വിശുദ്ധ ഇസ്‌ലാമിനെ മനുഷ്യരിലേക്കെത്തിക്കാനായി അല്ലാഹു നിയോഗിച്ചവരാണ് അമ്പിയാമുര്‍സലുകള്‍. മുഹമ്മദ് നബി(സ്വ)യോടെ പ്രവാചക നിയോഗം അവസാനിച്ചു. നബി(സ്വ)യില്‍നിന്നു മതത്തെ സ്വീകരിക്കുകയും പിന്‍തലമുറക്കാര്‍ക്കു കൈമാറുകയും ചെയ്യുക എന്ന ദൗത്യം എക്കാലത്തെയും പണ്ഡിതരില്‍ അര്‍പ്പിതമാണ്. ഈ സമുദായത്തിലെ ആദ്യ പണ്ഡിത ശിരോമണികള്‍ സ്വഹാബികളാണ്. ഹജ്ജതുല്‍ വിദാഇന്റെ നാളില്‍ ‘ഇവിടെ സന്നിഹിതരായവര്‍, സന്നിഹിതരായിട്ടില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കേണ്ടതാണെ’ന്നു നബി(സ്വ) ആവശ്യപ്പെടുകയുണ്ടായി.

സ്വഹാബികള്‍, അവരില്‍നിന്നു മതം പഠിക്കാന്‍ സൗഭാഗ്യമുണ്ടായ താബിഉകള്‍, അവരെ തുടര്‍ന്നുവന്നവര്‍ എന്നിങ്ങനെ കൃത്യതയോടെയും വിശ്വസ്തതയോടെയും പില്‍ക്കാലക്കാരിലേക്കും വിവിധ നാടുകളിലേക്കും ഇസ്‌ലാം മതത്തെ പ്രബോധനം ചെയ്തു, പ്രചരിപ്പിച്ചു. പ്രവാചകര്‍ക്ക് ശേഷം, വിജ്ഞാനം സ്വീകരിച്ചവര്‍ക്കുള്ള ദൗത്യത്തെ കൃത്യമായി നിര്‍ണയിക്കുന്ന നബിവചനമാണ് ‘പണ്ഡിതര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണെന്നത്’ (തുര്‍മുദി).

ജ്ഞാനം അമ്പിയാക്കളുടെ അനന്തരസ്വത്താണ്. അതു സമ്പാദിച്ചവരാണ് പണ്ഡിതര്‍. അതിനാല്‍ പണ്ഡിതര്‍ അമ്പിയാക്കളുടെ അനന്തരം, അവരുടെ പൈതൃകം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. പ്രവാചകന്മാര്‍, അവര്‍ക്ക് നല്‍കപ്പെട്ട വിജ്ഞാനം പ്രചരിപ്പിക്കുകയും പാഠങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു. അങ്ങനെ ചെയ്യണമെന്നത് അവരുടെ  ബാധ്യതയാണ്. സമുദായത്തിന് പകര്‍ന്നു നല്‍കേണ്ടതില്‍ ഒരു വിലോപവും അവര്‍ക്കനുവദനീയമല്ല.

പ്രവാചകന്മാരുടെ അനന്തരഗാമികള്‍ എന്നനിലയില്‍ പഠിച്ചറിഞ്ഞ ജ്ഞാനത്തെ പ്രബോധനപരമായി വിനിയോഗിക്കാന്‍ പണ്ഡിതര്‍ തയ്യാറാവണം. അറിവുള്ളവര്‍ അതിനനുസരിച്ചു ജീവിക്കണമല്ലോ. വിശുദ്ധ ഖുര്‍ആന്‍ അമ്പിയാക്കളുടെയും പണ്ഡിതന്മാരുടെയും ദൗത്യത്തെ ഒരുമിച്ചുപരാമര്‍ശിച്ചത് കാണാം. ‘നിശ്ചയം അല്ലാഹു അല്ലാതെ ഇലാഹില്ലെന്ന് അവന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മലക്കുകളും ജ്ഞാനികളും സാക്ഷ്യം വഹിക്കുന്നു’ (ആലു ഇംറാന്‍ 18).

അല്ലാഹുവും മലക്കുകളും വിവരമുള്ളവരും അല്ലാഹുവിന്റെ തൗഹീദില്‍ സാക്ഷികളാണ്. വിവരമുള്ളവര്‍ എന്നതില്‍ പ്രവാചകന്മാരും പണ്ഡിതന്മാരും ഉള്‍പ്പെടുന്നു. ഈ സാക്ഷീകരണം ആദരവിന്റെ അടയാളമാണ്. അതോടൊപ്പം ബാധ്യതയെകുറിച്ചുള്ള ഓര്‍മപ്പെടുത്തലും.

