മുല്ലപ്പൂ വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകളുടെ ആത്യന്തിക ഫലം എത്രമാത്രം ജനാധിപത്യവിരുദ്ധവും കലുഷിതവുമാണെന്ന് സിറിയ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലും ലിബിയയിലും യമനിലുമൊക്കെ ചെന്ന മുല്ലപ്പൂ മണം അതത് ദേശങ്ങളിലെ മനുഷ്യജീവിതത്തെ കൂടുതല്‍ ദുരന്തപൂര്‍ണമാക്കുകയാണ് ചെയ്തത്. ടുണീഷ്യയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ജനഹിതം മാനിക്കപ്പെടുന്നത്. അവിടുത്തെ സഖ്യ കക്ഷിവ്യവസ്ഥയും വിപ്ലവത്തിന്റെ മഹത്തായ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയിരിക്കുന്നു. സയണിസ്റ്റ്, സാമ്രാജ്യത്വ കേന്ദ്രങ്ങളില്‍ തയ്യാറാക്കപ്പെട്ട നിഗൂഢമായ പദ്ധതിയായിരുന്നു ഈ പ്രക്ഷോഭങ്ങളെന്ന സത്യമാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്. അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് കയറിപ്പറ്റാമെന്ന വ്യാമോഹം സലഫീ, ഇസ്ലാമിസ്റ്റ്, ശിയാ ശക്തികളില്‍ അങ്കുരിപ്പിക്കുകയും ആ ആഗ്രഹപൂര്‍ത്തീകരണത്തിന് അവരെ ആയുധമണിയിക്കുകയുമാണ് ഉണ്ടായത്. സിറിയയില്‍ ബ്രദര്‍ഹുഡും അസംഖ്യം വഹാബീ ഗ്രൂപ്പുകളുമാണ് അധികാരം പിടിക്കാനിറങ്ങിയതെങ്കില് യമനില്‍ ഹൂതികളായിരുന്നു. ലിബിയയില്‍ അല്‍ ഖാഇദയുമായി ബന്ധമുള്ള ഗ്രൂപ്പുകളും മിലീഷ്യകളുമാണ് ഗദ്ദാഫിയുടെ പതനത്തിനായി ആയുധമെടുത്തത്. ഈജിപ്തില്‍ ഇഖ്വാനികള്‍ ജനാഭിലാഷത്തെ അട്ടിമറിച്ച് അധികാരം പിടിക്കുകയും ഒടുവില്‍ ജനരോഷത്തില്‍ താഴെ വീഴുകയും ചെയ്തു. അവിടെ ഹുസ്നി മുബാറക്കിന്റെ തനി തുടര്‍ച്ചയായ അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്ക് അധികാരത്തില്‍ വരാന്‍ വഴികാണിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇഖ്വാനികള്‍ ചെയ്തത്.
2011-ലാണ് സിറിയയില്‍ പ്രക്ഷോഭം തുടങ്ങുന്നത്. ബശര്‍ അല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. തൊട്ടുമുമ്പത്തെ രണ്ട് വര്‍ഷം രാജ്യം കടന്ന് പോയ കടുത്ത വരള്‍ച്ച സമ്പദ്വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള വ്യാപക കുടിയേറ്റം നഗരപ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ നിത്യസംഭവമാക്കി മാറ്റി. ഈ പ്രശ്നങ്ങളോട് അസദ് ഭരണകൂടം ക്രൂരമായാണ് പ്രതികരിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചു. സ്വാഭാവികമായും ഇത് യുവാക്കളില്‍ വലിയ അമര്‍ഷമുണ്ടാക്കി. അവര്‍ തെരുവിലിറങ്ങി. ആ ഘട്ടത്തില്‍ അത് നിരായുധമായ പ്രക്ഷോഭം തന്നെയായിരുന്നു. ബശര്‍ അല്‍ അസദിന്റെ പിതാവ് ഹാഫിസ് അല്‍ അസദ് തന്റെ ഭരണകാലത്ത് ഹമയില്‍ ഉയര്‍ന്നുവന്ന ഇത്തരം പ്രക്ഷോഭത്തെ കൂട്ടക്കൊല