ശിഷ്യന് ഗുരുവിനോട് തനിക്ക് ഒരു പുതിയ വസ്ത്രം വേണമെന്നറിയിച്ചു. അദ്ദേഹം തന്റെ റൂമിലുണ്ടായിരുന്ന പുതിയൊരു വസ്ത്രം എടുത്തുനല്‍കി. സന്തുഷ്ടനായി ശിഷ്യന് തിരിച്ചുപോയി. സന്ധ്യയോടെ ഗുരു ശിഷ്യനോട് ചോദിച്ചു:
നീ തൃപ്തനല്ലേ, ഇനി മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?
ഇല്ല. ഞാന്‍ തികച്ചും സന്തുഷ്ടനാണ്, എന്നായിരുന്നു മറുപടി. ഗുരു വളരെ ജിജ്ഞാസയോടെ ചോദിച്ചു:
നിന്റെ പഴയ വസ്ത്രം എന്തു ചെയ്തു?
‘അത് ഞാന്‍ കിടക്കുന്ന പായയുടെ മുകളില്‍ വിരിക്കാനായി മാറ്റിവെച്ചിരിക്കുന്നു’
അപ്പോള്‍ നേരത്തെ പായക്ക് മുകളില്‍ വിരിച്ചിരുന്ന തുണിയോ?
‘അത് ഞാന്‍ ജനലിന് മറയാക്കി’
നേരത്തേ ജനല്‍ തുണി കൊണ്ട് മറച്ചിരുന്നില്ലേ?
‘അതേ, പക്ഷേ അതിപ്പോള്‍ ഞാന്‍ അടുക്കളയില്‍ ഉപയോഗിക്കാന്‍ മാറ്റിവെച്ചിരിക്കുന്നു.’
അപ്പോള്‍ അടുക്കളയിലെ പഴയ ശീലയോ?
‘അത് റാന്തല്‍ വിളക്ക് തുടക്കാന്‍ ഉപയോഗിക്കുന്നു.’
നേരത്തെ റാന്തല്‍ തുടച്ചിരുന്നതോ?
‘അതുകൊണ്ടാണ് റാന്തലിന് തിരിയിട്ടിരിക്കുന്നത്. പഴയത് കത്തിത്തീര്‍ന്നിരിക്കുന്നു.’
കുടുംബ ബജറ്റിന് ഏറ്റവും ഉത്തമമായ ഒരു കഥയാണിത്. ശിഷ്യന്റെ ഈ രീതി വീടുകളില്‍ പ്രാവര്‍ത്തികമാക്കാവുന്നതാണ്. ഏതൊരു വസ്തുവിന്റെയും ഉപയോഗം പരമാവധിയാക്കുക. അങ്ങനെ സാമ്പത്തിക ലാഭം നേടുക. ഉപയോഗ ശൂന്യമായ ഒരു വസ്ത്രം അടുത്ത അഞ്ച് കാര്യങ്ങള്‍ക്ക് പ്രത്യേകം ചെലവ് വരാതെ പുനരുപയോഗിക്കാന്‍ കഴിഞ്ഞു എന്നത് ലളിതജീവിതത്തിന് മാത്രമല്ല ദുരുപയോഗം തടയാനും ഏറെ സഹായകമാകും.
