തന്റെ സഹോദരനെ സഹായിക്കുന്ന അടിമയെ അല്ലാഹു സഹായിക്കും എന്നർത്ഥം വരുന്ന തിരുവചനമുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുവാൻ സാധിക്കുകയെന്നത് അല്ലാഹു നൽകുന്ന വലിയ അനുഗ്രഹമാണ്. കാരണം അപരന്റെ പ്രശ്‌നങ്ങൾക്ക് നാം പരിഹാരം തേടിയാൽ നമ്മുടെ കാര്യങ്ങൾക്ക് അല്ലാഹു പരിഹാരം നൽകും. ഈ തിരുവചനത്തിന് ശക്തിപകരുന്ന ഒരുപാട് ജീവിതാനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു കാര്യം പറയാം.
വെല്ലൂർ ബാഖിയാത്തിൽ പഠിക്കുമ്പോഴാണ് സംഭവം. ‘മുവത്വ’ ഫൈനൽ പരീക്ഷയാണ് നാളെ. ഏറ്റവും പ്രയാസമുള്ള ഭാഗങ്ങളാണ് പരീക്ഷക്കുള്ളത്. നാല് മദ്ഹബുകളുടെയും അഹ്കാമുകൾ വ്യക്തമാക്കണം. അവസാനവട്ട ഒരുക്കങ്ങളുമായി ഞങ്ങളുടെ റൂമിലാണ് വിദ്യാർത്ഥികളെല്ലാം ഒരുമിച്ച് കൂടിയിരിക്കുന്നത്. അതിനിടക്കാണ് തലശ്ശേരിക്കാരനായ ഒരു ഉസ്താദ് റൂമിലേക്ക് കയറിവന്നത്. വളരെ അവശനാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. പരീക്ഷാ ചൂടിലായത് കൊണ്ടുതന്നെ അയാളുടെ ആവലാതികൾക്ക് ആരും ചെവികൊടുത്തില്ല. ഇദ്ദേഹത്തിന്റെ വിഷയത്തിന് സമയം ചെലവിട്ടാൽ അത് പരീക്ഷാ റിസൾട്ടിനെ ബാധിക്കുമെന്ന ഉൾഭയത്താലാകാം ഓരോരുത്തരായി റൂമിൽ നിന്നിറങ്ങി. അവസാനം ഞാനും അയാളും മാത്രമായി. പരീക്ഷയോർത്തപ്പോൾ എങ്ങനെയെങ്കിലും അവിടന്ന് പുറത്തുകടക്കണമെന്നു തന്നെയായിരുന്നു എന്റെയും മനസ്സിൽ. ഞാനും റൂം വിട്ട് പോരാൻ വേണ്ടി എഴുന്നേറ്റു. ‘ഞാനും കൂടി പോയാൽ ഇദ്ദേഹത്തെ ആര് പരിചരിക്കും’ എന്നൊരു ചിന്ത ആ നിമിഷം എന്റെ ഹൃദയത്തിലേക്കോടിയെത്തി. പിന്നെ ഒന്നും ആലോചിച്ചില്ല, പരീക്ഷയെ അപ്പോഴത്തെ സാഹചര്യം പോലെ നേരിടാം; ഇപ്പോൾ ഇദ്ദേഹത്തിനാവശ്യമുള്ളത് ചെയ്തുകൊടുക്കാം എന്നുറപ്പിച്ചു. അങ്ങനെ അദ്ദേഹത്തിനാവശ്യമായ പരിഗണനയും പരിചരണവും നൽകി. സങ്കടങ്ങൾ കേട്ടു. ക്ഷീണമകറ്റാനവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുത്തു.
ഏതായാലും പരീക്ഷ കഴിഞ്ഞു ഹാളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ഇന്നലെ കുറെ നേരം അദ്ദേഹത്തിനു വേണ്ടി മുടക്കിയെങ്കിലും പരീക്ഷ കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ടെന്നൊരു തോന്നലായിരുന്നു മനസ്സിൽ. ഫലം പ്രസിദ്ധീകരിച്ചപ്പോൾ അത്ഭുതം! അല്ലാഹുവിന്റെ അപാരമായ തൗഫീഖ് കൊണ്ട് എനിക്ക് നൂറിൽ നൂറ് മാർക്കും ലഭിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്! ബുദ്ധിമുട്ടിയവർക്ക് സഹായസഹകരണങ്ങളും സേവനവും ലഭ്യമാക്കിയാൽ അല്ലാഹു നമ്മുടെ വിഷമങ്ങൾ ഏറ്റെടുത്തു നികത്തുമെന്ന് അനുഭവബോധ്യമായ നിമിഷമായിരുന്നു അത്. സമാനമായ അനുഭവമുണ്ടായ പലരും നിങ്ങളിലുമുണ്ടാവാം. അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ നമുക്കാവണം.