നടത്തിയാണ് അടിച്ചമര്‍ത്തിയത്. സിറിയന്‍ ബ്രദര്‍ഹുഡായിരുന്നു ആ പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍. ജൂനിയര്‍ അസദും ഇതേ ക്രൗര്യം പുറത്തെടുക്കുമെന്ന് വ്യാപക പ്രചാരണമുണ്ടായി. അതോടെ അസദിന്റെ സൈന്യത്തില്‍ നിന്നു പുറത്ത് കടന്ന ചിലര്‍ ചേര്‍ന്ന് ഫ്രീ സിറിയന്‍ ആര്‍മിയുണ്ടാക്കി. ഇതിനോട് ചേര്‍ന്ന് ഏതാനും സലഫീ ഗ്രൂപ്പുകളും രംഗത്ത് വന്നു. ഈ ഘട്ടമെത്തിയപ്പോഴേക്കും പ്രക്ഷോഭം അട്ടിമറിക്കപ്പെട്ടു. അത് സായുധ ഏറ്റുമുട്ടലായി കലാശിച്ചു. അസദിന്റെ സൈന്യത്തിന് മുന്നില്‍ പലതട്ടില്‍ നില്ക്കുന്ന ഈ ചെറു സംഘങ്ങള്‍ ഒന്നുമായിരുന്നില്ല. ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്ന സൈനിക ദൗത്യം. ഇവിടെയാണ് നിര്‍ണായകമായ വെട്ടിത്തിരിച്ചില്‍ സംഭവിച്ചത്. അസദ് വിരുദ്ധ ഗ്രൂപ്പുകള്‍ക്കെല്ലാം എവിടെ നിന്നൊക്കെയോ ആയുധം കിട്ടാന്‍ തുടങ്ങി. സൈന്യത്തെ വെല്ലുവിളിക്കാവുന്ന നിലയിലേക്ക് അവ വളര്‍ന്നു. സി ഐ എയുടെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിമത ഗ്രൂപ്പുകളെ പരിശീലിപ്പിച്ചു. അമേരിക്ക കൃത്യമായി അസദ്വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചു. ചില അറബ് രാജ്യങ്ങളും ഒപ്പം കൂടി. തുര്‍ക്കിയും ആ ചേരിയിലായിരുന്നു.
അലവൈറ്റ് ശിയാ ആണ് അസദ്. രാജ്യത്തെ പത്ത് ശതമാനം മാത്രം വരുന്ന ജനസംഖ്യയുടെ പ്രതിനിധി. ഈ വസ്തുത മാത്രം മതിയായിരുന്നു ആഭ്യന്തര സംഘര്‍ഷത്തിന് വംശീയതയുടെ നിറം കൈവരാന്‍. ഇറാനും ലബനാനും അസദിനെ സഹായിക്കാന്‍ ഇറങ്ങിയതോടെ സ്ഥിതി സങ്കീര്‍ണമായി. തങ്ങളുമായി അതിര്‍ത്തി പങ്കിടുകയും അതിര്‍ത്തിതര്‍ക്കം നിലനില്ക്കുകയും ചെയ്യുന്ന സിറിയയില്‍ ഇറാന് സ്വാധീനം ചെലുത്തുന്നത് ഇസ്റാഈല്‍ നോക്കി നില്‍ക്കില്ലല്ലോ. അവരും ഇറങ്ങി കളത്തില്‍. ജൂതരാഷ്ട്രത്തിന്റെ സൈനിക ശക്തിയും അസദ്വിരുദ്ധരെയാണ് ശക്തിപ്പെടുത്തിയത്. 2014 ആകുമ്പോഴേക്കും ഇസില്‍ തീവ്രവാദികള്‍ കൂടി സിറിയയില്‍ പിടിമുറുക്കി. അമേരിക്കന്‍ ഇടപെടലിന് ഇത് ന്യായീകരണമായി. സംയുക്ത ഇസില്‍വിരുദ്ധ നീക്കം തുടങ്ങി. ഈ പഴുതിലൂടെ റഷ്യയും രംഗപ്രവേശം ചെയ്തു. നേരത്തേ തന്നെ യു എന്നില്‍ അസദിനെ സംരക്ഷിച്ച് നിര്‍ത്തുന്ന റഷ്യ പ്രത്യക്ഷത്തില്‍ ഇറങ്ങുന്നത് ഈ ഘട്ടത്തിലാണ്. അമേരിക്ക-റഷ്യ നിഴല്‍ യുദ്ധമായി സിറിയന്‍ ആഭ്യന്തര സംഘര്‍ഷം മാറുകയായിരുന്നു. ഇസിലിനെ നേരിടാനെന്ന വിമത ഗ്രൂപ്പുകള്‍ക്ക് വേണ്ടിയായിരുന്നു. ഇസിലിന് നേരെ ഉന്നം വെച്ച റഷ്യന്‍ ബോംബുകള്‍ ചെന്ന് പതിച്ചത് വിമത ക്യാമ്പുകളിലുമായിരുന്നു. സിറിയ നിരവധി താത്പര്യങ്ങളുടെ സംഘട്ടന ഭൂമിയായി മാറിയെന്ന് ചുരുക്കം.
