Shaikh Rifaee R

സൃഷ്ടികൾക്ക് കാരുണ്യം ചെയ്യുന്നവർക്ക് സ്രഷ്ടാവായ അല്ലാഹു കരുണ ചെയ്യും. ഭൂവാസികൾക്ക് നിങ്ങൾ കരുണ ചെയ്യുക. എങ്കിൽ വാനത്തിന്റെ അധിപനായ അല്ലാഹു നിങ്ങളോടും കാരുണ്യം കാണിക്കും (ഹദീസ്).
സാമൂഹ്യ ജീവിയായ മനുഷ്യന് പരസ്പരം ആശ്രയിച്ച് മാത്രമേ മുന്നോട്ടു പോവാൻ സാധിക്കൂ. അതുകൊണ്ടാണ് പാരസ്പര്യബോധം എന്നത് കുലീനമാകുന്നതും സ്വാർത്ഥത വെറുക്കപ്പെടുന്നതും. അപരന്റെ ആവശ്യ പൂർത്തീകരണത്തിന് തയ്യാറാകുന്ന വിശാല മനസ്‌കതയാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. സഹജീവിസ്‌നേഹമില്ലാതെ സ്വന്തത്തിലേക്ക് മാത്രം ചുരുങ്ങുന്ന സ്വാർത്ഥ ഭാവത്തെ ശക്തമായ ഭാഷയിലാണ് തിരുനബി(സ്വ) വിമർശിച്ചിട്ടുള്ളത്. അവിടന്ന് പറഞ്ഞു: ‘സ്വന്തത്തിന് ലഭിക്കാൻ ആഗ്രഹിക്കുന്ന നേട്ടങ്ങളെല്ലാം അപരനും ലഭിക്കണമെന്ന വിശാല മനസ്‌കത ആർജിക്കാത്തവരുടെ വിശ്വാസം പൂർത്തീകരിക്കപ്പെടുകയില്ല.’ സാന്ത്വന പ്രവർത്തനങ്ങൾക്ക് ഇസ്‌ലാം നൽകുന്ന പ്രാധാന്യം ഈ തിരുവചനം ഉണർത്തുന്നുണ്ട്. ഇഹലോകത്തിന്റെ നശ്വരതയിൽ നിന്ന് പരലോകത്തിന്റെ അനശ്വരതയിലേക്ക് യാത്ര തിരിക്കുന്ന മനുഷ്യന് ശാശ്വത വിജയം ലഭിക്കാനുള്ള മാനദണ്ഡമാണ് വിശ്വാസ പൂർത്തീകരണം. അതിന് സാന്ത്വന പ്രവർത്തനത്തിന് തയ്യാറുള്ള ഹൃത്തടം അനിവാര്യമാണ്. മാനുഷിക ഗുണങ്ങളിൽ ഉന്നതമാണ് സാന്ത്വനം. അല്ലാഹുവിന് ഏറെ ഇഷ്ടവും. ഒരു ഹദീസിൽ ‘പരോപകാരികളെയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം’ എന്നു കാണാം.
വേദനകൾ വിഭിന്നമാണ്. അപരന്റെ ആവശ്യത്തിനനുസരിച്ചാണ് സാന്ത്വനം വേണ്ടത്. നല്ല വാക്കിലൂടെയും അതു നൽകാം. പ്രാർത്ഥന കൊണ്ടും ഉപദേശം കൊണ്ടും കൈതാങ്ങ് കൊണ്ടും സ്‌നേഹം കൊടുത്തും സമ്പത്ത് കൊണ്ടുമെല്ലാം സാന്ത്വനമേകാം. വിശക്കുന്നവന് ഭക്ഷണമായും രോഗാതുരന് ഔഷധമായും ലഹരിക്കടിപ്പെട്ടവന് യുക്ത സമീപനവുമായെല്ലാം അത് നൽകാനാവും.
അപരന്റെ വേദനയറിഞ്ഞ് ഇടപെടലുകൾ നടത്തുന്നവരാണ് സത്യവിശ്വാസികൾ. അതിനായി സമയവും സമ്പത്തും ചെലവഴിക്കുന്നവരാണവർ. അവർക്ക് തുല്യതയില്ലാത്ത പ്രതിഫലമറിയിച്ച് കൊണ്ടുള്ള തിരുവചനങ്ങൾ കാണാം. ഖുർആൻ പറയുന്നു: ‘അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഏഴ് ധാന്യക്കുലകൾ മുളപ്പിച്ച ഒരു വിത്ത് പോലെയാണ്. ഓരോ കുലയിലും നൂറു വിത്തുകളുണ്ട്. അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ പ്രതിഫലം ഇരട്ടിയാക്കും. അവൻ എല്ലാം അറിയുന്നവനും എല്ലാം വിശാലമാക്കുന്നവനുമാണ്’ (അൽബഖറ: 261). അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ നിങ്ങളുടെ സമ്പത്ത് ചെലവഴിക്കുക. നിങ്ങളുടെ കൈകൾ നാശത്തിലേക്കിടരുത്. നന്മ ചെയ്യുക. നിശ്ചയം അല്ലാഹു നന്മ ചെയ്യുന്നവരെ ഇഷ്ടപ്പെടും (2/195).