പഴവര്‍ഗങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വില കുത്തനെ കുതിച്ചുകൊണ്ടിരിക്കുമ്പോള് സാമ്പത്തിക ഭദ്രതക്ക് കുടുംബത്തില്‍ ചില നീക്കുപോക്കുകള്‍ അത്യാവശ്യമാണ്. വിലക്കുറവ് ഇനി പ്രതീക്ഷിക്കാവതല്ല. വസ്തുക്കള്‍ക്ക് വില കൂടുമ്പോള്‍ അതിനെ നേരിടുന്നതിനുള്ള വഴികള്‍ സ്വീകരിക്കുകയാണ് പകരം ചെയ്യേണ്ടത്. സാമ്പത്തികാസൂത്രണം വഴി ഭാവിയില്‍ ദരിദ്ര ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനും മിച്ചവരുമാനം ഉണ്ടാക്കിയെടുക്കാനും കഴിയും. അതിനുപയുക്തമായ ചിലത് കുടുംബിനികള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
ഒന്ന്, ചോര്‍ച്ച തടയുക. പണമുണ്ടാക്കാനുള്ള വഴികള്‍ പലര്‍ക്കും അറിയാം. പക്ഷേ, പണം ചോരുന്ന വഴികള്‍ ശ്രദ്ധിക്കാറില്ല. ഒരു വീട്ടില്‍ എല്ലാവര്ക്കും ഓരോ കാറുണ്ടെന്ന് സങ്കല്‍പ്പിക്കുക. അല്ലെങ്കില്‍ ബൈക്ക്. ഒരേ സ്ഥലത്തേക്കാണ് പോകേണ്ടതെങ്കിലും എല്ലാവരും അവരവരുടെ വാഹനങ്ങള്‍ എടുത്തുപോകുന്നതിനു പകരം ഒരു വാഹനത്തില്‍ പോകുമ്പോള്‍ ലാഭമേറെയാണ്. ഇതുപോലെ അനാവശ്യമായി റൂമുകളില്‍ ബള്‍ബുകള്‍ കത്തിക്കൊണ്ടിരിക്കാറുണ്ട്. ബാത്ത്റൂമില്‍ പ്രത്യേകിച്ചും. മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും അനാവശ്യമായി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കും. ഇത് കരണ്ട് ബില്ലില്‍ വര്‍ധനവുണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോരുത്തരും വ്യത്യസ്ത സമയങ്ങളില്‍ ഇസ്തിരിയിടുന്നത് അമിതമായി വൈദ്യുതി ഉപയോഗം ഉണ്ടാക്കുകയും സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും.
ഗ്യാസ് ഉപയോഗിക്കുമ്പോഴും ഇതുപോലെ സാമ്പത്തിക ചോര്ച്ചയുണ്ടാവാറുണ്ട്. ഗ്യാസ് സ്റ്റൗ തുറന്നിട്ടതിനു ശേഷം കുറേസമയം കഴിഞ്ഞിട്ടാണ് പലരും അതിനു മുകളില്‍ പാത്രം വെക്കുന്നത്. അതുവരെ ഗ്യാസ് പാഴാകുന്നു. ഓരോരുത്തര്‍ക്കും മൊബൈല്‍ ഫോണുള്ളതുകൊണ്ട് സ്വന്തമായി വിളിക്കുന്നതിനും മറ്റും കൂടുതല്‍ പണം ചെലവഴിക്കുന്നു. നെറ്റ് സൗകര്യം കൂടി ഉള്ളതാണെങ്കില്‍ പണം ചോരുന്ന വഴി കാണില്ല.
വീടുമായും ജോലിയുമായും ബന്ധപ്പെട്ട ഏതു മേഖലയിലും സാമ്പത്തിക ചോര്‍ച്ച വരാന്‍ സാധ്യതയുള്ളവയുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ കുറച്ചൊക്കെ സാമ്പത്തിക ഭദ്രയുണ്ടാക്കാന് കഴിയും. സാമ്പത്തികാസൂത്രണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വരുമാനത്തെക്കുറിച്ചുള്ള ധാരണ. മാസത്തില്‍ എത്ര വരുമാനമുണ്ട് എന്ന് ആദ്യം നോക്കുക. ഒരു മാസത്തേക്ക് ഏറ്റവും പ്രസക്തമായതും തീരെ പ്രസക്തമല്ലാത്തതുമായ ആവശ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. അതിനു ശേഷം ഓരോന്നിനും എത്ര പണം നീക്കിവെക്കണമെന്ന് തീരുമാനിക്കുക.