ഇന്നിപ്പോള്‍ സംഘര്‍ഷത്തിന്റെ എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 4,65,000 പേര് പേര് മരിച്ചു വീണിരിക്കുന്നു. 1.2 കോടി മനുഷ്യര്‍ അഭയാര്‍ത്ഥികളായി. മൊത്തം ജനസംഖ്യയുടെ പകുതിയും ഭവനരഹിതരായിരിക്കുന്നു. വാസയോഗ്യമല്ലാത്ത ഇടമായി ഈ രാജ്യം അധഃപതിച്ചു. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ചരിത്ര ശേഷിപ്പുകള്‍ മുഴുവന്‍ തുടച്ചു നീക്കുന്നു. ഇസ്ലാമിക നാഗരികതയുടെ ശേഷിപ്പുകളാല്‍ സമ്പന്നമായ അലെപ്പോ, ദമസ്കസ്, ഇദ്ലിബ്, റഖ, ദേര്‍അസൂര്‍, ഹംസ്, ഹമ തുടങ്ങി സിറിയയിലെ നഗരങ്ങളും ഗ്രാമങ്ങളും കരളലിയിപ്പിക്കുന്ന ദുരന്തങ്ങളുടെ പര്യായമായിരിക്കുകയാണ്. സിറിയന്‍ ജനതക്ക് സ്വന്തം മണ്ണില്‍ ഇടമില്ലാതായിരിക്കുന്നു. അവര്‍ അയല്‍ രാജ്യങ്ങളുടെ ഔദാര്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ദമസ്കസിനോട് ചേര്‍ന്ന കിഴക്കന്‍ ഗൂതയില്‍ നിന്നാണ് കൂട്ടക്കുരുതിയുടെ കരള്‍പിളര്‍ക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ വരുന്നത്. കാര്‍ഷിക സമൃദ്ധമായ ഈ പ്രദേശത്തേക്ക് മറ്റിടങ്ങളില്‍ നിന്ന് നിരവധി പേര് പലായനം ചെയ്തെത്തിയിരുന്നു. അതിനിടയിലേക്ക് അല്‍ ഖാഇദയുടെയും ഫ്രീ സിറിയന്‍ ആര്‍മിയുടെയും അന്നുസ്റ പോലുള്ള സലഫീ ഗ്രൂപ്പുകളുടെയും തീവ്രവാദികള്‍ നുഴഞ്ഞ് കയറി. അവര്‍ സാധാരണ മനുഷ്യരെ കവചമാക്കി മാറ്റുകയായിരുന്നു. ദമസ്കസിനോട് ചേര്‍ന്ന് ഇങ്ങനെയൊരു കേന്ദ്രം ഉയര്‍ന്നു വരുന്നത് അസദിന് സഹിക്കാനാകില്ലല്ലോ. അതിക്രൂരമായ ആക്രമണം അഴിച്ചു വിട്ടു സര്‍ക്കാര്‍. രൂക്ഷമായ ബോംബിംഗ്. ആശുപത്രികള്‍, സ്കൂളുകള്‍, വീടുകള്‍… ബോംബാക്രമണത്തില്‍ നിന്ന് ഒന്നും ഒഴിഞ്ഞില്ല. സിവിലിയന്മാരെ തന്നെയാണ് കൊന്ന് തള്ളുന്നത്. റഷ്യന്‍ വിമാനങ്ങളും ബോംബ് വര്‍ഷിക്കുന്നു. ഗൂതയിലെ കുട്ടികളുടെ കരച്ചില് ലോകത്താകെ മുഴങ്ങുകയാണ്.
ബോംബ് വര്‍ഷത്തില്‍ തല തകര്‍ന്ന കുഞ്ഞിനെ മാറോടടക്കി എങ്ങോട്ടെന്നില്ലാതെ പാഞ്ഞ് പോകുന്ന പിതാവ്. എല്ലാം ഞാന്‍ പടച്ച റബ്ബിനോട് പറഞ്ഞുകൊടുക്കുമെന്ന അവസാന മൊഴി ബാക്കിയാക്കി നക്ഷത്ര കണ്ണുകള്‍ എന്നന്നേക്കുമായി അടയ്ക്കുന്ന കുഞ്ഞ്. കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടുന്ന ഉമ്മമാര്. സ്വന്തം ജനതക്ക് മേല്‍ മാരകമായ രാസായുധം പ്രയോഗിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ബശര്‍ അല്‍ അസദ്. അയാള്‍ക്ക് കാവലൊരുക്കുന്ന വ്ളാദമീര്‍ പുടിന്. അസദിനെ താഴെയിറക്കിയിട്ടേ വിശ്രമമുള്ളൂ എന്ന് ശഠിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം. അയല്‍ക്കാരെല്ലാം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് സ്വയം സങ്കല്‍പ്പിച്ച് എല്ലാ തരത്തിലും കുത്തിത്തിരിപ്പുകള്‍ സൃഷ്ടിക്കുന്ന ജൂതരാഷ്ട്രം. പുറത്തു നിന്നുള്ളവരില്‍ നിന്ന് ആളും അര്‍ത്ഥവും ആയുധവും വാങ്ങി സ്വന്തം നാട്ടില്‍ അരാജകത്വം വിതക്കുന്ന ഇസ്ലാമിസ്റ്റ്, വഹാബി, വിമത(തീവ്രവാദ)ഗ്രൂപ്പുകള്‍. വംശീയതയുടെ പേരില്‍ ഇറങ്ങിക്കളിക്കുന്ന ഇറാന്. സ്വന്തം സുരക്ഷിതത്വത്തിന്റെ പേര് പറഞ്ഞ് അഫ്രിനില്‍ കുര്‍ദുകളെ മുച്ചൂടും മുടിക്കാനിറങ്ങിയ തുര്‍ക്കി. കടലാസിന്റെ വിലയില്ലാത്ത വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയാല്‍ ഉത്തരവാദിത്വം തീര്‍ന്നുവെന്ന് കരുതി ഉറക്കം നടിക്കുന്ന യു എന്‍. ഇവരുടെയെല്ലാം കൈകളില്‍ ഗൂതയിലെ കുഞ്ഞുങ്ങളുടെ ചോരയുണ്ട്. ഏത് അറേബ്യന്‍ സുഗന്ധം പുരട്ടിയാലും ആ ചോര മണം മാഞ്ഞു പോകില്ല.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പലതും വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വൈറ്റ് ഹെല്‍മറ്റ് പോലുള്ള സന്നദ്ധ സംഘടനകളാണ് പ്രധാനമായും സിറിയന്‍ ദൃശ്യങ്ങള്‍ ലോകത്തിന് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്നത്. ഇത്തരം ഗ്രൂപ്പുകള്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നാണ് സിറിയന്‍ വാര്‍ത്താ വിതരണ മന്ത്രി ഇമാദ് സാറ പറയുന്നത്. ഓസ്കാര്‍ നേടിയ ഡോക്യുമെന്ററിയില്‍ വൈറ്റ് ഹെല്‍മെറ്റ്സ് ഉപയോഗിച്ച, പിതാവിന്റെയും കുഞ്ഞിന്റെയും ചിത്രം ഇറാഖിലെ മൂസ്വിലില്‍ നിന്നുള്ളതായിരുന്നുവെന്ന് മന്ത്രി പറയുന്നു. ചിത്രങ്ങളുടെ കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് സംഭവിക്കുന്ന അതിവൈകാരിക തിരഞ്ഞെടുപ്പ് ഇവിടെയും സംഭവിച്ചിരിക്കാം. ചിത്രങ്ങള്‍ ശരിയോ തെറ്റോ ആകട്ടെ. ഗൂതയില്‍ സിവിലിയന്മാര് കൊല്ലപ്പെട്ടുവെന്നത് വസ്തുതയാണ്. 13 ദിവസം കൊണ്ട് 674 പേര് കൊല്ലപ്പെട്ടുവെന്നതും അതില്‍ നല്ലൊരു ശതമാനം കുഞ്ഞുങ്ങളാണ് എന്നതും അന്താരാഷ്ട്ര ഏജന്‍സികളെല്ലാം ശരിവെച്ച കാര്യമാണ്. ഗൂതയില്‍ അല്‍ ഖാഇദയോട് അടുപ്പമുള്ള ഗ്രൂപ്പുകളും അന്നുസ്റ, ജയ്ഷേ ഇസ്ലാം എന്നൊക്ക പേരുകളുള്ള സലഫി ഗ്രൂപ്പുകളും തമ്പടിച്ചിട്ട് ഏറെ വര്‍ഷങ്ങളായി. ഫ്രീ സിറിയന്‍ ആര്‍മി പോലുള്ള വിമത സായുധ ഗ്രൂപ്പുകളും ഇവിടെയുണ്ട്. സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇവ നുഴഞ്ഞ് കയറുകയായിരുന്നു. ഇസിലിനെ റഖയില്‍ മാത്രമായി ചുരുക്കിയെന്നും ഇനി ഗൂതയെ മോചിപ്പിക്കണമെന്നും തീരുമാനിച്ചുറച്ച് ബോംബ് വര്‍ഷിക്കാന്‍ അസദ് ഭരണകൂടം തീരുമാനിക്കുന്നത് ഈ സായുധ സംഘങ്ങളെ ചൂണ്ടിയാണ്. ഈ ന്യായത്തിന്റെ പുറത്താണ് സാധാരണ മനുഷ്യരെ കൊന്നു തള്ളാന്‍ ഏറ്റവും മുന്തിയ ആയുധങ്ങള്‍ തന്നെ റഷ്യ നല്‍കുന്നത്.
സര്‍ക്കാര്‍ പ്രതിനിധികളും വിമത നേതാക്കളും 2012 ജൂണില്‍ ജനീവയില്‍ യു എന്നിന്റെ മാധ്യസ്ഥ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം നിരവധി ചര്‍ച്ചാ നാടകങ്ങള്‍ അരങ്ങേറിയെങ്കിലും അര്‍ത്ഥവത്തായ ഒരു പരിഹാരവും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. 2017 മെയില്‍ അസ്താനയിലും ഈ വര്‍ഷം ജനുവരിയില്‍ സോച്ചിയിലും ചര്‍ച്ചകള്‍ നടന്നു. അസദിനെ സംരക്ഷിച്ച് നിര്‍ത്താനുള്ള റഷ്യയുടെ ശ്രമങ്ങള്‍ തന്നെയാണ് ഇവിടെയൊക്കെ കീറാമുട്ടിയായത്. മൂന്ന് കാര്യങ്ങളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നത്. അസദിനെ മാറ്റി സര്‍വ കക്ഷി ഇടക്കാല സംവിധാനത്തിന് അധികാരം കൈമാറുക. അസദിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുക. അസദിനെ നിലനിര്‍ത്തി തന്നെ തിരഞ്ഞെടുപ്പ് നടത്തുക. ഇതില്‍ മൂന്നാമത്തെ സാധ്യതക്കൊപ്പമാണ് റഷ്യ. പക്ഷേ, വിമതര്‍ക്കും അമേരിക്കക്കും ഇത് സ്വീകാര്യമല്ല. അസദ് നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രഹസനമായിരിക്കുമെന്ന് അവര്‍ വാദിക്കുന്നു.
അത് ശരിയായിരിക്കാം. അല്ലായിരിക്കാം. പക്ഷേ, ഒന്നുറപ്പിച്ച് പറയാം. അങ്ങേയറ്റത്തെ അരാജകത്വത്തിലേത്ത് സിറിയ കൂപ്പുകുത്തിയിരിക്കുന്നു. അന്താരാഷ്ട്ര ഏന്‍സികള്‍ പുറത്ത് വിടുന്ന സിറിയയുടെ ഭൂപടം നോക്കിയാല്‍ ഇത് മനസ്സിലാകും. അതില്‍ ചുവപ്പും മഞ്ഞയും പച്ചയും ഇളം പച്ചയും വെള്ളയുമായി അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം. ഏതേത് പ്രദേശങ്ങളുടെ ഭരണം ആര് കൈയാളുന്നുവെന്നാണ് ഈ നിറങ്ങള്‍ സൂചിപ്പിക്കുന്നത്. തുര്‍ക്കിയോട് ചേര്‍ന്ന് കിടക്കുന്ന ഭാഗം കുര്‍ദുകളുടെ കൈയിലാണ്. വിവിധ സലഫീ ഗ്രൂപ്പുകള്‍ക്കും സ്വന്തം ആധിപത്യ കേന്ദ്രങ്ങളുണ്ട്. അസദ് ഭരണകൂടത്തിന്റെ നിയന്ത്രണം ചുരുങ്ങിച്ചുരുങ്ങി വന്നിരിക്കുന്നു. എന്നുവെച്ചാല്‍ ലിബിയയെപ്പോലെ സിറിയയും ശിഥിലമായിരിക്കുന്നു. അസദ് വീണാലും വാണാലും അഭയാര്‍ത്ഥികളുടെ പുറപ്പാട് കേന്ദ്രമായി സിറിയ തുടരും. ഒരു മരുന്നും ഫലിക്കാത്ത നിലയിലേക്ക് സിറിയന്‍ രാഷ്ട്രശരീരം രോഗഗ്രസ്തമായിരിക്കുന്നു.
ഈ ഘട്ടത്തില്‍ വിജയിച്ചു നില്‍ക്കുന്നത് ആരാണ്? തീര്‍ച്ചയായും ഇസ്റാഈല്‍ അജന്‍ഡയാണ് സമ്പൂര്‍ണ വിജയം വരിച്ചിരിക്കുന്നത്. ജൂലാന്‍ കുന്നിനെച്ചൊല്ലി സിറിയയുമായും ആണവായുധത്തെച്ചൊല്ലി ഇറാനുമായും കൊമ്പു കോര്‍ത്തു നില്ക്കുന്ന ജൂതരാഷ്ട്രം അരക്ഷിതാവസ്ഥയുടെ കളവ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മേഖലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ സിറിയ അരാജകമാകണം. ഈ ക്വട്ടേഷനാണ് അമേരിക്കക്ക് ഇസ്റാഈല്‍ നല്‍കിയത്. എല്ലാവരും കൂടി അത് നിവര്‍ത്തിച്ചു നല്കിയിരിക്കുന്നു.
സിറിയയിലെ ഇസ്ലാമിസ്റ്റ്, വഹാബി ഗ്രൂപ്പുകളുടെ പ്രത്യയ ശാസ്ത്ര അജന്‍ഡയും വിജയിച്ചു നില്‍ക്കുകയാണ്. പള്ളിയില്‍ ദര്‍സ് നടത്തുകയായിരുന്ന ആഗോള പ്രശസ്ത പണ്ഡിതന് റമളാന്‍ ബൂത്വിയെ ബോംബിട്ട് കൊല്ലുക വഴി സലഫീ തീവ്രവാദ ഗ്രൂപ്പുകള്‍ അവരുടെ പ്രത്യയശാസ്ത്ര ദൗത്യമാണ് നിവര്‍ത്തിച്ചത്. നാട്ടില്‍ സമാധാനമാഗ്രഹിക്കുകയും ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് ആത്മീയ ആശ്വാസത്തിന്റെ ചെറു തീരം സമ്മാനിക്കുകയും ചെയ്യുന്ന പണ്ഡിതരെ കൊന്നുതള്ളുമ്പോള്‍ വഹാബി ഭീകരതയുടെ നാളുകളാണ് തീവ്രവാദികള്‍ തിരികെ കൊണ്ടുവരുന്നത്. സാത്വികരായ ഈ മനുഷ്യര്‍ നിരായുധരാണ്. എന്നിട്ടും അവര്‍ ഇരകളാക്കപ്പെടുകയും പാരമ്പര്യ ശേഷിപ്പുകളും ആസാറുകളും തകര്‍ത്തെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഇബ്നു അബ്ദുല്‍ വഹാബിന്റെ അധികാരക്കൊതിയും പാരമ്പര്യ നിഷേധവുമാണ് പുലരുന്നത്. സയണിസ്റ്റുകളും തീവ്രവാദികളും വിജയമാഘോഷിക്കുമ്പോള്‍ ലക്ഷ്യം നേടിയതിന്റെ ലഹരിയിലാണ് ഡോണള്‍ഡ് ട്രംപ്. സ്വന്തം ജനതയെ കൊന്നൊടുക്കിയായാലും അധികാരം സംരക്ഷിക്കുന്ന അസദിന്റെ പേരില്‍ റഷ്യക്കും ദുരന്തത്തിന്റെ എട്ടാം വാര്‍ഷികം ആഘോഷിക്കാം. ഇവിടെ തോല്‍ക്കുന്നത് സിറിയന്‍ ജനതയാണ്. അവരുടെ അഭിമാനവും പാരമ്പര്യവുമാണ്. അഭയാര്‍ത്ഥികളായി അലയുന്ന ഈ ജനതക്ക് മേല്‍ പടച്ച റബ്ബിന്റെ കാരുണ്യം പെയ്യട്ടേ.