തൗഹീദിന്റെ സാക്ഷീകരണം യഥാര്‍ത്ഥത്തില്‍ അതിന്റെയും അതുമായി ബന്ധപ്പെട്ടവയുടെയും ശരിയായ പ്രകാശനവും അതിനെതിരെയുള്ളവയെ തിരുത്തലുമാണ്. അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് സത്യത്തിന്റെ വെളിച്ചം പകരാന്‍ നിശ്ചയിച്ച വിളക്കുമാടങ്ങളാണ് പണ്ഡിതന്മാര്‍. വെളിച്ചം നല്‍കാന്‍ മാത്രം യോഗ്യത നേടിയവരായിരിക്കുക എന്നതില്‍ സ്വന്തത്തിലെ സംസ്‌കരണവും ആത്മീയതയും പ്രധാനമാണ്. അതിനെ തുടര്‍ന്നാണ് പ്രബോധനപരമായ ദൗത്യവും നിര്‍വഹിക്കേണ്ടത്. പ്രവാചകന്മാരുടെയും പണ്ഡിതരുടെയും പ്രബോധന ദൗത്യ നിര്‍വഹണത്തിന് വ്യത്യസ്തമായ രീതികള്‍ സ്വാഭാവികം. കാരണം രണ്ട് വിഭാഗത്തിന്റെയും പ്രബോധിത സമൂഹത്തില്‍ കാതലായ വ്യത്യാസമുണ്ട്. ഓരോ പ്രവാചകന്റെയും ദൗത്യം, തൊട്ടുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികളില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകുന്നതിനാല്‍ അതിന് പരിഹാരമാകുന്ന തരത്തിലും അവരെകൂടി സംസ്‌കരിക്കാന്‍ പാകത്തിലുമായിരിക്കും.

സമുദായത്തില്‍ തൗഹീദില്‍നിന്ന് വ്യതിചലിച്ച് ശിര്‍ക്കിലകപ്പെട്ടവരിലേക്കായിരിക്കും പ്രവാചകന്മാര്‍ കടന്നുവരുന്നത്. ഒരു പ്രവാചക ആഗമനം കൊണ്ടുമാത്രമേ മാറ്റം സംഭവിക്കൂ എന്നവിധം മാര്‍ഗഭ്രംശം അവരെ പിടികൂടിയിട്ടുണ്ടാകും. അതാകട്ടെ ശിര്‍ക്കില്‍ വരെ എത്തിനില്‍ക്കുന്നതുമായിരിക്കും. പ്രവാചകന്മാരുടെ അനന്തരാവകാശികളെന്ന ബഹുമതിയുള്ളപണ്ഡിതരുടെ പ്രബോധിത സമൂഹവും സമുദായവും പൊതുവെ ശിര്‍ക്കിലകപ്പെടാത്തവരായിരിക്കും. അതിനാല്‍ തന്നെ അവര്‍ മതനിയമങ്ങള്‍ സ്വയം നിര്‍മിക്കുന്നവരോ അതീന്ദ്രിയ വഴിയില്‍ ദൃഢജ്ഞാനം ലഭ്യമാവുന്നവരോ ആയിരിക്കില്ല. പ്രവാചന്മാരുടെ പാഠങ്ങള്‍, അറിവുകള്‍ ഏറ്റെടുത്ത് സംസ്‌കരണവും നവോത്ഥാനവും നടത്തുക എന്നതായിരിക്കും അവരുടെ ബാധ്യത.

അല്ലാഹു പറയുന്നു; ‘ഞാനല്ലാതെ ഇലാഹില്ല. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുക എന്ന സന്ദേശം നല്‍കിയല്ലാതെ താങ്കള്‍ക്കുമുമ്പ് ഒരു ദൂതനെയും നാം യാത്രയാക്കിയിട്ടില്ല’ (അല്‍ അമ്പിയാഅ് 25).

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുത്തൗഹീദിന്റെ സന്ദേശമാണ് അടിസ്ഥാനപരമായി ദൂതന്‍മാരുടെ പ്രബോധനവിഷയം. അതിനെ കൃത്യമായി ശരിവെക്കുന്ന ഇബാദത്തും അവര്‍ പ്രബോധനം ചെയ്തു. ഇതിന്റെ തുടര്‍ച്ച ദൂതന്‍മാരുടെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

അന്ത്യദൂതരായ നബി(സ്വ)യുടെ അനുയായികളിലെ പണ്ഡിതരെ സംബന്ധിച്ചിടത്തോളം ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അടിസ്ഥാന വ്യതിചലന സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. അതിന്റെ അനുബന്ധങ്ങളിലും വിവരണത്തിലും മറ്റും കാര്യമായ വ്യതിലചനം സംഭവ്യവുമാണ്. ലാ ഇലാഹ ഇല്ലല്ലാഹു എന്ന മഹദ്വചനത്തെ നിരാകരിക്കുന്ന ആദര്‍ശക്കാര്‍ ഉമ്മത്ത് മുഹമ്മദിയ്യയിലില്ല. നബിത്വവാദികളും നിഷിദ്ധമായ കാര്യങ്ങളെ അനുവദനീയമാക്കുന്നവരും നിര്‍ബന്ധ കാര്യങ്ങളെ നിഷേധിക്കുന്നവരും ഉണ്ടാകും. വിശ്വാസപരമായ പിഴവ് കാരണം സത്യനിഷേധികളായിത്തീര്‍ന്നവരുമുണ്ടാകും. അവരും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്ത് ഏറ്റ് പിടിക്കുന്നവരായിരിക്കും. അഥവാ ശിര്‍ക്കിനെ സ്വയം വാദിക്കുന്നവരും കലിമതുത്തൗഹീദിനെ തള്ളുന്നവരും ഈ സമുദായത്തിലുണ്ടായിട്ടില്ല എന്നാണ് അഭിപ്രായ ഭിന്നതകളെക്കുറിച്ച് ഗവേഷണം നടത്തിയവര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ശിര്‍ക്കായിപ്പോകുന്ന അതിവാദമുള്ള ചില വിഭാഗങ്ങളുണ്ടെങ്കിലും അവരും ലാ ഇലാഹ ഇല്ലല്ലാഹുവിനെ പ്രത്യക്ഷത്തില്‍ തള്ളിപ്പറയാത്തവരാണ്.

പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം ഇത്തരക്കാരില്‍ ദഅ്‌വത്ത് നടത്തുക എന്നതിനേക്കാള്‍ പ്രാധാന്യം ഇവരുടെ കെണികളില്‍പെടാതെ സമൂഹത്തെ സംരക്ഷിക്കുക എന്നതാണ്. അതിനാല്‍ ബിദ്അത്തിനെ കുറിച്ച് ശക്തിയായ ബോധവല്‍കരണം അനിവാര്യമായിരുന്നു. മാത്രമല്ല, കലിമതുത്തൗഹീദും ഖുര്‍ആനും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നത് സാധാരണക്കാര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണമാണുതാനും. അതുകൊണ്ടുതന്നെ പണ്ഡിത ധര്‍മനിര്‍വഹണത്തിന്റെ പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ ബിദ്അത്തിനും ബിദഇകള്‍ക്കുമെതിരെ നടത്തിയ കടുത്ത സമീപനങ്ങള്‍ കാണാം. ആദര്‍ശകാര്യങ്ങളിലെ ബിദ്അത്ത് വലിയ അപകടകാരിയാണെന്നതാണിതിന്റെ കാരണം.

പല കാരണങ്ങളാല്‍ സമൂഹത്തില്‍ പുത്തന്‍പ്രവണതകള്‍ ഉടലെടുത്തിട്ടുണ്ട്. സാമൂഹിക സാഹചര്യവും അന്യ ചിന്തകളുടെ പ്രചാരവും സ്വാധീനിച്ച് അവയെയും ഇസ്‌ലാമികാദര്‍ശത്തില്‍ ചേര്‍ത്തിവെച്ച ചില പ്രസ്ഥാനങ്ങളുണ്ടായി. വൈജ്ഞാനികമായ വശം പരിഗണിച്ച് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രീക്ക് യവന കൃതികളും റോമന്‍ സമൂഹവുമായുണ്ടായ സങ്കലനവും വിനിമയങ്ങളും ഇതിന് കാരണമായിട്ടുണ്ട്. വ്യതിയാന പ്രസ്ഥാനങ്ങളില്‍ പലതിലും റോമന്‍ പേര്‍ഷ്യന്‍ യവന മിത്തോളജികളുടെ കലര്‍പ്പ് കാണാം. ഈ ഘട്ടത്തിലാണ് ഇമാം അശ്അരീ(റ – ഹിജ്‌റ 260 – 324) ഇമാം മാതുരീദി(റ – മരണം ഹി. 333) എന്നിവര്‍ ദൗത്യം നിര്‍വഹിക്കുന്നത്. പൂര്‍വികരായ ഇമാമുകള്‍ പകര്‍ന്നതിനെ കൃത്യമായി ക്രോഡീകരിക്കുകയായിരുന്നു ഇവര്‍.

ആദര്‍ശ രംഗത്തെന്നപോലെ സാംസ്‌കാരിക രംഗത്തും ജീര്‍ണതകളും അരുതായ്മകളും വളര്‍ന്നുവന്നു. സാമ്പത്തികമായ അഭിവൃദ്ധിയും ഭരണാധികാരികളുടെ വഴിവിട്ട സഞ്ചാരവും ഉദാരമായ സഹവര്‍ത്തിത്വവും ചേര്‍ന്നാണിതിന് കളമൊരുങ്ങിയത്. ആത്മീയമായ പരിചരണവും മാര്‍ഗദര്‍ശനങ്ങളും നല്‍കുകയല്ലാതെ ഇതിന് പരിഹാരമില്ല. ഈ ഘട്ടത്തിലാണ് ആത്മീയ താരകങ്ങളായ ഗുരുനാഥന്മാര്‍ കര്‍മരംഗത്ത് കൂടുതല്‍ സേവനനിരതരായത്. ഇമാം ഗസ്സാലി (റ – ഹിജ്‌റ 450 – 505), ശൈഖ് ജീലാനി (റ- ഹിജ്‌റ 470 – 561), ശൈഖ് രിഫാഈ (റ- ഹിജ്‌റ 512 – 578) തുടങ്ങിയവര്‍ ഈ ശ്രേണിയിലെ പ്രമുഖരില്‍ പെടുന്നു.

