School premam

സിനിമയും സീരിയലും സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുന്നതിനെക്കുറിച്ച് ഈ പംക്തിയിൽ മുമ്പ് എഴുതിയിട്ടുണ്ട്. അവ ഒരു ഭ്രാന്തൻ അഭിനിവേശത്തിലേക്കു വഴിമാറുന്നതാണ് സമീപ കാലാനുഭവങ്ങൾ. ‘ദൃശ്യം’ സിനിമ പിന്നീടു നടന്ന പല കൊലപാതകങ്ങൾക്കും വഴികാണിച്ചത് ഏറെ ചർച്ചയായതാണ്. പിതാവിനെ കൊന്ന മക്കളും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ അരുംകൊല നടത്തിയവരും തയ്യാറെടുപ്പ് നടത്തിയപ്പോൾ മാരകായുധങ്ങൾക്കൊപ്പം ഈ സിനിമയും കൂടെ കൂട്ടിയിരുന്നു.

അഞ്ചു മുതൽ പതിനൊന്നു വരെയുള്ള നാൽപതിലധികം പിഞ്ചു കുഞ്ഞുങ്ങളെ ലൈംഗിക പീഡനം നടത്തി കൊലപ്പെടുത്തിയ ഡൽഹിക്കാരൻ പറഞ്ഞത്, മാ എന്ന സിനിമ കാണുന്നതു വരെ അവൻ നല്ല കുട്ടിയായിരുന്നുവെന്നാണ്. പിന്നെ ഈ വിധത്തിലേക്ക് പരിവർത്തിതനായത്രെ! സിനിമ കൊണ്ടുള്ള ദൂഷ്യങ്ങൾ ഇങ്ങനെ എത്രയോ പറയാനുണ്ട്.

‘പ്രേമം’ പോലുള്ള സിനിമകൾ സമൂഹത്തെ പൊതുവായും യുവാക്കളെ പ്രത്യേകമായും വഴിതെറ്റിക്കുന്നതിനെക്കുറിച്ച് കേരള ഡിജിപി സെൻകുമാർ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. അവ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്ന് മറ്റു പല പ്രമുഖരും തുറന്നുപറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി തെസ്‌നി ബഷീർ എന്ന മിടുക്കിപ്പെൺകുട്ടി ദാരുണമായി മരണപ്പെട്ടത്, ‘പ്രേമ’ത്തിൽ നിന്ന് പ്രചോദിതരായി കുടിച്ച് കൂത്താടിയ ചില ചെകുത്താന്മാരുടെ തേരോട്ടത്തിലായിരുന്നല്ലോ. പ്രസ്തുത സിനിമയിലെ നായകന്റെയും ‘കൂതറ’ കൂട്ടുകാരുടെയും വാക്കും വേഷവും സംസ്‌കാരവും മീശചുരുട്ടലും അനുകരിക്കുന്നവർ നാട്ടിലാകെ നിറഞ്ഞാടുന്നത് ദുഃഖത്തോടെ കാണേണ്ടി വരുന്നു.

ഓണാഘോഷവും ക്ലബ്ബ് വാർഷികങ്ങളും കാമ്പസിലെ യാത്രയയപ്പുകളും പോകട്ടെ, വലിയ പ്രതീക്ഷകളുമായി രണ്ടു കുടുംബം അഭിമാന പൂർവം സംഘടിപ്പിക്കുന്ന കല്യാണങ്ങൾ പോലും ഇങ്ങനെ മലിനമാകുന്നത് കണ്ടുനിന്ന് മൂകസാക്ഷിയാകേണ്ടതാണോ? നിരവധി ബൈക്കുകളിലും ട്രാക്റ്റർ, ജെസിബി പോലുള്ളവയിലും കറുത്ത ഷർട്ടും വെള്ള/മെറൂൺ കളർ മുണ്ടുമുടുത്ത് ഭീകരമായി ബഹളമുണ്ടാക്കിയും ഡാൻസ് ചെയ്തും വിവാഹ വേദികൾ അലങ്കോലമാക്കുകയാണ് ലക്ഷ്യബോധം തീരെ സ്പർശിച്ചിട്ടില്ലാത്ത ഈ സ്വപ്ന ജീവികൾ.

ഇനി സിനിമയിലെ നായകൻ ചെയ്യുന്നതു പോലെ സ്വന്തം അധ്യാപികയെ പ്രേമിച്ച് ചുറ്റിയടിക്കുക കൂടി ചെയ്യുമ്പോൾ ധാർമികതയും സദാചാരവും കേട്ടുകേൾവിയായ ഒരു തലമുറ സൃഷ്ടിക്കപ്പെടും. അതിനിടക്ക് എത്ര ബന്ധങ്ങൾ ഛിദ്രമാകുമെന്നതും പാവപ്പെട്ടവർ കൊല്ലപ്പെടുമെന്നതും കണ്ടുതന്നെ അറിയണം.

ക്രൈം റിപ്പോർട്ടുകളുടെ പിൻബലത്തോടെ തോന്നിവാസ ചിത്രങ്ങൾ നിരോധിക്കാൻ പറഞ്ഞ പോലീസ് ഓഫീസറെ പരിഹസിച്ച് കാർട്ടൂൺ കോളങ്ങൾ സജീവമാക്കിയ മാതൃഭൂമി പോലുള്ളവ പക്ഷേ കൊണ്ടേ അറിയാനിടയുള്ളൂ, തസ്‌നിക്കു പകരം സ്വന്തം പുത്രി പകരം വന്നിരിക്കണമെന്ന് മാത്രം.

You May Also Like

ഉള്ഹിയ്യത്തിന്റെ കർമശാസ്ത്ര പാഠങ്ങൾ

അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്ത്. സൂറത്തുൽ…

ഗോവിന്ദ ചാമി ഓര്‍മപ്പെടുത്തുന്നത്

ഗോവിന്ദചാമിയുടെ വധശിക്ഷ ഹൈക്കോടതി ശതിവച്ചതോടെ മറന്നു തുടങ്ങിയ സൗമ്യ വധക്കേസ് വീണ്ടും മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി.…

തർക്കം പരിഹാരമല്ല

തർക്കം ഒരു നല്ല മാർഗമല്ല, യഥാർഥ പരിഹാരവുമല്ല. താൽക്കാലികമായി പിടിച്ചുനിൽക്കാനും ദുരഭിമാനം നിലനിർത്താനും കഴിയുമായിരിക്കും. എന്നാൽ…

● ഹാദി