ഉമർ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ‘നിശ്ചയം വിശ്വാസിയുടെ ഉപമ തേനീച്ചയെപ്പോലെയാണ്. അവനോട് നീ സഹവസിച്ചാൽ നിനക്കവൻ ഉപകാരം ചെയ്യും. അവനോട് നീ കൂടിയാലോചന നടത്തിയാൽ നിനക്ക് നന്മ ഉപദേശിക്കും. അവനുമായി കൂട്ടുകൂടിയാൽ അവൻ ഉപകാരം ചെയ്യും. അവന്റെ എല്ലാ കാര്യങ്ങളും നന്മയാണ്. തേനീച്ചയും ഇപ്രകാരമാണ്. അതിന്റെ എല്ലാ കാര്യങ്ങളും നന്മയത്രെ.’
മറ്റൊരു ഹദീസ്: ‘ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ ആക്രമിക്കുകയോ അക്രമത്തിന് സഹായിക്കുകയോ ഇല്ല. ഒരാൾ തന്റെ സഹോദരന്റെ ആവശ്യ പൂർത്തീകരണത്തിനിറങ്ങിയാൽ അവന്റെ ആവശ്യം അല്ലാഹു പൂർത്തീകരിക്കും. ഒരാൾ അപരന്റെ പ്രയാസം പരിഹരിച്ചാൽ അന്ത്യനാളിൽ അവന്റെ പ്രയാസം പരിഹരിക്കപ്പെടാൻ അത് കാരണമാവും (ബുഖാരി). വേദനിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാൻ അൽപ്പമെങ്കിലും വിശ്വാസം മനതലത്തിലുള്ളവർക്ക് സാധ്യമല്ല. കാരണം വിശുദ്ധ ഇസ്‌ലാം സാന്ത്വന പ്രവർത്തനങ്ങൾക്ക് അത്രമേൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം. തിരുനബി(സ്വ)യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അടിമകളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളവർ ആരാണ്?
തിരുദൂതർ പറഞ്ഞു: ജനങ്ങൾക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവർ.
വീണ്ടും ചോദ്യം: ഏറ്റവും ശ്രേഷ്ഠതയുള്ള സൽകർമമേതാണ്?
നബി(സ്വ): വിശ്വാസിയുടെ ഹൃദയത്തിൽ സന്തോഷമേകുക.
വീണ്ടും ചോദിച്ചു: ‘വിശ്വാസിയുടെ സന്തോഷമെന്താണ്?
നബി(സ്വ): അവന്റെ വിശപ്പകറ്റുക, അവന്റെ സങ്കടം തീർക്കുക, അവന്റെ കടം വീട്ടുക, ആരെങ്കിലും തന്റെ സഹോദരനോടൊപ്പം അവന്റെ ആവശ്യനിർവഹണത്തിനായി നടന്നാൽ അവൻ ഒരു മാസം നോമ്പെടുക്കുകയും ഇഅ്തി കാഫിരിക്കുകയും ചെയ്തവനെപ്പോലെയാണ്. മർദിതന്റെ കൂടെ അവന്റെ സഹായിയായി ആരെങ്കി ലും നിലകൊണ്ടാൽ കാലുകൾക്ക് ഇടർച്ച വരുന്ന ദിവസം അവന്റെ കാലുകൾ അല്ലാഹു ഉറപ്പിച്ച് നിർത്തും. തന്റെ ദേഷ്യം അടക്കി നിർത്തിയവന്റെ ന്യൂനത അല്ലാഹു മറച്ചുവെക്കും. സുർക്ക തേനിനെ നശിപ്പിക്കും പ്രകാരം നിശ്ചയം ദു:സ്വഭാവം സൽകർമങ്ങളെ നശിപ്പിക്കുന്നതാണ് (ഹിൽയതുൽ ഔലിയാഅ്).