ഇസ്‌ലാമിന്റെ ആത്മീയ ഭാവത്തെ പുനഃപ്രതിഷ്ഠിക്കുകയും സമൂഹത്തിന്റെ സ്വഭാവ സംസ്‌കാരങ്ങളെ വിമലീകരിക്കുകയും ചെയ്ത സരണികളും ഗ്രന്ഥങ്ങളും മാര്‍ഗങ്ങളും സമൂഹത്തിന് സമ്മാനിക്കപ്പെട്ടു.

കാലവും സാഹചര്യവും ആവശ്യപ്പെട്ട നവോത്ഥാന ദൗത്യങ്ങള്‍ ഓരോ കാലഘട്ടത്തിലെയും പണ്ഡിത മഹത്തുക്കള്‍ നിര്‍വഹിച്ചിട്ടുണ്ട്. നബി(സ്വ) പ്രശംസിച്ച ആദ്യ നൂറ്റാണ്ടുകളില്‍തന്നെ സമൂഹത്തിന് മതാധിഷ്ഠിത പ്രായോഗിക ജീവിതപാഠങ്ങള്‍ നല്‍കി മുജ്തഹിദുകളായ ഇമാമുകള്‍ രംഗത്തുവന്നിട്ടുണ്ടായിരുന്നു. നബി(സ്വ)യില്‍ സ്വഹാബികളിലേക്കും തുടര്‍ന്ന് ശേഷക്കാരിലേക്കും കൈമാറ്റം ചെയ്യപ്പെട്ട ഇസ്‌ലാമിക വ്യവസ്ഥയുടെ ക്രോഡീകരണം നടത്താനും അത് വിശ്വസ്തരും യോഗ്യരുമായ ശിഷ്യരിലേക്ക് പകരാനും അവര്‍ക്ക് സാധിച്ചു. ഇസ്‌ലാമിക സംസ്‌കൃതിയെ മൂല്യശോഷണവും അപവല്‍ക്കരണവും ബാധിക്കാതെ എക്കാലത്തെയും ജനതക്ക് സുപ്രാപ്യമാക്കാനവരുടെ സേവനം കാരണമായി. ഇമാം അബൂ ഹനീഫ (റ – ഹിജ്‌റ 80 -150), ഇമാം മാലിക് (റ – ഹിജ്‌റ 93 – 179), ഇമാം ശാഫിഈ (റ – ഹിജ്‌റ 150 – 204), ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ (റ – ഹിജ്‌റ 164 – 241) എന്നിവരുടെ സരണികള്‍ സംരക്ഷിക്കപ്പെടുകയും വ്യാപനം നേടുകയും ചെയ്തു.

ആദര്‍ശ സംശുദ്ധിയും ശരിയായ കര്‍മാനുഷ്ഠാന രീതിയും ആത്മീയ സംസ്‌കരണവും നേടിയ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും നിലനിര്‍ത്താനും ഇത്തരം മഹാന്മാരായ പണ്ഡിതര്‍ നടത്തിയ സേവനം വിലമതിക്കാനാവാത്തതാണ്. ജീര്‍ണതകളില്‍നിന്നും വ്യതിയാനങ്ങളില്‍നിന്നും കര്‍മവൈകല്യങ്ങളില്‍നിന്നും സമൂഹത്തെ എക്കാലത്തേക്കും സംരക്ഷിക്കുന്നതിന് നിമിത്തമായിത്തീര്‍ന്ന നവോത്ഥാനദൗത്യം നിര്‍വഹിച്ചവര്‍ ഇസ്‌ലാമിക സമൂഹത്തിന് അവലംബവും ജ്ഞാനസങ്കേതങ്ങളും സ്രോതസ്സുകളുമാണ്. മുസ്‌ലിം സമൂഹത്തിന്റെ ഇന്നലെകളില്‍ വിശുദ്ധ ഇസ്‌ലാമിനെ പ്രതിനിധാനിച്ചവര്‍ ഇവരെ അനുഗമിച്ചവരാണ്. അച്ചടക്കവും സ്‌നേഹാദരം നിറഞ്ഞ സഹകരണവും വഴി ഇസ്‌ലാമിന്റെ സൗന്ദര്യ പ്രകാശനത്തിന് അവര്‍ക്ക് സാധിച്ചു.

ചരിത്രത്തില്‍ പലപ്പോഴും ചില കടുത്ത സങ്കീര്‍ണ രംഗങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ച സമൂഹത്തെയും ഇസ്‌ലാമിന്റെ പ്രചാരണ സാധ്യതയെയും ബാധിച്ചിട്ടുമുണ്ട്. അവയില്‍ ചിലത് പരസ്പരം ഉപജീവിച്ചും ഉപയോഗിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മതത്തെ നവീകരിക്കുന്നതിന് പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് പിടിവള്ളി നേടുന്നവരാണവര്‍. പ്രമാണ വചനങ്ങളെ ഭാഷകൊണ്ടും ന്യായം കൊണ്ടും സ്വന്തം വാദങ്ങള്‍ക്കനുകൂലമാക്കി അവതരിപ്പിക്കുന്ന രീതിയാണവര്‍ പിന്തുടരുന്നത്.

ആദ്യ നൂറ്റാണ്ടുകളില്‍ രംഗത്തുവന്ന പലതും നാമാവശേഷമാവുകയോ അവസ്ഥാന്തരം നേരിടുകയോ ചെയ്തിട്ടുണ്ട്. അവയുടെ വികലാശയങ്ങളെ ആകര്‍ഷകമാക്കി പുതിയ ശൈലിയിലവതരിപ്പിച്ച് അതിനോടൊപ്പം സ്വന്തമായി പല നിഗമനങ്ങളും ചേര്‍ത്തിയാണ് പുതിയ അവതാരങ്ങള്‍ രംഗമാടുന്നത്. ഇത്തരക്കാരില്‍ ആരെ പരിശോധിച്ചാലും ഇബ്‌നു തൈമിയ്യ (ഹിജ്‌റ 661 – 728) ക്ക് പുറത്തൊരിടം അവര്‍ക്കാര്‍ക്കും കാണാനാവില്ല. ഹമ്പലീ മദ്ഹബിന്റെ മറപിടിച്ച് പുതിയ പല വാദങ്ങളും അവതരിപ്പിക്കുകയായിരുന്നു ഇബ്‌നു തൈമിയ്യ. അല്ലാഹുവിനെ ജഡവല്‍ക്കരിക്കല്‍, നബി(സ്വ)യെ നിസ്സാരപ്പെടുത്തല്‍, മുസ്‌ലിം ഉമ്മത്തിന് മേല്‍ ശിര്‍ക്കാരോപിക്കല്‍, മുത്വലാഖ് ഒന്നാക്കല്‍ തുടങ്ങിയ പുത്തന്‍വാദങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലും നിറഞ്ഞുനിന്നു. നിര്‍മാണപരമായി  ഒരു ഗുണവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കായില്ല. എന്നാല്‍ വാളിന്റെ പ്രാധാന്യമുയര്‍ത്തിക്കാണിക്കുകയും കലാപവീര്യം വളര്‍ത്താന്‍ കാരണമാകുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു.

ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങളും ചിന്തകളും സ്വാധീനിച്ച് സമൂഹത്തിനും ഇസ്‌ലാമിനും വലിയ അപകടം വരുത്തിയയാളാമാണ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് (ഹിജ്‌റ 1111 – 1206).

തന്റെ ജനനത്തിന്റെ നാലു നൂറ്റാണ്ട് മുമ്പു മരണപ്പെട്ട ഇബ്‌നു തീമിയ്യയുടെയും ശിഷ്യന്മാരുടെയും ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചതിനെക്കുറിച്ച് വഹാബി ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തമ നൂറ്റാണ്ടുകള്‍ മൂന്നും കഴിഞ്ഞ് പിന്നെയും മൂന്നര നൂറ്റാണ്ട് കഴിഞ്ഞു ജനിച്ച ഇബ്‌നു തൈമിയയും ഇബ്‌നു തൈമിയ്യക്ക് ശേഷം നാല് നൂറ്റാണ്ട് കഴിഞ്ഞു ജനിച്ച ഇബ്‌നു അബ്ദുല്‍ വഹാബി നും ഇസ്‌ലാമിലെ മാതൃകാ സമൂഹവും പ്രവാചകരുമായി എന്ത് ബന്ധമാണുണ്ടാവുക.

നവോത്ഥാനനായകത്വം അദ്ധ്യാരോപിക്കപ്പെട്ട വഹാബി നേതാവിന്റെ ചെയ്തികള്‍ക്കു എന്തു നവോത്ഥാന ചൈതന്യമാണുള്ളതെന്നും അന്വേഷണവിധേയമാക്കേണ്ടതാണ്. സാത്വികന്‍മാരെ കൊന്നൊടുക്കുക, നിരപരാധികളെ കൂട്ട കശാപ്പ് ചെയ്യുക. അമൂല്യമായ ഗ്രന്ഥശേഖരങ്ങള്‍ അഗ്നിക്കിരയാക്കുക, പവിത്രമായ ഭൂമിയില്‍ കലാപം നടത്തുക, മഹാന്മാരുടെ അന്ത്യ വിശ്രമസ്ഥാനങ്ങള്‍ തകര്‍ക്കുക, ഗുരുനാഥന്മാരെയും പിതാവിനെയുമടക്കം മുസ്‌ലിംകളെ മുശ്‌രികാക്കുക, വിശുദ്ധ ഹറമുകള്‍ കൊള്ളയടിക്കുക തുടങ്ങിയ ക്രൂരവും ഹീനവുമായ കൃത്യങ്ങളാണ് വഹാബിപ്പട ചെയ്തത്. ഇവയിലേതിനാണ് നവോത്ഥാന മൂല്യമുള്ളത്. വിശുദ്ധ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഏതൊന്നിന്റെ പരിധിയിലാണിവയെല്ലാം വരിക?

ഇസ്‌ലാമിനെ പരിഷ്‌കരിച്ചെടുക്കാനായി മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും ആദര്‍ശകാര്യങ്ങളെയും നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്ത മുഹമ്മദ് അബ്ദു (1814 – 1897), റശീദ് രിള (1865 – 1935), ജമാലുദ്ദീന്‍ അഫ്ഗാനി (1939 – 1997) തുടങ്ങിയവര്‍ക്കും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്താബന്ധം കാണാം. ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും ഇബ്‌നു തീമിയ്യയുടെയും അനുയായികളെയും ഉപജീവിച്ചും അനുകരിച്ചുമാണ് രാഷ്ട്രീയവും ഭൗതികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യയില്‍ പല കക്ഷികളും മതനവീകരണത്തിനിറങ്ങിയത്. മതത്തിന്റെ മറവില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുമായി രംഗത്തുവന്ന അബുല്‍ അഅ്‌ലാമൗദൂദി (ഹി. 1321 – 1399) സ്ഥാപിച്ചതാണ് മൗദൂദിയ്യത്ത് അഥവാ ജമാഅത്തെ ഇസ്‌ലാമി. വഹാബിയ്യത്തിന്റെ പുതിയ രൂപത്തിലുള്ള അവതരണം നടത്തുകയായിരുന്നു മുഹമ്മദ് ഇല്‍യാസ് (ഹി. 1303 – 1363). തബ്‌ലീഗ് ജമാഅത്ത് എന്ന പേരില്‍ അദ്ദേഹത്തിന്റെ ഇല്‍യാസിയ്യത്ത് ചിന്തകള്‍ വിപണനം ചെയ്യപ്പെടുന്നു. ഈ വിഭാഗങ്ങളെയും അവരുടെ മാതൃകേന്ദ്രങ്ങളെയും ഉപജീവിച്ചും മാതൃകയാക്കിയും വേറെയും പലസംഘടനകളും പ്രസ്ഥാനങ്ങളും പലകാലങ്ങളില്‍ ഉടലെടുത്തു.

റശീദ് രിള ഈജിപ്തില്‍ നിന്നു പുറത്തിറക്കിയിരുന്ന അല്‍മനാറിലൂടെയാണ് നമ്മുടെ നാട്ടില്‍ വഹാബിസം, സലഫിസം എന്നൊക്കെ പറയപ്പെടുന്ന മതനവീകരണചിന്തകള്‍ കടന്നുവന്നത്. സീതിസാഹിബ്, കെ.എം. മൗലവി, ഇ.കെ. മൗലവി, മണപ്പാട് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഐക്യ സംഘം രൂപീകരിക്കുകയും അതിന്റെ വാര്‍ഷിക പരിപാടികള്‍ നടത്തുകയും ചെയ്തു. ഒന്നാം വാര്‍ഷികത്തില്‍ തന്നെ വക്കം മൗലവി സംഘത്തിന്റെ തനിനിറം വ്യക്തമാക്കി സംസാരിച്ചു. സമുദായത്തില്‍ ആദര്‍ശ അനൈക്യം സൃഷ്ടിക്കുക എന്നതായിരുന്നു അത്. മലബാറിലേക്കും തങ്ങളുടെ വാദങ്ങളും സംഘടനയും എത്തിക്കുന്നതിന് അവിടുത്തെ പണ്ഡിത സാന്നിധ്യം തടസ്സമായി ഐക്യ സംഘം സ്രഷ്ടാക്കള്‍ കരുതിപ്പോന്നു.

രണ്ടാം വാര്‍ഷികം ആലുവയില്‍ നടത്തിയപ്പോള്‍ കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പേരില്‍ ഒരു പണ്ഡിതസംഘടന രൂപീകരിച്ചു. തങ്ങള്‍ക്ക് പണ്ഡിത പിന്തുണയുണ്ടെന്ന് വരുത്താനായിരുന്നു ഇത്. പുതിയ സംഘടനയുടെ 3-ാം സമ്മേളനം കോഴിക്കോട്ട് വെച്ചാക്കാന്‍ തീരുമാനിച്ചു. പണ്ഡിതന്മാരുടെ എതിര്‍പ്പിനെ കുതന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കുന്നതില്‍ വിജയിച്ച ഐക്യസംഘത്തിന്റെ സമ്മേളനം ഒരു വിധത്തില്‍ നടന്നു. വിശുദ്ധ ഇസ്‌ലാമിന്റെ പേരില്‍ പുത്തന്‍വാദം പ്രചരിപ്പിച്ചും മുസ്‌ലിം സമൂഹത്തെ സ്വയം പിഴച്ചവരായും പിഴപ്പിക്കുന്നവരായും അവതരിപ്പിച്ചുകൊണ്ടുള്ള സംഘത്തിന്റെ രീതിശാസ്ത്രം മലബാറിലെ ആലിമീങ്ങള്‍ക്ക് നന്നായി ബോധ്യപ്പെടാനീ സമ്മേളനം അവസരമൊരുക്കി.

നബി(സ്വ)യുടെ അരുമശിഷ്യരായ സ്വഹാബികളില്‍നിന്ന് മതം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായവരാണ് നാം. അന്നുതുടങ്ങി നൂറ്റാണ്ടുകളായി ആചരിച്ചും അനുഷ്ഠിച്ചും വരുന്ന കാര്യങ്ങളെ ശിര്‍ക്കും ബിദ്അത്തും കുഫ്‌റുമാക്കിയും അത് പ്രവര്‍ത്തിക്കുന്നവരെ മതത്തില്‍നിന്ന് പുറത്താക്കിയുമാണ് വഹാബിസംഘത്തിന്റെ അരങ്ങ് വാഴ്ച. മലബാറിലേക്ക് കൂടി ഇത് വ്യാപിക്കാന്‍ തുടങ്ങിയ ഈ ഘട്ടത്തില്‍ പണ്ഡിതന്മാര്‍ ഉത്തരവാദിത്ത നിര്‍വഹണത്തിനു തയ്യാറായി. പൂര്‍വികരായ പണ്ഡിത മഹത്തുക്കളുടെ മാതൃക അവര്‍ക്കതിനു പ്രചോദനമേകി. പുത്തന്‍വാദത്തിന് തടയിടുന്നതിന് പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിച്ചേ മതിയാവൂ എന്നതില്‍ ആലിമുകള്‍ യോജിച്ചു. 1925-ല്‍ തന്നെ കുറ്റിച്ചിറയില്‍ ഏതാനും ആലിമുകള്‍ യോഗം ചേര്‍ന്ന് കൂടിയാലോചന നടത്തി. ആ സഭയില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യ രൂപം പിറന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത കാട്ടുമുണ്ട പള്ളി ഖബ്ര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന കെ.പി. മുഹമ്മദ് മീരാന്‍ മുസ്‌ലിയാര്‍ ഇതിന്റെ പ്രസിഡന്റും കോഴിക്കോട്ടെ പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയുമായി.

ഈ സഭയുടെ തുടര്‍ പ്രചാരണത്തിനും ഇതര പണ്ഡിതരിലേക്ക് സന്ദേശമെത്തിക്കുന്നതിനുമായി പണ്ഡിത പ്രതിഭകള്‍ കഠിന പ്രയത്‌നം തന്നെ നടത്തി. 1925 ജൂണ്‍ മാസത്തിലായിരുന്നു ഐക്യസംഘത്തിന്റെ കോഴിക്കോട്  സമ്മേളനം. അതിനടുത്ത ദിവസങ്ങളില്‍തന്നെയാണ് സുന്നി പണ്ഡിത സമ്മേളനവും നടന്നത്. ഇതിനെ തുടര്‍ന്ന് 1925-ല്‍ തന്നെ ചാലിയത്ത് പ്രചാരണ സമ്മേളനം നടന്നു. സംഘടന രൂപീകരിച്ച ഉടന്‍ ആലിമീങ്ങള്‍ പ്രവര്‍ത്തനഗോദയിലിറങ്ങുകയുണ്ടായി. അങ്ങിങ്ങായി ആത്മീയ നേതൃത്വം നല്‍കുകയും ദര്‍സ് നടത്തി ഒതുങ്ങിക്കഴിയുകയും ചെയ്തിരുന്ന പണ്ഡിതന്മാരെ ഓരോരുത്തരെയായി കണ്ടു ഇവര്‍ കാര്യങ്ങളുണര്‍ത്തി. എടവണ്ണയിലും കോഴിക്കോടും മറ്റും വിശദീകരണ സമ്മേളനങ്ങളും നടത്തി. 1926 ജൂണ്‍ 26-ന് വിപുലമായ പണ്ഡിത സമ്മേളനം കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്നു. അതില്‍ വെച്ചാണ് ആധികാരിക പണ്ഡിത മുശാവറ രൂപീകരിച്ചത്. അങ്ങനെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിറന്നു.

കോഴിക്കോട് കേന്ദ്രീകരിച്ച് ജ്ഞാന വെളിച്ചവും ആത്മീയ പ്രഭയും പകര്‍ന്നിരുന്ന പ്രസിദ്ധനായ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്റും പി.വി. മുഹമ്മദ് മുസ്‌ലിയാര്‍ സെക്രട്ടറിയുമായി. പ്രഥമ സമസ്ത മുശാവറയില്‍ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഫള്ഫരി, മീറാന്‍ മുസ്‌ലിയാര്‍ തിരുവാലി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി. സംഘടിതരായ പണ്ഡിതര്‍ കൂടിയാലോചിച്ച് ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ മുന്നേറി. പുത്തന്‍വാദികളുടെയും വ്യാജ ആത്മീയവാദികളുടെയും പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും അതോടെ വഴിമുട്ടിത്തുടങ്ങി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ ആലിമീങ്ങള്‍ നടത്തിയ പ്രചാരണ പ്രബോധന മുന്നേറ്റത്തിന്റെ സദ്ഫലമാണ് കേരള മുസ്‌ലിംകളുടെ ആത്മീയ ആദര്‍ശ സംശുദ്ധി. സമസ്ത പ്രതിനിധാനം ചെയ്യുന്ന ആദര്‍ശ ആത്മീയ സരണികള്‍ക്ക് വിരുദ്ധമായി ഉടലെടുത്ത കേരളീയ പ്രസ്ഥാനങ്ങളനവധിയാണ്. അവകളുയര്‍ത്തിയ വെല്ലുവിളിയും നടത്തിയ കുതന്ത്രങ്ങളും ധാരാളം. പക്ഷേ സമസ്ത എന്ന ആദര്‍ശ പ്രസ്ഥാനം ആര്‍ജ്ജവത്തോടെ കര്‍മഭൂമിയില്‍ ജാഗ്രത്തായി മുന്നേറുന്നു.

കാലവും സമൂഹവും തേടിയതൊന്നും സമസ്ത ഏറ്റെടുക്കാതിരുന്നില്ല. ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രചാരണ പ്രബോധനത്തുടര്‍ച്ചയും സമൂഹത്തിന്റെ ആത്മീയ പരിരക്ഷയും ഉറപ്പാക്കിയാണതിന്റെ ജൈത്രയാത്ര. സമ്മേളനങ്ങള്‍, സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സ്ഥാപനങ്ങള്‍, കീഴ്ഘടകങ്ങള്‍, പോഷക ഘടങ്ങള്‍, ആനുകാലികങ്ങള്‍, പരിശീലനക്കളരികള്‍, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ സാന്ത്വന സേവനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമുദായ നവോത്ഥാനത്തിന് ആവശ്യമായവ നടത്തിയും സംഘടിപ്പിച്ചുമാണതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം. അക്ഷരത്തിലും അര്‍ത്ഥത്തിലും മുസ്‌ലിം സമുദായത്തിന്റെ വ്യക്തിത്വത്തെ ഊര്‍ജസ്വലമാക്കിയ നവോത്ഥാന പ്രസ്ഥാനം സമസ്തയാണ്. മൂല്യം ചോര്‍ന്നിട്ടില്ലാത്ത, വക്രതയേതുമില്ലാത്ത യഥാര്‍ത്ഥ നവോത്ഥാനം.സമസ്ത നിര്‍വഹിച്ച നവോത്ഥാന ദൗത്യത്തിന്റെ സത്ഫലത്തെയാണ് മലയാളനാട്ടിലെ പല സംഘടനകളും ഉപജീവിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

സമസ്തയുടെയും സംഘകുടുബത്തിന്റെയും നാളുകളോരോന്നും കേരള മുസ്‌ലിം ചരിത്രത്തോട് ചേര്‍ത്തിവെക്കണം. ആത്യന്തികമായി സമസ്ത സാധിച്ചത് വിജയകരമായ മുന്നേറ്റമാണ്.

കനല്‍ കൂനകളെ വകഞ്ഞുമാറ്റി, അക്രമത്തിന്റെ ചടുലനര്‍ത്തകരെ സ്തബ്ധരാക്കിയുള്ള ഈ സാര്‍ത്ഥവാഹക സംഘമുന്നേറ്റം പുതിയൊരു ചരിത്രാധ്യായം തീര്‍ക്കുകയാണ് തൃശൂരില്‍, നവോത്ഥാനക്കുതിപ്പിന് ഗതിവേഗം പകരാന്‍.

 

സമസ്തയെ നയിച്ചവര്‍

പ്രസിഡന്റുമാര്‍

വരക്കല്‍ സയ്യിദ് മുല്ലക്കോയ തങ്ങള്‍ 1926 – 1932

പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ 1933 – 1945

അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ വാളക്കുളം 1946 – 1965

കെ.കെ. സദഖത്തുള്ള മുസ്‌ലിയാര്‍ വണ്ടൂര്‍ 1966 – 1967

കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ 1967 – 1989

സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി 1989 – 2014

എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 2014 – 2015

ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ 2015 –

ജന. സെക്രട്ടറിമാര്‍

പി.വി. മുഹമ്മദ് മുസ്‌ലിയാര്‍ കോഴിക്കോട് 1926 – 1950

പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ 1951 – 1957

ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ 1957 – 1989

കാന്തപുരം എ.പി. അബൂക്കര്‍ മുസ്‌ലിയാര്‍ 1989 –

പ്രഥമ പണ്ഡിത കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട താല്‍ക്കാലിക സമിതി ചെയര്‍മാന്‍ പി.കെ. മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ (തിരുവാലി)യും കണ്‍വീനര്‍ പാറോല്‍ ഹുസൈന്‍ മൗലവിയുമായിരുന്നു.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