാത്ത് പണമായിട്ടാണ് നൽകേണ്ടത്, ചരക്കുകളായല്ല. കാരണം, കച്ചവടത്തിൽ പ്രസവിക്കപ്പെടുന്നത് പണമാണ്.

സകാത്ത് സ്വത്തുക്കൾ ഏതെല്ലാം?

മുൻ വിവരണങ്ങളിൽ നിന്ന് സകാത്ത് ബാധിക്കുന്ന സ്വത്തുക്കളെ പറ്റിയുള്ള ഏകദേശ ധാരണ ലഭിക്കും. ഇനി ചെറിയൊരു വ്യക്തത വരുത്താം. സകാത്ത് ബാധിക്കുന്ന സ്വത്തുക്കളെ പൊതുവെ രണ്ടു തരമാക്കിത്തിരിക്കാം.

ഒന്ന്: ആന്തരിക സ്വത്തുക്കൾ

രണ്ട്: ബാഹ്യ സ്വത്തുക്കൾ.

ഉടമസ്ഥനല്ലാത്ത മറ്റുള്ളവർക്ക് പ്രത്യക്ഷ നിരീക്ഷണം കൊണ്ട് കണ്ടെത്താനോ കണക്കാക്കാനോ സാധിക്കാത്ത സ്വത്തുക്കളാണ് ആന്തരിക സ്വത്തുക്കൾ. ഇവ സ്വർണം, വെള്ളി, കറൻസികൾ, നിധി, കച്ചവട സ്വത്തുക്കൾ എന്നീ അഞ്ചെണ്ണമാണ്.

ആർക്കും പുറമെ നിന്ന് നോക്കിയാൽ കാണാവുന്നതും വേണ്ടി വന്നാൽ എണ്ണി തിട്ടപ്പെടുത്താനോ കണക്കാക്കാനോ കഴിയുന്നതുമായ സ്വത്തുക്കളാണ് ബാഹ്യ സ്വത്തുക്കൾ. ഇവ കൃഷി വസ്തുക്കൾ (ഭക്ഷ്യധാന്യങ്ങൾ), ആടുകൾ, പശു, കാള, പോത്ത്, മൂരി, എരുമ തുടങ്ങിയ മാടുകൾ, ഒട്ടകങ്ങൾ, ഖനികൾ, പ്രത്യേക പഴവർഗങ്ങൾ എന്നിവയാണ്.

മുകളിൽ പറഞ്ഞ ആന്തരിക-ബാഹ്യ വസ്തുക്കൾക്ക് വികസനാത്മക സ്വഭാവം (പണത്തെ ഉൽപാദിപ്പിക്കുക) ഉണ്ടെന്നതിനാലും നിത്യോപയോഗ വസ്തുക്കളാണെന്നതിനാലും സകാത്ത് ബാധിക്കുന്നതാണ്.

ആടിന്റെ കാര്യമെടുക്കാം. ഒന്നോ രണ്ടോ ആടുകളിൽ സകാത്ത് ബാധകമാകുന്നില്ല. നാൽപത് ആടുകളുണ്ടായാൽ മറ്റുള്ളവരിലേക്ക് ഒഴുകേണ്ട വിധമുള്ള വികസിത സ്വത്തായി ഇതുമാറും. നാൽപതിന് ഒരാടിനെ സകാത്തായി നൽകണം.

ഇങ്ങനെ ഓരോ മൃഗവും വളർത്തു സ്വഭാവത്തിൽ നിന്ന് വികസിത സ്വത്തിലേക്ക് വളരുമ്പോൾ സകാത്തായി അന്യരിലേക്ക് നിശ്ചിത വിഹിതം കൈമാറണമെന്നും മറ്റുള്ളവർക്ക് ഉപകാരപ്പെടണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു.

ബാഹ്യ സ്വത്തുക്കളുടെ വളർച്ചയും പെരുക്കവും പുറമെനിന്ന് നോക്കുന്നവർക്കു തന്നെ കാണാവുന്നതിനാൽ, ഇസ്‌ലാമിക ഭരണപ്രദേശത്ത് ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിച്ച സകാത്തുദ്യോഗസ്ഥർക്ക് ഉടമസ്ഥന്റെ അറിവോടെയോ ബലാൽക്കാരമായോ സകാത്ത് വിഹിതം എടുത്തുകൊണ്ടുപോയി അവകാശികൾക്കു നൽകാവുന്നതാണ്. ആന്തരിക സ്വത്തുക്കൾക്കുള്ള സകാത്ത് ഉടമസ്ഥൻ സ്വമേധയാ നൽകണം. അല്ലെങ്കിൽ യോഗ്യനായ വക്കീലിനെ നൽകാനേൽപ്പിക്കണം. ഇസ്‌ലാമിക ഭരണമുള്ളിടത്ത് ഇമാമിനെ ഏൽപിക്കുകയുമാവാം. ആമിലീങ്ങൾ(ഇസ്‌ലാമിക ഭരണാധികാരി നിയോഗിക്കുന്ന സകാത്ത് ഉദ്യോഗസ്ഥർ)ക്ക് എടുത്തുകൊണ്ടുപോവാൻ പറ്റില്ല.

(തുടരും)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