നബിജീവിതത്തിൽ സാന്ത്വനത്തിന്റെ മഹിതമായ നിരവധി മാതൃകകൾ കാണാം. സച്ചരിതരായ മുൻഗാമികളുടെ ജീവിതവും പരോപകാരങ്ങളുടെ ശോഭയാർന്ന നിരവധി ഉദാഹരണങ്ങൾ കൊണ്ട് സമ്പന്നമാണ്. അധ്യാത്മിക ലോകത്തെ ചക്രവർത്തിയായ ശൈഖ് അഹ്‌മദുൽ കബീർ രിഫാഈ(റ) തീർത്ത സാന്ത്വന മാതൃകകൾ നിസ്തുലമാണ്. ലോകാവസാനം വരെയുള്ള വിശ്വാസികൾക്ക് ദിശ കാണിക്കുന്നതാണ് മഹാന്റെ ധന്യജീവിതം. കുഷ്ഠം പിടിച്ച നായയെ ജനങ്ങൾ ആട്ടിയോടിക്കുമ്പോൾ ശൈഖ് രിഫാഈ(റ) പന്തൽ കെട്ടി ഭക്ഷണവും വെള്ളവും മരുന്നും നൽകി നാൽപത് ദിവസം അതിനെ പരിപാലിച്ചതു പ്രസിദ്ധം. രോഗം സുഖപ്പെട്ടു. ചൂട് വെള്ളം കൊണ്ട് അതിനെ കുളിപ്പിച്ചു വൃത്തിയാക്കിയ ശേഷം മഹാൻ ആ സാധു ജീവിയെ നാട്ടിലേക്ക് കൊണ്ടുവന്നു. ആളുകൾ അതിശയപ്പെട്ടപ്പോൾ അദ്ദേഹം പ്രതിവചിച്ചു: ‘അല്ലാഹുവിന്റെ കോടതിയെ ഞാൻ ഭയപ്പെടുന്നു. ഈ നായക്ക് നിന്റെ അരികിൽ കാരുണ്യമുണ്ടായിരുന്നില്ലേ എന്ന അവന്റെ ചോദ്യം ഞാനെങ്ങനെ നേരിടും?’
മറ്റൊരിക്കൽ ശൈഖ് രിഫാഈ(റ)ന്റെ കുപ്പായക്കയ്യിന്റെ താഴ്ഭാഗത്ത് ഒരു പൂച്ച കിടന്നുറങ്ങിപ്പോയി. നിസ്‌കാര സമയമായപ്പോൾ അദ്ദേഹം പള്ളിയിലേക്കിറങ്ങുമ്പോഴും പൂച്ച നല്ല ഉറക്കിലായിരുന്നു. ശൈഖവർകൾ പൂച്ചയെ ഉണർത്താതെ കുപ്പായക്കൈ മുറിച്ച് അതിന് സൗകര്യം ചെയ്തുകൊടുക്കുകയും കീറിയ കുപ്പായം ധരിച്ച് മഹാൻ പള്ളിയിലേക്ക് പോവുകയുമുണ്ടായി. തിരിച്ചുവന്നപ്പോഴേക്ക് പൂച്ച ഉണർന്നെഴുന്നേറ്റ് പോയിട്ടുണ്ടായിരുന്നു. അതിനാൽ ആ കഷ്ണം കുപ്പായത്തിലേക്ക് തുന്നിച്ചേർത്തു (നൂറുൽ അബ്‌സ്വാർ).
അസ്ഥി തുളക്കുന്ന ശൈത്യമുള്ള ഒരു ദിവസം ശൈഖവർകൾ വുളൂ ചെയ്യുമ്പോൾ കൈ കുറേ സമയം നീട്ടിപ്പിടിച്ചിരുന്നു. അപ്പോൾ ഒരാൾ വന്ന് മഹാന്റെ കൈ പിടിച്ചു ചുംബിച്ചു. ഉടനെ ശൈഖ് പറഞ്ഞു: ‘താങ്കൾ ദുർബലയായ ഒരു ജീവിയുടെ ഭക്ഷണം മുടക്കിയല്ലോ. ഒരു കൊതുക് എന്റെ കയ്യിൽ നിന്ന് രക്തം കുടിക്കുകയായിരുന്നു. നിന്നെപ്പേടിച്ച് അത് പറന്നകന്നു’ (നൂറുൽ അബ്‌സ്വാർ).
മനുഷ്യർക്കും ഇതര ജീവികൾക്കും കാരുണ്യം പ്രദാനിക്കുന്നതായിരുന്നു ശൈഖ് രിഫാഈ(റ)ന്റെ ജീവിതം. യാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോൾ നാടിനടുത്തെത്തിയാൽ കാട്ടിൽ കയറി വിറക് ശേഖരിക്കുകയും കൈവശം കരുതിയ കയർ കൊണ്ട് കെട്ടി ചുമന്ന് കൊണ്ടുവരുകയും ചെയ്യും. ഇതു കണ്ട് കൂടെയുള്ള ശിഷ്യന്മാരും അപ്രകാരം ചെയ്യും. ആ വിറക് മുഴുവൻ വിധവകൾ, അഗതികൾ, തളർന്നവർ, രോഗികകൾ, അന്ധന്മാർ, പ്രായമായവർ തുടങ്ങിയവർക്ക് വിതരണം ചെയ്യുകയും ചെയ്യും.
ആരെങ്കിലും വന്നു വല്ല ആവശ്യവും പറഞ്ഞാൽ അതിന്റെ പൂർത്തീകരണത്തിനാവശ്യമായ ഇടപെടലുകൾ നടത്താൻ മഹാൻ മടികാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖനായിരുന്നു ശൈഖ് ജമാലുദ്ദീനുൽ ഖത്വീബ്. അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ ഫലഭൂയിഷ്ഠമായ ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടം തനിക്കു ലഭിച്ചാൽ കുടുംബത്തിന് വലിയ സഹായകമാവുമെന്ന് മനസ്സിലാക്കി അദ്ദേഹം അത് വിലയ്ക്കു വാങ്ങാനാഗ്രഹിച്ചു. ശൈഖിന്റെ മറ്റൊരു ശിഷ്യനായ ഇസ്മാഈലുബ്‌നു അബ്ദിൽ മുൻഇമാണ് തോട്ടത്തിന്റെ ഉടമ. തന്റെ സമ്പാദ്യങ്ങളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതാണീ തോട്ടം. അതിനാൽ തന്നെ ശൈഖ് ജമാൽ സമീപിച്ചപ്പോൾ അദ്ദേഹം അത് വിൽക്കാൻ തയ്യാറായില്ല. നിരാശനായ അദ്ദേഹം ഗുരു ശൈഖ് രിഫാഈ(റ)ന്റെ മുമ്പിൽ വിഷയമവതരിപ്പിച്ചു. തോട്ടം വിൽക്കാൻ ഉടമസ്ഥനോട് ശിപാർശ ചെയ്യാനഭ്യർത്ഥിച്ചു. ശിഷ്യന്റെ ആഗ്രഹമനുസരിച്ച് ശൈഖ് തോട്ടത്തി ന്റെ ഉടമയെ കണ്ടു സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: ‘തോട്ടം ഞാൻ വിൽക്കാം. പക്ഷേ വിലയായി എനിക്ക് സ്വർഗം വാങ്ങിത്തരണം.’ അൽപ നേരം മൗനിയായ ശേഷം രിഫാഈ(റ) പറഞ്ഞു: ‘താങ്കൾ ആവശ്യപ്പെട്ട പ്രകാരം വിലയായി സ്വർഗത്തിന് പകരം ഈ തോട്ടം നിങ്ങളിൽ നിന്ന് ഞാൻ വാങ്ങിയിരിക്കുന്നു.’ അപ്പോൾ ശൈഖ് ഇസ്മാഈൽ പറഞ്ഞു: എങ്കിൽ അതെനിക്ക് ഒരു കരാറായി എഴുതിത്തരണം. മഹാൻ ഉടനെ എഴുതിക്കൊടുക്കുകയും ചെയ്തു. അപ്പോൾ തന്നെ അദ്ദേഹം തോട്ടം ശൈഖ് ജമാലിന് കൈമാറി. ശൈഖ് എഴുതി നൽകിയ കരാർ പത്രം ഭദ്രമായി സൂക്ഷിച്ചുവെച്ചു. താൻ മരണപ്പെട്ടാൽ ആ എഴുത്ത് കഫൻ പുടവയിൽ വെക്കണമെന്ന് അദ്ദേഹം കുടുംബത്തോട് വസ്വിയ്യത്ത് ചെയ്തു. പിന്നീടദ്ദേഹം മരണപ്പെട്ടപ്പോൾ മക്കൾ അപ്രകാരം ചെയ്തു. മറവ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പിതാവിനെ സിയാറത്ത് ചെയ്യാനെത്തിയ മക്കൾക്ക് ഖബറിന്റെ പുറത്ത് നിന്ന് ഒരു കടലാസ് ലഭിച്ചു. ‘അല്ലാഹുവിന്റെ വാഗ്ദത്തം അവൻ കൃത്യമായി പാലിച്ചിരിക്കുന്നു’ എന്നർത്ഥം വരുന്ന ഖുർആൻ ആയത്തായിരുന്നു അതിൽ (ജാമിഉ കറാമത്തിൽ ഔലിയാഅ്).

അസീസ് സഖാഫി വാളക്കുളം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