ഭക്ഷണം, വിദ്യാഭ്യാസം, യാത്ര, വസ്ത്രങ്ങള്‍ തുടങ്ങിയവക്കുള്ള ചെലവുകള്‍ മുന്‍കൂട്ടി കാണുക. കുടുംബ ബജറ്റില്‍ ഏറെ പ്രസക്തമാണിത്. പണം കൊടുത്ത് വാങ്ങുന്ന ഉല്പന്നം ഗുണനിലവാരമുള്ളതാണോ എന്നുറപ്പുവരുത്തുകയും വേണം. പരസ്യത്തിന്റെ മായാവലയത്തില്‍ പെട്ട് സാധനങ്ങള്‍ വാങ്ങി കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയാതെ വീണ്ടും അതേ വസ്തു തന്നെ വാങ്ങേണ്ടി വരുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട പണമാണ്.
കടയില്‍ നിന്ന് ഒരു സാധനം വാങ്ങുമ്പോള്‍ അതിന്റെ വില, ഗുണനിലവാരം കമ്പനി തുടങ്ങിയവ പരിശോധിക്കണം. ഒറിജിനലിന് വേണ്ട പണത്തേക്കാള്‍ കൂടുതല്‍ ഡ്യൂപ്ലിക്കേറ്റിന് നല്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. ഷോപ്പിംഗില്‍ പലപ്പോഴും ഗുണനിലവാരം പരിഗണിക്കാറില്ല. നമുക്കുവേണ്ട സാധനത്തിന് 150 രൂപയാണ്, അതേ സാധനം 140 രൂപക്ക് മറ്റൊരു കടയില്‍ നിന്ന് ലഭിക്കുമെന്ന് കണ്ടാല്‍ പോലും ചിലപ്പോള്‍ ആ കടയിലേക്ക് പോകാന്‍ മടികാണിക്കും ചിലര്‍. പത്തു രൂപയല്ലേ, എന്ന മനോഭാവം. അങ്ങനെ നൂറു തവണ നഷ്ടപ്പെടുമ്പോള്‍ 1000 രൂപയാണ് വെറുതെ കളയുന്നത്.
ഓരോ മാസവും വരുമാനവും ചെലവും എഴുതിവെക്കുന്നത് നല്ലതാണ്. ഒരു വര്‍ഷത്തെ സാമ്പത്തിക നില മനസ്സിലാക്കാന്‍ ഇതു സഹായിക്കും. സാമ്പത്തിക ഭദ്രതക്ക് വീട്ടില്‍ തന്നെ പല കാര്യങ്ങളും ചെയ്യാനാവും. കൃഷിത്തോട്ടം ഉദാഹരണം. കൃഷിത്തോട്ടം ചിലപ്പോള്‍ വരുമാനമാര്‍ഗവുമാകും. കരകൗശല നിര്‍മാണം, അഗ്രികള്‍ച്ചറല്‍ നഴ്സറി തുടങ്ങിയവയും വരുമാന മാര്‍ഗങ്ങളില്‍ പെട്ടതാണ്. നിത്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരിനമാണ് മണിമാനേജ്മെന്റ്. കുട്ടികള്‍ ആവശ്യപ്പെടുന്ന സര്‍വ വസ്തുക്കളും വാങ്ങിക്കൊടുക്കുമ്പോള്‍ സ്വന്തമായി പണം നിക്ഷേപം നടത്തുന്നതിനുള്ള വഴികള്‍ അവര്‍ കണ്ടുപഠിക്കില്ല. പണം മിച്ചംവെക്കാന്‍ ചെറുതിലേ കുട്ടികളെ ശീലിപ്പിക്കണം.
ഭക്ഷ്യസാധനങ്ങളുടെ ഉപയോഗം വേണ്ട അളവില്‍ കൂടാതിരിക്കുക പ്രധാനമാണ്. വീട്ടിലെ അംഗങ്ങള്‍ക്ക് അനുസരിച്ച് ഭക്ഷണം പാകം ചെയ്താല്‍ വേയ്സ്റ്റാക്കി തട്ടുന്നത് ഒഴിവാക്കാം. ആഘോഷങ്ങള്‍ക്ക് വരുന്ന അനാവശ്യ ചെലവുകള്‍ നേരത്തെ കണ്ടറിഞ്ഞ് ഒഴിവാക്കുക. സാമ്പത്തിക ഭദ്രത നല്കുന്ന മാനസിക സന്തുഷ്ടി ചെറുതല്ലെന്ന് ഓര്‍ക്കുക.
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി