ബസ്റ്റാന്‍റില്‍ നിന്നാണ് ആ നോട്ടീസ് കിട്ടിയത്. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും അഡ്രസും വെച്ചുള്ള നോട്ടീസിന്റെ ഉള്ളടക്കം ഇതാണ്: അരീക്കോട്, ഇരുവേറ്റിയിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയുടെ ഹൃദയവാല്‍വ് തകരാറിലാണ്. തിരുവനന്തപുരം ശ്രീചിത്തിര ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന അവള്‍ക്ക് അടിയന്തിരമായി ഓപറേഷന്‍ വേണം. ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ ഹോസ്പിറ്റലില്‍ കെട്ടിവെക്കണം. ആ നിര്‍ധന കുടുംബം നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് നിലമ്പൂരിലെ കലാസംഘത്തെപ്പറ്റി അറിയുന്നതും സമീപിച്ചതും. മുമ്പും നിങ്ങള്‍ തന്ന സഹായത്താല്‍ കഷ്ടപ്പെടുന്ന എട്ടു നിര്‍ധന കുടുംബങ്ങളെ തുണച്ചതുപോലെ ഈ വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ നിലനിര്‍ത്തുവാനും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.’
ബസ്റ്റാന്‍റിന്റെ കിഴക്കുവശത്ത് ഇവരുടെ ബാനറുകളും ബോര്‍ഡുകളുമൊക്കെയുള്ള വാഹനവുമുണ്ട്. മൈക്സെറ്റും ലൈറ്റ് അറേജ്മെന്‍റുമെല്ലാമുള്ള വാഹനം. ഒരു ചെറുപ്പക്കാരന്‍ മൈക്ക് പിടിച്ച് ഈണത്തില്‍ പാടുകയാണ്. രണ്ടുമൂന്ന് ചെറുപ്പക്കാര്‍ നാലുപാടും ബക്കറ്റുമായി സംഭാവനക്കായി ഓടിനടക്കുന്നുമുണ്ട്. സുമനസ്സുകള്‍ സഹായ ഹസ്തം നീട്ടിക്കൊണ്ടിരിക്കുന്നു.
സമൂഹത്തിലേക്ക് കണ്ണുതുറക്കുമ്പോഴുള്ള കാഴ്ച ഹൃദയഭേദകം. ഹാര്‍ട്ട് രോഗികള്‍, രണ്ടു കിഡ്നിയും നശിച്ചവര്‍, കാന്‍സര്‍ പോലുള്ള മാരക രോഗബാധിതര്‍ ഇങ്ങനെ ലക്ഷക്കണക്കിന് രൂപ പണച്ചെലവുള്ള ചികിത്സക്കു മുമ്പില്‍ പകച്ചുനില്‍ക്കുന്നവര്‍. ഇവര്‍ക്കൊരു കൈത്താങ്ങായി വര്‍ത്തിക്കുന്നവരാരായാലും പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇസ്‌ലാമികമായി ചിന്തിക്കുമ്പോള്‍ ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ആരാധനയുടെ ഭാഗമാണ്. യുവാക്കള്‍ മുന്നിട്ടിറങ്ങുമ്പോള്‍ അതു കുറച്ചുകൂടി മാറ്റുള്ളതാകും. ഈ ഹദീസ് ശ്രദ്ധിക്കുക: ‘അധിക ജനങ്ങളും വഞ്ചിതരാവുന്ന രണ്ടു അനുഗ്രഹങ്ങളുണ്ട്; ആരോഗ്യവും ഒഴിവു സമയവുമത്രെയത്.’ ആരോഗ്യമുള്ള സമയം ഇത്തരം സേവന പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുമ്പോള്‍ നിര്‍മാണാത്മകമായ സല്‍സംരംഭങ്ങള്‍ക്കാണ് യുവാക്കള്‍/ബഹുജനങ്ങള്‍ തുടക്കമിടുന്നത്.
ചിലരെങ്കിലും ഉന്നയിക്കുന്ന ഏതാനും സംശയങ്ങളുണ്ട്. കിട്ടുന്ന പണം മുഴുവന്‍ അര്‍ഹരിലേക്ക് എത്തുന്നുണ്ടോ? സ്വന്തം പോക്കറ്റിലേക്ക് പോകുന്നുണ്ടോ? പാവനമായ ഇത്തരം പദ്ധതികള്‍ വളരെ സുതാര്യമാക്കാന്‍ ശ്രദ്ധിക്കുകയാണിതിനുള്ള പരിഹാരം. പഞ്ചായത്ത് തലത്തില്‍ ഒരു സമതിയുണ്ടാക്കി അവിടെ കണക്കുകള്‍ ബോധിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ തെറ്റിദ്ധാരണകള്‍ നീങ്ങാന്‍ അതു കാരണമാകും.
സന്നദ്ധസേവകരാണെങ്കിലും അവരുടെ കുടുംബവും കഴിഞ്ഞുപോകണമല്ലോ. ഉപജീവനത്തിന് വഴിയില്ലാതെ വെറും സേവനവുമായി അധികകാലം അവര്‍ക്കും മുന്നോട്ടു നീങ്ങാനാകില്ല. അതുകൊണ്ടുതന്നെ മുഴുസമയ സേവകരായി ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് വേതനം നിശ്ചയിക്കാവുന്നതാണ്. പദ്ധതി പൂര്‍ത്തീകരണം ഫലപ്രദമാവാന്‍ അതു ഗുണകരമാവും.
മുസ്‌ലിം ചെറുപ്പക്കാര്‍ക്ക്, വിശിഷ്യാ സുന്നീ പ്രവര്‍ത്തകര്‍ക്ക് ഈ രംഗത്ത് മികച്ച സേവനം അര്‍പ്പിക്കാനാവും. സംഘടനാ തലത്തിലുള്ള ‘സാന്ത്വനം’ പരിപാടികളുടെ ഭാഗമായും ഇതു ചെയ്യാം. സ്വന്തത്തിലുപരി ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ളവര്‍ക്ക് മാത്രമേ സേവനമേഖലയില്‍ സജീവമാകാന്‍ കഴിയൂ. സാമ്പത്തിക സമാഹരണവും തുടര്‍ന്നുള്ള സഹായ വിതരണവുമായതിനാല്‍ ആക്ഷേപങ്ങളും പഴിവാക്കുകളും ധാരാളം കേള്‍ക്കേണ്ടി വരിക സ്വാഭാവികം. അതു കാര്യമാക്കാതെ മുന്നേറണം. മനസ്സലിവും സഹജീവി സ്നേഹവുമുള്ളവര്‍ക്കേ ഈ രംഗത്ത് പിടിച്ചുനില്‍ക്കാനാവൂ. നിശ്ചയ ദാര്‍ഢ്യത്തിന്റെ മുമ്പില്‍ മറ്റെല്ലാ കടമ്പകളും നിസ്സാരം. സാര്‍ത്ഥവാഹക സംഘം മുന്നോട്ട്.
ബഷീര്‍ അബ്ദുല്‍കരീം സഖാഫി വാണിയമ്പലം