സമയക്കുറവും വ്യക്തിപരമായുണ്ടാകുന്ന നഷ്ടങ്ങളും കരുതി പലപ്പോഴും സേവന മേഖലകളിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുന്നവരുണ്ട്. അത്തരം ചിന്തകൾ നമ്മുടെ ബുദ്ധിമോശം കൊണ്ടുണ്ടാകുന്നതാണ്. അല്ലാഹു നമുക്ക് വിധിച്ചത് മറ്റൊരാളിലേക്കെത്തുകയില്ല. അത് എങ്ങനെയും അവസാനം നമ്മിൽ തന്നെ വന്നു ചേരും. എന്നാൽ ഒഴികഴിവുകൾ പറഞ്ഞ് ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറിനിൽക്കുകയോ സേവന വിമുഖരാവുകയോ ചെയ്താൽ അതിന്റെ പ്രതിഫലനം മറ്റൊരു വശത്തിലൂടെ നമുക്ക് വിനയായിമാറും.
അശ്‌റഫുൽ ഖൽഖിന്റെ തിരുവചനം ഓർമയില്ലേ: ‘വല്ലവനും ഒരു മുഅ്മിനിന്റെ പ്രയാസം ദൂരീകരിച്ചാൽ അല്ലാഹു അവന്റെ പ്രയാസവും ദൂരീകരിക്കും.’ ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്ത ഹദീസാണിത്. നമുക്കിന്ന് ഭയങ്കര തിരക്കാണ്. നിന്ന് തിരിയാൻ സമയമില്ലെന്നാണ് വെയ്പ്. ചുറ്റിലും നടക്കുന്നതൊന്നും നമ്മളറിയുന്നില്ല. പലരും സഹായമാവശ്യപ്പെട്ട് നമ്മളെ സമീപിക്കുന്നു. അവരെ ശപിച്ച് കൊണ്ട് നമ്മൾ ആട്ടിയകറ്റുന്നു. ആർക്കു വേണ്ടിയാണീ തിരക്കഭിനയം? സ്വന്തത്തിന് വേണ്ടിയോ? ഭാര്യ, മക്കൾക്ക് വേണ്ടിയോ? സമ്പത്തിന് വേണ്ടിയോ? എവിടെയാണിതൊന്നവസാനിക്കുക?
ഈ ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; മരണത്തിൽ. അതോ അവിടെയും നമ്മൾ ധൃതി കാണിക്കുമോ? ആഗ്രഹമുണ്ടാകും, പക്ഷേ സാധിക്കില്ല. ഈ ഭൗതിക ലോകത്തെ തിരക്കിട്ട ജീവിതത്തിനിടയിൽ മറന്ന പലതും അന്ന് നമ്മൾ ഓർക്കും. ഒരു നിമിഷം തന്റെ വണ്ടിയൊന്ന് നിറുത്തി അയാൾക്കൊരു ലിഫ്റ്റ് നൽകിയിരുന്നെങ്കിൽ, ആ യാചകനെ നോക്കി ഒന്ന് പുഞ്ചിരിച്ചിരുന്നെങ്കിൽ, അയാൾക്കൊരിറക്ക് വെള്ളം, അന്നം നൽകിയിരുന്നെങ്കിൽ… ഒരുപക്ഷേ അതിന്നെനിക്ക് ദ്രുതഗതിയിൽ സഞ്ചരിക്കാനുള്ള പുണ്യമായേനെ. പക്ഷേ, ഇനി പറഞ്ഞിട്ടെന്ത് കാര്യം. അവസരം കഴിഞ്ഞില്ലേ?
ഖബറിൽ ഇത്തരമൊരു നഷ്ടബോധം, നൈരാശ്യം നമുക്ക് ഉണ്ടാകാതിരിക്കാനാണ് ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തോട് പ്രവാചകർ(സ്വ) മുമ്പേ പറഞ്ഞുവച്ചത്, ‘നിങ്ങൾ മാലോകരോട് കരുണ കാണിക്കൂ, എങ്കിൽ വാനത്തിന്റെ അധിപൻ നിങ്ങളോടും കരുണ കാണിക്കും’. നമ്മൾ ഇവിടെ ചെയ്യുന്ന ഓരോ സൽകർമത്തിന്റെയും പ്രതിഫലം മഹത്തരമായിരിക്കും. അല്ലാഹു നമുക്ക് സുവർണാവസരങ്ങൾ വെച്ച് നീട്ടുന്നുണ്ട്. പക്ഷേ നാം സ്വീകരിക്കുന്നില്ല.
പ്രതീക്ഷിക്കാതെ പല കാര്യങ്ങളും നമുക്ക് എളുപ്പമാകാറില്ലേ? ‘ഞാൻ അത് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിച്ചാരിച്ചിലുന്നില്ല’എന്നാശ്ചര്യപ്പെടാറില്ലേ? പലപ്പോഴും അതിനെല്ലാം കാരണമായിട്ടുണ്ടാവുക നാം മുമ്പാർക്കോ ചെയ്തുകൊടുത്ത ഉപകാരമായിരിക്കാം. അതുകൊണ്ട് മുമ്പിലെത്തുന്ന ആരെയും നാം നിസ്സാരവത്കരിക്കരുത്. കാരണം അയാളായിരിക്കാം ഒരുപക്ഷേ നമ്മുടെ അന്തിമ വിജയത്തിലേക്കുള്ള ലളിത വഴി.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